കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേള

രോഹിത് വെമുലയെന്ന ദളിത് വിദ്യാർത്ഥിയുടെ സ്ഥാപനവത്കൃത കൊലപാതകത്തിനുശേഷം ശക്തമായ ദളിത്‌ രാഷ്ട്രീയവും ദളിത്, മുസ്‌ലിം, ആദിവാസി, ബഹുജൻ ഐക്യവും ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുത്വ ബ്രഹ്മണ്യവ്യവസ്ഥയെ അതിന്റെ എല്ലാ സ്ഥലങ്ങളിൽനിന്നും ചോദ്യംചെയ്ത് പോന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെയും ജാതീയതയെയും സമൂഹത്തിൽ ഊട്ടിയുറപ്പിച് ഹിന്ദുത്വ അജണ്ടകൾക്ക് ശക്തിപകരുന്ന, ഇടത് -വലത് ‘മുഖ്യധാരയുടെ’ നിലപാടുകളെയും അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം ചെറുത്ത് നിൽക്കുന്നുണ്ട്. ഈ പശ്ചാതലത്തിലാണ് 2020 ജനുവരി 16, 17, 18, 19 തീയതികളിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്ന് പറയപ്പെടുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (KLF) വിമർശിക്കപ്പെടുന്നതും.

സർക്കാർ ചെലവിൽ നടന്നുവരുന്ന കെ.എല്‍.എഫിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് തന്നെ ഡി. സി ബുക്സ് മാത്രമാണ്. ആദിവാസി ക്ഷേമത്തിനായി ചെലവഴിക്കേണ്ട കിർത്താഡ്‌സിന്റെ 5 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം കെ.എല്‍.എഫിനായി ചെലവഴിച്ചതെന്നാണ്‌ ഓഡിറ്റിംഗ് റിപ്പോർട്ടിൽ പറയുന്നത്. ഡിസി എന്ന ലാഭത്തിലോടുന്ന ഒരു സ്വകാര്യസ്ഥാപനത്തിന്റെ പരിപാടിക്കുവേണ്ടി കിർത്താഡ്‌സിൽ നിന്നും കാശെടുക്കുന്നതുതന്നെ എത്രമാത്രം പ്രതിഷേധാര്‍ഹമാണ്. അതും നവ-ലിബറൽ ഹിന്ദുയിസം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു പരിപാടിക്ക് വേണ്ടി !

“വിയോജിപ്പില്ലാതെ ജനാധിപത്യമില്ല” എന്ന തലക്കെട്ടിൽ നടന്ന 2018 ലെ കെ.എല്‍.എഫിനുശേഷം 2019 ൽ നടന്ന കെ.എല്‍.എഫ്‌ എത്രമാത്രം ജനാധിപത്യപരമായിരുന്നെന്ന് “ദലിതത്വവും മുഖ്യധാരാ രാഷ്ട്രീയവും”എന്ന സെഷൻ പരിശോധിച്ചാൽ മനസ്സിലാകുന്നതേയുള്ളു . ദളിത്‌ സ്വത്വത്തിൽ നിന്നുകൊണ്ട് സംസാരിക്കാൻ അധ്യാപകനായ എം. ബി. മനോജും സാമൂഹ്യപ്രവർത്തക സതി അങ്കമാലിയും, മാർക്സിയൻ സിദ്ധാന്തത്തിൽ സംസാരിക്കാൻ സുനിൽ പി. ഇളയിടവും, ശ്രീജിത്ത്‌ ശിവരാമനും. അഥവാ, ഡിസി പ്രകാരം മുഖ്യധാരാ എന്നുപറയുന്നത് മാർക്സിസം മാത്രമാണ്. ഇളയിടം മാഷിന്റെ എല്ലാ സൈദ്ധാന്തിക, വർഗ്ഗ വിവേചനങ്ങളെയും കുറിച്ചുള്ള സംസാരമെല്ലാം കഴിഞ്ഞ ശേഷം കാണികളിൽ നിന്നും ഒരാൾ ചോദിക്കുന്നുണ്ട് :”കേരളത്തിലെ ദളിതർ വർഗ്ഗനിർധാരണംകൊണ്ട് ഞങ്ങൾക്ക് നീതികിട്ടിയിട്ടില്ലെന്ന് പറയുമ്പോ, അതിനെ കുറിച് ചർച്ച ചെയ്യാതെ, ഇത് ഇടതുപക്ഷത്തിനെ വിമർശിക്കുന്ന ഒരു സാധനമായതുകൊണ്ട്, നിരന്നുനിന്ന് ഡിഫെൻസ് എടുക്കുകയാണ് നിങ്ങൾ. അതെന്ത്‌ ജനാധിപത്യചർച്ചയാണ്? !നിങ്ങൾ ജാതിയെക്കുറിച്ചു സംസാരിക്ക് ” എന്ന്. സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്ന ആ വ്യക്തിയോട് മോഡറേറ്റർ കാണിക്കുന്ന അസഹിഷ്ണുതയും ശ്രദ്ധിക്കണം.

