ഹെലിന്‍ ബോലെകും യുഎപിഎ പാര്‍ട്ടിയുടെ വ്യാകുലതകളും

തുർക്കിയിൽ നടക്കുന്ന ചില അസ്വസ്ഥതകൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. 2016 ജൂലൈ 15-ന് പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം കൂടുതൽ കർക്കശ സ്വഭാവത്തോടെ ഉർദുഗാൻ ഗവൺമെൻറ് എതിരാളികളെ നേരിടുന്നു എന്നതാണ് ഉയരുന്ന വിമർശനങ്ങൾ. ഭരണകൂടത്തിൻറെ താൽപര്യങ്ങൾക്ക് എതിരു നിൽക്കുന്ന പല സംഘടനകളെയും തീവ്രവാദസംഘടനകൾ എന്നു വിളിക്കുന്നുണ്ട്. രാഷ്ട്രത്തിൻറെ നിലനിൽപ്പിന് ഇത്തരം നടപടികൾ അത്യന്താപേക്ഷികമാണെന്നാണ് ഭരണകൂട ഭാഷ്യം. 1960 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട നാലു സർക്കാറുകൾ അട്ടിമറിക്കപ്പെട്ട ചരിത്രം വിസ്മരിക്കരുതെന്ന് പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ പട്ടാള അട്ടിമറിയുടെ ഒരു വർഷത്തിനുശേഷം ‘ദി ഗാർഡിയൻ’ ൽ എഴുതിയ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങളും വിഘടനവാദവും ഉയർത്തുന്നവർക്കെതിരെയും അവരോട് ബന്ധമുണ്ടെന്ന് ഗണിക്കപ്പെടുന്നവർക്കെതിരെയും കർക്കശമായ നിലപാടാണ് തുർക്കി സ്വീകരിച്ചത്.

ഇത്തരം നടപടിയുടെ ബാക്കിയായി വേദനിപ്പിക്കുന്ന ചില കാഴ്ചകൾക്കും തുർക്കി സാക്ഷ്യം വഹിക്കുന്നു. തുർക്കിയിലെ നിരോധിത ഇടത് സായുധസംഘടനയായ റവലൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയുമായി (DHKP-C ) ബന്ധമുണ്ടെന്ന് ആരോപിച്ച് തുർക്കി ഗവൺമെൻറ് നിരോധിച്ച ഗ്രൂപ്പ് യോറം മ്യൂസിക്‌ ബാൻഡിലെ ഹെലിൻ ബോലെക് 288 ദിവസം നടത്തിയ നിരാഹാര സമരത്തെ തുടർന്ന് മരണപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. കഴിഞ്ഞ വർഷം ജയിലിൽ അടക്കപ്പെട്ട അവർ ജയിലിൽ നടത്തിയ നിരാഹാര സമരത്തെത്തുടർന്ന് മോചിപ്പിക്കപ്പെട്ട ശേഷം വീട്ടിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. അവർക്കായി തുർക്കി ഗവൺമെൻറ് വിദഗ്ധചികിത്സ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും അവരുടെ നിസ്സഹകരണം കാരണം അത്തരം ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു എന്നാണ് അങ്കാറയിലെ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ (IHD) വ്യക്തമാക്കിയത്.

ദൗർഭാഗ്യകരമായ ഈ സംഭവത്തിനു ശേഷം വലിയ വിമര്‍ശനങ്ങളാണ്‌ ഇടതു എഴുത്തുകളിൽ കാണുന്നത്. സ്വേച്ഛാധിപത്യ പാരമ്പര്യങ്ങൾ മാത്രമുള്ള ഇടതുപക്ഷത്തിന് എന്തുകൊണ്ട് ഈ വിഷയത്തിൽ വലിയ വേദന ഉണ്ടാകുന്നു എന്നതും കൗതുകകരമാണ്.

