കൊളോണിയല്‍ നുണകളും ബാബരി വിധിയും

ഒരുപാട് കാലം രാജ്യം ചര്‍ച്ചചെയ്ത ബാബരി മസ്ജിദ്‌ കേസിന്‍റെ സുപ്രീം കോടതി വിധിപ്രഖ്യാപനം ഒരു നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിധിപ്രസ്താവത്തെ “പുതുപുലരി” എന്ന് വിശേഷിപ്പിച്ചാണെതിരേറ്റത്.

1992 വരെ നിലനിന്നതും പതിനാറാം നൂറ്റാണ്ടില്‍ “മുസ്‌ലിം അധിനിവേശ ശക്തികള്‍” നിര്‍മ്മിച്ചതുമായ ബാബരി മസ്ജിദ്, രാമന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്രത്തിന്‍റെ മേല്‍ കെട്ടിപ്പൊക്കിയതാണെന്ന വാദത്തെ വാസ്തവമായി സ്ഥാപിക്കുകയാണ് ചുരുക്കത്തില്‍ ഈ സുപ്രീം കോടതി വിധി. 1992 ഡിസംബര്‍ 6 ന് സ്റ്റേറ്റ് ഏജന്‍സിയുടെ മൗനാനുവാദത്തോടു കൂടി പലയിടങ്ങളില്‍ നിന്നായി ഒരുമിച്ചു കൂട്ടപ്പെട്ട കര്‍സേകരാല്‍ പള്ളി തകര്‍പ്പെട്ടത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഒരു ട്രസ്റ്റ് സ്ഥാപിക്കാനും രാമ ക്ഷേത്രം പണിയാനും കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി കല്‍പ്പിച്ചിട്ടുണ്ട്. ‘450 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഒരു പള്ളി മുസ്‌ലിംകള്‍ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്’ കണക്കിലെടുത്ത കോടതി, പള്ളി പണിയാന്‍ പകരം ഭൂമി നല്‍കിക്കൊണ്ടാണ് മുസ്‌ലിം വഖ്ഫ് ബോര്‍ഡിനോട്‌ പരിഹാരം നിര്‍ദേശിച്ചത്‌. കേന്ദ്രസര്‍ക്കാറിനോട് നിര്‍ബന്ധപൂര്‍വ്വം ക്ഷേത്രം പണിയാന്‍ കല്‍പ്പിച്ചപ്പോള്‍ ആ ഒരു നിര്‍ബന്ധിത കല്‍പ്പന മുസ്‌ലിംകളെ സംബന്ധിക്കുന്നതായപ്പോള്‍ ഇല്ലാതായി എന്നതാണ് ഇവിടെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പള്ളി നിര്‍മ്മിക്കുന്നതില്‍ വഖ്ഫ് ബോര്‍ഡ് സ്വതന്ത്രരാണ് എന്നാണ് ഈ ഉത്തരവ് സൂചിപ്പിക്കുന്നത്.

സുപ്രീം കോടതി വിധി ജനതാല്‍പര്യം (populist) പരിഗണിച്ച് മാത്രമുള്ളതാണെന്നതാണ് എന്റെ നിരീക്ഷണം. കാരണം രാമന്‍ ജനിച്ച അതേ സ്ഥലത്താണ് പള്ളി നിലകൊള്ളുന്നതെന്ന ഹൈന്ദവ ഭൂരിപക്ഷത്തിന്റെ സ്ഥിരീകരണമില്ലാത്ത വാദത്തെ അടിസ്ഥാനപ്പെടുത്തിയാണതുള്ളത്.

