തബ്ലീഗ് ജമാഅത്തെന്ന ഇസ്ലാമിക സംഘടനയില്‍ പെട്ട ധാരാളം വ്യക്തികള്‍ക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ട സ്ഥിതിവിശേഷം വളരെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നു.
മാര്‍ച്ച് 16 ന് തെലങ്കാനയില്‍ പത്ത് ഇന്തോനേഷ്യന്‍ പൗരന്മാര് കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് ഇതിന് തുടക്കം. മാര്‍ച്ച് 18 ന് അവരില്‍ 8 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നു.
അതിന് നാല് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് തായ് പൗരന്മാര്ക്കും കൊറോണ പോസിറ്റിവ് റിസള്‍ട്ട് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മാര്‍ച്ച് 26 ന് കാശ്മീര്‍ സ്വദേശിയായ ഒരു വയോധികന് ഇന്ത്യയിലെ ആദ്യ കോവിഡ് മരണത്തിനിരയായി.
മേല്പ്പറഞ്ഞവരിലെല്ലാം പൊതുവായി കണ്ടെത്തിയ സവിശേഷത, ഇവരെല്ലാവരും തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടവരാണെന്നും, ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് മര്‍കസ് (ഹെഡ്ക്വാട്ടേഴ്സ്) -ബംഗ്ലേവാലി മസ്ജിദ്- ല്‍ മാര്‍ച്ച് 8 മുതല്‍ 10 വരെ നടന്ന സമ്മേളനത്തില്‍ സംബന്ധിച്ചവരാണ് എന്നതുമാണ്. തെലങ്കാനയിലെ ചില രോഗബാധിതര്‍ മാര്‍ച്ച് 13 മുതല്‍ 15 വരെ നടന്ന ഒത്തുചേരലില്‍ പങ്കെടുത്തവരുമാണ്. ഡല്‍ഹിയില്‍ നിന്ന് അവര്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നീങ്ങിയിരുന്നതായും തെളിയുന്നു.
ഇപ്പോള്‍ ഡല്‍ഹി ഗവണ്മെന്റ് കോവിഡ് ഭീഷണിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മതചടങ്ങുകളുടെ നിരോധനം ലംഘിച്ചുവെന്നാരോപിച്ച് തബ്ലീഗ് ജമാഅത്ത് മൗലാനക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.
ദേശീയ- പ്രാദേശിക മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനത്തെ എടുത്തുകാട്ടി കൊറോണ പരത്താനുള്ള ഇസ്ലാമിസ്റ്റ് ഗൂഢാലോചനയെന്ന പേരില്‍ കുപ്രചരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഹിന്ദുത്വ ചാനലായ സുദര്ശന് ടിവി ഒരുപടി കൂടി കടന്ന് ‘കൊറോണ ജിഹാദ്’ എന്ന സംജ്ഞ കൊണ്ടുവരികയും അത് ട്വിറ്ററില്‍ ട്രെന്റ് ആക്കുകയും ചെയ്തിരിക്കുന്നു.
തബ്ലീഗ് ജമാഅത്ത് നിയമലംഘനം നടത്തിയിട്ടുണ്ടോ?
തബ്ലീഗിന്റെ ഭാഗത്തു നിന്നുള്ള വിശദീകരണത്തില്‍, അവര്‍ യാതൊരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയില്ലെന്നും മതസമ്മേളനങ്ങളൊന്നും തന്നെ പ്രധാനമന്ത്രി മാര്‍ച്ച് 22 ന് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന് ശേഷം സംഘടിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ‘ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ജനത കര്‍ഫ്യ പ്രഖ്യാപനത്തെത്തുടര്‍ന്ന് നിസാമുദ്ദീന്‍ മര്‍കസില്‍ നടന്നുവന്നിരുന്ന പരിപാടി ഉടനടി നിര്‍ത്തിവെച്ചിരുന്നു’ തബ്ലീഗ് മര്‍കസ് അവരുടെ പത്രക്കുറിപ്പില്‍ പറയുന്നു.
അത് വാസ്തവം തന്നെ, 22 നോ ശേഷമോ അവിടെ പരിപാടികളൊന്നും നടന്നിട്ടില്ല.
എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുടെ കാര്യമെടുക്കുമ്പോള്‍ വിഷയം കുറേക്കൂടി സങ്കീര്‍ണമാകുന്നു. ഡല്‍ഹി സര്‍ക്കാര്‍ തബ്ലീഗ് മര്‍കസിനെതിരെ എഫ്.ഐ.ആര് ചുമത്താനാവശ്യപ്പെടുന്നത് രണ്ട് സെറ്റ് നോട്ടീസുകളുടെ അടിസ്ഥാനത്തിലാണ്. ഒന്ന്, മാര്‍ച്ച് 13, 16 തിയതികളിലെതും മറ്റൊന്ന് 12 ആം തിയതിയിലെതും.
ഇരുനൂറിലധികം പേര് സംഘടിക്കുന്ന പരിപാടികളെല്ലാം നിര്‍ത്തിവെക്കണമെന്ന് പറയുന്ന മാര്‍ച്ച് 13 ന് പുറത്തിറക്കിയ നോട്ടീസിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് കേസ് എടുത്തിരിക്കുന്നത്. പക്ഷേ, പ്രസ്തുത നോട്ടീസില്‍ പറയുന്ന ‘എല്ലാ കായിക പരിപാടികളും, സെമിനാറുകളും കോണ്‍ഫറന്‍സുകളും’ നിര്‍ത്തിവെക്കണമെന്ന ചട്ടം മതചടങ്ങുകള്‍ക്ക് ബാധകമാണെന്നതിന് വ്യക്തതയില്ലാത്തതാണ്. മാര്‍ച്ച് 16 നാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേകമായി മതചടങ്ങുകള്‍, നൈറ്റ് ക്ലബുകള്‍, തിയറ്ററുകള്‍ എന്നിവ വിലക്കിക്കൊണ്ട് പ്രസ്താവനയിറക്കുന്നത്. മാര്‍ച്ച് 13 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ മതചടങ്ങുകളുള്പ്പെട്ടിട്ടില്ല എന്ന് ഇതിലൂടെ വ്യക്തം.
ആയിരത്തോളം പേര് പങ്കെടുത്തെന്ന് പറയപ്പെടുന്ന തബ്ലീഗിന്റെ മാര്‍ച്ച് 13 മുതല്‍ 15 വരെയുള്ള പരിപാടി യഥാര്‍ഥത്തില്‍ സര്‍ക്കാരിന്റെ മാര്‍ച്ച് 16 ലെ ചട്ടത്തിന് വിരുദ്ധമായിട്ടില്ല.
രണ്ടാമത്തെ സെറ്റ് നോട്ടീസ്, -മാര്‍ച്ച് 12 ന് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയത്- അതിന്റെ എട്ടും ഒമ്പതും നിര്‍ദേശങ്ങള്‍ തബ്ലീഗ് മര്‍കസ് പാലിച്ചില്ല എന്ന പേരില്‍ സര്‍ക്കാര്‍ എഫ്.ഐ.ആറി നെ ന്യായീകരിച്ചു കൊണ്ട് പറയുന്നു.
അതിലെ നിര്‍ദേശം എട്ട്, കോവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ 14 ദിവസങ്ങള്‍ക്കിടയില്‍ യാത്ര ചെയ്തിട്ടുള്ള, കൊറോണ ലക്ഷണങ്ങള്‍ കാണിക്കുന്ന വ്യക്തികള്‍ കണ്ട്രോള് റൂമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം.
നിര്‍ദേശം 9, കോവിഡ്-19 ബാധിച്ച രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങള്‍ക്കിടെ യാത്ര ചെയ്തവരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുമായ ആളുകള്‍ സ്വയം ക്വാരന്റീനില്‍ പോകണം.
ഈ നിര്‍ദേശങ്ങളനുസരിച്ച്, മര്കസിലെ ചിലയാളുകളെങ്കിലും താഴെപ്പറയുന്ന നിയമലംഘനം നടത്തിയവരാണ്:
- ഫെബ്രുവരി 27 നു ശേഷം കോവിഡ് -19 ബാധിത രാജ്യത്ത് നിന്ന് ഇന്ത്യയില്‍ വരികയും രോഗലക്ഷണങ്ങളുണ്ടായിട്ടും കണ്ട്രോള് റൂമില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്തവര്‍.
