ഷർജീൽ ഇമാമിനെ വായിക്കുന്നു

ഇന്ത്യയിൽ കഴിഞ്ഞ മൂന്ന് മാസത്തോളമായി നടന്നു കൊണ്ടിരുന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭം ഏറെ ശ്രദ്ധേയമാണ്. സമരങ്ങൾ ഉൽഭവിക്കുന്ന ഇടങ്ങൾ, അതിനെ നയിക്കുന്നവർ, മുദ്രാവാക്യങ്ങൾ എന്നിവ സമരത്തിന് പുതിയ ഒരു ഭാഷയും രാഷ്ട്രീയ കൃത്യതയും നൽകുന്നുണ്ട്. വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുള്ളവർ വ്യത്യസ്ത രീതിയിൽ സമരത്തെയും മുദ്രാവാക്യങ്ങളെയും വ്യാഖ്യാനിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് കൊണ്ട് തന്നെ സമരത്തെ മുമ്പോട്ട് നയിക്കുകയും ചെയ്യുന്നു.

ഷഹീൻബാഗ് സമരത്തിൽ തുടക്കം മുതൽ മുൻപിൽ നിന്ന ഒരു വിദ്യാർത്ഥി നേതാവാണ്  ജെ എൻ യുവിൽ ഹിസ്റ്ററിയിൽ ഗവേഷണം നടത്തുന്ന ഷർജീൽ ഇമാം. ബോംബെ ഐഐടിയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ഷർജീലിന്റെ അലിഗഡ് യൂണിവേഴ്സിറ്റിയിലെ ഒരു പരിപാടിയില്‍ നടത്തിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് 5 സംസ്ഥാനങ്ങളിലെ പോലീസ് യു എ പി എ അടക്കം രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഏറ്റവും അവസാനം അരുണാചൽ പ്രാദേശിലാണ് പാർപ്പിച്ചിരിക്കുന്നത് എന്ന് ചില പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

സമരങ്ങളിൽ ഭാഗഭാക്കായ ഒരു വിദ്യാർത്ഥി അല്ലെങ്കിൽ നേതാവ് എന്നതിനപ്പുറത്ത് മുസ്‌ലിം സമുദായത്തെ കുറിച്ച്, അവർ ദേശരാഷ്ട്രത്തിൽ നേരിടുന്ന ഘടനാപരമായ പ്രതിസന്ധികളെ കുറിച്ചൊക്കെ കൃത്യമായ ധാരണയുള്ള ഒരു അക്കാദമിഷ്യൻ എന്ന നിലയിൽ കൂടി അദ്ദേഹത്തെ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഷർജീൽ ഇമാമിനെ വായിക്കലും വിശകലനം ചെയ്യലും ഏറെ പ്രധാനപ്പെട്ടതാണ്. ഷർജീൽ ഇമാം വ്യത്യസ്ത ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചില എഴുത്തുകളെ കുറിച്ച് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഭരണഘടനയും മുസ്‌ലിം സമുദായവും

സ്വാതന്ത്രാനന്തര ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ചാണ് ഷർജീലിന്റെ പ്രധാന പഠനം. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു ‘സംഭവം’ ഭരണഘടനാനിർമ്മാണമാണ്. ഇന്ത്യൻ ജാതി സമൂഹത്തിന് ഏറെ അപരിചിതമായ ഒരുപാട് മൂല്യങ്ങൾ ഉൾകൊള്ളുന്ന ഒരു വിപ്ലവകരമായ സംഭവമാണ് ഭരണഘടനാനിർമ്മാണം. പക്ഷെ മുസ്‌ലിം സമുദായത്തെ സംബന്ധിച്ച് അത്ര കണ്ട് കൊട്ടിഘോഷിക്കാനുള്ള വക അതിൽ ഇല്ല എന്ന ഒരു അഭിപ്രായമാണ് ഷർജീൽ ഇമാം മുന്നോട്ട് വെക്കുന്നത്. 

