ഡല്‍ഹി- യുപി ആക്രമണങ്ങള്‍; സംഘ്പരിവാര്‍ വംശഹത്യക്ക് കളമൊരുക്കുകയാണ്- ലദീദ ഫര്‍സാന

ഡല്‍ഹിലും യുപിയിലും നടന്നുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജാമിഅ
സമരനേതാവ് ലദീദ ഫര്‍സാനയുമായി നടത്തിയ സംഭാഷണം

എന്താണ് കഴിഞ്ഞ ദിവസങ്ങളിലും മണിക്കൂറുകളിലുമായി രാജ്യതലസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങള്‍?

ഡൽഹിയിലും യുപിയിലും ഇന്നലെയും ഇന്നുമായി നടന്നുകൊണ്ടിരിക്കുന്നത് പോലീസും സംഘ്‌പരിവാർ ഗുണ്ടകളും ചേർന്ന് നടത്തുന്ന അതിഭീകരമായ നരനായാട്ടാണ്. മുസ്‌ലിംകള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ വ്യാപകമായി അക്രമം നടത്തുക, കടകളും മറ്റു ബിസിനസ് സംരംഭങ്ങളും, വീടുകളും, വാഹനങ്ങളും, പെട്രോൾ പമ്പുകളും തീവെച്ച് നശിപ്പിക്കുക,തുടങ്ങിയവ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ആണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. പോലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് സി എ എ അനുകൂല മുദ്രാവാക്യവും ജയ്ശ്രീരാം മുദ്രാവാക്യവും വിളിച്ചെത്തുന്ന സംഘ്‌പരിവാർ തീവ്രവാദികള്‍ ഇതെല്ലാം ചെയ്യുന്നത്. ഇന്ന് പോലീസിന്റെ സാന്നിധ്യത്തിൽ തന്നെ സമരക്കാർക്ക് നേരെ വെടിവെക്കുന്ന സംഭവം ഉണ്ടായി.

ആക്രമണത്തിന് എത്തിച്ചേരുന്ന പോലീസിനും, സംഘ്‌പരിവാറുകാർക്കും ബി ജെ പി അനുകൂലികൾ തങ്ങളുടെ വീടുകൾ, കടകൾ അക്രമിക്കപ്പെടാതിരിക്കാൻ അടയാളമായി വീടുകളിൽ ആർ എസ് എസ് കൊടികൾ കെട്ടിത്തൂക്കി സൂചന നൽകുന്ന കാഴ്ചയും ഡല്‍ഹിയിലുണ്ട്. ചുരുക്കത്തിൽ രാജ്യ തലസ്ഥാനത്തെ ഹൌസ് റാണിയിലും, ഈസ്റ്റ്‌ ഡൽഹിയിലെ മൗജ്പൂർ ജാഫറാബാദ്, നൂറേഇലാഹി, ചാന്ദ്ബാഗ്, ഭജൻപുര,കരംപുരി, മുസ്തഫാബാദ് തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോൾ ആർ എസ് എസ് ഭീകരരും പോലീസും വലിയ വംശഹത്യക്ക് കളമൊരുക്കികൊണ്ടിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ ഭൂമിശാസ്ത്രപരമായി തന്നെ മുസ്‌ലിംകള്‍ ഒറ്റപ്പെട്ടു താമസിക്കുന്ന ചുറ്റും സംഘ്‌പരിവാർ കേന്ദ്രങ്ങളായ ഇടങ്ങളാണ്. ഏത് നിമിഷവും വലിയ വംശഹത്യ സംഭവങ്ങൾ അരങ്ങേറാൻ സാധ്യതയുള്ള മുസ്‌ലിംകള്‍ തിങ്ങിപാർക്കുന്ന ഇടങ്ങൾ.

മോജ്പൂര്‍ മെട്രോ സ്‌റ്റേഷനു സമീപത്തെ മുസ്‌ലിം വീടുകളും വാഹനങ്ങളും ആക്രമികള്‍ തീയിട്ടു നശിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് ഫുര്‍ഖാന്‍ എന്നൊരാള്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതായും വാര്‍ത്ത കേള്‍ക്കുന്നുണ്ട്.

യു.പിയില്‍?

