മനുഷ്യാവകാശങ്ങളും ആധുനിക സ്റ്റേറ്റും: മതേതര സ്വരൂപങ്ങളിലെ വൈരുധ്യങ്ങള്‍
മാനവികതയെ ദുർകിം (Durkheim) വീക്ഷിക്കുന്നത് സാമൂഹിക പ്രതിഫലനങ്ങളുടെ (social reflection) ഉത്പന്നം ആയാണ്. സിഗ്മണ്ട്ഫ്രോയിഡിന് അത് (contractual form) ആകുമ്പോൾ ബേർക്ലി (Berkley) മനുഷ്യനെ കാണുന്നത് മാനസികക്രിയയുടെ ഉത്പന്നമായാണ് (mental product). കാൾമാക്സിന്റെ സാമൂഹിക- സാമ്പത്തിക തത്വങ്ങൾ വരെ ഇടം കണ്ടെത്തുന്ന ഈ നിർവചനങ്ങളിലെ ജഡികമൂർത്തികൾക്കൊന്നും തന്നെ അവകാശങ്ങളുന്നയിക്കാനാവില്ല . മാത്രമല്ല ഇമ്മാനുവൽ കാന്റിനെ പോലെയുള്ള മിക്ക പാശ്ചാത്യൻ ചിന്തകരും പ്രകൃതിദത്തമായ അവകാശങ്ങളെ നിർമ്മിച്ചെടുത്തത് ശാസ്ത്രീയ യുക്തിയുടെ പ്രതിഫലനമായ വ്യക്തി മഹാത്മവാദത്തിന്റെ വെളിച്ചത്തിലാണ് . വൈയക്തിക യുക്തിക്ക് മുകളിലുള്ള മുഴുവൻ വിജ്ഞാനങ്ങളെയും അധീശ വ്യവസ്ഥകളെയും നിരാകരിക്കുകയാണ് വ്യക്തിമഹാത്മ്യവാദം. ഫ്രെഡറിക് നീഷേ വ്യക്തി മഹാത്മ്യ വാദത്തിലെ മനുഷ്യനെ കാണുന്നത് ദൈവനിരാകരണത്തിന്റെ ഫലമായി മൂല്യങ്ങൾക്കതീതമായ മനുഷ്യനെയാണ്.
ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാംലോക മഹായുദ്ധത്തിനും സമാനമായ യുദ്ധങ്ങൾക്ക് താൽക്കാലിക വിരാമം കുറിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിയോ കൊളോണിയലിസത്തിലൂടെയും നിയോലിബറൽ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെയും മുന്നേറുന്ന മനുഷ്യാവകാശ ലംഘനങ്ങൾ നിമ്നോന്നതികളോട്കൂടി കെട്ടിപ്പെടുത്ത ഈ പൊതുസമൂഹത്തിലെ മുനകൂർത്ത ദ്രംഷ്ടകൾ പുറത്തുകൊണ്ടുവരുന്നുണ്ട്. ഇന്നും മലേഷ്യയിലെയും ആഫ്രിക്കയിലെയും കലുഷനിലങ്ങളിൽ ക്രമസമാധാനം നിലനിർത്താൻ നാറ്റോരാജ്യങ്ങൾ തുടർന്നുപോരുന്ന ഏരിയൽ ബോംബാക്രമണങ്ങളിൽ അന്യായമായി നഷ്ടപ്പെടുന്ന പൗരജീവിതങ്ങളെ (Collateral damage) ഭാഗമായിട്ട്മാത്രമാണ്കാണുന്നത്. വ്യക്തി ഹിംസകളെപോലെ മനുഷ്യാവകാശ ലംഘനങ്ങൾ ആയി ഗണിക്കപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. അമേരിക്കൻ കാപട്യം എന്നതിനപ്പുറത്ത്മ നുഷ്യാവകാശ പാരമ്പര്യത്തിലെ അന്തർലീനമായ പൊരുത്തക്കേടുകലിലേക്കു കൂടി ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ വിരൽ ചൂണ്ടുന്നുണ്ട്.
