പൗരത്വ സമരത്തിന്റെ നാള്‍വഴികള്‍ – 02

ഭാഗം ഒന്ന്- ക്ലിക്ക് ചെയ്യുക

ജനുവരി 01, 2020

*ഡൽഹി ഷഹീൻ ബാഗിൽ പൗരത്വനിയമവിരുദ്ധ മുദ്രാവാക്യങ്ങളോടെ പുതുവര്ഷത്തിന് തുടക്കമായി. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറു കണക്കിനാളുകൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ഷഹീൻ ബാഗിൽ എത്തി.

*കേരളത്തിൽ 13 ഓളം മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ വെച്ച് പൗരത്വ നിയമത്തിനെതിരെ അഞ്ചു ലക്ഷത്തോളം പേര്‍ അണിനിരന്ന റാലി നടന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ, കേരള മുസ്ലിം ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ , മുസ്ലിം ലീഗ് തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൻ , ജിഗ്‌നേഷ് മേവാനി തുടങ്ങിയവർ മുഖ്യാതിഥികളായി.

*പൗരത്വസമരത്തിന്റെ പേരില്‍ യുപിയില്‍ 25 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ജനുവരി 03, 2020

*കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ അഭ്യർഥിച്ചു കൊണ്ട് 11 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതി. കേരളത്തിന്റെ പാത പിന്തുടരാൻ അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.

ജനുവരി 04, 2020

*കോണ്‍ഗ്രസ്‌ പ്രവർത്തക സദഫ് ജാഫർ. മുൻ ഐപിഎസ്‌ ഓഫിസർ ദരാപുരി തുടങ്ങിയവർക്ക് ജാമ്യം ലഭിച്ചു. പൗരത്വ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തിന് ഇവർ നേരത്തെ അറസ്റ്റിൽ ആയിരുന്നു.

*ഹൈദരാബാദിലും ബാംഗളൂരുവിലും ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലികൾ സംഘടിപ്പിക്കപ്പെട്ടു.

 ജനുവരി 05, 2020

*പൗരത്വനിയമത്തെ ന്യായീകരിക്കാന്‍ ബിജെപി ഗൃഹസന്ദര്‍ശനമടക്കമുള്ള വ്യാപക പ്രചരണത്തിന് തുടക്കമിട്ടു.

ജനുവരി 06, 2020

*മഹാരാഷ്ട്രയിലെ മലേഗാവിൽ 50000 ൽ അധികം സ്ത്രീകൾ പങ്കെടുത്ത പൗരത്വ നിയമതിനെതിരെയുള്ള  പ്രതിഷേധ റാലി നടന്നു.

*ഇന്ത്യയൊട്ടാകെ വമ്പിച്ച പ്രതിഷേധപരിപാടികള്‍ അരങ്ങേറിയ ദിവസമായിരുന്നു ജനുവരി 6.

ജനുവരി 07, 2020

*തമിഴ്‌നാട് നിയമസഭയില്‍ നിന്നും സ്റ്റാലിനടങ്ങുന്ന ഡിഎംകെ നേതാക്കള്‍ സഭ ബഹിഷകരിച്ചു വാക്ഔട്ട് നടത്തി.

ജനുവരി 08, 2020

*നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർഥ്യ സെൻ CAA ഭരണഘടനാവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു.

ജനുവരി 09, 2020

*ബംഗാളിലെ മധ്യംഗ്രാമില്‍ മമത ബാനര്‍ജി വമ്പിച്ച റാലി സംഘടിപ്പിച്ചു.

ജനുവരി 10, 2020

*ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു.

*ശഹീൻബാഗ് ഒഴിപ്പിക്കണമെന്ന ഒരു കൂട്ടരുടെ വാദത്തെ ഡൽഹി ഹൈക്കോടതി തള്ളി.

*ബംഗ്ലൂരില്‍ ബിജെപി നേതാക്കള്‍ പ്രതിഷേധക്കാരായ വിദ്യാര്‍ഥിനികളെ അധിക്ഷേപിച്ചു. ദൃശ്യങ്ങള്‍ ചര്‍ച്ചയായി.

ജനുവരി 11, 2020

*ത്രിപുരയിലും കൊൽക്കത്തയിലും ഹൈദറാബാദിലും പൗരത്വ പ്രക്ഷോഭങ്ങൾ നടന്നു. കൊൽക്കത്തയിൽ പ്രക്ഷോഭകർ നരേന്ദ്ര മോഡിയെ തടഞ്ഞു.

*ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അരുന്ധതി റോയ് സമരമുഖത്തെത്തി.

ജനുവരി 12, 2020

*ഡൽഹി ജന്തർ മന്തറിൽ വെച്ച് ഭീം ആർമി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ, ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിന്റെ മോചനത്തിനായി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ജമാ മസ്ജിദിൽ വെച്ചായിരുന്നു അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.

*മുംബൈയിൽ ആയിരങ്ങൾ പങ്കെടുത്ത പൗരത്വ പ്രതിഷേധ റാലി നടന്നു

ജനുവരി 13, 2020

*പ്രതിപക്ഷ കക്ഷികള്‍ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

ജനുവരി 13, 2020

*കേരള സർക്കാർ  ഭരണഘടനയുടെ 131ആം സെക്ഷന് കീഴിൽ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ  ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആദ്യമായി കോടതിയെ സമീപിച്ച സംസ്ഥാനമായി കേരളം മാറി.

*പ്രയാഗരാജിൽ അയ്യായിരത്തോളം സ്ത്രീകൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.

ജനുവരി 14, 2020

*മൈക്രോസോഫ്റ്റ് സിഇഒ സത്യ നടേല സിഎഎക്കെതിരെ രംഗത്തുവന്നു.

ജനുവരി 15, 2020

*കിഴക്കന്‍ ദില്ലിയിലെ ഖുറേജിയില്‍ സ്ത്രീകളുടെ വന്‍ പ്രതിഷേധം അരങ്ങേറി.

*ഫെബ്രുവരി 16 വരെ ഒരു പ്രതിഷേധത്തിന്റെയും ഭാഗമാവരുത് എന്ന ഉപാധിയോടെ ചന്ദ്രശേഖർ ആസാദ് തിഹാർ ജയിലിൽ നിന്നും മോചിതനായി.

ജനുവരി 16, 2020

*ബിജെപി പ്രവർത്തകരെ നുണയർ എന്നു വിളിച്ചതിന് ചരിത്രകാരൻ ഇർഫാൻ ഹബീബിന് ലീഗൽ നോട്ടീസ് നൽകി.

*മംഗലാപുരത്തെ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ടുകളുമായി കടലില്‍ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.

*ചെന്നൈയിൽ പോലീസ് എല്ലാ തരത്തിലുമുള്ള പ്രതിഷേധ സംഗമങ്ങളും 15 ദിവസത്തേക്ക് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി.

ജനുവരി 17, 2020

*മുംബൈ സിറ്റിസൻ കോറത്തിന്റെ നേതൃത്വത്തിൽ മുംബൈയിൽ ഷഹീൻ ബാഗ് മാതൃകയിൽ സമരങ്ങൾ ആരംഭിച്ചു.

*ഷഹീന്‍ബാഗില്‍ നാല്‍പത് അടി ഉയരമുള്ള ഇരുമ്പില്‍ തീര്‍ത്ത ഇന്ത്യയുടെ ഭൂപടം സ്ഥാപിച്ചു.

ജനുവരി 18, 2020

*അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ അമിത്ഷായുടെ കോലം കത്തിച്ചും ത്രിവര്‍ണ ബലൂണുകളുയയര്‍ത്തിയും സമരം നടന്നു.

ജനുവരി 19, 2020

*ജാമിയ യൂണിവേഴ്‌സിറ്റിയിൽ നിന്നും ശഹീൻബാഗിലേക്ക്  നൂറുകണക്കിനാളുകൾ മെഴുകുതിരികൾ തെളിച്ചു പ്രതിഷേധ റാലി നടത്തി.

*ജർമനിയിലെ ബർലിനിൽ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ സിഎഎ ക്കും എന്‍ആര്‍സിക്കും ജെഎന്‍യുവിലെ അക്രമ സംഭവങ്ങൾക്കുമെതിരെ പ്രതിഷേധം സംഘടിപ്പിച്ചു..

*രാജസ്ഥാനിലെ കോണ്ഗ്രസ് സർക്കാർ സംസ്ഥാനത്ത് സിഎഎ വിരുദ്ധ പ്രമേയം പാസാക്കാൻ തീരുമാനിച്ചു.

*ലക്‌നൗവിലെ ക്ലോക്ക് ടവറില്‍ സ്ത്രീകളുടെ പ്രതിഷേധം.

ജനുവരി 20, 2020

*സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പും അംബേഡ്കർ ഇന്റർനാഷണൽ മിഷനും ലണ്ടനിൽ സംഘടിപ്പിച്ച മീറ്റിംഗിൽ നിരവധി ലേബർ പാർട്ടി പ്രതിനിധികൾ തങ്ങളുടെ പൗരത്വ നിയമത്തെക്കുറിച്ചുള്ള ഉത്കണ്ഠ അറിയിച്ചു.

