ജാതിയുടെ സാമൂഹിക അകലവും വികല ശുദ്ധിയാചരണങ്ങളും

നിലവിലെ കോവിഡ് പ്രതിസന്ധിയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ആളുകള്‍ തമ്മിലുണ്ടാവേണ്ട ‘സാമൂഹിക അകല’ത്തെ (Social Distance) പല രീതിയില്‍ മനസിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. സാമൂഹിക അകലം എന്ന വാക്കിന് ജാതിയുമായും വംശീയ വേര്‍തിരിവുകളുമായും ബന്ധമുള്ളതിനാല്‍ തന്നെ പലരും ശാരീരിക അകലം എന്ന വാക്കുകപയോഗിക്കണമെന്ന് പറഞ്ഞു കാണുന്നു. സാമൂഹിക അകലത്തിന്റെ പ്രശ്‌നം എന്ന് പറയുന്നത്: കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ പദം പ്രചാരത്തില്‍ വന്നപ്പോള്‍ അയിത്തം പറയുന്നയാളുകള്‍ അതിനെ ഒരു പരമ്പരാഗത ആചാരമായും, നിര്‍ഭാഗ്യവശാല്‍ കുറച്ച് കാലങ്ങളായി കൈമോശം വരികയും കൊറോണ പോലെ ഒരു മാരക വൈറസിന് നിമിത്തമാവുകയും ചെയ്ത ഒന്നായും വ്യാഖ്യാനിക്കുന്നു. ലോകത്തെവിടെയും സാമൂഹിക അകലത്തെ ഒരു പരമ്പരാഗത മൂല്യമായി വ്യാഖ്യാനിച്ചു കണ്ടിട്ടില്ല. തീര്‍ച്ചയായും ആ വാക്കിന് ചരിത്രത്തിലെ വംശീയ വിവേചനങ്ങളുമായി ബന്ധമുണ്ടെങ്കിലും അതിനെ ഒരു പരമ്പരാഗത മൂല്യമായി ഉയര്‍ത്തിക്കാണിക്കാനുള്ള ശ്രമം വംശീയ വിവേചനങ്ങള്‍ക്ക് സാധുതയും നിയമപരതയും നല്‍കാനാണ്. വെളുത്ത വംശീയതയും അതിന്റെ കെടുതികളുമെല്ലാം വളരെ ദൃശ്യമാണ്, പക്ഷേ അതിനെ ഒരു പരമ്പരാഗത മൂല്യമായി പൊതുവിടങ്ങളിലോ സ്വകാര്യയിടങ്ങളിലോ മഹത്വവല്‍ക്കരിക്കല്‍ തികച്ചും അസാധ്യമായ കാര്യമാണ്. ഇന്ത്യയില്‍ പലരും അതിനെ അത്തരത്തില്‍ മനസിലാക്കുന്നത് യഥാര്‍ഥത്തില്‍ ആ പദത്തിന്റെ പ്രശ്‌നമല്ല. ജാതി ആചരണങ്ങളെ മൂല്യമായി മനസിലാക്കാന്‍ കഴിയുന്ന സവര്‍ണ ജാതി പ്രിവിലേജുകള്‍ പേറുന്ന ഒരു വിഭാഗം ഇവിടെയുള്ളത് കൊണ്ടാണ്.

