പൗരത്വ സമരത്തിന്റെ നാള്‍വഴികള്‍ – 01

2019 ഡിസംബര്‍ രണ്ടാം വാരം ഇരുസഭകളും പാസാക്കിയ മുസ്‌ലിം വിരുദ്ധ- ഭരണഘടന വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കുമെതിരെ നടന്ന സമരങ്ങളും പ്രധാന സംഭവങ്ങളും ക്രമത്തില്‍..

ഡിസംബര്‍ 09, 2019

* ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചു. ബില്ലിന്റെ മേൽ നിരവധി ചർച്ചകൾ സഭയിൽ നടന്നു.

*അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നുമുമ്പ്‌ ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ്‌ പൗരത്വം. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക.

*ഈ ബിൽ ഭരണഘടനാവിരുദ്ധവും  മുസ്‌ലിം വിരുദ്ധവുമാണെന്ന് പ്രതിപക്ഷ കക്ഷികൾ സഭയിൽ വിശദീകരിച്ചു. ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയാണെന്നും അവർ വ്യക്തമാക്കി. ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ  പ്രതിഷേധങ്ങൾ അരങ്ങേറി. ബിൽ ഭരണഘടന വിരുദ്ധമാണെന്നും മുസ്‌ലിം വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നു.

*ഡൽഹിയിലെ ജന്തർ മന്തറിൽ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ ബില്ലിന്റെ കോപ്പി കത്തിച്ചു.

*എറണാകുളം മഹാരാജാസ് കോളേജിൽ ഫ്രറ്റെർണിറ്റി മൂവ്മെന്റ് അമിത് ഷായുടെ കോലം കത്തിച്ചു

 ഡിസംബര്‍ 10, 2019

*പ്രതിപക്ഷ പാർട്ടികളിൽ നിന്നുമുള്ള കടുത്ത പ്രതിഷേധങ്ങളെ വകവെക്കാതെ പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി.

*സഭയിലെ അംഗങ്ങളിൽ 311 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 80 പേർ ബില്ലിനെതിരായി വോട്ട് ചെയ്തു. കോണ്ഗ്രസ്സ് , തൃണമൂൽ കോണ്ഗ്രസ്, സമാജ്‌വാദി പാർട്ടി, DMK, ആം ആദ്മി പാർട്ടി, CPI, CPI(M) തുടങ്ങിയ പാർട്ടികൾ ബില്ലിനെ എതിർത്തപ്പോൾ , NDA സഖ്യകക്ഷികളും ശിവസേന , TDP , ബിജു ജനതാദൾ തുടങ്ങിയവര്‍ ബില്ലിനെ അനുകൂലിച്ചു

*AIMIM പ്രതിനിധി അസദുദ്ധീൻ ഒവൈസി ബില്ലിന്റെ കോപ്പി കീറിക്കളഞ്ഞു കൊണ്ട് സഭയിൽ പ്രതിഷേധം രേഖപ്പെടുത്തി

*പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ  അലിഗഡ് മുസ്ലിം സർവകലാശാലയിലെ 25000ത്തോളം  വരുന്ന വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിക്കുവാൻ തീരുമാനിച്ചു. യൂണിവേഴ്‌സിറ്റിയുടെ സമ്പൂർണ ലോക്ക് ഡൗണ്, പരീക്ഷകൾ ബഹിഷ്കരിക്കൽ തുടങ്ങിയ സമരരീതികള്‍ വിദ്യാർഥികൾ ആഹ്വാനം ചെയ്തു. വൈസ് ചാൻസലറുടെ ഈ വിഷയത്തിലുള്ള നിശ്ശബ്ദതതയെ ചോദ്യം ചെയ്‌തു കൊണ്ട് വിദ്യാർഥികൾ അദ്ദേഹത്തിന് നോട്ടീസ് അയച്ചു. ഈ ബിൽ വംശഹത്യാപരമാണെന്നും വിദ്യാർഥികൾ വാദിച്ചു

*ഡൽഹി ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികളും അധ്യാപകരും പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചു. ഒരു ന്യൂനപക്ഷ സർവകലാശാല എന്ന നിലയിൽ ഈ ബിൽ സർക്കാരിന്റെ മറ്റൊരു വിഭജന പദ്ധതി ആണെന്ന് വിശ്വസിക്കുവാനുള്ള എല്ലാ കാരണങ്ങളും തങ്ങൾക്ക് ഉണ്ടെന്ന് അവർ വ്യക്തമാക്കി.

