ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്രവിഭാഗം ഗവേഷകനും മണിപ്പൂരിലെ പങ്കൽ/പങ്കൻ മുസ്‌ലിം സമുദായാംഗവുമായ ചിംഗിസ് ഖാന്റെ അറസ്റ്റും തടവും, കേന്ദ്രഭരണകൂടവും വിവിധ സംസ്ഥാനസർക്കാരുകളും മുസ്‌ലിം ബുദ്ധിജീവി-സമരനായകർക്കെതിരെ നടത്തിവരുന്ന ആസൂത്രിത അടിച്ചമർത്തലിന്റെ ഒടുവിലത്തേതല്ലാത്ത ഒരു ഉദാഹരണം മാത്രമാണ്. ചിംഗിസ് ഖാനെതിരെ പോലീസ് ആരോപിക്കുന്ന കുറ്റം എന്നത് , ‘ഇചൽ എക്സ്പ്രസ്സ്’ പത്രത്തിൽ ‘മുസ്‌ലിംകളെ അരികുവത്കരിക്കുവാനുള്ള രാഷ്ട്രീയ തന്ത്രം’ എന്ന തലക്കെട്ടിൽ ഒരു ലേഖനം എഴുതി എന്നതാണ്. എന്നാൽ ഈ ലേഖനം ഒരു വര്ഷം മുമ്പ് ‘ദി പയനീർ’ പത്രത്തിൽ ‘പങ്കൽസ്: നിർമിക്കപ്പെട്ട അരക്ഷിതത്തിന്റെ ഇര’ എന്ന പേരിൽ ചിംഗിസും മുഹമ്മദ് ഇമ്തിയാസ് ഖാനും ചേർന്ന് ഇംഗ്ളീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചതിന്റെ മണിപ്പൂരി വിവർത്തനമാണ്. ആറു ദിവസത്തെ പോലീസ് തടവിലടക്കപ്പെട്ട ചിംഗിസിനുമേൽ ആരോപിക്കപ്പെട്ടതു, ‘കുറ്റകരമായ ഗൂഢാലോചന’, ഭരണകൂടത്തോടുള്ള വിരോധം’, ‘സമുദായങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ’, ‘സൈന്യത്തിൽ കലാപശ്രമം’ എന്നിങ്ങനെയുള്ള 124A, 153A, 505, 120B ഐ.പി.സി സെക്ഷനുകളാണ്.
പങ്കൽ എന്നറിയപ്പെടുന്ന മണിപ്പൂരി മുസ്‌ലിംകളുടെ അരികുവൽക്കരണത്തെക്കുറിച്ചും ഭരണകൂട-മാധ്യമ വേട്ടകളെക്കുറിച്ചും ഗവേഷണം നടത്തുന്ന ചിംഗിസ് ഖാൻ, ധാരാളം ലേഖനങ്ങൾ പ്രമുഖ പത്രങ്ങളിൽ എഴുതുകയും വിവിധ അക്കാദമിക സെമിനാറുകളിൽ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സാമൂഹിക-രാഷ്ട്രീയ-വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിൽ മണിപ്പൂരിലെ മറ്റെല്ലാ സമുദായങ്ങളെക്കാളും പിന്നാക്കമായ പങ്കൽ വിഭാഗത്തിന്റെ ഡൽഹിയിലെ പ്രതിനിധിയായ ചിംഗിസ്, അവരുടെ പ്രശ്നങ്ങളെ മുഖയാധാരയിലെത്തിക്കുവാൻ കഠിനമായി പരിശ്രമിക്കുന്നു.
ഡൽഹിയിലെ മണിപ്പൂർ മുസ്‌ലിം സംഘടനകളുടെ ഇടയിൽ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ചിംഗിസ്, സമരങ്ങളിലും പ്രതിഷേധങ്ങളിലും സജീവമാണ്. മണിപ്പുരിൽ നാലു നൂറ്റാണ്ടിന്റെ ചരിത്രപൈതൃകമുള്ള പങ്കൽ സമുദായത്തിന്റെ സ്വത്വ-പ്രതിസന്ധി, അസന്തുലിത രാഷ്ട്രീയ-പ്രാതിനിധ്യം, അവർക്കെതിരെ നടത്തുന്ന ഭൂരിപക്ഷ-ഹിംസ, മാധ്യമ വേട്ട, കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾ എന്നിവയെ സംബന്ധിചുള്ള ചിംഗിസിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും ഒരേസമയം മണിപ്പൂർ സർക്കാരിന്റെ അരികുവൽക്കരണത്തിനും മൈതി-ഭൂരിപക്ഷത്തിന്റെ കുപ്രചാരണങ്ങൾക്കെതിരെയുമുള്ളതാണ്. 