അംബേദ്ക്കറും നവഹിന്ദുത്വ രാഷ്ട്രീയവും: രാം പുനിയാനിയെ വായിക്കുമ്പോൾ

സ്വാതന്ത്ര്യലബ്ദിക്ക് മുമ്പും ശേഷവും ഡോ.ബി.ആർ അംബേദ്ക്കർ ഇന്ത്യൻ ജനതക്ക് നല്കിയിട്ടുള്ള സംഭാവനകൾ നിഷേധിക്കാനാകാത്തതാണ്. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മാനവികതയുടെയും പാഠങ്ങൾ സ്വജീവിതത്തിൽ പകർത്തുകയും സമൂഹത്തിനെ ബോധ്യപ്പെടുത്താൻ അശ്രാന്ത പരിശ്രമങ്ങൾ നടത്തുകയും ചെയ്ത തികഞ്ഞ ജനാധിപത്യവാദിയായിരുന്ന അംബേദ്ക്കർ, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റഘട്ടത്തിൽ ഏറെ ചർച്ചകൾക്ക് വിധേയനായ വ്യക്തിത്വമാണ്.

ഒരു വശത്ത് അദ്ദേഹത്തിന്റെ പൈതൃകം സ്വന്തമാക്കാൻ തീവ്രഹിന്ദുത്വ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയും മറുവശത്ത് അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളെ നിഷേധാത്മകമായും അടിസ്ഥാനരഹിതമായും കണക്കാക്കി നിരർത്ഥകമായ നിരൂപണങ്ങൾക്ക് വിധേയമാക്കുന്ന വിരോധാഭാസ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു വ്യവഹാരം നടക്കുമ്പോൾ അതിന്റെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുകയും സത്യ-അസത്യങ്ങളെ പുറത്തു കൊണ്ട് വരികയും ചെയ്യുന്നതിനായി ‘നെല്ലും പതിരും വേർത്തിരിക്കൽ പ്രക്രിയ ‘ (Purification Prosess) നടത്തുകയാണ് പ്രശസ്ത സാമ്രാജ്യത്വ-ഫാസിസ്റ്റ് വിരുദ്ധ വക്താവായ പ്രഫസര്‍ രാം പുരിയാനി തന്റെ ‘അംബേദ്ക്കറും നവ ഹിന്ദുത്വ രാഷ്ട്രീയവും’ (Ambedkar and Hinduthwa Politics) എന്ന ഗ്രന്ഥത്തിലൂടെ.

പ്രസ്തുത പുസ്തകത്തിന്റെ പശ്ചാത്തലം ഗ്രന്ധകാരന്റെ വാക്കുകളിൽ ഇങ്ങനെ സംഗ്രഹിക്കാം:

”ഇക്കാലത്ത് പല രാഷ്ട്രീയ  നേതാക്കളും അംബേദ്ക്കർക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ അവരിലെ ഭൂരിപക്ഷവും അത് വെറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ചെയ്യുന്നതാണെന്ന കാര്യം നാം ശ്രദ്ധിക്കാതെ പോകുന്നു. അദ്ദേഹം മുന്നോട്ട് വെച്ച പല മൂല്യങ്ങൾക്കും എതിരാണ് നിലവിലുള്ള മിക്ക രാഷ്ട്രീയ പ്രവണതകളും. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സ്മരണക്ക് അവർ അധര സേവനം ചെയ്യുമ്പോൾ തന്റെ ജീവിതം മുഴുവൻ പോരാടിയ രാഷ്ട്രീയ മൂല്യങ്ങളെ അവർ തുരങ്കം വെക്കുകയാണ് ചെയ്യുന്നത്.”