ഇതേ ചർച്ചയിൽ തന്നെയാണ് സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന മാർക്സിയൻ സിദ്ധാന്തകൻ ശ്രീജിത്ത്‌ പറയുന്നത് “ദളിതരിൽ കൂടുതലും ദരിദ്രരാണ്. എന്നാൽ ഇന്ത്യയിലെ ദരിദ്രരെല്ലാം ദലിതരല്ല ” എന്നത്. നിലനിക്കുന്ന സവർണ മുഖ്യധാരാരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന ഈ വാക്കുകൾക്കും ആശയങ്ങൾക്കും തന്നെയാണ് കാണികളിൽനിന്നും കയ്യടി എന്നതും വളരെ അപകടകരമാണ്. ഇതിനെയെല്ലാം സതി അങ്കമാലി പൊളിച്ചടക്കിയെങ്കിലും അപ്പോഴും വേദിയിൽ ആധിപത്യം ഇളയിടം മാഷിന്റെ വാക്കുകൾക്കുതന്നെയാണ്. അത് തീർത്തും ജാതിയും സമുദായവും അവർക്കുനൽകുന്ന പ്രിവിലേജ് തന്നെയാണ്.

ഡിസിയും കെ.എല്‍.എഫ്‌ ഓര്‍ഗനൈസിങ്‌ കമ്മിറ്റിയും തെരഞ്ഞെടുക്കുന്ന അതിഥികളിൽ ബഹുഭൂരിപക്ഷവും സവർണർ തന്നെയാണ്.

അരികുവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ ശബ്ദം വളരെ കുറവ്. ഈ നാലു പേർക്കുമായി ചർച്ചചെയ്യാൻ ഒരു മണിക്കൂർ മാത്രമായിരുന്നു സമയം എന്നതും ലജ്ജാവഹമാണ് . അതേസമയം രണ്ടുപേര്‍ മാത്രമുള്ള “Why I am a liberal? ” എന്ന മാധ്യമപ്രവർത്തകയായ സാഗരിക ഘോഷിന്റെ അഞ്ജന ശങ്കറുമായുള്ള സംഭാഷണത്തിനും ഒരു മണിക്കൂർ. ചോദ്യോത്തര വേളയുടെ സമയം എപ്പോഴും വിമര്ശിക്കപ്പെടാറുള്ളതുമാണ്.
“ഒരു ഹിന്ദുവായി ജനിച്ചഞാൻ ഹിന്ദുവായി മരിക്കില്ല” എന്ന ബാബ സാഹേബ് അംബേദ്കറുടെ വാക്കുകളും, ദളിത്‌ വിമോചനസമരങ്ങളും വേരുറച്ച ഈ മണ്ണിനെ തിരസ്ക്കരിച്ചുകൊണ്ടു, ഹിന്ദുയിസത്തെ വിമോചനശക്തിയായും അതുകൊണ്ടുതന്നെ ഗാന്ധിയെ “ഫാദർ ഓഫ് ഇന്ത്യൻ ലിബറലിസം ” ആയും ഊട്ടിയുറപ്പിച്ചുകൊണ്ടാണ് സാഗരിക ഘോഷിന്റെ വാക്കുകൾ പോകുന്നത്. ഇതേസമയമാണ് “Why I am not a liberal” എന്ന സെഷൻ എന്ന് കെ.എല്‍.എഫിൽ ചേർക്കും എന്ന ചോദ്യം കെ.എല്‍.എഫിനു പുറത്ത് ഉയരുന്നത്.

