അബ്ദുല്‍ ഫത്താഹ് (വിജയകുമാര്‍): വായനയിലുടെയും ചിന്തയിലൂടെയും ഇസ്ലാമിലെത്തിയ മനുഷ്യസ്‌നേഹി

വിജയകുമാറുമായുള്ള എന്റെ പരിചയം 15-16 വർഷം മുന്നെയുള്ളതാണ്. ഞാൻ കോഴിക്കോട് ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹവും അവിടെ ഒരു സോഫ്റ്റ്‌ വെയർ കണ്‍സള്‍ട്ടന്റായി എത്തുന്നത്. ആദ്യ കാലത്ത് മലബാറിലെ NIT, RAC അടങ്ങുന്ന എല്ലാ സ്ഥാപനങ്ങളിലും ലൈബ്രറി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് തുടക്കം കുറിച്ച പ്രധാനിയാണ് അദ്ദേഹം.

അബ്ദുല്‍ ഫത്താഹിനെക്കുറിച്ച് പറയുമ്പോള്‍ നിറയെ ഓര്‍മകളാണ്. ലോകത്തെ ഒരു വിധം കാര്യങ്ങളെക്കുറിച്ച് ചോദിച്ചാലും, ആരോടും തന്റെ ഓര്‍മയില്‍ നിന്നെടുത്ത സംസാരിക്കാന് കഴിയും.

ഞാൻ ഓർക്കുന്ന ഒരു സംഭവം, സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ചർച്ചക്കായി കോഴിക്കോട് മര്‍കസു സഖാഫത്തുസ്സുന്നിയ്യയില്‍ പോയതാണ്. എ.പി അബൂബക്കര്‍ ഉസ്താദിന്റെ മകന്‍ ഡോ. ഹകീം അസ്ഹരിയുമായി സംസാരിച്ചു കൊണ്ടിരിക്കെ ഖുർആൻ ലെ ‘ഇഖ്‌റഅ ബിസ്മി’യുടെ അർത്ഥം ‘പേന കൊണ്ട് പഠിപ്പികുക’ എന്ന് വിശദീകരണം നൽകിയപ്പോൾ അതിനെ തിരുത്തിക്കൊണ്ട് ‘നിങ്ങൾ ഇങ്ങനെ പേന കൊണ്ട് പഠിപ്പിച്ചവന്’ എന്ന് പറയരുത്. എഴുത്ത് വിദ്യ പഠിപ്പിച്ചവനെന്നു പറയണം എന്നു പറയുകയുണ്ടായി. അങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്ന, കാര്യങ്ങളെ സ്വന്തം നിലക്ക് മനസ്സിലാക്കി, ആരോടും എപ്പോഴും അതിനു വേണ്ടി സംസാരിക്കാനും സമര്‍ഥിക്കാനുമുള്ള അപാര ശേഷി അദ്ദേഹത്തിലുണ്ടായിരുന്നു.

ഒറിഗ ടെക്‌നോളജീസിലായിരുന്നു ജോലി. 5 കൊല്ലത്തോളം അതുമായി ബന്ധപ്പെട്ടു പലയിടത്തും കൂടെ സഞ്ചരിക്കാനും സംവദിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. അന്നുതന്നെ കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന വ്യക്തികളുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. വലിയ നേതാക്കളും എഴുത്തുകാരും സാഹിത്യകാരും അതിൽപ്പെടും. കെ. ജി കർത്ത, വി. ടി ഭരത്‌ എന്നിങ്ങനെയുള്ള ചിത്രകാരന്മാരൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്.

അദ്ദേഹത്തിൽ നിന്ന് പറഞ്ഞുകേട്ടതനുസരിച്ചു, അദ്ദേഹം കോളേജ് പഠനകാലത്ത്‌ സജീവ ഇടതുപക്ഷ പ്രവർത്തകനും എസ്. എഫ്. ഐ നേതാവും ഒക്കെ ആയിരുന്നു. മനോരമ പത്രത്തിനെ കല്ലെറിയുക എന്നത് ഒരു മുഖ്യ പരിപാടിയായിരുന്നു എന്നദേഹം പറഞ്ഞിട്ടുണ്ട്. എസ്. എഫ്. ഐ യുടെ സമരം ഉണ്ടാകുമ്പോ പത്രത്തിൽ കല്ലു പൊതിഞ്ഞു കൊണ്ടു പോവുകയും മനോരമയുടെ മുന്നിലൂടെ പോകുമ്പോൾ അവരെ കല്ലെറിയുകയും ചെയ്യുന്നത് ഒഴിച്ചു കൂടാനാകാത്ത ഒരു ചടങ്ങയിരുന്നു എന്നും മാമൻ മാത്യുവിന്റെ പ്രതിമ വന്നപ്പോ അതിനു നേരെയും കല്ലേറുണ്ടായതായും അദ്ദേഹം വിവരിച്ചിട്ടുണ്ട്. പിറ്റേന്ന് പത്രത്തിൽ ഇങ്ങനെ അച്ചടിച്ചു വന്നു ‘ആ ദ്രോഹികൾ മാമൻ മാത്യു വിനെപ്പോലും വെറുത വിട്ടില്ല ‘.

