കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം -01

ലോകതലത്തിൽ രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ ഏറ്റവും സംഘര്ഷഭരിതമായ ജീവിത സാഹചര്യം അനുഭവിക്കുന്ന വംശങ്ങളിലൊന്നാണ്‌ കുർദ് വംശജർ. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നീ പശ്ചിമേഷ്യന് രാഷ്ട്രങ്ങളിലാണ് ഇവർ കൂടുതലായും അധിവസിക്കുന്നത്. ഇറാനിലും സിറിയയിലും പത്തു ശതമാനവും, ഇറാഖിലും തുർക്കിയിലും ജനതയുടെ ഇരുപത് ശതമാനത്തോളം കുർദ്  വംശജരാണ്. ബഹുവിധ എത്നിക്- സാംസ്‌കാരിക അസ്തിത്വമായിരുന്ന ഉഥ്മാനി ഖിലാഫത്തിൽ നിന്നും ദേശരാഷ്ട്ര മാതൃകയിലേക്ക് മാറ്റപ്പെട്ടതാണ് കുർദിഷ് സാംസ്‌കാരിക ഐഡന്റിറ്റിയെക്കുറിച്ച ചർച്ചക്ക് ആക്കം കൂടിയത്.

തുര്‍ക്കിയിലെ കുർദ് ദേശീയത

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ലോകത്തുണ്ടായ നിരവധി സാംസ്‌കാരിക രാഷ്ട്രീയ സംഭവവികാസങ്ങൾ കുർദ് ദേശീയതക്കു ഊർജ്ജം നൽകി. ഒന്നാം ലോകയുദ്ധവേളയിൽ അമേരിക്കൻ പ്രസിഡൻ്റ് വുഡ്രോ വിൽസൻ ഉഥ്മാനി ഖിലാഫത്തിനു കീഴിലെ തുർക്ക് വംശജരല്ലാത്തവർക്ക് സ്വയം ഭരണാധികാരത്തിനുള്ള അവകാശം നൽകണമെന്നു വാദിച്ചു. യുദ്ധത്തിനു ശേഷം കുർദിഷ് നഗരങ്ങളിൽ കുർദിഷ് സാംസ്കാരിക സമിതികൾ രൂപം കൊണ്ടു. രാഷ്ട്രീയ പ്രചരണവും സ്വതന്ത്ര കുർദിഷ് സ്റ്റേറ്റ് എന്ന ആശയത്തോടുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ പിന്തുണയും കണ്ട്‌ അനുകൂല സാഹചര്യം സംജാതമാകുന്നു എന്നു വിശ്വസിച്ച കുർദ് നേതാക്കൾ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ കുർദിഷ് വിഷയം ചർച്ച ചെയ്തു. 1920 ലെ സെവ്റസ് സന്ധിയിൽ കുർദുകൾ ഭൂരിപക്ഷമായി വസിക്കുന്ന പ്രദേശങ്ങളിൽ പരമാധികാരം നൽകുമെന്നു പ്രസ്താവിച്ചിരുന്നു. 1923 ജനുവരി 23 ലെ ലസാനെ സന്ധിയിൽ എഴുതി ചേർത്ത ‘ന്യൂനപക്ഷം’ എന്ന സംജ്ഞയുടെ നിർവചനത്തിലും തുർക്കിയിലെ ന്യൂനപക്ഷ സംരക്ഷണത്തിൻ്റെ നിയമവശത്തും അഭിപ്രായ വ്യത്യാസം ഉയർന്നു വന്നു. ഇസ്‌ലാം എല്ലാവിധ ദേശീയ വാദങ്ങൾക്കും മേലെയാണെന്ന ഉഥ്മാനീ ഖിലാഫത്തിൻ്റെ ആശയം പറഞ്ഞു കൊണ്ടു കുർദിഷ് സ്വതന്ത്ര ദേശം എന്ന ഭാവനയെ തുർക്കി അധികാരികൾ എതിർത്തു. ഉഥ്മാനീ ഖിലാഫത്തിൻ്റെ തകർച്ചയും കുർദ് വംശത്തിൻ്റെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി. ഖിലാഫത്തിൻ്റെ അധികാരഘടനയിൽ കുർദിഷ് ജനതക്കു നിർണായക സ്വാധീനം ഉണ്ടായിരുന്നു. അതിനാൽ തന്നെ ഖിലാഫത്തിൻ്റെ പതനം തുർക്കി രാഷ്ട്രീയ മേഖലയിൽ കുർദുകളുടെ ഭാഗധേയം ഇല്ലാതാകാൻ കാരണമായി. ലസാനെ സന്ധി പ്രകാരം യഹൂദർ, അർമീനിയകാർ, ഗ്രീക്കുകാർ എന്നിവരിലെ അമുസലിംകൾക്കാണ് ന്യൂനപക്ഷ പദവി ലഭിച്ചത്.

