പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്ക്
വിലക്ക് കല്‍പ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാവിത്രിബായ് ഫൂലെ തന്റെ നിശബ്ദസമരങ്ങള്‍ക്ക്
തുടക്കം കുറിച്ചത്. സ്ത്രീ ശാക്തീകരണവും സ്ത്രീകളുടെ അവകാശനിഷേധത്തിനെതിരെയുള്ള പോരാട്ടവുമാണവര്‍
ലക്ഷ്യം വെച്ചത്. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിന്റെയും ദലിത്-ആദിവാസി-പിന്നോക്ക
സമൂദായങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി സാവിത്രിബായ് ഫൂലെ ജീവിതം ഉഴിഞ്ഞുവെച്ചു.
പക്ഷേ, ബ്രാഹ്മണ മേധാവിത്വ വ്യവസ്ഥയില്‍
അവരുടെ ജീവിതം ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണുണ്ടായത്.സാവിത്രിബായ് ഫൂലെ തന്റെ നവോത്ഥാനശ്രമങ്ങളുമായി
ശക്തിയുക്തം മുന്നോട്ട് പോയി. ബ്രാഹ്ണമ മേധാവികള്‍ സമൂഹത്തില്‍ കെട്ടിയേല്‍പ്പിച്ച
അനാചാരങ്ങള്‍ പലതായിരുന്നു. ബ്രാഹ്മണര്‍ക്ക് മാത്രം അറിവ് ലഭ്യമാക്കുന്നതിനെതിരെയും,
പുരുഷകേന്ദ്രീകൃതമായ ഗോത്രഭരണവ്യവസ്ഥക്കെതിരെയും,
സംസ്‌കൃതാധിപത്യത്തിനെതിരെയും അവര്‍ പ്രവര്‍ത്തിച്ചു.
അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനത്തിനായി ഇംഗ്ലീഷ് ഭാഷയെ ഫൂലെ ഉപയോഗപ്പെടുത്തി. പത്തൊമ്പതാം
നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു സാമൂഹിക പരിഷ്‌കര്‍ത്താവും മേല്‍പറഞ്ഞ മൂന്ന് കാര്യങ്ങള്‍ക്കായി
ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ചിട്ടില്ല എന്നതാണ് സത്യം.

ഗ്രാംഷിയന്‍ ചിന്താപദ്ധതി
പോലെ സാവിത്രിബായ് ഫൂലെ നിലനില്‍ക്കുന്ന പരമ്പരാഗത വ്യവസ്ഥിതിയോട് കലഹിച്ചിരുന്നു.
ധിഷണാശാലിയായ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു ഫൂലെ. അതിനാല്‍ തന്നെ
അവരുടെ കവിതകള്‍ വിവിധങ്ങളായ പ്രശ്‌നങ്ങളെയും അനാചാരങ്ങളെയും അഭിമുഖീകരിച്ചിരുന്നു.
വായനക്കാരോട് ബ്രാഹ്മണവ്യവസ്ഥയെ തകര്‍ത്തെറിയാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള രചനകളായിരുന്നു
അവ.

സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള
ഉള്ളിലെ തീ ഫൂലെ ആദ്യം പകര്‍ന്നത് തന്റെ സഹോദരനിലേക്ക് തന്നെയായിരുന്നു. ജാതിവ്യവസ്ഥക്ക്
വെളിയിലേക്കിറങ്ങാന്‍ അവര്‍ അയാളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.തുടര്‍ന്ന് ഭര്‍ത്താവായ
ജ്യോതിറാവു ഫൂലെയോടൊപ്പം ചേര്‍ന്ന് സ്‌കൂള്‍ സ്ഥാപിക്കുകയും പെണ്‍കുട്ടികളെ പാഠശാലയിലേക്കയക്കാന്‍
മാതാപിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സാവിത്രിബായ് ഫൂലെയെ ഇന്ത്യയിലെ
ആദ്യത്തെ അധ്യാപികയായി കണക്കാക്കുന്നു.

