കോഴിക്കോട് പന്തീരങ്കാവില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോവാദി ലഘുലേഖകള്‍ കൈവശം വെച്ചുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍..
അബ്ദുല്‍ റഷീദ്: പിണറായി സർക്കാർ ദേശവിരുദ്ധരും മാവോയിസ്റ്റ് ഭീകരരുമായി മുദ്രകുത്തി ജയിലിൽ അടച്ച ആ ചെറുപ്പക്കാരിൽ ഒരാളുടെ ഫേസ്‌ബുക്ക് ടൈംലൈനിൽ പോയി നോക്കുകയായിരുന്നു ഞാൻ. പത്തൊൻപതാം വയസിൽ ലോകത്തിലേക്ക് കണ്ണുകളും കാതും തുറന്നുവെച്ചു ജീവിക്കുന്ന ഒരു കൗമാരക്കാരനെ സ്വാധീനിക്കാവുന്ന എല്ലാ രാഷ്ട്രീയവും അവന്റെ പോസ്റ്റുകളിലുണ്ട്. സി പി എമ്മിന്റെയും ഡി വൈ എഫ് എയുടെയും ബാലസംഘത്തിന്റെയും പ്രവർത്തകനാണെന്ന് അവൻ പ്രൊഫയിലിൽ എഴുതിവെച്ചിട്ടുണ്ട്. അപ്പോഴും ഫേസ്‌ബുക്കിൽ സമകാലിക വിഷയങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളിൽ കുറിപ്പുകൾ ഇടുന്ന ഒട്ടനവധി പേരെ ഫോളോ ചെയ്യുന്നുണ്ട്. അവരുടെ ആശയങ്ങൾ സങ്കോചമില്ലാതെ പങ്കുവെക്കുന്നുണ്ട്. സിപിഎം ആണെന്ന് പ്രഖ്യാച്ചിരിക്കെ തന്നെ വാളയാറിലെ നീതി നിഷേധത്തിനെതിരെ അവൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് നിസ്സംശയം പറഞ്ഞിട്ടുണ്ട്. പൊതുവേദിയിൽ അപമാനിതനായ ബിനീഷ് ബാസ്‌റ്റിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളെ കൊന്നുതള്ളുന്നതിൽ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. അതേ സമയംതന്നെ, അവന്റെ നാട്ടിലെ ഡി വൈ എഫ് ഐ ഭാരവാഹികൾക്ക് അഭിവാദ്യം നേർന്നിട്ടുണ്ട്. അബൂബക്കർ അൽ ബാഗ്‌ദാദിയെ വളർത്തിയതും കൊന്നതും അമേരിക്കയാണെന്ന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഐഎഫ്എഫ്കെ ഉടച്ചുവാർക്കണമെന്ന ലേഖനം പങ്കുവെച്ചിട്ടുണ്ട്. എസ് എ ആർ ഗീലാനിക്ക് ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറുവർഷങ്ങൾ ഡോകുമെന്ററി പങ്കുവെച്ചിട്ടുണ്ട്. കുർദുകൾക്ക് എതിരായ ആക്രമണത്തിൽ പ്രതിഷേധിച്ചിട്ടുണ്ട്. വായിക്കാൻ ആളുള്ളതിനാൽ കേരളത്തിൽ പൊതു ലൈബ്രറികൾ കൂടുന്നുവെന്ന മനോരമ വാർത്ത വെട്ടിയെടുത്ത് ആഹ്ലാദത്തോടെ ഷെയർ ചെയ്തിട്ടുണ്ട്. ഈ ലോകത്തെ ആദിവാസികളെയും ദളിതരെയും പാവങ്ങളെയുംപറ്റി ആവലാതിപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങളിൽ വേദനിച്ചിട്ടുണ്ട്. നീതിനിഷേധങ്ങളിൽ രോഷംകൊണ്ടിട്ടുണ്ട്. ആ ടൈംലൈനിൽ അവന്റെ സെൽഫികൾ അപൂർവമാണ്.