- ഫെബ്രുവരി 27 നു ശേഷം കോവിഡ് -19 ബാധിത രാജ്യത്ത് നിന്ന് ഇന്ത്യയില്‍ വരികയും സ്വയം ക്വാരന്റീനില്‍ പോകാത്തവരുമായ ആളുകള്‍.
ഈ രണ്ട് വിഭാഗത്തില്‍പ്പെട്ട എത്രയാളുകള്‍ അവിടെയുണ്ട് എന്ന് വ്യക്തമല്ല. കൂടാതെ, 13, 16 തീയതികളിലെ നോട്ടീസ് പ്രകാരം പരിപാടി സംഘടിപ്പിച്ചവരാണ് ഉത്തരവാദികളെങ്കില്‍ മാര്‍ച്ച് 12 ലെ നോട്ടീസ് പ്രകാരം യാത്രക്കാരായ വ്യക്തികള്‍ക്കാണ് ഉത്തരവാദിത്തം. അതുകൊണ്ട്, സംഘാടകര്‍ക്കെതിരെ കുറ്റം ചുമത്തിയ നടപടി സംവാദവിഷയമാണ്.
ഈ രണ്ട് വിഭാഗത്തില്‍പ്പെട്ട എത്രയാളുകള്‍ അവിടെയുണ്ട് എന്ന് വ്യക്തമല്ല. കൂടാതെ, 13, 16 തീയതികളിലെ നോട്ടീസ് പ്രകാരം പരിപാടി സംഘടിപ്പിച്ചവരാണ് ഉത്തരവാദികളെങ്കില്‍ മാര്‍ച്ച് 12 ലെ നോട്ടീസ് പ്രകാരം യാത്രക്കാരായ വ്യക്തികള്‍ക്കാണ് ഉത്തരവാദിത്തം. അതുകൊണ്ട്, സംഘാടകര്‍ക്കെതിരെ കുറ്റം ചുമത്തിയ നടപടി സംവാദവിഷയമാണ്.
തബ്ലീഗ് ജമാഅത്ത് പഴി കേള്ക്കേണ്ടവരാണോ?
തബ്ലീഗ് ജമാഅത്ത് മൗലാനക്കെതിരെ എഫ്.ഐ.ആര് ചുമത്തിയ നടപടിയെ ചോദ്യം ചെയ്യുന്നതോടൊപ്പം, സംഘടന ആക്ഷേപങ്ങളില്‍ നിന്ന് പൂര്‍ണമായി മുക്തരാവുന്നില്ല.
ചൈനയിൽ COVID-19 പൊട്ടിപ്പുറപ്പെട്ടത് 2019 ഡിസംബറിലാണ്. തായ്ലൻഡിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസ് ജനുവരി 13 നാണ്. ചൈനയ്ക്ക് പുറത്തുള്ള ആദ്യത്തെ COVID-19 കേസാണിത്. മലേഷ്യയുടെ ആദ്യ കുറച്ച് കേസുകൾ ജനുവരി 25 നാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ ആദ്യ കേസ് ജനുവരി 30 നായിരുന്നു. ഇന്തോനേഷ്യയെ പിന്നീട് ബാധിച്ചു.
ജനുവരിയിൽ തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ വൈറസ് ബാധിച്ചതിനാൽ, അവിടെ നിന്ന് സന്ദർശകരെ പങ്കെടുപ്പിക്കാതിരിക്കാന്‍ തബ്ലീഗ് ജമാഅത്ത് ജാഗ്രത കാണിക്കേണ്ടതായിരുന്നു. മാർച്ച് ആദ്യ വാരത്തോടെ കൊറോണ വൈറസ് ഭീഷണി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായിരുന്നു. ആ സന്ദര്‍ഭത്തില്‍, മാര്‍ച്ച് രണ്ടാം വാരത്തില്‍ അത്ര വലിയൊരു സമ്മേളനം ധാരാളം വിദേശികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയത് തബ്ലീഗിന്റെ ഭാഗത്ത് നിന്നുള്ള വലിയ പാളിച്ച തന്നെയാണ്.