യുപിയിലെ സംഭവവികാസങ്ങളും സമാനമാണ്. അലിഗഡിലെ അപ്പർ ഫോർട്ട്‌ പ്രദേശത്ത്‌ ഇന്നലെ പോലീസ് നടത്തിയ അതിക്രമത്തിൽ ധാരാളം സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. പോലീസ് വെടിവെപ്പിൽ പരിക്കേറ്റവരും ഉണ്ട്. അലീഗഢ് വിദ്യാർത്ഥികൾ അതിൽ പ്രതിഷേധിച്ചുകൊണ്ട് വലിയ രീതിയിൽ സംഘടിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 6 മണിമുതൽ രാത്രി 12 മണിവരെ ഇന്റർനെറ്റ്‌ കട്ട് ചെയ്തിരുന്നു. പോലീസും സംഘ്‌പരിവർ ആക്രമികളും ഒരുമിച്ച് ചേർന്ന് വലിയ തോതിൽ നാശനഷ്ട്ടങ്ങൾ സൃഷ്ട്ടിക്കുന്ന, മുസ്‌ലിംകളെ ആക്രമിക്കുന്ന കാഴ്ച യുപി യിൽ നിന്നും നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്..

പൊതുവില്‍ സമരങ്ങളും അതിനോട് ഭരണകൂടത്തിന്റെ സമീപനവും എങ്ങിനെ മുന്നോട്ട് പോകുന്നു?

NRC CAA NPR വുരുദ്ധ പ്രക്ഷോഭം രണ്ടര മാസം പിന്നിടുകയാണ്. അലീഗഢിലെയോ ജാമിഅ മിലിയയിലെയോ സമരങ്ങളും പോലീസ് അതിക്രമങ്ങളും ഷഹീൻബാഗിലെ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരവും വലിയൊരു പ്രക്ഷോഭ രാഷ്ട്രീയത്തിന്റെ പ്രചോദനമായി കണക്കാക്കപ്പെടുമ്പോഴും രാജ്യത്ത് പല പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത് ആർ എസ് എസിന്റെയും പോലീസിന്റെയും നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഓരോ പതിറ്റാണ്ടിലും ഇത്തരത്തിൽ വലിയ വംശഹത്യ പരമ്പരകൾ നടന്നിട്ടുണ്ട്. ഈ വംശഹത്യ പരമ്പരകളിൽ കൂട്ടക്കൊലകൾക്കും നാശനഷ്ട്ടങ്ങൾക്കും ഏറ്റവുമധികം ഇരയാകുന്ന മുസ്‌ലിം സമുദായത്തെ,സവിശേഷമായി ഈ രാജ്യത്ത് നിന്ന് പുറത്താക്കുന്ന, അല്ലെങ്കിൽ അതിന്റെ നടപടിക്രമങ്ങളുടെ ഭാഗമെന്നോണം വലിയ ഡിറ്റൻഷൻ ക്യാമ്പുകൾ പൂർത്തീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദർഭം കൂടിയാണ് ഇത്. ഇതിനോടകം മുപ്പത്തിയഞ്ചോളം പേർ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ കൊല്ലപ്പെട്ടു.
അഖിൽ ഗൊഗോയി, ഷർജീൽ ഇമാം, കഫീൽ ഖാൻ അങ്ങനെ തുടങ്ങി പലരും രാജ്യദ്രോഹം അടക്കമുള്ള നിയമങ്ങൾ ചാർത്തപ്പെട്ട് ജയിലിൽ ആണ്.

വംശഹത്യയുടെ അടയാളങ്ങളല്ലേ കാണുന്നത്?

