ആദ്യമായി, അങ്ങോളമിങ്ങോളം ഇന്ത്യയുടെ തെരുവോരങ്ങളിൽ സമരം ചെയ്യുന്ന, പോരാട്ടത്തിനിറങ്ങിയിട്ടുള്ള എല്ലാ പൗരന്മാർക്കും എന്റെ അഭിവാദ്യങ്ങൾ. ഒരുപാട് പേര് ഇന്ന് കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്, രക്തസാക്ഷികൾ ആയിക്കൊണ്ടിരിക്കുകയാണ്. യു.പിയിൽ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു, കണ്ടുകൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ, ഹൈദരാബാദിൽ, ലഖ്‌നൗ, മുംബൈ…. എല്ലാ കാഴ്ചകളും നമ്മുക്ക് മുമ്പിലുണ്ട്. ആദ്യമായി രക്തസാക്ഷികൾക്ക് ഞാനെന്റെ അഭിവാദ്യമറിയിക്കുന്നു സലാം പറയുന്നു.

കുറച്ചു കാര്യങ്ങൾ എനിക്ക് നിങ്ങളോട് സംസാരിക്കാനുണ്ട്. ഈ പൗരത്വ നിയമത്തിനെതിരായിട്ടുള്ള സമരം മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിനായുള്ളൊരു സമരമാണ്. ഇതൊരു ചോയ്‌സ്‌ അല്ല. ഒരേയൊരു വഴിയാണ്. മുമ്പ് വംശഹത്യകൾ നടന്നിട്ടുണ്ട്. ഇത് വംശഹത്യ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന സമരമാണ്. നിങ്ങൾക്കറിയാം ഗുജറാത്തിൽ എന്താണ് സംഭവിച്ചിട്ടുള്ളതെന്ന്. വംശഹത്യ നടന്നിട്ടുണ്ട്. അത് നിയമപരമല്ലാതിരിക്കെ തന്നെ. ഇപ്പോൾ അതിന് നിയമത്തിന്റെ പിന്തുണ കൂടി ലഭിക്കുകയാണ്. നമുക്ക് ഒഴിവാക്കേണ്ടത് മറ്റൊരു വംശഹത്യകൂടിയാണ്. അതിനുള്ള പുറപ്പാട് തുടങ്ങിക്കഴിഞ്ഞു. യു.പിയിൽ ജനങ്ങൾ മരിച്ചുവീഴുകയാണ്, മുസ്‌ലിംകള്‍.

ലോകത്ത് വംശഹത്യയുടെ കഴിഞ്ഞ നൂറ്റാണ്ടുകളിലെ ചരിത്രമെടുത്തുനോക്കിയാൽ വംശഹത്യയുടെ ചരിത്രം എന്ന് പറയുന്നത് രണ്ട് പേരിലാണ്. ഒന്ന് ജർമ്മനിയിലെ നാസികളാണ്. രണ്ട് ഇന്ത്യയിലെ സംഘ്പരിവാറും. അതിനെ അതിജയിക്കാനുള്ള സമരം, മരണത്തിനെതിരെ ജീവിക്കാനുള്ള സമരം, ഭയങ്ങൾ മാറ്റി ജീവിക്കാനുള്ള സമരം, നിലനിൽപ്പിനായുള്ള സമരം.

മോദിയും അമിത്ഷായും നടപ്പിലാക്കുന്നത് വംശഹത്യയുടെ രാഷ്ട്രീയമാണ്. അതിന് CAA വഴി NPR വഴി NRC വഴി നിയമപരമായിട്ടുള്ള അടിത്തറയാണ് പാകിയിട്ടുള്ളത്.

അതുകൊണ്ട്തന്നെ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നിന്നും യോജിച്ചു നിന്നുകൊണ്ടുമുള്ള പ്രക്ഷോഭമാണ് ഇവിടെ നമ്മുടെ തെരുവുകളിൽ നടക്കേണ്ടത്. അതിന് പ്രത്യയശാസ്ത്ര ഭിന്നതകൾ ഉണ്ടാകാം, രാഷ്ട്രീയപരമായ വിയോജിപ്പ് ഉണ്ടാകാം.
പക്ഷേ അതിനേക്കാളുപരി ഒന്നിച്ചു നിൽക്കേണ്ട ഒരു സമയമാണിത്. ഒന്നിച്ചു നിന്ന് പോരാടേണ്ട ഒരു സമരം കൂടിയാണിത്. ആ കാര്യം ഞാനിവിടെ അടിവരയിട്ട് ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.