അൽപകാലശേഷം ഒരു നക്‌സലൈറ്റ്‌ സ്വഭാവത്തിലേക്ക് ചിന്തകളും കൂട്ടുകെട്ടും മാറുകയുണ്ടായി അങ്ങനെ ഒരു ദിവസം ക്രിസ്ത്യൻ കപ്പോളയിലെ കൈ നീട്ടി നിൽക്കുന്ന യേശു പ്രതിമയിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ കൊടി വെച്ചു കൊടുത്തു. യൗവനകാലത്ത് നക്‌സലൈറ്റ്‌ ചിന്തകളാൽ വീട്ടുകാരുമായി ഉടക്കി വീട്ടിൽ നിന്ന് പുറത്താകേണ്ടി വന്നതും അങ്ങനെ മലബാറിലെക്ക് എത്തിയതും ആണ് പിന്നീടുള്ള ചരിത്രം.

ഇസ്‌ലാമുമായി എങ്ങനെയാണ് ബന്ധപ്പെട്ടത് എന്നതിന്റെ ഉത്തരം സ്വന്തമായ പഠനത്തിലൂടെ എന്നതാണ്. മറ്റാരെങ്കിലും ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയോ അതിലേക്ക്‌ ക്ഷണിക്കുകയോ ഉണ്ടായില്ല. സ്വന്തമായ ചിന്തകളിലൂടെ പഠനത്തിലൂടെ അതാണ് സത്യമെന്നും യുക്തിക്ക് യോജിക്കുന്നതെന്നു തിരിച്ചറിയുകയും ജാതകം പോലുള്ള മണ്ടത്തരങ്ങൾ ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാവുന്നതാണെന്നുo ഹിന്ദു മതത്തെ പറ്റി അദ്ദേഹം അഭിപ്രായപ്പെട്ടു. കുറച്ചു കാലമെടുത്ത് പതുക്കെ പതുക്കെയാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ഇടക്ക് നിസ്കാരം ഒക്കെ പരിശീലിച്ചിരുന്നു. പിന്നെ കോഴിക്കോട് ഇസ്‌ലാമിക സംഘടനകളുടെ അടുത്തും നേതാക്കളുടെ അടുത്തും പോയി സംസാരിച്ചിരുന്നു. അവർ തങ്ങളെ നിറഞ്ഞ വിജ്ഞാനത്തിന്റെ ഗ്ലാസുകളായും മറ്റുള്ളവരുടെ ഒഴിഞ്ഞ ഗ്ലാസിലേക്ക് പകർന്നു നൽകേണ്ടതായി മനസിലാക്കുകയും ചെയ്തത് ഒടുവിൽ വഴക്കിലും ഒഴിഞ്ഞുപോരലിലും കലാശിച്ചു.

അദ്ദേഹം കുറച്ചു കാലം ‘തര്‍ബിയ്യത്തി’ല്‍ ഇസ്‌ലാമിനെ പഠിക്കാൻ ചിലവഴിച്ചു. അങ്ങനെ അവിടെ നിന്ന് ഇസ്‌ലാം സ്വീകരിച്ചതിന്റെ ഔദ്യോഗികമായ രേഖകൾ സംഘടിപ്പിക്കുകയും ഉണ്ടായി. ഇത്തരം നിയമപരമായ വശങ്ങളെക്കുറിച്ച്‌ കൃത്യമായി അറിവുള്ളതിനാൽ വളരെ നേരത്തെതന്നെ ചെയ്തു വെക്കുകയുണ്ടായി.