മതേതര പ്രതിജ്ഞാബദ്ധതയേക്കാൾ ഏറെ ഉയർന്ന വ്യവസ്ഥയാണ് ഇസ്ലാമിൽ മനുഷ്യവകാശങ്ങൾക്കുള്ളത്. മനുഷ്യനും അവന്റെ ആവശ്യാഗ്രഹങ്ങൾക്കുമതീതമായ പരമാർത്ഥമുൾക്കൊള്ളുന്ന പ്രാപഞ്ചിക വീക്ഷണമാണ് അത് മുന്നോട്ടുവെക്കുന്നത് .
സ്വക്ഷേമത്തിൽ അധിഷ്ഠിതമായ ധാർമിക സംഹിതയ്ക്ക്പകരം മനുഷ്യരകിലവും സൃഷ്ടാവിന്റെയടുക്കൽ തുല്യരും തന്നെപ്പോലെ ത്തന്നെ അവകാശങ്ങളർഹിക്കുന്നവരുമാണെന്ന സമസൃഷ്ടി ഭാവനയാണത്. സർവ്വ വ്യാപിയായ ജഗന്നിയന്താവിലും സാമൂഹിക പ്രതിഭാസങ്ങളുടെയും ദാർശനിക ചിന്തയുടെയും ഇഴയടുപ്പമേറിയ ഉൾചേരലുകൾ കാണിച്ചുതന്ന പ്രവാചകനിലും വിശ്വസിക്കുന്ന മുസ്ലിം, മനുഷ്യാവകാശങ്ങളും ദാർശനിക ചോദ്യങ്ങളും തമ്മിലുള്ള യുക്തിയുക്തമായ ബന്ധത്തെ ഉൾക്കൊള്ളുന്നവനാണ്.
ദൈവികമായ ഉൾക്കാഴ്ചയിൽ അല്ലാഹുവാണ് പരമമായ ഉണ്മ. സർവ്വ വസ്തുക്കളുടെയും നിലനിൽപ്പ് അവൻറെ അസ്ഥിത്വത്തിൽ അധികരിച്ചണത്രേ . മനുഷ്യ വ്യവഹാരത്തിന്റെ സർവ്വതലങ്ങളെയും സ്പർശിക്കുന്ന പരമജ്ഞാനത്തിന് ഉടമയായതു കൊണ്ടുതന്നെ മനുഷ്യാസ്തിത്വത്തെയും പൂർണ്ണതയെയും പൂർണ്ണാർത്ഥത്തിൽ മനസ്സിലാക്കുന്നവനും മനുഷ്യാവകാശങ്ങൾ വകവച്ചുകൊടുക്കുന്നവനും അല്ലാഹു തന്നെ. ഇതു കൊണ്ടു തന്നെ മനുഷ്യാവകാശങ്ങൾ മത മണ്ഡലത്തിനപ്പുറമാണെന്നവാദം ഇസ്‌ലാമിനന്യമാണ് . പശ്ചാത്യ തത്ത്വചിന്തയിലെ മനുഷ്യ വ്യക്തിത്വം ഇസ്‌ലാം മുന്നോട്ടു വെക്കുന്ന മനുഷ്യപ്രകൃതിയോടും വ്യക്തി വൈശിഷ്ട്യത്തോടുമുള്ള വ്യക്തമായ നിരാസമാണ്. ചൈതന്യമുള്ള ഒരു സൃഷ്ടി മാത്രമല്ല മനുഷ്യൻ, മറിച്ച്ദൈവിക നിർദ്ധാരണത്തിൽ തിരഞ്ഞെടുക്കപ്പെട്ടവനും ഭൂമിയിൽ ജഗന്നിയന്താവിന്റെ പ്രതിനിധിയുമാണ്. അതുകൊണ്ടുതന്നെ മനുഷ്യൻറെ സഹജമായ ശ്രേഷ്ഠതയും അവകാശങ്ങളും ബാധ്യതകളും എല്ലാം തന്നെ ജഗന്നിയന്താവിന്റെ ഉദ്ദേശങ്ങൾ കൊണ്ടും അവനോടുള്ള സൃഷ്ടിയുടെ സൃഷ്ടി-സൃഷ്ടാവ്ബന്ധങ്ങൾ കൊണ്ടും രൂപപ്പെടുന്നവയാണ്. ഭൂമിയിലെ ദൈവിക പിൻഗാമിയെന്ന നിലക്ക് ഉത്തരവാദിത്തങ്ങളില്ലാത്ത സ്വാതന്ത്ര്യമോ കടമകളും ചുമതലകളുമില്ലാത്ത (duties & obligation) അവകാശങ്ങളോ മനുഷ്യന് ഇസ്‌ലാം വകവെച്ചുകൊടുക്കുന്നില്ല. ആത്മീയ സംസ്കരണമെന്നതിനപ്പുറത്ത് മറ്റു മനുഷ്യരുമായുള്ള സഹവാസത്തിന്റെ കാതലായ വശം കൂടിയാണ് ഇത്തരം ബാധ്യതകൾ . ഈയൊരു തലത്തിൽ തങ്ങൾ സ്വരുക്കൂട്ടിവെച്ചിരിക്കുന്ന ഏതൊരു പ്രാപഞ്ചിക സ്വത്തും പങ്കു വെക്കേണ്ടതാണെന്ന പ്രഖ്യാപനത്തോടെ സമൂഹത്തിൽ സമ്പന്നരിലാണ് ഇസ്ലാം ബാധ്യതകൾ കൂടുതലായും ചാർത്തുന്നത്. അനുകമ്പയാലും സഹാനുഭൂതിയാലും ജനിക്കുന്ന ഒന്നല്ലയിത്, മറിച്ച് ഒരു കടമയെന്നോണം നിർവഹിക്കപ്പെടേണ്ടതാണ്. എന്നാൽ പാശ്ചാത്യ പ്രകൃതിനിയമങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ മനുഷ്യാവകാശങ്ങൾ അവകാശങ്ങൾക്ക് മുൻഗണനനൽകുന്നതും ബാധ്യതകളെ ഒരർത്ഥത്തിൽ നിരാകരിക്കുന്നതുമാണ്
ഇതിനോട് ചുവടുപിടിച്ചു വന്ന യുഎൻഎച്ച്ആർഡി പോലുള്ള മിക്ക മനുഷ്യാവകാശ പ്രഖ്യാപനങ്ങളും ഇതേ രീതി തുടരുകയാണ് ചെയ്തത്. അധികാര ഗദ്ഗദത്തിനു കീഴിൽ മനുഷ്യാവകാശങ്ങൾ ഹനിക്കപെട്ടിരുന്ന രണ്ടാംലോക മഹായുദ്ധ പരിസരത്തെ വിഹ്വലതകളായിരുന്നു ഈ അടിയൊഴുക്കുകളെ നിയന്ത്രിച്ചിരുന്നത് എന്നു വരുമ്പോള്‍ ഇത് തീർത്തും പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. ആർട്ടിക്കിൾ 29 ൽ ചുരുങ്ങുന്നതാണ് 1948 ലെ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ബാധ്യതകൾ.
ഡികൊളോണിയൽ ചിന്തകരിൽ ആധുനിക ലോകത്തെ മനുഷ്യവകാശങ്ങളുടെയും മതേതര സ്വരൂപങ്ങളുടെയും ഉള്ളടരുകളെ വിമർശന വിധേയമാക്കിയ വിഖ്യാത നരവംശശാസ്ത്രജ്ഞൻ തലാൽഅസദ് Formations of the secular എന്ന കൃതിയിൽ പാശ്ചാത്യൻ മനുഷ്യവകാശങ്ങളുടെ പഴുതുകൾ തുറന്നുകാണിക്കുന്നുണ്ട്.

മനുഷ്യ കുടുംബത്തിന്റെ അന്യാധീനപ്പെടുത്തൻ സാധിക്കാത്തതും തുല്യവുമായ അവകാശങ്ങളെയും അന്തർലീനമായ അന്തസ്സിനെയും എടുത്തുപറഞ്ഞു തുടങ്ങുന്ന UNDHR പരമാധികാരമുള്ളസ്റ്റേറ്റിനാണ് ഈ സാർവത്രിക ആവകാശങ്ങളുടെ ബാധ്യതയേല്പിച്ച്കൊടുക്കുന്നത്.
