സ്വേച്ഛാധിപത്യത്തിന് കീഴിലെ ദുഃസ്വപ്നങ്ങള്‍

1933, ഹിറ്റ്ലർ ഭരണത്തിലേറി അധികമായിട്ടില്ല. ബെർലിനിലെ ഒരു 30 വയസ്സുകാരി ചില നിഗൂഢമായ സ്വപ്നങ്ങൾ കാണുവാന്‍ തുടങ്ങി. അതിലൊന്നിൽ അവരുടെ അയല്പക്കം ആകെ മാറിയിരിക്കുന്നു, സാധാരണയുണ്ടാവാറുള്ള ചിഹ്നങ്ങളോ ബോര്‍ഡുകളോ കാണാനില്ല അവയ്ക്കു പകരം നിരോധിക്കപ്പെട്ട വാക്കുകള്‍ ആലേഖനം ചെയ്യപ്പെട്ട പോസ്റ്ററുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ആദ്യത്തേതില്‍ ‘ദൈവം’ എന്നും അവസാനത്തെത്തില്‍ ‘ഞാന്‍’ എന്നുമായിരുന്നു. മറ്റൊരു സ്വപ്നത്തില്‍ തനിക്ക് ചുറ്റും പല തരം തൊഴിലാളികള്‍ നില്‍ക്കുന്നതായി അവര്‍ കണ്ടു, പാല്‍ക്കാരനും, ഗ്യാസുകാരനും, പത്രക്കാരനും പ്ലംബറുമെല്ലാം അതില്‍പ്പെടും. അവര്‍ക്കിടയില്‍ ഒരു ചിമ്മിനി പണിക്കാരനെ കാണുന്നത് വരെ അവര്‍ അസ്വസ്ഥയായിരുന്നു,(അവരുടെ കുടുംബത്തില്‍ ജര്‍മന്‍ രഹസ്യ പോലീസിനെ അങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്, ചിമ്മിനി പണിക്കാരുടേതിന് സമാനമായ കറുത്ത വസ്ത്രമായിരുന്നു അവരും ധരിച്ചിരുന്നത്). ആ തൊഴിലാളികളെല്ലാവരും തങ്ങളുടെ ബില്ലുകള്‍ ഓങ്ങി കൊണ്ട് നാസി അഭിവാദനം നടത്തി, തുടര്ന്ന് ഇങ്ങനെ കൂട്ടമായി മന്ത്രിച്ചു കൊണ്ടിരുന്നു: “നിങ്ങളുടെ അപരാധം സംശയിക്കപ്പെടുകയില്ല”.

‘സ്വപ്നങ്ങളുടെ മൂന്നാം ലോകം’ (The Third Reich of Dreams)എന്ന പേരില്‍ 75 ഓളം സ്വപ്നങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള വളരെ വിചിത്രവും കൗതുകകരവുമായ പുസ്തകത്തില്‍ നിന്നാണ് മേലുദ്ധരിച്ച രണ്ട് സ്വപ്നങ്ങള്‍. Charlotte Beradt എന്നൊരു എഴുത്തുകാരിയുടേതാണീ കൃതി.‘സ്വപ്നങ്ങളുടെ മൂന്നാം റയ്ക്ക്’ ഒരു ശാസ്ത്രീയ പഠനമോ സൈക്കോ അനലറ്റിക്ക് എഴുത്തോ അല്ല, മറിച്ച് ഒരു സാക്ഷിപ്പത്രമാണ്, ഒരു രാജ്യത്തിന്റെ കൂട്ടായ ഡയറിയാണ്. 1966 ല്‍ ജര്‍മനിയില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം രണ്ടു വര്‍ഷത്തിന് ശേഷം Adrianne Gottwald ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. കോപ്പികള്‍ വിറ്റഴിയുകയും പിന്നീട് Beradt ന്റ്റെ ആനന്തരവകാശികളെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്തതിനാല്‍ പുതിയ എഡിഷന്‍ ഇറക്കുവാന്‍ സാധിച്ചില്ല. ഹോളോകോസ്റ്റ് സാഹിത്യങ്ങളില്‍ ഇതിന് സമാനമായ ഒന്നില്ല എന്നതും Beradt ന്റ്റെ കാലത്തെ പോപ്പുലിസത്തിന്റെയും വംശീയതയുടെയും അലയൊലികള്‍ ഇന്ന് വീണ്ടും ഉയരുന്നു എന്നതും ഈ പുസ്തകത്തിന്റെ പുനര്‍വായന ആവശ്യപ്പെടുന്നു. Beradt പറയുന്നു: “ഈ സ്വപ്നങ്ങള്‍, ഈ രാത്രിയനുഭവങ്ങള്‍, എഴുത്തുകാരിയുടെ ബോധ മനസ്സിന് പുറത്തു രൂപപ്പെട്ടതാണ്, ഒരർത്ഥത്തിൽ സ്വേച്ഛാധിപത്യത്തിൻറെ അനു ശാസനകളായിരുന്നു അവ.