മേല്‍ജാതികളോട് കലഹിക്കാന്‍
ലേശം പോലും ഭയമില്ലാതിരുന്ന ഫൂലെക്ക് താഴ്ന്ന ജാതിക്കാരിയെന്ന നിലയില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ
വേദന ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. ചെളിയും ചാണകവും വലിച്ചെറിഞ്ഞ് മേല്‍ജാതിക്കാര്‍
ഫൂലെയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും ഫൂലെയിലെ വിപ്ലവകാരിയെ തളര്‍ത്തിയിട്ടില്ല.
മാനസികവും ശാരീരികവുമായ പീഢകള്‍ അനുഭവിക്കുന്നതോടൊപ്പം ഓരോ വിദ്യാര്‍ഥിയെയും സ്വന്തം
മക്കളെന്ന നിലയില്‍ കണ്ട് അവരെ പരിപാലിച്ച് പോന്നു. വ്യത്യസ്തമായ അധ്യാപനശൈലിയിലൂടെ,
കുട്ടികളില്‍ നിന്ന് തന്നെ നൂതനമായ ശൈലികള്‍ ഉടലെടുക്കണമെന്ന
ആഗ്രഹത്തോടെ സാവിത്രിബായ് ഫൂലെ പ്രവര്‍ത്തിച്ചു.

ആ പ്രയത്‌നത്തിന്റെ ഫലങ്ങള്‍
അത്ഭുതപ്പെടുത്തുന്നതായിരുന്നു. പതിനൊന്ന്കാരനായ മുക്താബായ് എന്ന ദലിത് വിദ്യാര്‍ഥിനിയുടെ
ഒരു ലേഖനം ‘ധന്യോദയ’ എന്ന പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് അതിന്
തെളിവാണ്. ഏറ്റവും ആദ്യത്തെ ദലിത് സ്ത്രീ എഴുത്തുകളില്‍ അതുണ്ടാകും.

ഫൂലെയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
പണിതുയര്‍ത്താനുള്ള ശ്രമങ്ങളുടെ ബാക്കിപത്രമായാണ് മറ്റ്‌ നിരവധി സ്ഥാപനങ്ങള്‍ നിലവില്‍ വവന്നത്. മഹിളാ സേവാ
മണ്ഡല്‍ (1852), അനാഥാലയങ്ങള്‍,
രാത്രികാലങ്ങളില്‍ തൊഴിലാളികള്‍ക്കുയള്ള ഭവനം,
1875-77 കാലഘട്ടത്തില്‍ പട്ടിണിയിലായിരുന്ന മഹാരാഷ്ട്ര
ജനതക്ക് ഭക്ഷണവും താമസവും ലഭ്യമാക്കി. സ്ത്രീ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം
എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അവര്‍ ഈ കാലഘട്ടത്തില്‍ ചെയ്തിട്ടുണ്ട്. ജ്യോതിറാവു
ഫൂലെക്കൊപ്പം ചേര്‍ന്ന് 1893 ല്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി സത്യശോഭക് സമാജ്
നയിച്ചു.

പൊതുവിടങ്ങളിലും സ്വകാര്യ
ഇടങ്ങളിലും സത്രീ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയും മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും
ചെയ്തു. വിധവകളുടെ പുനര്‍വിവാഹത്തിനും പൊതുകിണറുകള്‍ ദളിതര്‍ക്കും കൂടി ഉപയോഗിക്കാന്‍
കഴിയുന്നതിനും വരെ ഫൂലെ പോരാടിയിട്ടുണ്ട്.

ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്ന
സാവിത്രിബായ് ഫൂലെ നടപ്പാക്കിയ പരിഷ്‌കരണങ്ങളും മുന്നോട്ട് വെച്ച മൂല്യങ്ങളും ആധുനിക
ലോകത്ത് അത്യാവശ്യമായിരുന്നു.

ഇന്ത്യന്‍ ചരിത്രത്തില്‍ നാം അവഗണിച്ച നിരവധി വ്യക്തിത്വങ്ങളില്‍ പ്രധാനിയാണ് സാവിത്രി മാ. ഒരേസമയം ജാതിവ്യവസ്ഥക്കെതിരിലും വിദ്യാഭ്യാസാവകാശങ്ങള്‍ക്കും വേണ്ടിയവര്‍ പൊരുതി. രാജ്യത്തെ ആദ്യത്തെ അധ്യാപികയെ ചരിത്രം വിസ്മരിക്കാന്‍ അനുവദിക്കരുത്.

Comments