രോഹിത് വെമുലയുടെ സ്ഥാപനവത്കൃത കൊലപാതകത്തിന് ശേഷം ശക്തിയാർജ്ജിച്ച ദളിത്‌ വിമോചനസമരങ്ങളെയും, അരികുവത്കൃത ശബ്ദങ്ങളെയും അടിച്ചമർത്തികൊണ്ടും, ഹൈജാക്ക് ചെയ്തുകൊണ്ടുമാണ് ജെഎന്‍യുവിൽ കനയ്യ കുമാറെന്ന സവർണ, ഭൂമിഹാർ മേൽജാതിയിൽ പെട്ട നേതാവിനെ ഇടത് സംഘടനകൾ ഉയർത്തികൊണ്ട് വരുന്നത്. 2018 ലെ “the necessity to dissent in democracy” എന്ന വിഷയത്തിൽ സംഭാഷണം നടന്നത് ശശി കുമാറും കനയ്യ കുമാറും തമ്മിലായിരുന്നുഎന്നതും യാദൃശ്ചികമല്ല. “ഇന്ത്യയിൽ തന്നെ ഏറ്റവും കൊടിയ മർദ്ദകസ്വഭാവം വെച്ചുപുലർത്തുന്ന മേൽജാതി ഭൂജന്മികളായ ഭൂമിഹാർ വിഭാഗത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു ജനകീയ പ്രസ്ഥാനത്തിൽ നിന്നും അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളെ അകറ്റിനിർത്തുക എന്ന പണിയാണ് ബീഹാറിലെ വരേണ്യ ഇടതുനേതൃത്വം ഇതുവരെ ചെയ്തുപോരുന്നത്” എന്നും “മേൽജാതി വരേണ്യ രാഷ്ട്രീയത്തിന്റെ ചാരനാണ് കനയ്യഎന്ന് ബീഹാറിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ട കാര്യമാണ് ” എന്നും S. സരസ്വതി എഴുതുന്നുണ്ട്.

കനയ്യയെ പോലെതന്നെ 2017ലെ കെ.എല്‍.എഫിൽ “Campus in revolt :No kid’s play” എന്ന സെഷനിൽ പങ്കെടുത്ത ആളായിരുന്നു ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ റിസർച്ച് സ്കോളറും ‘കലാലയങ്ങൾ കലഹിക്കുമ്പോൾ ‘ എന്ന പുസ്തകത്തിന്റെ എഡിറ്ററുമായ അരുന്ധതി. ബി. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രോഹിത് വെമുലയുടെ നീതിക്കുവേണ്ടി പോരാടി, അറസ്റ്റുവരിച്ച മുഴുവൻ ദളിത്‌ വിദ്യാർത്ഥികളുടെയും ശബ്ദത്തെ ഹൈജാക്ക് ചെയ്തുകൊണ്ടായിരുന്നു അതുവരെ സമരത്തിന്റെ മുൻനിരയിൽ ഇല്ലായിരുന്ന അരുന്ധതി ഒറ്റ മീഡിയ ബൈറ്റിലൂടെ സെലെബ്രിറ്റിയാകുന്നത്.

അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷനിൽനിന്നും ഒരു വിദ്യാർഥിയെപ്പോലും ക്ഷണിക്കാതെ ദളിത്‌ രാഷ്‌ടീയത്തെ പ്രതിനിധീകരിച്ചുകൊണ്ടു സംസാരിക്കാൻ അരുന്ധതിക്ക് ആരാണ് ഏജൻസി നൽകുന്നത്?

അതുപോലെ തന്നെ 2016ലെ കെ.എല്‍.എഫിനുവേണ്ടി ആദ്യം ഷെഡ്യൂൾ ചെയ്ത പ്രകാരം “മതം, ആത്മീയത, തത്വചിന്ത” എന്ന സെഷനും വിമർശനങ്ങൾക്കു വഴിവെച്ചതായിരുന്നു. പാനൽ മുഴുവൻ മതത്തെ വിമര്ശിക്കുന്നവരായതിനാൽ, സംസ്ഥാന സർക്കാർ കെ.എല്‍.എഫിനു നൽകുന്ന പിന്തുണ പിൻവലിക്കണമെന്നു പറഞ്ഞ്‌ മുസ്‌ലിം സംഘടനകൾ മുന്നോട്ടുവരികയുണ്ടായി.

