അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

ഹിന്ദുക്കൾ “ജയ് ശ്രീറാം” എന്ന് ഒരു വശത്ത് വിളിക്കുമ്പോൾ ബാക്കിയുള്ളവർ നിശ്ശബ്ദരാകും, ക്രിസ്ത്യാനികൾ “ഹാലേലുയ്യ” എന്ന് വിളിക്കുമ്പോൾ ബാക്കിയുള്ളവർ സൈലന്റാകും മുസ്‌ലിംകള്‍ “അല്ലാഹു അക്ബർ” എന്ന് മുദ്രാവാക്യം മുഴക്കിയാൽ അവരല്ലാത്തവരൊക്കെ നിശ്ശബ്ദരാകും. അതുകൊണ്ട്, എല്ലാര്‍ക്കും അംഗീകരിക്കാവുന്ന ഒരു മുദ്രാവാക്യം മുഴക്കി പൗരത്വ വിഷയത്തിൽ “മതേതരമായി” ഒരുമിച്ച് മുന്നോട്ട് പോകാം എന്ന ഒരു മെസ്സേജ് കാണാനിടയായി.

എന്തുകൊണ്ടാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ തെരുവുകളിൽ നിന്ന് വ്യാപകമായി “അല്ലാഹു അക്ബർ” മുഴങ്ങുന്നത് എന്ന് പലരും ചോദിക്കുന്നു. ചിലർ അതിനെ ഭീകരവത്കരിക്കാൻ ശ്രമിക്കുന്നു, മറ്റു ചിലർ ആര്‍ എസ് എസുമായി സമീകരിക്കാൻ ശ്രമിക്കുന്നു, ഇനിയും ചിലർ അത്തരം മുദ്രാവാക്യങ്ങൾ പൗരത്വ വിവേചനത്തിനെതിരായ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താൻ കാരണമാകുമെന്ന് നിരീക്ഷിക്കുന്നു. എന്നാൽ എന്തുകൊണ്ട് അല്ലാഹു അക്ബർ എന്ന ചോദ്യം ഉയർത്തിയാൽ, അതിന് വളരെ കൃത്യമായ ഉത്തരമുണ്ട് എന്ന് മനസിലാക്കുന്നില്ല? ഉത്തരം ഉണ്ടെന്നല്ല, അത് ഉയർത്തിയേ ഈ രാഷ്ട്രീയ മുന്നേറ്റത്തിന്‌ മുന്നോട്ട് പോകാൻ കഴിയൂ എന്ന ഉറപ്പുമുണ്ട്.

പരിസ്ഥിതി സമരം, എക്‌സ്പ്രസ്‌ ഹൈവേ സമരം, എയർപോർട്ട് മാർച്ച്, തുടങ്ങി വിവിധ തരത്തിലുള്ള സമരങ്ങൾ ഇന്ത്യയുടെ മണ്ണിൽ പ്രത്യേകിച്ചും കേരളത്തിൽ സംയുക്തമായി നിരവധി നടന്നിട്ടുണ്ട്. ഇത്തരം സമരങ്ങളിൽ ഈ കാലം വരെ “അല്ലാഹു അക്ബർ” മുദ്രാവാക്യം കേട്ടിട്ടുണ്ടോ? ഉണ്ടാകില്ല. (ഉണ്ടായാൽ പ്രശ്നമാണ് എന്ന അഭിപ്രായത്തോട് കൂടിയല്ല). അപ്പോൾ എന്തുകൊണ്ടാണ് ഇപ്പോൾ പൗരത്വ വിഷയത്തിൽ “ലാ ഇലാഹ ഇല്ലല്ലാഹ്”; “അല്ലാഹു അക്ബർ”; ഇന്ഷാ അല്ലാഹ് തുടങ്ങിയ സ്ലോഗനുകൾ ഉയരുന്നത്. അതിനു വ്യക്തമായ കാരണം ഉണ്ട്.

ഇതൊരു പരിസ്ഥിതി സമരമോ, എയർ പോർട്ട് മാർച്ചോ അല്ല എന്നതാണ് അതിന്റെ ഒന്നാമത്തെ കാരണം. ഒരു മുസ്‌ലിം അവന്റെ ‘സ്വത്വ പ്രശ്നം’ അനുഭവിക്കുന്ന സാഹചര്യമാണിത്‌. അവനെ സംബന്ധിച്ച്, ഇത് ഇന്ത്യയുടെ ഏതോ അർത്ഥത്തിലുള്ള മൂല്യത്തെ തിരിച്ചു പിടിക്കുക എന്ന ഊന്നലിന് മുൻഗണന നൽകപ്പെട്ട സമരമല്ല.

