“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

ദലിത് ക്യാമറയിലൂടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ചിരപരിചിതനാണ് താങ്കള്‍. ദലിത്- മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുത്തുകൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുകയാണ്. മേട്ടുപാളയത്തെ ജാതിമതില്‍ ദുരന്തത്തെത്തുടര്‍ന്നാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രഖ്യാപിക്കുന്നതെന്ന് പറയുകയുണ്ടായല്ലോ. അതിന് മുമ്പേ അങ്ങിനെയൊരു ആലോചന മനസിലുണ്ടായിരുന്നോ? ഈ തീരുമാനത്തിലേക്കെത്തുന്നതെങ്ങിനെയാണ്?

ഒരു അസ്പൃശ്യ ശരീരത്തിന്റെ താഴ്ന്ന പദവിയെ ഓര്‍മിപ്പിച്ച ആദ്യത്തെ സംഭവമൊന്നുമല്ല അത്. പക്ഷേ, എന്റെയും എന്റെ സമുദായത്തിന്‍ മേലും മുദ്രകുത്തപ്പെട്ട കീഴ്ജാതി സ്വത്വത്തിന്റെ പേരില്‍, ഞാന്‍ തലകുനിക്കേണ്ടി വരുന്ന ഒടുവിലത്തെ സംഭവമായിരിക്കണം ഇതെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ജാതിയെ മനസിലാക്കുന്നതിനുള്ള വ്യത്യസ്ത രീതിയുള്ള പഠന- ഗവേഷണങ്ങളിലായിരുന്നു ഞാന്‍. കക്കൂസുകളുകളെക്കുറിച്ചായിരുന്നു പ്രധാനമായും പഠിക്കാന്‍ ശ്രമിച്ചത്. മസ്ജിദുകളിലെ ശൗചാലയങ്ങളും വുദൂഅ്(അംഗശുദ്ധി) ചെയ്യുന്ന സ്ഥലവുമെല്ലാം സ്വാഭിമാനത്തിന്റെയും അസ്പൃശ്യ ശരീരത്തെ സംസ്‌കരിക്കുന്നതിനുമുള്ള ഇടവുമായാണ് എനിക്ക് മനസിലാക്കാന്‍ സാധിച്ചത്.

ദലിതുകളും മുസ്‌ലിംകളും ഇന്ത്യന്‍ സമൂഹത്തിന് കളങ്കമേറ്റവരായാണ് ഗണിക്കപ്പെടുന്നത്. രണ്ട് കൂട്ടരും അക്രമിക്കപ്പെടുന്നുണ്ടെന്നിരുന്നാലും ഒരുപാട് ദലിതര്‍ ഇനിയും മനസിലാക്കാത്ത ഒരു വസ്തുതയാണ് അവര്‍ തോളേറ്റുന്ന ഹിന്ദുമതം തന്നെയാണ് അവര്‍ ഇത്രയധികം അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരാന്‍ കാരണം എന്നത്. ഭൂരിഭാഗം ദലിതരും ആത്മാഭിമാനത്തിനര്‍ഹരല്ല എന്നത് സാഭാവികവല്‍കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. കാരണം അവരവരുടെ അസ്പൃശ്യ പദവി ജീവിതകാലം പേറുകയും മാന്‍ഹോളില്‍ കുടുങ്ങി മരിക്കുകയും ചെയ്യുന്നു.

ദലിതുകള്‍ തങ്ങളുടെ പദവിയെക്കുറിച്ച് ബോധവാന്മാരാകുന്ന മുറക്ക് ആത്മാഭിമാനത്തിനായി പോരാടുന്നുണ്ട്, പക്ഷേ ഹിന്ദു മതത്തിനകത്ത് നിന്നു കൊണ്ടുള്ള ആ പോരാട്ടം തന്നെ വ്യര്‍ഥമാണ്.