അബ്ദുല്‍ ഫത്താഹിന്റെ ഒരു ഡ്രീം പ്രൊജക്റ്റ്‌ ആയിട്ട് എപ്പോഴും പറയാറുള്ളത് മലബാർ ചരിത്രം ഒന്നു ഡോക്യുമെന്റ് ചെയ്ത് വെക്കണം എന്നതാണ്. ഒരു വീഡിയോ അല്ലെങ്കിൽ ഡിജിറ്റൽ ഡോക്യുമെന്റ് ആയി സൂക്ഷിക്കണം.

ടിപ്പു സുൽത്താനെപ്പറ്റിയും മലബാർ കലാപത്തിനെ പറ്റിയൊക്കെ ഉള്ള വളരെ തെറ്റായ പല കാര്യങ്ങളും ചരിത്രപരമായി ശരിയാണെന്ന വിധം സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതിനെയൊക്കെ തിരുത്താനുള്ള പദ്ധതി അദ്ദേഹത്തിനുണ്ടായിരുന്നു. എടുത്തു പറയാവുന്ന ഒരു ആശയം വെബ്സൈറ്റ് തുടങ്ങുന്നതിനെ സംബന്ധിച്ചാണ്. അതിന്റെ ഒരു ഭാഗത്തു, ഉദാഹരണത്തിനു ടിപ്പു സുൽത്താനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ അതുപോലെ കൊടുക്കുക. ക്ഷേത്ര ധ്വoസനം നടത്തിയിരുന്നു ടിപ്പു എന്നു പറയുന്ന സംഘപരിവാർ രേഖകളും ഒക്കെ നൽകുക. അതിന്റെ കൂടെ തന്നെ അദ്ദേഹം ക്ഷേത്രത്തിനു കൊടുത്ത സംഭാവനകളും അതിന്റെ ഫോട്ടോഗ്രാഫും രേഖകളും ആര്‍ക്കൈവ്‌സില്‍ നിന്ന്‌ ശേഖരിച്ച്‌ അതും നൽകുക. അങ്ങനെയുള്ള പദ്ധതിയെക്കുറിചെല്ലാം അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു. അത്തരം പദ്ധതികളും സ്വപ്നങ്ങളും ഒക്കെ അദ്ദേഹത്തിനുണ്ടായിരുന്നു.

കുറേ ആളുകളെ, മുസ്ലിം ലീഗിന്റെ നേതാക്കളെ അതുമായി ബന്ധപ്പെട്ടു സമീപിക്കുകയുമുണ്ടായി. ഇതെല്ലാം 5-8കൊല്ലം മുന്നെയാണ്. അതിനു ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി ഒരു മുസ്‌ലിം പൈതൃക കോണ്‍ഫറന്‍സ്‌ ഒക്കെ സംഘടിപ്പിച്ചത്. പിന്നീട് അദ്ദേഹം ഈ ജോലിയിൽ നിന്നൊക്കെ ഒഴിഞ്ഞ ശേഷം എറണാകുളത്ത് ഒരു കണ്‍സള്‍ട്ടന്റ്‌ ആയിട്ട് പ്രവർത്തിക്കുകയായിരുന്നു. അവിടെ പല ഇസ്‌ലാമിക്‌ സെന്ററുകൾക്കും പള്ളികൾക്കുമുള്ള ഡിസൈൻകളുണ്ടാക്കി. ധൈഷണികമായി വളരെയധികം കഴിവുള്ള ആളായിരുന്ന അദ്ദേഹം മറ്റുള്ളവരെ ആശ്രയിക്കതെ എല്ലാം സ്വന്തം നിലക്ക് തന്നെയാണ് ചെയ്തിരുന്നത്. കോഴിക്കോട്ടെ മിക്ക മുസ്‌ലിം പ്രമുഖരുമായും അദ്ദേഹത്തിനു നല്ല ബന്ധമുണ്ടായിരുന്നു.

ഐ.റ്റി കണ്‍സള്‍ട്ടന്റ്‌ എന്നതാണ് പ്രധാന പ്രൊഫൈൽ എങ്കിലും ഇതര മേഖലകളിലും സജീവമായിരുന്നു. ജാര്‍ഖണ്ഡ്‌, ഹരിയാന എന്നിവിടങ്ങളിലെ തുണിത്തരങ്ങള്‍ ഉൽപ്പാദിപ്പിക്കുന്ന കുഗ്രാമങ്ങളിൽ നേരിട്ടു പോയി ഉൽപന്നം വാങ്ങി വിൽക്കുന്ന സംരംഭം അവസാന കാലങ്ങളിൽ തുടങ്ങി. ആയിടക്കാണ് അസുഖം തിരിച്ചറിയുന്നത്‌.