രാം പുരിയാനി ഈ പുസ്തകം ആരംഭിക്കുന്നത് മുകളിൽ സൂചിപ്പിച്ച പശ്ചാത്തലം മുന്നിൽ വെച്ച് കൊണ്ട് തന്നെയാണ്. തുടർന്ന് ഉപശീർഷകങ്ങളായി ‘ഡോ.ബാബാ സാഹെബ് അംബേദ്ക്കർ’, ‘ആർ.എസ്.എസ് ഒരു അവലോകനം’ എന്നീ ഭാഗങ്ങൾ ആണുള്ളത്.

ആദ്യ ഉപശീർഷകമായ ‘ഡോ.ബാബാ സാഹെബ് അംബേദ്ക്കർ’ ൽ അദ്ദേഹം നേടിയെടുത്ത നേട്ടങ്ങളേയും വിദ്യാഭ്യാസ, സാമൂഹ്യ പരിവർത്തനങ്ങളെയും കുറിച്ച്‌ സവിസ്തരം പ്രതിപാദിക്കുന്നതോടൊപ്പം അംബേദ്ക്കറിനോട് തീവ്ര ഹിന്ദുത്വ ശക്തികൾ ചെയ്തിട്ടുള്ള അവഗണനകളും വരച്ചുകാട്ടുന്നു. ഗ്രന്ഥകാരന്‍ പറയുന്നു: ”1998 ൽ ബി.ജെ.പി നേതൃത്വത്തിൽ ഉള്ള എൻ.ഡി.എ സഖ്യം അധികാരത്തിൽ വന്നപ്പോൾ അവർ ഇന്ത്യൻ ഭരണഘടന പുനരവലോകനം ചെയ്യാൻ തീരുമാനിക്കുകയുണ്ടായി, അത് ഭരണഘടനയുടെ ഔചിത്യത്തിന് സംശയം ജനിപ്പിക്കുന്നതിനുള്ള ശ്രമമായിരുന്നു. കൂടെ അരുൺഷൂരി പറഞ്ഞത് ”അംബേദ്ക്കർ ഒരു വ്യാജ വിഗ്രഹമാണ്, ഭരണഘടനാ നിർമ്മാണത്തിൽ അദ്ദേഹത്തിന് ഒരു പങ്കുമില്ല” എന്ന് തുടങ്ങിയ ആർ.എസ്.എസ് പ്രചാരണങ്ങളായിരുന്നു.

രണ്ടാം ഉപശീർഷകമായ ‘ആർ.എസ്.എസ് ഒരു അവലോകനം’ എന്ന ഭാഗത്ത് ഗ്രന്ഥകാരൻ ആർ.എസ്‌.എസിന്റെ രൂപീകരണ പശ്ചാത്തലം എന്തെന്ന് സൂചിപ്പിക്കാനുള്ള ശ്രമം മാത്രമല്ല നടത്തുന്നത് മറിച്ച് 1920 ൽ നാന്ദി കുറിച്ച ‘നിസ്സഹകരണ പ്രസ്ഥാന’ ത്തിലെ അണികൾ എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിനാൽ സവർണ ഹിന്ദുക്കൾക്ക് മനംപിരട്ടലുണ്ടായത് കൊണ്ട് 1925 ൽ എത്തിച്ചേർന്നയിടമാണ്‌‌ ആർ.എസ്.എസ് എന്ന വസ്തുത സമർത്ഥിക്കാനുള്ള ശ്രമവും ശ്രദ്ധേയമാണ്. തുടർന്ന് എന്താണ് ആർ എസ്.എസ് ന്റെ പ്രത്യയശാസ്ത്രമെന്നും, അത് ലക്ഷ്യം വെക്കുന്നത് ഏതെല്ലാം തലങ്ങളെയാണെന്നും, അതെങ്ങനെ അംബേദ്ക്കർ ചിന്തകൾക്ക് വിരുദ്ധമാകുന്നുവെന്നുമുള്ള സൂചനകൾനൽകുന്നു.

