ഇസ്‌ലാമോഫോബിയയെന്ന ആഗോളവ്യാധി

2006 ആഗസ്റ്റിലെ ഉച്ച കഴിഞ്ഞ് വിയർത്തൊലിക്കുന്ന സമയം. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം. അന്ന് താടി നീട്ടി വളർത്തിയിരുന്ന, അധികം പ്രശസ്തനല്ലാത്ത കളിക്കാരനായിരുന്നു ഹാഷിം അംല. അദ്ദേഹം തന്റെ മികച്ച ക്യാച്ചിലൂടെ തഴക്കംചെന്ന സങ്കക്കാരയെ പവലിയനിലേക്ക് മടക്കിയയച്ചു. ഇസ്‍ലാമോഫോബിയയുടെ മണിമുഴങ്ങുന്നത് വരെ എല്ലാം സാധരണനിലയിലായിരുന്നു. വിക്കറ്റ് വീഴ്ചക്ക് ശേഷം ടിവി സംപ്രേക്ഷകർ Commercial break എടുത്തിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് കമന്ററേറ്റർ ഡീൻ ജോൺസ് ‘ആ തീവ്രവാദിക്ക് അടുത്ത വിക്കറ്റും ലഭിച്ചിരിക്കുന്നു’ എന്ന് അലറി വിളിച്ചു. എന്നാൽ വളരെ പെട്ടെന്ന് തന്നെ സ്റ്റേഡിയത്തിലും ടിവി ചാനലുകളിലും ഇസ്‍ലാമോഫോബിയയുടെ അലയൊലികൾ പ്രത്യക്ഷപ്പെട്ടു. വിശ്വാസത്തിന്റെയും മുഖത്തെ താടിയുടെയും പേരിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തെ തീവ്രവാദി എന്ന് വിളിക്കാൻ എങ്ങനെ സാധിക്കുന്നു? കമന്ററേറ്റർ ക്ഷമാപണം നടത്തിയെങ്കിലും അതിനു ശേഷമുണ്ടായതെന്തെന്ന് ലോകമറിഞ്ഞില്ല.

ഇത് ഒരു പതിറ്റാണ്ടിലേറെ മുമ്പ് സംഭവിച്ച കാര്യമാണ്. എന്നാൽ ഈ ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഇത് മുസ്‌ലിം വിരുദ്ധതയാണോ ? അല്ലെങ്കിൽ വെള്ള മേധാവിത്വമാണോ ? അതുമല്ലെങ്കിൽ അബദ്ധവശാൽ സംഭവിച്ചതാണോ ? ആഗോളതലത്തിൽ തന്നെ സെലിബ്രിറ്റീസ് മുതൽ സാധാരണ മുസ്‌ലികൾ വരെ, ക്രിക്കറ്റ് മൈതാനം മുതൽ സർവകലാശാലകൾ വരെ, പാർലമെന്റ് മുതൽ വൻ നഗരങ്ങൾ വരെ, സ്വദേശികൾ മുതൽ കുടിയേറ്റക്കാർ വരെ, പൗരന്മാർ മുതൽ അഭയാർത്ഥികൾ വരെ, യുദ്ധം ബാധിച്ച ന്യൂനപക്ഷങ്ങൾ വരെയുള്ള മുസ്‌ലിംകൾ സമാനതകളില്ലാത്ത അടിച്ചമർത്തലുകളും വെറുപ്പും ഉന്മൂലനവും പീഡനങ്ങളും നേരിട്ടു കൊണ്ടിരിക്കുന്നു.

