“ഓഷ്വിറ്റ്സിനു ശേഷം കവിതയില്ല” എന്ന തിയോഡോർ അഡോണോയുടെ വാക്കുകൾ ഓർമ്മയിൽ വെച്ചുകൊണ്ട്, ഒരു ചെറുത്തുനിൽപ്പു പോലും അസാധ്യമാവുന്ന സമയം വരുന്നതിനുമുൻപേ, ആർ. എസ്. എസ്ന്റെ വംശീയ ഉന്മൂലന അജണ്ടയെ തുറന്നുകാട്ടി, ചെറുത്തുനിൽപ്പിന്റെ ഭാഷക്ക് പുതിയ ആഴങ്ങൾ നൽകുന്ന കൃതിയാണ് ജോഹാന്നസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനും, ചിന്തകനുമായ കെ. അഷ്‌റഫിന്റെ “പൗരത്വ നിഷേധം, അധികാരം, വ്യവഹാരം, പ്രതിരോധം “.
പരമാധികാരം, ജനാധിപത്യം, പൗരത്വം, ദേശരാഷ്ട്രം, മനുഷ്യാവകാശം, പ്രതിരോധങ്ങൾ, ന്യുനപക്ഷ -കീഴാള ഐക്യം, ദേശീയവാദം, രാഷ്ട്രവാദം, ഇസ്ലാമോഫോബിയ, വംശീയഉന്മൂലനം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളിലൂടെ കടന്നുപോകുന്നുണ്ട് എഴുത്തുകാരൻ.
ആർ. എസ്. എസ് ന്റെ വംശീയ ഉന്മൂലന അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന CAA, NRC, NPR പോലുള്ള നിയമനീക്കങ്ങൾക്ക് ആഗോളതലത്തിലെ രാഷ്ട്രീയ മാറ്റങ്ങളുമായി സുപ്രധാന ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നതു തന്നെ. ഉന്മൂലന നിയമങ്ങൾ കൊണ്ടുവരുന്നതിന് മുൻപുതന്നെ ഇന്ത്യയിൽ നിലനിൽക്കുന്ന ഭീകരവേട്ടയുടെ നിയമങ്ങൾക്ക് നവകോളനിവൽക്കരണത്തിന്റെ ഭാഗമായി ജോർജ് ബുഷ് ഭരണകൂടം നടപ്പിലാക്കിയ ‘വാർ ഓൺ ടെററു’മായി ഏറെ ബന്ധമുണ്ട്.പൗരന്മാരുടെ പൗരത്വം നിഷേധിക്കുന്നതിന് മുൻപുതന്നെ ഈ നിയമങ്ങൾ രണ്ടുതരം പൗരന്മാരെയാണ്
സൃഷ്ടിക്കുന്നത്.’സംശയിക്കേണ്ട പൗരനെ’ന്ന രണ്ടാംകിട പൗരത്വത്തിൽ നിന്നും പൗരത്വനിഷേധത്തിലേക്കടുക്കുമ്പോൾ അപര വിദ്വേഷത്തിലും ആക്രമണ ദേശീയതയിലും അടിസ്ഥാനപ്പെടുത്തിയ ആർ. എസ്. എസ് ന്റെ പരമാധികാരത്തെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ടെന്ന് എഴുത്തുകാരൻ ഓർമ്മിപ്പിക്കുന്നു.

നിയമപരമായ തുല്യപൗരത്വം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, പാർശ്വവത്കൃതരുടെ സമരമാർഗങ്ങളിലൂടെയാണ് ആ തുല്യപൗരത്വം അവർ നേടിയെടുക്കുന്നതെന്ന് പോസ്റ്റ് കൊളോണിയൽ പൗരത്വ പ്രക്ഷോഭ ചരിത്രത്തെ പരിശോധിച്ചുകൊണ്ട് പറയുന്നുണ്ട്.