പിന്നീട് പുസ്തകം കടക്കുന്നത് ”അംബേദ്ക്കർ : ഹിന്ദുത്വവും ആർ.എസ്.എസും” എന്ന ശീർഷകത്തിലേക്കാണ്. ഈ ശീർഷകത്തെ ഉപജീവിച്ചു കൊണ്ടാണ് പ്രസ്തുത പുസ്തകം മുന്നോട്ട് പോകുന്നത്. എന്നല്ല പുസ്തകത്തിന്റെ സിംഹഭാഗവും ഈ ശീർഷകത്തെ ചുറ്റിപ്പറ്റിയുള്ള മുന്നോട്ട്‌പോക്കാണ്‌ എന്ന് പറയേണ്ടി വരും. കാരണം ഇതിനെ അടിസ്ഥാനമാക്കി പത്തോളം ഉപശീർഷകങ്ങളിലായി ചർച്ചകൾ നടക്കുന്നതോടെ പുസ്തകത്തിന്റെ ഏകദേശ ഭാഗങ്ങളെല്ലാം അവസാനിക്കുന്നു. ഇതിലൂടെ മതം, ദേശീയത, ആർ.എസ്.എസ് അജണ്ടകൾ, ദലിതുകളെ ഹിന്ദുത്വ അജണ്ടകളുമായി സമരസപ്പെടുത്തുന്നതിലെ കപടതകള്‍, ജാതിയെ കുറിച്ചുള്ള അംബേദ്ക്കർ കാഴ്ച്ചപ്പാടുകളും ആർ.എസ്.എസ് വിമർശനങ്ങളും, രോഹിത് വെമുല വിഷയത്തിലെ കാമ്പസ് രാഷ്ട്രീയത്തിന്റെ കുടില തന്ത്രങ്ങൾ എന്ന് തുടങ്ങി ദലിത് സംബന്ധമായ പ്രസക്ത വിഷയങ്ങൾ പ്രതിപാദിക്കുക്കുന്നുണ്ട്.

ഇത്തരം പ്രതിപാദ്യ വിഷയങ്ങളിൽ രാം പുരിയാനി ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് തന്നെ ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അംബേദ്ക്കർ വീക്ഷണങ്ങളാണ്. ഹൈന്ദവതയെകുറിച്ചുള്ള അംബേദ്ക്കറുടെ വിശകലനം വളരെ അഗാധവും നിശിതവുമാണ്. അദ്ദേഹം പറയുന്നു : ‘ഹൈന്ദവത’ എന്നാൽ ജാതിയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക, രാഷ്ട്രീയ, ശൗച മേഖലകളിലെ ഉപരിപ്ലവമായ നിയമങ്ങളും ചട്ടങ്ങളുമല്ലാതെ ഒന്നും അല്ല ഹിന്ദുക്കൾ എന്ത് തന്നെ പറഞ്ഞാലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവക്ക് ഭീഷണിയാണ് ഹൈന്ദവത. ജനാധിപത്യവുമായി ഹൈന്ദവതക്ക് യോജിപ്പുകളൊന്നുമില്ല.

അംബേദ്ക്കർ ഈ വീക്ഷണത്തിൽ എത്തിച്ചേർന്നത് യാതൊരു വിധ മുൻ വിധിയോടു കൂടിയല്ല, എന്നുമാത്രമല്ല, പാഠപുസ്തകങ്ങളിൽ നിന്ന് ഹൈന്ദവതയെ സൈദ്ധാന്തികമായി മനനം ചെയ്യുന്നതിലുപരി ജീവിതത്തിൽ ആ ആശയത്തെ പരിചയപ്പെട്ടപ്പോളാണ് ഹിന്ദു മതത്തെക്കുറിച്ച്‌ അംബേദ്ക്കർ മുകളിൽ സൂചിപ്പിച്ച നിഗമനത്തിലെത്തി ചേർന്നതെന്ന് പുസ്തകം പറഞ്ഞുവെക്കുന്നു. ഗ്രന്ഥകാരൻ പറയുന്നു: ” തുടക്കത്തിൽ ഹൈന്ദവതക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ഈ വിലങ്ങുകൾ (ജാതീയതയുടെ ) പൊട്ടിച്ചെറിയാൻ അദ്ദേഹം ശ്രമിച്ചു. അങ്ങനെയാണ് അദ്ധേഹം ചാവദാർ താലാബ് പ്രസ്ഥാനവും,കാലാ റാം മന്ദിർ പ്രക്ഷോഭവും നയിക്കുന്നത്”. എന്നാൽ ഈ പ്രതലത്തിൽ നില്ക്കുമ്പോളുണ്ടാകുന്ന പരിമിതികൾ മനസ്സിലാക്കുകയായിരുന്നു അദ്ദേഹം.