സമരത്തിൽ അണിനിരന്നിട്ടുള്ള ഒരു വിഭാഗത്തിന്റെ പ്രഥമ ഊന്നൽ ഇന്ത്യയാണ്. ഇന്ത്യയുടെ മതേതരത്വത്തിന് കേടു പാടുകൾ പറ്റി എന്നതാണ്. കേടുപാടുകൾ ധാരാളം പറ്റിയ ഇന്ത്യക്ക് ഇത് കടുത്ത ആഘാതം വരുത്തിയിട്ടുണ്ട്. സംശയമില്ല. പക്ഷെ, മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അവന്റെ മുൻഗണന, അവന്റെ ജീവിതമാണ്, അവന്റെ നിലനിൽപ്പാണ്‌, അവന്റെ സ്വാതന്ത്ര്യമാണ്.

ഒന്നാമതായി, മനുഷ്യൻ നിലനിന്നിട്ടല്ലേ, അവൻ നിലനിൽക്കുന്ന ഇടം വരേണ്ടത്. അവൻ നിലനിൽക്കാതെ, ഇടം ഉണ്ടായിട്ട് എന്താണ് കാര്യം. മാത്രവുമല്ല, അവൻ നിലനിൽക്കുക വഴി ഇടം നിലനിൽക്കുകയാണ്. എന്നാൽ അവനില്ലാതെ, ഇടം നിലനിൽക്കുന്നേയില്ല. അതുകൊണ്ട്, അവൻ ആദ്യ പരിഗണനയിലും ഇടം രണ്ടാമതും വരും.

ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകളുടെ വിഷയത്തിൽ മാത്രമുള്ള കാര്യമല്ല അത്. അടിച്ചമർത്തപ്പെടുന്ന ഏതൊരു മനുഷ്യ സമൂഹത്തിന്റെ കാര്യത്തിലും ഇസ്‌ലാം അങ്ങനെയാണ്. മൂസ നബി(അ) അടിച്ചമർത്തപ്പെട്ടവരുമായി യാത്ര പോയതിനു ശേഷമാണ് ഒരു ദേശമുണ്ടായത്. പ്രവാചകൻ നബി (സ) അടിച്ചമർത്തപ്പെട്ടവരുമായി മദീനയിലേക്ക് യാത്ര പോയതിനു ശേഷമാണ് ഒരു രാജ്യം തന്നെ ഉണ്ടായത്. വിശുദ്ധ ഖുർആൻ തന്നെ, വ്യക്തമായി ദുർബല വിഭാഗത്തിന് വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്നുണ്ടു. പ്രസ്തുത പോരാട്ടം വഴിയാണ് ദുർബരിലേക്ക് അധികാരം എത്തിച്ചേരുന്നത്. അവർ രക്ഷപ്പെടുന്നതും.

ഇവിടെ ഐഡന്റിറ്റി പ്രശ്നം അനുഭവിക്കുന്നത് ദളിതുകളും മുസ്‌ലിംകളും ആണ്. പൗരത്വ വിഷയത്തിൽ പ്രത്യേകിച്ചും അത് മുസ്‌ലിംകളാണ് അനുഭവിക്കുന്നത്. അവരുടെ വംശീയ ഉന്മൂലനത്തിനു തന്നെ കാരണമാകുന്ന പൗരത്വ വിവേചനത്തെയും അത്‌ പ്രതിനിധീകരിക്കുന്ന വംശീയ രാഷ്ട്രീയത്തെയും കൃത്യമായി തള്ളിക്കളയേണ്ട വിധം അതിൽ ഇടപെടാതിരിക്കുക എന്നത് ഒരു വലിയ പ്രശ്നമാണ്.

വംശീയ രാഷ്ട്രീയം ഉപയോഗിക്കുന്നത് മുസ്‌ലിമിന് നേരെയും ദളിതുകൾക്ക് നേരെയുമാണ്. അവർ വ്യക്തമായ വംശീയ പ്രശ്നം അനുഭവിക്കുമ്പോൾ, “ദേശത്തിന്റെ മൂല്യം നഷ്ടപ്പെടുന്നു” എന്ന ഭാഷയിൽ സംസാരിച്ചാൽ അവിടെ വംശീയ പ്രശ്നം ഒരു വിധത്തിലും അഡ്രസ്സ് ചെയ്യപ്പെടുന്നില്ല. അല്ലെങ്കിൽ വളരെ ദുർബലമായാണ് അഭിമുഖീകരിക്കപ്പെടുന്നത്.

