ഇറാനിയൻ ഖുദ്‌സ് ഫോഴ്സ് കമാന്ററായ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത് സ്വയം രക്ഷയുടെ ഭാഗമാണിതെന്നാണ്. ജിമ്മി കാർട്ടർ അമേരിക്കൻ വിദേശനയത്തിൽ എഴുതിച്ചേർക്കുന്നതിന് മുമ്പും ശേഷവും അമേരിക്ക വ്യാപകമായി ഉപയോഗിച്ച മറ്റൊരു കാരണമാണ് ആഗോള മനുഷ്യാവകാശസംരക്ഷണം. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾക്ക് പുറത്തുനില്കുന്ന അമേരിക്കൻ ഗർവ്വായിട്ടു മാത്രം ചുരുക്കപ്പെടാവുന്നതാണോ പല്ലവിയായിത്തീർന്ന ഈ കാരണങ്ങൾ? എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ പോലും മൗനം പാലിക്കാൻ നിര്ബന്ധിക്കപ്പെടുന്നു? സോവിയറ്റ് പതനത്തിന് ശേഷമുള്ള അമേരിക്കൻ ആധിപത്യമെന്ന പൊതു ഉത്തരത്തിലേക്ക് ചുരുക്കാമെങ്കിലും പാശ്ചാത്യ ലിബറൽ മനുഷ്യാവകാശ കീഴ് വഴക്കങ്ങളുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഒരു സമസ്യയാണിത്. അതായത് അതിന്റെ ആധിപത്യ മനോഭാവം, ടോട്ടലൈസിങ് ടേണ്ടേൻസി, സ്റ്റേറ്റ് കേന്ദ്രീകൃത നിർവചനങ്ങൾ എന്നിവയെല്ലാം പ്രശ്നവത്കരിക്കപ്പെടുന്നു.
വ്യത്യസ്ത സംസ്കാരങ്ങളുടെ ഉർവര ഭൂമികയായിരുന്ന ഇന്ത്യയിൽ ഈയടുത്തായി നീതിന്യായ വ്യവസ്ഥയിലൂടെ മതകീയ ആചാരങ്ങൾക്കു മേൽ വന്ന മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലും ലിബറൽ മനുഷ്യാവകാശ ചിന്തയുടെ ഈ ആധിപത്യ മനോഭാവം കാണാം. ലിബറൽ ജ്ഞാനസംസ്കൃതി ഇസ്‌ലാമടക്കമുള്ള മറ്റു സംസ്കൃതികൾക്കുമേൽ നേടിയ മേധാവിത്യം അത്തരം ലിബറൽ അവകാശസംരക്ഷണങ്ങൾക്ക് പൊതുസമ്മതി നേടിക്കൊടുക്കുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. സാർവത്രികയുടെ മൂടുപടമണഞ്ഞ ഈ ചിന്താധാര ആധുനിക ലോകത്തിന്റെ വ്യാകരണമായി മാറിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ ഇത്തരം വിധിവൈപരീത്യങ്ങൾ അതിൽ അന്തര്ലീനമായിരിക്കുന്ന പഴുതുകളിലേക്കും ബദൽ മനുഷ്യാവകാശ ചിന്തകളിലേക്കും നമ്മെ കൊണ്ടുപോകുന്നുണ്ട്.
വ്യത്യസ്ത സംസ്കാരങ്ങളുടെ ഉർവര ഭൂമികയായിരുന്ന ഇന്ത്യയിൽ ഈയടുത്തായി നീതിന്യായ വ്യവസ്ഥിയിലൂടെ നിലവില്‍വന്ന പാശ്ചാത്യൻ മനുഷ്യാവകാശങ്ങളുടെ ചരിത്രപരമായ വേരുകൾ ചെന്നെത്തുന്നത് ക്രൈസ്തവലോകത്തെ പ്രകൃതിനിയമ (natural law) ചിന്തകളിലേക്കും മധ്യകാലഘട്ടത്തിലെ ഈ ആശയങ്ങൾ അരിസ്റ്റോട്ടിലിയൻ ചിന്താധാരയെ ഉപയുക്തമാക്കിയ മാർഗ്ഗങ്ങളിലേക്കുമാണ്.