സമര ഗാനങ്ങൾ കൊണ്ട് തുർക്കിയിൽ ശ്രദ്ധനേടിയ ഗ്രൂപ്പ് യോറം ബാൻഡ് 2016 ൽ നിരോധിക്കപ്പെട്ടതിനെ തുടർന്ന് അതിൻറെ അംഗങ്ങൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടു. ജയിലിലടക്കപ്പെട്ട ബാൻഡ് അംഗം ഹെലിൻ ബോലെകും സഹപ്രവർത്തകൻ ഇബ്രാഹിം ഗോഗ്സെകും കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ ആണ് ജയിലിൽ നിരാഹാര സമരം ആരംഭിച്ചത്. ബാൻഡിന്റെ നിരോധനം എടുത്തുകളഞ്ഞ് സംഗീത പരിപാടികൾ നടത്താൻ അനുവദിക്കുക, ജയിലിലടച്ച അംഗങ്ങളെ മോചിപ്പിക്കുക എന്നിവയായിരുന്നു ആവശ്യങ്ങൾ. ജയിൽ നിരാഹാരം കാരണം ആരോഗ്യം വഷളായി ഇരുവരെയും മോചിപ്പിച്ചെങ്കിലും ഗോഗ്സെകിന്റെ ഭാര്യയെ അടക്കമുള്ളവരെ വിട്ടയക്കണമെന്നാവശ്യമുയർത്തി ജയിലിനു പുറത്തു തീവ്ര നിരാഹാര സമരം തുടരുകയായിരുന്നു. ഇരുവരുടെയും ആരോഗ്യനില വഷളായതിനാൽ സർക്കാറിനും സമരക്കാർക്കും ഇടയിൽ അനുനയ ശ്രമങ്ങൾക്കായി ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെടുകയായിരുന്നു.

1985ലാണ് ഗ്രൂപ്പ് യോറം ബാൻഡിന്റെ തുടക്കം. തുർക്കിയിലെ പ്രശസ്തമായ മർമറ യൂണിവേഴ്സിറ്റിയിലെ നാല് കലാകാരന്മാർ ആണ് ഈ ബാൻഡിന്റെ സ്ഥാപകർ. മുപ്പതു വർഷങ്ങൾക്കിടയിൽ ഇരുപത്തിമൂന്നോളം സംഗീത ആൽബങ്ങളാണ് ഗ്രൂപ്പ് യോറം പുറത്തിറക്കിയത്. തുർക്കിയിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടുകയും സംഗീത പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുർക്കിഷ്- കുർദിഷ് സംഗീത ശൈലികളെ കോർത്തിണക്കിയ അവരുടെ സംഗീത ആൽബങ്ങൾ വലിയ ശ്രദ്ധയാണ് നേടിയത്. ആവേശകരമായ രാഷ്ട്രീയ സമര ഗാനങ്ങൾ കൊണ്ടാണ് ഗ്രൂപ്പ് യോറം ജനശ്രദ്ധ നേടിയത് എന്ന് കനേഡിയൻ പത്രപ്രവർത്തക സൂസൻ ഫ്രേസർ പറയുന്നുണ്ട്. “പടിഞ്ഞാറൻ വിരുദ്ധവും തുർക്കി സർക്കാർ വിരുദ്ധവും ആയിരുന്ന ഇവരുടെ പാട്ടുകളിൽ തീവ്ര ഇടത് ആശയങ്ങൾ പ്രചരിപ്പിക്കുകയും കുർദ് വാദികളായി ശബ്ദിക്കുകയും ചെയ്തിരുന്നു.” (Aslan, Senem (2015), Nation Building in Turkey and Morocco)

ബാൻഡിന്റെ ഗാന പരിപാടിക്കിടയിൽ നിരോധിത ഇടത് ഭീകരസംഘടനയായ റവലൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടിക്ക് (DHKP – C) അനുകൂലമായ മുദ്രാവാക്യങ്ങൾ വരെ ഉയരുകയുണ്ടായി. ഈ മുദ്രാവാക്യങ്ങൾക്ക് കാരണം ഗ്രൂപ്പ് യോറം ബാൻഡ് ആണെന്നാണ് സർക്കാർ വാദം.

സംഗീത പരിപാടിക്കിടയിൽ നിരോധിത സംഘടനക്കായി ഉയർന്ന മുദ്രാവാക്യങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ല എന്നാണ് ബാൻഡിന്റെ പക്ഷം.

