“നിങ്ങളെ തല്ലാനാണ് ഞങ്ങൾക്ക് ശമ്പളം കിട്ടുന്നത്” പോലീസ് മർദനമേറ്റ ഷഹീൻ അബ്ദുള്ളയും ആദിലയും അനുഭവം വിവരിക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥികളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പത്തിലധികം വിദ്യാര്‍ഥിനികള്‍ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ് ചികിത്സയിലാണ്. പത്തിലധികം വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയില്‍ വെച്ച് ക്രൂരമായ മര്‍ദനം നേരിടേണ്ടി വന്ന ജേണലിസം വിദ്യാര്‍ഥി ഷഹീന്‍ അബ്ദുള്ള സംഭവം വിവരിച്ചെഴുതുന്നു..

“ബാരിക്കേഡുകൾ വിന്യസിക്കാനുള്ള മുഴുവൻ ശ്രമങ്ങളും സൂചിപ്പിക്കുന്നത്‌ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുമായി ഏറ്റുമുട്ടൽ വേണമെന്ന് ഡല്‍ഹി പോലീസിന്റെ പദ്ധതിയായിരുന്നു എന്നതാണ്. പ്രതിഷേധമാർച്ച് പോലീസ് സേനയോടടുത്ത സമയത്ത് സ്ത്രീകളും പ്രായമായവരും ആയിരുന്നു മുന്നില്‍. പുരുഷപോലീസ് സ്ത്രീകളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവരെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചു. പോലീസിൽ നിന്ന് സംയമനത്തിന്റെ ലക്ഷണമൊന്നും ഇല്ലാതിരുന്നപ്പോൾ ഞങ്ങൾ മുന്നോട്ട് തള്ളി ബാരിക്കേഡുകളിൽ എത്തി അതിൽ കയറി. പോലീസിനെ മുന്നിൽ നിന്ന് തിരികെ വിളിക്കാൻ ഞങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പ്രായമായ ധാരാളം ആളുകൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്നും അടിച്ചമർത്തൽ ക്രൂരമാകുമെന്നും ഞങ്ങൾ അവരോട് പറഞ്ഞു. പോലീസ് ഞങ്ങളെ ഇരുവശത്തുനിന്നും താഴേക്ക് വലിക്കാൻ തുടങ്ങി. തടവിലാക്കപ്പെട്ട മൂന്നാമത്തെ വ്യക്തിയായിരുന്നു ഞാൻ. എന്നെ ബസ്സിലേക്ക് വലിച്ചിഴച്ചപ്പോൾ ഒരു കൂട്ടം സായുധ പോലീസ് ഞങ്ങളെ പിന്തുടർന്നു

ഷഹീന്‍ അബ്ദുള്ളയും മറ്റ് വിദ്യാര്‍ഥികളും പോലീസ് കസ്റ്റഡിയില്‍

അവർ എന്നെ അകത്തേക്ക് എറിഞ്ഞ നിമിഷം, അകത്തുള്ള ഉദ്യോഗസ്ഥർ “ഇനി ഞാൻ നിങ്ങൾക്ക് ആസാദി തരാം” എന്ന് പറഞ്ഞ് എന്നെ കുത്തി.

കയ്യിൽ ബാറ്റണുകളും മറ്റും ഉപയോഗിച്ച് അവർ എന്നെ ആക്രമിച്ചപ്പോൾ ഞാൻ അവരെ പിന്നിലേക്ക് തള്ളി. അവർക്ക് കലിയിളക്കുകയും ഒരു ഉദ്യോഗസ്ഥൻ ‘ഗോലീ മാരോ ഉസ്കോ’ എന്ന് ആക്രോശിക്കുകയും ചെയ്തു. എന്നെ പിന്നിലേക്ക് തള്ളിയിട്ടു, മറ്റ് തടവുകാരനായ എഞ്ചിനീയറിംഗ് വിദ്യാർഥി ഇസ്ഹാർ ഹുസൈൻ അവരെ തടയാൻ ശ്രമിച്ചപ്പോൾ അയാളെ മർദ്ദിച്ചു.