ഇസ്‍ലാമോഫോബിയയും പടിഞ്ഞാറും

9/11 ന് വളരെ മുമ്പ് തന്നെ പെന്റഗൺ ദുരന്തത്തോടെ ഇസ്‍ലാമോഫോബിയ മറ്റൊരു വഴിത്തിരിവിൽ എത്തിയിരുന്നു. പതിറ്റാണ്ടുകളായി പാശ്ചാത്യ ലോകത്ത് മുസ്‌ലിംകൾ ഹിജാബ് നിരോധനം, ഭീഷണി, വംശീയാധിക്ഷേപങ്ങൾ, ആൾക്കൂട്ടാക്രമണം, പീഡനം, വിവേചനം, വിദ്വേഷ കുറ്റകൃത്യങ്ങൾ തുടങ്ങിയ പരീക്ഷണങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്പിലുനീളവും അതുപോലെ തന്നെ അമേരിക്കൻ രാജ്യങ്ങളിലും എണ്ണമറ്റ മുസ്‌ലിം വിരുദ്ധ കുറ്റകൃത്യങ്ങൾക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിലവിൽ ആസ്‌ട്രിയ, ഡെന്മാർക്ക്, ഫ്രാൻസ്, ബെൽജിയം, ലാറ്റ്വിയ, ബൾഗേറിയ തുടങ്ങിയ ആറോളം യൂറോപ്യൻ രാജ്യങ്ങളിൽ ബുർഖ നിരോധിക്കപ്പെട്ടിരിക്കുയാണ്. ഒട്ടനവധി പാർലന്ററി അംഗങ്ങൾ ഇസ്‍ലാമോഫോബിയയയുടെ വക്താക്കളായി മാറിയ കാഴ്ച്ച ഇതിനിടെ കണ്ടിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ അടുത്ത കാലത്ത് ബുർഖ ധരിച്ച സ്ത്രീകളെ ബാങ്ക് കൊള്ളക്കാർ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. പ്രകോപന പ്രഭാഷകനെന്ന് അറിയപ്പെടുന്ന ഡച്ച് പാർലമെൻ്റേറിയനായ ഗീർട്ട് വിൾഡേഴ്‌സ് ഇസ്‍ലാമോഫോബിയയുടെ കുപ്രസിദ്ധ വക്താവ് കൂടിയാണ്. രാജ്യത്ത് ഖുർആൻ നിരോധികാനും പള്ളികൾ അടച്ചു പൂട്ടാനും ഹിജാബിന് നികുതി ഏർപ്പെടുത്താനും അദ്ദേഹം ആവശ്യപെട്ടിരുന്നു. പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂൺ ചിത്രീകരിക്കാനും പദ്ധതിയിട്ടിരുന്നു. മുസ്‌ലിംകൾക്കെതിരെ മത ഭ്രാന്ത് ആരോപിക്കുകയും അവരെ അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യാറുള്ള ഡൊണാഡ് ട്രമ്പ് മറ്റൊരു ഉദാഹരണമാണ്.

ബ്രിട്ടീഷ് പൊളിറ്റിക്കൽ ജേർണലിസ്റ്റായ മെഹ്ദി ഹസൻ മധ്യമങ്ങളുടെ കപടതയും ഇസ്‍ലാമോഫോബിയയും തുറന്ന് കാണിക്കുന്നുണ്ട്. തീവ്രവാദമെന്ന പദം മുസ്‌ലിംകൾക്കെതിരെ അല്ലാതെ ഉപയോഗിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം അവജ്ഞയോടെ പറയുന്നു.

അറബിയിൽ എന്തൊക്കെയോ അട്ടഹസിക്കുന്ന, താടിവെച്ച തവിട്ട് നിറമുള്ളവർ മാത്രമാണ് തീവ്രവാദ ആക്രമണം നടത്തുകയെന്ന് മാധ്യമങ്ങൾ ലോകത്തെ വിശ്വസിപ്പിച്ചു.