TRT യുടെ ഓൺലൈൻ പതിപ്പിന് നൽകിയ ഒരു ലേഖനത്തിൽ ഇതിനെ കുറിച്ച് അദ്ദേഹം എഴുതുന്നുണ്ട്. The Hindu Republic: Seven Decades of Muslim Exclusion എന്ന തലക്കെട്ടിൽ 2019 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം ഭരണഘടനയെ കുറിച്ച് ഏറെ മൗലികമായ ചോദ്യങ്ങളും പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഇന്ത്യ അഥവാ ഭാരത് എന്നിങ്ങനെയാണ് രാജ്യത്തിന്റെ നാമമായി നൽകുന്നത്. രാഷ്ട്രം വ്യത്യസ്ത സ്റ്റേറ്റുകളുടെ ഒരു യൂണിയൻ ആയിരിക്കും എന്നാണ് പറയുന്നത്. ഇത് രണ്ടും ഏറെ പ്രശ്നമാണ്. ഭാരത് എന്നുള്ള നാമം ഹിന്ദു ഭാവനയിൽ നിന്ന് ഉരുത്തിരിയുന്ന ഒരു സങ്കല്പമാണെന്ന് ഷർജീൽ പറയുന്നു. രാഷ്ട്രനിർമ്മാണം ഒരു ഫെഡറൽ രീതിക്ക് പകരം ശക്തമായ കേന്ദ്രം എന്ന ഒരു ആശയത്തിന് മുൻ‌തൂക്കം നൽകി. ഇത് ഇന്ത്യയിലുള്ള വിവിധ ഭാഷ-ദേശ-വംശ-മത ന്യൂനപക്ഷങ്ങളെ രാഷ്ട്രീയമായി അപ്രസക്തരാക്കും. ഇതിനെ സംബന്ധിച്ച് അന്ന് തന്നെ ഭരണഘടനാ അസംബ്ലിയില്‍ വിമര്ശനങ്ങൾ വന്നിരുന്നു.

ഈ രാജ്യം ഒരു ഫാസിസ്റ്റ് രാഷ്ട്രമാകാനുള്ള മതിയായ ഘടകങ്ങൾ ഭരണഘടനയിൽ ഉണ്ടെന്ന് പഞ്ചാബിൽ നിന്നുള്ള ഹുകും സിംഗിനെ ഷർജീൽ തന്റെ എഴുത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഇത് എത്രത്തോളം യാഥാർഥ്യമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബ്രിട്ടീഷ് കാലത്തുപോലും പ്രത്യേക രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കാൻ മുസ്‌ലിംകൾക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ വിഭജനാനന്തരം ഇന്ത്യൻ ദേശരാഷ്ട്രം മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തോട്‌ വല്ലാത്ത അസഹിഷ്ണുത പ്രകടിപ്പിച്ചതായി ഷർജീൽ പറയുന്നുണ്ട്. ബ്രിട്ടീഷ് കാലത്ത് മുസ്‌ലിംകൾക്ക് ഉണ്ടായിരുന്ന Seperate electorate പോലുള്ള അവകാശങ്ങൾ ആനുപാതിക പ്രാതിനിധ്യം എന്നിവയെല്ലാം പൂർണമായും തള്ളിക്കളയുന്നുണ്ട്. ഈ ആവശ്യത്തെ നെഹ്രുവും പട്ടേൽ അടക്കമുള്ള നേതാക്കൾ നിശിതമായി വിമർശിക്കുന്നുണ്ട്.പട്ടേൽ ഈ രാഷ്ട്രീയ ആവശ്യങ്ങളെ ഇരുരാഷ്ട്രവാദമായി ആരോപിക്കുകയായിരുന്നു.  ചിതറിയ മുസ്‌ലിം ജനസംഖ്യയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ന്യൂനപക്ഷങ്ങൾ പൊതുവേ ഇത്തരത്തിൽ ചിതറി നിൽകുമ്പോൾ Seperate electorate, ആനുപാതിക പ്രതിനിധ്യം എന്നിവ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയപ്രതിനിധാനം തീരെ ഇല്ലാതാകും. ഗുജറാത്ത്‌, രാജസ്ഥാൻ, മധ്യപ്രദേശ്  തുടങ്ങിയ സംസ്ഥാനങ്ങളിലെ മുസ്‌ലിം രാഷ്ട്രീയ  സാന്നിധ്യമില്ലായ്മ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സെക്കുലറിസം അടക്കമുള്ള ആശയങ്ങൾ ഈ രാഷ്ട്രീയ ആവശ്യത്തെ പുറന്തള്ളാനുള്ള ഒരു ഉപകരണമായി വർത്തിച്ചു എന്ന് ഷർജീൽ എഴുതുന്നു.