ബസിന്റെ തറയിൽ എന്നെ കിടത്തുന്നതിൽ അവർ വിജയിച്ചപ്പോൾ, അവർ അവരുടെ ബൂട്ട് ഉപയോഗിച്ച് എന്റെ മുഖത്തും സ്വകാര്യ ഭാഗത്തും ചവിട്ടി. ജനാലകളിൽ വഴി കാണും എന്നതിനാൽ സീറ്റിൽ ഇരിക്കാൻ ഞങ്ങളെ അനുവദിച്ചില്ല. പോലീസ് വട്ടമിട്ട് ഞങ്ങളെ അടിക്കാൻ തുടങ്ങി. ഞാൻ ആ വ്യക്തിയുടെ മുഖം മറയ്ക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് എന്റെ കൈകൾ വളച്ചൊടിച്ചു. ആത്മരക്ഷാർഥം ഞാൻ തള്ളിയിട്ട എന്റെ പുറകിലുള്ളയാൾ കോപം ശമിക്കുന്നതുവരെ എന്നെ അടിച്ചു. എന്നെ ആക്രമിക്കാൻ അദ്ദേഹം മറ്റ് ഉദ്യോഗസ്ഥരെ ക്ഷണിച്ചു. ഇതിനിടയിൽ മറ്റേ ആൺകുട്ടി സമാനമായ ആക്രമണം നേരിടുകയായിരുന്നു. ഞങ്ങൾ അവരെ ‘ഭയ്യാ’ (സഹോദരൻ) എന്ന് വിളിച്ചപ്പോൾ ഞങ്ങളെ ‘ശിക്ഷിച്ചത്’, അവരെ ‘സർ’ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ്. അവരുടെ ഭാഷയിൽ നിന്നും “പോലീസാവലിൽ” നിന്നും അവർ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണെന്നും അവർ ഞങ്ങളെ ചോദ്യം ചെയ്യുകയാണെന്നും വ്യക്തമായിരുന്നു. ബസിനെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് അവർ ഉറപ്പുവരുത്തി, ഞങ്ങളെ തകർക്കുന്നതിനുള്ള എളുപ്പവഴി മറ്റയൊളെ ആക്രമിക്കുകയാണെന്ന് അവർക്കറിയാം.

മലയാളിയായ തഹ്‌സീനെ ബസ്സിൽ കൊണ്ടുവന്നപ്പോൾ. എന്റെ പുറകിലേക്ക് നിൽക്കാൻ ഞാൻ അവനെ വിളിച്ചുപറഞ്ഞു. ഒരു ഉദ്യോഗസ്ഥന്റെ ഹെൽമെറ്റ് താഴെ വീണതിന് അവർ അവനോട് ദേഷ്യപ്പെട്ടു. അവർ എന്നെ വലിച്ചിഴച്ച ശേഷം അവനെ ആക്രമിച്ചു. അത് വെറും കോപമായിരുന്നില്ല. മുറിവുകൾ ഉണ്ടാക്കരുതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു.

“നിങ്ങൾക്ക് കശ്മീർ പോലെ ആസാദി ആവശ്യമുണ്ടോ, ഞങ്ങൾ കശ്മീരിൽ ചെയ്യുന്നത് ഞങ്ങൾ ചെയ്യും,” ഒരു പോലീസുകാരൻ ഞങ്ങളെ പരിഹസിച്ചു. ഞാൻ അവന്റെ നെയിംപ്ലേറ്റിനായി തിരഞ്ഞപ്പോൾ അയാൾ തിരിഞ്ഞ് അത് നീക്കം ചെയ്തു.

അതുൽ ത്രിപാഠി എന്ന ഇകണോമിക്സ് വിദ്യാർത്ഥി താൻ ബ്രാഹ്മണനാണെന്ന് അവകാശപ്പെടുകയും സമരസ്ഥലത്ത് കാഴ്ചക്കാരൻ മാത്രമായിരുന്നു എന്ന് പറയുകയും ചെയ്തപ്പോൾ ചോദ്യം ചെയ്യലിനിടെ പോലീസ് അദ്ദേഹത്തോട് ചോദിച്ചത്, “മുസ്‌ലിംകളുടെപ്രതിഷേധത്തിൽ നിനക്കെന്താ കാര്യം” എന്നാണ്.