തീർച്ചയായും ബി ജെ പി സർക്കാരിന്റെ അജണ്ടകളും പൊരത്വ ഭേദഗതി നിയമവും ആർ എസ് എസിന്റെ വംശീയ പദ്ധതികളുടെ തുടർച്ചയാണ്. അല്ലെങ്കിൽ ഇന്ത്യയിലെ മുസ്‌ലിം സമൂഹം നാളിതുവരെ അവരിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന വംശഹത്യ പരമ്പരകളുടെ തുടർച്ച. ജനാധിപത്യ പ്രക്രിയ ഉള്ള ഒരു രാജ്യം എന്ന കാഴ്ചപ്പാടും, അതെ ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ ഒരു വംശീയ പ്രത്യയശാസ്ത്രത്തിന് അധികാര രാഷ്ട്രീയം ലഭിക്കുന്നു എന്ന സവിശേഷതയും ഇന്ത്യൻ ദേശീയതയെ കുറിച്ചുള്ള എല്ലാ കാലത്തെയും വൈജ്ഞാനിക രാഷ്ട്രീയ വിശകലനങ്ങളിൽ വിമർശനാത്മകമായി തന്നെ കടന്നുവന്നിട്ടുള്ള കാര്യമാണ്. അഥവാ ഒരു ബ്രാഹ്മണിക്കൽ വംശീയ അജണ്ടയുള്ള, അതിനെ മുൻനിർത്തിയുള്ള ഉന്മൂലന രാഷ്ട്രീയത്തിന്റെ പാരമ്പര്യവുമുള്ള ആർ എസ് എസ് എന്ന പ്രസ്ഥാനത്തിന് രാഷ്ട്രീയ അധികാരം നേടിയെടുക്കാൻ സാധിക്കുന്ന രാജ്യത്ത് പോലീസ്, കോടതി, അല്ലെങ്കിൽ ഭരണകൂടത്തെയും , ഭരണ പ്രക്രിയകളെയും നിയന്ത്രിക്കുന്ന മറ്റു എക്‌സിക്യുട്ടിവ്‌ സംവിധാനങ്ങൾ, തങ്ങളുടെ അജണ്ടക്ക് അനുസൃതമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു എന്നത് അത്ഭുതത്തോടെ നോക്കി കാണേണ്ട കാര്യമില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. അത്കൊണ്ട് ബി ജെ പി ക്ക് അധികാര രാഷ്ട്രീയം ലഭിക്കാമെങ്കിൽ ബാക്കിയെല്ലാം അതിന്റെ സ്വാഭാവിക പ്രക്രിയ തന്നെയാണ്. സമരക്കാരെ വെടിവെക്കുന്ന, കല്ലെറിയുന്ന സംഘ്‌പരിവാർകാർക്കൊപ്പം നമുക്ക് പോലീസിനെയും കാണാൻ കഴിയുന്നത് അത്കൊണ്ടാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല പോലീസ് അതിക്രമങ്ങളും, അന്യായമായ നിയമ നടപടികളും നടക്കുന്നത് എന്നും കൂട്ടത്തിൽ മനസിലാക്കേണ്ട മറ്റൊരു കാര്യമാണ്.

ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലീസ് സംവിധാനം കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെന്ന് കരുതാമോ?