രാഷ്ട്രീയ ദേശാതിരുകളൊന്നും അവന്റെ ചിന്തകളെ, പിന്തുണകളെ, നിലപാടുകളെ പരിമിതപ്പെടുത്തിട്ടിട്ടേയില്ല. ഇത്രമേൽ ലോകത്തിന്റെ ഗതിവിഗതികളിലേക്ക് നോക്കി ജീവിച്ച ഒരു വിദ്യാർത്ഥി, ഒറ്റ ദിവസം കൊണ്ട് മാവോയിസ്റ്റ് ഭീകരനായിരിക്കുന്നു. ജയിലിൽ ആയിരിക്കുന്നു. പത്തൊൻപതാം വയസിൽ നമ്മളിൽ ആരൊക്കെ എന്തൊക്കെ ആയിരുന്നിരിക്കാം! എന്തൊക്കെ ആശയങ്ങൾ നമ്മെ സ്വാധീനിച്ചിരിയ്ക്കാം. ഈ പ്രായത്തിൽ ഇനി അവനൊരു മാവോയിസ്റ്റ് അനുഭാവിയാണെങ്കിൽപ്പോലും കരിനിയമം ചുമത്തി ഭീകരനാക്കിയാണോ നമ്മുടെ നിയമവും നീതിയും അവനെ തിരുത്തുക? നേർവഴിക്ക് കൊണ്ടുവരിക? പിണറായി പോലീസ് ചാർത്തിക്കൊടുത്തിരിക്കുന്ന മാവോയിസ്റ്റ് ഭീകര ദേശദ്രോഹ മുദ്ര അഴിച്ചുകളയാൻ ആ ചെറുപ്പക്കാരന് അവന്റെ ജീവിതത്തിന്റെ എത്ര വർഷങ്ങൾ ഇനി റിമാൻഡിലും കോടതിയിലും ജയിലിലും ആയി ചിലവഴിക്കേണ്ടി വരും? ഇനിയായിരിക്കില്ലേ അവൻ ശരിക്കും ദേശത്തോട് , നിയമത്തോട്, ഈ വ്യവസ്ഥയോട് കടുത്ത പകയുള്ളവനായി മാറുക? നമുക്ക് എന്ത് ഉത്തരമുണ്ടാകും അവനോട് പറയാൻ? https://m.facebook.com/story.php?story_fbid=10218875027722057&id=1093036700&ref=content_filter
അഡ്വ: തുഷാര്‍ നിര്‍മല്‍: യുഎപിഎ കേസുകളുടെ പുന:പരിശോധന സംബന്ധിച്ച വിവരങ്ങൾ തുടക്കം മുതൽ തന്നെ രഹസ്യമാക്കി വെക്കാനാണ് സർക്കാർ ശ്രമിച്ചത്. പുന:പരിശോധനയുടെ മാനദണ്ഡമെന്താണ് , ആരാണ് പുന:പരിശോധിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. എന്നാൽ സർക്കാർ അതിന് മറുപടി നൽകാൻ കൂട്ടാക്കിയില്ല. പിന്നീട് 43 കേസുകളിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കണ്ടെത്തിയതായും യുഎപിഎ വകുപ്പുകൾ നീക്കം ചെയ്യുമെന്നും DGP യുടെ പ്രഖ്യാപനം വന്നു. എന്നാൽ ഏതാണ് ഈ 43 കേസുകൾ എന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറായില്ല. അതാത് കേസുകളിൽ യുഎപിഎ പിൻവലിച്ചു കൊണ്ട് റിപ്പോർട്ട് കൊടുക്കുമെന്നാണ് അന്ന് പറഞ്ഞത്. പുന:പരിശോധനയുടെ ഫലമെന്തെന്നറിയാൻ ഞാൻ നൽകിയ വിവരാവകാശ അപേക്ഷയിൽ പുന:പരിശോധിക്കാൻ സർക്കാർ സമിതിയെ ഒന്നും നിയോഗിച്ചിട്ടില്ല എന്നും മറ്റു
വിവരങ്ങൾക്ക് മറുപടി നൽകാനായി പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് എന്റെ അപേക്ഷ അയച്ചതായും മറുപടി കിട്ടി. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചതുമില്ല. ഇപ്പോൾ സർക്കാർ പറയുന്നത് റിട്ട.ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ നേതൃത്വത്തിലുള്ള സമിതി പുന:പരിശോധിച്ചെന്നും ആറ് കേസുകൾ റദ്ദാക്കിയെന്നും ഏതാനും കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ടു എന്നുമാണ്.
