കാലം അംബേദ്‌കറെ തേടുകയാണ്‌

രാജ്യത്തിന്റെ ഭരണഘടനാ ശില്പിയായ ദാദാസാഹെബ് ഭീംറാവു അംബേദ്കറിന്റെ ജന്മ വാർഷികമായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ 14. ദേശീയതയെ ബിംബവൽകരിക്കുന്നതിനെതിരെ നിരന്തരം ശബ്ദിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ദളിതുകളുടെ വിമോചനം സാധ്യമാകാൻ സാമൂഹികമായി വരേണ്യത്വം അനുഭവിക്കുന്നവരുടെ നീതിബോധ്യങ്ങളിൽ അല്പം പോലും മാറ്റം വന്നിട്ടില്ലെന്ന് അംബേദ്കർ മനസ്സിലാക്കി. ആ ബോധ്യത്തിൽ നിന്നാണ് മഹാത്മാഗാന്ധിയുടെ സമാധാനപരമായ ധാർമിക വാദങ്ങളെ വരെ അദ്ദേഹം തുറന്നെതിർക്കുന്നത്. അടിച്ചമർത്തലുകളും പീഡനങ്ങളും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തിൽ നിന്നും ദളിതരെ മോചിപ്പിച്ച്  സാമൂഹികാവകാശങ്ങളിലും രാഷ്ട്രീയാധികാരങ്ങളിലും അവർക്ക് തുല്യനീതി ഉറപ്പാക്കണമെന്ന്‌ അംബേദ്കർ ആഗ്രഹിച്ചു. തികച്ചും ജനാധിപത്യപരമായ ഈ വാദം ഉന്നയിച്ചത് മൂലം വില കുറഞ്ഞ രാഷ്ട്രീയ പ്രവർത്തിയെന്ന പഴി കേൾക്കാനും പലപ്പോഴും  അംബേദ്കർ വെറുമൊരു ദളിത് നേതാവായി ഒതുക്കപ്പെടാനും കാരണമായി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അംബേദ്‌കർ തന്റെ രാഷ്ട്രീയ തത്വചിന്തയെ വിന്യസിച്ചത് മൂന്ന് തരത്തിലാണെന്ന് കാണാം.
ഒന്ന്, ആധുനിക ഭരണഘടനയുടെ യുക്തിപരവും ക്ഷേമപരവുമായ നിർദേശങ്ങളിലൂടെ കൂടുതൽ ഫലപ്രദമായ സാമൂഹിക മാറ്റമുണ്ടാക്കിയെടുക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. രണ്ട്, ദലിതുകൾ ഒരു പ്രബല രാഷ്ട്രീയ ശക്തിയായി വളരുമെന്നും അവർ ജനാധിപത്യ സംവിധാനത്തിൽ പങ്കാളികളാകുമെന്നും അദ്ദേഹം കരുതി. മൂന്ന്, ബുദ്ധമതത്തിലൂടെ ഇന്ത്യയുടെ ശോഭനമായ ധാർമികമായ ഭൂതകാലത്തെ വീണ്ടെടുക്കാനാകുമെന്നും അതുവഴി സ്വതന്ത്ര്യം, സമത്വം, സാഹോദര്യം (Liberty, Equality, Fraternity) ഉൾപ്പെടെയുള്ള മൂല്യങ്ങളെ സ്ഥാപിക്കാനാകുമെന്നും അദ്ദേഹം കണക്കുകൂട്ടി.