മുസ്തഫാ കമാൽ അത്താതുർക്കിൻ്റെ മതേതരവൽക്കര പ്രക്രിയക്കെതിരെ കുർദ് നേതാക്കളുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

മുസ്തഫ കമാല്‍ പാഷ

1925 ൽ ശൈഖ് സഈദ് പ്രക്ഷോഭം, 1927 ൽ ഖൊയ്ബുൻ സമരം, 1937 ൽ ശൈഖ് നൂരീ പാഷയുടെ നേതൃത്വത്തിലെ പ്രക്ഷോഭം എന്നിവയെല്ലാം ആദ്യകാലങ്ങളിൽ തുർക്കി റിപ്പബ്ലിക് നേരിട്ട കുർദിഷ് ജനതയുടെ രക്തരൂക്ഷിത പോരാട്ടങ്ങളാണ്.

ആഗ, ഷെയ്ഖ്, മുല്ല, സയ്യിദ് തുടങ്ങിയ ഗോത്ര-മത നേതൃത്വത്തിന്റെ കീഴിൽ ജീവിതം പാകപ്പെട്ടതായിരുന്നു കുർദിഷ് ജീവിതം. നഖ്ഷബന്ദി – ഖാദിരി സൂഫി ത്വരീഖത്കൾ കുർദ്‌ വംശജരുടെ സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്നു. ഈ സൂഫി നേതാക്കൾ അറബ് തുർക്കി വംശജരുമായി കുർദ്‌കളെ സാമൂഹികമായും രാഷ്ട്രീയമായും സംയോജിപ്പിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. 1925 ലെ ശൈഖ് സഈദ് പ്രക്ഷോഭം സാമൂഹിക തലത്തിൽ നിന്നും ഇസ്‌ലാമിനെ ഇല്ലാതാക്കുന്ന ആധുനിക തുർക്കിയുടെ മതേതരവൽകരണത്തിനെതിരെയായിരുന്നു. നഖ്ഷബന്ദി ധാരയുടെ നേതാവായ ശൈഖ് സഈദ് ദിയാർബകിർ, എലാസിഗ് എന്നീ കുർദ് ഭൂരിപക്ഷ പ്രദേശങ്ങളിൽ ഭരണകൂട വിരുദ്ധ വികാരത്തിനു നേതൃത്വം നൽകി. പക്ഷെ പ്രക്ഷോഭം പരാജയപ്പെടുകയും ശൈഖ് സഈദ് കുർദിയെ ദിയാർബകിറിൽ വെച്ചു തൂക്കി കൊല്ലുകയും ചെയ്തു. ഈ പ്രക്ഷോഭത്തോടെ കുർദ് പ്രദേശങ്ങളിലുള്ള എല്ലാ രാഷ്ട്രീയ ചലനങ്ങളെയും ഭരണകൂടം സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി.