*നാഗ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

ഡിസംബര്‍ 11, 2019

*പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായി. 105 വോട്ടുകൾക്കെതിരെ 125 വോട്ടുകൾക്കാണ് സഭയിൽ ബിൽ പാസായത്. BJP ക്ക് സ്വാധീനം കുറവുള്ള രാജ്യസഭയിൽ AIADMK യുടെ പിന്തുണ കാരണമാണ് ബിൽ പാസായത്.. ഇരുണ്ട ദിനമെന്ന് സോണിയ ഗാന്ധി അഭിപ്രായം രേഖപ്പെടുത്തി

*പൗരത്വഭേദഗതി ബില്ലിനെതിരായുള്ള പ്രതിഷേധങ്ങളെ തുടർന്ന് ആസാമിലും ത്രിപുരയിലും വൻ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയതിനാൽ ഇരു സംസ്ഥാനങ്ങളിലും ഇന്റർനെറ്റ് ഷട്ട്ഡൗണ്‍ നടപ്പിലാക്കി

ഡിസംബര്‍ 12, 2019

*പൗരത്വ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെക്കുകയും രാജ്യത്തു പൗരത്വ ഭേദഗതി നിയമം നിലവിൽ വരികയും ചെയ്‌തു

*പോലീസിന്റെയും യൂണിവേഴ്‌സിറ്റി അധികൃതരുടെയും ഭാഗത്തു നിന്നുള്ള കടുത്ത സമ്മർദങ്ങൾ വക വെക്കാതെ അലിഗഡ് സർവകലാശാലയിലെ വിദ്യാർത്ഥിനികൾ ഹോസ്റ്റൽ ലോക്കുകൾ തകർത്തു പ്രതിഷേധത്തിനിറങ്ങി

*ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ ആയിരത്തിലധികം വരുന്ന വിദ്യാർത്ഥിനികൾ ക്യാമ്പസിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

*പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറി. രണ്ടു പേർ വെടിയേറ്റു മരിച്ചു. രണ്ട് റെയിൽവേ സ്റ്റേഷനുകളും സർക്കാർ ഓഫീസുകളും പ്രതിഷേധക്കാർ കയ്യേറി. സംസ്ഥാനത്തെ ചില ജില്ലകളിൽ ഇന്റർനെറ്റ് സംവിധാനം റദ്ദാക്കി

*ത്രിപുരയിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംസ്ഥാനത്ത് ഇന്റർനെറ്റ് വിഛേദിച്ചു.

*കോഴിക്കോട് ഫാറൂഖ് കോളേജിൽ യൂണിയന്റെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർഥികളും പ്രതിഷേധ മാർച്ച് നടത്തി. കേരളത്തിൽ പൗരത്വ ബില്ലിനെതിരിൽ സംഘടിപ്പിക്കപ്പെട്ട ശ്രദ്ധേയമായ ആദ്യത്തെ പ്രതിഷേധ പരിപാടി ആയിരുന്നു ഇത്.

*ആക്ടിവിസ്റ് അഖിൽ ഗോഗോയിയെ പോലീസ് അറസ്റ്റു ചെയ്തു

ഡിസംബര്‍ 13, 2019

*ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ പോലീസ് അതിക്രമം. വിദ്യാര്ഥികൾക്ക് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു. ജാമിയ, ഡൽഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു തുടങ്ങി ഡൽഹിയിലെ വിവിധ സർവകലാശാല വിദ്യാർഥികളെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് നൂറു കണക്കിന് വിദ്യാർഥികൾ പാർലിമെന്റ് മാർച്ച് സംഘടിപ്പിച്ചു.

ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി ബിൽ തങ്ങളുടെ സംസ്ഥാനങ്ങളിൽ നടപ്പാക്കുകയിലെന്ന് കേരള സർക്കാരും പഞ്ചാബ് സർക്കാരും ഛത്തീസ്ഗട് , പശ്ചിമ ബംഗാൾ, മധ്യ പ്രദേശ് സർക്കാരുകളും  വ്യക്തമാക്കി.

*ബംഗാളിൽ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പൗരത്വ ബില്ലിനെതിരെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. ബംഗാളിൽ നിന്നു മാത്രമല്ല, ഇന്ത്യയിൽ നിന്ന്‌ തന്നെ ബിജെപിയെ പുറത്താക്കുമെന്ന് മുദ്രാവാക്യങ്ങൾ മുഴങ്ങി

ഡിസംബര്‍ 14, 2019

*ഡൽഹിയിലെ ജന്തർ മന്തറിൽ ആയിരക്കണക്കിനാളുകൾ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തു.

