‘ന്യൂനോര്‍മലി’ല്‍ സാധാരണമാവുന്നത് ഭരണകൂട ഭീകരത കൂടിയാണ്‌

‘വി ഫോർ വെൻ‌ഡെറ്റ’ (V for Vendetta) എന്ന ഡിസ്റ്റോപ്പിയൻ പൊളിറ്റിക്കൽ ത്രില്ലറിൽ ഒരു രംഗമുണ്ട്. മുഖംമൂടി ധരിച്ച നായകൻ ‘വി,’ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി മാറിയ ബ്രിട്ടനിലെ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ടെലിവിഷൻ നെറ്റ്‌വർക്കുകൾ ഏറ്റെടുക്കുന്ന രംഗം. ഭരണത്തിലുള്ള പൊതു ജനങ്ങളുടെ അസംപ്‌തൃപ്തിയോ സജീവമായ ഏതെങ്കിലും പ്രതിരോധ രൂപങ്ങളെയോ ഈ സിനിമ പ്രദർശിപ്പിക്കുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വേച്ഛാധിപത്യ നടപടികൾ പരിചിതമായിക്കഴിഞ്ഞ ലോകത്തെ എളുപ്പം മെരുങ്ങുന്ന ഒരു ജനസമൂഹം. സ്വാതന്ത്ര്യത്തിനു മേലുള്ള നിയന്ത്രണങ്ങൾ നോർമലൈസ് ചെയ്യപ്പെടുകയും സ്റ്റേറ്റുമായുള്ള അവരുടെ ഇടപാടിന്റെ ഭാഗമായി അവ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ദേശീയ ടെലിവിഷനിലെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ മോണോലോഗിലൂടെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ ‘വി’ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അദ്ദേഹം പറയുന്നു:

“ഒരിക്കൽ, വിയോജിപ്പുള്ളിടത്ത്‌ എതിർപ്പ് പ്രകടിപ്പിക്കാനും ചിന്തിക്കാനും സംസാരിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇപ്പോൾ അവിടെ നിങ്ങളുടെ അനുരൂപതയെ ഭീഷണിപ്പെടുത്തുകയും അടിയറവ് വെക്കാൻ പ്രലോഭിപ്പിക്കുകയും ചെയ്യുന്ന സെൻസറുകളും നിരീക്ഷണ സംവിധാനങ്ങളുമാണ് ഉള്ളത്. എങ്ങനെ ഇത് സംഭവിച്ചു? ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? തീർച്ചയായും അതിന് ഉത്തരവാദികളുണ്ട്. കൂടുതൽ ഉത്തരവാദിത്തമുള്ള വേറെ ചിലരുമുണ്ട്. അവരെല്ലാം കണക്കു പറയേണ്ടി വരും. പക്ഷേ സത്യം ജയിക്കണം. നിങ്ങൾ കുറ്റവാളികളെ തിരയുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു കണ്ണാടിയിലേക്ക് നോക്കേണ്ട കാര്യം മാത്രമേ ആവശ്യമുള്ളൂ. നിങ്ങൾ എന്തുകൊണ്ടത് ചെയ്തു എന്നെനിക്കറിയാം. നിങ്ങൾ ഭയപ്പെട്ടിരുന്നുവെന്നും അറിയാം. ആ കാരണത്തെ ദുഷിപ്പിക്കാനും നിങ്ങളുടെ സാമാന്യബുദ്ധിയെ കവർന്നെടുക്കാനും ശ്രമിച്ച യുദ്ധം, ഭീകരത, തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭയം നിങ്ങളെയും നിങ്ങളുടെ പരിഭ്രാന്തിയെയും മികച്ച രീതിയിൽ കീഴടക്കി. നിങ്ങൾ ഇപ്പോൾ ചാൻസലറായ ആദം സട്ട്‌ലറിലേക്ക്‌ തിരിഞ്ഞു. അദ്ദേഹം നിങ്ങൾക്ക് ക്രമസമാധാനം വാഗ്ദാനം ചെയ്യുകയും ചെയ്തു. അദ്ദേഹം നിങ്ങളോട് ആവശ്യപ്പെട്ടതോ, നിങ്ങളുടെ നിശബ്ദതയും അനുസരണയും സമ്മതവുമായിരുന്നു”.