അസമത്വത്താല്‍ പടുത്തുയര്‍ത്തിയ സമൂഹമാണ് ഹിന്ദുമതത്തിന്റെ തത്വശാസ്ത്രം. ഒരാള്‍ക്ക് അയാളുടെ ആത്മാഭിമാനം ജീവവായു പോലെയാണ്, എനിക്കത് ഇസ്‌ലാമിലൂടെ അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ മറ്റൊന്നിനും എന്നെ അതില്‍ നിന്നകറ്റുക സാധ്യമല്ല. ആളുകള്‍ മുസ്‌ലിം ജീവിതവും കളങ്കപ്പെട്ടതാണെന്നും ഗെറ്റോവല്‍ക്കരിക്കപ്പെട്ടതാണെന്നും പറയുന്നു. നമ്മളിവിടെ ഒരു സമുദായമെന്ന നിലക്ക് ഗെറ്റോവല്‍ക്കരിക്കപ്പെട്ടതാണെന്നിരുന്നാലും ഇസ്‌ലാം അനീതിക്കെതിരെ തിരിച്ച് ഏറ്റുമുട്ടാനാണ് പഠിപ്പിക്കുന്നത്. എന്ത് തന്നെയായാലും ഒരു മനുഷ്യന് വേണ്ടത് അന്തസുള്ള ജീവിതമാണ്.

ബ്രാഹ്മണിക്കല്‍ അധീശത്വത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഒട്ടേറെ ദളിതുകള്‍ മതം മാറാറുണ്ട്. തമിഴ്‌നാട്ടിലും അതേപോലെ ദളിതുകള്‍ കൂട്ടമായി ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ കുറേ ഉദ്യോഗസ്ഥരായ ആളുകള്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച കഥ താങ്കള്‍ ലേഖനത്തില്‍ പറയുകയുണ്ടായി. ബുദ്ധമതത്തിലേക്ക് മാറാനും ഇസ്‌ലാമിലേക്ക് പോവരുതെന്നും ആണ് അവര്‍ പറഞ്ഞത്. എന്തുകൊണ്ടാണ് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതിനെ ആളുകള്‍ ഭയപ്പെടുന്നത്?

മുസ്‌ലിംകള്‍ക്കും ഇസ്‌ലാം മതത്തിനും ഭീഷണിയായി പൊതുവെ മനസിലാക്കുന്നത് ആര്‍ എസ് എസിനെയും ബിജെപിയെയുമാണല്ലോ. എന്റെ അനുഭവത്തില്‍ എനിക്ക് തോന്നിയതും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നതുമായ ഒരു കാര്യം, ഹിന്ദു/കൃസ്ത്യന്‍/ദലിത്/ആദിവാസി വ്യത്യാസങ്ങളില്ലാതെ ഒട്ടുമിക്ക ആളുകളും മുസ്‌ലിം വിരോധികളാണെന്നാണ്. മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരായ വിദ്വേഷം വ്യാപകമാണ് സമൂഹത്തില്‍. അമുസ്‌ലിംകള്‍ മുസ്‌ലിംകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ശ്രദ്ധിച്ചോളുൂ, മിക്കപ്പോഴും തീവ്രവാദികളായോ മതമൗലികവാദികളായോ ആണവര്‍ മുസ്‌ലിംകളെ മനസിലാക്കുന്നതെന്നത് വിചിത്രമായ സംഗതിയാണ്. പക്ഷേ, വസ്തുത നേരെ തിരിച്ചാണ്.

ഹിന്ദുമതത്തെ സംബന്ധിച്ചെടുത്തോളം അതിന്റെ അതിജീവനം തന്നെ ജാതിയെ കൂട്ടുപിടിച്ചുകൊണ്ടാണ്. ജാതിക്കെപ്പോഴും രണ്ട് അംഗങ്ങളുണ്ടായിരിക്കണം. ഒന്ന് താഴ്ന്നതും മറ്റൊന്ന് ഉയര്‍ന്നതും. ജാതിയുടെ നിലനില്‍പ്പിന് ഈ രണ്ട് സ്വത്വങ്ങളും അതിന്റേതായ തലങ്ങളില്‍ നിലനിന്ന് പോരുകയും പല അര്‍ഥങ്ങളില്‍ ആ സംവിധാനത്തെത്തന്നെ ന്യായീകരിക്കാന്‍ തക്കവണ്ണം തുടരുകയും വേണം. ഇതിന് പകരം വെക്കാന്‍ കെല്‍പുള്ള പ്രത്യയശാസ്ത്രം ഇസ്‌ലാമല്ലാതെ മറ്റൊന്നുമല്ല.