ഈയാളുകള്‍ നമസ്‌തേ പറഞ്ഞ് കൈ കൂപ്പി അഭിവാദ്യം ചെയ്യുന്നതിനെക്കുറിച്ചും റോഡിലൂടെ നടക്കുമ്പോള്‍ പരസ്പരം നിഴലുകള്‍ പോലും സ്പര്‍ശിക്കാതെ നടക്കുന്നതിനെക്കുറിച്ചുമെല്ലാം വാചാലരാകുന്നുണ്ട്. ഈ നിര്‍ദേശങ്ങളിലെക്ക് ഭര്‍ത്താവിന്റയും പിതാവിന്റെയും പിന്നാലെ നിശ്ചിത അകലത്തില്‍ നടക്കലും, ഒരു ഗ്രാമത്തില്‍ കഴിയുന്ന ആളുകള്‍ക്കിടയില്‍ ശുദ്ധ ജാതികളുടെ വീട്ടിലേക്കും അടുക്കളയിലേക്കും പ്രവേശനം നിഷേധിക്കലും, ആ ഗ്രാമം മുഴുവന്‍ വ്യത്തിയാക്കി സൂക്ഷിക്കുന്നവരെ വൃത്തികെട്ടവരെന്ന് വിളിക്കലും, ആരാധനാലയങ്ങളില്‍ നിന്ന് അവരെ തടയലും തുടങ്ങിയ അസംഖ്യം ജാതിയുടെ സാമൂഹിക അകല നടപടികള്‍ കൂട്ടിച്ചേര്‍ക്കാനാണ് ആവശ്യപ്പെടാനുള്ളത്. ഇവയെല്ലാം പ്രചാരത്തിലുണ്ടായിരുന്നത്, ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് ശുചിത്വം നിലനിര്‍ത്താനുള്ള വഴികളായിട്ടല്ല മറിച്ച് ഒരു ചെറിയ വിഭാഗം അവരെക്കാള്‍ താഴ്ന്നവരെന്ന് ഗണിക്കുന്നവരുടെ മേല്‍ അധികാരം ഊട്ടിയുറപ്പിക്കാന്‍ നടത്തുന്ന വേലകളാണ്. ചുരുക്കത്തില്‍ സാമൂഹിക അകലം (social distancing) പരമ്പരാഗതമായിത്തന്നെ അസമത്വത്തിന്റെ ആചാരമാണ്.

സാമൂഹിക അകലമില്ലാതെ ജാതി നിലനില്‍ക്കില്ല. ‘ഹിന്ദുക്കളുടെ ചരിത്രത്തില്‍, പുരോഹിത വര്‍ഗം മറ്റു ജനങ്ങളോട് ഒരു അയിത്തം നിലനിര്‍ത്തിയിരുന്നു. അത്തരമൊരു അടഞ്ഞ വാതില്‍ നയമാണ് ജാതി’ അംബേഡ്കര്‍ അദ്ദേഹത്തിന്റെ Caste in India യില്‍ പറയുന്നു.

ജാതി അങ്ങനെയൊരു സ്വന്തമായി അടച്ചിരിക്കുന്ന ആചാരമാകുന്നതോടൊപ്പം സ്വാഭാവികമായി മറ്റുള്ള ജാതികളെ അകറ്റി നിര്‍ത്തലുമാകുന്നു. അത് വെറും ശാരീരിക അകലം മാത്രമായൊതുങ്ങുന്നില്ല, ഭക്ഷണത്തിന്റെയും ഉത്സവങ്ങളുടെയും ആചാരങ്ങളുടെയും പ്രണയത്തിന്റെയും വിവാഹത്തിന്റയും തുടങ്ങി ഒട്ടൊരുപാട് മേഖലകളില്‍ വിവേചനം തുുടരുന്നു.

അംബേഡ്കര്‍ Who were the untouchables ല്‍ പറഞ്ഞ പോലെ ‘ജാതി ഒരു സാമൂഹിക വേര്‍തിരിവിന്റെയോ കുറച്ച് കാലത്തേക്ക് സാമൂഹിക ഇടപെടലുകളെ തടയുന്നതോ ആയ വിഷയമല്ല. അതൊരു പ്രാദേശികമായ വിഭജനത്തിന്റെയും നിയന്ത്രിത സഞ്ചാരത്തിന്റെയും(cordon sanitaire) വിഷയം കൂടിയാണ്. അസ്പൃശ്യരെ ഒരു വരിഞ്ഞു ചുറ്റിയ കൂട്ടിനുള്ളില്‍ അടക്കലാണത്. എല്ലാ ഹിന്ദു ഗ്രാമങ്ങളിലും ഒരു ഗെറ്റോ (ghetto) ഉണ്ടാവും. ഹിന്ദുക്കള്‍ ഗ്രാമത്തിലും അയിത്തജാതികള്‍ ആ ഗെറ്റോയിലും താമസിക്കും.’ cordon sanitaire എന്ന പകര്‍ച്ച വ്യാധികള്‍ തടയാന്‍ ഉപയോഗിച്ച ഫ്രഞ്ച് വാക്കിലൂടെ അംബേഡ്കര്‍ മനസിലാക്കിത്തരുന്നത് പ്രാദേശികവും, ശാരീരികവും, ആചാരപരവും, ലിംഗപരവും, ശുദ്ധിയടിസ്ഥാനത്തിലുള്ളതുമായ ജാതിയുടെ സാമൂഹിക അകല ആചരണങ്ങളെ പറ്റിയാണ്. ഒരു നിശ്ചിത ഭൂമിശാസ്ത്ര പരിധിയില്‍ ആളുകളെ തളക്കുന്ന പ്രക്രിയയാണത്.