വംശീയ പ്രശ്നത്തെ നേരിടാൻ, പ്രസ്തുത വിഭാഗത്തിന്റെ ചിഹ്നങ്ങളെ ചേർത്ത് നിർത്തിയെ പറ്റൂ. വംശീയത സൃഷ്ടിക്കാൻ, അതിന്റെ ചിഹ്നങ്ങളെ നിരന്തരം അപരവത്കരിച്ച് സംസാരിക്കുകയാണാല്ലോ ചെയ്തിട്ടുള്ളത്. മുസ്‌ലിംകളുടെ കാര്യത്തിൽ മുസ്‌ലിം സ്വഭാവം, ലൈംഗികത, അറബി പദങ്ങൾ, മുദ്രാവാക്യങ്ങൾ, പള്ളികൾ, മദ്രസകൾ, മീഡിയകൾ, പ്രശസ്തരായ ആളുകൾ ഇവരെയൊക്കെ വികൃതമായും ഭീകരമായും ചിത്രീകരിച്ച്  ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച് കൊണ്ടാണ് വംശീയത നിര്‍മിച്ചിട്ടുള്ളത്‌. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഒരു വംശീയതയിൽ നിന്ന് ആ സമൂഹത്തെ തിരിച്ചു കൊണ്ടുവരാൻ ഉള്ള വഴി, അവരുടെ ചിഹ്നങ്ങളെ ഉയർത്തിപ്പിടിക്കുക എന്നത് മാത്രമാണ്. മാത്രമല്ല, ദേശത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് മുസ്‌ലിംകളെ ഏറ്റവുമധികം അപരവത്കരിച്ചിട്ടുള്ളത്. അപ്പോൾ, അപരവത്കരണത്തിൽ നിന്ന് രക്ഷപ്പെടുത്താനും അതേ ദേശത്തിന്റെ ഭാഷയിൽ മാത്രം സംസാരിച്ചാൽ എങ്ങനെയാണ് അവർക്ക് വംശീയതയിൽ നിന്ന് കരകയറാൻ സാധിക്കുക.

വംശീയവത്കരിക്കപ്പെട്ട സമൂഹത്തെ സംബന്ധിച്ചെടുത്തോളം, അവരുടെ മുന്നിൽ ഉള്ള ഒരേയൊരു വഴി സ്വന്തം ചിഹ്നങ്ങളെയും, മുദ്രാവാക്യങ്ങളെയും ആത്മ വിശ്വാസത്തോടെയും അഭിമാനത്തോടെയും നെഞ്ചോട് ചേർക്കുക എന്നതാണ്. അവർ പോലും അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ മറ്റൊരു സമൂഹവും അങ്ങനെ ചെയ്യാൻ മുന്നിൽ ഉണ്ടാകണം എന്നില്ല.

വിഷയം ഇതായിരിക്കെ, ജയ് ശ്രീറാമും ഹലേലുയ്യയും വിളിക്കേണ്ട ഒരു സാഹചര്യം / പൊളിറ്റിക്സ്  ഇവിടെ നിലനിൽക്കുന്നില്ല. കാരണം അവർ വംശീയമായി ടാർഗറ്റ് ചെയ്യപ്പെട്ട സമൂഹമല്ല എന്നത് തന്നെ. എന്നാൽ അവരുടേതല്ലാഞ്ഞിട്ടും മുസ്‌ലിംകള്‍ ഒരു മുദ്രാവാക്യം ആവേശത്തോടെ വിളിക്കാറുണ്ട്. അത് “ജയ് ഭീം” ആണ്. അവിടെ മൗനം അവലംബിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. ‘അല്ലാഹു അക്ബർ’ വിളിക്കുമ്പോൾ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഉള്ള ഭീം ആർമിക്കും മൗനം ഉദിക്കുന്ന പ്രശ്നമില്ല.  “ജയ് ഭീം” എന്ന് ഒരു മുസ്‌ലിം ആവേശത്തോടെ വിളിക്കുന്നത് ദളിതുകൾക്ക് നേരെയുള്ള ഇതേ വംശീയ പൊളിറ്റിക്സിനെ തുരത്താൻ അത് അനിവാര്യമായത് കൊണ്ടാണ്.