പുന:പരിശോധനയുൾപ്പടെ യു എ പി എ കേസുകളിൽ സർക്കാർ സത്യസന്ധവും തുറന്നതുമായ ഒരു സമീപനമല്ല സ്വീകരിക്കുന്നത് എന്നതാണ് മുകളിൽ വിവരിച്ച വസ്തുതകൾ വ്യക്തമാക്കുന്നത്. സർക്കാർ സ്വീകരിക്കുന്ന ഈ രഹസ്യാത്മകത ഒരു അധികാര പ്രയോഗം കൂടിയാണ്. വിവരങ്ങളുടെ മേലുള്ള ഈ കുത്തകാധികാരം യു എ പി എ കേസുകൾ സംബന്ധിച്ച സംവാദങ്ങളിൽ സർക്കാറിന് മേൽക്കൈ ഉണ്ടാക്കാൻ ഉദേശിച്ചുള്ളതാണ്. വിവരങ്ങൾ വളരെ നിയന്ത്രിതമായും ഭാഗികമായും സർക്കാർ താത്പര്യാനുസൃതവുമായി പുറത്തുവിടുന്നതിലൂടെ യു എ പി എ എന്ന ജനവിരുദ്ധ നിയമത്തിനെതിരെ രൂപപ്പെട്ടു വരുന്ന ജനകീയ മുന്നേറ്റത്തെ തടസ്സപ്പെടുത്താനും, വളച്ചൊടിക്കാനും, തളർത്താനും സർക്കാറിന് കഴിയും. അത് കൊണ്ട് കേരളത്തിലെ യുഎപിഎ കേസുകൾ സംബന്ധിച്ച് ഭാഗികമായ വിവരങ്ങളല്ല സമഗ്രമായ വിശദീകരണം ആവശ്യപ്പെടേണ്ടതുണ്ട്.
രണ്ടാമത് ഇപ്പോൾ സർക്കാർ പറയുന്ന റിട്ട.ജസ്റ്റിസ് ഗോപിനാഥൻ അധ്യക്ഷനായ പുന:പരിശോധനാ കമ്മറ്റിയെ കുറിച്ചാണ്. ഗോപിനാഥൻ കമ്മറ്റി യു എ പി എ കേസുകൾ പുനപരിശോധിക്കാനുള്ള കമ്മറ്റിയല്ല. യു എ പി എ നിയമത്തിലെ ട.45 പ്രകാരം പൊലീസ് അന്വേഷണത്തിന് ശേഷം കേസുകൾ പരിശോധിച്ച് പ്രതികൾക്കെതിരെ വിചാരണാനുമതി നൽകാമൊ ഇല്ലയോ എന്ന് സർക്കാറിനോട് ശുപാർശ ചെയ്യുന്ന അതോറിറ്റിയെ നിയമിക്കണം. അതുപ്രകാരം നിയമിക്കപ്പെട്ട അതോറിറ്റിയാണ് ഗോപിനാഥൻ കമ്മറ്റി. 5.1.2018 നാണ് പി.എസ്.ഗോപിനാഥൻ അധ്യക്ഷനായി ഈ അതോറിറ്റി നിൽവിൽ വരുന്നത്. അതിനു മുമ്പ് ലോ സെക്രട്ടറി ചെയർമാനായ സമിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ കമ്മറ്റിക്ക് യു എ പി എ കേസുകൾ പുന:പരിശോധന നടത്താൻ അധികാരമില്ല. വിചാരണ നടത്താൻ സർക്കാർ അനുമതി നൽകാമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാരിനോട് ശുപാർശ ചെയ്യാനുള്ള പരിമിതമായ അധികാരമേ ഈ കമ്മറ്റിക്കുള്ളു. ഇപ്രകാരം ശുപാർശ ചെയ്യാൻ വേണ്ടി കേസുകൾ പരിശോധിക്കാമെന്ന് മാത്രം. അതായത് യു എ പി എ കേസുകൾ പുന:പരിശോധിക്കാൻ വേണ്ടി ഉണ്ടാക്കിയ കമ്മറ്റിയല്ല ഗോപിനാഥൻ കമ്മറ്റി മറിച്ച് യു എ പി എ നിയമപ്രകാരം വിചാരണാനുമതി നൽകണോ വേണ്ടയോ എന്ന് ശുപാർശ ചെയ്യാനായി സർക്കാർ നിർബന്ധമായും നിയമിക്കേണ്ട അതോറിറ്റിയാണത്. ഒന്നുകൂടി വിശദമാക്കിയാൽ യു എ പി എ കേസുകൾ പുന: പരിശോധിക്കുമെന്ന സർക്കാർ പ്രഖ്യാപനം വരുന്നതിനു മുൻപേ ഈ അതോറിറ്റി നിലവിലുണ്ട് എന്നർത്ഥം.