ഹിന്ദു എന്നത് മുസ്‌ലിംകളും  ക്രിസ്ത്യാനികളും അല്ലാത്തവർ എല്ലാം ഉൾപ്പെടുകയും അത് മൂലം പട്ടികജാതി സംവരണം അടക്കമുള്ള സാമൂഹ്യ പരിരക്ഷകൾ  ഹിന്ദു സമുദായത്തിനുള്ളില്‍ തന്നെ നിലനിർത്തി മുസ്‌ലിം സമുദായത്തെ അത്തരം പരിരക്ഷകൾക്ക് പുറത്ത് നിർത്തി.അതോടൊപ്പം വിദ്യാഭ്യാസ തൊഴിൽ മേഖലയിലും മുസ്‌ലിം സമുദായത്തിന് സംവരണാവകാശം ലഭിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്. 

ഈ ഒരു സാഹചര്യത്തിൽ കൂടി വേണം നമ്മൾ നമ്മുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളെ കുറിച്ച് ചിന്തിക്കാൻ. ഷർജീൽ പ്രധാനമായും പറയുന്നത് ഏറെ പ്രതിസന്ധികളും പരിമിതികളുമുള്ള ഒരു മുദ്രാവാക്യമാണ് ഭരണഘടനാ സംരക്ഷണം എന്നാണ്.  വിഭജനം അടക്കമുള്ള ഭാരങ്ങൾ പേറുന്ന ഒരു സമുദായം ഏറ്റെടുക്കേണ്ട മറ്റൊരു ബാധ്യതയായി ഈ സംരക്ഷണം ഇപ്പോൾ മാറുന്നതായി നമുക്ക് കാണാം. പക്ഷെ യഥാർത്ഥത്തിൽ മുസ്‌ലിം സമുദായം മേൽ സൂചിപ്പിച്ച രാഷ്ട്രീയ ആവശ്യങ്ങൾ ഉൾക്കൊള്ളും വിധം ഒരു ഭരണഘടനയെ കുറിച്ചുള്ള ചോദ്യങ്ങൾ മുഖ്യധാരയിലേക്ക് കൊണ്ടവരണമെന്നാണ് ഷർജീലിന്റെ പക്ഷം.

പശു സംരക്ഷണവും ഹത്യകളും

പശു സംരക്ഷണത്തിന്റെ മറവിൽ ഇന്ത്യയിൽ നടക്കുന്ന മുസ്‌ലിം വേട്ട ബിജെപി അധികാരത്തിലേറി ഏറെ വൈകാതെ തന്നെ മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞു തുടങ്ങിയിരുന്നു. അഖ്‌ലാക്കിന്റെത്‌ തന്നെയായിരിക്കണം ആദ്യം കേട്ടതോ അല്ലെങ്കിൽ ശ്രദ്ധിക്കപെട്ടതോ ആയ വാർത്ത. പക്ഷെ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം പുതുതായി സംഭവിച്ച ഒരു പ്രതിഭാസമല്ല പശുകൊലകൾ. 1890കൾ മുതൽ ഇന്ത്യയിൽ പശു സംരക്ഷണം ഒരു മുദ്രാവാക്യമായി ഉയരുകയും അതുമായി ബന്ധപ്പെട്ട് മുസ്‌ലിം വേട്ടകളും തുടങ്ങിയിരുന്നു. 1917, 1926, 1934, 1937, 1938, 1939 എന്നീ വർഷങ്ങളിൽ പശുവുമായി ബന്ധപ്പെട്ട അക്രമങ്ങൾ നടന്നതായി ഷർജീൽ തന്റെ ‘Are Cow-Related Hate Crimes Against Muslims Only a ‘New Indian’ phenomenon? എന്ന ലേഖനത്തിൽ പറയുന്നുണ്ട്. തുടർന്ന് വിഭജനാന്തരവും ഇത്തരം മുസ്‌ലിം വിരുദ്ധ അക്രമം നടന്നു. ബലിപെരുന്നാളിനോടനുബന്ധിച്ച് ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതലും നടന്നത്. ഈ ആക്രമണങ്ങളുടെ എണ്ണം ഇത്ര ഉയർന്നത് ബിജെപിയുടെ കാലത്താണ് എന്ന വാദത്തെയും അദ്ദേഹം തള്ളിക്കളയുന്നു. നമ്മൾ ഇത്ര കണ്ട് ഇവ അറിയാൻ ഇടയായത് സാങ്കേതിക വിദ്യയുടെ വളർച്ച മൂലമാണ്. അതോടൊപ്പം ഇത്തരം സംഭവങ്ങൾ അന്നത്തെ മുഖ്യധാര പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത് പോലും മുസ്‌ലിം വില്ലനെ സൃഷ്ടിച്ചുകൊണ്ടോ അല്ലെങ്കിൽ ഹിന്ദുത്വ ഭീകരരെ അദൃശ്യവത്കരിച്ചു കൊണ്ടോ ആയിരിക്കും. പ്രശ്നങ്ങൾ, അക്രമം, കലാപം തുടങ്ങിയ ‘പക്ഷരഹിത’  പദാവലികളിലൂടെയാണ് മാധ്യമങ്ങൾ ഈ വിഷയം കൈകാര്യം ചെയ്തത്. മുസ്‌ലിംകൾ പ്രകോപനം സൃഷ്ടിച്ചത് കൊണ്ടാണ് അക്രമം ഉണ്ടായതെന്ന് പറയുന്ന കേസുകളും ഉണ്ടായിട്ടുണ്ട്.