ഉദാരവൽകരണത്തിന് ശേഷമുള്ള കാലത്തും ഒരുപാട് സമുദായങ്ങൾ കീഴാളരുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വേണ്ടി വാദിച്ച ചിന്തകരുടെ കേന്ദ്രസ്ഥാനത്ത് അംബേദ്കറെയാണ് പ്രതിഷ്ഠിച്ചത്. ദളിത്, ദളിത് ഇതര സാമൂഹിക പ്രസ്ഥാനങ്ങൾക്ക്‌ അദ്ദേഹം പലപ്പോഴും ദേശീയതയുടെ പ്രതീകവും തങ്ങളുടെ രക്ഷകനായ ഹീറോയും ആയിരുന്നു. പക്ഷേ, സാമൂഹികമായി പാർശ്വവൽകരിക്കപ്പെട്ട സമൂഹങ്ങൾ പ്രബലമായൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്ന അംബേദ്കറിന്റെ സ്വപ്നം ഒരിക്കലും പൂവണിഞ്ഞില്ല. ഹിന്ദുത്വ സംഘടനകൾ അംബേദ്കറെ കൈവശപ്പെടുത്തി തങ്ങളുടെ സാംസ്കാരിക പ്രതീകമാക്കി അവതരിപ്പിച്ചത് ദളിത് മുന്നേറ്റങ്ങൾക്ക് വലിയ ക്ഷീണം വരുത്തി. അത് ഒട്ടേറെ ദളിത് സമൂഹങ്ങളെ ഹിന്ദുത്വയിലേക്ക്‌ ആകർഷിക്കുകയും ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങളെ ഉപരിപ്ലവവും അപ്രധാനവുമാക്കി തീർക്കുകയും ചെയ്തു.

അംബേദ്കർ സ്ഥാപിച്ച അവസാനത്തെ രാഷ്ട്രീയ സംഘടനയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ അതിന്റെ തുടക്കകാലത്തു തന്നെ ഇല്ലാതായി. ഇതിന് ഒരു ശക്തമായ ബദൽ ആയി ഉയർന്നുവന്ന ദളിത് പാന്തേഴ്‌സ് എന്ന സംഘടനക്കും ഏറെക്കാലം ആയുസ്സുണ്ടായില്ല. യുപിയിൽ കൻഷി റാമും ശേഷം മായാവതിയും ബിഎസ്പിയിലൂടെ പുതിയൊരു രാഷ്ട്രീയ ബദൽ വികസിപ്പിച്ചെങ്കിലും കഴിഞ്ഞ ഒരു ദശകമായി അതിന് കാര്യമാത്ര പിന്തുണയില്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലാകട്ടെ അംബേദ്കറൈറ്റ് രാഷ്ട്രീയ മുന്നേറ്റങ്ങൾ ഇപ്പോഴും ശൈശവ ദശയിലാണ്.

നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ അംബേദ്കറുടെ തീവ്രമായ ജാതിവിരുദ്ധ മുഖം ബോധപൂർവം മറച്ചുവെച്ച് അദ്ദേഹത്തെ ഒരു ഹിന്ദു പരിഷ്കരണവാദിയും ദേശീയവാദിയുമായി അവതരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായി.

ഭരണഘടനാപരമായ മൂല്യങ്ങളോടും അംബേദ്കറുടെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങളോടും യോജിപ്പുള്ളവരാണ് തങ്ങളെന്ന് കാണിക്കാൻ മോദിയും ബിജെപിയും പണിപ്പെട്ടു ശ്രമിച്ചു. 2017 ഏപ്രിൽ 14 ന്‌ മോദി നാഗ്പൂരിലെ ദീക്ഷഭൂമി സന്ദർശിച്ചതും ഒട്ടേറെ ദളിത് ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചതും അത്തരമൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. അംബേദ്കറോടും അനുയായികളോടുമുള്ള തങ്ങളുടെ ആത്മാർത്ഥത തെളിയിക്കാനെന്നോണം  രാജ്യത്താകമാനം മോദിയും അദ്ദേഹത്തിന്റെ സർക്കാരും ഒരുപാട് സ്മാരകങ്ങളും പ്രതിമകളും നിർമിക്കുകയും സാംസ്കാരിക ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലും യുപിയിലും ബിഹാറിലും ബിജെപി തങ്ങളുടെ ദളിത് അനുകൂല സോഷ്യൽ എൻജിനീയറിംഗ് വിജയകരമായി പരീക്ഷിക്കുകയുണ്ടായി. ‘സമരാസ്ത്’ എന്ന പേരിൽ ഒരു പദ്ധതി തന്നെ ദുർബല വിഭാഗങ്ങളെ തങ്ങളുടെ ഹിന്ദുത്വ പദ്ധതിയുമായി കൂട്ടിയിണക്കാനായി ആർഎസ്എസ് വിഭാവനം ചെയ്തു. ദലിത് വിഭാഗങ്ങൾക്കുള്ളിൽ തന്നെയുള്ള വിഭാഗീയത പലപ്പോഴും അവരിലെ അടിസ്ഥാന വിഭാഗങ്ങളെ തങ്ങളുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക്‌ കൊണ്ടുവരാൻ ബിജെപിക്ക്‌ സഹായകരമാകുകയായിരുന്നു.