ജർമ്മൻ പോളിഷ് അതിർത്തിക്കടുത്തു ഫോസ്റ്റ്‌ എന്ന പട്ടണത്തിൽ ജനിച്ച Charlotte Aron ഒരു ജൂത പത്രപ്രവർത്തകയായിരുന്നു. 1933 ഹിറ്റ്ലർ ചാൻസലറായയിരുന്ന കാലത്ത് അവർ ബെര്‍ലിനില്‍ ഉണ്ടായിരുന്നു ആ വര്‍ഷം തന്നെ അവരുടെ എഴുത്തുകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക് വന്നു. Reischtag Fire Decree എന്ന നിയമമനുസരിച്ച്‌ കമ്മ്യൂണിസ്റ്റ് വേട്ടയിൽ അവരും അവരുടെ ഭർത്താവ് Heinz Pole ഉം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ മോചിതയായ ശേഷം അവർ തൻറെ സഹജര്‍മന്‍കാരുടെ സ്വപ്നങ്ങൾ രഹസ്യമായി രേഖപ്പെടുത്തുവാൻ തുടങ്ങി, ജർമൻ ജൂതർക്ക് വീടും ജോലിയും അവകാശങ്ങളും നഷ്ടപ്പെട്ട തുടർന്നുള്ള ആറ് വർഷങ്ങളിൽ Beradt തന്റെ കുറിപ്പുകൾ തുടർന്നു. 1939 ഓടെ 300 സ്വപ്നങ്ങൾ അവർ ശേഖരിച്ചിരുന്നു, ഭരണകൂടത്തിന്റെയടുക്കലുള്ള Beradt ന്റ്റെ കുപ്രസിദ്ധി ഈ പ്രോജക്റ്റ് കൂടുതല്‍ അപകടകരമുള്ളതാക്കി. Pol (അവരുടെ ഭര്‍ത്താവ്) പ്രാഗിലേക്ക് പലായനം ചെയ്യുകയും, തുടര്‍ന്ന് Beradt എഴുത്തുകാരനും അഭിഭാഷകനുമായ Martin Beradt നെ വിവാഹം ചെയ്യുകയും ചെയ്തു.

ജൂതന്മാര്‍ ധാരാളമായി താമസിച്ചിരുന്ന ബെര്‍ലിന്റെ പ്രാന്തപ്രദേശമായ Charlottenburg ലാണവര്‍ Beradt താമസിച്ചിരുന്നത്. ഇവിടെ നിന്ന് Beradt ശേഖരിച്ച സ്വപ്നങ്ങള്‍ ആ പ്രദേശത്തിന്റെ മതേതര മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതിഫലനമാണ്. Beradt എഴുതുന്നു: ” ഭരണകൂടത്തിന്റെ ഗുണം പറ്റുന്നവരോ റാന്‍മൂളികളോ എനിക്കു ലഭ്യമായിരുന്നില്ല, ഉദ്ദേശം വെളിവാക്കാതെ ഞാന്‍ ഒരു തയ്യല്‍കാരനോടും അയല്‍വാസിയോടും എന്റെ അമ്മായിയോടും പാല്‍ക്കാരനോടും കാര്യങ്ങളന്വേഷിച്ചുപോന്നു, നിഷ്കളങ്കവും യഥാര്‍ഥവുമായ അനുഭവങ്ങൾ ലഭിക്കാനായിരുന്നു അത്.”