പ്രൊട്ടസ്റ്റന്റ് റ്വിപ്ലവകാലത്തും ജോൺലോക്ക് (John Locke) ഫ്രാൻസിസ് ഹച്‌സോണ്‍ (Francis Hutchison) ജീൻ ജാക്കസ്ബുർലമാക്കി (Jean Jacques Burlamaqui) തുടങ്ങിയ തത്വചിന്തകരിലൂടെ ജ്ഞാനോദയകാലത്തും മനുഷ്യാവകാശചിന്തകൾക്ക്പുതിയമാനങ്ങൾ കൈവന്നു. അമേരിക്കൻ ഡിക്ലറേഷൻ, ഫ്രഞ്ച്ഡിക്ലറേഷൻ തുടങ്ങിയവ പാശ്ചാത്യ മനുഷ്യാവകാശചിന്തകളുടെ ബഹിർസ്ഫുരണങ്ങളായിരുന്നു. ആധുനിക ദേശരാഷ്ട്ര സംവിധാനത്തോട് ഇഴചേർന്നു നിൽക്കുന്ന ഒരാശയം ആയിട്ടാണ് അവകാശങ്ങളെ പലരും കണ്ടുവരുന്നതെങ്കിലും മധ്യകാലഘട്ടത്തിലെ ജന്മിത്തവ്യവസ്ഥയുമായിട്ടും മതസ്വരൂപങ്ങളുമായിട്ടും ഏറെ ബന്ധപ്പെട്ടുനിൽക്കുന്ന ഒന്നാണ് പാശ്ചാത്യൻ പ്രകൃതിദത്ത അവകാശങ്ങൾ (Natural Rights) അഥവാ ജന്മനായുള്ള അവകാശങ്ങൾ. ജോൺലോ്ക്കിനെ പോലുള്ള പതിനേഴാം നൂറ്റാണ്ടിലെ സൈദ്ധാന്തികർക്ക് ആദ്യകാല രാഷ്ട്രങ്ങൾക്കെതിരെയുള്ള വിപ്ലവങ്ങൾക്ക്പ്രകൃതിദത്തമായ അവകാശങ്ങൾ ചേതോവികാരമാകുന്നത്ഈ യൊരടിസ്ഥാനത്തിലാണ്.
ക്രിസ്തീയപാരമ്പര്യത്തിലതിഷ്ഠിതമെങ്കിലും പ്രകൃതിദത്തമായ അവകാശങ്ങളുടെ ദൈവകേന്ദ്രീകൃതപരികല്പനകൾ ആയിരുന്നു ജോണ്ലോക്ക് എങ്കിൽ മതകീയ ആഭാസങ്ങളിലും അടിച്ചമർത്തലുകളിലും അഭിരമിച്ച ചർച്ചിന്റെ ധാർമിക സാധുത ചോദ്യംചെയ്യപ്പെട്ടിരുന്ന ജ്ഞാനോദയകാലത്തേക്ക് വരുമ്പോൾ ഈ പരികൽപന പതുക്കെ വഴിമാറുന്നുണ്ട് . ധാർമികതയുടെ മതകീയ പരികൽപനയിൽനിന്നും തത്വശാസ്ത്രപരമായ പരികല്പനകലിലേക്കുള്ള ഈകൂടുമാറ്റം അമേരിക്കൻ ഡിക്ലറേഷൻ പോലെയുള്ളതിൽ തെളിഞ്ഞുകാണുന്നുണ്ട്. അമേരിക്കൻ ഡിക്ലറേഷൻ ആധികാരികതയെ മനസ്സിലാക്കുന്നത്പ്രകൃതിയുടെ നിയമത്തിലും (Laws of nature) പ്രകൃതിയുടെ ദൈവത്തിലുമാണ് (Nature’s God). വേദ-പ്രമാണഗ്രന്ഥങ്ങളല്ലാതെ സ്വയംതെളിഞ്ഞ സത്യങ്ങളെയാണത് ഉദ്ധരിക്കുന്നത് . എന്നാൽ സമകാലിക മതേതരചിന്തകരായ നിഷേയെ പോലുള്ളവർ അതിഭൗതികവും (metaphysical) ദൈവീകവുമായ സർവ്വക്രമങ്ങളേയും നിരാകരിക്കുന്നവരായതുകൊണ്ട് ആധുനികലോകത്തെ മതേതര മനുഷ്യാവകാശങ്ങളുടെ ധാർമികടിസ്ഥാനം ഇത്തരം തത്വദീക്ഷമായ ക്രമങ്ങളെ പൂർണ്ണമായി നിരാകരിക്കുന്നതും അനുഭവസിദ്ധമായതിൽ കേന്ദ്രീകരിക്കുന്നതുമാണ്.
