ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം പേര്‍ ഇസ്ലാമിലേക്ക്‌

നിയമപരമായി 430 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായും നിരവധി പേർ മതപരിവർത്തന പ്രക്രിയയിലാണെന്നും തമിഴ് പുലിഗൽ കാച്ചിയുടെ സ്റ്റേറ്റ് സെക്രട്ടറി ഇല്ലവേനിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. “ഈ ജാത്യാധിഷ്ഠിത ഐഡന്റിറ്റി കൈവെടിഞ്ഞാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയൂ”: അവർ പറയുന്നു.

കോയമ്പത്തൂരിലെ മേട്ടുപാളയത്ത് ജാതിമതിൽ തകർന്ന് 17 ദലിതരുടെ മരണത്തിലേക്ക് നയിച്ച ദാരുണമായ സംഭവത്തിന് ശേഷം ദലിത് സമുദായത്തിൽ നിന്നുള്ള മൂവായിരത്തോളം പേർ ഇസ്‌ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.

ഡിസംബർ 2 ന് മേട്ടുപാളയത്ത് കനത്ത മഴയെത്തുടർന്ന് “വിവേചന മതിൽ” എന്നറിപ്പെടുന്ന ഒരു മതിൽ മൂന്ന് വീടുകൾക്കുമേൽ തകർന്ന് വീണ് 17 പേർ മരിച്ചു. തങ്ങൾ പതിവായി വിവേചനം നേരിടുന്നുവെന്ന് പരിതപിച്ചിരുന്ന മേഖലയിലെ നിരവധി ദലിതരുടെ ബ്രേക്കിംഗ് പോയിന്റായിരുന്നു ഇത്.

ഡിസംബർ 2 ന് നടന്ന സംഭവത്തിന് തൊട്ടുപിന്നാലെ മാർക്സ് എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് അബുബക്കർ ഇസ്ലാം മതം സ്വീകരിച്ചു. “അനീതിയും തൊട്ടുകൂടായ്മയും കാരണം ഞങ്ങൾ എല്ലാവരും ഇസ്‌ലാം മതം സ്വീകരിച്ചു. ഉദാഹരണത്തിന്, നിരാലംബരായ ഏതൊരു ദളിതനും മരിയമ്മൻ [ദുർഗാദേവി] ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല. ചായക്കടകളിൽ ഇവിടെ വിവേചനമുണ്ട്. സർക്കാർ ബസിൽ ഞങ്ങൾക്ക് മറ്റ് ആളുകളുടെ കൂടെ ഇരിക്കാൻ കഴിയില്ല” മുഹമ്മദ് പറഞ്ഞു.

ഇസ്‌ലാംമതം സ്വീകരിച്ച ഇല്ലവേനിൽ പറഞ്ഞു, “അംബേദ്കർ പറഞ്ഞതനുസരിച്ച് ഞങ്ങൾ ഹിന്ദുമതം വിടാൻ തീരുമാനിച്ചു. എനിക്ക് എന്റെ ജാതി ഒഴിവായിക്കിട്ടണം, അതായത് പല്ലർ, പറയർ, സക്രിയാർ തുടങ്ങിയ ജാതി പരാമർശങ്ങളിൽ നിന്ന് എനിക്ക് രക്ഷപ്പെടണം. എനിക്ക് കഴിയും. ഈ ജാതി അധിഷ്ഠിത ഐഡന്റിറ്റി മാറ്റി വെച്ചാൽ മാത്രമേ ആത്മാഭിമാനത്തോടെ ജീവിക്കാൻ പറ്റൂ. നമ്മുടെ ജാതി കാരണം ഹിന്ദു ആയിരിക്കുമ്പോൾ നമ്മളെ മനുഷ്യരെപ്പോലെയല്ല പരിഗണിക്കുന്നത്. “

ഇസ്‌ലാം സ്വീകരിച്ച് പേര് അബ്ദുല്ല എന്ന് മാറ്റിയ മറ്റൊരു യുവാവ് പറഞ്ഞു, “ഞങ്ങളുടെ 17 പേർ മരിച്ചപ്പോൾ ഒരു ഹിന്ദുവും ഞങ്ങൾക്ക് വേണ്ടി ശബ്ദിച്ചില്ല. മുസ്‌ലിം സഹോദരന്മാർ മാത്രമാണ് ഞങ്ങളുടെ കൂടെ നിന്നത്, ഞങ്ങൾക്ക് വേണ്ടി പ്രതിഷേധിച്ചു. അർജുൻ സമ്പത്ത് (പ്രാദേശിക നേതാവ് )എവിടെയാണ് ? ഉപദ്രവിക്കപ്പെടുന്ന ഹിന്ദുക്കൾക്കുവേണ്ടി അദ്ദേഹം ശബ്ദമുണ്ടാക്കുമോ? ആ നേതാവ് എവിടെയാണ്? നമ്മുടെ മുസ്‌ലിം സഹോദരന്മാർ ഞങ്ങളെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുന്നു. ഹിന്ദുക്കൾ ഒരിക്കലും ഞങ്ങളെ വിളിച്ചിട്ടില്ല. നിങ്ങൾ എന്നെ സാധാരണ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുമോ? ഞങ്ങൾക്ക് ഏതു പള്ളിയിലും പ്രവേശിക്കാം, ഞാൻ മുസ്‌ലിം ആയതിന് ശേഷം നാല് പള്ളികൾ. എല്ലാ തലത്തിലുമുള്ള ആളുകളുടെ കൂടെ ഞാൻ അവിടെ ദൈവത്തെ ആരാധിക്കുന്നു. എന്നാൽ മരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർഥിക്കാൻ നിങ്ങൾ എന്നെ അനുവദിക്കുമോ?