കോവിഡ്‌-19 മഹാമാരി മൂലം ജീവൻ നഷ്ടപ്പെടുന്നതും അതിനോടുള്ള ആഗോള നേതാക്കളുടെ പ്രതികരണങ്ങളും, വി ഫോർ വെൻ‌ഡെറ്റയിൽ നിന്നുള്ള മേൽപ്പറഞ്ഞ രംഗം വീണ്ടും കാണാന്‍ എന്നെ പ്രേരിപ്പിച്ചു. ക്രമാതീതമായി വർധിച്ചു വരുന്ന മരണസംഖ്യ, ഭയം, പരിഭ്രാന്തി എന്നീ അവസ്ഥകളില്‍ ചൈനയുടെ രീതി പിന്തുടരാൻ സർവ്വ രാഷ്ട്രങ്ങളും ശ്രമിച്ചു. പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാൻ ലോക്ക്ഡൗണും കർഫ്യൂവും പ്രഖ്യാപിക്കപ്പെട്ടു. യുകെ യും ഈ രീതി പിന്തുടർന്നു. ചൈനയുടെ അഭൂതപൂർവമായ നിരീക്ഷണത്തിന്റെയും ട്രാക്കിംഗ് അടക്കമുള്ള സാങ്കേതികവിദ്യയുടെയും സഹായത്തോടെയുള്ള ലോക്ക്ഡൗൺ നടപടികളെ പിന്തുടരപ്പെടേണ്ട മാതൃകയായി പ്രശംസിക്കപ്പെട്ടു. ചൈനയെ മാതൃകയാക്കി ഇന്ത്യൻ സർക്കാർ ഏകദിന ദേശീയ കർഫ്യൂ പ്രഖ്യാപിച്ചു. അടിച്ചൊതുക്കൽ ഉൾപ്പെടെയുള്ള ലോക്ക്ഡൗൺ നടപടികൾ അതിനെത്തുടർന്ന് ഉണ്ടാവുകയും ചെയ്തു. ദേശരാഷ്ട്രം ജനങ്ങൾക്ക് സമ്മാനിച്ച വ്യാപക നിരീക്ഷണ അധികാരങ്ങൾക്കും സാമൂഹ്യ നിയന്ത്രണ നടപടികൾക്കുമെതിരായി പല ഭാഗങ്ങളിൽ നിന്നും ആശങ്കകൾ ഉയർന്നുവന്നു. ഈ നിയമനിർമ്മാണത്തിനുള്ളിലെ ഉടമ്പടികൾക്ക്
സ്വേച്ഛാപരമായ തടങ്കലിൽ വെക്കൽ, സമരങ്ങൾ, പ്രകടനങ്ങൾ എന്നിവ നിരോധിക്കുക വരെ ചെയ്യാനുള്ള കഴിവുണ്ട്. അതിലൂടെ വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള ബന്ധം തന്നെയാണ് ശാശ്വതമായി പുനഃ ക്രമീകരിക്കപ്പെടുന്നത്. അത്തരം നിയമനിർമ്മാണങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട നേതൃത്വം തീവ്ര വലതുപക്ഷത്തെ പ്രതിനിധീകരിക്കുന്നു എന്നിടത്താണ് പ്രശ്നം കിടക്കുന്നത്.

9/11 അനന്തര കാലത്ത് അത്തരം നേതൃത്വത്തിന് കീഴിലുള്ള താൽക്കാലിക നിയമ നടപടികൾ സാധാരണവല്‍ക്കരിക്കപ്പെടുകയും അതുവഴി ശാശ്വതമായ നിയമമാവുകയും ചെയ്യുന്ന ഒരു പ്രവണത പൊതുവെ ഉണ്ട്.