മനുഷ്യാവകാശം എന്ന സംജ്ഞയെ പരിശോധിക്കുമ്പോൾ ഒരു ദേശരാഷ്ട്ര വ്യവസ്ഥയിൽ ആ സങ്കല്പം തന്നെ എത്ര സങ്കുചിതമായിപോകുന്നെന്ന് നാസി ജർമനിയിൽ ജീവിച്ചിരുന്ന രാഷ്ട്രീയ തത്വചിന്തകയായ ഹന്ന ആരെന്റിന്റെ എഴുത്തുകൾ വ്യക്തമാക്കുന്നുണ്ട്. ഒരു ദേശരാഷ്ട്രത്തിൽ മാത്രമേ മനുഷ്യാവകാശങ്ങൾ പ്രയോഗവൽക്കരിക്കാൻ സാധിക്കുകയുള്ളൂ എന്നും, ഒരു ദേശരാഷ്ട്രത്തിൽ നിങ്ങൾ പൗരനായെങ്കിൽ മാത്രമേ നിങ്ങൾക്ക് അവകാശങ്ങളുള്ളൂ എന്നും ഹന്ന നിരീക്ഷിക്കുന്നുണ്ട് . ആർ. എസ്. എസ് ന്റെ വംശഹത്യായുക്തിയെയും ബ്രാഹ്മണിക ദേശീയവാദത്തെയും അതിന്റെ പരമാധികാര ശക്തിയെയും മനസ്സിലാക്കുന്നതിനു വേണ്ടി ഹന്നയുടെ തന്നെ രാഷ്ട്രത്തെ കുറിച്ചും ദേശത്തെ കുറിച്ചുമുള്ള പഠനങ്ങൾ എഴുത്തുകാരൻ ഉപയോഗിക്കുന്നുണ്ട്. ഒരു ലിബറൽ ജനാധിപത്യ വ്യവസ്ഥയിൽ ദേശത്തിനുമുകളിൽ രാഷ്ട്രത്തിനാണ് സ്ഥാനമെങ്കിൽ, ഒരു നാസി ഭരണവ്യവസ്ഥയിൽ രാഷ്ട്രത്തിനു മുകളിൽ ദേശത്തിനായിരിക്കും സ്ഥാനം. ഒരു ദേശം ആരാണോ നിർണയിക്കുന്നത് അവർക്ക് രാഷ്ട്രത്തെയും രാഷ്ട്രവ്യവഹാരത്തിന്റെ ഭാഗമായ നിയമവാഴ്ച, ഭരണഘടന, കോടതി, നിയമനിര്‍മാണം, എക്സിക്യൂട്ടീവ് എന്നിവയെയും നിർണയിക്കാൻ സാധിക്കുന്നു. അതുവഴി പൗരത്വത്തിന്റെ നിയമപരമായ അടിത്തറയെയും നിർണയിക്കുന്നു. അതിനാൽ തന്നെ കെ. അഷ്‌റഫ് എഴുതിയതാണ് ശരി.
“രാഷ്ട്ര വ്യവഹാരമല്ല ;ആരുടെ ദേശീയതാ സങ്കൽപ്പമാണ് രാഷ്ട്ര വ്യവഹാരത്തെ ഭരിക്കുന്നത് എന്നതാണ് കാതലായ പ്രശ്നം”. രാഷ്ട്ര രാഹിത്യത്തെ ചർച്ചക്കെടുക്കുമ്പോൾ തന്നെ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയെയും വിമർശിക്കുന്നുണ്ടിവിടെ.

വിവേചനവും, ബഹിഷ്കരണവും നേരിട്ടുകൊണ്ട് ഒരു രാഷ്ട്ര വ്യവസ്ഥയുടെ അകത്തുതന്നെ അഭിമാനം നഷ്ടപ്പെട്ട രണ്ടാംകിട പൗരനായി ജീവിക്കേണ്ടി വരുന്ന ദളിത് -മുസ്‌ലിം-ആദിവാസി -ബഹുജൻ സ്വത്വങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ജോർജിയ അഗമ്പന്റെ നിരീക്ഷണങ്ങളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. രാഷ്ട്രീയാവകാശത്തിന് അർഹതയുള്ള ജീവിതമെന്നും രാഷ്ട്രീയാവകാശത്തിന് അർഹതയില്ലാത്ത ജീവിതമെന്നും ജീവിതത്തെ വിഭജിച്ചുകൊണ്ട്, അതിലൂടെ പ്രത്യേകം ചിലരെ അവകാശങ്ങളിൽ നിന്നും ബഹിഷ്‌കരിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ. അഥവാ, ഉൾകൊള്ളലിലൂടെ പുറന്തള്ളുന്ന അമിതാധികാരമുള്ള ഒരു പരമാധികാര വ്യവസ്ഥയാണ് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥ എന്ന് എഴുത്തുകാരൻ പറഞ്ഞുവെക്കുന്നു. ആ ഭരണകൂട പരമാധികാര ക്രമത്തിൽ നാം ഉൾപ്പെടുന്നതിനാൽ തന്നെ ഏതു സമയവും അവർക്കുനമ്മെ നിരോധിക്കാം! അതിനാൽ രാഷ്ട്രരാഹിത്യത്തെ ഇപ്പോഴുള്ള രാഷ്ട്രീയ വ്യവസ്ഥയുടെതന്നെ വിമർശനമായി വികസിപ്പിക്കണമെന്ന് എഴുത്തുകാരൻ പറയുന്നു.