മുമ്പേയുള്ള ഹിന്ദു നിര്‍മാണത്തെ നശിപ്പിക്കാതെയാണ് ബാബരി മസ്ജിദ് പണിതത് എന്ന് തെളിയിക്കാന്‍ മുസ്‌ലിംകളുടെ മേലില്‍ അന്യായമായ ഉത്തര വാദിത്വം ഏല്‍പ്പിച്ചുകൊണ്ട്, ഹിന്ദു അനുമാനത്തിന് സാധൂകരണം നല്‍കാനാണ് 1045 പേജുകളുള്ള വിധി പല ഘട്ടത്തിലും ശ്രമിക്കുന്നത്. ഇന്ത്യ ഒരു ഹൈന്ദവരാഷ്ട്രം ആയിരിക്കണം എന്ന മേഘാലയ സുപ്രീംകോടതി ജഡ്ജി എസ് ആര്‍ സെനിന്റെ ഉത്തരവാണ് ജുഡീഷ്യല്‍ പോപുലിസത്തിന്റെ അടുത്ത കാലത്തെ സമാന ഉദാഹരണം.

വിധിയിലെ ഭൂരിപക്ഷ കേന്ദ്രീകൃത അനുമാനങ്ങള്‍

ജുഡീഷ്യല്‍ പോപുലിസത്തിന്‌ രണ്ട് പ്രധാന ഘടകങ്ങളുണ്ട്‌. ഒന്ന്, ഉപേന്ദ്ര ബാസി പറയുന്നത് പോലെ. തെളിവുകള്‍ ഉണ്ടാകുന്നതിന്റെ പ്രക്രിയയെയും ന്യായബോധത്തെയും നീതിയുടെ ഒത്തുതീര്‍പ്പില്ലാത്ത നിലപാടിനെയും അവഗണിച്ചുകൊണ്ട്, നീതിയുടെയും ധര്‍മ്മത്തിന്റെയുമൊപ്പം ജനങ്ങളുടെ താല്‍പര്യവും തിരിച്ചറിയല്‍. ഇന്ത്യന്‍ പോപുലിസത്തിന്റെ മറ്റൊരു പ്രധാന ഘടകമായി ഞാനെണ്ണുന്നത്, രാജ്യത്തെ ‘ആധികാരികവും’ തനിമയുള്ളതുമായ ജനവിഭാഗമെന്ന നിലയില്‍ ഹിന്ദുക്കളോടുള്ള സമീപനവും, അപരരെന്ന നിലയിലെ മുസ്‌ലിംകളോടുള്ള സമീപനവുമാണ്. ഹിന്ദു ഭൂരിപക്ഷത്തിന്‍റെ വിശ്വാസം വിധിയില്‍ തുല്യ നീതിയായി താഴെ പറയുന്ന പ്രകാരം തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

“ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശം രാമന്റെ ജന്മസ്ഥലമാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തിന് അതേ സ്ഥലത്ത് തന്നെ പള്ളി പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തെക്കാള്‍ മുന്‍ഗണന കൊടുക്കണമെന്ന നിഗമനത്തിലാണെത്താന്‍ കഴിയുന്നത്.”

വാചകത്തിലെ കെട്ടിക്കുടുക്കുകളെല്ലാം അഴിച്ച് പരിശോധിച്ചാല്‍, ഇങ്ങനെ സംഗ്രഹിക്കാം – കാലാതീതമായി വിധി എന്നും ഹൈന്ദവ വിശ്വാസങ്ങള്‍ക്കനുഗുണമായിരിക്കും.

ഹിന്ദു വിശ്വാസത്തിന് പ്രാമാണികത കൈവരുത്താനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട കോടതിക്ക്, ഹൈന്ദവ പ്രമാണങ്ങള്‍ പ്രകാരം രാമജന്മഭൂമി വാദത്തെ അടിസ്ഥാനരഹിതം എന്ന് വിളിച്ച് തള്ളിക്കളയാനാവില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ സ്ഥാപിക്കാനേ കഴിയുന്നുള്ളു. ബാബരി മസ്ജിദ് നിന്ന അതേ സ്ഥലത്താണ് രാമന്റെ ജനനം എന്ന് ഈ പ്രമാണങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടോ? തീര്‍ച്ചയായും ഇല്ല! അഭിമുഖീകരിക്കപ്പെടാത്ത മറ്റൊരു ചോദ്യം കൂടെ ഇതില്‍ കിടപ്പുള്ളതായി ഹിന്ദു മതത്തില്‍ നരവംശശാസ്ത്രജ്ഞനായ പീറ്റര്‍ വാന്‍ ഡെര്‍ വീര്‍ പറയുന്നുണ്ട്- രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ട അതേ അയോധ്യ തന്നെയാണോ സമകാലിക ഇന്ത്യയിലെ അയോധ്യ എന്ന സ്ഥലം?