*ബിജെപി നേതാവ് ദിലീപ് ഘോഷ് അമ്പത് ലക്ഷം മുസ്‌ലിംകളെ ഇന്ത്യയില്‍ നിന്ന് നാട്കടത്തുമെന്ന വിവാദ പ്രസംഗം നടത്തി.

ജനുവരി 22, 2020

*സുപ്രീംകോടതി പൗരത്വനിയമത്തിന് സ്റ്റേയില്ലെന്ന് ഉത്തരവിട്ടു.

*ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ശഹീൻബാഗ് സന്ദർശിച്ചു.

ജനുവരി 24, 2020

*മഹാരാഷ്ട്രയിൽ വഞ്ചിത് ബഹുജൻ അഘടിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര ബന്ദ്. പൗരത്വ നിയമത്തിനും ബിജെപി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കുമെതിരെ ആയുരുന്നു ബന്ദ്.

ജനുവരി 25, 2020

*ഇന്ത്യൻ പ്രവാസി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ലണ്ടനിൽ ഇന്ത്യൻ ഹൈ കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.

ജനുവരി 26, 2020

*കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ പൗരത്വ നിയമത്തിനെതിരെ മനുഷ്യ ചങ്ങല സംഘടിപ്പിക്കപ്പെട്ടു. 620 കിലോ മീറ്റർ നീളമുള്ള മനുഷ്യ ചങ്ങലയിൽ 60 മുതൽ 70 ലക്ഷം വരെ ആളുകൾ പങ്കെടുത്തു.

*ഡൽഹി, മുബൈ, ഹൈദരാബാദ്, ലണ്ടൻ, ചിക്കാഗോ എന്നിവിടങ്ങളിൽ റിപ്പബ്ലിക്ക് ദിനത്തിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ നടന്നു.

*ഷഹീന്‍ബാഗില്‍ റിപ്പബ്ലിക് ദിന പതാകയുയര്‍ത്തി പതിനായിരങ്ങള്‍ സമരത്തില്‍ പങ്കുകൊണ്ടു.

 ജനുവരി 27, 2020

*ദേശ് കെ ദദ്ദാരോം കോ.. ഗോലി മാരോ സാലോം കോ എന്നാക്രോശിച്ചു കൊണ്ട് ബിജെപി നേതാവ് കപില്‍ മിശ്രയും അനുയായികളും പൊതുപരിപാടി നടത്തി.

ജനുവരി 28, 2020

*ആസാമിൽ റോഡുകൾ ബ്ലോക്ക് ചെയ്ത് സമരം ചെയ്യണമെന്നു പറഞ്ഞതിന് UAPA ചുമത്തപ്പെട്ട വിദ്യാര്‍ഥി നേതാവ്‌ ഷർജിൽ ഇമാം ഡൽഹി പൊലീസിന് കീഴടങ്ങി. അന്വേഷണവുമായി സഹകരിക്കുമെന്നും നീതി ന്യായ വ്യവസ്ഥയിൽ പൂർണമായും വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 29, 2020

*അലിഗഡിൽ CAA വിരുദ്ധ പ്രക്ഷോഭത്തിനിടെ അമിത് ഷായെ വിമർശിച്ചതിന് ഡോക്ടർ കഫീൽ ഖാനെ മുംബൈയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

*ഭാരത ബന്ദ്, 250ഓളം പേര്‍ പൂനെയില്‍ അറസ്റ്റിലായി.

ജനുവരി 30, 2020

*ഡൽഹി ജാമിയ മില്ലിയയിൽ പൗരത്വ സമരത്തിന് നേരെ സംഘ്പരിവാര്‍ തീവ്രവാദി വെടിയുതിർത്തു. ആർക്കാണ് ആസാദി വേണ്ടത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ഇയാൾ വെടി വെച്ചത്. ഇയാൾ ഡൽഹി പോലീസ് സിന്ദാബാദ് എന്നും ജയ് ശ്രീറാം എന്നും മുദ്രാവാക്യങ്ങൾ മുഴക്കി. ഒന്നാം വർഷ മാസ് മീഡിയ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി ജമ്മു കാശ്മീർ സ്വദേശി ഷാഹിൻ നജാറിന് ഇയാളുടെ ആക്രമണത്തിൽ കയ്യിന് പരിക്കേറ്റു.

*ബിഹാർ പോലീസ് കനയ്യ കുമാറിനെ  ചാമ്പരനിൽ വെച് അറസ്റ്റു ചെയ്തു.