മക്കളായ വചന, ശ്രേയ എന്നിവരും ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. മൂത്ത മകൾ അര്‍ബന്‍ ഡെവലപ്‌മെന്റിലും ചെറിയ മകൾ ജേർണലിസം മേഖലയിലും ജോലി ചെയ്യുന്നു. പരിശോധിച്ചപ്പോഴേക്കും ശ്വാസകോശം ക്യാൻസറിന്റെ നാലാം ഘട്ടത്തിൽ എത്തിയിട്ടുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞ ഘട്ടത്തിൽ ഞങ്ങളെയെല്ലാം വിളിച്ചറിയിച്ചു.

മക്കള്‍ വചന, ശ്രേയ

മരിച്ചു കഴിഞ്ഞാൽ എന്റെ മയ്യിത്ത് കത്തിക്കാൻ കൊടുക്കരുത്. പള്ളിയിൽ ഖബറടക്കണം. ഇനി അഥവാ പള്ളിയുമായി ബന്ധപ്പെട്ടവർ സമ്മതിക്കാതെ വരികയോ നിയമ പ്രശ്നങ്ങൾ ആവുകയോ ചെയ്താൽ പൊതു ശ്മശാനത്തിലെങ്കിലും കബറടക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.

പുസ്തകങ്ങളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. വിരളമായ ആധികാരികമായ ഒരു വലിയ ലൈബ്രറി തന്നെ സൂക്ഷിച്ചുപോന്നു. വീടു മാറുമ്പോൾ അതുമായാണ് പോവുക. ലഗേജിന്റെ വലിയൊരു പങ്കും പുസ്തകങ്ങൾക്കാകും. ഇപ്പോഴവ നമ്മുടെ പക്കലാണ് ഉള്ളത്.

കോഴിക്കോട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ലൈബ്രറിയിലേക്ക് കൊടുക്കാം എന്നാണ് മക്കൾ പറഞ്ഞിട്ടുള്ളത്. മക്കളുടെ കൂടെയാണ് ജീവിച്ചിരുന്നത്. ഇസ്‌ലാം സ്വീകരണത്തോടെ വിട്ടുപോയിരുന്നെങ്കിലും അവസാനം രോഗം വന്നു കിടപ്പിലായപ്പോൾ ഭാര്യ ശുശൂഷിക്കാൻ കൂടെയുണ്ടായിരുന്നു. മരിക്കുമ്പോഴും അവർ കൂടെയുണ്ടായിരുന്നു. ഏകദേശം 60 വയസ്സാകുമ്പഴേക്കാണ് മരിക്കുന്നത്.

അസുഖം ബാധിച്ചതിനെ ക്കുറിച്ച് എനിക്കു ആദ്യമായി മെസ്സേജ് അയക്കുന്നത് ‘Diagnosed lung cancer forth stage. regret for the mistakes’ എന്നാണ്. രണ്ടു പാക്ക് നിത്യമായി വലിക്കുന്ന ഒരു ചെയിൻ സ്‌മോക്കർ ആയിരുന്നു അദ്ദേഹം. അതാണ് പറഞ്ഞു വെച്ച മിസ്‌ടേക്ക്‌. തന്റെ ബൗദ്ധിക ശേഷിയുടെ മേലുള്ള അഹങ്കാരത്തിന്റെ ഒരു കോട്ടയിലായിരുന്നു ഞാൻ ജീവിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ എനിക്കു മനസ്സിലായി അതെല്ലാം തന്നെ തകർന്ന് വെറും ശൂന്യമാണ്. അതിന്റെയകത്ത് ജീവിച്ചപ്പോൾ ഞാനൊരു വിഡ്ഢിയായിരുന്നു എന്ന രൂപത്തിൽ ഒക്കെ അദ്ദേഹം സംസാരിക്കുകയുണ്ടായി. അസുഖമായി കിടന്നപ്പോ പലരും, പല മുസ്ലിം സുഹൃത്തുക്കളും അദ്ദേഹത്തെ വിളിക്കുമായിരുന്നു. ആളുകൾക്ക് എന്നോട് ഇത്രമേൽ അടുപ്പവും സ്നേഹവുമുണ്ടായിരുന്നേൽ ഞാൻ കുറച്ചുടെ നല്ല മനുഷ്യനാകുമായിരുന്നു എന്നൊക്ക അവസാന കാലങ്ങളിൽ പലപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഇനിയുമേറെ സംസാരിക്കാനുണ്ട്.

By അബ്ദുല്‍ റഷീദ് (യു. കെ)