സ്വന്തത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കുവാൻ തൻറെ എഴുത്തുകൾ അവര്‍ ബുക്ക് ബൈൻഡിങ് ഇടയിൽ ഒളിപ്പിച്ചു വെച്ചിരുന്നു. ഹിറ്റ്ലര്‍, ഗോറിങ്, ഗീബൽസ് തുടങ്ങിയവരെ കുറിച്ചുള്ള സ്വപ്നങ്ങൾ ഹാൻസ് ഗുസ്താവ് ജെറാഡ് അമ്മാവൻമാരെ കുറിച്ചുള്ള കുടുംബകഥകൾ ആക്കി അവർ മാറ്റിയിരുന്നു. പുസ്തകം കത്തിക്കലും വീട് പരിശോധനയും ഭരണകൂടത്തിന്റ്റെ സ്ഥിരം കലാപരിപാടി ആയപ്പോൾ എഴുത്തുകൾ വിദേശത്തുള്ള സുഹൃത്തുക്കൾക്ക് അവർ രഹസ്യമായി അയച്ചു കൊടുത്തു. 1939ല്‍ അവരും ഭർത്താവ് മാർട്ടിനും ന്യൂയോർക്കിലേക്ക് അഭയാർത്ഥികളായി എത്തിച്ചേർന്നു.

വെസ്റ്റ് എൻഡ് അവന്യുവിലെ അവരുടെ അപ്പാർട്ട്മെന്റ് Hannah Arendt നെയും Heinrich Blunder നെയും പ്രശസ്ത ചിത്രകാരൻ Carl Heindenrich നെയും പോലുള്ള സഹ അഭയാർത്ഥി ബുദ്ധി ജീവികളുടെ ഇടത്താവളമായിരുന്നു. 1966ൽ തന്റെ കയ്യെഴുത്ത് പ്രതികൾ വീണ്ടെടുത്ത് കൊണ്ട് “Das Dritte Reich Des Traums” എന്ന പേരിൽ ജർമ്മനിൽ പ്രസിദ്ധീകരിച്ചു.

‘സ്വപ്നങ്ങളുടെ മൂന്നാം റയ്ക്ക്’ പതിനൊന്ന് അദ്ധ്യയായങ്ങളിലായിട്ടാണുള്ളത്, Arendt ന്റെയും Himmler ടെയും Brecht ന്റെയും കാഫ്ക്കയുടെയുമെല്ലാം വാക്കുകളോടെ തുടങ്ങുന്നത് തുടർന്നുള്ള വിചിത്ര എഴുത്തുകളെ ഉദ്ദീപിപ്പിക്കുന്നു. ചില അധ്യായങ്ങളുടെ തലക്കെട്ടുകൾ പ്രതീകാത്മകമാണ് ഉദാ: “നായകനല്ലാത്തവൻ” “പ്രവർത്തിക്കുന്നവർ ” . ചിലയുടേത് “ഒന്നും എനിക്ക് സന്തോഷം നൽകുന്നില്ല ” പോലെ വളരെ ഗോപ്യമായ വാക്യങ്ങളാണ്. ഉണര്‍ന്നിരിക്കുമ്പോഴുള്ള ജീവിതവും സ്വപ്നങ്ങളും തമ്മിലുള്ള ബന്ധം അനിഷേധ്യവും തെളിവുകള്‍ക്കാധാരമാണെന്നുമുള ഈ പുസ്തകത്തിന്റെ വാദങ്ങളെ ഈ തലക്കെട്ടുകള്‍ ഒന്നു കൂടെ ദൃഢപ്പെടുത്തുന്നു. ഇതിന്റെ അവസാനത്തില്‍ ഔസ്ട്രിയന്‍ മനഃശാസ്‌ത്രവിദഗ്‌ദ്ധന്‍ Brutto Bettelheim ഇതിലെപ്രവചനശേഷിയുള്ള സ്വപ്നങ്ങളെ എടുത്ത് പറയുന്നുണ്ട്. അവയില്‍ ചിലത് 1933ല്‍ കണ്ട സ്വപ്നങ്ങളാണ്, അവയില്‍ സിസ്റ്റത്തിന്റെ യഥാര്‍ത്ഥ സ്വഭാവം സ്വപ്നം കാണുന്നവന് മനസ്സിലാവുന്നുണ്ട്.