പാര്‍ഥസാരഥി മുത്തുക്കറുപ്പന്‍ തന്റെ പ്രബന്ധത്തില്‍ പറയുന്നുണ്ട്: ‘ജാതി എന്നത് ഹിംസയാല്‍ നിര്‍ണയിക്കപ്പെടുന്ന ഒരു ബന്ധമാണ്’. അദ്ദേഹം ജാതിയെ ഒരു ബന്ധമായാണ് മനസിലാക്കുന്നത്. ശ്രേണീബന്ധിതമായ പല ജാതികള്‍ തമ്മിലുള്ള ബന്ധം. പല രൂപത്തിലുള്ള ഹിംസയിലൂടെയാണ് ആ ബന്ധം നിലനിന്നു പോരുന്നത്. അംബേഡ്കറെ ഉദ്ധരിച്ചു കൊണ്ട് എങ്ങനെയാണ് ജാതിയുടെ പ്രവര്‍ത്തനത്തിന് ഹിംസ/അക്രമം ഒരു മൗലികമായ ചേരുവയാകുന്നതെന്ന് പാര്‍ഥസാരഥി സമര്‍ഥിക്കുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ദുരഭിമാനക്കൊലകളിലും, കൂട്ടക്കൊലകളിലും, ലൈംഗിക ആക്രമണങ്ങളിലും സ്ഥാപനവല്‍കൃത കൊലകളിലും കാണാന്‍ കഴിയും.

അതിലൊരു സംശയം എന്റെ സുഹൃത്ത് ചോദിച്ചതിങ്ങനെ, ഇദ്ദേഹം പറയുന്ന ഹിംസ/ആക്രമണം യഥാര്‍ഥത്തില്‍ മറ്റുള്ളവന്റെ ശരീരത്തിന് മേല്‍ തൊട്ടുകൊണ്ട് ചെയ്യുന്ന പ്രവര്‍ത്തിയല്ലേ? അപ്പോള്‍ ഒരാളെ സ്പര്ശിക്കുന്നത്, നമ്മള്‍ മുമ്പ് ജാതിയുടെ രൂപീകരണത്തിന്റെ പ്രധാന ഘടകമായി പറഞ്ഞ സാമൂഹിക അകലത്തിന് ചേരാത്തതല്ലെ?

ജാതിയുടെ ഘടനയില്‍ ശാരീരികമോ മറ്റ് മനുഷ്യവിരുദ്ധമോ ആയ രൂപത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ് ഹിംസ. ഹിസക്ക് സപര്‍ശനം ഒരത്യാവശ്യ കാര്യമല്ല. ജാതിയുടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു കഴിഞ്ഞാലാണ് അവിടെ മേല്‍പറഞ്ഞ തരത്തിലെ ആക്രമണം ഉണ്ടാവുന്നത്. ആ നിയമലംഘനം ഒരേ പാത്രത്തില്‍ ഭക്ഷണം കഴിക്കലോ, മേല്‍ ജാതിയില്‍ നിന്ന് പ്രണയിക്കലോ വിവാഹം ചെയ്യലോ എന്തുമാകാം. ജാതിയുടെ സാമൂഹിക അകലത്തിന്റെ ചട്ടങ്ങള്‍ക്ക് വിഘ്‌നം വന്നാല്‍ ഹിംസ അതിന്റെ ഫലമായിരിക്കും.