വംശീയമായി ടാർഗറ്റ് ചെയ്യപ്പെട്ട സമൂഹത്തിനു വേണ്ടി മുസ്‌ലിംകളും അവരുടെ മുദ്രാവാക്യം വിളിക്കാൻ മടി കാണിക്കാത്തവരാണ്. മടി കാണിക്കാത്തവരാണ് എന്നല്ല, വളരെ ആവേശത്തോട് കൂടി അതിനോടൊപ്പം ചേർന്ന് നിൽക്കുന്നവരാണ്. അതുകൊണ്ടാണ് മുസ്‌ലിം സമരങ്ങളിൽ നിന്നും “ജയ് ഭീം” ഉയരുന്നത്. അതുകൊണ്ടാണ് പാർലമെന്റിൽ അസദുദ്ദീൻ ഉവൈസി ജയ് ഭീം, അല്ലാഹു അക്ബർ എന്ന് പറഞ്ഞത്.

ഇവിടെ അല്ലാഹു അക്ബർ എന്നും ജയ് ഭീം എന്നും കേൾക്കുമ്പോൾ ഹാലിളകുന്നത് ഈ രണ്ടു പൊളിറ്റിക്സിനോടും ചേരാൻ മനസ്സില്ലാത്തവർക്കാണ്. അതിനോട് ചേരാതിരിക്കാൻ അവർക്ക് അവകാശമുണ്ട്. പക്ഷെ, രണ്ടു കൂട്ടരും ഒരുമിച്ചു വിളിക്കുന്ന അല്ലാഹു അക്ബർ, ജയ് ഭീം മുദ്രാവാക്യങ്ങളുടെ അർഥം മനസ്സിലാക്കാതെ ഭീകരവത്കരിക്കാൻ ശ്രമിക്കുന്നത് സംഘ്പരിവാർ വംശീയ ബോധത്തെ വളർത്തിയെടുക്കാൻ മാത്രമേ ഉപകരിക്കൂ.

ന്യൂസിലാൻഡിൽ വംശീയ ആക്രമണം ഉണ്ടായപ്പോൾ, ആ രാജ്യത്തെ പ്രധാന മന്ത്രി ജസീന്ത മുസ്‌ലിം ചിഹ്നങ്ങളും മുസ്‌ലിം വേഷങ്ങളും കൂടുതൽ ഉയർത്തിപ്പിടിച്ചതായി കാണാൻ കഴിഞ്ഞു. ഒരു ആക്രമണം ഉണ്ടായപ്പോഴേക്കും അവരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതിന്റെ ഘടകം ഇത് തന്നെയാണ്. വംശീയതയെ എങ്ങനെയാണ് തുരത്തുക എന്നത് വ്യക്തമായും മനസ്സിലാക്കിയ ഒരു പ്രധാനമന്ത്രിയാണ് ജസീന്ത.  പിന്നീട് ആ ജനത തന്നെ അത് ഏറ്റെടുക്കുകയുണ്ടായി.

ഒരു കൂട്ടർ ആവേശം കയറി വെറുതെ വിളിക്കുന്ന മുദ്രാവാക്യമല്ല ഇവയൊന്നും. വിമോചനപരമായ ഒരു ലൈൻ അതിനുണ്ട് എന്ന ഉറച്ച ബോധ്യം അതിനു പിന്നിൽ ഉണ്ട്. അതിനെ വിമർശിക്കുന്നവർക്ക് ഒന്നുകിൽ അത്തരമൊരു വിമോചന ബോധമില്ല. അല്ലെങ്കിൽ പരമ്പരാഗതമായ മറ്റെന്തൊക്കെയോ സിദ്ദാന്തങ്ങൾക്ക് മാത്രമേ വിമോചനം കൊണ്ട് വരാൻ സാധിക്കൂ എന്ന മൂഢ ധാരണയിൽ അവർ ജീവിക്കുകയാണ്.   അതുമല്ലെങ്കിൽ, ഇന്ത്യയിലെ ബ്രാഹ്മണിക്കൽ അധികാര ക്രമം ആഗ്രഹിക്കുന്ന പോലെ, മുസ്‌ലിംകളും ദളിതുകളും ഇതേ അവസ്ഥയിൽ വംശീയതക്ക് അടിപ്പെട്ട് ജീവിക്കട്ടെ എന്ന് അവർ ചിന്തിക്കുന്നു. ഈ മൂന്ന് കാറ്റഗറിയിൽ ഉള്ള ആളുകളും “അല്ലാഹു അക്ബർ” പാടില്ല എന്ന് പറയുന്നവരിൽ ഉണ്ടാകും.