യുദ്ധം, ഭീകരത എന്നിവയുടെ കെടുതിയിൽ നിന്ന് സംരക്ഷണം ഉറപ്പുനൽകാൻ, ചില അവകാശങ്ങൾ ഉപേക്ഷിക്കാനും അന്ധമായ അനുസരണവും ആവശ്യപ്പെടുന്ന രാഷ്ട്രം ഇപ്പോൾ ആരോഗ്യ സംരക്ഷണം ഏറ്റെടുത്ത സാഹചര്യത്തിൽ ഇതേകാര്യം ജനങ്ങളിൽ നിന്നും ആവശ്യപ്പെടുകയാണ്. ഈ നടപടികളെ ന്യായീകരിക്കുന്നതിൽ അക്കാദമിയയുടെ പിന്‍ബലം ആര്‍ജിക്കാന്‍, ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം വൈറസ് വ്യാപനം ട്രാക്കുചെയ്യുന്നതിന് മൊബൈൽ ഫോൺ ലൊക്കേഷനും ഡാറ്റയും ടാപ്പുചെയ്യണമെന്ന് വാദിക്കുന്നു. എന്നാൽ ഇത്തരം ന്യായീകരണങ്ങൾ ഒട്ടും പുതുമയുള്ളതൊന്നുമല്ല. മുമ്പ് കാലത്ത് തന്നെ ഉള്ളതാണ്.

യുദ്ധം, ഭീകരത, രോഗം എന്നിവ ജനങ്ങളെ വീട്ടിൽ തന്നെ ഇരുത്താനും സമ്പൂർണ്ണ അനുസരണ ഉള്ളവരാക്കി മാറ്റാനും സാധിക്കുന്ന ഘടകങ്ങളായി ‘വി’ ലിസ്റ്റ് ചെയ്യുന്നുണ്ട്. യുദ്ധം, ഭീകരത എന്നീ പേരുകളിൽ മുസ്‌ലിംകൾ നേരത്തെ തന്നെ നിയന്ത്രണത്തിന്റെയും അച്ചടക്കപ്പെടുത്തലിന്റെയും സംസ്കാരത്തിന് വിധേയരായിട്ടുണ്ട്. ഇപ്പോൾ പകര്‍ച്ചവ്യാധി മൂലം വൈറസിനെ നിയന്ത്രിക്കുക എന്ന പേരിൽ ഈ നിയന്ത്രണം മുസ്‌ലിം എന്ന പരിധിക്കപ്പുറത്തേക്കും എത്തിയിട്ടുണ്ട്. ഉയിഗൂറുകൾക്കെതിരെ തടവിലാക്കൽ, ഒറ്റപ്പെടുത്തൽ, നിരീക്ഷിക്കൽ തുടങ്ങിയ രീതികൾ പരീക്ഷിച്ചിട്ടുണ്ട് ചൈന. ചൈനയുടെ ഇത്തരം നിരീക്ഷണ പദ്ധതികളെ വെളിപ്പെടുത്തുന്ന രേഖകൾ ചോർത്തി ന്യൂയോർക്ക് ടൈംസ് പുറത്തു കൊണ്ടുവന്നപ്പോൾ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

മുസ്‌ലിമിനെ നിയന്ത്രിക്കാൻ ചൈന ഉപയോഗിച്ചിരുന്ന ഇത്തരം യുദ്ധകാലാടിസ്ഥാനത്തിലുള്ള അച്ചടക്ക രീതികളെയാണ് പിന്തുടരപ്പെടേണ്ട മാതൃകയെന്ന് ഇപ്പോൾ പ്രശംസിക്കുന്നത്.