ജീൻ ജാക്കസ്ബുർലമാക്കി ഫ്രാൻസിസ് ഹച്‌സോണ്‍
യൂറോപ്പിന്റെ ജ്ഞാനസംസ്കൃതിയുമായി ഇഴചേർന്നു വികസിച്ച മനുഷ്യാവകാശങ്ങൾക്ക് ജ്ഞാനോദയ പരിസരത്തു നിന്ന്തന്നെ വിമർശനങ്ങളും തിരുത്തുകളും ഉയർന്നുവന്നിട്ടുണ്ട്. അവകാശങ്ങൾ അന്യാധീനപ്പെടുത്താൻ (inalienable ) സാധിക്കാത്തതാണ് എന്ന ആശയത്തെയാണ് എഡ്മണ്ട്ബുർക്കെ (edmund burkey), ജെറമി ബെൻതം (jeremy Bentham) എന്നിവർ ചോദ്യം ചെയ്തത് .കാൾ മാക്സ് ലിബറൽ പാരമ്പര്യത്തിലെ വൈയക്തിക അവകാശങ്ങളെ യഥാർത്ഥത്തിൽ ഉൽപാദനത്തെയും പ്രകൃതിവിഭവങ്ങളെയും നിയന്ത്രിച്ചിരുന്ന ബൂർഷ്യവിഭാഗത്തിന്റെ അവകാശങ്ങൾ ആയിട്ടാണ്കണ്ടത്. ലിബറൽ അവകാശങ്ങൾ ഏറെ കൊട്ടിഘോഷിക്കുന്ന മനുഷ്യ അന്തസ്സിനപ്പുറത്ത് (human dignity) കമ്പോള മൂല്യങ്ങൾക്കതീതമാണ് പാശ്ചാത്യൻ മനുഷ്യാവകാശങ്ങളെന്നാണ് കാള്‍മാക്സ് പറഞ്ഞുവെക്കുന്നത്. ആർതർ ഡക്കിന്റെ (Arthur Duck) വിശകലനത്തിൽ ബാധ്യതകൾക്ക് പ്രാധാന്യം കല്പിക്കാത്ത ഹോബ്ബ്സിയൻ (Hobbesian ) മാതൃകയിലുള്ള സമകാലിക വൈയക്തിക മനുഷ്യാവകാശങ്ങൾ സാമുദായിക ധ്രുവീകരണത്തിലേക്കും മനുഷ്യബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്കുമാണ്നയിക്കുക .
എഡ്മണ്ട്ബുർക്കെ ജെറമി ബെൻതം
പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിലെ പാശ്ചാത്യ മനുഷ്യാവകാശങ്ങൾ അവിടങ്ങളിലെ ദേശങ്ങളിലെ പൗരന്മാരിൽ ഒതുങ്ങിക്കൂടുകയും സാർവത്രികമായ സാധുതയില്ലാത്തതുമായിരുന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം തത്വത്തിൽ പാശ്ചാത്യൻ പ്രഖ്യാപനമായിരുന്ന യു.എൻ.ഡി.എച്ച്.ആറിലൂടെയാണ് സാർവത്രികമാനം കൈവന്നത്.
ആധുനിക ലോകത്തെ നീതിയുടെ (Justice) ധാർമിക ഭാഷയായി (Moral language) മാറിയിട്ടുണ്ട് ഇത്തരം മനുഷ്യാവകാശങ്ങളും അരുചേർന്നു വന്ന മതേതര ധാർമിക തത്വങ്ങളും.