മധ്യകാല യൂറോപ്പിലേക്കാണ്പാശ്ചാത്യ മനുഷ്യവാകാശങ്ങളുടെ വേരുകൾ ചെന്നെത്തുന്നതെങ്കിലും ആധുനിക സ്റ്റേറ്റ് രൂപം കൊണ്ട പതിനേഴ്പതിനാറ് നൂറ്റാണ്ടുകളിലായിരുന്നു അവയുടെ ഭാഗധേയം നിർണയിക്കപ്പെട്ടതെന്ന് എച് മാർഷൽ (H Marshall) രേഖപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഹന്ന അറിന്റ് (Hannah Arendt) വാദിക്കുന്നതു പോലെ മനുഷ്യനെ കേന്ദ്രബിന്ദുവാക്കി കൊണ്ടും പരമാധികാരിയാക്കിക്കൊണ്ടുമുള്ള ജ്ഞാനോദയകാലത്തെ പാശ്ചാത്യൻ മനുഷ്യാവകാശ തത്വങ്ങൾ തന്നെയാണ് മനുഷ്യപരമാധികാരമുള്ള സ്വയം ഭരണാവകാശം സാക്ഷാത്കരിക്കുന്ന സ്റ്റേറ്റ് എന്ന സംജ്ഞയിലേക്ക് മനുഷ്യാവകാശത്തെ ചുരുക്കിയതും മതപരവും സാംസ്കാരികവും ചരിത്രപരവുമായ ബാഹ്യശക്തികളെ ഭരണപദത്തിൽ നിന്നും അകറ്റിനിർത്തുന്നതും. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനങ്ങൾ ഏറെയുണ്ടായിട്ടും ഫ്രഞ്ച്വിപ്ലവകാലത്തെ സോഷ്യൽകോൺട്രാക്ടിലൂടെ (social contract) രൂപപ്പെട്ടുവന്ന സ്റ്റേറ്റിലാണ് ഇന്നും പരോക്ഷമായി ഈ അധികാരം നിലനില്ക്കുന്നത്. വിപ്ലവ കാലത്തുതന്നെ സ്വേഛാധിപത്യ ഭരണകൂടങ്ങളുടെ ഏകപക്ഷീയ നിലപാടുകൾക്കുള്ള പരിമിതിയായി പ്രകൃതിദത്തമായ അവകാശങ്ങളെ അവതരിപ്പിച്ച ജോൺലോക്ക് ആധുനിക സ്റ്റേറ്റുകളുടെ വർധിച്ച കേന്ദ്രീകരണത്തെ പ്രശ്നവത്കരിക്കുന്നുണ്ട്. കൊളോണിയൽ കാലത്ത് സാമ്രാജ്യത്വ കിങ്കണിമാർ തങ്ങളുടെ സംസ്കാരശൂന്യരായ പൗരന്മാരെ പരിഷ്കൃതരാക്കാൻ ഉപയോഗിച്ചവഴിയാണ് മനുഷ്യാവകാശ തിയറികളെ ആധുനിക രാഷ്ട്രം സ്വന്തം പൗരന്മാർക്കെതിരെ ഉപയുക്തമാക്കുന്നത്.