ഈ കൂട്ട പരിവർത്തനങ്ങൾ നടക്കുന്ന കോയമ്പത്തൂർ പോലുള്ള പ്രദേശങ്ങളിൽ, ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് മുതൽ ശ്മശാനഭൂമിയിലെ വിവേചനം, ചായക്കടകളിലും പൊതു ഇടങ്ങളിലും ദലിതരോടുള്ള വിവേചനം വരെ നിരവധി വിവേചന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവരെ ഇപ്പോഴും അവരുടെ ജാതിപ്പേരുകളാൽ വിളിക്കുന്നു. പലരും ഇതിനെതിരെ ശബ്ദമുയർത്തുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും, യുവതലമുറ കൂടുതൽ ശബ്ദമുയർത്തുന്നതായി കാണുന്നു.

പരിവർത്തനത്തിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ, എല്ലാവരും അഞ്ച് പോയിന്റുകൾ എഴുതിയിട്ടുണ്ട്:

1) ഞാൻ ജന്മനാ ഹിന്ദു മതത്തിലെ അരുന്ധതിയാർ ജാതിയിൽ പെട്ടയാളാണ്.

2) എന്റെ കുടുംബം ഇന്നുവരെ ഹിന്ദുമതത്തിന്റെ എല്ലാ തത്വങ്ങളെയും ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഹിന്ദുമതത്തോട് ഒരു വിദ്വേഷവുമില്ല.

3)കഴിഞ്ഞ മൂന്ന് വർഷമായി, ഞാൻ ഇസ്‌ലാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു, മതത്തിന്റെ നിയമങ്ങളും ഉപദേശങ്ങളും കാരണം മതം പിന്തുടരാൻ ഞാൻ തീരുമാനിച്ചു. പരപ്രേരണയില്ലാതെ എടുത്ത തീരുമാനമാണിത്.

4) ഞാൻ പൂർണ്ണഹൃദയത്തോടെ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു, ഞാൻ അത് നേരാംവണ്ണം പിന്തുടരും.

5)ദൈവം ഏകനാണെന്നും മുഹമ്മദ് നബി ദൈവത്തിന്റെ അവസാന ദൂതനാണെന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ ഇസ്ലാമിനെ പൂർണ്ണമായും അംഗീകരിക്കുകയും ഒരു മുസ്ലീമായി മാറുകയും ചെയ്യുന്നു.

ഉദ്യോഗസ്ഥർ പരാതികൾ കേൾക്കാത്ത ഭാവം നടിക്കുന്നതിനെ പറ്റിയും ആത്മാഭിമാനത്തോടെയുള്ള ജീവിതം അസാധ്യമാവുന്നതിനെ പറ്റിയും ഈ ചെറുപ്പക്കാരിൽ ഭൂരിഭാഗവും ആവർത്തിച്ചു സംസാരിച്ചു, ജീവിക്കാനുള്ള പോരാട്ടം കഠിനമായ ഒരു ജോലിയായി മാറിയതിനാൽ, മതപരിവർത്തനം ഒരു പുതിയ തുടക്കത്തിനുള്ള എളുപ്പമാർഗ്ഗമായി ഇവർ മനസിലാക്കുന്നു.

“നിങ്ങൾ ഞങ്ങളെ ഹിന്ദുക്കൾ എന്ന് വിളിക്കും, പക്ഷേ ഞങ്ങളോട് ജാതിവിവേചനം കാണിക്കും. നിങ്ങൾ എന്നെ ഹിന്ദു എന്ന് വിളിക്കുന്നു, പക്ഷേ നിങ്ങൾ എന്നെ ഒരാളായി അംഗീകരിക്കുകയില്ല” അബ്ദുല്ല പ്രകടിപ്പിക്കുന്നത് നിരവധി പുതുമുസ്‌ലിംകളുടെ വികാരമാണ്.

മൊഴിമാറ്റം: മുഹ്‌സിന്‍ ആറ്റാശ്ശേരി

Courtesy: India Today

By അക്ഷയ നാഥ്‌

India Today Reporter