1927 -ൽ മുൻ ഉഥ്മാനീ ജനലറായ ഇഹ്സാൻ നൂരീ പാഷയുടെ നേതൃത്വത്തിൽ കുറച്ച് കുർദ് ബുദ്ധിജീവികൾ കുർദിഷ് നാഷണൽ ലീഗ് ( ഹൊയ് ബുൻ) രൂപീകരിച്ചു. 1930-31 കാലങ്ങളിൽ അറാറത് മലനിരകൾ കേന്ദ്രീകരിച്ചു തുർക്കി ഭരണകൂടത്തിനെതിരെ ആക്രമണമഴിച്ചുവിട്ടു. നീണ്ട പരിശ്രമത്തിനൊടുവിൽ തുർക്കി അവരെ പരാജയപ്പെടുത്തി. 1937-38 കാലയളവിൽ സാസാസ് എന്ന പേരിലറിയപ്പെട്ട അലവി കുർദുകൾ ദെർസിം മലനിരകളിൽ താമസമുറപ്പിച്ചു ഭരണകൂടത്തിന്നു കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും നിരവധി സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. തുർക്കി ഈ സായുധ പ്രക്ഷോഭത്തെ തകർക്കുകയും ദെർസിം മേഖലയെ കനത്ത സൈനിക നടപടിയിലൂടെ ഭുപടത്തിൽ നിന്നും തുടച്ചുനീക്കുകയും ‘തുൻജെല്ലി’ എന്നു പേരിടുകയും ചെയ്തു.

ഈ മൂന്ന് പ്രക്ഷോഭങ്ങളും കുർദിഷ് ജനതയെ ദേശീയ സുരക്ഷക്ക് ഭീഷണിയായി വിലയിരുത്തുന്നതിലേക്ക് തുർക്കിയെ നയിച്ചു. അതിനാൽ കുർദ്‌ സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന ഗോത്ര-സൂഫിധാരകളെ ഇല്ലാതാക്കാൻ ആധുനിക തുർക്കി രാഷ്ട്രം ശ്രമിച്ചു. ഗോത്ര നേതാക്കൾക്കിടയിൽ വിള്ളൽ വീഴ്ത്താനും പ്രീണനം വഴി സ്വാധീനം ഇല്ലാതാക്കാനും തുർക്കി തുനിഞ്ഞു. കുർദിഷ് ദേശീയത എന്നതിലുപരി കമാൽ അത്താതുർക്കിൻ്റെ ഇസ്‌ലാം വിരുദ്ധ പരിഷ്ക്കാരങ്ങൾക്കെതിരെയുള്ള മത പണ്ഡിതരുടെ നേതൃത്വത്തിലുള്ള സമരങ്ങൾ കൂടിയായിരുന്നു അവയെല്ലാം. റിപ്പബ്ലികിൻ്റെ ആദ്യഘട്ടങ്ങളിൽ കുർദ് വിഭാഗത്തിൽ നിന്നുള്ള സമരങ്ങൾക്കു ഐക്യമില്ലാതിരുന്നതും ഭരണകൂടം ശക്തമായി അവയെ അടിച്ചമർത്തിയതും സ്വതന്ത്ര കുർദ് ദേശം എന്ന വാദം ദുർബലപ്പെടാൻ വഴിയൊരുങ്ങി.

കലുഷമായ അർമീനിയൻ സമരത്തെ റഷ്യൻ പിന്തുണയോടെ പരാജയപ്പെടുത്താൻ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ കുർദ് ഗോത്രങ്ങളെ ഉപയോഗപ്പെടുത്തി ‘ഹമീദിയെ റെജിമെൻ്റ്’ രൂപീകരിച്ചിരുന്നു. ആധുനിക തുർക്കി നിർമാണത്തിലും  കമാൽ പാഷയെ ഈ സൈനിക വിംഗ് സഹായിച്ചു. 1923 ൽ സ്ഥാപിക്കപ്പെട്ട കുർദിഷ് നാഷണലിസ്റ്റ് പാർട്ടി, ‘ആസാദി’യുടെ പ്രവർത്തകരിൽ അധികവും ഈ റെജിമെൻറിൽ നിന്നുള്ളവരാണ്. അതിൻ്റെ നേതാക്കളും കുർദിഷ് ദേശീയതക്ക് ആശയ പ്രതലമൊരുക്കാൻ സഹായിച്ചു.ഖിലാഫത്തു ദുര്ബലമായതോടെ അധികാരം ദുഷ്കരമായി മാറിയത് പ്രാദേശിക ശാക്തികഘടനക്കും ഭരണകൂടത്തിനും ഇടയിൽ  പ്രതിസന്ധി രൂപപ്പെടാൻ കാരണമായി. കുർദ്‌ നേതാക്കൾ പ്രാദേശികമായി എത്നിക് ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിൽ  സംഘടിക്കാനും ആരംഭിച്ചു.  