Svetlana Alexievich ന്റ്റെ യുദ്ധാനന്തര സോവിയറ്റ് പൌരന്മാരുടെ വാമൊഴി ശേഖരണം പോലെ Beradt ന്റ്റെ കൃതി സമൂഹത്തിന്റെ അബോധതലത്തിന്‍മേല്‍ ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിനുള്ള സ്വാധീനം അനാവരണം ചെയ്യുന്നു.

1933 ല്‍ ഒരു സ്ത്രീ മനസ്സ് വായിക്കുന്ന യന്ത്രത്തെ കുറിച്ച് സ്വപ്നം കാണുന്നുണ്ട്, ഹിറ്റ്ലറെ ‘ചെകുത്താന്‍’ എന്ന വാക്കുമായി ബന്ധപ്പെടുത്തുന്നുവെന്ന് കണ്ടു പിടിക്കുന്ന “വൈദ്യുതി കമ്പികളുടെ ഒരു ഊരാകുടുക്ക്”. ചിന്തകള്‍ നിയന്ത്രിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഒട്ടനേകം സ്വപ്നങ്ങള്‍ Beradt നു ലഭികുന്നുണ്ട്. അവയില്‍ ചിലത് നാസികള്‍ പൌരന്മാരെ ബുദ്ധിമുട്ടിക്കാന്‍ ഉപയോഗിച്ചിരുന്ന ബ്യൂറോക്രാറ്റിക് നൂലാമാലകളെ മുന്‍ കൂട്ടി കാണുന്നു. തന്റെ വളഞ്ഞ മൂക്ക് താനൊരു ജൂതയാണെന്ന് മുദ്രകുത്തപ്പെടാന്‍ കാരണമാവുമോയെന്ന് ഭയക്കുന്ന ഒരു ഇരുപത്തിരണ്ട്കാരിയുടെ സ്വപ്നത്തില്‍ അവര്‍ “ആര്യന്‍ പാരമ്പര്യ പരിശോധന വകുപ്പില്‍(Bureau of Verification of Aryan Descent) ( യഥാര്‍ത്ഥത്തിലുള്ളതല്ല, പക്ഷേ ആ കാലത്തുള്ളതിനോട് ഏറെ സാമ്യതയുള്ള ഒന്ന്) പോകുന്നുണ്ട്. 1936 ല്‍ ഒരു സ്ത്രീ കാണുന്നത് മഞ്ഞു മൂടിയ ഒരു റോഡില്‍ വാച്ചുകളും ആഭരണങ്ങളും അലക്ഷ്യമായി കിടക്കുന്നതാണ്, അതിലൊന്നെടുക്കുവാന്‍ ആഗ്രഹിച്ചെങ്കിലും “വിദേശികളുടെ ആത്മാര്‍ഥത പരിശോധന വകുപ്പിന്റെ'(Office for Testing the Honesty of Aliens) കെണിയായിട്ടവര്‍ക്ക് തോന്നി.