“നിങ്ങളെ തല്ലാനാണ് ഞങ്ങൾക്ക് ശമ്പളം കിട്ടുന്നത്,” പ്രായം കൂടിയ ഉദ്യോഗസ്ഥൻ അതുലിനെ ആക്രമിക്കുമ്പോൾ അലറിക്കൊണ്ടിരുന്നു. മാധ്യമങ്ങളെയോ വ്യക്തികളെയോ ബസിന് സമീപം വരാൻ അനുവദിച്ചില്ല. ഉദ്യോഗസ്ഥർ വരുന്നതും ഞങ്ങളെ നോക്കുന്നതും നന്നായി ചിരിക്കുന്നതും ജനാലയിലൂടെ എനിക്ക് കാണാമായിരുന്നു.

മുഴുവൻ സമയവും ഞങ്ങൾ തറയിലായിരുന്നു. നിരാശയും രോഷവും കൊണ്ട്‌ ഞാൻ എഴുന്നേറ്റ് സീറ്റിലിരുന്നു. അത് എന്റെ അവകാശമാണെന്ന് ഞാൻ അവരോട് പറഞ്ഞു. പോലീസ് അവരുടെ എല്ലാ ശക്തിയും പരീക്ഷിച്ചു, പക്ഷേ ഞാൻ വഴങ്ങിയില്ല, അവർ മറ്റുള്ളവരെ ആക്രമിച്ചു.

മറ്റെല്ലാ തടവുകാരും വന്നപ്പോൾ ഞങ്ങളെ ഇരിക്കാൻ അനുവദിച്ചു. ബദർപൂർ സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ മറ്റെല്ലാവരും ഉദ്യോഗസ്ഥരുമായി ഒത്തുചേർന്നു, പക്ഷേ ഞങ്ങൾക്ക് മൂന്നുപേർക്കും അതുമായി താദാത്മ്യപ്പെടാനും പുഞ്ചിരിക്കാനും കഴിഞ്ഞില്ല, കുറഞ്ഞത് എനിക്ക് കഴിഞ്ഞില്ല. ഞങ്ങൾ അവിടെ എത്തിയപ്പോൾ ഓഫീസർ എന്റെ അടുത്ത് വന്ന് സ്വകാര്യമായി എന്റെ ‘വോൾട്ടേജ്’കുറക്കാൻ പറഞ്ഞു. അത് അസാധ്യമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

ഈ എഴുത്ത് വേദനയെക്കുറിച്ചല്ല, ഒരിക്കലും അങ്ങനെയായിരുന്നില്ല. അപമാനം, അടിച്ചമർത്തൽ, വിവേചനം, മനുഷ്യത്വരാഹിത്യം എന്നിവയാണ് ഇപ്പോഴും കത്തിക്കുന്നത്. ജാമിയയിൽ നിന്നുള്ള മറ്റ്‌ കഥകളും വ്യക്തമാക്കുന്നത് ഭരണകൂടം ഞങ്ങളെ ഉന്നംവെക്കുന്നുവെന്നാണ്‌. നൂറു ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോയി, അവസാനം ഇതെഴുതാൻ തീരുമാനിച്ചു. അവരുടെ രേഖകളിൽ ഞങ്ങളെ പ്രത്യേകമായി രേഖപ്പടുത്തിയിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ അന്തസ്സും അവകാശങ്ങളും നേടിയെടുക്കുംവരെ ഞാൻ തിരിച്ചുപോയി പോരാടും. അന്തസ്സില്ലാത്ത ഒരു ജീവിതത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. നിസ്സഹായതയിൽ ഞങ്ങൾ ആയിരം തവണ മരിച്ചു, ഇത് പരിധിക്കപ്പുറമാണ്.”

മൊഴിമാറ്റം: മുഹ്‌സിന്‍ ആറ്റാശ്ശേരി


പ്രതിഷേധത്തിനിടക്ക് സ്വകാര്യഭാഗങ്ങളിലടക്കം നിരവധി വിദ്യാര്‍ഥിനികള്‍ക്ക് മര്‍ദനമേറ്റു. പോലീസിന്റെ മനുഷ്യത്വരഹിതമായ ക്രൂരതക്കിരയായ മറ്റൊരു വിദ്യാര്‍ഥിനി ആദില ടി. സംഭവം വിവരിക്കുന്നത്‌..