അഭയാർത്ഥിക്യാമ്പുകളെ കുറിച്ചുള്ള വിശകലനങ്ങൾ നടത്തുമ്പോഴും ദേശരാഷ്ട്ര വ്യവസ്ഥയെയും അതിലെ പരമാധികാരത്തെയും നിയമവാഴ്ചയെയും ജോർജിയൊ അഗമ്പന്റെ തന്നെ സിദ്ധാന്തങ്ങൾ വെച്ചുകൊണ്ട് അദ്ദേഹം വിമർശിക്കുന്നുണ്ട്. ഇന്ത്യൻ ദേശരാഷ്ട്രത്തിൽ അഭയാർഥിക്യാമ്പുകൾ പുതിയ പ്രതിഭാസമൊന്നുമല്ല. 2002 ഗുജറാത്ത് മുസ്‌ലിം വംശഹത്യക്കുശേഷം രൂപം കൊണ്ട അഭയാർത്ഥി ക്യാമ്പുകൾക്ക് നിയമപരിരക്ഷ ഉണ്ടായിരുന്നപ്പോൾ, ഇന്ന് രൂപം കൊള്ളുന്ന ക്യാമ്പുകൾക്ക് അതില്ല എന്ന വ്യത്യാസമേയുള്ളൂ. ഇന്ത്യൻ ദേശരാഷ്ട്രത്തിനകത്ത് എന്തുകൊണ്ടിങ്ങനെ നിരന്തരം അഭയാർഥിത്വം സംഭവിക്കുന്നു എന്ന് എഴുത്തുകാരൻ ചോദിക്കുന്നതിന് ഉത്തരമായി എടുത്തുപറയുന്നത് അഗമ്പന്റെതടക്കം പഠനങ്ങളാണ്. നാസി ഹോളോകോസ്റ്റ് ക്യാമ്പുകൾ ആധുനിക ദേശരാഷ്ട്രത്തിന്റെ അപവാദമല്ല, അതിന്റെതന്നെ ജൈവരാഷ്ട്ര യുക്തിയുടെ ഭാഗമാണ്.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളൊന്നും മുഖ്യധാരാ ഇടത് -വലത് ‘മതേതര’ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലല്ലാത്തതുകൊണ്ടും, അതിൽ കൂടുതലായി ദൃശ്യമായ മുസ്‌ലിം കർതൃത്വം കൊണ്ടും, “മതേതരമല്ല “, ” മുസ്‌ലിം തീവ്രവാദം”, “വർഗീയവാദം “, എന്നിങ്ങനെ ലേബലുകളാണ് ലിബറലുകൾ അവയ്ക്ക് പതിച്ചു നൽകിയത്. മുപ്പത്തിയഞ്ചോളം മുസ്‌ലിം -ദളിത് -പിന്നോക്ക -ഇടതുപക്ഷ -സ്ത്രീവാദ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെ 2019 ഡിസംബർ 17 ന് നടത്തിയ ഹർത്താലിനെപ്പോലും വിശേഷിപ്പിച്ചത് അത് “സുതാര്യമല്ല “എന്നും, “നിയമവിരുദ്ധ ഹർത്താൽ” ആണെന്നും, “വ്യാജ ഹർത്താൽ “ആണെന്നുമൊക്കെയായിരുന്നു. പ്രക്ഷോഭങ്ങളിലെ മുദ്രാവാക്യങ്ങളിലേക്ക് വരുമ്പോഴും ഇതേ ലിബറൽ അഭിപ്രായങ്ങൾ കേൾക്കാം. കാലങ്ങളായി നിർമ്മിച്ചെടുത്ത ഭരണകൂട ഇസ്ലാമോഫോബിക് യുക്തിയെ എഴുത്തുകാരൻ പല രീതിയിൽ പൊളിച്ചടക്കുന്നുണ്ട്.