1993ലെ പങ്കൽവിഭാഗത്തിനെതിരെ ഹിന്ദു-ഭൂരിപക്ഷമായ മൈതിസമുദായം നടത്തിയ വംശഹത്യ പ്രാതിനിധ്യം അരക്ഷിതാവസ്ഥയെ തുറന്നുകാട്ടുന്നു. പൗരത്വ ഭേദഗതി നിയമത്തിന്റെ മറപിടിച്ചുകൊണ്ടു, പങ്കലുകളുടെ ജനസംഖ്യ വർദ്ധനവിന്റെ കാരണം മ്യാൻമറിൽ നിന്നുള്ള റോഹിൻഗ്യ- മുസ്‌ലിംകളുടെ കുടിയേറ്റമാണെന്ന യാഥാർഥ്യവിരുദ്ധമായ പ്രോപഗണ്ടകൾ അഴിച്ചുവിടുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനായി നടന്ന വ്യാപക അറസ്റ്റുകൾക്കു ശേഷം, പുതിയ കാരണങ്ങളുണ്ടാക്കി മുസ്‌ലിം ബൗദ്ധിക-രാഷ്ട്രീയ നേതൃത്വത്തെ നിശബ്ദമാക്കുവാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. ജെ.എൻ.യു വിലെ തന്നെ വിദ്യാർത്ഥിയായ ഷർജീൽ ഇമാം രണ്ടു മാസത്തിലധികമായി പ്രസംഗത്തിന്റെ പേരിൽ അന്യായമായി ജയിലിലടക്കപ്പെട്ടിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് പോലീസ് ഡോ. കഫീൽ ഖാൻ, മൗലാനാ താഹിർ മദനി, ഉമർ ഖാലിദ് എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
മൗലാനാ താഹിർ മദനി മീരാന്‍ ഹൈദര്‍ സഫൂറ സര്‍ഗര്‍
ജനുവരിയിൽ നടത്തപ്പെട്ട ദൽഹി വംശഹത്യയുടെ യഥാർത്ഥ ആസൂത്രകർ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ്, ഖാലിദ് സൈഫിയെയും, ആശു ഖാനെയും, ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികളായ മീരാൻ ഹൈദറിനെയും സഫൂറ സർഗറിനെയും കെട്ടിച്ചമച്ച കേസുകളുടെ പേരിൽ തടവിലാക്കിയത്.
അഖിൽ ഗോഗോയ് അടക്കമുള്ള രാഷ്ട്രീയ തടവുകാർക്കെതിരെ ഒന്നിന്പിറകെ ഒന്നായി ആരോപണങ്ങൾ ഉയർത്തികൊണ്ട് അനിശ്ചിത കാലത്തേക്ക് ജയിലിലടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരുകൾക്കെതിരെയുള്ള നിസ്സാര-വിമർശനം പോലും കുറ്റകൃത്യമായി കണക്കാക്കുന്ന -ജനപിന്തുണയോടുകൂടെ- സാഹചര്യമാണ് നാം വീക്ഷിക്കുന്നത്. സർവ്വ നിയന്ത്രണ സ്വഭാവത്തിലുള്ള ‘അടച്ചിടൽ’ പ്രക്രിയ ജനതയുടെ ആവിഷ്കാര-സ്വാതന്ത്ര്യത്തിന്റെ ലംഘനത്തിന് ന്യായമായി മാറുന്നു. ലോക്‌ഡോൺ ആരംഭിച്ചതിന്റെ ഉടനെത്തന്നെ ഷാഹീൻ ബാഗ് പ്രക്ഷോഭവേദി തകര്‍ത്തതിലൂടെ എന്താണ് അവരുടെ പ്രാഥമികലക്ഷ്യമെന്ന് വ്യക്തമാക്കുന്നു.
മറ്റൊരർത്ഥത്തിൽ, ഒച്ചവെക്കുന്ന തെരുവുകളോട് സ്റ്റേറ്റ് ആജ്ഞാപിക്കുന്നത് വീട്ടിലിരിക്കുവാനാണ്. മണിപ്പൂരിൽ ഭരണകൂട-വിമർശനത്തിന്റെ പേരിൽ ഇതുവരെ തടവിലാക്കപ്പെട്ടത് ചിംഗിസ് അടക്കം അഞ്ചുപേരാണ്. ചിംഗിസ് ഖാന്റെ ലേഖനത്തെ കുറിച്ച് പോലീസ് പറയുന്നത് അതിന്റെ തലക്കെട്ട് പ്രകോപനപരമാണെന്നും സമുദായസ്പർദ്ധക്ക് കാരണമാവുമെന്നുമാണ്. അതേസമയം, പോലീസ് പത്രാധിപരെക്കൊണ്ട് ക്ഷമാപണം നടത്തിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കൊണ്ടിരിക്കുന്ന ‘അടച്ചിടൽ’ പ്രകിയ എതിർവാക്കുകൾ അപ്രത്യക്ഷമാകുന്ന അപ്രഖ്യാപിത അടിയന്താവസ്ഥയിലേക്ക് അതിവേഗം നീങ്ങുന്നു. ചിംഗിസിന്റെ ഖാൻ അടക്കമുള്ള രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി ഉയർത്തുന്ന ശബ്ദങ്ങൾ ഭരണകൂട-വിമർശനത്തിനായുള്ള പ്രക്ഷോഭങ്ങളായി മാറ്റുകയും അടിയന്തരാവസ്ഥയെ വെല്ലുവിളിക്കുകയും ചെയേണ്ടത് കാലം നമ്മോട് ആവശ്യപ്പെടുന്നു.