എൻഡിഎയുടെ പ്രതിനിധിയായി രാഷ്ട്രപതി സ്ഥാനത്തിരിക്കുന്ന രാംനാഥ് കോവിന്ദും എൻഡിഎ സഖ്യ കക്ഷികളായ രാം വിലാസ് പാസ്വാനും രാംദാസ് അത്തേവാലെയുമെല്ലാം ബിജെപിയുടെ രാഷ്ട്രീയ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ആർഎസ്എസിന്റെ വർഗ്ഗീയ സ്വഭാവത്തെപ്പറ്റി ഒട്ടും ആശങ്കയില്ലാതെ അവരുടെ രാഷ്ട്രീയ ഭാഷ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ ദളിത് യുവ നേതൃത്വങ്ങളിൽ പലരും.

മുമ്പത്തേക്കാളുപരി ദളിത് മധ്യവർഗത്തിനും നവ ബുദ്ധിസ്റ്റുകൾക്കുമിടയിൽ വലിയ പിന്തുണ നേടാൻ ബിജെപിക്കായിട്ടുണ്ട്. തങ്ങളുടെ സമുദായത്തിനു സുസ്ഥിരമായ ഭൗതിക സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിൽ മതേതര പാർട്ടികൾ പൂർണ പരാജയമായതിനാൽ പ്രായോഗികമായ വഴിയായി ഇപ്പോഴത്തെ ദളിത് യുവാക്കൾ കാണുന്നത് വലതുപക്ഷ രാഷ്ട്രീയത്തെയാണ് എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.
ബിജെപിയുടെ വളർച്ചയും സ്വതന്ത്ര ദളിത് പ്രസ്ഥാനങ്ങൾ ഇല്ലാതാകുന്നതും സാമൂഹിക നീതിയെ തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ അടിക്കല്ലായിക്കാണുന്ന പാർട്ടികൾ ശോഷിച്ചതുമെല്ലാം വലിയൊരു വിഭാഗം ദലിതുകൾക്കും അംബേദ്കറുടെ റാഡിക്കല്‍ കാഴ്ചപ്പാടുകളോട് അനുഭാവമില്ലെന്നതിന്റെ സൂചനയാണ്.

അംബേദ്കറെ വലതുപക്ഷം വലിയ തോതിൽ തെറ്റായി അവതരിപ്പിക്കുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ ആ കുപ്രചരണങ്ങൾക്ക്‌  അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളിലൂടെ തന്നെ മറുപടി പറയാൻ ഇനിയും സാധ്യതകളുണ്ട്.

ഭാവി ഇന്ത്യയെ മുന്നോട്ട് നയിക്കാനുള്ള പ്രത്യയശാസ്ത്ര ശക്തിയായി അംബേദ്കർ കണ്ടത് ജനാധിപത്യത്തിലധിഷ്ഠിതമായ സോഷ്യലിസത്തെയാണ്. യാഥാസ്ഥിതിക മതകീയ കെട്ടുപാടുകളിൽ നിന്നും മോചിപ്പിക്കുകയും സഹോദര്യപൂർണമായ സാമൂഹിക ജീവിതം സാധ്യമാക്കുകയും ചെയ്യുന്ന യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള  വഴി തുറക്കാൻ ആധുനികതക്ക് കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. പൂർണമായ തോതിൽ ഇതുവരെയും പ്രയോഗിക്കപ്പെടാത്ത സ്രോതസ്സാണ് അംബേദ്കറുടെ രാഷ്ട്രീയ തത്വങ്ങൾ. കാൾ മാർക്സിനെപ്പോലെ അംബേദ്കറിന്റെ രചനകളും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ആഴമേറിയ വിമർശനങ്ങൾക്കപ്പുറത്ത് പച്ചയായ സാമൂഹിക സാമ്പത്തിക ബഹിഷ്കരണങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ധീരമായ സമരങ്ങളിലേക്ക്‌ കൂടിയാണ്. സാംസ്കാരിക മുൻവിധികളിൽ നിന്നും ജാതിബോധത്തിന്റെ തടവറകളിൽ നിന്നും ഉപരിവർഗത്തിന്റെ ആധിപത്യങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കാൻ അംബേദ്കറുടെ വിമർശനാത്മകമായ കാഴ്ച്ചപ്പാടുകൾക്കാകും.