ഇതേ തുടർന്നാണ് മനുസ്മൃതി കത്തിക്കുന്നതും ‘രാമനെ ‘ ആരാധിക്കുകയില്ലെന്ന പ്രതിജ്ഞ എടുക്കുന്നതും.”ഞാൻ ഹിന്ദുവായി ജനിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ കൈപ്പിടിയിലല്ലാത്തത് കൊണ്ടാണ് .എന്നാൽ ഞാൻ ഒരിക്കലും ഹിന്ദുവായി മരിക്കില്ല” എന്ന് 1935ൽ പരസ്യമായി പ്രഖ്യാപിക്കുന്നതും.

ഇത്തരം വസ്തുതകൾ മോഹൻ ഭാഗവദ് പറഞ്ഞ അംബേദ്ക്കർ സംഘ് ആശയത്തിൽ വിശ്വസിച്ചിരുന്നു എന്ന പ്രചാരത്തിനെ നിരർത്ഥകമാക്കുന്നതാണ്. കൂടാതെ അംബേദ്ക്കർ ‘ഹിന്ദു രാജ് ‘ എന്ന ആശയത്തിനും എതിരായിരുന്നു.

ദലിതുകളെ ഹിന്ദുക്കളായി പരിഗണിക്കുക.( തങ്ങളുടെ കൂടെ നിർത്തുക) എന്ന ആശയമാണ് ഹിന്ദുത്വ ശക്തികൾ വാദിക്കുന്നതായി കാണാനാകും. എന്നാൽ ജാതി ഉന്മൂലനമവർ ലക്ഷ്യമാക്കുന്നില്ല. ജാതി മൈത്രിയിലൂടെ സഹകരണാത്മകത സൃഷ്ടിച്ചെടുക്കുക എന്ന വ്യാജേന ജാതിക്ക് പരിവർത്തനാത്മകമായ പുതിയ രൂപങ്ങൾ നൽകാനാണ് ഹിന്ദുത്വ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ അംബേദ്ക്കറുടെ വീക്ഷണമനുസരിച്ച് തീവ്രതയിലും ഉച്ചനീചത്വങ്ങളിലും പൂണ്ടു കിടന്നിരുന്ന ജാതി വ്യവസ്ഥയെ വേരോടെ പിഴുതെറിയണം എന്ന വാദമായിരുന്നു എന്ന് പുസ്തകത്തിന്റെ മൂന്നാമത്തെ ഉപശീർഷകമായ ‘സാമാജിക് സംരക്ഷണ മഞ്ച്: ദലിതുകളെ ഹിന്ദുത്വ അജണ്ടയുമായി സമരസപ്പെടുത്തൽ’ എന്ന ഭാഗത്ത് ചർച്ച ചെയ്യുന്നതായി കാണാനാകും.

ജാതി ഉൻമൂലനത്തിനും സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നതിനുമായി ‘വിദ്യ അഭ്യസിക്കുക, സംഘടിക്കുക, പോരാടുക ‘(Be Educated,Be Organized and Be Agitated) എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആളുകളെ അഭ്യസ്ഥ വിദ്യരാക്കി പോരാടാൻ സംഘടിപ്പിക്കുക എന്നത് ജനാധിപത്യ വ്യവസ്ഥയിൽ മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യമുണ്ടായിരുന്നു.അതു കൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേഖലകൾ അദ്ദേഹം തിരസ്ക്കരിച്ചു.

