‘ദലിത്- ഒ.ബി.സി സഹോദരങ്ങളേ തെരുവിലിറങ്ങൂ..അടങ്ങിയിരിക്കേണ്ട സമയമല്ലിത്’ ചന്ദ്രശേഖര്‍ ആസാദ് ജുമാമസ്ജിദില്‍ നടത്തിയ പ്രഭാഷണം

ഡിസംബര്‍ ഇരുപത് വെള്ളിയാഴ്ച്ച ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമാമസ്ജിദിന്റെ കല്‍പടവുകളില്‍ പൗരത്വ ബില്ലിനെതിരെ ആയിരങ്ങള്‍ ആണ് സംഘടിച്ചത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അവിടേക്ക് കൈയ്യില്‍ ഭരണഘടനയുമേന്തി രംഗപ്രവേശം ചെയ്തത് ആവേശം വാനോളമുയര്‍ത്തി. മസ്ജിദ് ഗേറ്റിനപ്പുറം സമരത്തെ അടിച്ചമര്‍ത്താനെത്തിയ പോലീസിനെ കാഴ്ച്ചക്കാരാക്കി പ്രതിഷേധം രാത്രി വൈകുവോളം നീണ്ടു. സമരക്കാരുടെ നേരെ പോലീസിന്റെ അന്യായമായ കടന്നുകയറ്റം രൂക്ഷമാവുന്ന സാഹചര്യം വന്നപ്പോള്‍ ആസാദ് അറസ്റ്റ് വരിക്കാന്‍ തയ്യാറായി. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് ചന്ദ്രശേഖര്‍ ആസാദ് ജുമാമസ്ജിദില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം.

“ഞാനിവിടെ നിന്നും പോയതിന് ശേഷവും നിങ്ങളീ സമരം സമാധാനപരമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകണം. രാജ്യത്തെ ജനങ്ങളോടെനിക്ക് ഒന്നേ പറയാനുള്ളൂ- ദലിത്, ഒബിസി ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയിരിക്കരുത്. തന്റെ ദേശത്തെ സ്‌നഹിക്കുന്ന ഒരാളും വീടുകളില്‍ ഒതുങ്ങിയിരിക്കേണ്ട സമയമല്ലിത്. ആദിവാസി സഹോദരങ്ങളും മുന്നിട്ടിറങ്ങുക. സമാധാനപരമായി സമരം നടത്താന്‍ ഭരണകൂടം നമ്മെ അനുവദിക്കുന്നില്ലെങ്കില്‍ ജയിലില്‍ വെച്ചായിരിക്കും നമ്മുടെ സമരം. അപ്പോള്‍ നമുക്ക് കാണാമല്ലോ..

നാം രാവിലെ മുതലിവിടുണ്ട്. പോലീസ് പല തരത്തില്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഹെല്‍മറ്റും ലാത്തിയും കൊണ്ടെല്ലാം നമ്മെ നേരിടാന്‍ ശ്രമിക്കുന്നു. സമാധാനപൂര്‍വ്വം ഇരുന്ന് സമരം ചെയ്യുന്നതിനെ അവരെന്തിനാണ് അടിച്ചമര്‍ത്താന്‍ നോക്കുന്നത്. ഇത് ദൈവഭവനമാണ്, ഇവിടെ കയറിയും ലാത്തിച്ചാര്‍ജ് നടത്തുന്നു. കുറച്ചെങ്കിലും നാണം വേണ്ടേ. സമാധാനപരമായി പ്രതിഷേധിക്കാന്‍ അമിത് ഷാ അനുവദിക്കുന്നില്ലെങ്കില്‍, ഞങ്ങളെ കൊല്ലുകയാണ് ഭേദം.

നിലവിലെ അന്തരീക്ഷം രാജ്യത്തിന് നല്ലതല്ല. ഇവിടുത്തെ ഭരണക്രമം അട്ടിമറിക്കപ്പെട്ടാല്‍ ഈ പോലീസിന് തങ്ങളുടെ യൂണിഫോം വരെ നഷ്ടപ്പെടും. കറന്‍സിയും പോലീസുമെല്ലാം ആ ക്രമത്തിന് കീഴില്‍ വരുന്നതാണല്ലോ. യൂണിഫോം നഷ്ടപ്പെട്ടാല്‍ ഇവരും നമ്മുടെ കൂടെയിരുന്ന് സമരം ചെയ്യും. ഞങ്ങളെന്ത് തെറ്റാണ് ചെയ്യുന്നത്? തെറ്റിനെ എതിര്‍ക്കല്‍ അനിവാര്യമാണ്, അല്ലാത്തപക്ഷം രാജ്യമെങ്ങനെ രക്ഷനേടും?