അലന്റെയും താഹയുടേയും കേസുകൾ ഗോപിനാഥൻ കമ്മറ്റി പുന:പരിശോധിക്കുമെന്നാണ് ഇപ്പോൾ മാധ്യമ വാർത്തകളിൽ നിന്നുമറിയുന്നത്. ഇതും വസ്തുതാപരമായി ശരിയല്ല. കാരണം ഗോപിനാഥൻ കമ്മറ്റിയുടെ ഉത്തരവാദിത്തം പുന:പരിശോധനയല്ല, മറിച്ച് പ്രതികൾക്കെതിരെ വിചാരണ നടത്താൻ അനുമതി നൽകണോ വേണ്ടയോ എന്ന് സർക്കാറിനോട് ശുപാർശ ചെയ്യൽ മാത്രമാണ്. ആ ഉത്തരവാദിത്തമാകട്ടെ കേസ്സിന്റെ അന്വേഷണം അവസാനിച്ചതിനു ശേഷം മാത്രം വരുന്നതാണ്. യു എ പി എ നിയമമനുസരിച്ച് കേസന്വേഷണം കഴിഞ്ഞാൽ കുറ്റപത്രവും പ്രതിക്കെതിരെ പൊലീസ് ശേഖരിച്ച എല്ലാ തെളിവുകളുമുൾപ്പടെ DGP വഴി ഈ അതോറിറ്റിക്ക് സമർപ്പിക്കും. അതോറിറ്റി അത് പരിശോധിച്ച് വിചാരണാനുമതി നൽകാവുന്നതാണൊ അല്ലയോ എന്ന് സർക്കാറിന് ശുപാർശ ചെയ്യും. ശുപാർശക്ക് അനുസൃതമായി സർക്കാർ വിചാരണാനുമതി കാര്യത്തിൽ തീരുമാനമെടുത്ത് ഉത്തരവിറക്കും. ആ ഉത്തരവ് സഹിതം കേസ്സ് ഫയൽ അന്വേഷണ ഉദ്യോഗസ്ഥന് തിരിച്ചു നൽകും . അയാളത് വിചാരണ കോടതിയിൽ സമർപ്പിക്കും. വിചാരണാനുമതി നൽകിയ കേസ്സാണെങ്കിൽ കോടതി വിചാരണാ നടപടികൾ ആരംഭിക്കും. വിചാരണാനുമതി ഇല്ലെങ്കിൽ കോടതിക്ക് വിചാരണാ നടപടികൾ ആരംഭിക്കാൻ കഴിയില്ല. അവിടെ വച്ച് കേസ് അവസാനിക്കും. അന്യായമായ കുറ്റാരോപണങ്ങൾക്ക് തടയിടാൻ യു എ പി എ നിയമത്തിൽ തന്നെ പറയുന്ന കരുതൽ നടപടിയാണിത്. ഇതിനെയാണ് പിണറായി സർക്കാരിന്റെ മനുഷ്യവകാശ സംരക്ഷണ നടപടിയായി ചിത്രീകരിക്കുന്നത്.