ജനുവരി 31, 2020

*കര്‍ണാടകയിലെ ബിദറില്‍ സിഎഎ വിരുദ്ധ നാടകം കളിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെയും അധ്യാപികയെയും രക്ഷിതാവിനെയും അറസ്റ്റു ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഫെബ്രുവരി 01, 2020

*ഷഹീൻ ബാഗിൽ അജ്ഞാതന്റെ വെടിവെപ്പ്. ഹിന്ദു രാഷ്ട്ര സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഇയാൾ വെടി ഉതിർത്തത്.

*CAA ഇൻഡ്യൻ ഭരണഘടനക്കും മനുഷ്യവകാശങ്ങൾക്കും എതിരാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കി.

*കേരളത്തില്‍ ആദ്യമായി ചന്ദ്രശേഖര്‍ ആസാദ് പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച സമരപരിപാടിയില്‍ എത്തി.

ഫെബ്രുവരി 02, 2020

*ജാമിയായിലെ ഗേറ്റ് നമ്പർ അഞ്ചിൽ അജ്ഞാതരായ രണ്ടു പേർ സ്കൂട്ടറിൽ എത്തി വെടിയുതിർത്തു. ഇതിനെ തുടർന്ന് വിദ്യാർഥികളും പ്രദേശ വാസികളുമായ നൂറു കണക്കിന് പേര് ജാമിയ നഗറിൽ പ്രതിഷേധതിനായി  ഒരുമിച്ചു കൂടി.

ഫെബ്രുവരി 03, 2020

*മുംബൈയില്‍ ഷര്‍ജീല്‍ ഇമാമിനെ അനുകൂലിച്ച് മുദ്രവാക്യം മുഴക്കിയതിന്റെ പേരില്‍ അമ്പതോളം വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

ഫെബ്രുവരി 05, 2020

*ഷഹീന്‍ബാഗില്‍ സിഖ് സഹോദരങ്ങള്‍ ഐക്യദാര്‍ഢ്യവുമായെത്തി.

*കേരളത്തില്‍ സംഘ്പരിവാര്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചതിന്റെ പേരില്‍ പോലീസ് വ്യാപകമായി കേസുകളെടുത്തു.

ഫെബ്രുവരി 09, 2020

*പ്രശസ്ത ചരിത്രകാരി റോമീല താപ്പർ ഷഹീൻ ബാഗ് സന്ദർശിക്കുകയും സമരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.

*സിയാറ്റിലും കേംബ്രിഡ്ജും സിഎഎക്കെതിരെ പ്രമേയം പാസാക്കി.

ഫെബ്രുവരി 10, 2020

*ഡൽഹി ജാമിയ മില്ലിയ വിദ്യാർഥികൾ പാർലിമെന്റ് മാർച്ച് സംഘടിപ്പിച്ചു.ഡൽഹി പൊലീസ് മാർച്ച് തടയുകയും വിദ്യാർഥികളെ അറസ്റ്റു ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗങ്ങളിലടക്കം പോലീസ് ക്രൂരമായ മര്‍ദിച്ചു.

ഫെബ്രുവരി 12, 2020

*ജാമ്യം അനുവദിച്ചിട്ടും കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കിയില്ല.

ഫെബ്രുവരി 14, 2020

*സിനിമാ സംവിധായകൻ അനുരാഗ് കശ്യപ് ജാമിയ മിലിയ വിദ്യാർഥികളുടെ സമരത്തിന് ഐക്യദാർഢ്യം അറിയിക്കുവാൻ എത്തി

 ഫെബ്രുവരി 15, 2020

*രണ്ടു ലക്ഷത്തിലധികം ആളുകൾ മുംബൈയിലെ  ആസാദ് മൈദാനത്തിൽ പൗരത്വ നിയമത്തിനെതിരെ ഒരുമിച്ചു കൂടി. CAA , NRC, NPR എന്നിവക്കെതിരെയുള്ള ദേശീയ കൂട്ടായ്മയുടെ മുംബൈ ചാപ്റ്റർ ആണ് പരിപാടി സംഘടിപ്പിച്ചത്.

*ചെന്നൈയിലെ ഷഹീന്‍ബാഗ് മോഡല്‍ സമരപ്പന്തലില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി, സമരക്കാരെ തല്ലിച്ചതച്ചു. അന്നു അര്‍ദ്ധരാത്രിയോടെ തമിഴ്‌നാട്ടില്‍ നൂറോളം സമരപ്പന്തലുകളുയര്‍ന്നു.

ഫെബ്രുവരി 22, 2020

*മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സിഎഎക്കെതിരെ സംസ്ഥാനത്ത് പ്രമേയം പാസാക്കുവാൻ തീരുമാനമെടുത്തു.