“ലാ ഇലാഹ ഇല്ലല്ലാഹ്” മുദ്രാവാക്യം ഉയർത്തുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്ത കൊണ്ട് ശശി തരൂർ ഒരു പ്രസ്താവന നടത്തുകയുണ്ടായി. “Our fight against Hindutva extremism should give no comfort to islamist extremism either. We who’re raising our voice in the #CAA_NRCProtest are fighting to defend an #inclusiveIndia. We will not allow pluralism & diversity to be supplanted by any kind of religious fundamentalism.”

സാധാരണ ബാങ്കുകളിൽ പോലും ഉപയോഗിക്കുന്ന മുസ്‌ലിംകളുടെ വിശുദ്ധ വാക്യമാണിത്. വിമോചനത്തിന്റെ സ്വരമായി, അടിച്ചമർത്തലുകൾക്കെതിരായി ഉപയോഗിക്കുമ്പോഴും അദ്ദേഹമതിനെ  തീവ്രതയിലേക്ക് ചേർത്ത് വെക്കുകയാണ്. ഭീകരതയുടെ സംഹാര താണ്ഡവമാടുന്ന സംഘ് പരിവാറിന്റെ രാഷ്ട്രീയത്തോട് ഈ വാക്യം ഉപയോഗിക്കുന്ന സന്ദർഭത്തെ ചേർത്ത് വെക്കാൻ പലർക്കും ധൃതിയാവുകയാണ്. അവർ മനസ്സിലാക്കേണ്ട വസ്തുതയുണ്ട്, ഏതെങ്കിലും മനുഷ്യ വിഭാഗത്തോട് അന്യായമായി പെരുമാറാനല്ല അത് ഉപയോഗിക്കുന്നത്. അടിച്ചമർത്താനുമല്ല. വംശീയതക്കെതിരായ പോരാട്ടങ്ങൾക്ക് കരുത്ത് പകരുവാൻ മാത്രമായാണ്.

അദ്ദേഹത്തിന്റെ പോസ്റ്റിൽ inclusive India എന്നും pluralism, diversity എന്നൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈ ഇൻക്ലൂസീവ്‌നെസ്സും ഡൈവേഴ്സിറ്റിയും എങ്കിൽ അതെങ്ങനെയാണ് ശരിയാവുക. നിലനിൽക്കുന്ന വംശീയ ബോധത്തിലേക്ക് ഒരു കോൺട്രിബ്യുഷൻ തന്നെയല്ലേ അതും നൽകുന്നത്. “Why I am a Hindu” എന്ന തലക്കെട്ടോടെ ഒരു പുസ്തകം അദ്ദേഹത്തിന് സുന്ദരമായി എഴുതാൻ മതേതരത്വം ഒരു പ്രശ്നവുമല്ല. 

“അല്ലാഹു അക്ബർ” നു നിരവധി കരുത്തുറ്റ ചരിത്രങ്ങളുണ്ട്. ഇന്ത്യയിലും അതിനു നിറഞ്ഞു നിൽക്കുന്ന ചരിത്രമുണ്ട്. അധിനിവേശ ശക്തികൾക്കെതിരായി പോരാട്ട ഭൂമിയിൽ കരുത്തും ഊർജ്ജവും പകർന്നിരുന്ന മുദ്രാവാക്യമാണത്. ഈ രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടിത്തന്ന മുദ്രാവാക്യമാണത്. വിമോചനം അതിന്റെ ഉള്ളിലുള്ള ഒന്നായത്കൊണ്ട്, ഏത് അടിമത്ത ബോധങ്ങളെയും കെടുത്തി വിമോചന പോരാട്ടങ്ങളിൽ ഈ വാക്യം ഉയരുകതന്നെ ചെയ്യും. 

“If one is attacked as a Jew, one must defend oneself as a Jew. Not as a German, not as a world-citizen, not as an upholder of the Rights of Man.” – Hannah Arendt

By അമീന്‍ വി ചൂനൂര്‍

Chief Editor, Expat Alive