ജര്‍മനിയിലെ ജൂതരും അല്ലാത്തവരുമൊക്കെ എങ്ങനെയാണ് അങ്ങേയറ്റത്തെ ഭീതിയോടും വെറുപ്പോടും കൂടി – ഉണര്‍വിന്‍റെ വേളയില്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുകൊണ്ടിരിക്കെ തന്നെ- അനുസരണയോടെയും അച്ചടക്കത്തോടെയും ജീവിച്ചത് എന്ന് കാണിക്കുന്നു. ഇതിനിടയില്‍ Beradt ന്റ്റെ തന്നെ ലളിതവും കൃത്യവുമായ വ്യാഖ്യാനങ്ങളുമുണ്ട്, നാസിസവും അഭയാര്‍തിത്വവുമെല്ലാം സ്വയം അനുഭവിച്ചറിഞ്ഞതിന്റെ വെളിച്ചത്തിലുള്ളവയാണീ വിവരണങ്ങള്‍. സ്വപ്നങ്ങള്‍ക്ക് മറ്റ് വിവരണങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കുന്ന രീതിയിലാണവര്‍ ഇതെഴുതിയിട്ടുള്ളത്. സാധാരണ ചരിത്ര രീതികളില്‍ നിന്ന് വ്യത്യസ്തമായി സ്വപ്നങ്ങളുടെ സൂക്ഷ്മമായ വിശദാംശങ്ങളെ ഏതൊരു വ്യാഖ്യാനത്തിനും മുകളില്‍ ഗ്രന്ഥകാരി സ്ഥാപിക്കുന്നു. Hannah Hoch ന്റ്റെ ഫോട്ടോ മൊണ്ടാജുകളെ അനുസ്മിരിപ്പിക്കും വിധമാണീ പുസ്തകം.

Hannah Arendt

‘സ്വപ്നങ്ങളുടെ മൂന്നാം റയ്ക്ക്’ ചിലയിടങ്ങളില്‍ Hannah Arendt ന്റ്റെ സ്വേച്ഛാധിപത്യത്തിനെ കുറിച്ചുള്ള അഭിപ്രായവുമായി യോജിക്കുന്നുണ്ട്, സ്വേച്ഛാധിപത്യം പൂര്‍ണമാവുന്നത് പ്രജകളുടെ സ്വകാര്യ സാമൂഹ്യ ജീവിതങ്ങളില്‍ അതിന്റെ ഉരുക്കു മുഷ്ടിയുടെ പ്രഹരം ഏല്‍കുമ്പോഴാണെന്ന് അവര്‍ പറഞ്ഞു. Beradt ഇതുമായി യോജിക്കുന്നതായിട്ടാണ് കാണുവാന്‍ സാധിക്കുക.

ജീവിക്കുന്ന സംസ്കാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവര്‍ സ്വപ്നങ്ങളെ മനസ്സിലാക്കുന്നതെങ്കിലും സ്വകാര്യ ജീവിതവും രാഷ്ട്രത്തിന് കീഴില്‍ വരുമ്പോള്‍, ആവിഷ്കാര സ്വാതന്ത്ര്യം ആസ്വദിക്കാന്‍ പറ്റുന്ന ഒരു തട്ടകമായി സ്വപ്‌നങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാള്‍ക്ക് സാധിക്കാത്തത് സ്വപ്നത്തില്‍ അയാള്‍ തിരിച്ചറിയുന്നു. Herr S. എന്ന ഒരു ഫാക്ടറിയുടമയുടെ സ്വപ്നം beradt വര്‍ണിക്കുന്നുണ്ട്, ഗീബല്‍സ് ഫാക്ടറി സന്ദര്‍ശിക്കനെത്തിയപ്പോള്‍ നാസി അഭിവാദനം നടത്താനാവാതെ അയാള്‍ ബുദ്ധി മുട്ടുന്നു, കൈ ഉയര്‍ത്താനുള്ള ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവില്‍ അയാളുടെ നട്ടെല്ലൊടിയുന്നു. ഈ സ്വപ്നത്തിനധികം വ്യാഖ്യാനത്തിന്റെ ആവശ്യമൊന്നുമില്ല,