രാമന്‍റെ യഥാര്‍ത്ഥ ജന്മസ്ഥലം തെളിയിക്കാനുള്ള തീവ്ര ആഗ്രഹത്തിന്‍റെ ഭാഗമായി സുപ്രിം കോടതിക്ക് ഹിന്ദു ഹിന്ദു അനലിസ്റ്റായ റജീന്ദര്‍ സിങ് എന്ന ഒരാളെ മാത്രമാണ് സാക്ഷിയായി കിട്ടിയത്. സിങ് സിഖ് കള്‍ട്ട് എന്ന പുസ്തകത്തിലൊരിടത്ത് അവകാശവാദത്തിന് തെളിവായി പറയുന്നതിങ്ങനെ: “തര്‍ക്കഭൂമി ശ്രീ രാമചന്ദര്‍ജിയുടെ ജന്മസ്ഥലം തന്നെയാണ്, സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് അവിടെ ശ്രീ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ദര്‍ശനം തേടിയിട്ടുണ്ടായിരുന്നു”. ഈ വാദത്തിന്‍റെ അപ്രായോഗികതയും വിശ്വാസക്കുറവും അന്‍മോല്‍ സിങ് എടുത്തുകാട്ടുന്നുണ്ട്. സിക്കിം എന്നത് കള്‍ട്ട് മാത്രമാണെന്നും വിശ്വാസമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വൈരുധ്യത്തിന്റെ മുഖങ്ങള്‍

യുക്തിപരമായി, തങ്ങളുടെ അവകാശവാദങ്ങള്‍ക്ക് തെളിവ് കൊണ്ടുവരേണ്ട ബാധ്യത തര്‍ക്കത്തിലേര്‍പ്പെടുന്ന രണ്ട് പാര്‍ട്ടികള്‍ക്കും മേല്‍ ചുമത്തലാണ്. എന്നാല്‍, ഹിന്ദുക്കളുടെ അവകാശവാദം കൂടി തെളിയിക്കല്‍ മുസ്‌ലിംകളുടെ മേല്‍ ബാധ്യതയായി മാറുന്നതാണ് കണ്ടത്. ആര്‍ക്കിയോളജിക്കല്‍ രേഖകളില്‍ കൃത്യമായി യാതൊരു തെളിവുകളുമില്ലാതിരുന്നിട്ടു കൂടി വിധി ഹിന്ദുക്കള്‍ക്കനുഗുണമായി മാറിയിരിക്കുന്നു. പള്ളി പണിതത് ഒരു പുത്തന്‍ പ്രദേശത്തല്ലയെന്ന് കണ്ടെത്തിയതിനോടൊപ്പം, ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെടുന്ന അവശിഷ്ടങ്ങള്‍ ഉത്ഖനനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് വിധി പ്രസ്താവിക്കുന്നുണ്ട്. ഈ ‘തെളിവി’െന്റയും അതിലൂടെ ഉരുത്തിരിഞ്ഞ ‘നിഗമന’ത്തിന്റെയു ആധികാരികത മാറ്റി വെച്ച് ചിന്തിച്ചാല്‍ തന്നെ, ഉത്ഖനനം എന്നത് സാധ്യമാവുന്നത് മസ്ജിദിന്റെ ധ്വംസനത്തിന് ശേഷം മാത്രമല്ലേയെന്ന സുപ്രധാന ചോദ്യം മറ്റേത് ചര്‍ച്ചയെക്കാളും നിസാരമായ ഒന്നായാണ് പരിഗണിക്കപ്പെട്ടത്.