കോഴിക്കോട്ടെ വിദ്യാർത്ഥികളുടെ കാര്യത്തിൽ സമൂഹത്തിൽ ഉണ്ടായ പ്രതിഷേധത്തെ തണുപ്പിക്കാൻ മാത്രമാണ് ഇത്തരം അർദ്ധ സത്യങ്ങളും നുണകളും പ്രചരിപ്പിക്കുന്നത്. യു എ പി എ കേസുകളുടെ പുന:പരിശോധനയും ഇതേ പോലെ തന്നെ ജനരോഷത്തെ തടയാനുളള കാപട്യമായിരുന്നു. ഇത്തരം കാപട്യങ്ങളെയും വഞ്ചനകളേയും തുറന്നു കാണിക്കുന്നതിനൊപ്പം സംസ്ഥാനത്തെ യു എ പി എ കേസുകൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ തുറന്ന് അവതരിപ്പിക്കാൻ സർക്കാറിനെ നിർബ്ബന്ധിതമാക്കുക കൂടി വേണം. https://m.facebook.com/story.php?story_fbid=2762241673788548&id=100000082282493&ref=content_filter

ദാനിഷ് ജമാല്‍: “ഇല്ലുമ്മാ, ഞാൻ ഓരെ കെണിയിൽ കുടുങ്ങീട്ടില്ല. പോലീസ് എന്നെ കൊണ്ട് വിളിപ്പിച്ചതാ. ഉമ്മയും എന്നെ വിശ്വസിച്ചില്ലെങ്കിൽ ഞാൻ തകർന്നു പോകും.. എന്നാണ് എന്റെ മോൻ എന്നോട് പറഞ്ഞത്. ഓര് ഓനെ കൊണ്ട് വിളിപ്പിച്ചതാ.” താഹാ ഫസലിന്റെ ഉമ്മയുടെ വാക്കുകൾ. അയൽവാസിയും ഇത് ശരിവെക്കുന്നുണ്ട്. വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് പൊലീസ് പറയുന്ന ലഘുലേഖ അവര്‍ തന്നെ കൊണ്ടുവന്നതാണെന്ന് സഹോദരന്‍ ഇജാസ് ഹസനും പറയുന്നു. ഇനി പറ, നിങ്ങൾ ആരെ വിശ്വസിക്കുന്നു? സ്റ്റേറ്റിനെയോ അതോ താഹയെയോ? അവന്റെ ഉമ്മയെയോ പൊലീസിനെയോ? https://m.facebook.com/story.php?story_fbid=2784057911624713&id=100000615949929
നദി: അലനെക്കാൾ എന്നെ അലട്ടുന്നത് താഹ എന്ന എനിക്കറിയാത്ത ആ മാധ്യമ വിദ്യാർത്ഥി ആണ്. അലന് വലിയ രീതിയിലുള്ള സാമൂഹ്യ പിന്തുണ ഉണ്ട്. കോഴിക്കോട് സിപിഐഎമ്മിന്റെ ആദ്യ കാല പ്രവർത്തകരിൽ പ്രമുഖ ആയിരുന്ന സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകൻ ആണ് അലൻ. കോഴിക്കോട് ഭാഗങ്ങളിൽ സജീവമായി രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഷുഹൈബ്ക്കയും സബിത ചേച്ചിയുമാണ് അലന്റെ മാതാപിതാക്കൾ. വലിയമ്മ സജിത മഠത്തിൽ നാടക സിനിമ മേഖലകളിൽ പ്രശ്‌സത. വിഷയം വലിയ ചർച്ചകൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. താഹ മാത്രമായിരുന്നു ഈ കുരുക്കിൽ പെട്ടതെങ്കിലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ.. എത്ര ഭീകരമായിരുന്നേനെ. റെയ്ഡിനിടെ താഹയെകൊണ്ട് പോലീസ് നിർബന്ധിച്ചു മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചു എന്നാണ് മാതാവ് പറയുന്നത്. ശേഷം വാ പൊത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്രേ. ഈ കാലം… ഇന്നലെ ചില വീടുകളിലെയെങ്കിലും ചെറുപ്പക്കാരോട് സൂക്ഷിക്കണമെന്നും അധികം വൈകാതെ വീട്ടിൽ വരണമെന്നും അനാവശ്യ കൂട്ടുകെട്ടുകളിലും സമരങ്ങളിലും ഒന്നും പങ്കെടുക്കരുതെന്നും മാതാപിതാക്കൾ പലയാവർത്തി