ജയിലുകളിലെ മുസ്‌ലിം പ്രാതിനിധ്യം

Beyond the Headlines ൽ ഷർജീൽ ജയിലറകളിലെ മുസ്‌ലിം പ്രാതിനിധ്യത്തെ കുറിച്ചുള്ള വളരെ ഗൗരവപ്പെട്ട കണ്ടെത്തലുകൾ നിരത്തുന്നുണ്ട്.

14 ശതമാനം വരുന്ന മുസ്‌ലിംകൾ ജയിലുകളിൽ 20 ശതമാനമാണ്. അതിൽ തന്നെ വിചാരണ തടവുകാർ 22 ശതമാനവും മുസ്‌ലിംകളാണ്.

10 ശതമാനം മുസ്‌ലിംകളുള്ള മഹാരാഷ്ട്രയിൽ തടവുകാരിൽ 30 ശതമാനം മുസ്‌ലിംകളാണ്. ഗുജറാത്തിലും സമാനസ്ഥിതി നിലനില്‍ക്കുന്നു. പശ്ചിമബംഗാളിലും മാറ്റമില്ല.

കൂട്ടത്തിൽ  വിദേശികളാക്കപ്പെട്ട കുറെ പേർ ജയിലറകളിലുണ്ട്, അവർ ഭൂരിപക്ഷവും മുസ്‌ലിംകളാണ്. തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാനിലുമെല്ലാം സമാനമായ ഒരു അവസ്ഥ നിലനിൽക്കുന്നു. ഇതിൽ തന്നെ മുസ്‌ലിം ജയിൽ ജനസംഖ്യ പ്രധാനമായും ഉയർത്തുന്നത് വിചാരണ തടവിൽ വന്നവരായിരിക്കും. ഇനിയും ഈ പ്രവണത തുടരും എന്നുള്ളത് തീർച്ച. കാരണം വംശഹത്യ ആക്രമണങ്ങളിൽ പോലും ഇരകളെ തുറങ്കിലടക്കുന്ന ഒരു സംവിധാനത്തെ പറ്റി ഷർജീൽ ലേഖനത്തിൽ ഉണർത്തുന്നുണ്ട്, ഏറെക്കുറെ അത് തന്നെ വടക്ക് കിഴക്കൻ ഡൽഹിയിൽ സംഭവിച്ചു എന്ന് വേണം മനസ്സിലാക്കാൻ.

