കാസര്‍ഗോഡ്: അപരവല്‍ക്കരണത്തിന്റെ കേരള മോഡല്‍

കാസറഗോഡുകാർക്കെതിരെ കോവിഡ് 19 പശ്ചാത്തലത്തിൽ നടന്ന ഹേറ്റ് കാമ്പയിൻ കേരളത്തിൻ്റെ പൊതുബോധം എങ്ങനെയാണ് വടക്കേയറ്റത്തെ ജില്ലയോട് പ്രവർത്തിക്കുന്നതെന്ന് തുറന്ന് കാണിക്കുന്നതാണ്. അപരിഷ്‌കൃതരും പണത്തിൻ്റെ ഹുങ്കിൽ നടക്കുന്ന കള്ളക്കടത്തുകാരായും ജില്ലയിലുള്ളവരെ ചിത്രീകരിച്ചവരാരും ഗവൺമെൻ്റ് ഘടനാപരമായ സംവിധാനങ്ങളുടെ പിഴവ്മൂലം കാസറഗോഡ് ജില്ലക്ക് ലഭിക്കാതെ പോയ അവകാശങ്ങളും, നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങളുമെന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

വികസന കേരള സങ്കൽപ്പത്തിൽ നിന്ന് ഒരു മുഴം മാറ്റിനിർത്തിയ കാസറഗോഡിൻ്റെ അവികസിത കാര്യ കാരണങ്ങള മനസിലാക്കിയാൽ ഈ അധിക്ഷേപങ്ങൾക്ക് അർത്ഥമുണ്ടാവില്ല.
വര്‍ഷാവര്‍ഷത്തെ സംസ്ഥാന ബജറ്റ് പരിശോധനക്ക് വിധേയമാക്കിയാല്‍ കാസര്‍കോട് ജില്ല രൂപീകൃതമായത് മുതല്‍ ജില്ലയോടുള്ള അവഗണന മനസിലാക്കാന്‍ കഴിയും. നാമമാത്രമായ വിഹിതം നീക്കിവെച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജില്ലയെ അവഹേളിക്കുകയാണ് മാറി മാറി വരുന്ന സര്‍ക്കാറുകള്‍.

എന്‍ഡോസള്‍ഫാന്‍ രോഗികളുടെ കണ്ണീരുവറ്റാത്ത ഈ മണ്ണില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്ള ഒരു ഹോസ്പിറ്റല്‍ പോലുമില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് യഥാര്‍ത്ഥ്യമാകുന്നതോടെ അതിന് പരിഹാരമാകുമെന്നാണ് കരുതിയത്. നിലവില്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെയാണ് കാസര്‍കോട് നിന്നുള്ളവര്‍ ആശ്രയിക്കുന്നത്. കണ്ണൂരില്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ഉണ്ടെങ്കിലും മംഗലാപുരവുമായുള്ള അടുപ്പം അവിടത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുന്നു. 2013 നവംബര്‍ 30 ന് തറക്കല്ലിടുമ്പോള്‍ 300 കിടക്കകളോടെ 2015 ല്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്‍റെ കൂടെ പ്രഖ്യാപിച്ച മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കാസറഗോഡ് മെഡിക്കൽ കോളേജിന് ശേഷം പ്രഖ്യാപിച്ച വയനാട്, കൊല്ലം മെഡിക്കൽ കോളേജുകളുടെ പണി യുദ്ധകാല അടിസ്ഥാനത്തിൽ നടന്നിരുന്നു.

ലോകം നിരോധിച്ച മാരക വിഷം എൻഡോസൾഫാൻ തളിച്ചിട്ട് ഒരു പാട് ജീവനുകളുടെ ജീവിതം നഷ്ടപ്പെട്ടവരുടെ കണ്ണീരുകൊണ്ട് ചുട്ടെടുത്ത മണ്ണാണ്.