ഹൈന്ദവതയെ അപേക്ഷിച്ച് അതിന്റെ നേര്‍ വിപരീതമായ ഇസ്‌ലാം പറയുന്നത്, ഒരാള്‍ അഞ്ചുനേരം മുടങ്ങാതെ ശുദ്ധി വരുത്തേണ്ടതിനെക്കുറിച്ചാണ്. അപ്പോള്‍, ഒരാള്‍ മുസ്‌ലിമിനെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ക്ക് ആദ്യമേ മനസിലേക്ക് വരുന്നത് അവര്‍ ശുദ്ധിയുള്ളവരാണെന്ന ആശയമാണ്. മാത്രമല്ല ഹിന്ദുക്കളെപ്പോലെ അതില്‍ രണ്ട് അംഗങ്ങളെന്നൊരു ആശയമില്ല. അത് ഖുര്‍ആനില്‍ വേരൂന്നിയതും മസ്ജിദുകളിലെ വുദൂഅ് ചെയ്യുന്ന സ്ഥലത്ത് പ്രാവര്‍ത്തികമാക്കപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ആശയമാണ്. അതുകൊണ്ടുതന്നെ ഹൈന്ദവത എപ്പോഴും ഇസ്‌ലാമിനെ അതിന്റെ വിപരീതമായി കാണുന്നു. അസമത്വം കേന്ദ്രീയബിന്ദുവായി നിലകൊള്ളുന്ന ഹിന്ദുമതത്തിന് എതിരുനില്‍ക്കാന്‍ മറ്റൊരു മതത്തിനും കഴിയില്ല. അറബ്‌നാട്ടില്‍ നിന്നുയിര്‍ കൊണ്ടെന്ന് പറയപ്പെടുന്ന ഇസ്‌ലാമിനാണ് മറ്റേത് മതങ്ങളെക്കാളും അസമത്വത്തെ സമത്വം കൊണ്ട് പിഴുതെറിയാനുള്ള ശേഷിയുള്ളത്.

“It is my honor to be part of Islam”

മൂവായിരത്തോളം ദലിതുകള്‍ ജാതിപീഡനത്തിനെതിരെയുള്ള പ്രതിഷേധമായി ഇസ്‌ലാം സ്വീകരിക്കുമെന്ന വാര്‍ത്ത മേട്ടുപാളയത്തു നിന്ന് കേള്‍ക്കുകയുണ്ടായി. എന്തായിരുന്ന അത്തരമൊരു തീരുമാനത്തിലേക്കവരെയെത്തിച്ചത്? പിന്നീട് ആ മൂവ്‌മെന്റിന് എന്ത് സംഭവിച്ചു?

മേട്ടുപ്പാളയത്ത് ജാതിഹിന്ദുക്കള്‍ അവരവരുടെ വീടുകളില്‍ നിന്ന് ദളിതുകളെ കാണാപ്പാടകലെ നിര്‍ത്താനായി പണിത ഉയരമുള്ള വലിയ മതില്‍ ഇടിഞ്ഞുവീണ് പതിനേഴ് ദളിതര്‍ ദാരുണമായി മരണപ്പെടുകയുണ്ടായി. അത്തരം നിര്‍മിതികള്‍ തമിഴ്‌നാട്ടിലുടനീളം വ്യാപകമാണ്. ഈ നിര്‍മിതികളെല്ലാം തന്നെ ഹിന്ദു മതത്തിലെ മേല്‍ജാതികള്‍ക്ക് മറ്റു ജാതികളില്‍ നിന്ന് അശുദ്ധി തീണ്ടാതിരിക്കാന്‍ വേണ്ടി വിവേചനപരമായി നിര്‍മിക്കപ്പെട്ടവയാണ്. നടപടിയെടുക്കാന്‍ ബാധ്യസ്ഥരായ പോലീസ് ജാതിഹിന്ദുക്കള്‍ക്കെതിരില്‍ എഫ് ഐ ആര്‍ എഴുതാന്‍ സന്നദ്ധമായില്ല. കാരണം സവര്‍ണര്‍ക്ക് ദലിതുകളെ കൊലപ്പെടുത്താനുള്ള അവകാശമുണ്ടന്നവര്‍ വിശ്വസിക്കുന്നു. ഇതിങ്ങനെ ഇന്ത്യയിലുടനീളം വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. സവര്‍ണ ഹിന്ദുക്കള്‍ ഭരണഘടനയെക്കാളും ഹൈന്ദവനിയമങ്ങളെയാണ് പിന്തുടരുന്നത്. സമൂഹവും പോലീസുമെല്ലാം ഹിന്ദുകോഡ് പിന്തുടരുന്ന ഈയൊരവസ്ഥയില്‍ ദലിതുകള്‍ക്ക് ഒരിക്കലും അവരിലൊന്നും പ്രതീക്ഷ വെക്കാന്‍ കഴിയില്ല. അതുകൊണ്ട് അംബേദ്കര്‍ പറഞ്ഞ പോലെ ഒരേയൊരു പരിഹാരം ഹിന്ദു മതം ഉപേക്ഷിക്കലാണ്. ഇത് തന്നെയാണ് അവരങ്ങനെ തീരുമാനിക്കാനുള്ള കാരണം. മതപരിവര്‍ത്തനം പ്രഖ്യാപിച്ചതിന് ശേഷം ഒട്ടേറെ സമ്മര്‍ദങ്ങള്‍ പലഭാഗത്തുനിന്നും ഉണ്ടായെങ്കിലും നിലവില്‍ നൂറ്റിയമ്പതോളം പേര്‍ ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞു, അത് തുടരുകയും ചെയ്യും.