ഒന്നുകില്‍ ഒരു കൃമിയായി താഴ്ത്തപ്പെടുകയോ അല്ലെങ്കില്‍ മുഖമില്ലാതെ ആള്‍കൂട്ടത്തിലൊരുവനായി പരിഗണിക്കപ്പെടുകയോ ചെയ്തിരുന്ന കാലത്ത് സ്വന്തം കര്‍തൃത്വം വീണ്ടെടുക്കാന്‍ അത്യപൂര്‍വ്വമായൊരു അവസരമാണ് സ്വപ്നങ്ങളിലൂടെ സാധ്യമായിരുന്നത്. മതാത്മകതയുള്ള സ്വപ്നങ്ങളൊന്നും തന്നെ Beradtന്റ്റെ പുസ്തകത്തിലില്ല, അതുപോലെ കിഴക്കന്‍ യൂറോപിയന്‍ ജൂതരുടേതും- വംശഹത്യകള്‍ പിന്നിട്ടുവന്ന ജൂതന്മാര്‍- ഇതിലില്ല. എന്നാല്‍ ആ അഭാവം നാസിസത്തിന്റെ തുടക്ക വര്‍ഷങ്ങളിലുള്ള ജീവിതത്തെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന Beradt ന്റ്റെ വ്യക്തവും അവിസ്മരണീയവുമായ വിവരണങ്ങളുടെ മാറ്റ് കുറക്കുന്നില്ല. സ്വന്തം (സ്വപ്ന) ജീവിതം വര്‍ണിക്കുന്ന നഗരത്തിലെ സ്ത്രീകളെ -ജൂതരും അല്ലാത്തവരും- കുറിച്ചുള്ള Beradt ന്റ്റെ പഠനം കൌതുകം നിറഞ്ഞതാണ്. ഒരു സ്വപ്നത്തിലതാ ഗോറിങ് ഒരു സെയില്‍സ് യുവതിയെ തിയേറ്ററില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നു, മറ്റൊന്നില്‍ ഹിറ്റ്ലര്‍ നിശാവസ്ത്രത്തില്‍ Kurfürstendamm (ബെര്‍ലിനിലെ ഒരു തെരുവ്) ല്‍ വച്ച് ഒരു കൈ കൊണ്ട് ഒരു സ്ത്രീയെ തലോടുകയും മറുകൈ കൊണ്ട് പ്രോപ്പഗന്‍ഡാ വിതരണം ചെയ്യുകയും ചെയ്യുന്നു. “ജര്‍മന്‍ സ്ത്രീകളിലെ വലിയൊരു വിഭാഗത്തിന് മേല്‍ ഹിറ്റ്ലര്‍ക്കുണ്ടായിരുന്ന സ്വാധീനത്തിന് ഇതിലും മികച്ചയൊരു വിവരണമില്ല.” അയാള്‍ക്ക്കും അയാളുടെ പാര്‍ട്ടിക്കും വോട്ട് നല്കിയ സ്ത്രീകളുടെ എണ്ണവും, അയാളുടെ ‘ലൈംഗിക ശേഷി’ യെ കുറിച്ചുള്ള പാര്‍ട്ടിയുടെ പ്രചരണങ്ങളെയും ഓര്‍ത്ത് കൊണ്ട് Beradt എഴുതുന്നു. പക്ഷേ ഈ സ്വപ്നങ്ങള്‍ മറ്റൊരു സംഗതി കൂടെ സൂചിപ്പിക്കുന്നു, വിശ്വസ്തകളായ ഭാര്യമാരായും ഗര്‍ഭം ധരിക്കുന്നവരുമായി മാത്രം നാസി പ്രോപഗാണ്ടയില്‍ ചെറുതാക്കപ്പെട്ട സ്ത്രീകള്‍, സമൂഹത്തില്‍ ഉന്നത പദവി ആഗ്രഹിക്കുന്നു എന്നതാണത്‌. ഉദാഹരണത്തിന്, കാല്‍ ഭാഗം ജൂതയാണെന്ന് വംശീയ നിയമങ്ങള്‍ ഒരു സ്ത്രീയെ മുദ്ര കുത്തിയിരിക്കുന്നു, എന്നാല്‍ ഒരു സ്വപ്നത്തില്‍ അവര്‍ കാണുന്നത് പ്രൗഢമായ ഒരു ഗോവണിയിലൂടെ ഹിറ്റ്ലര്‍ തന്നെ അനുഗമിക്കുന്നതാണ്, “താഴെ ഒരു കൂട്ടം ആളുകളും ബാന്‍റ് മേളങ്ങളുമെല്ലാമുണ്ട്, ഞാന്‍ അതീവ സന്തോഷത്തിലും അഭിമാനത്തിലുമായിരുന്നു.” അവര്‍ Beradt നോട് പറഞ്ഞു. “എന്നോടൊപ്പം പൊതു സ്ഥലത്തു കാണപ്പെടുന്നത് അദ്ദേഹത്തിന് ഒരു പ്രശ്നമേ ആയിരുന്നില്ല.”