അതുകൊണ്ട് നമ്മെക്കാള്‍ മുതിര്‍ന്ന ഇമാമിനോട് ഞാന്‍ പറയുന്നു, പോലീസ് നിര്‍ദേശമനുസരിച്ച് എന്നെ കൈകാര്യം ചെയ്യുന്നതിനെക്കാള്‍ ഭേദം എന്നെ വധിക്കലാണ്. ഞാനതിന് തയ്യാറാണ്, പക്ഷേ ജനങ്ങളെ ആക്രമിക്കാന്‍ അനുവദിക്കില്ല. സമാധാനം നിലനിര്‍ത്തുക തന്നെ വേണം. ഞങ്ങളെ ലാത്തി കൊണ്ട് നേരിടേണ്ട സാഹചര്യമിവിടില്ല. നമുക്ക് നാവുണ്ട്, ഭരണകൂടത്തിന് നമ്മെ അറസ്റ്റ് ചെയ്യണമെങ്കില്‍ അതിനോട് സമാധാനപരമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്.

ഒരു കാര്യം ശ്രദ്ധയില്‍ വെക്കുക, സര്‍ക്കാര്‍ അനഭിലഷണീയമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ നമ്മളതിനെ എതിര്‍ത്തിരിക്കും. അത് ജനാധിപത്യപരമായ അവകാശമാണ്.

എന്‍ ആര്‍ സിയും പൗരത്വ ഭേദഗതി നിയമവും വഴി മുസ്‌ലിംകള്‍ മാത്രമല്ല വെല്ലുവിളി നേരിടുന്നത്. രാജ്യം മുഴുവനുമാണ്. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാര്‍ മാത്രമേ ബുദ്ധിമുട്ടുകയുള്ളൂ എന്ന് മോഡി പറഞ്ഞിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ ദുരിതത്തിലായി. ഇന്ന് അമിത്ഷാ പറയുന്നു ഈ നിയമം കൊണ്ട് മുസ്‌ലിംകള്‍ക്ക് യാതൊരു അപകടവും വരില്ലെന്ന്. നിങ്ങള്‍ മുസ്‌ലിംകളെയും ദലിതരെയും ഇതിന് വിധേയരാക്കില്ലെന്ന് പ്രസ്താവിക്കൂ. ഞങ്ങള്‍ സമരമവസാനിപ്പിക്കാം..

ഇവിടെ മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെന്നതിലുപരി രാജ്യത്തിനാണ് ഭീഷണി.

ഭഗത് സിങ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ആളാണ്. ഇവിടെ നമ്മള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും ജനങ്ങള്‍ നമ്മെ വിശ്വസ്തരെന്ന് വിളിക്കും. നാം ആരുടെയും അവകാശങ്ങള്‍ ഹനിക്കുന്നില്ല. ഈ തണുപ്പത്ത് നാമേവരുമിവിടെ ഒത്തുകൂടിയല്ലോ, പോലീസും. അവരവിടെ വിശ്രമിക്കട്ടെ. ഈയൊരു അന്തരീക്ഷം ഭംഗപ്പെടുത്തേണ്ടതില്ല. നാമിവിടെ അനാവശ്യപരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. എന്നിട്ടും പോലീസിന്റെ ഹിംസക്കിരയായി. അറസ്റ്റ് ചെയ്ത സഹോദരരെ വിട്ടയക്കും വരെ നമ്മളിവിടെ സമാധാനപരമായി പ്രതിഷേധിക്കും.