ഇന്ത്യയിലെ മുഴുവൻ പോലീസ് സംവിധാനങ്ങളും ആർ എസ് എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണെന്ന് പറഞ്ഞുകൊണ്ട് നമുക്ക് ബി ജെ പി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ പോലീസ് അതിക്രമങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് പറയാൻ സാധിക്കുകയില്ല. കേരളത്തിൽ, തമിഴ്നാട്ടിൽ, മധ്യപ്രദേശിൽ, അങ്ങനെ തുടങ്ങി പല സംസ്ഥാനങ്ങളിലും പോലീസ് സംവിധാനം അന്യായമായ നടപടികളുമായി പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേരെ നിലയുറപ്പിച്ചിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം, കലാപാഹ്വാനത്തിന്റെ പേരിൽ കേസെടുക്കൽ, ആർ എസ് എസ് വിരുദ്ധ പോസ്റ്ററിന്റെ പേരിൽ കേസെടുക്കൽ, ബി ജെ പി പരിപാടികൾ ബഹിഷ്കരിച്ചതിന്റെ ഭാഗമായി കടയടച്ചതിന്റെ പേരിൽ കേസെടുക്കൽ. അങ്ങനെ തുടങ്ങി വിചിത്രമായ അനവധി നടപടിക്രമങ്ങൾ ബിജെപി ഭരണകൂടമല്ലാത്ത സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ നിന്നൊക്കെ നമുക്ക് കാണാൻ കഴിയും. ബി ജെ പി വിരുദ്ധ കക്ഷിരാഷ്ട്രീയ പ്രശ്നം മാത്രമായി സി എ എ വിരുദ്ധ പ്രക്ഷോഭങ്ങളെ അത്തരം ഭരണകൂടങ്ങളുടെ ഭാഗമായിട്ടുള്ള സി പി എം അടക്കമുള്ള പാർട്ടികൾ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല. ഒരുഭാഗത്ത്‌ യോജിച്ച പ്രക്ഷോഭങ്ങളെ കുറിച്ചുള്ള സംസാരങ്ങൾ നടത്തുക, മറുഭാഗത് തങ്ങൾക്ക് നിയന്ത്രിക്കാനുള്ള സമ്പൂർണ അധികാരമുള്ള പോലീസ് സംവിധാനങ്ങളെ ഉപയോഗിച്ച്കൊണ്ട് തങ്ങളുടേതല്ലാത്ത സമരങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെ അടിച്ചൊതുക്കുക. ഇതിനെ രാഷ്ട്രീയമായ വലിയ വിരോധാഭാസമായിട്ടേ എനിക്ക് മനസിലാക്കാൻ കഴിയുന്നുള്ളു. അത്തരം പ്രവണതകളെയും സംഭവവികാസങ്ങളെയും ഉന്നയിച്ചുകൊണ്ട് വിമർശനങ്ങൾ ഉന്നയിക്കുകയോ, ചൂണ്ടികാണിക്കുകയോ ചെയ്താൽ അതൊക്കെ പോലീസ് സംവിധാനത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങൾ മാത്രമാണ് എന്ന ന്യായം ചാനൽചർച്ചകളിൽ, അല്ലെങ്കിൽ മറ്റു രാഷ്ട്രീയ സംവാദങ്ങളിൽ ഇവരൊക്കെയും ഉന്നയിക്കുകയും ചെയ്യും.

ബി ജെപി അധികാരമുള്ള സംസ്ഥാനങ്ങളിൽ അവിടത്തെ പോലീസ് സംവിധാനങ്ങൾ നടത്തുന്ന അതിക്രമങ്ങളെ കുറിച്ചുള്ള അതാത് സംസ്ഥാനങ്ങളുടെ ബി ജെ പി ഭരണകൂടത്തിന്റെ ന്യായവും സ്വാഭാവിക നടപടിക്രമം എന്ന് തന്നെയാണ്. ജാമിഅ മില്ലിയയിലെ പോലീസ് അതിക്രമത്തെ ഡൽഹി പോലീസും, മോഡി മീഡിയകളും ന്യായീകരിക്കന്നതും ഈ സ്വാഭാവികത ഉന്നയിച്ചുകൊണ്ടാണ്.

രാജ്യമൊട്ടാകെ ഇപ്പോൾ നടക്കുന്ന സമരങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും കുറിച്ച്..

ഞാൻ മനസിലാക്കുന്നത് മുസ്‌ലിംകളെ സംബന്ധിച്ചടുത്തോളം ഇത് നിലനില്പിന്റെയും അതിജീവനത്തിന്റെയും സമരമാണ്. ഈ സമരത്തിൽ ഭാഗമായിട്ടുള്ള എല്ലാർക്കും അതിന്റെതായ രാഷ്ട്രീയ ന്യായങ്ങൾ ഉന്നയിക്കാം. ഭരണഘടനാ സംരക്ഷണം, മതേതരത്വത്തിന്റെ സംരക്ഷണം, രണ്ടാം സ്വാതന്ത്ര്യ സമരം. അങ്ങനെ പലഭാവനയിൽ ഈ പ്രക്ഷോഭത്തെ കുറിച്ച് ഒരാൾക്ക് സംസാരിക്കുകയും ചെയ്യാം. എന്നാൽ വംശഹത്യ പദ്ധതികളെയും ശ്രമങ്ങളെയും ആസൂത്രിതമായി ചെറുത്ത് തോൽപ്പിക്കാൻ സാധിക്കുന്ന കാര്യപ്രസക്തമായ ഒരു ഇടപെടൽ ഏത് കോണിൽ നിന്നും ഉണ്ടാകും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