അംബേദ്കറിന്റെ ചിന്തകൾ ഏറ്റവും അലോസരപ്പെടുത്തുന്നുണ്ടാവുക വലതുപക്ഷ ചിന്തകളെ തന്നെയാണ്. ബ്രാഹമണിക്കല്‍ വ്യവസ്ഥയോട് കലഹിച്ച അദ്ദേഹം ഗാന്ധി, നെഹ്റു തുടങ്ങിയ ദേശീയവാദികളായ നേതാക്കൾക്കെതിരെയും ശക്തമായ വിമർശനങ്ങളുയർത്തി. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് രാഷ്ട്ര നിർമിതിയിൽ ഒരിടവുമില്ലെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. ഹിന്ദു രാജ് എന്നത് രാഷ്ട്രത്തിനേൽക്കാവുന്ന ഏറ്റവും വലിയ ദുരന്തമായിരിക്കുമെന്നും എന്തു വില കൊടുത്തും അത് തടയണമെന്നും അദ്ദേഹം പാകിസ്താൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിൽ എഴുതി.

ഭൗതിക നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ പല ദളിതുകളും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗം ചേർന്നിട്ടുണ്ട്. എന്നാൽ അപൂർവമായേ അവരുടെ മോഹങ്ങൾ യാഥാർത്ഥ്യമാവാറുള്ളൂവെന്നതാണ് ചരിത്രം. ദളിതുകൾക്ക് അല്പം സാമ്പത്തിക വളർച്ചയുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കാമെങ്കിൽ പോലും ദലിതുകളുടെയും ആദിവാസികളുടെയും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളുടെയും നിലവിലെ ജീവിത സാഹചര്യങ്ങൾ തെളിയിക്കുന്നത് സാമൂഹിക പുറന്തള്ളലും ബഹിഷ്കരണവും ഇപ്പോഴും നിർബാധം നടക്കുന്നു എന്നതാണ്. ഉയർന്ന ജാതിക്കാരുടെ സാംസ്കാരിക ആധിപത്യവും പൊതു സ്ഥാപനങ്ങളിലെ വരേണ്യരുടെ അധീശത്വവുമെല്ലാം ഇപ്പോൾ അസാധാരണമായി വളർന്നിരിക്കുന്നു. അനധികൃതമായ തൊഴിൽ വിപണി ഏറ്റവും കൂടുതൽ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത് ദലിതുകളെയാണ്. സാമൂഹിക നീതിയെ നിർണ്ണയിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടാവുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു.

ഇക്കാലത്ത് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് അംബേദ്കറിന്റെ രാഷ്ട്രീയ ചിന്തകൾ ചർച്ച ചെയ്യപ്പെടുന്നത് എന്നത് അപകടകരമായ കാര്യമാണ്. വലിയൊരു ജനവിഭാഗത്തിനിടയിൽ പട്ടിണിയും തൊഴിലില്ലായ്മയും വളരുകയും സാമൂഹിക, രാഷ്ട്രീയാധികാരങ്ങളെ ചെറിയൊരു ന്യൂനപക്ഷ വരേണ്യ വർഗ്ഗം കയ്യടക്കി വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ സാമൂഹിക നീതിയെയും സോഷ്യലിസത്തെയും പറ്റിയുള്ള വ്യവഹാരങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള സമയമായെന്നാണർഥം. വലതുപക്ഷ രാഷ്ട്രീയത്തോട് വിമർശനങ്ങളുയർത്തുന്നവർക്ക്‌ ബൗദ്ധികമായ ആശയ സ്രോതസ്സായി അംബേദ്കർ ഇനിയും നിലനിൽക്കുക തന്നെ ചെയ്യും.

Courtesy: Hinduastan Times

മൊഴിമാറ്റം: അഫ്‌സല്‍ പി.ടി മുഹമ്മദ്‌

By ഹരീഷ് വാംഖഡെ

Assistant Professor, Center for Political science, JNU