“പ്രിയപെട്ടവരെ , ഇന്നലെ ജാമിഅയിൽ സമരത്തിൽ പങ്കെടുത്തിരുന്ന ഓരോരുത്തർക്കും മുൻ ധാരണ ഉണ്ടായിരുന്നു. ഈ മാർച്ചിനെ അമിത് ഷായുടെ കാക്കിക്കുള്ളിലെ RSS കാപാലികർ അതി പൈശാചികമായി അക്രമിക്കുമെന്ന്. അതിന്റെ രീതികൾ എങ്ങനെയെല്ലാമാകുമെന്ന് മാത്രമെ ഓരോ വിദ്യാർത്ഥികൾക്കും ജാമിഅ നിവാസികൾക്കും അറിവില്ലായ്മ ഉണ്ടായിരുന്നൊള്ളൂ.

തികച്ചും സമാധാനപരമായി വിദ്യാർത്ഥികൾ നയിച്ചിരുന്ന പാർലമെന്റ് മാർച്ച് കുറച്ച് ദൂരം കഴിഞ്ഞപ്പോൾ തന്നെ പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞിരിക്കുന്നു. സാധാരണ പോലീസ് ബാരിക്കേഡിന്റെ പുറകിലാണ് നിൽകാറുള്ളത്. എന്നാൽ ഇവിടെ മറ്റൊരു തരത്തിലായിരുന്നു അവരുടെ സമീപനം കാണാൻ സാധ്യമായത്.

സമരക്കാരിൽ ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളുമായിരുന്നു. തികച്ചും ഒരു യുദ്ധത്തിൽ രണ്ട് ചേരികൾ നിൽകുന്നത് പോലെ പോലീസ് ബാരിക്കേഡിന് മുൻ വശത്ത് വന്ന് നിരന്ന് നിന്നു. അവരുടെ ആ സമീപനത്തിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം വിദ്യാർത്ഥികളുടെ ഈ മാർച്ചിനെ എങ്ങനെ നേരിടാം എന്നാണ് അവർ പ്ലാൻ ചെയ്തിട്ടുള്ളത് എന്ന്. കാരണം കഴിഞ്ഞ ദിവസത്തെ ഡൽഹി നിയമസഭ എക്സിറ്റ് പോളുകൾ അമിത് ഷാ യെയും ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരിയെയുമെല്ലാം എത്രമാത്രം അലോസരപ്പെടുത്തുന്നുണ്ട് എന്ന് നമുക്ക് അറിയാം.

ഞങ്ങൾ ബാരിക്കേഡിനോട് അടുത്തപ്പോൾ തന്നെ പോലീസ് ഗുണ്ടകൾ വിദ്യാർത്ഥികളെ അക്രമിക്കാൻ തുടങ്ങി. അവരുടെ ലാത്തികളെ ഭയപ്പെടാത്ത ഒരു യുവത ഇവിടെ വളർന്നിരിക്കുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ അവരുടെ രീതി വിദ്യാർത്ഥിനികളെ തിരഞ്ഞ് പിടിച്ച് അവരുടെ കട്ടിയേറിയ ബൂട്ടിട്ട കാലുകൾ ഞങ്ങളുടെ രഹസ്യ ഭാഗങ്ങളിലേക്കും വയറിലേക്കും ശക്തമായ കിക്കുകളുടെ രൂപത്തിൽ വന്ന് കൊണ്ടിരുന്നത്.

ഇങ്ക്വലാബ് വിളിച്ച് കൊണ്ടിരുന്ന എന്റെ കൈയ്യിൽ ഒരു കിങ്കരൻ കയറി പിടിച്ചു. ഞാനവനോട് ചോദിച്ചു: “ആ പ് കോ ക്യാ ഹഖ് ഹെ ഹമാരാ ഹാത്ത് പകട് നേ കാ , മഹിലാ പോലീസ് കാഹാ “

അത് ചോദിച്ച് തീരുന്നതിന് മുമ്പ് എന്റെ വയറിലേക്ക് അതി ശക്തമായി ബൂട്ടിട്ട കാലുകൾ വന്ന് പതിച്ചു. ആ വേദനയിൽ കുനിഞ്ഞ എന്നെ കൈ കൊണ്ട് തള്ളി നിലത്തിടുകയും . എന്നിട്ടും മതിയാവാതെ എന്റെ കാലിന്റെ നഖങ്ങളിൽ ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടി നിന്ന് നാലോ അഞ്ചോ തവണ ചതച്ചരക്കുകയും ചെയ്ത് . ആ നഖം ഇന്നിന്റെ വിരലിൽ ഇല്ല.