ലിബറൽസെക്കുലർ പാർട്ടികളോടുള്ള വിയോജിപ്പ്

ഐഐടി പഠനത്തിന് ശേഷം ജെ എൻ യുവിൽ ഗവേഷണത്തിനായി പ്രവേശിച്ച ഷർജീൽ ഇമാം തുടക്കത്തിൽ തീവ്ര ഇടതു വിദ്യാർത്ഥി സംഘടനയായ ഐസയിൽ നേതൃപരമായ പദവികൾ വരെ വഹിച്ചിട്ടുണ്ട്. പിന്നീട് മുസ്‌ലിം ചോദ്യങ്ങൾക്ക് ന്യായമായ ഒരിടം നൽകാത്ത ഇടതുപക്ഷത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രാജിവെക്കുകയായിരുന്നു. ക്യാമ്പസ്സിലെ ഇടതു പക്ഷത്തോട് മാത്രമല്ല മൊത്തത്തിൽ ഇടതു സംഘടനകളുടെ മുസ്‌ലിംകളോടുള്ള സമീപനത്തെ തന്നെ ഷർജീൽ ചോദ്യം ചെയ്യുന്നുണ്ട്.

Firstpost എന്ന ഓൺലൈൻ മീഡിയയിൽ എഴുതിയ രണ്ട് ലേഖനങ്ങൾ ഇടതു ആഭിമുഖ്യമുള്ള ക്യാമ്പസ്സിൽ എങ്ങനെയാണ് വളരെ സ്വാഭാവികമായി ഇസ്‌ലാമോഫോബിയ ഉണ്ടാകുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ച് നജീബിന്റെ നിർബന്ധിത തിരോധാനവും തുടർന്നുള്ള പല സന്ദർഭങ്ങളിലും ഇസ്‌ലാമോഫോബിയ വെളിവാക്കുന്ന ഇടതു നേതാക്കളെ കാണാൻ സാധിക്കും. വർഷങ്ങൾക്ക് മുൻപ് പ്രചരിപ്പിക്കപ്പെട്ട വ്യാജ ഫത്വകള്‍ അടക്കം ഷെയർ ചെയ്യുന്ന ഇടതു ലിബറൽ വ്യക്തികളെല്ലാം ജെഎന്‍യു ക്യാമ്പസ്സിൽ ധാരാളമുണ്ടെന്ന് ഷർജീൽ തുറന്ന് കാണിക്കുന്നു.

In Bengal, Left Parties’ Secular Ideology, Posturing has done nothing for Development of Muslims  എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ഒന്നായ ബംഗാളിൽ ഇടതു പക്ഷം എങ്ങനെയാണ് മുസ്‌ലിം പുറന്തള്ളൽ നടപ്പാക്കിയത് എന്ന് വ്യക്തമാക്കുന്നുണ്ട്. സംഘടനാപരമായി മുസ്‌ലിം പ്രാതിനിധ്യം നന്നേ കുറവാണ് എന്നുള്ളത് കാലങ്ങളായുള്ള ഒരു ആക്ഷേപമാണ്. എന്നാൽ 2001-2006 കാലഘട്ടത്തിൽ പോലും 33 അംഗ മന്ത്രിസഭയിൽ ആകെ 3 പേര് മാത്രേ മുസ്‌ലിംകളുള്ളൂ, അതായത് 9 ശതമാനം. 25 ശതമാനത്തിലേറെ മുസ്‌ലിം ജനസംഖ്യയുള്ള സംസ്ഥാനത്താണ് ഇതെന്ന് ഓർക്കണം. എന്തിനേറെ ന്യൂനപക്ഷ വകുപ്പ് പോലും മുസ്‌ലിം മന്ത്രിക്ക് നൽകിയിരുന്നില്ല. ഇന്ത്യൻ മുസ്‌ലിം ജീവിതങ്ങളിലെ ഏറ്റവും പിന്നോക്കം നില്കുന്ന ഇടങ്ങൾ 34 വർഷം തുടർച്ചയായി ഇടതുപക്ഷം ഭരിച്ച ബംഗാൾ തന്നെയാണ്. വിദ്യാഭ്യാസമടക്കമുള്ള മേഖലയിലെ കണക്കുകൾ ഉദ്ധരിച്ച് ഷർജീൽ തന്റെ വാദങ്ങൾ നിരത്തുന്നുണ്ട്.