ഫെബ്രുവരി 23, 2020

*ഡൽഹിയിലെ ജാഫറാബാദ് മെട്രോ സ്റ്റേഷനിൽ സ്ത്രീകളുടെ പ്രതിഷേധം നടന്നു

ഫെബ്രുവരി 24, 2020

*ഡൽഹിയിൽ സംഘ്പരിവാറിന്റെയും പോലീസിന്റെയും ഒത്താശയോടെ മുസ്‌ലിംകൾക്കെതിരെ കടുത്ത ആക്രമണങ്ങളുണ്ടായി. പൗരത്വ സമരത്തിൽ പങ്കെടുത്ത മുസ്‌ലിംകളുടെ വീടുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. അൻപതോളം പേർ ഈ സംഘപരിവാർ കലാപത്തിൽ തലസ്ഥാനത്തു കൊല്ലപ്പെട്ടു.ഡൽഹിയിലെ നോർത്ത് ഈസ്റ്റ് ഭാഗത്തായിരുന്നു അക്രമം.

ഫെബ്രുവരി 25, 2020

*ഡൽഹിയിലെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ സംഘപരിവാർ വീണ്ടും ആക്രമണങ്ങൾ നടത്തുന്നു. നൂറുകണക്കിനാളുകള്‍ മാരകമായി പരിക്കേറ്റു. രണ്ടു മസ്ജിദുകളും ഇവർ തകർത്തു. മസ്ജിദുകൾക്കു മേൽ കാവിക്കൊടി കെട്ടുകയും ചെയ്തു.

ഫെബ്രുവരി 26, 2020

*ഖുറേജ് ഖാസിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ ആക്ടിവിസ്റ്റ് ഖാലിദ് സൈഫിയെ പോലീസ് അറസ്റ്റു ചെയ്തു. വധശ്രമംആരോപിച്ചാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കേസിൽ കുടുക്കി പോലീസ് ഇയാളെ മാരകമായി മർദിച്ചു.

*ഡൽഹി കലാപത്തിൽ പരിക്കേറ്റവർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുവാനും ഡൽഹി കലാപത്തിന്റെ ആസൂത്രകരായ രാഷ്ട്രീയ നേതാക്കളെ കണ്ടെത്തുവാനും ഡൽഹി ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടു.

ഫെബ്രുവരി 27, 2020

*തലേ ദിവസം കലാപത്തിന്റെ ആസൂത്രകരെ കണ്ടെത്താൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി  ജഡ്ജി എസ് മുരളീധരിനെ രാഷ്ട്രപതി സ്ഥലം മാറ്റി.

മാര്‍ച്ച് 03, 2020

*പൗരത്വ ഭേദഗതി നിയമത്തിന്റെ കേസിൽ തങ്ങളെയും ഒരു പാർട്ടിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ ഹൈ കമ്മീഷണർ സുപ്രീം കോടത്തിക്ക് അപേക്ഷ നൽകി.

മാര്‍ച്ച് 05, 2020

*ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഹോളിയാഘോഷങ്ങള്‍ക്ക് ശേഷമാകാമെന്ന് സ്പീക്കര്‍ സഭയില്‍.

മാര്‍ച്ച് 06, 2020

*ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മലയാളം ചാനലുകളായ ഏഷ്യാനെറ്റിനെയും മീഡിയ വണ്ണിനെയും കേന്ദ്രം നാല്പത്തി എട്ടു മണിക്കൂർ നിരോധിച്ചു. ഇത് രാജ്യമൊട്ടാകെ വ്യാപക പ്രാറ്ജിഷേധങ്ങൾക്ക് തിരി കൊളുത്തി. കേന്ദ്രത്തിന് ഒടുവിൽ വിലക്ക് പിൻവലിക്കേണ്ടതായി വന്നു.

മാര്‍ച്ച് പകുതിയോടെ കേന്ദ്രസര്‍വകലാശാലകളടങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് ഭീതിയില്‍ അടച്ചു. ഡല്‍ഹി വംശഹത്യയുടെ പേരില്‍ മുസ്‌ലിം സമരനേതാക്കളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്ന നടപടി കോവിഡ് അടച്ചുപൂട്ടലിനിടയിലും തുടരുന്നു.

മാര്‍ച്ച് 24, 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഡൽഹിയിലെ ഷഹീൻ ബാഗ് ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊളിച്ചു നീക്കി. എന്നാൽ ഇതിന് ശേഷവും പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്ന് സമരക്കാർ അറിയിച്ചു.

By ആദില നാസര്‍

Under Graduate Student, Political Science, Kerala Varma college, Thrissur