
ചത്തീസ്ഗഢിലെ ജാഷ്പൂര്‍ ജില്ലയില്‍ ജനിച്ചുവളര്‍ന്ന ആദിവാസി ആക്ടിവിസ്റ്റും സാമൂഹ്യശാസ്ത്ര ഗവേഷകനുമാണ് അഭയ് ഫ്‌ലാവിയര്‍ സാസ. നാല്‍പത്തിമൂന്ന് വയസുകാരനായ സാസയുടെ അകാല വിരാമം ആദിവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് . ഇന്ത്യയിലെ വിവിധ എന്‍ജിഓകളിലും കാമ്പയിനുകളിലും മാധ്യമങ്ങളിലും ഗവേഷണസ്ഥാപനങ്ങളിലും ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം National campaign on Adivasi Rights ന്റെ ദേശീയ കണ്‍വീനറാണ്.
സാസയുടെ ആദിവാസി സ്വത്വത്തെ അടയാളപ്പെടുത്തുന്ന ഒരു കവിതയുടെ മലയാള പരിഭാഷ.
ഞാന്‍ നിങ്ങളുടെ സ്ഥിതിവിവരക്കണക്കോ വോട്ട് ബാങ്കോ അല്ല,
ഞാന്‍ നിങ്ങളുടെ പ്രൊജക്ടോ മറ്റേതെങ്കിലും വിചിത്രമായ മ്യൂസിയംവസ്തുവോ അല്ല,
വിളവെടുപ്പിന് പാകമായ ഏതോ ആത്മാവുമല്ല ഞാന്‍,
നിങ്ങളുടെ തിയറികള്‍ പരിശോധിക്കാനുള്ള ലാബുമല്ല ഞാന്‍,
ഞാന്‍ നിങ്ങളുടെ പീരങ്കിക്ക് ഇരയാകാനുള്ളതോ നിങ്ങളുടെ അദൃശ്യനായ ജോലിക്കാരനോ ഇന്ത്യന്‍ ഹബിറ്റാറ്റ് സെന്ററിലെ വിനോദപാത്രമോ അല്ല,
ഞാന്‍ നിങ്ങളുടെ കൊയ്ത്തുപാടമല്ല, ആള്‍ക്കൂട്ടമല്ല, ചരിത്രപാഠമല്ല, സഹായിയല്ല, അപരാധമല്ല, നിങ്ങളുടെ വിജയങ്ങള്‍ക്കുള്ള പതക്കവുമല്ല,
നിങ്ങള്‍ ഔദാര്യമായി തരുന്ന മേല്‍വിലാസങ്ങളെ, നിങ്ങളുടെ വിധിതീര്‍പ്പുകളെ, രേഖകളെ, നിര്‍വചനങ്ങളെ, നേതാക്കളെ രക്ഷാധികാരികളെ ഞാന്‍ നിരസിക്കുന്നു, തള്ളിക്കളയുന്നു, പ്രതിരോധിക്കുന്നു..
കാരണം അവയെല്ലാം എന്റെ നിലനില്‍പ്പിനെയും എന്റെ വീക്ഷണങ്ങളെയും എന്‍േതായ ഇടത്തെയും എന്റെ വാക്കുകളെയും ഭൂപടങ്ങളെയും രൂപങ്ങളെയും അടയാളങ്ങളെയും നിഷേധിക്കുന്നവയാണ്,
അവയെല്ലാം നിങ്ങളെ ഒരു ഉന്നതപീഠത്തില്‍ പ്രതിഷ്ഠിച്ച് താഴേക്ക് എന്നെ നോക്കാനുള്ള മായാപ്രപഞ്ചത്തെയുണ്ടാക്കലാണ്,
അതുകൊണ്ട് എന്റെ ചിത്രം, അത് ഞാന്‍ തന്നെ വരച്ചുകൊള്ളാം, എന്റെ ഭാഷയെ ഞാന്‍ തന്നെ രചിച്ചുകൊള്ളാം, എന്റെ യുദ്ധങ്ങള്‍ ജയിക്കാനുള്ള കോപ്പുകള്‍ ഞാന്‍ തന്നെ നിര്‍മിച്ചുകൊള്ളാം,
എനിക്ക്, എന്റെയാളുകള്‍, എന്റെ ലോകം പിന്നെ ഞാനെന്ന ആദിവാസിയും..!
(2011 സെപ്തംബറില്‍ റൗണ്ട് ടേബിള്‍ ഇന്ത്യ പ്രസിദ്ധീകരിച്ചത്)