ജൂതക്രിസ്ത്യൻ പാരമ്പര്യത്തിന്റെ മതേതരാഖ്യാനങ്ങൾ ആയ ഇത്തരം അവകാശങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ ഏറെയും ധാർമിക ആപേക്ഷികതയും (Moral relativism) ധാർമികസാർവത്രികതയും (Moral universalism) തമ്മിലുള്ള വാഗ്വാദങ്ങളായാണ്പുരോഗമിച്ചത്. കൾച്ചറൽ റിലേറ്റിവിസ്റ്റ്യൂകളായ ക്രിസ്ബ്രൗണിനെപ്പോലുള്ളവര്‍ വാദിക്കുന്നതുപോലെ പാശ്ചാത്യന്‍ മൂല്യങ്ങളിൽനിന്നും ഏറെ വിഭിന്നമായതും അവിടവിടങ്ങളിൽ രാഷ്ട്രീയ സാമൂഹിക ജ്ഞാന പ്രതിഭാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്നതുമായ മറ്റു സംസ്കാരങ്ങളിൽ നിന്നും തീർത്തും പ്രായോഗികമല്ലാത്തതുമാണ് യുഎൻഡിഎച്ച്ആർ മുന്നോട്ടുവെക്കുന്നത്. മറിച്ച് വൈറ്റ്മാൻസ്ബർഡന്റെയും (white men’s Burden ) സിവിലൈസിങ്മിഷന്റെയും( civilizing mission) ബാക്കിപത്രങ്ങളായി പൗരസ്ത്യദേശത്ത് കൊണ്ടാടപ്പെട്ട സാംസ്കാരിക സാമ്പത്തിക രാഷ്ട്രീയ സാമ്രാജ്യത്തങ്ങളിലേക്കു നയിക്കുന്നത്കൂടിയാണ് ഈ സാർവത്രികത. 1980 കളിൽ തന്നെ വ്യാപാര ബന്ധങ്ങളിലും അന്തർദേശീയ സഹായ സഹകരണങ്ങളിലും ഉപരോധങ്ങളിലും തുരങ്കം പണിതിരുന്ന ഇത്തരം ഏങ്കോണിപ്പുകൾക്കെതിരെ ഏഷ്യൻ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ വിമർശനങ്ങളുന്നയിച്ചിട്ടുണ്ട്.
സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീകുവാൻയു, മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് എന്നിവർ തൊള്ളായിരത്തി തൊണ്ണൂറുകളിൽ വാദിച്ചത്പാശ്ചാത്യ മൂല്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഏഷ്യൻ മൂല്യങ്ങളിലുള്ള രാജ്യഭക്തി ഏഷ്യയിൽ ജനാധിപത്യ സംവിധാനത്തേക്കാള്‍ ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങളെ അനുയോജ്യമാക്കുന്നു എന്നാണ്. എന്നാൽ ചലനാത്മക സംസ്കാരരൂപങ്ങളുടെ കാലത്ത്നൂറ്റാണ്ടുകളുടെ പ്രയത്നഫലമായി ഉരുവം കൊണ്ട മനുഷ്യാവകാശങ്ങളെ അന്യവത്കരിക്കുന്നതിനു പകരം തദ്ദേശ സംസ്കാരങ്ങളെയും അന്താരാഷ്ട്ര മനുഷ്യാവകാശ അളവു കോലുകളേയും സമീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് യൂറോപ്യൻ മുസ്‌ലിം രാഷ്ട്രീയ നിയമ മത ചിന്തകൾ തമ്മിലുള്ള നിർമാണാത്മക വിമർശനങ്ങളിൽ മുൻനിരയിലുള്ള അബ്ദുല്ലാഹി നഈമിനെപ്പോലെയുള്ളവർ മുൻഗണന നൽകുന്നത്. ആഗോളീകരണ കാലത്ത് വിവിധ തുറകളിൽ തിടം വച്ചുയരുന്ന ആധുനിക പ്രവണതകളോടുള്ള ഈ താദാത്മ്യത്തെ അംഗീകരിക്കലോടുകൂടി മനുഷ്യാവകാശങ്ങളുടെ മതേതര സംസ്കൃതിയെയും സ്വഭാവത്തെയും വിമർശന വിധേയമാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് പ്രത്യേകിച്ചും പൊതുതലത്തിൽ മതം രാസത്വരകമായി ഇടപെടുകയും സാന്നിധ്യമറിയിക്കുകയും ചെയ്യുന്ന കാലത്ത്.