ഓർ‌വെല്ലിയൻ പുനർവിചിന്തന പ്രക്രിയയിലൂടെ ജനാധിപത്യ രാജ്യങ്ങൾക്ക് നിരുപദ്രവകരമായ രീതിയിൽ
ഈ നിയന്ത്രണ മോഡലുകൾ സ്വീകരിക്കാനുള്ള ശേഷിയുണ്ട്. ദസ്തയേവ്‌സ്‌കിയുടെ ‘കരാമസോവിലെ സഹോദരന്മാർ ‘ എന്ന കഥയിൽ യേശു വർത്തമാന കാലത്തേക്ക് മടങ്ങിവരുകയും താൻ മോചിപ്പിച്ചവരെ തന്നെ വീണ്ടും ചങ്ങലകളിൽ കാണുമ്പോൾ സ്തംഭിച്ചു നിന്ന് പോകുന്നുണ്ട് . ആളുകൾ സ്വയ രക്ഷക്ക് വേണ്ടി തങ്ങളെ തന്നെ ചങ്ങലയിൽ ബന്ധിച്ചതാണെന്ന് ഗ്രാൻഡ് ഇൻക്വിസിറ്റർ യേശുവിന് വിശദീകരിച്ചു കൊടുക്കും. അന്തർദ്ദേശീയ യുദ്ധ – രോഗ ഭീഷണി മൂലം നമ്മുടെ സ്വാതന്ത്ര്യത്തെ ചങ്ങലക്ക് ഇടുന്നതിലൂടെ സുരക്ഷ കൈവരിക്കാമെന്ന ആശയം മേൽക്കൈ നേടുന്നു. അതിർത്തികൾക്കിടയിലൂടെ അവ എളുപ്പത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു.

ആശയങ്ങളുടെ സഞ്ചാരത്തെ കുറിച്ചുള്ള ചർച്ചകളിൽ, സാധാരണഗതിയിൽ ഏറ്റവും നികൃഷ്ടമായ ആശയങ്ങളാണ് മികച്ച ചിലവിൽ സഞ്ചരിക്കുന്ന ആശയങ്ങളെന്ന് പിയറി ബോർദിയോ പരിഹസിക്കുന്നുണ്ട്.

‘ലോക്ക്ഡൗൺ’ എന്ന പദം പ്രധാനമായും,ചിട്ടപ്പെടുത്തിയ പെരുമാറ്റങ്ങളില്‍ നിന്ന്‌ വ്യതിചലിക്കുന്നതിനുള്ള ശിക്ഷയെന്നോണം മനുഷ്യനെ മർദ്ദനപരമായി തടവറയിൽ പാർപ്പിക്കുന്നതിനെ വിശേഷിപ്പിക്കാൻ ജയിൽ പ്രസ്ഥാന ആക്ടിവിസ്റ്റുകൾ ഉപയോഗിക്കുന്നതാണ്. അത്തരം സങ്കൽപ്പങ്ങൾക്ക് സ്വയം പ്രകടമായ ശേഷി ഉള്ളതോടൊപ്പം അത് പ്രയോഗിക്കുന്ന മേഖലകളിലും അവ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നു. ഈ ആശയങ്ങൾ ഉയർത്തുന്നതിലൂടെ നിലവിലുള്ള കാര്യങ്ങളിൽ മാത്രമല്ല മാറ്റം വരുത്തുന്നത്, ഭാവിയിലേക്ക് കൂടി വ്യാപിക്കുകയും ചെയ്യുന്നു. ആശയങ്ങൾ സാമൂഹിക മേഖലകളിലൂടെ സഞ്ചരിക്കുമ്പോൾ, അവ അധികാരം അല്ലെങ്കിൽ എഡ്‌വേഡ് സൈദ് വിശേഷിപ്പിച്ച
‘സൈദ്ധാന്തിക യാഥാസ്ഥിതികത’ (Dogmatic Orthodoxy ) നേടുന്നു. പുതിയ അർത്ഥങ്ങൾ നേടുന്നതിനുപുറമെ, ഈ ആശയങ്ങളുടെ കൈമാറ്റം ചില അർത്ഥങ്ങൾ‌ നഷ്‌ടപ്പെടുത്തുന്നതിനോ അല്ലെങ്കിൽ‌ അതിന്റെ ചില ഭാഗങ്ങൾ‌ കുറച്ചുകാണുന്നതിനോ വഴിവെക്കുന്നുണ്ട്.