*കേരളത്തില്‍ വിവിധ മുസ്‌ലിം സംഘടനകളും മഹല്ലുകളും പ്രാദേശികമായി പ്രതിഷേധ റാലികള്‍ നടത്തി.

ഡിസംബര്‍ 15, 2019

*ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി യിൽ വൻ പൊലീസ് അതിക്രമം. ഏറ്റവും നിഷ്ടൂരമായ അക്രമ സംഭവങ്ങൾ ആണ് ജാമിയയിൽ അരങ്ങേറിയത്. ലൈബ്രറിയിലും ഹോസ്റ്റലിലുമെല്ലാം അനുമതിയില്ലാതെ പ്രവേശിച്ചു പോലീസ് വിദ്യാർഥികളെ മാരകമായി മർദിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് മാരകമായി പരിക്കേറ്റു. വൈസ് ചാൻസലർ പോലീസ് നടപടിയെ അപലപിച്ചു. ഇതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ഉയർന്നു.

*ജാമിയ മില്ലിയയിലെ പോലീസ് അതിക്രമത്തിനെതിരെ പ്രതിഷേധിച്ച അലിഗഡ് സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെയും പോലീസ് അക്രമം. ടിയർ ഗ്യാസ് പ്രയോഗിക്കുകയും വിദ്യാർഥികളെ മർദിക്കുകയും ചെയ്തു.

*ജാമിയ, അലിഗഡ് വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമണത്തിനെതിരായി ഡൽഹി പൊലീസ് ആസ്ഥാനത്തെക്കുള്ള പ്രതിഷേധ മാർച്ചിന് ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകി.

ഡൽഹിയിലെ ഷഹീൻ ബാഗിൽ റോഡുകൾ തടഞ്ഞു കൊണ്ട് സ്ത്രീകളുടെ നേതൃത്വത്തിൽ രാപ്പകൽ കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചു. പൗരത്വ നിയമ പ്രക്ഷോഭത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ശ്രദ്ധേയമായ ഇടമായി ഷഹീൻ ബാഗ് മാറി.

 ഡിസംബര്‍ 16, 2019

*പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ CAA ക്കെതിരെ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടു. CAA യും NRC യും പിൻവലിക്കും വരെ ശക്തമായ സമരങ്ങളുമായി  മുന്നോട്ടു പോകുമെന്ന് മമത വ്യക്തമാക്കി.

*ജാമിയയിലെ പോലീസ് ആക്രമണത്തിന് ശേഷം ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നടന്ന CAA വിരുദ്ധ പ്രക്ഷോഭത്തിൽ ABVP ഗുണ്ടകളുടെ മർദനത്തിനിരയായതായി വിദ്യാർഥികൾ ആരോപിച്ചു. പോലീസിന്റെ ഒത്താശയോടെ ആണ് ഗുണ്ടകൾ തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

 *TISS മുംബൈയിൽ ജാമിയായിലെ പോലീസ് അതിക്രമതിനെതിരെ പ്രതിഷേധ സദസ്സ് നടന്നു.

*ലക്‌നൗവിലെ നദ്‌വ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ പൗരത്വ നിയമത്തിനെതിരെ നടത്തിയ സമാധാനപരമായ പ്രതിഷേധ സദസ്സ് പോലീസ്  തടയുകയും തുടർന്നുണ്ടായ അടിപിടിയിൽ മുപ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

*പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മുന്നൂറോളം കോണ്ഗ്രസ് പ്രവർത്തകർ ഇന്ത്യ ഗേറ്റിൽ ജാമിയ മില്ലിയയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് മൗന പ്രതിഷേധം നടത്തി.

*അസം സ്റ്റുഡന്റ്‌സ് യൂണിയൻ അസാമിലുടനീളം ഡിസംബർ 18 വരെ സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തു.

ഡിസംബര്‍ 17, 2019

*ഡൽഹിയിലെ സീലംപൂറിൽ ജാമിയ മില്ലിയയിലെ പോലീസ് അതിക്രമത്തിനും പൗരത്വ നിയമത്തിനുമെതിരെ പ്രതിഷേധിച്ചവരും പോലീസും തമ്മിലുള്ള സംഘട്ടനത്തിൽ 21 പേർക്ക് പരിക്കേറ്റു. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

*സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ പൗരത്വ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചു.