ജനകീയ പ്രക്ഷോഭങ്ങളെയും അതുണ്ടാക്കുന്ന പുതിയ രാഷ്ട്രീയ ആകുലതകളെയും അതിന്റെ ഭാഷയിലും ചട്ടക്കൂടിലും വ്യക്തമായി അഭിമുഖീകരിക്കണമെന്ന യാനിസ് സ്റ്റവ്രകാകിസിന്റെ നിരീക്ഷണത്തെ ആദ്യം പറയുന്നുണ്ട്. അഥവാ, മുസ്‌ലിം ന്യുനപക്ഷ പ്രക്ഷോഭങ്ങളിലെ മതേതരമായ വഴികേടിന്റെ കുഴപ്പങ്ങൾ ആരോപിക്കുന്നതിലൂടെ പ്രക്ഷോഭം ഉന്നയിക്കുന്ന രാഷ്ട്രീയം മനസ്സിലാക്കാതെ പോകുന്നു എന്ന് എഴുത്തുകാരൻ തുറന്നുപറയുന്നു.
ഇന്ത്യൻ ബ്രാഹ്മണിക സവർണാധിപത്യ ശക്തികൾ ഇല്ലാതാക്കുന്ന മുസ്‌ലിം -കീഴാള ശബ്ദങ്ങൾക്കു വേണ്ടി ഒരു വാക്കുകൊണ്ടെങ്കിലും ഐക്യദാർഢ്യപ്പെടാൻ കഴിയാത്ത പുരോഗമന പ്രസ്ഥാനക്കാരെയും ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്. ഷർജീൽ ഇമാം, ഷർജീൽ ഉസ്മാനി, അഫ്രീൻ ഫാത്തിമ, ഷഹീൻ അബ്ദുള്ള എന്നിങ്ങനെ നീളുന്ന മുസ്‌ലിം വിദ്യാര്‍ഥികൾക്കുനേരെയുള്ള സംഘപരിവാറിന്റെ വേട്ടക്കെതിരെ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്. മുസ്‌ലിംകളെ അപരവൽക്കരിച്ചുകൊണ്ട് ഹിന്ദു ഏകീകരണം നടപ്പാക്കാനുള്ള ഈ തീവ്രദേശീയ അജണ്ടയെ അംബേദ്കർ തന്നെ തുറന്നുകാട്ടിയതാണ്. എന്നാൽ, ആർ. എസ്. എസിന് ഒരു മതരാഷ്ട്രം നിർമ്മിക്കാൻ കഴിയില്ലെന്നും അവരുടെ വംശീയ ഉന്മൂലന അജണ്ടയാണ് അടിയന്തരപ്രശ്നമെന്നും എഴുത്തുകാരൻ അടിവരയിടുന്നു . അതിനാൽ തന്നെ കീഴാള മത-മതേതര കലർപ്പുകളാൽ തെരുവുകളിൽ സമ്പൂർണമായ പ്രക്ഷോഭങ്ങൾ നടക്കേണ്ടതുണ്ട്.
ഓർനിത് ഷാനി, ഹന്ന ആരെന്റ്, ജോർജിയോ അഗമ്പൻ, യാനിസ് സ്റ്റവ്രകാക്കിസ്, ജെയിംസ് സ്കോട്ട്, നാംദേയൊ നിംഗഡെ, ഷെർമൻ ജാക്ക്സൺ എന്നിങ്ങനെ പലരുടെയും നിരീക്ഷണങ്ങളെ മുൻനിർത്തി വിശദീകരങ്ങൾ നൽകിക്കൊണ്ടാണ് ഓരോ കുറിപ്പുകളും മുന്നോട്ടുപോകുന്നത്.
പൗരത്വത്തെ കുറിച്ചും ഇന്ത്യൻ ദേദരാഷ്ട്രത്തിലെ പരമാധികാര വ്യവസ്ഥയെ കുറിച്ചും, പ്രക്ഷോഭങ്ങളിലെ കീഴാള കലർപ്പുകളെക്കുറിച്ചും, പഠനം നടത്തികൊണ്ട് ആർ. എസ്. എസിന്റെ വംശീയ ഉന്മൂലനം അജണ്ടയെ തുറന്നുകാട്ടുന്ന ഈ കൃതി സ്വയം തന്നെ ജാതി ഹിന്ദു പരമാധികാര സ്വഭാവമുള്ള ഇന്ത്യൻ ദേദരാഷ്ട്രത്തിനെതിരെ ചെറുത്തുനിൽക്കുന്നതാണ്.
(പെന്‍ഡുലം ബുക്‌സ് പുറത്തിറക്കിയ പുസ്തകം ആമസോണില്‍ ലഭ്യമാണ്)