അതെ, അസ്പൃശ്യ ശരീരങ്ങളെ തൊടാന്‍ ഈ ആക്രമണം കാരണമാവുന്നുണ്ട്. തൊടാന്‍ പാടില്ലാത്ത ഒന്നിനെ ഹിംസയുടെ പേരില്‍ തൊടുമ്പോള്‍ സാമൂഹിക അകലത്തിന് എന്താണ് സംഭവിക്കുക? ഏത് തരത്തിലുള്ള സ്പര്‍ശനമാണ് ഹിംസയായി കണക്കാക്കുകയെന്നൊരു ചോദ്യമിവിടുണ്ട്. അതൊരാളുടെ അന്തസിനെ മാനിക്കുന്ന തരത്തിലുള്ള സ്പര്‍ശനമാണോ? അല്ലെങ്കില്‍ സ്‌നേഹപൂര്‍വമുള്ള സ്പര്‍ശനമാണോ? അതോ സാമൂഹിക അകലവുമായി ഇണങ്ങും വിധമുള്ള സ്പര്‍ശനമാണോ? തീര്‍ച്ചയായും അല്ല. അത് അകലത്തെ, അസമത്വപരമായ ബന്ധങ്ങളുടെ ശ്രേണിയെ തകര്‍ക്കുന്നതിന് പകരം ചെയ്യുന്ന ക്രൂരമായ സ്പര്‍ശനമാണ്.

ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് തന്നെ തിരിച്ചുവരാം, ഈ ലോക്ഡൗണിന് മുമ്പ് ഇന്ത്യന്‍ വരേണ്യ വര്‍ഗം കൊറോണയെ പ്രതിരോധിക്കാനുള്ള ആദ്യ നടപടിയായി എടുത്തത് അവരുടെ പാര്‍പ്പിട സമുച്ചയങ്ങളില്‍ പാര്‍ട് ടൈം ജോലിക്കു വരുന്നവരെ തടയുക എന്നതായിരുന്നു. ഇത്തരം ഗാര്‍ഹിക തൊഴിലാളികളാണ് വൈറസ് വാഹകരെന്നും അവര്‍ക്ക് അവധി വേതനം (paid leave) കൊടുത്ത് ഒഴിവാക്കാമെന്നും പല സന്ദേശങ്ങള്‍ പ്രചരിച്ചു. ഇത്തരം തൊഴിലാളികള്‍ ഏത് ജാതിക്കാരാണെന്ന് ഊഹിക്കാമല്ലോ. ഇതിലെ വിരോധാഭാസമെന്തെന്നാല്‍ മധ്യ-വരേണ്യ ജാതികളുടെ ആശങ്ക കീഴ്ജാതിക്കാരുടെ തൊഴില്‍ നഷ്ടവും അത് മൂലം പട്ടിണിയുമുണ്ടാവുമല്ലോ എന്നതിലുപരി അവര്‍ക്ക് രോഗം ബാധിക്കുന്നതിലല്ല. ആ രോഗം അവര്‍ മൂലം തങ്ങള്‍ക്ക് പിടിപെടുമല്ലോ എന്ന തരത്തില്‍ സ്വയം കേന്ദ്രീകൃതമായ ആശങ്കയാണ്.

ലോകത്തുള്ള ചേരികളിലെയും തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടങ്ങളിലെയും ജനങ്ങളും തൊഴിലാളികളും ഏത് വിധേനയാണ് സാമൂഹിക അകലം പാലിക്കുക? എല്ലാ അംഗങ്ങള്‍ക്കും ഓരോ മുറി വീതമില്ലാത്ത കുടുംബങ്ങളിലോ? സാമൂഹിക അകലം ഒരു ധാര്‍മികാചരണം എന്ന നിലയില്‍ എന്നും പ്രിവിലേജ്ഡായ ജാതി-വര്‍ഗങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്.

സാമൂഹിക അകലം മേല്‍ജാതികള്‍ക്ക് രോഗം വരുന്നതില്‍ നിന്ന് തടയാനുള്ളതാണെന്ന വാദങ്ങള്‍ കേട്ടപ്പോള്‍, കൊറോണ പോലുള്ള വൈറസുകളെല്ലാം ഹിന്ദു മേല്‍ജാതി വിഭാഗക്കാരെ മാത്രം ലക്ഷ്യമിട്ട് രണ്ടായിരം വര്‍ഷത്തോളമായി ഭൂമിയില്‍ കറങ്ങി നടക്കുന്നവയാണോയെന്നതിശയിച്ചു. അവരുടെ ചുറ്റുപാടുകള്‍ അത്രമേല്‍ അണുക്കളാല്‍ മലീമസമാണോ. മനുഷ്യരുടെ സ്‌നേഹ സമ്പര്‍ക്കങ്ങളില്‍ നിന്നും സ്‌നേഹാലിഗംനങ്ങളില്‍ നിന്നും മറ്റു ജാതിക്കാരില്‍ നിന്നെല്ലാം ദൂരെയാകുന്ന തരത്തില്‍ അവര്‍ രോഗാതുരതയുള്ളവരാണോ?