പുസ്തകത്തിലെ ഒടുവിലത്തെ ഉപശീർഷകങ്ങളിലൊന്നായ ‘ജാതി അധിനിവേശ സൃഷ്ടിയാണെന്ന ആർ.എസ്.എസിന്റെ സിദ്ധാന്തം’ എന്ന ഉപ ശീർഷകത്തിൽ ആർ.എസ്.എസ് മുന്നോട്ടു വെക്കുന്ന ജാതിയുടെ ഉത്ഭവം മുസ്‌ലീം രാജാക്കൻമാരുടെ അധിനിവേശം കാരണമാണ് എന്ന വാദമുന്നയിക്കുന്ന പുസ്തകങ്ങളായ ‘ഹിന്ദു ചർമകർ ജാതി’, ‘ഹിന്ദു ഖാടിക് ജാതി’, ‘ഹിന്ദു വാൽമീക്കി ജാതി” എന്നീ ഗ്രന്ധങ്ങളിലെ പൊള്ളത്തരങ്ങളെ ആദ്യം ഉദ്ധരിക്കുകയും ഋഗ്വോദത്തിൽ നിന്നുള്ള ഉദ്ധരണികൾ കൊണ്ടും ചരിത്രപരമായ വസ്തുതകൾ മുന്നിൽ വെച്ചും പ്രസ്തുത പുസ്തകങ്ങളിലെ വാദങ്ങളെ ഖണ്ഡിക്കുന്നതായും വായനക്കാർക്ക് അനുഭവപ്പെടും. ഇത്തരം വാദങ്ങൾ കൊണ്ട് ആർ.എസ്.എസ് ധ്വജവാഹകരായ ഭയ്യാജീ ജോഷിയേയും, എം.എസ് ഗോൾവാൾക്കറേയും,ദീൻ ദയാൽ ഉപാദ്യായയേയും ഖണ്ഡിക്കുക കൂടിയാണ് രചയിതാവ്‌ ചെയ്യുന്നത്.

‘പാക്കിസ്ഥാനും ഹിന്ദുരാജും അംബേദ്ക്കർ വീക്ഷണത്തിൽ ‘ എന്ന ഉപശീർഷകത്തിൽ അബേദ്ക്കറിനെ മുസ്‌ലിം വിരുദ്ധനാക്കുന്ന തീവ്രഹിന്ദുത്വ വക്താവായ വിനയ് കാത്യാറിന്റെ വാദങ്ങൾക്കുള്ള മറുപടിയും രാം പുരിയാനി കണ്ടെത്തുന്നുണ്ട്. അംബേദ്ക്കറിന്റെ ‘പാക്കിസ്ഥാൻ ചിന്തകൾ ‘(Thought of Pakisthan ) ആണ് വിനയ് കാത്യാറിനെ പോലുള്ളവർ ദുരുപയോഗം ചെയ്യുന്നത്. വിഭജന വിഷയത്തെ പ്രധാനമായി വിമർഷിക്കുന്ന അബേദ്ക്കർ ‘ഹിന്ദു രാജി (ഇന്ന് BJP നടപ്പാക്കിക്കൊണ്ടിരിക്കുന്ന) നും എതിരായിരുന്നു എന്നത് തമസ്ക്കരിക്കപ്പെടുകയാണെന്നുമുള്ള വസ്തുതയും ഗ്രന്ഥകാരൻ ഉയർത്തിക്കാണിക്കുന്നുണ്ട്. പ്രസ്തുത ഗ്രന്ഥത്തിൽ ‘പാക്കിസ്ഥാൻ ആവശ്യമുണ്ടോ?’ എന്ന ഭാഗത്ത് അംബേദ്ക്കർ പറയുന്നു :” ഹിന്ദു രാജ് ഒരു യാഥാർത്ഥ്യമായാൽ സംശയമില്ല അത് രാജ്യത്തിന് വൻദുരന്തമായിരിക്കും. ഹിന്ദുക്കൾ എന്തൊക്കെ പറഞ്ഞാലും. ഹിന്ദുയിസം എന്നത് സ്വാതന്ത്ര്യം ,സമത്വം ,സാഹോദര്യം എന്നിവക്ക് വൻ ഭീഷണിയാണ്. ആ അർത്ഥത്തിൽ തന്നെ ഹിന്ദുയിസം ജനാധിപത്യവുമായി സമരസപ്പെടുന്നില്ല. ഹിന്ദു രാജ് എന്ത് വില കൊടുത്തും തടത്ത് നിർത്തേണ്ടതാണ്.”