ന്യൂസിലന്റ് പള്ളിയാക്രമിച്ച ബ്രന്റണ്‍ ടാരന്റ്‌

ആന്റി ഡിഫമേഷൻ ലീഗിന്റെ (ADL) അഭിപ്രായമനുസരിച്ച് കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ അമേരിക്കയിൽ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ മുക്കാൽ ഭാഗവും വൈറ്റ് നാഷണലിസ്റ്റ് തീവ്രവാദികളും വലതുപക്ഷ ഗ്രൂപ്പുകളുമാണ് ചെയ്തത്. മുസ്‌ലിംകളുടേത് കാൽ ഭാഗവും. അതായത് അമേരിക്കയിൽ തീവ്രവാദ കുറ്റകൃത്യങ്ങളിൽ 75% ചെയ്യുന്നത് വൈറ്റ് നാഷണലിസ്റ്റുകളാണ്. സർക്കാർ കണക്കുകളനുസരിച്ച് ആഭ്യന്തര തീവ്രവാദവുമായി ബന്ധപ്പെട്ട 73 % കൊലപാതകങ്ങളും തീവ്ര വലതുപക്ഷ തീവ്രവാദികളാണ് ചെയ്തത്. മാത്രമല്ല, ജോർജിയ യൂണിവേഴ്‌സിറ്റിയുടെ പഠനമനുസരിച്ച്‌ ഒരു അമുസ്‌ലിം തീവ്രവാദിയേക്കാൾ ഒരു മുസ്‌ലിം തീവ്രവാദിക്ക് നാലര ഇരട്ടി കവറേജ് ലഭിക്കുന്നുണ്ട്. അതായത് ഒരു മുസ്‌ലിം തീവ്രവാദിയുടെ ഒപ്പമെത്താൻ ഒരു അമുസ്‌ലിം തീവ്രവാദിക്ക് ഏഴ് ഇരട്ടി ആളുകളെ കൊല്ലണം. തീവ്രവാദ മുദ്രകൾ മുസ്‌ലിംകൾക്ക് മാത്രമായി നീക്കി വെച്ചിരിക്കുകയാണ്. കാരണം ഒരു അമുസ്‌ലിം തീവ്രവാദിയെ പൊതുവേ ‘ഷൂട്ടർ’ എന്നാണ് വിശേപ്പിക്കാറുള്ളത്. വെള്ളക്കാരാണ് ഏറ്റവും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. എന്നാൽ അത് അധികാമാരും ശ്രദ്ധിക്കാറില്ല. മുസ്‌ലിംകളും മുസ്‌ലിം പള്ളികളും ധാരാളം ഭീക്ഷണി കൾക്കും നാശനഷ്ടങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കും സാക്ഷ്യം വഹിക്കാറുണ്ട്. 2019 മാർച്ചിൽ ന്യൂസിലാൻന്റിലെ ക്രിസ്റ്റ് ചർച്ചിൽ രണ്ട് വ്യത്യസ്ത പള്ളികളിൽ നടന്ന മുസ്‌ലിം വിരുദ്ധ തീവ്രവാദ ആക്രമണത്തിൽ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ഇരകളുടെ കുടുംബങ്ങൾക്കേറ്റ മുറിവിൽ ഉപ്പ് തേക്കും വിധം അതിനെ വെടിവെപ്പ് (active shooting) എന്നാണ് വിശേഷിപ്പിച്ചത്. കാനഡയിലെ ക്യൂബെക് സിറ്റിയിലെ ഒരു പള്ളിയിൽ നടന്ന വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്രൈസ്റ്റ് ചർച്ച് ആക്രമണത്തിന് തൊട്ടുടനെ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെസ് (Antonio Guterres) “പള്ളികൾ സുരക്ഷിത തവളമാണ് തീവ്രവാദത്തിനുള്ള സ്ഥലമല്ല” എന്നൊരു പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ അത് വിജയിക്കുമോ ഇല്ലേ എന്ന ചോദ്യം അവശേഷിക്കുകയാണ്. പാശ്ചാത്യ ലോകത്തെ ഇസ്‍ലാമോഫോബിയ അവസനമില്ലാത്ത ഒന്നായി കാണുന്നതിന്റൊപ്പം തന്നെ അതിന്റെ ഭീകരമായ പ്രത്യാഘാങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. കേവലം ആലങ്കാരിക പ്രയോഗങ്ങൾ കൊണ്ട് ഫലപ്രദമായ പരിഹാരം നൽകാനാവില്ല.