ദേശരാഷ്ട്രത്തിലെ പൗരനെന്ന നിലക്ക് ഒരുത്തനെ ശിക്ഷിക്കുകയും സംരക്ഷിക്കുകയും രൂപവത്കരിക്കുകയും ചെയ്യുന്ന ദേശീയാവകാശങ്ങളുടെ മേലാണ് മനുഷ്യാവകാശങ്ങൾ അവലംബിക്കപ്പെടുന്നത്. UNDHR തന്നെ മനുഷ്യാവകാശങ്ങൾ നിയമവാഴ്ചയിലൂടെ സംരക്ഷിക്കപ്പെടാത്തപ്പോയാണ് സ്റ്റേറ്റിന്റെ നിർദയമായ കിരാതങ്ങൾക്കെതിരെ വിപ്ലവങ്ങളെ സാധൂകരിക്കുന്ന പ്രതിവിപ്ലവങ്ങൾ നിയമവാഴ്ച ലംഘിക്കപ്പെടുമ്പോൾ ഉള്ള ഉപകരണങ്ങൾ മാത്രമാവുകയും പാരമ്പര്യ ധാർമിക നൈതിക വ്യവസ്ഥകളെ ഹനിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ കേവലം സമരങ്ങളായി മാത്രം വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുമ്പോൾ നിയമവാഴ്ചയും അസഹിഷ്ണുതപരമാകുമെന്ന സത്യത്തെയാണ് അത് മറച്ചുവെക്കുന്നത്. യൂറോപ്യൻ യൂണിയന്റെ മനുഷ്യാവകാശ തത്വങ്ങളോട് ഓരം ചേരാൻ ഗ്രീസ്പോലെയുള്ള പല യൂറോപ്പ്യൻ രാജ്യങ്ങൾക്ക്പോലും തങ്ങളുടെ സ്വച്ഛന്ദമായ പാരമ്പര്യങ്ങളെ കൈയോഴിയേണ്ടി വന്നത് ഇത്തരമൊരു അസഹിഷ്ണുതയുടെ ഉത്തമ നിദർശനമാണ്. ക്രിസ്ത്യൻ ഓർത്തഡോക്‌സായി ജീവിക്കാൻ അവകാശപ്പോരാട്ടം നടത്തിയ ഗ്രീക്കുകാർക്ക്ദേശീയ തിരിച്ചറിയൽ കാർഡിൽനിന്ന്പോലും തങ്ങളുടെ സാംസ്കാരിക പ്രതീകങ്ങളെ അകറ്റി നിർത്തേണ്ടി വന്നിട്ടുണ്ട്.
മനുഷ്യാവകാശപ്രശ്നത്തിൽ ജനഹിത പരിശോധനക്ക്പോലും തെല്ലുപ്രാധാന്യമില്ലെന്നാണ് അന്ന്പലഭരണകൂടങ്ങളും വാദിച്ചത്.
നിയമത്തെ നീതിയുമായി സമീകരിക്കുകയും സ്റ്റേറ്റിന്റെ നിയമനിർമ്മാണ കർത്തവ്യത്തിൻറെ വിശേഷാധികാരം വകവെച്ചുകൊടുക്കുകയും ചെയ്യുന്നത് മനുഷ്യാവകാശ പ്രഖ്യാപനത്തിലേക്കു നയിച്ച സംഭവവികാസങ്ങളോടുള്ള വ്യക്തമായ വിരോധാഭാസമാണ്. നാസി സ്റ്റേറ്റിന്റെ നിയമാനുസൃത ക്രൂരതകൾക്കെതിരെയുണ്ടായ ധാർമിക വിരക്തിയാണ്പ്രകൃതിദത്തമായ അവകാശങ്ങളുടെ പാരമ്പര്യത്തിലേക്ക് മടങ്ങാനുള്ള വ്യഗ്രതയും തുടർന്ന് മനുഷ്യാവകാശ പ്രഖ്യാപനത്തിലേക്കും നയിച്ചത് .എന്നാൽ ഈ ഒരു പാരമ്പര്യം ഒരിക്കലും അന്യാധീനപ്പെടുത്താൻ സാധിക്കാത്ത ദേശാന്തര നിയമങ്ങളുടെ മേൽക്കോയ്മയിലേക്കല്ല നയിച്ചത് മറിച്ച് സ്റ്റേറ്റിന്റെ അധികാര പരിധിയിൽ അധികരിച്ചു നിൽക്കുന്ന മനുഷ്യവകാശ നിയമങ്ങളിലേക്കാണ്. മാത്രമല്ല, അന്താരാഷ്ട്ര യുദ്ധനിയമങ്ങളോടൊത്തുപോകുമ്പോൾ ദേശാന്തരീയ സായുധാക്രമങ്ങൾ കൊണ്ടോ കമ്പോള തന്ത്രങ്ങൾകൊണ്ടോ പൗരന്റെ മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലന്ന മുൻവിധിയാണ് ആധുനിക ലോകത്തെ മനുഷ്യാവകാശ പ്രായോഗികതയെ ഭരിക്കുന്നത്.