ഒടുവിലത്തെ ഉപശീർഷകമായ ‘രോഹിത് വെമുല: ഹിന്ദുത്വ രാഷ്ട്രീയവും ദലിത് പ്രശ്നവും ‘ എന്ന ഭാഗത്ത് സ്ഥാപനവൽകൃത കൊലപാതകത്തിന്റെ കാരണക്കാരായ സവർണ്ണ ചിന്തകരുടെ അസമത്വപരമായ ഇടപെടലുകൾ എങ്ങനെയാണ് ജാതിയെ സ്വാധീനിക്കുന്നത് എന്ന് പറയുന്നതോടൊപ്പം തന്നെ ആർ.എസ്.എസിന്റെ ദലിത് അനുകൂലമായ (എന്നവർ വാദിക്കുന്ന) പല വാദങ്ങളെയും പൊളിക്കുന്ന സംഭവമാണ് ഹൈദരാബാദ് സർവ്വകലാശാലയിൽ നടന്നതെന്നും രാം പുനിയാനി സംഗ്രഹിക്കുന്നു.

പുസ്തകത്തിന്റെ അനുബന്ധമായി അംബേദ്ക്കറിന്റെ ‘ജാതി നിർമ്മൂലനം’ (Annihilation of Cast) എന്ന ഒരിക്കലും നടക്കാതെ പോയ പ്രസംഗത്തിന്റെ സംഗ്രഹ വിവർത്തനം കൂടെ ചേർത്തുവെച്ചത് സംഘ്പരിവാർ വാദങ്ങളുടെ മുനയൊടിക്കാനുതകുന്നതാണ്. ഒടുവിലായി ബാബാ സാഹെബിന്റെ ഇരുപത്തിആറിന പ്രതിജ്ഞകളും കൂടി ചേർത്ത് വെച്ച് ഗ്രന്ഥം അവസാനിപ്പിക്കുന്നു.

ചുരുക്കത്തിൽ ചാതുർവര്‍ണ്യ ശക്തമായി പുനസ്ഥാപിച്ച് ബ്രാഹ്മണ മേധാവിത്വം ഊട്ടിയുറപ്പിക്കാനും അംബേദ്കറുടെ പൈതൃകം സ്വന്തമാക്കാനും ഒരേ സമയം സംഘ് ശക്തികൾ ശ്രമം നടത്തുമ്പോൾ സമത്വം, മതേതരത്വം, ജനാധിപത്യം എന്നീ വിഷയങ്ങളിൽ അംബേദ്ക്കറുടെ നിലപാടുകൾ വിവരിക്കാനും സംഘ്പരിവാർ ന്യായീകരണങ്ങളെ അദ്ദേഹത്തെ ഉദ്ധരിച്ചു കൊണ്ടു തന്നെ വിമർശിക്കാനുമുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ രചയിതാവ്‌ നടത്തിയിരിക്കുന്നത്.

By ഹനൂന്‍ ടി. മുഹമ്മദ്‌

Under Graduate Student, Azharul Uloom College of Islamic and Linguistic Studies, Aluva