ബഹുകുത്തക കമ്പനികൾക്കുവേണ്ടി കൈകാലുകൾ വളരാതെ, തല വികസിച്ച്, സംസാരിക്കാനാവാത്ത മക്കളെ പെറ്റ വയറുകൾ സമരം തുടരുന്ന നാട്. ഇവിടെ ഇവർക്കു വേണ്ടി ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്ല. കഴുത്തറപ്പൻ വിലയിടുന്ന മംഗലാപുരത്തെ സ്വകാര്യ ഭീമൻ ആശുപത്രികളെ ആശ്രയിക്കണം. അതിനു പണം കണ്ടെത്താൻ വേറെ നേട്ടോട്ടമോടണം. 70 കിലോമീറ്റർ താണ്ടി വേണം ഒരു സർക്കാർ മെഡിക്കൽ കോളേജിലേക്കെത്താൻ. അതും സ്വന്തം ജില്ലയിലല്ല. കണ്ണൂർ ജില്ലയിൽ.

ഈ മാർച്ച് 14 ന് ഉക്കിനടുക്കയിൽ ഒ.പി സംവിധാനം ആരംഭിക്കുമെന്നാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പറഞ്ഞത്. വെള്ളത്തിൻ്റെ ലഭ്യതയിൽ പ്രശ്നമുണ്ടായതിനെത്തുടർന്ന് ആരംഭിച്ചതുമില്ല. ഒ.പി പ്രവർത്തനം ആരംഭിച്ചാൽ മെഡിക്കൽ കോളേജിൻ്റെ സൗകര്യങ്ങൾ ലഭിക്കില്ല. ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൻ്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്. അക്കാദമിക്, ഹോസ്റ്റൽ ബ്ലോക്കുകളുടെ നിർമ്മാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.

ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവവും നാടിൻ്റെ വികസനത്തെ പിന്നോട്ടു വലിക്കുന്നു. കോറോണ ബാധിരരായ 38 പേരെ കാസറഗോഡ് ജനറൽ ആശുപത്രിയിൽ ഒറ്റ വാർഡിലാണ് കിടത്തിയിരിക്കുന്നത്. രോഗം ഭേദമായി വരുന്നവരും പുതുതായി വരുന്ന രോഗികളും ഒരേ വാർഡിൽ. കൂറയും പൂച്ചയും വിഹാരം നടത്തുന്ന വാർഡ്. ഈ പ്രശ്നത്തെ ആശുപത്രി സുപ്രണ്ടിനെ അറിയിച്ചപ്പോൾ പുതിയ രോഗികളും പഴയ രോഗികളും ഒന്നിച്ചുകിടത്തുന്നതിൽ എന്താണ് പ്രശ്നമെന്നാണ് മൂപ്പരുടെ ചോദ്യം. എന്നും നിസ്സഹകരണമാണ് അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. തലശ്ശേരിയിൽ നിന്ന് പണിഷ്മെൻ്റ് ട്രാൻസ്ഫർ കിട്ടിയിട്ടാണ് ഈ സൂപ്രണ്ട് കാസർകോട്ടേക്ക് എത്തിയത്. എല്ലാ ചവറുകളും തള്ളാനുള്ള സർക്കാരിൻ്റെ ചവറുകൂനയാണല്ലോ കാസറഗോഡ്. അതും ഈ ജനത സഹിക്കണം. കലക്ടർ, ജനപ്രതിനിധികളെയും കൂട്ടി പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യാത്തത് വീഴ്ചയാണ്. ആശുപത്രിക്കകത്തെ പ്രശ്നങ്ങളെ കലക്ടറെ അറിയിക്കുമ്പോൾ അത് തൻ്റെ പരിധിയിലല്ലെന്ന് പറയുന്നുണ്ട് ഈ കലക്ടർ.

മുൻ ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ കമ്മീഷനെ ജില്ലയുടെ പിന്നോക്കാവസ്ഥ മനസിലാക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി പ്രഖ്യാപിച്ചിരുന്നു. പ്രഭാകാരൻ കമ്മീഷൻ റിപ്പോർട്ടിൽ ജില്ലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് 327 മുതൽ 376 വരെയുള്ള പേജിൽ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു.