ആര്‍ക്കിയോളജി പഠിക്കുന്ന നരവംശശാസ്ത്രജ്ഞര്‍, “ഖനനം എന്നത് യാഥാര്‍ത്ഥ്യത്തിന്‍റെയോ വസ്തുതയുടെയോ നിഷ്പക്ഷ പഠനമല്ല, മറിച്ച് യാഥാര്‍ത്ഥ്യത്തെയും വസ്തുതയെയും പുനര്‍ക്രമീകരിക്കുന്ന അവരുടെ സൃഷ്ടിയാണ്” എന്ന് സ്ഥാപിക്കുന്നുണ്ട്. അത് പലപ്പോഴും പുതുമയുള്ളവയായിരിക്കും. ഒരുകാലത്ത് കോളനിവല്‍ക്കരണത്തിനെതിരായിരുന്ന ഇന്ത്യയെ സംബന്ധിച്ചെടുത്തോളം അത്തരത്തിലുള്ള കാലക്രമങ്ങളെക്കുറിച്ച കൃത്യത തേടുന്ന മനോഭാവം ദേശീയതയിലധിഷ്ഠിതമാണ്.

കൊളോണിയല്‍ നയതന്ത്രത്തിന്റെ പ്രധാന കണ്ടുപിടിത്തങ്ങളിലൊന്ന് തന്നെ മുസ്‌ലിംകള്‍ പരദേശികളും അധിനിവേശകരും ഹിന്ദുക്കള്‍ തദ്ദേശീയരും ബ്രിട്ടീഷുകാരാല്‍ മുസ്‌ലിം സ്വേഛാധിപത്യത്തില്‍ നിന്ന് സ്വതന്ത്രരാക്കപ്പെട്ടവരുമാണ് എന്നതാണ്.

‘അടിമത്തത്തിന്റെ 1200 വര്‍ഷങ്ങള്‍’ എന്ന പ്രയോഗം പ്രധാനമന്ത്രി മോഡി തന്റെ ആദ്യ പാര്‍ലമെന്റ് പ്രസംഗങ്ങളിലൊന്നില്‍ പരാമര്‍ശിച്ചത് മുസ്‌ലിംകളുടെ ഈ അപരത്വത്തെ ചൂണ്ടാനാണ്.

ഹിന്ദു-മുസ്‌ലിം ധ്രുവീകരണം ലക്ഷ്യമിട്ടു കൊണ്ടും തങ്ങളുടെ അധിനിവേശത്തെ ഉണര്‍വിന്റെ അടയാളമായും ചിത്രീകരിക്കാനാണവര്‍ ശ്രമിച്ചത്.

ബാബരി വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍

ഈ വിധി അതേ കണക്കില്‍ തന്നെ അതിന്റെ ആമുഖപേജില്‍ വ്യക്തമാക്കുന്നത് പോലെ: ‘നമ്മുടെ രാജ്യത്തെ മണ്ണ് ഒരുപാട് അധിനിവേശങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്’. അടുത്ത പേജിലായി മുഗള്‍ ഭരണത്തെ രാമക്ഷേത്രം തകര്‍ക്കപ്പെടാന്‍ കാരണമായ കടന്നുകയറ്റമായാണ് അവതരിപ്പിക്കുന്നത്. മറ്റൊരിടത്ത് ബാബറിനെ ഒരു അധിനിവേശകനായി അവതരിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഒരു കൊളോണിയല്‍ ഗസറ്റിയറില്‍ നിന്നെടുത്തുദ്ധരിക്കുന്നുണ്ട്.