ഹന്ന ആരെന്റ് (Hannah Arendt) ജോൺ മിൽബാങ്ക് (John Milbank) തലാൽ അസദ് (Talal Asad) എന്നിവരൊക്കെ മനുഷ്യാവകാശങ്ങളെ ഒരു സെക്കുലർ പ്രോജക്ട് ആയി കാണുകയും വ്യത്യസ്ത ഭൗതിക പാരമ്പര്യങ്ങളിൽ നിന്ന് അതിനെ വിമർശന വിധേയമാക്കിയവരുമാണ്. പാശ്ചാത്യൻ മതേതര വാഖ്യാനത്തിൽ ഭൗതികമായ ഈ ലോകത്തിന് പരമമായ അർത്ഥമില്ലെങ്കിലും (ultimate meaning) ആപേക്ഷികമായ അർത്ഥങ്ങളുണ്ട് (relative meaning) . ഭൗതിക ലോകത്തെ അർത്ഥത്തിന്റെയും മൂല്യത്തിന്റെയും ഏക സ്രോതസ് മനുഷ്യനായതിനാൽ ഓരോ മനുഷ്യനും വകവെച്ചു കൊടുക്കുന്ന അർത്ഥങ്ങളും മാനങ്ങളുമാണ് ഓരോ വസ്തുവിന്റെയും അർത്ഥവും മാനവും. ഇതാണ് മതേതര ധാർമികതയുടെ (secular morality) അടിസ്ഥാനവും. ഞാൻ ധാർമ്മികനാവേണ്ടതിന്റെ ആവശ്യകത ഞാൻ തന്നെ കണ്ടെത്തുന്നു എന്നാണിതിന്റെ കാതൽ. മനുഷ്യനിൽ അന്തർലീനമായ അന്തസിന്റെ(inherent dignity) ഉൽഭവം മനുഷ്യൻ തന്നെയായതിനാൽ അവൻറെ സൗഖ്യത്തിനുള്ള മാർഗങ്ങൾ അവൻ തന്നെ കണ്ടെത്തേണ്ടതുണ്ട്. തൻറെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ അലംഘനീയമാണെന്നും ചിലപ്പോഴൊക്കെ മറ്റുള്ളവരുടെ ക്ഷേമം കൂടി തന്റെ ക്ഷേമത്തിന് അത്യാവശ്യമായി വരാം എന്നബോധവുമാണ് പാശ്ചാത്യ പരിപ്രേക്ഷ്യത്തിൽ ഒരു ധാർമിക സമൂഹത്തിന്റെ സാക്ഷാത്കാരത്തിനുള്ള ചേതോവികാരം. ഇവിടെ ദൈവശിക്ഷയെ സംബന്ധിച്ച ഭയം നിമിത്തമോ മനുഷ്യ സൃഷ്ടിപ്പിന്റെ ദൈവികമായ ലക്ഷ്യങ്ങൾ പരിരക്ഷിക്കാൻ വേണ്ടിയോ അല്ല ഒരു ധാർമിക സാമൂഹികത (moral society) അനിവാര്യമാകുന്നത്, മറിച്ച് തീർത്തും സ്വയം നിലനിൽപ്പുയർത്തുന്ന ചോദനകളാണ്
ജോൺ മിൽബാങ്ക് ഹന്ന ആരെന്റ് തലാൽ അസദ്
ശാസ്ത്രീയ യുക്തി, വൈയക്തികത, പ്രകൃതിദത്തമായ അവകാശങ്ങൾ, സോഷ്യൽ കോൺട്രാക്ട് എന്നീ തത്വങ്ങളുടെ മേൽ കെട്ടിപ്പടുത്ത ഈ “സെക്കുലർ പ്രൊജക്റ്റ് “ഒരർത്ഥത്തിൽ ഉപരിവിപ്ലവാത്മക നിർമ്മിതി മാത്രമാണ്. ജ്ഞാനോദയ പരിസരത്തു നിന്നും പ്രകൃതി സത്യത്തെ ഉൾക്കൊള്ളാതേയുള്ള പാശ്ചാത്യ മനുഷ്യവകാശ ചിന്തകൾക്കെതിരെയുള്ള വിമർശനങ്ങളും തിരുത്തുകളും ഒക്കെതന്നെയും ദൈവാസ്തിത്വത്ത ഉൾക്കൊള്ളാത്തതും ഇതേ മതേതര സംരംഭത്തിന്റെ തുടരാഖ്യാനങ്ങളുമാണ്. പ്രപഞ്ചത്തെ സംബന്ധിച്ച ശാസ്ത്രീയ പരിജ്ഞാനവും വിജ്ഞാനങ്ങളും മാത്രമാണ് വിശ്വായോഗ്യമെന്ന ധാരണയാണ്ശാസ്ത്രീയ യുക്തിയുടെ കാതൽ. തത്വങ്ങളിൽ വിശ്വസിക്കാതെ അനുഭവസിദ്ധമായവ മാത്രമാണ് ജ്ഞാനത്തിന് കാരണമെന്ന് ഈ വിശ്വാസം അഭൗതികമായവയെ മനുഷ്യ പരിജ്ഞാനമണ്ഡലത്തിനപ്പുറത്തുള്ളതായാണ്കാണുന്നത്.