പറഞ്ഞു കാണില്ലേ, അവരുടെ വേവലാതികളെല്ലാം കൊണ്ട് കുട്ടികളുടെ മുറി മുഴുവൻ പരിശോധിച്ച് നാളെ ഇതെന്റെ കുട്ടിക്കും വന്നേക്കും എന്നോർത്ത് ഉറങ്ങാതെ കിടന്നു കാണില്ലേ.. ഇത് തന്നെയാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്. ഓരോ അറസ്റ്റിനും ചാപ്പകുത്തലിനും അനന്തരം അവർ തന്നെ വിജയിക്കുന്നു. https://www.facebook.com/nadi0304/posts/162319828161487
സിറ്റി പോലീസ് കമ്മീഷണര്‍ എ. വി. ജോര്‍ജ് ആഭ്യന്തര മന്ത്രി പിണറായി വിജയന്
ദിലീപ് നെല്ലുള്ളിക്കാരന്‍: പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ അതുവരെ കേരളത്തിൽ ചുമത്തിയ 165 യുഎ പിഎ കേസുകളിൽ 42 എണ്ണം പുനപരിശോധനയ്ക്ക് വിധേയമാക്കുമെന്നും, ഈ 42 കേസുകളിൽ യുഎ പിഎ നിലനിൽക്കില്ല എന്നും പോസ്റ്റർ ഒട്ടിച്ചതിനും ലഘുലേഖ കൈവശം വെച്ചതിനു ഒക്കെ ചുമത്തിയ യുഎപിഎ കേസുകൾ തള്ളിക്കളയും എന്നും ആണ് ലോക് നാഥ് ബെഹ്റയും പിണറായിയും മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് പറഞ്ഞത്. യു എ പി എ ക്ക് എതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ ഉണ്ടായപ്പോൾ ആയിരുന്നു ഇങ്ങനെയൊരു വാഗ്ദാനം ഉയർന്നുവന്നത്. പക്ഷേ ഇതുവരെ ഒരു കേസിൽ പോലും പിൻവലിക്കുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. വിവരാവകാശ രേഖ പ്രകാരം തുഷാർ നിർമൽ സാരഥി ഇതുമായി ബന്ധപ്പെട്ട് നൽകിയ ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരങ്ങളിൽ നിന്നും വ്യക്തമാകുന്നത് ആണ്. കുറ്റപത്രം സമർപ്പിക്കതിരുന്ന പോരാട്ടത്തിന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ക്യാമ്പിനോടനുബന്ധിച്ച് ഉള്ള കേസിൽ ഈയടുത്താണ് കുറ്റപത്രം സമർപ്പിച്ചതും. തീർത്തും കെട്ടിച്ചമച്ചതും പോലീസ് കഥകളാൽ സംബന്ധമായ ആ കേസിൽ ഈയുള്ളവനും ഉൾപ്പെട്ടതാകുന്നു. അതുകൊണ്ട് യുഎ പിഎ ഞങ്ങളുടെ നയമല്ല എന്ന് വലിയവായിൽ സിപിഎം അനുഭാവികൾ നിലവിളിക്കേണ്ടതില്ല. യുഎ പിഎ സിപിഐഎം നയം തന്നെയാണ്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ നയങ്ങളെ അതേപടി പകർത്തുകയാണ് കേരളത്തിലെ ഭരണകൂടം ചെയ്യുന്നത്. https://www.facebook.com/nellullikkaran/posts/2969620066401169
അപര്‍ണ ശിവകാമി: അലന്റെയും താഹയുടെയും UAPA അറസ്റ്റിനെക്കുറിച്ച് പറയുന്ന മിക്ക പ്രൊഫൈലുകളും അലന്റെ സി പി എം അംഗത്വത്തെക്കുറിക്കുറിച്ചും സി പി എം കുടുംബ പശ്ചാത്തലത്തെക്കുറിച്ചുമൊക്കെ ആവർത്തിച്ച് പറയുന്നത് കേൾക്കുമ്പോ ”ഇവൻ നമ്മടെ ചെക്കനാ. ആളുമാറി ചെയ്തതതായിരിക്കും’ എന്നൊരു അവിശ്വസനീയതയില്ലേ? ഇത്തരം ഒരു പാരമ്പര്യവും പറയാനില്ലാത്ത സാധാരണക്കാർക്കു വേണ്ടി നിങ്ങളുടെ ശബ്ദമുയരില്ലേ? UAPA ക്കെതിരേയാണോ CPM പ്രവർത്തകർക്കു നേരേ പ്രയോഗിക്കുന്ന UAPA ക്ക് എതിരേ മാത്രമാണോ നിങ്ങളുടെ പ്രതിഷേധം. https://www.facebook.com/aparna.kuttikkattu/posts/3042828139121382