ഈ വർഷം നടക്കുന്ന കെ.എല്‍.എഫ്‌ 2020 ലും ഇതിനൊന്നും ഒരു മാറ്റവുമില്ലെന്ന് മാത്രമല്ല ഇത്രയും വംശീയവും ജാതീയവും ഇസ്‌ലാംഭീതിയും നിറഞ്ഞ ഒരു സമൂഹത്തിലേക്ക് കൂടുതലായി അതെല്ലാം സ്ഥാപിക്കുന്നതു തന്നെയാണ് ഈ വർഷത്തെ പല ചർച്ചകളും.

“മത ജീവിതത്തിൽ നിന്നും മതേതര ജീവിതത്തിലേക്ക് ” എന്ന സെഷൻ ആദ്യം ഷെഡ്യൂൾ ചെയ്തപ്രകാരം ഇസ്‌ലാം മതം ഉപേക്ഷിച്ചവർ മാത്രം ഉൾക്കൊള്ളുന്നതായിരുന്നതിനാൽ വിമർശനങ്ങൾ ശക്തമായപ്പോൾ പുനർക്രമീകരിച് “മതജീവിതം മതരഹിത ജീവിതം ” എന്നാക്കിയെങ്കിലും പാനലിൽ മുസ്‌ലിം നാമധാരികൾ മാത്രം.

മതം എന്നത് ഇസ്‌ലാം മാത്രമാവുകയും മതേതരമെന്നത് ഇസ്‌ലാം ഉപേക്ഷിക്കുന്നതാക്കലും കെ.എല്‍.എഫ്‌ എന്ന ഹിന്ദു പ്ലാറ്റഫോമിന്റെ അടിസ്ഥാനമായിരിക്കുമല്ലോ.

CAA, NRC, NPR എല്ലാം നടപ്പാക്കിക്കൊണ്ടു മുസ്‌ലിം വംശഹത്യക്ക് കോപ്പുകൂട്ടുന്ന ഈ കാലത്തിന് വളരെ അനുയോജ്യമായ വിഷയം. ഹാദിയെയും, മേട്ടുപ്പാളയത്ത് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യാൻ തീരുമാനിച്ച ദളിതരെയും കെ.എല്‍.എഫ്‌ നടത്തിപ്പുകാർ കാണാതെ പോകാൻ വഴിയൊന്നുമില്ല.

ഇന്നുവരെ നടന്ന കെ.എല്‍.എഫ്‌ ഒരു ഇടതു ലിബറൽ ഹിന്ദു ഇടം മാത്രമാണ്. “മലബാർ കലാപം കർഷകസമരമോ വർഗീയ കലാപമോ ” എന്ന സെഷന്റെ ടൈറ്റില്‍ തന്നെ നോക്കൂ. അതിനപ്പുറം മലബാർ സമരത്തെ ഒരു വിമോചനവിപ്ലവമായി കാണാൻ ഈ ഇടത് ലിബറൽ ഇടത്തിന് സാധിക്കില്ല. അതുപോലെതന്നെ, CAA, NRC വിരുദ്ധസമരം തുടങ്ങിയത് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നാണെന്നും അവിടുന്ന് ജാമിയ മില്ലിയയിലെ വിദ്യാർത്ഥികൾ ഏറ്റെടുത്തതിനുശേഷമാണ് ഇന്ത്യയിൽ പ്രക്ഷോഭങ്ങൾ പരക്കുന്നതെന്നും വ്യക്തമായ സന്ദർഭത്തിൽ ഇപ്പോഴും “ജെ.എന്‍.യു മുതൽ ജാമിഅ വരെ ” എന്ന ചർച്ച നടക്കുന്നത് ജാമിഅയെ പ്രതിനിധീകരിച്ചുകൊണ്ടു ആരും തന്നെയില്ലാതെയാണ്.

ആര്‍എസ്എസും ബിജെപിയും ഭരണഘടന അട്ടിമറിച്ചുകൊണ്ട് ഇന്ത്യൻ മുസ്‌ലിംകളെ വംശഹത്യക്കിരയാക്കാൻ ഒരുങ്ങിയിരിക്കുന്ന ഈ സന്ദർത്തിലും “ഭരണഘടന: 70 വർഷത്തെ പൗരജീവിതം” എന്ന സെഷനില്‍ ഒരു മുസ്‌ലിം നാമധാരി പോലുമില്ല എന്നതും എത്ര ഹീനമാണ്.