*പൗരത്വ നിയമത്തിനെതിരെ കേരളത്തിൽ ജനകീയ ഹർത്താൽ നടന്നു. വെൽഫെയർ പാർട്ടി, SDPI , BSP തുടങ്ങി പത്തോളം സംഘടനകൾ ഹർത്താലിന് നേതൃത്വം നൽകി. ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കേരള പോലീസ് ശ്രമിച്ചു. നിരവധി ഹര്‍ത്താലനുകൂലികളെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.

 ഡിസംബര്‍ 18, 2019

*പൗരത്വ നിയമത്തിൽ സ്റ്റേ ഏർപ്പെടുത്തില്ലെന്ന് സുപ്രീം കോടതി. നാലാഴ്ച്ചക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി സർക്കാരിന് നോട്ടീസ് അയച്ചു.

*പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ കർണാടകയിൽ ഡിസംബർ 21  വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

*CAA പ്രക്ഷോഭങ്ങൾക്കെതിരെ ഉത്തർ പ്രദേശിൽ സെക്ഷൻ 144 നടപ്പിൽ വരുത്താൻ തീരുമാനമായി.

*പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി യിലെ നൂറിലധികം വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.

*ലോകത്തെമ്പാടുമുള്ള 1100 ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഡൽഹി ജാമിയ മില്ലിയ, അലിഗഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലുള്ള പൊലീസ്‌ അതിക്രമത്തിനെതിരെ ഒപ്പുശേഖരണം നടത്തി.

ഡിസംബര്‍ 19, 2019

*CAA വിരുദ്ധ പ്രക്ഷോഭത്തിനിടെ മംഗളൂരുവിൽ നടന്ന പോലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ലക്‌നൗവിലും ഒരാൾ കൊല്ലപ്പെട്ടു

*ഡൽഹിയിൽ യോഗേന്ദ്ര യാദവും സീതാറാം യെച്ചൂരിയും അടക്കം 1200 ഓളം പേരെ പോലീസ് അറസ്റ്റു ചെയ്തു

*ബെഗളൂരുവിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടയിൽ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തു. 200ൽ അധികം ആളുകളെ ആണ് ബെംഗളൂരുവിൽ അറസ്റ്റു ചെയ്തത്.

*ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ 50 വിദ്യാര്ഥികളെയടക്കം 90 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു.

*കൊൽക്കത്തയിലും മുംബൈയിലും പതിനായിരങ്ങൾ പങ്കെടുത്ത പൗരത്വ റാലികൾ നടന്നു.

*കോണ്ഗ്രസ് പ്രവർത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജാഫറിനെ 150 പേരോടൊപ്പം ലക്‌നോവിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 20, 2019

*പൗരത്വ നിയമതിനെതിരെ പ്രതിഷേധിക്കുന്നവരും പോലീസും തമ്മിലുള്ള സംഘട്ടനത്തിൽ ഉത്തർ പ്രദേശിൽ 7 പേർ കൊല്ലപ്പെട്ടു.

*ഡൽഹി ജമാ മസ്ജിദിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത പൗരത്വ നിയമതിനെതിരായുള്ള പ്രതിഷേധം അരങ്ങേറി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകി. ഭരണഘടനയും അംബേദ്കറുടെ ചിത്രങ്ങളും ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും ജനങ്ങൾ പ്രതിഷേധിച്ചു.

 ഡിസംബര്‍ 21, 2019

*പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു നേരെയുള്ള പോലീസ് അതിക്രമങ്ങളുടെ ഫലമായി ഉത്തർ പ്രദേശിൽ മരിച്ചവരുടെ എണ്ണം 16 തികഞ്ഞു.

*ഭീം ആർമി നേതാവ് ചന്ദ്രശേഖർ  ആസാദ് അടക്കം 27 പേരെ പോലീസ് അറസ്റ് ചെയ്തു.ഡൽഹിയിലെ സീമാപുരിയിലെ ഗേറ്റിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

*പൗരത്വ നിയമത്തിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്തെത്തി. ഇന്ത്യയിൽ മതത്തിന്റെ പേരിൽ ജനങ്ങൾ മരിച്ചു വീഴുന്നു എന്നും ഇതൊരു മതേതര രാജ്യത്തിനു ഭൂഷണമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 22, 2019

*AIMIM ന്റെ തട്ടകമായ ഹൈദരാബാദിലെ ദാറുസ്സലാമിൽ പതിനായിരങ്ങൾ പങ്കെടുത്ത പൗരത്വ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടു.. അസദുദ്ധീൻ ഒവൈസി നേതൃത്വം നൽകിയ സദസ്സിൽ ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റി യിലെ പോരാളികളായ ലദീദാ ഫർസാനയുടെയും ആയിഷ റെന്നയുടെയും സാന്നിധ്യം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

*രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലത് മൂന്നു ലക്ഷം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഭരണഘടന സംരക്ഷണ റാലി സംഘടിപ്പിച്ചു.