റാസിഖ് റഹീം: പല കേസുകളിലും പോലീസ് ഹാജരാക്കുന്ന ‘മതിയായ തെളിവ്’ കണ്ട് ഞെട്ടുന്നത് വിചാരണ വേളയിലാണ്. UAPA ചുമത്താൻ പാകത്തിന് കോഴിക്കോട്ടെ വിദ്യാർഥിയുടെ വീട്ടിൽ നിന്ന് കിട്ടിയ ‘മതിയായ തെളിവ്’ CPM ഭരണഘടനയാണ്. പാനായിക്കുളം കേസിൽ പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ കിട്ടിയ ‘മതിയായ തെളിവ്’ കണ്ട് വിചാരണവേളയിൽ കോടതി മുറിയിൽ പോലും നീണ്ട ചിരി പരന്നു. രണ്ട് പുസ്തകങ്ങളായിരുന്നു അന്നത്തെ ‘മതിയായ തെളിവ്’. ചെഗുവേര : വിപ്ലവത്തിന്റെ ഇതിഹാസവും , അഹമ്മദ് കുട്ടി ശിവപുരം എഴുതിയ അതിരുകൾ അറിയാത്ത പക്ഷി എന്ന നോവലും. എന്നിട്ടും വിചാരണകോടതി പതിനാല് വർഷത്തേക്ക് ശിക്ഷിച്ചില്ലേ എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ. മൈ നെയിം ഈസ് ….! https://m.facebook.com/story.php?story_fbid=161662645035634&id=100035756981740&ref=content_filter
അമീന്‍ ഹസന്‍: അലനും ത്വാഹയും അർബൻ നക്സലുകളാണെന്നും കാലങ്ങളായി നിരീക്ഷണത്തിലാണെന്നും പോലീസ് പ്രസ്താവന വന്നതിനു ശേഷം മോഹനൻ മാസ്റ്ററും സജിത മഠത്തിലും നടത്തിയ പ്രസ്താവനകൾ പാർട്ടി മെക്കാനിസം എങ്ങനെ ആളുകളെ മെരുക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. മോഹനൻ മാസ്റ്റർ ഏറെക്കുറെ ഇവരെ തള്ളി കഴിഞ്ഞു. “നാൽപത്തി ഏഴായിരം അംഗകളിൽ രണ്ട് പേർ, അടുത്ത കാലത്ത് അംഗങ്ങൾ ആയവർ, മാവോയിസ്റ്റ് ബന്ധം ഉണ്ടെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ല, പരിശോധിക്കും, നിയമ സഹായം നൽകുമെന്ന് പ്രാദേശിക നേതൃത്വം പറഞ്ഞത് പാർട്ടി ആലോചിച്ചിട്ടില്ല”. മോഹനൻ മാസ്റ്റർ ആരുടെ നിലപാടാണ് പറയുക എന്നറിയാത്തവരല്ല നമ്മൾ. യു എ പി എ വകുപ്പുകൾ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണോ എന്നതിൽ മാത്രമാണ് പുനഃപരിശോധന ഉണ്ടാവുമെന്ന് പറയുന്നത്.അത് പുനഃപരിശോധന അല്ല, സ്വാഭാവികമായ നിയമ പരിശോധന മാത്രമാണ്.പാർട്ടി അവരെ തള്ളിക്കളഞ്ഞു പോലീസിനൊപ്പമായി കഴിഞ്ഞു. എന്നിട്ടും സജിത മഠത്തിൽ പറയുന്നത് മോഹനൻ മാസ്റ്റർ പറഞ്ഞതിൽ വൈരുദ്ധ്യം ഒന്നുമില്ല എന്നാണ്. കേസിൽ പെടുത്തിയാൽ പിന്നെ ജാമ്യം തരാം എന്ന് പറഞ്ഞാലും സർക്കാർ പറയുന്നത് കേൾക്കേണ്ടി വരും. അതുകൊണ്ടാണ് എല്ലാവരും സർക്കാറിൽ പ്രതീക്ഷ ഉണ്ട് എന്ന് പറയുന്നത്. കോൺഗ്രസ് സർക്കാർ ആണെങ്കിൽ ഈ പ്രതീക്ഷ ഉണ്ടാവില്ല. അവിടെയാണ് സിപിഎം പ്രവർത്തകരെ / നാട്ടുകാരെ അടിമപെടുത്തുന്നത് എങ്ങനെ എന്ന് പഠിക്കേണ്ടത്. നിസ്സഹായരായ മനുഷ്യരുടെ മുഖത്ത് നോക്കി ചിരിച്ചു ഭീഷണിപെടുത്തും അവർ.