തൊണ്ണൂറുകളിൽ വോൾഡ്ബാങ്കിന്റെയും ഐഎംഎഫിന്റെയും പ്രേരണഫലമായി അനാവശ്യമായ സാമ്പത്തിക ഉദാരവത്കരണത്തിനു നിർബന്ധിക്കപ്പെട്ട കിഴക്കേഷ്യൻ രാജ്യങ്ങളിലെ സാമ്പത്തിക പ്രഹസനങ്ങളെയും തത്ഫലമായി വന്ന തൊഴിൽ ക്ഷാമങ്ങളേയും മനുഷ്യാവകാശ ലംഘനങ്ങളായി പരിഗണിക്കപ്പെടാറില്ല. ഒരു രാജ്യത്തിൻറെ ദേശഭക്തിയുള്ള പൗരനെന്ന നിലക്കും മനുഷ്യനെന്ന നിലക്കും വ്യക്തികളനുഭവിക്കുന്ന പീഡനങ്ങൾ വ്യതിരിക്തമായി അവതരിപ്പിക്കുകയാണിവിടെ. സ്റ്റേറ്റ് ഓഫ്നേച്ചറി (State of nature) നോട്മാത്രം ബന്ധപ്പെട്ടു കിടക്കുന്ന പ്രകൃതി ദത്തമായ അവകാശങ്ങൾ ജ്ഞാനോദയകാലത്തെ “രാഷ്ട്രീയ സമൂഹത്തിലെയും” ആധുനിക “ദേശരാഷ്ട്രങ്ങളിലെയും” പൗരന് അന്യമാണെന്ന വിരോധാഭാസം കൂടി ഇവിടെ ഉരുവംകൊള്ളുന്നുണ്ട്.
യുഎൻഡിഎച്ച്ആറിലൂടെയും തുടർന്നുവന്ന അന്താരാഷ്ട്ര യുദ്ധ നിയമങ്ങളിലൂടെയും വികാസം പ്രാപിക്കുന്ന ആധുനിക മനുഷ്യാവകാശങ്ങളിലും അതിന്റെ നിയന്താതാക്കളായ ആധുനിക രാഷ്ട്രത്തോടുമുള്ള ഈ വിഹ്വലതകൾ ഒരിക്കലും തന്നെ ആധുനിക ലോകത്തോട്പുറം തിരിഞ്ഞ്നിൽക്കുകയോ യുദ്ധപ്രഖ്യാപനമോഅല്ല. ഇസലാമിന്റെ മാനവവീക്ഷണവും അത് മുന്നോട്ടുവെക്കുന്ന മാനുഷിക മൂല്യങ്ങളും അന്യമായ മതേതരസ്ഥാപനങ്ങളും അതിനെ ഉൾകൊള്ളുന്ന ആധുനികദേശ രാഷ്ട്രവും മുസ്‌ലിമിന് യുദ്ധഭൂമിയാണെന്നും ജിഹാദിന്കോപ്പുകൂട്ടുകയാണ് വേണ്ടതെന്നുമുള്ള മൗഢ്യധാരയുമല്ലയിത്. താളപ്പിഴകളുടെ മേളനമായ ഈ പ്രതിലോമ വ്യവസ്ഥയ്ക്ക് അതിനകത്ത്നിന്നു കൊണ്ടു തന്നെ ബദലുകളെ തേടുകയാണിവിടെ. ജാക്ക്ഡൊണോലി (Jack Donnolly ) പോലെയുള്ള പാശ്ചാത്യ പണ്ഡിതന്മാർ വാദിക്കുന്നതു പോലെ പൗരസ്ത്യ പാരമ്പര്യം മനുഷ്യാവകാശ തത്വങ്ങളോട് കടകവിരുദ്ധവും അത്തരം നിർവചനങ്ങളെ ആധുനിക മനുഷ്യാവ കാശ തലത്തിലേക്കു കൊണ്ടുവരൽ അതിന് തുരങ്കം വെക്കുമെന്നുമുള്ള പ്രചാരണത്തെ പ്രശ്നവത്കരിക്കുക കൂടി ചെയ്യേണ്ടതുണ്ട്.