ആദില ടി. മര്‍ദനമേറ്റ് അവശനിലയില്‍

രണ്ടാമതൊന്ന് അവരുടെ ബൂട്ടിട്ട കാലുകൾ എന്റെ രഹസ്യ ഭാഗങ്ങളെ തേടിയെത്തി പക്ഷെ അത് ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാൻ അവർക്കായില്ല , അതിന് മുമ്പ് ചുറ്റുമുള്ളവർ ആ മനുഷ്യത്വമില്ലാത്തവരെ പിടിച്ച് മാറ്റിയിരുന്നു.

വേദനയുടെ അഗാതത്തിൽ എത്ര വലിച്ചിട്ടും ശ്വാസം ഉള്ളിലേക്ക് കിട്ടാതെ ഒരിറ്റ് ശ്വാസത്തിന് വേണ്ടി ബുദ്ധിമുട്ടി പരവേശത്തിലായത് ഓർമയുണ്ട് . അവസാനം ദീർഘ സമയത്തിന് ശേഷം ശ്വാസം കിട്ടിയതും .

കൂടെ ഉണ്ടായിരുന്ന ജാമിഅ നിവാസികളായ ആ ഉമ്മമാർ ആണ് ശ്വാസം വീണ്ടെടുക്കാൻ പ്രയത്നിച്ചത്. ആ ഉമ്മമാരെ എത്ര പ്രശംസിച്ചാലും മതി വരില്ല. സമരങ്ങളും പോലീസ് അക്രമങ്ങളും അവരുടെ ജീവിതത്തിലെ ദിന ചര്യകളായി തീർന്നിരിക്കുന്നു.

1947- ൽ ജനാധിപത്യ രീതിയിൽ വെള്ളക്കാരുടെ പക്കൽ നിന്നും സ്വാതന്ത്ര്യം കിട്ടിയുട്ടുണ്ടെങ്കിൽ ആ വെള്ളക്കാരുടെ ഷൂ നക്കിയവരെയും നമ്മൾ അതിജീവിക്കും.

ഇന്ശാല്ലാഹ്ദുആയും പോരാട്ടവും തുടരുക.
ഇന്നലെ ജാമിയ കോഡിനേഷൻ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ചിൽ അധിക വിദ്യാർത്ഥികൾക്കും പരുക്കുകൾ ഏറ്റിട്ടുണ്ട്. പെൺകുട്ടികളുടെ തട്ടവും ഡ്രെസ്സും വലിച്ചു ചീന്തി സെക്സ്വൽ ഹരാസ്മെന്റിനും വിധേമാക്കിയിട്ടുണ്ട്. ചില സുഹൃത്തുക്കളുടെ പ്രൈവറ്റ് പാർട്സിൽ പോലീസ് ബൂട്ട് കൊണ്ട് ആഞ്ഞ് ചവിട്ടിയിട്ടുമുണ്ട്. അതിൽ ഒരാൾ സീരിയസായി I CU വിൽ ആണ് .

അവർ വ്യത്യസ്ത പരീക്ഷണങ്ങൾ നിങ്ങളുടെ മേൽ പ്രയോഗിക്കും. നേരിടുക, ചിലപ്പോൾ അവരുടെ എക്സ്പിരിമെന്റ് നിങ്ങളെ കൊല്ലുക എന്നുള്ളതായിരിക്കും. രാജ്യത്തിന്റെ നാളെയുടെ വക്താക്കൾ ഈ ബൂട്ട് കൊണ്ടും ലാത്തി കൊണ്ടും തോക്ക് കൊണ്ടും ഭയപ്പെടുന്നവരല്ല.

By Editor