2013 ജനുവരി 18 ന് അറസ്റ്റ് ചെയ്യപ്പെട്ട ഈ ബാൻഡിലെ അഞ്ചു പ്രധാനികളും പ്രസ്തുത ഇടതു ഭീകര സംഘടനയുടെ മെമ്പർമാർ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. 2016 നവംബറിൽ എട്ട് ബാൻഡ് അംഗങ്ങളെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ഗവൺമെൻറ് അറസ്റ്റ് ചെയ്തു. തുടർന്ന് അടുത്ത വർഷം ഇവരെ വിട്ടയച്ചു. ഗുരുതരമായ രാജ്യ വിരുദ്ധ പ്രവർത്തനം നടത്തി എന്ന കാരണത്താൽ 2018 ഫെബ്രുവരിയിൽ ഈ ബാൻഡിലെ ആറു പേർക്കായി അന്വേഷണം ആരംഭിക്കുകയും കണ്ടെത്തുന്നവര്‍ക്കായി മൂന്നു ലക്ഷം ടർക്കിഷ് ലിറ സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു. പരമാധികാര റിപ്പബ്ലിക് ആയ രാഷ്ട്രത്തിന് എതിരെയുള്ള തീവ്ര ഇടത് പ്രവർത്തനങ്ങൾക്കും കുർദ് വിഘടനവാദികൾക്കും ഈ ബാൻഡ് പിന്തുണ നൽകുന്നു എന്നാണ് തുര്‍ക്കി ഗവൺമെൻറ് വാദിക്കുന്നത്.

റവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയെ (DHKP-C ) കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. തുർക്കിയിലെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ഇത് 1978 ൽ റവലൂഷണറി ലെഫ്റ്റ് എന്ന പേരിലാണ് ആരംഭിച്ചത്. 1980 കളോടെ തുർക്കിയിലും വ്യത്യസ്ത പടിഞ്ഞാറൻ, യൂറോപ്യൻ രാജ്യങ്ങളിലും ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഈ സംഘടനയെ അമേരിക്ക, ബ്രിട്ടൻ, തുർക്കി, ജപ്പാൻ തുടങ്ങിയ രാഷ്ട്രങ്ങളും യൂറോപ്യൻ യൂണിയനും ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും നിരോധിക്കുകയും ചെയ്തു. 1994 ൽ റവലൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടി (DHKP – C )എന്ന പുതിയ നാമം സ്വീകരിച്ചു. 1980 സെപ്റ്റംബർ 12ന് , തുർക്കിയിൽ നടന്ന പട്ടാള അട്ടിമറിക്ക് ശേഷം ഈ സംഘടനയിലെ പ്രധാന നേതാക്കൾ ഗ്രീസിലെക്കും മറ്റു യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കും കടന്നെങ്കിലും തുർക്കിയിലെ സംഘടനാ പ്രവർത്തകരുമായി തുടർന്ന വ്യവസ്ഥാപിത ബന്ധങ്ങളിലൂടെയാണ് ഈ സംഘടന വളർന്നത്.

തുർക്കിയിൽ കടുത്ത വിഘടനവാദം ഉയർത്തുകയും ധാരാളം ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന നിരോധിത സംഘടനയായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പി കെ കെ )യുമായി തൊണ്ണൂറുകളുടെ തുടക്കം മുതൽ തന്നെ DHKP-C സഹകരിക്കുന്നുണ്ട്. 2011ഓടെ സിറിയയിൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തോടെ മറ്റു ഭീകര സംഘടനകളുമായും ഇവർ ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. DHKP -C പോലുള്ള സംഘടനകളുടെ പിന്തുണയോടെ പല ഭീകര പ്രവർത്തനങ്ങളും പി കെ കെ തുർക്കിയിൽ നടത്തിയിട്ടുണ്ടെന്ന് മാത്രമല്ല, വിദ്യാഭ്യാസം, ഇന്റലിജൻസ്, ലോജിസ്റ്റിക്സ് തുടങ്ങിയ കാര്യങ്ങളിലും യൂറോപ്പിലും ലബനാനിലും സിറിയയിലും തുർക്കിയിലും പരസ്പരം സഹായിക്കുന്നുണ്ട് എന്ന അങ്കാറയിലെ SETA ഫൗണ്ടേഷൻ ഫോർ പൊളിറ്റിക്കൽ, ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിൽ ഗവേഷകനായ മുറാത് അസ്ലാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 30 വർഷത്തോളം നീണ്ട ഭീകര പ്രവർത്തനങ്ങളാണ് പി കെ കെ ഇത്തരം ഭീകര സംഘങ്ങളുടെ പിന്തുണയോടെ ചെയ്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാൽപതിനായിരത്തോളം ആളുകൾ ഇവരുടെ ഭീകരത കാരണം മരണപ്പെട്ടു എന്ന് കണക്കുകൾ തെളിയിക്കുന്നു. മാത്രമല്ല, DHKP-C യെ പോലുള്ള ഇടത് സായുധസംഘങ്ങളുമായി പ്രവർത്തിക്കുന്ന പി കെ കെ ക്ക് സിറിയയിലെ അസദ് ഭരണകൂടം പോലെയുള്ളവരുടെ വൈദേശിക സഹായമില്ലാതെ പ്രവർത്തിക്കുവാൻ കഴിയില്ല എന്നും അസ് ലാൻ വിശദീകരിക്കുന്നു.