റോഹിങ്ക്യകളും ഉയിഗൂർ മുസ്‌ലിംകളും

മ്യാൻമറിലെ ബുദ്ധിസ്റ്റ് ഭരണകൂടവും കമ്മ്യൂണിസ്റ്റ് ചൈനയും തങ്ങളുടെ രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ അതിക്രൂരമായി അടിച്ചമർത്തികൊണ്ടിരിക്കുകയാണ്. ബുദ്ധ ഭൂരിപക്ഷമായ മ്യാൻമറിൽ സൈനികരുടെ അതിക്രൂരമായ പീഡനത്തിൽ നിന്ന് രക്ഷനേടാൻ ഏഴ് ലക്ഷത്തോളം റോഹിങ്ക്യൻ മുസ്‌ലിംകൾ വംശഹത്യക്ക് വിധേയരാകേണ്ടി വന്നു. “അതി നികൃഷ്ടമായി പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷം” എന്നാണ് ഐക്യരാഷ്ട്ര സഭ റോഹിങ്ക്യൻ മുസ്‌ലിംകളെ വിശേഷിപ്പിച്ചത്. ആയിര കണക്കിന് ആളുകൾ കൊല്ലപ്പെട്ടു, നൂറോളം ഗ്രാമങ്ങൾ അഗിനിക്കിരയാക്കി. വംശീയ ഉന്മൂലനം ബലാത്സംഗങ്ങളിലേക്കും എക്‌സ്ട്രാ ജുഡീഷ്യൽ കൊലപാതകങ്ങളിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും നയിച്ചു. ഏതൊരു സമുദായത്തിനെതിരെയും സമീപ കാലത്ത് നടന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ ഒന്നാണിത്.

ഓങ്‌സാന്‍ സൂചി

സമാധാനത്തിന് നോബൽ സമ്മാനം നേടിയ, മ്യാൻമർ ഭരണകൂടംത്തെ ചലിപ്പിക്കുന്ന സ്ത്രീയാണ് റോഹിങ്ക്യൻ വംശഹത്യയുടെ പിന്നിലുള്ളതെന്നിരിക്കെ പ്രസ്തുത ബഹുമതിയിൽ നിന്ന് അവർ പുറത്താക്കപ്പെടാത്തത് വലിയൊരു ദുരൂഹതയാണ്.

മറുവശത്ത് ഉയിഗൂർ മുസ്‌ലിംകൾക്കെതിരെയുള്ള ചൈനീസ് ഭരണകൂടത്തിന്റെ സമീപ കാലതത്തെ അടിച്ചമർത്തലുകളിൽ വേണ്ട വിധത്തിലുള്ള അന്താരാഷ്ട്ര ശ്രദ്ധ പതിഞ്ഞിട്ടില്ല. പത്ത് ലക്ഷത്തോളം മുസ്‌ലിംകളെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിന് പുറമെ കൊലപാതകം, ബലാത്സംഗം, പീഡനം, വന്ധ്യംകരണം, മാംസ കച്ചവടം തുടങ്ങിയവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ തുടർന്നു കൊണ്ടിരിക്കുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനത്തതിൽ നിന്ന് രാഷ്ട്രങ്ങൾ പിന്മാറാൻ ഐക്യരാഷ്ട്ര സഭയോ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയോ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

