മുഹമമദ് ഇമാറ: ഈജിപിതിന്റെ വിപ്ലവ ശബ്ദം

ലോകപ്രശസ്‌ത സർവ്വകലാശാലയായ അൽഅസ്ഹറിലെ വിപ്ലവ ചിന്തകൾ ഉയർത്തിയ ആക്റ്റിവിസ്റ്റുകളിൽ പ്രധാനിയായിരുന്ന മുഹമ്മദ് ഇമാറ ഓർമയായി. ഫെബ്രുവരി 28 നായിരുന്നു മരണം . 89 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടുകൂടി ഉന്നത പണ്ഡിത നേതൃത്വത്തില്‍ പെട്ട ഒരാളുടെ വിടവ്‌ നികത്താന്‍ കഴിയാത്തതാണെന്ന്‌ അനുശോചനത്തിൽ ശൈഖുൽ അസ്ഹർ അഹമ്മദ് തോയ്യിബ് അനുസ്മരിക്കുന്നു.

2011 ജനുവരി 25നു നടന്ന വിപ്ലവത്തിലൂടെ മുന്‍ഭരണാധികാരി ഹുസ്സ്നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ ഇദ്ദേഹം അൽ-അസറിന്റെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ വിപ്‌ളവകാരികൾക്ക് വളരെ അധികം സഹായം ചെയ്തിരുന്നു. അത് പോലെ തന്നെ നിയമപരമായി, ജനാധിപത്യ സ്വഭാവത്തിലൂടെ തിരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുർസിയെ പട്ടാള അട്ടിമറിയിലൂടെ 2013 ജൂലൈയിൽ അട്ടിമറിച്ച്‌ സിസി ഭരണത്തിൽ വന്നതിനെയും ഇദ്ദേഹം വളരെ കണിശമായ ഭാഷയില്‍ വിമർശിച്ചിരുന്നു. 2012 ൽ വന്ന ഭരണഘടന അനുസരിച്ഛ് പട്ടാളഅട്ടിമറിയിലൂടെയോ മറ്റോ ഭരണത്തിൽ എത്തുക എന്നത് ഒരിക്കലും ഭരണഘടന അനുവദിക്കുന്നില്ല. മറിച് അതിനുള്ള ഏകമാര്‍ഗം ബാലറ്റ പേപ്പറിലൂടെ ജനാധിപത്യരീതിയില്‍ തിരഞ്ഞടുക്കപ്പെടുക എന്നുള്ളതാണ് എന്നും ആ വിഷയവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ അദ്ദേഹം സൂചിപ്പിച്ചിരുന്നു. സീസിയുടെ പട്ടാള അട്ടിമറിയിലൂടെ ഈജിപ്തിനെ അദ്ദേഹം ആറ് പതിറ്റാണ്ട് പിറകിലേക്ക് കൊണ്ടു പോയി എന്നും അവിടുത്തെ പോലീസിനും മിലിട്ടറിക്കും അവരുടെ ദൗത്യം നിര്‍വഹിക്കുന്നതിനു പകരം ഈ അട്ടിമറിയിലൂടെ നിലവിൽ വന്ന സർക്കാരിനെ താങ്ങി നിർത്തേണ്ട ബാധ്യത വന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.

ഈജിപ്തിന്റെ ഇസ്‌ലാമിക സ്വത്വത്തെ പോലും തകർക്കുന്ന സ്വഭാവത്തിലുള്ളതായിരുന്നു പട്ടാള അട്ടിമറി എന്നുള്ളതും, പട്ടാള അട്ടിമറി രാജ്യത്തിന്റെ ചരിത്രത്തെതന്നെ വികലമാകുമെന്നും ഇദ്ധേഹം പറയുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുർസിയാണ്‌ നാല് വർഷത്തോളം നിയമപരമായി, ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. ആ പ്രസിഡന്റിനെതിരെ രംഗത്ത് വരുന്നവരൊക്കെ ഇസ്‌ലാമികപരമായ അല്ലെങ്കിൽ നിയമപരമായ കാഴ്ചപ്പാടിൽ ഖവാരിജുകളുടെ ഗണത്തിലാണ് വരിക എന്നും അദ്ദേഹം ശക്തമായി സൂചിപ്പിക്കുന്നു.

പട്ടാള അട്ടിമറിയെ തുടർന്ന് അദ്ദേഹം അൽ അസ്ഹർ മാഗസിന്റെ റഈസ്‌ തഹ്‌രീർ (ചീഫ് എഡിറ്റർ ) സ്ഥാനം 2014 ജൂലൈയിൽ രാജി വെക്കുകയുണ്ടായി. ആ സമയത്ത്‌ അതിനോട് പ്രതിഷേധിച്ചാണ് അദ്ദേഹം രാജി സമർപ്പിച്ചത്. പക്ഷെ ആ സമയത്ത് ശൈഖുൽ അസ്ഹർ ആയ അഹമ്മദ് തൊയ്യിബ് (ഇപ്പോൾ അനുശോചനം എഴുതുന്ന ആൾ) രാജി നിരസിച്ചു. പക്ഷെ മീഡിയകളുടെ മേലിൽ സീസിയുടെ മേൽനോട്ടവും ശക്തമായ ഇടപെടലും അധികാരവും വരുന്നു എന്ന കാരണത്താൽ അദ്ദേഹം രാജിയിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തത് എന്ന് അഹമ്മദ് തയ്യിബ് അനുസ്മരിക്കുന്നു.