ഇതോടൊപ്പം ഷർജീൽ മൊറാദാബാദ് മുസ്‌ലിം കൂട്ടക്കൊലയെ അനുസ്മരിച്ച് എഴുതിയ ലേഖനവും ഏറെ ശ്രദ്ധേയമാണ്. 1980 ഓഗസ്റ്റ് 13ന് 40000 മുസ്‌ലിംകൾ പ്രാർത്ഥന നിർവഹിക്കുന്ന ഈദ്ഗാഹിലേക്ക് പോലീസ് വെടിയുതിർക്കുകയായിരുന്നു. 300 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അന്നത്തെ എംപി സയ്യദ് ശഹാബുദ്ധിൻ ഈ സംഭവത്തെ സ്വാതന്ത്രാനന്തര ഇന്ത്യയിലെ ജാലിയൻവാലബാഗ് എന്നാണ് വിശേഷിപ്പിച്ചത്. പോലീസ് സംവിധാനം വളരെ കൃത്യമായി നടപ്പിലാക്കിയ ഒരു വംശഹത്യ പദ്ധതിയാണിത്. അന്ന് യു പി ഭരിച്ചിരുന്നത് വി പി സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാരാണ്. ഇതുവരെയും ആരും വിചാരണ ചെയ്യപ്പെട്ടിട്ടില്ല.

ഇടത് ബുദ്ധിജീവികൾക്ക് ആഭിമുഖ്യമുള്ള EPW അടക്കമുള്ള മീഡിയകൾ ഈ വിഷയത്തെ ഒരു കലാപം എന്ന നിലക്കാണ് റിപ്പോർട്ട്‌ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്തത് വെടിവെപ്പ് പോലീസിന്റെ പ്രതികാര നടപടിയാണെന്നാണ്. ആദ്യ പ്രതി അപ്പോഴും മുസ്‌ലിം തന്നെ. മുസ്‌ലിംകളുടെ വർഗീയ സാധ്യതയെ കുറിച്ചും മൊറാദാബാദിലേക്ക് ഒഴുകുന്ന വിദേശ ഫണ്ടിനെ കുറിച്ചൊക്കെ എഴുതിയ ടൈംസ് ഓഫ് ഇന്ത്യയെ ഷർജീൽ ഇതിൽ എടുത്ത് പറയുന്നുണ്ട്.

ഷർജീൽ ഇമാമിന് ഐക്യദാർഢ്യം

“ലോകത്തെവിടെയും വിവേകമുള്ള ഏത് രാജ്യത്തും സാങ്കേതിക വിദ്യ മുതൽ സാമൂഹ്യശാസ്ത്രം വരെയുള്ള വിഷയങ്ങളിൽ ഷർജീൽ ഇമാമിന്റെ വൈദഗ്ധ്യമുള്ള ഒരാൾ, അവിടുത്തെ സർക്കാരിന്റെ ഉപദേശകനാകുമായിരുന്നു”.ഷർജീൽ ഇമാമിന് ഐക്യദാർഢ്യം അർപ്പിച്ച് കൊണ്ട് CounterCurrent എന്ന ഓൺലൈൻ മാധ്യമം എഴുതിയ വരികളാണിവ. നിലവിൽ ഇന്ത്യയിലെ ഹിന്ദുത്വ പോലീസിൻറെ കൈകളിലാണ് ഷർജീൽ ഇമാം. ഇന്ന് ഇന്ത്യ കാണുന്ന സമരങ്ങളിലെ തുടക്കത്തിലേ മുന്നണിയിൽ നിന്ന ഒരാളാണ് ഷർജീൽ. സമൂഹത്തെ കുറിച്ച് പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ കുറിച്ച് വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപാടുള്ള ഒരു നേതാവാണ് ഷർജീൽ. മുസ്‌ലിം വിഷയങ്ങളെ അതിന്റെ മൗലികതയിൽ തന്നെ പഠിക്കുകയും വിമർശന വിധേയമാക്കുകയും ചെയ്യുന്ന ഒരു ബുദ്ധിജീവി എന്ന നിലയിൽ ഷർജീലിന്റെ കൂടെ നിൽക്കേണ്ടത് പൗരത്വ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ അനിവാര്യതയാണ്. ഈ നിമിഷവും ഷർജീലിന്റെ പ്രസംഗത്തിന്റെ മെറിറ്റ് നോക്കുന്നവർ ഈ സമരത്തെ തന്നെ പുറകിൽ നിന്ന് കുത്തുകയാണ്.

By ഫായിസ് എ എച്ച്‌

Student, School of Legal Studies, CUSAT