യുദ്ധം മുസ്‌ലിം രാഷ്ട്രങ്ങളെയും നാശമാക്കി

ലോകത്ത് സിറിയ, അഫ്ഗാനിസ്ഥാൻ, യെമൻ, ഇറാഖ്, പോലെയുള്ള എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളെയും യുദ്ധം തകർത്തു കളഞ്ഞു. തീവ്രവാദത്തെ ഉന്മൂലനം ചെയ്യുന്നതിന്റെയും ഇസ്‌ലാമിക് റാഡിക്കലൈസേഷനെ നിർവീര്യമാക്കുന്നതിന്റെയും പേരിൽ തദ്ദേശീയരായ പങ്കുകാരുടെ സഹായത്തോടെ അമേരിക്കയും നാറ്റോയും റഷ്യയും തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ സൈനിക ശക്തി, വ്യോമാക്രമണം, ബോംബാക്രമണം, രാസായുധ പ്രയോഗം തുടങ്ങിയവയിൽ മത്സരിച്ചതിന്റെ ഫലമായി ദശലക്ഷ കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതും സ്വത്തുക്കൾ നശിപ്പിക്കപ്പെട്ടതും കൂടാതെ മറ്റ് പരീക്ഷണങ്ങൾക്കിടയിൽ അഭയാർത്ഥിത്വം, പ്ലേഗ്, ബലാത്സംഗം, ദാരിദ്ര്യം, തുടങ്ങിയവയുടെ രൂപത്തിൽ മനുഷ്യാവകാശ പ്രതിസന്ധിയുടെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് നയിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളിൽ ഒന്നാണ് അഫ്‌ഗാനിസ്ഥാനിലെ ഖുൻദുസ് കൂട്ടക്കൊല. അമേരിക്കൻ വ്യോമാക്രമണത്തിൽ നൂറോളം മത വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. പ്രസ്തുത സംഭവത്തിൽ നാമമാത്രയ കവറേജാണ് മുഖ്യധാരാ മാധ്യമങ്ങൾ നൽകിയത്. ഫലസ്തീനിൽ മുസ്‌ലിംകളെ ക്രൂരമായി കൊലചെയ്തും മതപരമായ അവകാശങ്ങൾ നിഷേധിച്ചും വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റത്തിലൂടെയും സൈനിക മേധാവിത്വത്തിലൂടെയും ഇസ്‌റാഈൽ അടിച്ചമർത്തലുകൾ തുടർന്നു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയും വിദ്വേഷ കുറ്റകൃത്യങ്ങളും (Hate crimes)

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകൾക്കെതിരിൽ ആഴത്തിൽ വേരോടിയ വിദ്വേഷ കുറ്റ കൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആൾകൂട്ടാക്രമണങ്ങൾ, പള്ളി കത്തിക്കൽ, പീഡനങ്ങൾ, പകൽ വെളിച്ചത്തിൽ പോലുമുള്ള കൊലപാതകങ്ങൾ, മുസ്‌ലിം വിരുദ്ധ പൗരത്വ നിയമം, ഡൽഹി കലാപം, അനുദിനമുള്ള വിവേചനം തുടങ്ങിയ ഓരോന്നും സ്വതന്ത്രമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്ന സംഭവങ്ങളാണ്. കാശ്മീരി മുസ്‌ലിംകൾ പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്നു, കാഷ്മീരിൽ നിരപരാധികളായവരെ ദിനേന കൊന്നുകൊണ്ടിരിക്കുന്നു, ഭീകര നിയമങ്ങൾ നടപ്പാക്കുന്നു, മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നു, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ കർഫ്യൂ നടപ്പാക്കുന്നു, ഇന്റർനെറ്റ് തടയുന്നു, ആയിരകണക്കിന് ആളുകൾ ജയിലുകളിൽ കഴിയുന്നു.

നരേന്ദ്രമോഡി, അമിത് ഷാ

മുസ്‌ലിംകൾക്കെതിരായ ഉന്മൂലന തന്ത്രം അനുദിനം വർധിച്ചു കൊണ്ടിരിക്കുമ്പോൾ ഈ മുസ്‌ലിം വിരുദ്ധ പകർച്ച വ്യാധിക്ക് മരുന്നില്ല എന്നാണ് ബോധ്യമാകുന്നത്. കോവിഡ് 19 നേക്കാൾ പരിഹരിക്കാനാകാത്തവിധമുള്ള പകർച്ചവ്യാധിയാണ് ഇസ്‍ലാമോഫോബിയ. രണ്ടിനും ശ്വാശതമായ ശമനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിവ: മുഷ്താഖ് ഫസല്‍

Courtesy: Counter Currents

By ഷാ ഹുസൈന്‍

Author in Counter Currents