(Health infrastructure in the dsitrict is very weak. There are a large number of vacancies of doctors particularly specialists in Government hospitals. Therefore people often rely on Mangalore, Manipal, Kannur and Kozhikode for tertiary medical care. Setting up of most modern Trauma Care facilities in the District Hospital, Kanhangad and General Hospital, Kasaragod is essential. At present people take the accident victims to Mangalore. From one end of the district to Mangalore, the journey time is about four hours. Because of this long time to reach Mangalore many accident victims succumb to injuries on their way to Mangalore hospital. Therefore state of the art Trauma Care facility is essential in the two hospitals of the district. Also there is no triage facility to handle mass casualty incidence/ accident victims. Setting up of Triage facility in District Hospital Kanhangad and General Hospital Kasaragod is required to treat the victims of
mass casualty incidence. There is a considerable number of tribal population and scheduled caste population. More over the district is reeling under the after effect of Endosulfan exposure. Considering all these facts it is necessary that the health sector of the district be fully strengthened with equipment and experts of all medical departments in all medical branches)

റിപ്പോർട്ടിൻ്റെ ആമുഖക്കുറിപ്പാണിത്.

സർക്കാർ നിയമിച്ച പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ ജില്ലയിലെ മോശമായ ആരോഗ്യ സംവിധാനത്തെക്കുറിച്ച് സർക്കാറിനോട് കണക്കുകൾ നിരത്തിപ്പറയുന്നുണ്ട്. ജനറൽ, ജില്ലാ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ, സ്റ്റാഫുകളുടെ ഡോക്ടർമാരുടെ ഒഴിവുകള്‍, ഇപ്പോൾ നേരിടുന്ന പ്രശ്നം മറികടക്കാനായി 2388.62 ലക്ഷം രൂപ ആവശ്യമാണെന്ന് സർക്കാരിനെ കമ്മീഷൻ അറിയിച്ചിരുന്നു.

വിദ്യാഭ്യാസ മേഖല

കേരളത്തിൻ്റെ മികച്ച വിദ്യഭ്യാസ സംവിധാനങ്ങളുടെ മുഖച്ഛായയല്ല കാസറഗോഡിനുള്ളത്. അഞ്ച് സര്‍ക്കാര്‍ കോളേജുകളും രണ്ട് എയ്ഡഡ് കോളേജുകളുമാണുള്ളതാണ് ജില്ലയുടെ ഉന്നത വിദ്യാഭ്യാസം.18 അണ്‍എയ്ഡഡ് കോളേജുകളും ജില്ലയ്ക്കകത്തുണ്ട്.
പ്രൊഫഷണ്‍ കോളേജുകളും ഒട്ടും കുറവല്ല ഇവിടെ. നാല് എഞ്ചിനീയറിങ് കോളേജുകള്‍, രണ്ട് ഫാര്‍മസി കോളേജുകള്‍, മൂന്ന് നഴ്‌സിങ് കോളേജുകള്‍, രണ്ട് എം.ബി.എ പഠന കേന്ദ്രങ്ങള്‍, മൂന്ന് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ആയുര്‍വേദ കോളേജ്, നാല് ഓറിയന്റല്‍ ടൈറ്റില്‍ കോളേജ് എന്നിങ്ങനെ കോളേജുകളുണ്ട്. കാസര്‍കോഡിന്റെ വിദ്യാഭ്യാസ ഭൂപടത്തില്‍ സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നതാണ് കേന്ദ്ര സര്‍വ്വകലാശാല. 14,000ത്തിലധികം വിദ്യാർത്ഥികളാണ് വർഷാവർഷം ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത ലഭിക്കുന്നവർ. ഇവരിൽ 15 ശതമാനം പേർക്ക് മാത്രമാണ് തുടർന്ന് പഠിക്കാനുള്ള സീറ്റുള്ളത്.