*നാഗ്പൂരില്‍ പൗരത്വസമര അനുകൂലികളുടെ വമ്പിച്ച പ്രകടനം നടന്നു.

ഡിസംബര്‍ 23, 2019

*ബംഗളൂരുവിൽ 80000 ൽ അധികമാളുകൾ സമാധാനപരമായി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു.

*ആം ആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാനെതിരെ സോഷ്യൽ മീഡിയ ഇടപെടലുമായി ബന്ധപ്പെട്ട് കേസെടുത്തു.

*കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സത്യഗ്രഹ സമരം സംഘടിപ്പിച്ചു.

*പോപുലര്‍ ഫ്രണ്ട് നേതാവിനെ ലക്‌നൗവില്‍ സമരത്തിന് ആക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 24, 2019

*രാജ്യത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പതിനൊന്ന് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

*എന്‍പിആറിനും സെന്‍സസിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

*മീറട്ടില്‍ പോലീസ് ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പോലീസ് വഴിയില്‍ തടഞ്ഞു.

*പൗരത്വ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ചെന്നൈയില്‍ ജര്‍മന്‍ വിദ്യാര്‍ഥിയെ സ്വദേശത്തേക്കയച്ചു.

ഡിസംബര്‍ 25, 2019

*ഉത്തര്‍ പ്രദേശിലെ സംഭലില്‍ സമരവുമായി ബന്ധപ്പെട്ടു നടന്ന പോലീസ് ആക്രമണത്തില്‍ നാല്‍പതോളം പേരെ അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 27, 2019

*75 സ്ത്രീകളടക്കം 350ഓളം പ്രതിഷേധക്കാരെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റു ചെയ്തു.

*മുബൈയിലെ ആസാദ് മൈതാനില്‍ ‘ഹം കാഗസ് നഹി ദിഖായേംഗെ’ മുദ്രാവാക്യമുയര്‍ത്തി വമ്പിച്ച പ്രകടനം നടന്നു.

ഡിസംബര്‍ 29, 2019

*ഡൽഹിയിലെ ശഹീൻബാഗ് സമരത്തിന് മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധ ലഭിച്ചത് ഡിസംബർ 29 മുതൽക്കാണ്. ഡൽഹി കണ്ട ഏറ്റവും കൊടിയ തണുപ്പിൽ നൂറു കണക്കിന് സ്ത്രീകളാണ് വീടുകളുപേക്ഷിച്ചു കൊണ്ട് റോഡുകൾ തടഞ്ഞു രാപ്പകൽ സമരം ചെയ്യുന്നത്.

*കൊൽക്കത്തയിലെ പ്രൈഡ് മാർച്ചിൽ LGBT ആക്ടിവിസ്റ്റുകൾ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു.

*കേരളത്തില്‍ പൗരത്വസമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആയിഷ റെന്ന ജന്മനാട്ടിലെ പൊതുപരിപാടിയില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ സിപിഎം അനുഭാവികളില്‍ നിന്ന് പരസ്യമായ ആക്ഷേപം നേരിട്ടു.

ഡിസംബര്‍ 30, 2019

*കൊല്‍ക്കത്തയില്‍ ഹിന്ദു സന്യാസിമാര്‍ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചു.

 ഡിസംബര്‍ 31, 2019

*കേരള നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി. ഇന്ത്യയിൽ ആദ്യമായി ഇത്തരത്തിൽ പ്രമേയം പാസാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഒരു ബിജെപി പ്രതിനിധി ഒഴികെ മുഴുവൻ അംഗങ്ങളും പിന്തുണച്ചു.

ഭാഗം രണ്ട്- ക്ലിക്ക് ചെയ്യുക

By ആദില നാസര്‍

Under Graduate Student, Political Science, Kerala Varma college, Thrissur