മേല്‍ജാതികളെ സ്ഥിരമായി അക്രമിക്കുന്ന വൈറസുകളെപ്പറ്റിയും അതിനെയവര്‍ സാമൂഹിക അകലം കൊണ്ട് ചെറുത്തുവരുന്നതിനെപ്പറ്റിയും വളരെ രസകരമായി തോന്നുന്നു. ശുദ്ധിചിന്തയും വെജിറ്റേറിയനിസവുമെല്ലാം ഈ ശുദ്ധജാതികളെ വൈറസുകളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കൗതുകമുണ്ട്. വൈറസുകള്‍ക്കും രോഗങ്ങള്‍ക്കുമൊന്നും ശുദ്ധജാതി- വെജിറ്റേറിയന്‍ വിവേചനങ്ങളില്ല. വാസ്തവമെന്തെന്നാല്‍ മേല്‍ജാതികള്‍ക്ക് ഇത്തരം ദുരന്തങ്ങളെ നേരിടാന്‍ സാമ്പത്തികമായും മറ്റും പിന്നാക്കം നില്‍ക്കുന്ന കീഴ്ജാതികളേക്കാള്‍ വിഭവലഭ്യതയുണ്ട്.

വൈറസുകളുടെ വ്യാപനം മേല്‍തട്ടില്‍ നിന്ന് താഴെത്തട്ടിലുള്ള ജനങ്ങളിലേക്കാണ് കണ്ടെത്തിയിട്ടുണ്ട്. ലോകം ചുറ്റുന്നവരാണ് വൈറസുകള്‍ മറ്റുള്ളവരിലേക്ക് പകരുന്നത്. പക്ഷേ, ഇന്ത്യ പോലൊരു ശോഷിച്ച ആരോഗ്യ സൗകര്യമുള്ള രാജ്യത്തെ പാവപ്പെട്ടവരും അഭയാര്‍ത്ഥികളും വൃദ്ധരുമായ വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പരിചരണം ലഭിക്കാനില്ല. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസവും പൊതു ഗതാഗതവും തുടങ്ങിയവയെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുമ്പോള്‍ ആര്‍ക്കാണ് മെച്ചപ്പെട്ട ആരോഗ്യനില പുലര്‍ത്താന്‍ കഴിയുക? സര്‍ക്കാര്‍ ആരോഗ്യസൗകര്യങ്ങള്‍ എല്ലാവര്‍ക്കും ഒരേപോലെ ലഭ്യമാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്? ആരോഗ്യ ഇന്‍ഷുറന്‍സ് പോലെ വികസിത രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതും സ്വകാര്യമേഖലക്കും കോര്‍പറേറ്റുകള്‍ക്കും വന്‍തോതില്‍ തീറെഴുതിക്കൊടുത്തതുമായ ആരോഗ്യരംഗം ഇന്ത്യയിലെ പാവങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് കൊടുക്കുന്നത്?

ഓണ്‍ലൈണ്‍ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിച്ചാല്‍, ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈണ്‍ പഠനത്തിന്റെ സാധ്യതയുണ്ട്. ഫോണിന് സിഗ്നല്‍ ഇല്ലാത്ത ഗ്രാമങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്ത വിദ്യാര്‍ഥികളിലും ഇത്തരം പഠനരീതി സാധ്യമല്ല.