‘സ്വപ്നങ്ങളുടെ മൂന്നാം റയ്ക്ക്’ ലെ അവസാനത്തെ അധ്യായം ജൂതര്‍ക്കും സ്വപ്നത്തിലെങ്കിലും സ്വേച്ഛാധിപത്യത്തെ എതിര്‍ത്തവര്‍ക്കും മാറ്റിവച്ചതാണ്. നാസി ഭരണത്തിന് കീഴില്‍ ജൂതന്മാര്‍ വേറിട്ട് നിന്ന പോലെ ഇവയും വേറെ തന്നെയാണ്, പ്രത്യക്ഷത്തിലുള്ള ഉപദ്രവം തന്നെയാണ് സ്വപ്നങ്ങളിലും ഇവര്‍ നേരിട്ടത്. ഹിറ്റ്ലറിനെ ഭേദമാക്കാന്‍ കഴിവുള്ള ദേശത്തെ ഏക ഡോക്ടര്‍ താന്‍ ആണെന്ന് ഒരു ജൂത ഡോക്ടര്‍ സ്വപ്നം കാണുന്നു, തന്റെ സേവനം സംഭാവനയായി നാല്‍കാമെന്ന് പറയുമ്പോള്‍, ഹിറ്റ്ലറുടെ പരിവരങ്ങളിലുള്ള ഒരു സ്വര്‍ണമുടിക്കാരന്‍ ഇങ്ങനെ ആക്ഷേപികുന്നു: ” കാശ് വേണ്ടയെന്നോ! കള്ള ജൂതാ”.

ജര്‍മനിയില്‍ ‘സ്വപ്നങ്ങളുടെ മൂന്നാം ലോകം’ ഒരു പ്രധാനപ്പെട്ട ചരിത്ര രേഖയായാണ് പരിഗണിക്കപ്പെടുന്നത്. സൈക്കോഅനലിസ്റ്റ് ഫ്രാന്‍സ് ലാങ് വിലയിരുത്തിയത് പോലെ, ഈ ഗ്രന്ഥം അമേരിക്കയില്‍ അധികം അറിയപ്പെട്ടിട്ടില്ല എന്നത് വളരെ വിചിത്രമാണ്. ചിലപ്പോള്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഇത്തരം ചരിത്രത്തിന്‌ 1960 കളില്‍ പ്രചാരത്തില്‍ വന്ന കൂടുതല്‍ വ്യക്തവും പ്രത്യക്ഷവുമായ ചരിത്ര ശകലങ്ങളുടെ മുന്നില്‍ പിടിച്ച് നില്‍ക്കാനാവാത്തത് കൊണ്ടാകും. ഫ്രൂയിഡിന്റെ ‘Interpretation of Dreams’ ലെ ഒരടിക്കുറിപ്പിലൂടെയാണ് Beradt ന്റ്റെ കൃതിയെ കുറിച്ച് ലാങ് അറിയുന്നതും തുടര്ന്ന് Journal of the American Psychoanalytic Association ല്‍ അതിനെ കുറിച്ചെഴുതുന്നതും. ട്രമ്പിന്റെ ഇലക്ഷനേ തുടര്‍ന്നുള്ള വ്യാപകമായ ഒരു അസ്വസ്ഥത അവര്‍ മനസ്സിലാക്കുകയും തന്റെ സുഹത്തുകളോടും സഹ പ്രവര്‍ത്തകരോടും സ്വപ്നങ്ങള്‍ ശേഖരിക്കാന്‍ പറഞ്ഞിരിക്കുകയുമാണവര്‍.

വിവ: സക്കി ഹംദാന്‍

Courtesy: The Newyorker

By മിറൈലി ജുചാവു

novelist, essayist, and critic