സാമൂഹ്യനീതിയുടെയും സമത്വത്തിന്റയും ആശയങ്ങളില്‍ ഇസ്‌ലാമിന്റെ തത്വസംഹിതകളെക്കുറിച്ച് താങ്കളുടെ വിലയിരുത്തലെന്താണ്?

മസ്ജൂദുകളിലെ ശൗച്യാലയങ്ങളും അവയുടെ സ്ഥാനവും, ഒരു മുസ്‌ലിം അവന്റെ/ളുടെ ശരീരത്തെ വുദൂഅ് കൊണ്ട് എപ്രകാരം പരിരക്ഷിക്കണം എന്ന് പഠിപ്പിക്കുന്ന രീതി, മൂക്കും വായും ചെവികളും കാലുകളും സ്വകാര്യഭാഗങ്ങളുമടക്കം ശുദ്ധിവരുത്തുന്നതിനെക്കുറിച്ച്, പരസ്പരം തോളോട്‌തോള്‍ ചേര്‍ന്ന് ജമാഅത്ത് നമസ്‌കാരത്തിനു വേണ്ടി ഒരുമിച്ച് നില്‍ക്കുന്നതും അല്ലാഹുവാണ് ഏകനായ ദൈവമെന്നും പറയുന്നത്, പരമകാരുണികനായ ദൈവമാണ് എല്ലാത്തിനും മുകളിലെന്നും ആ ദൈവത്തിന് മുന്നില്‍ സൃഷ്ടികളെല്ലാവരും തുല്യരാണെന്നുമുള്ള പ്രഖ്യാപനം- ഇന്ത്യന്‍ ജാതിവ്യവസ്ഥയോട് ഏറ്റുമുട്ടാന്‍ ഇത്രയൊക്കെ തന്നെ ധാരാളമാണെന്ന് ഞാന്‍ പറയും. ജാതിയെ ഉന്മൂലനം ചെയ്യുന്നതിനെപ്പറ്റിയാണ് ബാബാസാഹേബ് പറഞ്ഞത്. ഇസ്‌ലാമല്ലാതെ മറ്റൊരു മതവും ദിനേന അഞ്ചു നേരത്തെ നമസ്‌കാരത്തിന് പഠിപ്പിച്ചിട്ടില്ല. നാം രണ്ടായിരത്തോളം വര്‍ഷങ്ങളായി പഠിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ജാതിക്കെതിരെ പോരാടാന്‍ മസ്ജിദിലേക്കുള്ള വഴിയും പ്രാര്‍ഥനയുടെ പാഠങ്ങളും പര്യാപ്തമാണ്.

മേട്ടുപ്പാളയത്തെ സംഭവം, ഫാത്തിമ ലത്വീഫിന്റെ സ്ഥാപനവല്‍കൃത കൊല, മിക്ക സംസ്ഥാനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്ന ദുരഭിമാനക്കൊലകള്‍.. അങ്ങിനെ ജാതിപീഡനങ്ങളും ഇസ്‌ലാമോഫോബിക് നടപടികളും വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിയാണുള്ളത്. ഒരു ബഹുജന ഐക്യം പരിഹാരമായി തേടേണ്ട, ദളിത്- മുസ്‌ലിം- ആദിവാസി ഐക്യം രൂപപ്പെടേണ്ടതിന്റെ ആവശ്യകത. രാജ്യമൊട്ടാകെ അത്തരമൊരു രാഷ്ട്രീയ ഐക്യത്തിന്റെ സാധ്യതയെന്താണ്?