ഈ കൊറോണക്കാലത്ത് കണ്ട ഏറ്റവും വേദനാജനകമായ ഒരു കാഴ്ച്ചയായിരുന്നു നടന്നുനീങ്ങുന്ന അന്തര്‍സംസ്ഥാന തൊഴിലാളികളുടെത്. നല്ലൊരു ശതമാനവും പുരുഷന്‍മാര്‍, അരികുവല്‍കൃത സമുദായങ്ങളിലും ജാതികളിലും പെടുന്നവര്‍, കാലങ്ങളായി അവഗണിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നുള്ളവര്‍, വളര്‍ന്നുവന്ന കുടുംബങ്ങളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും എന്നോ അകലെയാക്കപ്പെട്ടയാളുകളാണവര്‍. സ്ങ്കല്‍പ്പിക്കാനാവത്തത്ര സാമൂഹികമായി അകലെക്കഴിയുന്നവര്‍ ഇപ്പോള്‍ പോകാനൊരിടമില്ലാതെയുഴറുന്ന കാഴ്ച്ച.

ഇതിനെല്ലാമിടയില്‍ ഏറ്റവും ‘സോഷ്യല്‍’ ആരാണെന്നറിയുമോ? വളരെ സോഷ്യല്‍ ആയി ഈ വൈറസിനെ പടര്‍ത്തുന്നവര്‍ മുസ്‌ലിംകളും ചൈനക്കാരുമാണത്രെ. എത്ര പെട്ടെന്നാണ് കഥകള്‍ മാറിമറിയുന്നത്. വളരെ പെട്ടെന്ന് നമ്മില്‍ പലരും സാമൂഹിക വിരുദ്ധരും രാജ്യദ്രോഹികളുമായിത്തീരുന്നു. കൊറോണക്ക് നന്ദി പറയാം. വളരെ ചെറുതും അഗോചരവുമായ വസ്തു എന്തിനെയെല്ലാം പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. യഥാര്‍ഥ സാമൂഹ്യജീവികളെയും ദേശീയജീവികളെയും സാമൂഹികവിരുദ്ധരും, സാമൂഹിക അകലം പാലിച്ചവരെയെല്ലാം ദേശീയജീവികളുമാക്കിയത് മാറ്റി. കശ്മീരിലെ ലോക്ഡൗണിനെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചുമെല്ലൊം വ്യാകുലപ്പെടാന്‍ ആര്‍ക്കാണ് സമയം. അവര്‍ ഒരു വിദൂര ഓര്‍മയായി മാറിയിരിക്കുന്നു.

യഥാര്‍ഥ സാമൂഹിക വിരുദ്ധര്‍ പരമ്പരാഗത ധാര്‍മിക മൂല്യങ്ങളുടെ ആളുകളായി തീരുന്നതെങ്ങനെയെന്ന് അവിശ്വസനീയം തന്നെ. സാമൂഹിക അകലത്തിന്റെയാളുകള്‍ എന്നെ സംബന്ധിച്ചെടുത്തോളം സാമൂഹിക വിരുദ്ധരാണ്, സോഷ്യല്‍ അല്ലാത്തവരാണ്. നമ്മെപ്പോലെയുള്ള സോഷ്യല്‍ ആയവരാകട്ടെ ആന്റി സോഷ്യലാവുന്നു.

അസമത്വം നിലനില്‍ക്കുന്ന എല്ലാം സമൂഹങ്ങളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമൂഹിക അകലമായിരിക്കും കേന്ദ്രബിന്ദു. ഒന്നാമതായി, ജാതി സമൂഹം നമുക്ക് വളരെ അടുത്താണ്. ഏതൊ ഒരു പോയിന്റില്‍ നമ്മളതില്‍ ഭാഗവാക്കാകുന്നവരുമായതുകൊണ്ട് അതിനെ പ്രതിരോധിക്കല്‍ ഏറ്റവും അത്യാവശ്യമാവുന്നു. രണ്ടാമതായി, ലോകത്തെവിടെയും ഇന്ത്യയിലെ പോലെ സാമൂഹിക അകലം ഒരു പരമ്പരാഗത ധാര്‍മിക മൂല്യമായും ഉല്‍കൃഷ്ടമായ ആചാരമായും കാണാത്തത് കൊണ്ട് നമുക്കിതിനെ എത്രയും വേഗത്തില്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു.
ജയ്ഭീം!

വിവ: റമീസുദ്ദീന്‍ വി. എം

By സൗമ്യ ദെച്ചമ്മ

Fulbright Scholar, Queens college, City University of New York, and Professor CCL of UoH