മംഗലാപുരത്തും കേരളത്തിലെ തന്നെ മറ്റു ലോ കോളേജുകളിലും നിയമ വിദ്യാഭ്യാസം നേടുന്ന ഒരുപാട് വിദ്യാര്‍ത്ഥികളിൽ കാസര്‍കോഡിൽ നിന്നുള്ളവരാണ്. കാസര്‍കോട് ജില്ലയിലേക്ക് ഒരു ലോ കോളേജ് അനുവിദിച്ചിട്ടുണ്ടെങ്കിലും കോളേജിനുള്ള സ്ഥലം ഇത് വരെ കണ്ടെത്തിയിട്ടില്ല. ജില്ലയില്‍ നാല് എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ടെങ്കിലും ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിനായി കണ്ണൂര്‍ ജില്ലയില്‍ എത്തേണ്ടിവരുന്നു. സെല്‍ഫ് ഫിനാന്‍സ് കോളേജുകളില്‍ ഭീമമായ ഫീസ് നല്‍കേണ്ടതിനാല്‍ കാസര്‍കോട്ടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിംഗ് പഠനം എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് വന്നാല്‍ അത് അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവും. നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഗവണ്‍മെന്റ് വിമന്‍സ് കോളേജ് ഒന്നും തന്നെയില്ല. വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഗവണ്‍മെന്റ് വിമന്‍സ് കോളേജ് സ്ഥാപിക്കേണ്ടതുണ്ട്.

പുതിയ കാലത്ത് വിദ്യാര്‍ത്ഥികൾക്കാവശ്യമായ പ്രാധാന്യമുള്ളതുമായ പല കോഴ്‌സുകളും ഇവിടെ ഇല്ല എന്നത് പരിമിതിയായി തന്നെ നിലനില്‍ക്കുന്നുണ്ട്. കെട്ടിടങ്ങളുടെ കുറവും വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യത്തിന് തിരിച്ചടിയാകുന്നു. ചിലയിടത്ത് അടിസ്ഥാനസൗകര്യങ്ങളില്ലെങ്കില്‍, പ്രൊഫഷണല്‍ കോളേജുകളുള്‍പ്പെടെയുള്ള മറ്റിടങ്ങളില്‍ അധ്യാപര്‍ വേണ്ടത്രയില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ ഡെസ്‌കോ ബെഞ്ചോ പോലുമില്ലാത്ത കോളേജുകളുണ്ട്. മറ്റ് പ്രധാന പ്രശ്‌നം കോളേജുകളിലെ പഠന വിഷയങ്ങളിലുള്ള അപര്യാപ്തതയും കുറഞ്ഞ സീറ്റുകളുമാണ്. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ പത്തു ശതമാനം പേര്‍ക്കും മാത്രമാണ് പ്രവേശനം ലഭിക്കുന്നത്. ഇക്കാര്യത്തില്‍ എയ്ഡഡ് കോളേജുകളും സര്‍ക്കാര്‍ കോളേജുകളും ഏതാണ്ട് ഒരേപോലെയാണ്. കോളേജുകളില്‍ പ്രവേശനം ലഭിക്കാത്ത, എന്നാല്‍ സ്വാശ്രയ കോളേജുകളില്‍ വന്‍തുക കെട്ടിവയ്ക്കാന്‍ ശേഷിയില്ലാത്ത വിദ്യാര്‍ഥികള്‍ പാരലല്‍ കോളേജുകളെ ആശ്രയിക്കുന്നു. വിദ്യാഭ്യാസത്തിനായി കാസര്‍കോട്ടു നിന്നും വിദ്യാര്‍ത്ഥികള്‍ ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകാൻ നിർബന്ധിതരാവുന്നു.

പല കുട്ടികളും അവരുടെ ഇഷ്ട കോഴ്‌സ് ചെയ്യാന്‍ വേണ്ടി അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയിലേക്ക് പോകുമ്പോള്‍ മംഗലാപുരത്തടക്കമുള്ള കോളേജുകളില്‍ അഡ്മിഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ വന്‍ ഫീസാണ് നല്‍കേണ്ടി വരുന്നത്. മാത്രമല്ല സീറ്റ് തരപ്പെടുത്തി ലക്ഷങ്ങൾ കമ്മീഷനായി പിടിക്കുന്ന ഇടനിലക്കാരുടെ ചൂഷണവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കണം.