രക്തരൂക്ഷിതമായ ഭീകരതകൾ ആണ് റവലൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടിയുടെ നേതൃത്വത്തിൽ തുർക്കിയിൽ നടന്നത്. 2015 മാർച്ച് 31ന് ഗവൺമെൻറ് പ്രോസിക്യൂട്ടർ ആയിരുന്ന മെഹ്മെത് സെലിം കിറാസിനെ ഇസ്തംബൂളിൽ വെടിവെച്ചു കൊന്നു എന്ന് മാത്രമല്ല, തൊട്ടടുത്ത ദിവസം ഇസ്തംബൂളിലെ പോലീസ് കാര്യാലയവും ആക്രമിച്ചു, 2015 ആഗസ്റ്റിൽ രണ്ട് DHPK-C യുടെ പ്രവർത്തകർ ഇസ്തംബൂളിലെ അമേരിക്കൻ കോൺസുലേറ്റ് ആക്രമിക്കുകയുണ്ടായി, 2015 ജനുവരിയിൽ സുൽത്താൻ അഹ്‌മദ് നഗരത്തിൽ ഭീകരാക്രമണത്തിലൂടെ രക്തം ചിന്തി, 2013 സെപ്റ്റംബറിൽ തുർക്കിയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി കാര്യാലയത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു, അതേ വർഷം മാർച്ചിൽ തുർക്കി ആഭ്യന്തരമന്ത്രാലയത്തിന് നേരെയും ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെൻറ് പാർട്ടി (AKP) യുടെഅങ്കാറയിലെ കാര്യാലയത്തിന് നേരെയും ആക്രമണം നടത്തി, 2013 ൽ തന്നെ ഫെബ്രുവരിയിൽ അങ്കാറയിലെ അമേരിക്കൻ എംബസിയിൽ ചാവേർ ആക്രമണം നടത്തി , 2009 ൽ ബിൽകെന്റ് യൂണിവേഴ്സിറ്റിയിൽ ആക്രമണം നടത്തി, 2005 ൽ തുർക്കി നിയമമന്ത്രാലയത്തിന് നേരെ വെടിവെപ്പ് നടത്തി, 2001ൽ തുർക്കിയെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ മരണത്തിനും പരിക്കുകള്‍ക്കും ഇടയാക്കിയ ചാവേർ ആക്രമണം നടത്തി, 1991 ൽ ബ്രിട്ടീഷ് കൊമേർഷ്യൽ യൂണിയൻ തലവൻ ആൻഡ്രൂ ബ്ലെയ്കിനെ തുർക്കിയിൽ വെടിവെച്ചു കൊന്നു തുടങ്ങിയ നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആണ് ഈ തീവ്ര ഇടതു സംഘം തുർക്കിയില്‍ വിതച്ചത്.

2016ലെ തുർക്കിയിൽ നടന്ന സൈനിക അട്ടിമറി ശ്രമത്തിനു ശേഷം ഉർദുഗാൻ ഗവൺമെൻറ് ഭീകര പ്രവർത്തനങ്ങളെയും വിഘടന സംഘങ്ങളെയും തടയുന്നതിൽ കൂടുതൽ ജാഗരൂകരാണ്. മരണപ്പെട്ട ഹെലൻ ബോലെക് പ്രവർത്തിച്ചിരുന്ന ഗ്രൂപ്പ് യോറം ബാൻഡിന് മേൽപ്പറഞ്ഞ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാണ് തുർക്കി ഗവൺമെൻറ് അവകാശപ്പെടുന്നത്.