അഥവാ NRC CAA NPR വിരുദ്ധ പ്രക്ഷോഭങ്ങളെ എങ്ങനെ അടയാളപ്പെടുത്താൻ സാധിക്കും എന്ന തർക്കങ്ങൾക്കപ്പുറം, ഇതിൽ ജീവൻ നഷ്ട്ടപ്പെട്ട, നാശനഷ്ടങ്ങൾ അനുഭവിക്കുന്ന, അന്യായമായി തടവിൽ കഴിയുന്ന അനവധിപേരുടെ അനുഭ വങ്ങളെയും, സ്വപ്നങ്ങളെയും, പോരാട്ടവീര്യത്തെയും കുറിച്ചുള്ള ആലോചനകൾ ആണ് എന്നെ സംബന്ധിച്ച് എപ്പോഴും പ്രധാനമെന്ന് ഞാൻ മനസിലാക്കുന്നു. ഈ സമരത്തെ എങ്ങനെ അടയാളപ്പെടുത്താൻ സാധിക്കും എന്ന ആലോചനയിൽ പോലും ആകില്ല അത്തരത്തിൽ നഷ്ട്ടങ്ങൾ സംഭവിച്ചവർ ചിലപ്പോൾ സമരത്തിനായി ഇറങ്ങിയിട്ടുണ്ടാകുക. തനിക്കും തന്റെ കുടുംബത്തിനും തന്റെ ജനവിഭാഗത്തിനും ഇനി ഇവിടെ ജീവിക്കാൻ കഴിയില്ല എന്ന ആശങ്കയായിരുക്കുമല്ലോ അവരെ സമരത്തിന് ഇറക്കിയിട്ടുണ്ടാകുക അങ്ങനെ കുറെ മനുഷ്യർ ആണല്ലോ മരിച്ചു വീഴുന്നതും. അവരെക്കുറിച്ചുള്ള ആലോചനകൾ, അവരിലൂടെ തന്നെ മനസിലാക്കാനും വിലയിരുത്താനും കഴിയേണ്ടതുണ്ട്. അങ്ങനെയാണ് ഈ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തേണ്ടത് എന്നാണ് ഞാൻ മനസിലാക്കുന്നത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ തന്നെ നോക്കിയാൽ വലിയ നഷ്ട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങൾ ഇനിയുള്ള കാലം വലിയ അധ്വാനങ്ങൾ നടത്തേണ്ടി വരും എല്ലാം തിരിച്ചു പിടിക്കാൻ.

വലിയ വംശഹത്യക്ക് കളമൊരുങ്ങുന്ന ഒരുപാട് പ്രദേശങ്ങൾ ഉണ്ട്. പല മീഡിയകളും ഒരു കമ്യൂണൽ ക്ലാഷ് എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട്. രണ്ട്കൂട്ടർക്കും തുല്യ ഉത്തരവാദിത്തം വീതിച്ചു നൽകി ഇന്ത്യയിലെ എല്ലാ കാലത്തെയും വംശഹത്യകളെ കമ്യൂണൽ ക്ലാഷ് എന്ന് വിളിക്കുന്ന പരമ്പരാഗത രാഷ്ട്രീയ യുക്തി ഈ പ്രക്ഷോഭ കാലത്തും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

ഡൽഹിയിലെയും യു പി യിലെയും ആക്രമങ്ങളെ പലരും വിളിക്കുന്നതും ആ രീതിയിൽ ആണ്. ഏകപക്ഷീയമായ വംശഹത്യ അജണ്ടകളെ വർഗീയ കലാപങ്ങൾ എന്ന് വിശേഷിപ്പിക്കുന്നവരും, പോലീസ് എല്ലായിടത്തും നടത്തുന്ന അന്യായമായ നടപടിക്രമങ്ങളെ സ്വാഭാവികവൽക്കരിച്ചു സംസാരിക്കുന്നവരും പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിൽ വിരോധാഭാസത്തിന്റെ രാഷ്ട്രീയമാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇതൊക്കെ കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ, വലിയൊരു വിഭാഗം ഇപ്പൊൾ സമര ഭൂമിയിൽ ഉണ്ട് എന്നത് തന്നെയാണ് ഈ പ്രക്ഷോഭ രാഷ്ട്രീയത്തിൽ നമുക്കുണ്ടാകുന്ന പ്രതീക്ഷയും.

By Editor