മനുഷ്യ വ്യവഹാരങ്ങളുടെ സർവ്വതലങ്ങളെയും മനുഷ്യ യുക്തി സ്പർശിക്കുന്നു എന്നു വരുമ്പോൾ അതിനപ്പുറത്തുള്ളത് മനുഷ്യാവകാശങ്ങളുടെ പരിധിയിൽ വരുന്നില്ല. മാനുഷിക അവകാശങ്ങൾ അങ്ങനെ മനുഷ്യ യുക്തിയിൽ അങ്കുരിക്കുന്നതും മത വിശ്വാസത്തോടും ബോധനങ്ങളോടും പുലബന്ധം പോലുമില്ലാത്തതുമായ സംജ്ഞയായാണ് മനസ്സിലാക്കപ്പെടുന്നത്.
യുഎൻഎച്ച്ആർഡി പോലുള്ള മിക്ക പ്രഖ്യാപനങ്ങളും പ്രപഞ്ചത്തോടും മനുഷ്യനോടും ജീവിതത്തോടുമുള്ള സമീപനങ്ങളെ നിർവചിക്കുന്ന പ്രത്യയശാസ്ത്രപരവും ദാർശനികവുമായ ഇത്തരം ചോദ്യങ്ങളോട് പുറം തിരിഞ്ഞിരിക്കുകയാണ്. ഉദാഹരണത്തിന്, ഫ്രഞ്ച് വിപ്ലവകാലത്തെ ദാർശനിക ചിന്തകർ മനുഷ്യാവകാശങ്ങളെയും മതത്തെ തന്നെയും സമീപിച്ചിരുന്നത് Truth Value കൽപ്പിക്കാനാവാത്ത സാമൂഹിക പ്രാധാന്യം മാത്രമുള്ള ആശയസംഹിതകളായിട്ടായിരുന്നു. മനുഷ്യാവകാശങ്ങളെ ഒരു സാമൂഹിക പ്രതിഭാസമായി ഗണിക്കുന്നതിനാൽ തന്നെ ആരാണ് മനുഷ്യൻ, എന്താണ് അവകാശങ്ങൾ, മനുഷ്യൻ എന്നതു കൊണ്ട് എന്ത് അർത്ഥമാക്കുന്നു എന്നീ ചോദ്യങ്ങളെ അത് അഭിമുഖീകരിക്കാൻ തയ്യാറല്ല. എന്നല്ല, ഇത്തരം പ്രഖ്യാപനങ്ങളുടെ വേരുകൾ ചെന്ന് നിൽകുന്ന ജ്ഞാനോദയ പരിസരത്തു നിന്നുള്ള വിചാരങ്ങളൊക്കെയും മനുഷ്യ പരിണാമത്തെയും രൂപീകരണത്തെയും ഭാഹ്യസ്ഥലിയുടെ ഇത്തിരിക്കുടിലുകളിലേക്ക് ചുരുക്കുകയാണ്ചെയ്യുന്നത്.
മനുഷ്യാവകാശങ്ങളും ആധുനിക സ്‌റ്റേറ്റും: മതകീയ ബദലുകള്‍ തേടുമ്പോള്‍