ഇമാമിനോട് ഞാന്‍ പറയുന്നു, നിരപരാധികളായ കുട്ടികളെ വിട്ടയക്കാന്‍ നിങ്ങള്‍ നിര്‍ദേശിക്കൂ. ഞങ്ങളിവിടുന്ന് പിരിഞ്ഞുപോയ്‌ക്കൊള്ളാം. രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി ഇവിടെ ഒത്തുകൂടിയവരാണ് നമ്മള്‍. പരസ്പരം ചോരചിന്താനല്ല. പോലീസിനോടും എനിക്കിതു തന്നെയാണ് പറയാനുള്ളത്. ഞങ്ങള്‍ ആക്രമകാരികളല്ല. അങ്ങനെയെന്തെങ്കിലുമുണ്ടായാല്‍ വേണ്ട നടപടികള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാം. നിയമം ഞങ്ങള്‍ക്കുമറിയാം. നിരപരാധികളായ കുട്ടികളെ അറസ്‌റ്‌റ് ചെയ്ത് നീക്കിയാല്‍ അതിന് ഞാനെങ്ങിനെ സമാധാനം പറയും? അവരുടെ കുടുംബത്തോട് എന്ത് മറുപടി പറയും? രാജ്യത്തിന്റെയും അതിന്റെ ജനങ്ങളുടെയും രക്ഷക്ക് വേണ്ടി ഇറങ്ങിത്തിരിച്ചവരാണവര്‍.

ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത് നമ്മള്‍ സമരം ചെയ്യും. അറസ്റ്റിന് വിധേയരായ കുട്ടികളെ നിങ്ങള്‍ വിട്ടയക്കണം. അവര്‍ സുരക്ഷിതരാണെന്ന് ബോധ്യമായാല്‍ നമുക്ക് ഒത്തുതീര്‍പ്പ് സംസാരിക്കാം, സമാധാനം സ്ഥാപിക്കാം. സഹോദരന്‍ മഹ്മൂദ് പറഞ്ഞപോലെ തന്നെ രണ്ട് കൈകളും പിന്നില്‍ കെട്ടി സമാധാനം പുലര്‍ത്തും.

പോലീസിന്റെ വെടിയുണ്ടക്കോ ലാത്തിക്കോ നാം മറുപടി പറയില്ല. ലോകം മുഴുവനതിന് സാക്ഷിയാവും. നമ്മള്‍ ഓടേണ്ടതില്ല. ആദ്യം കുട്ടികളെ വിട്ടയക്കൂ,എന്നിട്ട് സംസാരിക്കാം.യു.പിയില്‍ നിന്ന് മാത്രമല്ല ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തവരെയും വിട്ടയക്കണം.

ഞാനൊരു കഥ പറയാനാഗ്രഹിക്കുന്നു, ഒരു കാട് കത്തിയമരുന്ന സമയത്ത് അതില്‍ ഒരു ആനയും കുരുവിയുമുള്‍പ്പെട്ടിരുന്നു. കുരുവി തന്റെ കൊക്കില്‍ ആവുന്നത്ര വെള്ളം എടുത്ത് തീയണക്കാന്‍ ശ്രമിക്കുന്നു. അപ്പോള്‍ ആന കുരുവിയോട് പറഞ്ഞു, ‘നിന്നെക്കൊണ്ട് ഈ തീയണക്കാന്‍ കഴിയില്ല, നീ കത്തിയമരും’ അപ്പോള്‍ കുരുവി പറഞ്ഞ മറുപടി ‘ഞാന്‍ കത്തിയമരുമായിരിക്കാം, എന്നാല്‍ നാളെ എന്നെ വിശ്വസ്തന്‍ എന്ന പേരില്‍ സ്മരിക്കപ്പെടും, നിന്നെയോ, വഞ്ചകനെന്ന പേരിലും’.

അതുകൊണ്ട് ഞാന്‍ ഇമാമിനോട് പറയുന്നു, ആ കുട്ടികളെ വിട്ടയക്കൂ, ആ കുരുവികള്‍ അവരുടെ ദൗത്യം നിര്‍വഹിക്കട്ടെ. പോലീസിനോട് എനിക്ക് പറയാനുള്ളത് നിങ്ങളും കുരുവികളാവാനാണ്. ആനയായിരുന്നാല്‍ ഒന്നു നടക്കില്ല.

എല്ലാവരും ഇരിക്കുക. നമ്മുടെ ഐക്യമാണ് നമ്മുടെ കരുത്ത്. സമാധാനപരമായ സമരമാണ് നമ്മുടെ പ്രതിഷേധരീതി.

മൊഴിമാറ്റം: ഷാദിയ ജസീം

By Editor