2011 ല്‍ ഈജിപിതിലെ ജനകീയ വിപ്ലവം ശക്തി പ്രാപിച്ച സന്ദര്‍ഭത്തില്‍ മുഹമ്മദ് ഇമാറ മറ്റു പണ്ഡിതപ്രമുഖരോട് യോജിച്ച് കൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിപ്പിച്ചിരുന്നു. ആ പ്രസ്താവന വിപ്ലവകാരികളോടോ ഹുസ്‌നി മുബാറക്കിനോടോ പക്ഷം ചേര്‍ന്ന് കൊണ്ടുള്ള ഒന്നായിരുന്നില്ല. മറിച്ച് നിഷ്പക്ഷമായി പ്രസ്താവിച്ച ആ പ്രസ്താവനയില്‍ ഈ വിപ്ലവം ഈജിപ്ത് കണ്ട ഏറ്റവും വലിയ ജനകീയ വിപ്ലവമാണെന്നും ഈജിപ്തിലെ ഏറ്റവും മൂല്യവത്തായ ലോഹങ്ങള്‍ അഥവാ മനുഷ്യര്‍ ഏതാണെന്ന് വിപ്ലവം കാണിച്ചു തരുന്നെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

പണ്ഡിതന്മാരുടെ കൂട്ടത്തിൽ ഭരണാധികാരികളെ പിന്തുണക്കുകയും അവർക്ക് ഓശാന പാടുകയും ചെയ്യുന്ന വിഭാഗത്തെ ഇദ്ദേഹം ശക്തമായ ഭാഷയിലായിരുന്നു വിമർശിച്ചത്. അവരെ ഒന്നുകിൽ ‘അധികാരത്തിന് പാദസേവ ചെയ്യുന്ന കർമശാസ്ത്ര പണ്ഡിതന്മാർ’ എന്ന രീതിയിലും ‘തിന്മയുടെ പണ്ഡിതന്മാർ’ എന്ന രീതിയിലെല്ലാം വിമർശിച്ചിരുന്നു. പക്ഷെ, ഭരണാധികാരി നീതിപാലിക്കുമ്പോൾ എല്ലാം അതിനെ പിന്തുണച്ച് നിൽക്കുവാനും അനീതി കാണിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും ചെയ്യണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌.

1931 ഡിസംബർ എട്ടാം തീയതി ഈജിപ്തിലെ കഫറുശൈഖ് പ്രവിശ്യയിൽ ആണ് മുഹമ്മദ് ഇമാറ ജനിച്ചത്. കൈറോ യൂണിവേഴ്സിറ്റിയിൽ നിന്ന് അറബിഭാഷയിൽ അദ്ദേഹം ബിരുദം നേടി. 1970 ലും 1975 മായി ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. ഇസ്ലാമിക ചിന്തകന്മാരുടെ കൂട്ടത്തിൽ അദ്ദേഹം അഗ്രഗണ്യനായി തീർന്നു. 1917 മുതൽ 1996 വരെ ജീവിച്ച മുഹമ്മദുൽ ഗസ്സാലിയുടെ ചിന്തകളായിരുന്നു മുഹമ്മദ് ഇമാറയെ കൂടുതൽ സ്വാധീനിച്ചത്. മുൻകാല പണ്ഡിതന്മാരുടെയും പ്രാസ്ഥാനിക നായകൻമാരുടെയും ചിന്തകന്മാരുടെയും കാഴ്ച്ചപ്പാടുകളും ചിന്തകളും ഇദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. അതിൽ പ്രധാനമായും ജമാലുദ്ധീൻ അഫ്ഗാനി, രിഫാ അൽ തഹ്‌താവി, മുഹമ്മദ്‌ അബ്ദുൽ റഹ്മാൻ അൽ കാവാകിബി, കാസിം അമീൻ, ആലി മുബാറക് എനീ മഹനീയ വ്യക്തിത്വങ്ങളാണ് അദ്ദേഹത്തിന്റ ജീവിതത്തിൽ ഏറെ സ്വാധീനിച്ചത്. അല്‍ഗാറത്തുല്‍ ജദീദ അലല്‍ ഇസ്‌ലാം, അല്‍ ഇസ്‌ലാമു വ സിയാസ: അല്‍റദ്ദു അലാ ഷുബഹാത്തുല്‍ ആലമീന്‍ എന്നിവയാണ്‌ അദ്ദേഹത്തിന്റ ശ്രേദ്ധേയമായ രചനകൾ.

By Editor