20 വയസ്സുള്ള പത്താം ക്ലാസ്സിൽ പാർട്ടി മെമ്പറായ അലൻ ഇപ്പോഴും രാഷ്ട്രീയമായും കുട്ടിയാണ് എന്നാണ് സജിത മഠത്തിൽ പറയുന്നത്. ആ രാഷ്ട്രീയ രക്ഷാകർതൃത്വം എന്തൊരു ബോറാണ്. ഇരുപത് വയസ്സിൽ അലൻ പറയുന്ന രാഷ്ട്രീയത്തെ കുട്ടിത്തമായും വെറും അന്വേഷണമായും വ്യാഖ്യാനിച്ചു അവൻ സിപിഎമ്മിൽ തന്നെ ഉറച്ചു പോകുന്ന പാകത കൈവരിച്ചു തിരിച്ചു വരും എന്ന് പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത്. 19 വയസുള്ള ഒരു രാഷ്ട്രീയവും പറഞ്ഞിട്ടില്ലാത്ത സകരിയ്യക്ക് വേണ്ടി ആരെങ്കിലും ഇത്തരം ഒരു വാദം ഉന്നയിച്ചു കണ്ടിട്ടുണ്ടോ?. ബീയ്യുമ്മയുടെ കണ്ണീരിനോട് ഒട്ടും താരതമ്യം ഇല്ലാത്ത ഒരു പ്രിവിലേജിലാണെങ്കിലും അത് പോലെ ഉള്ള ഒരു നിസ്സഹായതയിലെ ആ പ്രതികരണം വലിയ രാഷ്ട്രീയ പ്രതികരണമായി ആഘോഷിക്കപടുന്നത് എന്തുകൊണ്ടാണ്?. എല്ലാത്തിലും മുകളിൽ ഒരു കോടതിയുണ്ട് എന്ന ബീയുമ്മയുടെ പ്രതികരണം ഒരിക്കലും ഇങ്ങനെ സ്വീകരിക്കപ്പെട്ടില്ല. അതല്ലേ ശരിക്കും രാഷ്ട്രീയ പ്രസ്താവന?
ഈ അറസ്റ്റ് സിപിഎം അതിനകത്തുള്ള വ്യത്യസ്ത രാഷ്ട്രീയം പറയുന്ന ചെറുപ്പക്കാരെ ഭയപ്പെടുത്തി മെരുക്കാൻ വേണ്ടി കൂടി നടത്തുന്ന പദ്ധതി ആയിരിക്കില്ലേ?. ഇന്ത്യയിൽ സ്റ്റേറ്റുകൾക്ക് എല്ലാം ഒരേ ഘടനയും സ്വഭാവവും ആണ് എന്നും സിപിഎം ഒരു സ്റ്റേറ്റ് യുക്തി മാത്രമുള്ള പാർട്ടിയാണ് എന്നും അത് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധി പോലും ഇല്ലതാക്കിയാണ് എസ് എഫ് ഐ ഈ സൈബർ സഖാക്കളെ പുറത്തു വിട്ടത് എന്നും അവർ പരസ്പരം നടത്തുന്ന പുറം ചൊറിച്ചിൽ മാത്രമാണ് ഈ ആഘോഷങ്ങൾ എന്നും ആർക്കാണ് അറിയാത്തത്? https://www.facebook.com/ameenhassanmongam/posts/2574795905896757