മുസ്‌ലിമായതിന്റെ പേരിൽ ആൾക്കൂട്ടക്കൊലപാതകത്തിനിരയായ മുഹമ്മദ്‌ അഖ്ലാക്കും, തബ്രീസ് അൻസാരിയും, ജുനൈദും, അസീമും, പെഹ്‌ലു ഖാനും, അക്കാഡമിക് ജീനോസൈഡിനിരയായ ഫാത്തിമ ലത്തീഫും ഒരു വശത്തും, മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച്‌ UAPA ചുമത്തപ്പെടുകയും, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങൾക്കിരയാക്കപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം മറുവശത്തും നിലനില്‍ക്കെത്തന്നെയാണ്‌ ‘മാവോയിസവും ഇസ്ലാമിസവും ‘ എന്ന ചർച്ച നടക്കുന്നത്. പൊതുവെ പാനലിലുള്ളത് മാവോയിസ്റ് വിരുദ്ധരും. അതിലിനി ചർച്ചകൾ എങ്ങനെപോകുമെന്ന് കണ്ട്തന്നെ അറിയണം.

ഇപ്പോൾ ചർച്ചയായിട്ടുള്ള മറ്റൊരുവിഷയമാണ് കെ.എല്‍.എഫിലെ സദ്ഗുരു, അഥവാ ജഗ്ഗി വാസുദെവെന്ന ഇസ്ലാമോഫോബിന്റെ സാന്നിധ്യം. പൗരത്വ നിയമത്തെയടക്കം താത്വികവത്കരിച്ചു സംസാരിച്ച മോദി ഭക്തന്‍. ഇത്തരത്തിലുള്ള നല്ല ഉഗ്രൻ ഹിന്ദുത്വസൈദ്ധാന്തികർക്ക് പബ്ലിസിറ്റി നൽകുന്ന ഒരു ഇടത് ലിബറൽ ഇടമാണ് കെ.എല്‍.എഫ്.

‘മുസ്‌ലിം മതമൗലികവാദത്തിന്റെ’ ഇരയായിക്കൊണ്ട് തസ്ലീമനസ്‌റീനെ ക്ഷണിക്കുന്ന കെ.എല്‍.എഫിന് ‘മുസ്‌ലിം എന്ന അപരനെ’ ചർച്ച ചെയ്യാൻ സാധിക്കുമോയെന്നും, ജെ.എന്‍.യുവിൽ നിർബന്ധിത തിരോധാനത്തിനിരയായ നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിനെ ഇവർ വിളിക്കുമോ എന്നും മൃദുല ഭവാനി 2017 ൽ The Companion ൽ എഴുതിയ “Literary festivals and untouchability :What is it to be banned from one’s own life? ” എന്ന ലേഖനത്തിൽ ചർച്ച ചെയ്യുന്നുണ്ട്. “ഇസ്‌ലാം &ഇസ്‌ലാമിക്‌ സ്റ്റേറ്റ് ” എന്നതിനെ കെ.എല്‍.എഫ് ചർച്ചക്കെടുക്കാനൊരുങ്ങിയ വർഷം “ഹിന്ദുത്വ & ഹിന്ദു സ്റ്റേറ്റ് ” എന്നതിനെ എന്തുകൊണ്ട് കെ.എല്‍.എഫ് ചർച്ചക്കെടുക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. മതം, ലിംഗം, വൈകല്യം എല്ലാം ചർച്ചചെയ്യുമ്പോൾ അതുമായി ഒട്ടും ബന്ധമില്ലാത്ത വ്യക്തികളാണ് പലപ്പോഴും പാനലുകളില്‍. ഇങ്ങനെ പോകുന്നു ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ ഉദ്ഘാടനവേദിയില്‍ ആര്‍.എസ്.എസുകാരനായ വി. മുരളീധരനെ ഗസ്റ്റ് ഓഫ് ഹോണര്‍ ആയി ക്ഷണിച്ചിരുത്തിയ കെ.എല്‍.എഫ്‌ എന്ന ഇടത് ലിബറൽ ഹിന്ദു മേളയുടെ ചട്ടങ്ങൾ !

By നഹ്‌ല മുഹമ്മദ്‌

Under Graduate Student, Govt. Victoria College, Palakkad