നിലവിലെ സാഹചര്യത്തിൽ ഉർദുഗാൻ ഗവൺമെൻറ് കൂടുതൽ സൂക്ഷ്മത പുലർത്തിയാണ് മുന്നോട്ടു പോകേണ്ടത് എന്നതിൽ തർക്കമില്ല. ഏകാധിപതിയാണ് ഉർദുഗാൻ എന്ന പൊതുജന വികാരം പലയിടങ്ങളിലും ഉയർന്നുവരുന്നു. തീവ്രവാദികളെ പിന്തുണക്കുന്ന കാരണത്താൽ ജയിലിലടക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ധീര – രക്തസാക്ഷി പരിവേഷം കാരണം കൂടുതൽ ആളുകൾ ഇടത് ഭീകര പ്രസ്ഥാനങ്ങളിലേക്കും പി കെ കെ യിലേക്കും ആകൃഷ്ടരാകുന്ന അപകടം വർദ്ധിക്കുന്നു എന്ന വിമർശനങ്ങൾ ഉയരുന്നു.

ഉര്‍ദുഗാനുള്ള നിലവിലെ ജനപിന്തുണക്ക് അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും ജനഹിതമനുസരിച്ചുള്ള ഭരണത്തിന് വലിയ പങ്കുണ്ട്. ജനതയുടെ ശബ്ദങ്ങൾക്ക് വിലകൽപ്പിക്കാതെ മുന്നോട്ടുപോകുന്ന അവസ്ഥയാണ് സ്വീകരിക്കുന്നതെങ്കിൽ അത് ഉർദുഗാൻ ഭരണകൂടത്തിൻറെ അസ്തമയത്തിനും കാരണമായേക്കാം.

ഗ്രൂപ്പ് യോറം ബാന്റിന്റെ നിരോധനത്തെ തുര്‍ക്കുയുടെ സംഗീതമടക്കമുള്ള ആവിഷ്‌കാരങ്ങളോട് പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് എന്ന അര്‍ഥത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. തികച്ചും വസ്തുതാവിരുദ്ധമായ വാദമാണത്. തുര്‍ക്കിയുടെ സംഗീതപാരമ്പര്യത്തെക്കുറിച്ചും അതിന്റെ സമ്പന്നതയെക്കുറിച്ചുമെല്ലാം പാശ്ചാത്യ രാജ്യങ്ങളിലടക്കം മതിപ്പുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളടക്കം ഹെലിന്റെ സംഭവത്തെ തുര്‍ക്കിക്കെതിരെയുള്ള തെറ്റായ ധാരണകള്‍ ലോകത്ത് പരത്താന്‍ ഉപയോഗിക്കുന്നുണ്ട്.

ദൗർഭാഗ്യകരവും വേദനാജനകവുമായ ഈ മരണത്തെ ചൂണ്ടിക്കാണിച്ച് ഉർദുഗാൻ ഭരണകൂടത്തിനെതിരെ വിമർശന ശരങ്ങൾ എയ്തു വിടുന്ന ഇടത് നേതാക്കൾ അടക്കമുള്ളവർക്ക് അതിനുള്ള അർഹത ഉണ്ടോ എന്നുകൂടി ആത്മപരിശോധന നടത്തണം. പ്രത്യേകിച്ച് ലെനിൻ അടക്കമുള്ള കിരാത ഭരണകർത്താക്കളുടെ ചരിത്രവും കമ്മ്യൂണിസ്റ്റ് ചൈനയുടെ ജനാധിപത്യവിരുദ്ധതയുടെ വർത്തമാനവും എല്ലാം യാഥാർത്ഥ്യങ്ങളായി മുന്നിലുണ്ടാകുമ്പോൾ.

പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന, രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകൾക്ക് ഇന്ന് നമ്മുടെ നാട്ടിലെ ഇടതു സർക്കാറിനു കീഴിലെ പ്രവർത്തന സ്വാതന്ത്ര്യം എന്താണ്? കാമ്പസുകളിലും സമരമുഖങ്ങളിലുമെല്ലാം ഇടത് ഇതര പ്രസ്ഥാനങ്ങളുടെ ശബ്ദത്തെ ഇടതുപക്ഷം എത്രത്തോളം അസഹിഷ്ണുതയോടെയാണ് കാണുന്നതും അടിച്ചമര്‍ത്തുന്നതും. ഇടത് പ്രൊഫൈലുകളിൽ നിന്ന് സ്വാതന്ത്ര്യ വാഗ്ധ്വോരണികൾ ഉയരുമ്പോൾ അകാരണമായി യുഎപിഎ അടിച്ചേൽപ്പിക്കപ്പെട്ട അലനും താഹയും തടവറക്കുള്ളിൽ തന്നെയാണെന്ന് മറന്നുപോകരുത്.

By എം. ഐ. അനസ് മന്‍സൂര്‍