ഉദാഹരണത്തിന്, വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യൻ സർക്കാർ വളരെയധികം കൊട്ടിഘോഷിച്ചു കൊണ്ട് ‘കർഫ്യൂ ദിനം’ പ്രഖ്യാപിച്ചു. പൊതുജനാരോഗ്യ മേഖലയിലേക്ക് ‘കർഫ്യൂ’ കൊണ്ടുവരുന്നത്, കശ്മീരിലെ മുസ്‌ലിംകൾക്ക് മേൽ ചുമത്തപ്പെട്ട ‘കൂട്ടമായി തടവിലാക്കൽ'(mass incarceration), കർഫ്യൂ എന്നിവ അടക്കമുള്ള പ്രശ്നങ്ങളെ കയ്യൊഴിയുന്നതിലേക്ക് നയിക്കുന്ന ഭരണകൂട ആഖ്യാനങ്ങളെ ശക്തിപ്പെടുത്തുന്നുണ്ട്. ഗാസയിലെ പലസ്തീനികൾക്കും ഈ ആശയം ഇതേരീതിയിൽ ബാധിച്ചേക്കാം. എണ്ണമറ്റ അഭയാർഥികളുടെ ജീവിതത്തെ പ്രതികൂലമായി ഇത് ബാധിക്കുകയും ചെയ്യും. താൽക്കാലികമായ ഈ വൈറസ് ഭീഷണി, ആഗോള സമ്മതത്തോടെ ഭാവിയിൽ മുസ്‌ലിമിനെ നിയന്ത്രിക്കാനുള്ള നിയന്ത്രണോപാധികൾക്ക് നിയമസാധുത നൽകുകയും ചെയ്യുന്നുണ്ട്. വൈറസ് ഭീഷണി ഇവിടെത്തന്നെ തുടരുമെന്നാണ് നമ്മോട് പറയുന്നത്. അതിനാൽ ഈ നോർമലൈസേഷൻ കോവിഡ്‌-19 അനന്തര ലോകത്ത് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിന്റെ സൂചകം കൂടിയാണ്.

സ്വേച്ഛാധിപത്യത്തിന്റെ മൂടുപടം ആളുകൾക്ക് കുറഞ്ഞ സമയം മാത്രമേ അനുഭവിക്കേണ്ടി വരികയുള്ളൂ എന്ന് അറബ് വസന്തം കാണിച്ചുതന്നിട്ടുണ്ട്. എന്നാൽ മുൻകാല അനുഭവങ്ങളിൽ നിന്നും മനസ്സിലാകുന്നത്, സാങ്കേതികവിദ്യകൾ, നിയന്ത്രണ സംസ്കാരങ്ങൾ എന്നിവ കൂടുതൽ സൂക്ഷ്മമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നാണ്. ചെറുത്തുനിൽപ്പിന്റെ പരമ്പരാഗത രീതികളിൽ നിന്നും മാറുകയും കൂടുതൽ അവബോധം സൃഷ്ടിക്കുകയും വേണ്ടതുണ്ട്.

പുതിയ യാഥാസ്ഥിതികതകളെ അസ്ഥിരമാക്കലിലൂടെയും നിരന്തരമായ മത്സരത്തിലൂടെയുമാണ് ഇനി മുന്നോട്ടുള്ള വഴി. “ആശയങ്ങൾ ബുള്ളറ്റ് പ്രൂഫ് പോലെ ആണ് ” എന്ന ‘വി’ യുടെ വാക്കുകൾ പോലെ അതിർത്തികൾ മാറിക്കൊണ്ടിരിക്കുന്ന ഡിസ്റ്റോപ്പിയൻ ലോകത്ത് ചിന്ത, ആശയങ്ങൾ, ഭാഷ എന്നിവയുടെ ബദൽ മാർഗങ്ങളുടെ വ്യാപനത്തിന് ഒരു ഏകീകൃത ശ്രമം ആവശ്യമാണ്.

മൊഴിമാറ്റം: എന്‍. ഹബീബ ജാഫര്‍

By ഷഹീന്‍ കെ. മൊയ്തുണ്ണി

Research Scholar, University of Leeds, UK