മനുഷ്യാവകാശങ്ങൾ മറ്റ്സംസ്കാരങ്ങൾക്കന്യമാണെന്നും ആധുനികസ്റ്റേറ്റിന്റെയും ക്യാപിറ്റലിസത്തിന്റെയും പ്രതികരണമെന്നോണം രൂപം കൊണ്ട മതേതര സംജ്ഞയായി മാത്രം നിലനിന്നതാണെന്നുമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. ഒരുപടി കയറി പാശ്ചാത്യൻ മതേതര മനുഷ്യാവകാശങ്ങൾ സാമൂഹിക-രാഷ്ട്രീയ ആവശ്യകത മാത്രമല്ലെന്നും യുക്തിയുക്തമായത്പാശ്ചാത്യൻ മാതൃകകൾ മാത്രമാണെന്നുമാണ് അലൻ ഗേവിർതിനെ (Allen gewirth) പോലെയുള്ളവരുടെ നിലപാട്. എന്നാൽ ആധുനിക ലോകത്ത്പാശ്ചാത്യൻ മനുഷ്യാവകാശതത്വങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്ന മൂല്യങ്ങൾ പല സംസ്കാരങ്ങളിലും മതകീയ പാരമ്പര്യങ്ങളിലും വ്യത്യസ്ത താത്വികചോദനകളിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ആപേക്ഷിക യുക്തി അടിസ്ഥാനമാക്കിയിട്ടുള്ള പോസ്റ്റ്മോഡേൺ ചിന്താഗതികലക്കിടയിൽ പാശ്ചാത്യൻ മനുഷ്യാവകാശങ്ങൾ മാത്രമാണ് യുക്തിഹീനമെന്നതും വ്യത്യസ്ത പാരമ്പര്യങ്ങളിലെ ധാർമിക മാപിനികളിൽ വിശ്വാസമർപ്പിക്കുന്നവർ അംഗീകരിക്കണമെന്നതും തീർത്തും വൈരുദ്ധ്യമാണ്.
ഓരോ സംസ്കാരത്തിനും വിമർശനങ്ങളിൽ നിന്നും വിചിന്തനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള അവകാശം വകവെച്ചു കൊടുക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളോട് താദാത്മ്യം പ്രഖ്യാപിച്ചു ഇസ്ലാം പോലൊത്തവയുടെ മൗലിക പ്രമാണങ്ങളെ വ്യാഖ്യാനിക്കുകയാണ് വേണ്ടതെന്ന ഉല്പതിഷ്ണു ചിന്തക്ക്പകരം വ്യത്യസ്ത സംസ്കാരങ്ങളുടെ സ്വയം പര്യാപ്തത അംഗീകരിക്കുകയും സമ്പന്നതയെ ആദരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇരുണ്ട യുഗത്തിന്റെ ശിരോലിഖിതം തന്നെമാറ്റിക്കുറിച്ച ഇസ്ലാം സമ്പൂർണ്ണമായ മനുഷ്യാവകാശ സംഹിത അവതരിപ്പിക്കുകയും പ്രവാചകകാലത്തും ഖുലഫാഉ റാഷീദിന്റെ കാലഘട്ടങ്ങളിലുമതിനെ പൂർണ്ണമായി പ്രവർത്തിപഥത്തിൽ കൊണ്ടുവന്നിട്ടുമുണ്ട്. പൗരസ്ത്യ പാരമ്പര്യത്തെനിശ്ശേഷം എതിർക്കുന്നതിന്പകരം അഭിശപ്തമായ ആധുനിക വ്യവസ്ഥിക്ക്ബദൽ തേടുമ്പോൾ ഇസ്ലാമിക ചേരുവകളെ കരണീയമായി ഉപയുക്തമാക്കുകയാണ് വേണ്ടത്.
References
1. Asad,Talal.What do human rights do? An anthropological enquiry,Johns Hopkins University Press,2000.
2. Freeman,Michael.The problem of Secularism in human rights theory,Johns Hopkins University Press,2004.
3. Human Rights and Responsibilities,edited by Joseph Runzo and Nancy Martin, Oxford :Oneword publication,2003.
4. Kant,Immanual.Groundwork of metaphysical morals,trans,H.J.Paton,Harper Torchbook Edition,1964
5. Tuck,Richard.Natural Rights Theories ;Their origin and development,Cambridge University Press,1979.
6. W.Byers,Dohrman.The morality of human right: A secular ground,Cambridge university press,2010