ഭരണഘടനാ സംരക്ഷണം എന്ന നമ്മുടെ നിലപാട് പോലും ഈ ഘട്ടത്തിൽ, അതായത് പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരത്തിന്റെ ഘട്ടത്തിൽ മുസ്‌ലിംകള്‍ക്കൊപ്പമാണ് നാം നിൽക്കേണ്ടത്. അവർക്ക് പറയാനുള്ളത് കേൾക്കുകതന്നെയാണ് ചെയ്യേണ്ടത്. കാലങ്ങളായി, വർഷങ്ങളായി, നൂറ്റാണ്ടുകളായി അടിച്ചമർത്തലുകൾ അനുഭവിക്കുന്ന ഒരു ജനവിഭാഗമാണത്. അലിഗഢിൽ നിന്ന് സമരം തുടങ്ങി, ആസാമിലെ ജനങ്ങൾ തെരുവിലിറങ്ങി, ജാമിഅയിലെ സമരം നിങ്ങൾ കണ്ടതാണ്. ഇവിടെയൊക്കെ തന്നെ പോലീസ് എന്ന പേരിൽ ആര്‍.എസ്.എസ്‌കാരെ യൂണിഫോമിട്ട് ഇറക്കിക്കൊണ്ടാണ് സമരക്കാരെ തല്ലി അടിച്ചൊതുക്കാൻ ശ്രമിക്കുന്നത്. നിങ്ങൾക്ക് അവിടെ നിന്ന് വന്നിട്ടുള്ള പല വീഡിയോകളിൽ നിന്നും ഫോട്ടോകളിൽ നിന്നും അത് മനസ്സിലായിക്കാണും എന്ന്തന്നെയാണ് ഞാൻ കരുതുന്നത്.

യുപിയില്‍ യോഗി ആദിത്യനാഥ്‌ 50000 വീടുകളിൽ കയറി ആളുകളെ പിടിച്ചുകൊണ്ടുപോയി തടവിലിട്ടിരിക്കുകയാണ്. എന്താണ് അവർ ചെയ്ത കുറ്റം? അവർ മുസ്‌ലിംകളായി ജനിച്ചു ഇന്ത്യയിൽ ജീവിക്കുന്നു എന്നതാണ് അവർ ചെയ്ത കുറ്റം. ഇത് നമ്മൾ കൃത്യമായി പറയേണ്ടുന്ന സമയമാണിത്. പറഞ്ഞേ പറ്റുകയുള്ളു. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ പറയാൻ നമ്മൾ ഉണ്ടാകില്ല എന്നുള്ളതാണ് യാഥാർഥ്യം. ഇനി വംശഹത്യയുടെ ഈ അജണ്ട നടപ്പിലാക്കുമ്പോൾ തന്നെ മുസ്‌ലിംകളെ ഈ പ്രക്ഷോഭ മുന്നേറ്റങ്ങളിൽ നിന്നും, മുന്നണികളിൽ നിന്നും നിങ്ങൾക്ക് ബഹിഷ്‌ക്കരിക്കാം, ഒഴിവാക്കാം.അത് നിങ്ങളുടെ ചോയ്‌സായിരിക്കും. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരുകാര്യം മുസ്‌ലിംകൾക്ക് അത് ചോയ്‌സല്ല എന്നുള്ളതാണ്. നിങ്ങൾ ബഹിഷ്‌ക്കരിച്ചാലും കൂടെ വരിക എന്നത് നിലനിൽപ്പിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ഈ ലോങ്ങ് മാർച്ചിൽ നിങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് സംസാരിക്കുന്നത്.

എനിക്കിത് നിലനിൽപ്പിന്റെ പ്രശ്നം തന്നെയാണ്. ഈ ബില്ല് ഉണ്ടാക്കിയിട്ടുള്ളത് വംശഹത്യക്ക് വേണ്ടിയിട്ടാണ്, ന്യൂനപക്ഷ വിരുദ്ധമായ, ദളിത് വിരുദ്ധമായ, ആദിവാസി വിരുദ്ധമായ ഐഡന്റിറ്റി കൊണ്ടാണ്. അതെ ഐഡന്റിറ്റി തന്നെയാണ് പ്രശ്നം. അതുകൊണ്ട് തന്നെയാണ് ഭരണഘടനാ വിരുദ്ധമായി ,ഭരണഘടന നല്കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് വിരുദ്ധമായി ബില്ല് പാസ്സാക്കിയിരിക്കുന്നത്. ഇത് സംഭവിച്ചത് ഈ ഐഡന്റിറ്റിയോടുള്ള വെറുപ്പ് കൊണ്ട് തന്നെയാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അതിനെ മറച്ചു വെക്കുന്ന ഒരു പ്രക്ഷോഭവും വിജയം കാണുകയില്ല എന്നാണ് എനിക്കിവിടെ പറയാനുള്ളത്. അത് മറച്ചുവെച്ചുകൊണ്ടല്ല പ്രക്ഷോഭം നടത്തേണ്ടത്, സമരം നടത്തേണ്ടത്, അതിന് മുന്നിട്ടിറങ്ങേണ്ടത്.

