കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് അനധികൃതമായി തൊഴിലാളികളെ എത്തിച്ചതെന്തിന്?

കോവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബേപ്പൂര് നിന്നുമുള്ള കപ്പലുകളുടെ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് ഞായറാഴച്ച തന്നെ ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയിരുന്നു. ഈയവസരത്തിലാണ് ജനത കര്‍ഫ്യൂ ദിവസം തിങ്കളാഴ്ച്ച രാത്രി ബങ്കാര ദ്വീപിലേക്ക് റിസോര്‍ട്ട് നിര്‍മാണത്തിനായി മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് തൊഴിലാളികളെ എത്തിക്കാന്‍ ദ്വീപ് അധികാരികള്‍ ശ്രമിച്ചത്. ശ്രമം തടഞ്ഞ് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയും സ്ത്രീകളടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.

കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ജനങ്ങള്‍ ഹോം ക്വാറന്റീനില്‍ തുരാന്‍ നിര്‍ദേശിക്കപ്പെട്ടതുമായ ഈ പ്രത്യേക സാഹചര്യത്തില്‍ നിയമവിരുദ്ധമായി എത്തിയ നാല് സാങ്കേതിക തൊഴിലാളികളില്‍ ഒരാള്‍ക്ക് കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

അഗത്തി ദ്വീപില്‍ വിമാനമിറങ്ങിയ ഇവരെ രണ്ട് ദിവസം ബോട്ടില്‍ താമസിപ്പിച്ചതിന് ശേഷമാണ് തിങ്കളാഴ്ച്ച ബങ്കാര ദ്വീപിലെത്തിക്കുന്നത്. ഇവരുടെ പെര്‍മിറ്റ് അനധികൃതമാണെന്നും പറയപ്പെടുന്നു. എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള ഡെപ്യൂട്ടി കള്കടറിന്റെ തൊഴിലാളികള്‍ അഗത്തിയില്‍ ഐസൊലേഷനില്‍ വെക്കണമെന്ന ഉത്തരവ് ലംഘിച്ചാണ് ഇത്തരത്തിലുള്ള നിഗൂഢമായ നീക്കം നടക്കുന്നത്. ഇതു തടഞ്ഞ ദ്വീപ് നിവാസികളുടെ മേല്‍ പോലീസ് നടത്തിയ ക്രൂരമായ അക്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് കവരത്തി ദ്വീപിലെ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചെറിയ കോയ പറഞ്ഞു. ഇതുസംബന്ധിച്ച് പോലീസ് മേധാവിയെ കാണാന്‍ പോയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളെ കാണാന്‍ പോലും കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറയുന്നു.

സംഭവത്തിന്റെ മീഡിയവണ്‍ ടിവി റിപ്പോര്‍ട്ട്‌

ബങ്കാര ദ്വീപില്‍ നിര്‍മാണത്തിലിരിക്കുന്ന പ്രസ്തുത റിസോര്‍ട്ട് ആഭ്യന്തര മന്ത്രി അമിത്ഷായുടെ മകന്റെ ഉടമസ്ഥതയിലുള്ളതാണെന്നും നിര്‍മാണത്തിന് ദ്വീപിലെ ബിജെപി പ്രസിഡന്റിനെ മകനാണ് നേതൃത്വം കൊടുക്കുന്നതെന്നുള്ള കാര്യവും കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.

ഒരു കൊറോണ കേസ് പോലും ഇതേവരെ സ്ഥിരീകരിക്കാത്ത മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയില്‍ നിന്നും നിയമവിരുദ്ധമായി തൊഴിലാളികളെ എത്തിച്ചതിന്റെ ഉദ്ദേശത്തെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ വിവിധ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

അന്നുരാത്രി തന്നെ തൊഴിലാളികളെ കവരത്തി ദ്വീപിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്നും ദ്വീപ് നിവാസികള്‍ പറയുന്നു. ലക്ഷദ്വീപില്‍ ജനങ്ങള്‍ പകര്‍ച്ചവ്യാധി തടയുന്നതിന് നിതാന്ത ജാഗ്രതയിലാണ്.

By Editor