വളരെ സത്യസന്ധമായി എനിക്ക് തോന്നുന്ന ഒരു കാര്യം പച്ചക്ക് തുറന്ന് പറഞ്ഞാല്‍, ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ ആദര്‍ശപരമായ ഒരു സഖ്യം ഒരിക്കലും സാധ്യമല്ലാത്ത ഒന്നാണ്. അതിനൊരു പ്രത്യേക കാരണമെന്തെന്നാല്‍ ദലിത്- ആദിവാസി സ്വത്വങ്ങള്‍ ഹിന്ദുമതവുമായി വേരുറച്ചവയാണെന്നതാണ്. പരസ്പരം വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ ആദര്‍പരമായ ഐക്യം അസാധ്യമാണ്. നമുക്ക് പ്രതിസന്ധിയടിസ്ഥാനത്തിലുള്ള സഖ്യങ്ങളാവാം, എന്നാല്‍ സ്വാഭിമാന പ്രശ്‌നവും അസമത്വവും പോലുള്ള ആദര്‍ശപരമായ പ്രശ്‌നങ്ങളെ അഭീമുഖീകരിക്കാന്‍ അത്തരമൊരു സഖ്യം പര്യാപ്തമല്ല.

ഇന്ത്യയില്‍ മുസ്‌ലിം സ്വത്വം വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് താങ്കള്‍ക്കറിയാമല്ലോ. ഈ സമയത്തെ ഇസ്‌ലാം സ്വീകരണം ഒരാള്‍ക്ക് കൂടുതല്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഒരു തീരുമാനമാവില്ലേ ?

ദലിതുകളെ അവസ്ഥയെക്കുറിച്ച് മറച്ചുവെച്ചിട്ടോ അപ്രധാനമായി കരുതിയിട്ടോ കാര്യമില്ല. മുസ്‌ലിംകളും ദലിതുകളും തമ്മിലുള്ള വ്യത്യാസം അവയെ തമ്മില്‍ മനസിലാക്കുന്നതനുസരിച്ചിരിക്കും. മുസ്‌ലിംകള്‍ സമരം ചെയ്യുന്നത് അവരുടെ പൗരത്വം നിഷേധിക്കപ്പെടുമെന്നതിനാലാണ്. എന്നാല്‍ ദലിതുകള്‍ സമരമുഖത്ത് സജീവമല്ലാത്തതിനര്‍ഥം അവര്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നുവെന്നതാകാം. പക്ഷേ, ദലിതുകള്‍ ഇനിയും മനസിലാക്കേണ്ട ഒരു കാര്യമെന്തെന്നാല്‍ അവര്‍ അധപതിച്ച മനുഷ്യരെന്ന നിലക്കാണ് പരിഗണിക്കപ്പെടുന്നതെന്നാണ്. അവരിത് മനസിലാക്കുന്നുവെങ്കില്‍ എന്നോ സമരം തുടങ്ങുമായിരുന്നു. അവരുടെ മൊത്തം സമരങ്ങളും അവരെ പൗരന്മാരായി ഗണിക്കാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്ന തരത്തിലാണ്. രൂപയില്‍ നിന്ന് ഡോളറിലേക്ക് മാറ്റി എന്ന് പറയുന്ന പോലെയല്ല ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന് പറയുക. ബുദ്ധമതത്തിലേക്കോ ക്രൈസ്തവതയിലേക്കോ പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ക്ക് ഇസ്‌ലാം തന്നില്‍ പ്രകടമാക്കേണ്ടതായി വരും. ഹിന്ദുമതത്തില്‍ ദലിതുകള്‍ക്ക് തൊട്ടുകൂടാത്തവരെന്ന നിലക്ക് ജാതിപീഡനം സഹിക്കേണ്ടതായി വരും. അതേസമയം ഒരു മുസ്‌ലിം ആവുകയും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടി തെരുവിലറങ്ങുകയും ചെയ്യുന്നതാണ് എത്രയോ ഭേദം. ദലിതര്‍ക്ക് സ്വാഭിമാനത്തിന് വേണ്ടി സമരം ചെയ്യാന്‍ ഖുര്‍ആന്‍ ആവശ്യമാണ്, നമുക്ക് ഭരണഘടനയും ആവശ്യമാണ്. അതുകൊണ്ട് ഇത് ഇരട്ടസമരമാണ് രണ്ടും വ്യത്യസ്തവുമാണ് പക്ഷേ ഒന്നാണ്.

അഭിമുഖം: റമീസുദ്ദീന്‍ വി. എം

By Editor