അലോയ്‌സ് ഫ്യുഹര്‍ എന്ന ജര്‍മന്‍ ഓറിയന്റലിസ്റ്റിന്റെ മന്‍സ്ജിദില്‍ കൊത്തിവെക്കപ്പെട്ട ലിഖിതങ്ങളെപ്പറ്റിയും നിര്‍മാണത്തിന്റെ കൃത്യമായ വര്‍ഷത്തെപ്പറ്റിയുമുള്ള സംശയങ്ങള്‍ വിധിയില്‍ കാണാം. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു സമാനമായ സംശയത്തെ വിധിയില്‍ അപൂര്‍ണമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിങ്ങനെ: ‘രാമചന്ദ്രത്തെ ജന്‍മസ്ഥാനത്തുണ്ടായിരുന്ന ആ പുരാതന ക്ഷേത്രം തീര്‍ച്ചയായും ഒരു മികച്ച നിര്‍മിതി ആയിരുന്നിരിക്കണം. അതിന്റെ…. അവശിഷ്ടങ്ങള്‍ മുസല്‍മാന്‍മാര്‍ പള്ളി നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നിരിക്കാം’.
കൊളോണിയല്‍ നുണകളോടും ഫാന്റസികളോടുമുള്ള ആശ്രയത്വമാണ് ഇത്തരം അപൂര്‍ണമായ പരാമര്‍ശങ്ങളിലൂടെ വ്യക്തമാവുന്നത്. 1842 ല്‍ ബ്രിട്ടീഷുകാര്‍ കാബൂള്‍ കീഴടക്കിയ സമയത്ത് അവിടത്തെ ഗസ്‌ന മസ്ജിദ് തകര്‍ക്കുകയും അതിന്റെ പ്രധാന കവാടം സോമനാഥ ക്ഷേത്രത്തിന്റേതാണെന്ന് യാതൊരു തെളിവുകളും കൂടാതെ പ്രസ്താവിക്കുകയുണ്ടായിട്ടുണ്ട്.
മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടില്ല എന്നല്ല ഞാന്‍ വാദിക്കുന്നത്, തീര്‍ച്ചയായും അവര്‍ തകര്‍ത്തിട്ടുണ്ട്. പക്ഷേ അവര്‍ ക്ഷേത്രനിര്‍മാണത്തിന് സഹായം ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും കൂടി ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ, ഹിന്ദു ഭരണാധികാരികളും ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തിട്ടുണ്ട്.

ബ്രിട്ടീഷ് ചരിത്രരചന ഒരു ധ്രുവീകരണായുധമാണെന്നാണ് ഞാന്‍ ഊന്നിപ്പറയുന്നത്. അവരുടെ വൈജ്ഞാനിക അധീശത്വവും സാര്‍വംഗീകൃതമായ കറന്‍സിയുമുള്‍പ്പെടെ മേല്‍ പറഞ്ഞതിന്റെ സ്ഥാപനവല്‍കൃത നയങ്ങളില്‍ പെട്ടതാണ്. ഹിന്ദു സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന് ലാലാ ലജ്പത് റായി കൊളോണിയല്‍ വിജ്ഞാനത്തിന്റെ ദൂഷ്യഫലത്തെപ്പറ്റി പ്രതിപാദിക്കുന്നതിങ്ങനെ:
“വാഖിഅത്തെ ഹിന്ദ് എന്നൊരു പുസ്തകം ആ സമയത്ത് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ഇന്ത്യാചരിത്ര പഠനത്തിനായി പഠിപ്പിക്കപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ മുസ്‌ലികളാല്‍ വലിയ തോതില്‍ സ്വേഛാധിപത്യത്തിന് കീഴില്‍ അടിപ്പെട്ടിരുന്നുവെന്ന തോന്നലാണ് ആ പുസ്തകം എന്നിലുണ്ടാക്കിയത്. ഇസ്‌ലാമിനെക്കുറിച്ച് ഞാന്‍ പണ്ടേ ആര്‍ജിച്ചെടുത്ത ആദരവ് പതിയെ വെറുപ്പിലേക്ക് വഴിമാറുന്ന അനുഭവമാണ് വാഖിഅത്തെ ഹിന്ദ് വായിച്ചപ്പോള്‍ എനിക്കുണ്ടായത്”

കൊളോണിയല്‍ ചരിത്രരചനയുടെ ധ്രുവീകരണ തന്ത്രത്തിന്റെ മറ്റൊരു ശക്തമായ ഉദാഹരണം ഇന്ത്യന്‍ ഭാഷകളും വിദേശ ഭാഷകളും തമ്മില്‍ വേര്‍തിരിവുണ്ടാക്കുന്നതിലൂടെയായിരുന്നു.