കാസര്‍കോട് വികസനത്തിന് 11,123 കോടി രൂപയുടെ പദ്ധതിയാണ് പ്രഭാകരന്‍ കമ്മീഷന്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത്. ഇതിന് ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രഫണ്ട്, കേന്ദ്രാവിഷ്‌കരണ പദ്ധതി, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് എന്നിങ്ങനെയുള്ള ഫണ്ട് ഉപയോഗപ്പെടുത്തി, പദ്ധതി നാല് ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ടിയിരുന്നത്. വ്യവസായം, ഊര്‍ജ്ജം, റോഡ്, പാലം, ജലവിതരണം, കൃഷി, മാലിന്യ നിര്‍മാര്‍ജ്ജനം, ശുചിത്വം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങി 11 മേഖലകളിലായി 449 പദ്ധതികള്‍ നടപ്പിലാക്കാനാണ് നിര്‍ദ്ദേശമുണ്ടായിട്ടും ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. 100 കോടി രൂപ മൂന്ന് ഘട്ടങ്ങളിലായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതും ഇന്നും കടലാസിൽ തന്നെയാണ്. കാസര്‍കോട് വികസന പാക്കേജ് എന്ന പേരില്‍ ചെറുതും വലുതുമായ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാറിന് പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പ്പിച്ചുവെങ്കിലും തുടര്‍ന്നും ഫണ്ട് അനുവദിക്കുന്നതിലെ അവഗണന ഇന്നും തുടരുകയാണ്. ജില്ലയില്‍ സര്‍ക്കാറിന്റെ കൈവശം 13,000 ഹെക്ടറോളം സ്ഥലമുണ്ടായിട്ടും കാര്‍ഷിക, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് അതിനെ മുതല്‍ക്കൂട്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് വലിയ പോരായ്മ.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ജില്ലയിൽ തറക്കല്ലിടൽ വികസനമാണ് നടന്നിട്ടുള്ളത്. ബദിയടുക്ക ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ട് വര്‍ഷങ്ങൾ കഴിഞ്ഞു. മറ്റുജില്ലകളില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം തുടങ്ങിയത് ഇതിനോടൊപ്പം ചേർക്കുന്നു. മഞ്ചേശ്വത്ത് മാരിടൈം കോളേജിന്റെ തറക്കല്ല് എവിടെയോ സ്ഥാപിച്ചു. ചീമേനിയില്‍ താപനിലയം സ്ഥാപിക്കുമെന്ന് പറഞ്ഞ് 200 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയും ജില്ലകാര്‍ക്കറിയില്ല. ഐ.ടി. പാര്‍ക്കിന് തറക്കല്ലിട്ടതും ചീമേനിയിലാണ്. ബേക്കലിന്റെ വികസനത്തിന് സുവർണ്ണ നൂലെന്ന് പറഞ്ഞ് പെരിയയില്‍ എയര്‍ സ്ട്രിപ് പണിയുന്നതിന് 50 ഏക്കര്‍ സ്ഥലവും കണ്ടെത്തി. അതിനൊന്നും ചിറക് മുളച്ചില്ല.

കാലങ്ങളായി കാസര്‍ഗോഡുകാര്‍ അനുഭവിക്കുന്ന അവഗണനയുടെ അനന്തരഫലം കൂടിയാണ് ഇന്ന് ഉയർന്ന് നിൽക്കുന്ന കോറോണ സ്ഥിരീകരണക്കണക്കുകളും വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും. കാസറഗോഡ് ഇന്ന് കാണുന്ന പ്രൗഢി ഇവിടത്തെ സർക്കാറുകൾ വാരിക്കോരിയിട്ടുതന്നതല്ല. പ്രവാസികൾ ചൊരിഞ്ഞുതന്ന മൂലധനമാണ്. സർക്കാർ വിദ്യഭ്യാസ സ്ഥാപനങ്ങളേക്കാൾ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങൾ നിലവാരം പുലർത്തുന്നുണ്ടെങ്കിൽ അത് സർക്കാറിൻ്റെ പിഴവാണ്.

By സലീം ദേളി

Post Graduate Student, Malayalam University, Tirur