ഇനി ഒരൊറ്റക്കാര്യം, ഇസ്‌ലാമോഫോബിയ എന്താണെന്ന് ഇവിടുത്തെ കൊച്ചുകുട്ടികൾ വരെ പറയുന്ന കാലമാണിത്. അതുകൊണ്ട് തന്നെ ഇസ്‌ലാമോഫോബിയ ഞാൻ വിശദീകരിക്കുന്നില്ല. പക്ഷേ ഇസ്‌ലാമോഫോബിയ എന്താണെന്ന് പറയുന്നവരോട് ഒരു കാര്യം കൂടെ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുകയാണ്.

മുസ്‌ലിംകള്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ പ്രക്ഷോഭത്തിലിറങ്ങണം എന്നതിന്റെ പേര് കൂടിയാണ് ഇസ്‌ലാമോഫോബിയ.

ഇനി നിങ്ങൾ എല്ലാവരും എന്നിൽ നിന്ന് ആഗ്രഹിക്കുന്ന ഒരു വിശദീകരണം കൂടിയുണ്ടാകാം. സാന്ദർഭികമായി പോലും ഞാൻ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന തർക്കം സംഘാടകർക്കിടയിൽ വന്നിട്ടുണ്ടായിരുന്നു. പക്ഷെ നിങ്ങൾ മനസ്സിലാക്കേണ്ടത് ആ തർക്കം ഉണ്ടായതുപോലും ഐഡന്റിറ്റി മുൻനിർത്തിയുള്ള നമ്മളെ പോലുള്ള ആളുകളുടെ വിസിബിലിറ്റിയിൽ എന്തോ പ്രശ്നം അല്ലെങ്കിൽ വിയോജിപ്പ് ഉള്ളത് കൊണ്ടാണ്. അതുകൊണ്ട്‌ തന്നെ ഇന്ന് നിങ്ങളുടെ മുന്നിൽ നിന്ന് ഈ സംസാരിക്കുന്നതും, ഇങ്ങനെ നിൽക്കുന്നതും, നിങ്ങളെ അഡ്രസ് ചെയ്യുന്നതും ഇസ്‌ലാമോഫോബിക് ആയിട്ടുള്ള ഇത്തരം നിലപാടുകളോടുള്ള എതിർപ്പ് കൂടിയാണ്.

ഇങ്ങനെ തന്നെ, യോജിപ്പിന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞുകൊണ്ട് തന്നെ, യോജിക്കേണ്ടിടത്തു യോജിച്ചു തന്നെ സംഘ്പരിവാറിന്റെ രാഷ്ട്രീയത്തെ എതിർക്കുവാനും ഇസ്‌ലാമോഫോബിക്‌ നടപടികളെ പ്രതിരോധിക്കുവാനും നമുക്ക് കഴിയേണ്ടതുണ്ട്. അതിന് സാധിക്കും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്, ആഗ്രഹിക്കുന്നത്. ഈ സമരം ഇനിയും കൂടുതൽ യോജിപ്പോടുകൂടി, യോജിക്കാൻ പറ്റാവുന്നിടത്തോളം യോജിച്ചുകൊണ്ട്, ഒരു കണികയെ ഉണ്ടാവുകയുള്ളു യോജിക്കാൻ പറ്റുന്നത്, ചിലപ്പോൾ ഒരംശമേ കാണാൻ പറ്റുകയുള്ളു. പക്ഷെ അതിനെ യോജിപ്പിന്റെ സ്വരമായി ചേർത്തുകൊണ്ട് തന്നെ മുന്നോട്ട് പോകട്ടേ എന്നാശംസിച്ചുകൊണ്ട് ഈ ലോങ്ങ് മാർച്ചിന് എല്ലാവിധ അഭിവാദ്യങ്ങളും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ട്‌ ഞാനീ സംസാരം അവസാനിപ്പിക്കുന്നു.
ജയ്‌ഹിന്ദ്‌, ഇൻഷാ അല്ലാഹ്, അല്ലാഹു അക്ബർ.

(2020 ജനുവരി ഒന്നിന് കോഴിക്കോട് നടന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)

പകര്‍പ്പെഴുത്ത്: സിറാജുന്നിസ കെ പി

Comments