ഖിലാഫത്തിന്റെ പതനശഷം കമാൽ അത്താതുർകിന്റെ തുർക്കി ദേശീയവാദവും കുർദ് വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതിൽ ഹേതുവായിട്ടുണ്ട്. പുതിയ റിപ്പബ്ലിക്കിന്റെ ഭരണഘടന, ഉദ്യോഗസ്ഥ വൃന്ദം, കോടതികൾ പോലും കുർദിഷ് എത്നിക് ഐഡന്റിറ്റി നിഷേധിച്ചു.

വ്യവസ്ഥാപിത ദേശീയ ഏകീകരണ പ്രക്രിയയിലൂടെ കുർദ് ഭാഷ, സംസ്കാരം, ചരിത്രം എന്നിവയുടെ നിഷേധത്തിനു തുർക്കി പരിശ്രമിച്ചു. തെക്കു കിഴക്കൻ പ്രദേശത്തു താമസിച്ചിരുന്ന കുർദുകളെ പടിഞ്ഞാറൻ മേഖലയിലേക്ക്  നിർബന്ധപൂർവം മാറ്റിപ്പാർപ്പിച്ചത് ജനസംഖ്യാപരമായ അസമത്വം നടപ്പിലാക്കുവാൻ വേണ്ടിയായിരുന്നു. കൂടാതെ കുർദുകൾ യഥാർത്ഥത്തിൽ തുർക് ആണെന്നും മലയോര പ്രദേശത്തു വസിക്കുന്നതിനാൽ ‘മലയോര തുർക്കികൾ’ എന്ന് രീതിയിൽ പുതിയ മിത്ത് നിർമ്മിച്ചെടുക്കുകയും ചെയ്തു. കുർദ് നേതാക്കളെ വധിച്ചും ഗ്രാമങ്ങളിൽ റെയ്ഡ് നടത്തിയും പ്രതിഷേധകരെ നാടുകടത്തിയും കെമാലിസ്റ്റു ഭരണകൂടം കുർദ് സമരങ്ങളെ നേരിട്ടു. കുർദിഷ് വിഘടന വാദത്തിലേക്ക് നയിക്കുന്ന എല്ലാ പ്രവണതകളെയും ഭരണകൂടം അടിച്ചൊതുക്കാൻ തുടങ്ങി. തങ്ങളുടെ മര്‍ദകനയത്തിന് സൈദ്ധാന്തിക   പിൻബലമൊരുക്കുവാൻ വിശാലമായ സാമൂഹിക ഭരണഘടനാപരമായ സംരംഭം തന്നെ രൂപീകരിച്ചു. എല്ലാ ഭാഷകളും തുർകിക് ഭാഷയിൽ നിന്നും ഉരുവം കൊണ്ടതാണെന്ന ‘സൺ തിയറി’ നിര്മിച്ചെടുത്തു.

ഈ തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ ബഹിഷ്‌കരണങ്ങൾ 1960 കളിൽ കൂടുതൽ റാഡിക്കൽ കുർദിഷ് പ്രസ്ഥാനങ്ങളുടെ പിറവിയിലേക്കു നയിച്ചു. പൊതുവായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഇടതുപക്ഷ സംഘടനകളിൽ കുർദിഷ് ദേശീയവാദികൾ കൂടുതൽ താത്പര്യം പ്രകടിപ്പിച്ചു. 1960-1970 കളിൽ കുർദിഷ് ദേശിയ വാദികളും തുർക്കിയിലെ ഭരണകൂട അനുയായികൾക്കുമിടയിൽ നിരവധി അക്രമാസക്തമായ സമരങ്ങൾ ഉണ്ടായി.  

ഭാഗം രണ്ട് വായിക്കാന്‍ ക്ലിക്ക് ചെയ്യുക

By ഡോ. സൈഫുദ്ദീന്‍ കുഞ്ഞ്‌

Assistant Professor, Department of Persian, Guawati University, Assam