ഗവണ്മെന്റ് എന്ത് ചെയ്തു?
കുറ്റത്തിന്റെ വലിയൊരു ഭാഗം ഇന്ത്യൻ സർക്കാരിനാണ്. മാർച്ച് 31 ന് പുറത്തിറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു അറിയിപ്പ് പ്രകാരം, “ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഫെബ്രുവരി 1 മുതൽ വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വരവുകളുടെയും വിശദാംശങ്ങൾ അവർ പൂരിപ്പിച്ച സ്വയം പ്രഖ്യാപന ഫോം (self declaration form) അടിസ്ഥാനമാക്കി അധികാരികള്‍ക്ക് കൈമാറിയിരുന്നു.
- ഫെബ്രുവരി 1 മുതൽ സർക്കാർ ഇത് ട്രാക്കുചെയ്യാൻ തുടങ്ങിയിരുന്നെങ്കിൽ. COVID-19 ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇന്ത്യയിലേക്ക് അനുവദിച്ചത് എന്തുകൊണ്ട്?
- ഫെബ്രുവരിയിലുടനീളം എന്തുകൊണ്ടാണ് അവർ വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടത്താതിരുന്നത്?
- തബ്ലീഗ് സമ്മേളനമോ യോഗി ആദിത്യനാഥ് പങ്കെടുത്ത അയോധ്യയിലെ രാമനവമി ആഘോഷമോ പഞ്ചാബില്‍ നടന്ന ഹൊല്ല മൊഹല്ലയോ എന്തോ ആവട്ടെ, മാര്‍ച്ച് മാസത്തില്‍ എന്ത് കൊണ്ട് ഇത്തരം വന്‍ജന സാന്നിധ്യമുള്ള പരിപാടികള്‍ അനുവദിച്ചു? ബിജെപി പോലും അവരുടെ മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരണം വന്ജനാവലിയോടെയാണ് ആഘോഷിച്ചത്.
തബ്ലീഗ് ജമാഅത്തിലേക്ക് തിരിച്ച് വരുമ്പോള്‍, ആഭ്യന്തര മന്ത്രിക്ക് കീഴിലുള്ള പോലീസ് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്.
- നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് മർകസ് സ്ഥിതി ചെയ്യുന്നത്. മാർച്ച് രണ്ടാം വാരത്തിൽ നടന്ന സഭകളെ തടയാൻ പോലീസ് എന്തുകൊണ്ട് നടപടിയെടുത്തില്ല?
- മർകസിലെത്തുന്ന വിദേശികൾ നിസാമുദ്ദീൻ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു. COVID-19 ബാധിത രാജ്യത്ത് നിന്ന് വന്ന വിദേശികളെ പോലീസ് പരിശോധനയ്ക്ക് വിധേയരാക്കാതിരുന്നത് എന്തുകൊണ്ട്?
തബ്ലീഗ് ജമാഅത്ത് മര്‍കസ് അശ്രദ്ധ കാണിച്ചുവെന്നതില്‍ സംശയമില്ല. കുറ്റത്തിന്റെ വലിയ പങ്കും കോവിഡ്-19 ഭീഷണിയെക്കുറിച്ച് വളരെ വൈകി ജാഗരൂകരാവുകയും വൈറസ് വാഹകരെ വിമാനത്താവളത്തില്‍ തടയാന്‍ കഴിയാതെ വീഴ്ച്ച വരുത്തിയ സര്‍ക്കാരിനാണ്.
മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഹിന്ദുത്വ അനുകൂല സ്ഥാപനങ്ങൾ നടത്തുന്ന “കൊറോണ ജിഹാദ്” കാമ്പെയ്ൻ ഒരു പൊതുജനാരോഗ്യ ദുരന്തത്തിൽ സാമുദായിക വിഷം കുത്തിവെച്ച് രംഗം വഷളാക്കലാണ്.
Courtesy: The Quint
വിവ: റമീസുദ്ദീന്‍ വി. എം