ഹിന്ദു മതവും, ബുദ്ധ-ജൈന-സിഖ് മതങ്ങളും തദ്ദേശീയമായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ ഇസ്‌ലാമും ക്രൈസ്തവതയും പരദേശിയായാണ് മുദ്രകുത്തപ്പെട്ടത്. നിയമത്തിന് മുന്നില്‍ തുല്യത കല്‍പ്പിക്കുന്ന കോടതി വിധിയും പക്ഷേ വിധിയിലുടനീളം ഇത്തരത്തിലൊരു മുന്‍വിധിയിലൂടെയാണ് കടന്നുപോകുന്നത്. ചിലപ്പോഴൊക്കെ, എന്താണോ നിഷേധിക്കപ്പെടുന്നത് എന്ന് മനസിലാക്കാന്‍ എന്താണോ നിഷേധിക്കുന്നില്ലയെന്നവര്‍ അവകാശപ്പെടുന്നത് എന്നത് പരിശോധിച്ചാല്‍ മതിയാകും.

മതവിശ്വാസവും നീതിയും

വിധിയെക്കുറിച്ച എന്റെ അഭിപ്രായങ്ങളും വാദമുഖങ്ങളും കൊളോണിയലിസത്തിൽ നിന്നും അതിന്റെ സഹചാരിയായ ദേശീയതയിൽ നിന്നും ഘട്ടംഘട്ടമായി മുക്തമായ ഡികൊളോണിയൽ കർമ്മശാസ്ത്രമാണെന്ന് പറയാം. കൊളോണിയലനന്തര ഇന്ത്യയിലെ വിധിന്യായത്തിൽ പോലും മുസ്‌ലിം എന്നതിന് പകരം കൊളോണിയൽ പദമായ ‘മുഹമ്മദൻ’ എന്നാണ് ഉപയോഗിക്കുന്നത്.

ഡീകൊളോണിയൽ കർമശാസ്ത്രത്തിന് വേണ്ടിയുള്ള എന്റെ തിരച്ചിൽ സംരക്ഷിക്കപ്പെടാൻ ബുദ്ധിമുട്ടാണെങ്കിലും അസാധ്യമാണ് എന്ന് കരുതുന്നില്ല. ഈ വിധിന്യായത്തില്‍ കാണിച്ച വിശ്വാസത്തെക്കാള്‍ മറ്റു വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്‌ എന്ന സിദ്ധാന്തം ഈ കര്‍മ്മശാസ്ത്രത്തില്‍ അവിഭാജ്യമായ ഘടകമാണ്.

അജ്ഞേയവാദി , നിരീശ്വരവാദി, മത- മതേതര വാദി തുടങ്ങിയ പൗരന്‍മാരുടെ വിശ്വസവും ആചാരവും ജനാധിപത്യത്തിലും നീതിയിലും ആകര്‍ഷണത്തിന്‍റെയും ഭയത്തിന്‍റെയും യുക്തിക്ക് അതീതമാണ്. ആ ഒരു വിശ്വസ്ത പ്രത്യാശയാണ് നവംബര്‍ എട്ടിന് ജര്‍മനിയില്‍ വെച്ച് ആ തണുപ്പുള്ള രാത്രിയില്‍ എന്നെ ഈ സുപ്രീംകോടതി വിധി വായിക്കാന്‍ ഉണര്‍ത്തിയത്.

മാന്യ ന്യായാധിപരേ, ജനാധിപത്യ-നീതിന്യായ വ്യവസ്ഥക്ക് നീതിയിലുള്ള പ്രതീക്ഷയില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ സാധിക്കുമോ? എന്‍റേത് മാത്രമല്ലാത്ത ഒരു പ്രതീക്ഷ, വ്യാഖ്യാനപരമായി തടസ്സപ്പെട്ടതും ഇന്നും തിരിച്ചറിയപ്പെടാതെ പോയതുമായ ഒരു ജനതയുടെ കൂടെ പ്രതീക്ഷയാണ്

Courtesy: The Wire

By പ്രൊഫ. ഇര്‍ഫാന്‍ അഹ്മദ്‌

Irfan Ahmad is a political anthropologist and senior research fellow at Max Planck Institute for the Study of Religious and Ethnic Diversity, Göttingen, Germany.