കേരളചരിത്ര രചയിതാക്കളിൽ അധികവും കേരളത്തിലെ മൈസൂർ ഭരണത്തെക്കുറിച്ച് എഴുതുമ്പോൾ തറപ്പിച്ചുപറയുന്ന സംഗതി അത് മതഭ്രാന്തിന്റെയും അമ്പല ധ്വംസനത്തിന്റെയും അസഹിഷ്ണുതയുടെയും കാലമായിരുന്നു എന്നാണ്. ഈ പല്ലവി ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഹൈന്ദവ രാജാക്കന്മാരുടെയും ഇടനില മന്നന്മാരുടെയും ആത്മാർഥമായ പിന്തുണ തങ്ങൾക്ക് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥന്മാർ മനഃപൂർവ്വം പടച്ചുവിട്ട കള്ളക്കഥകൾ അതേ പടി വിശ്വസിക്കാനിടയായതാണ് ഈ ആരോപണം തലമുറകളായി ആവർത്തിക്കാൻ കാരണം . ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ശക്തനായ ശ്രതു ടിപ്പു സുൽത്താനെ മത്രഭാന്തനാക്കി ചിത്രീകരിക്കുന്നതിൽ പ്രത്യേകമായ താൽപര്യം അവർക്കുണ്ടായിരുന്നു . അവ എണ്ണിയെണ്ണി പറയാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല . എന്നാൽ ഈ അപവാദപ്രചാരണങ്ങളിൽ കുടുങ്ങിയ കേരളത്തിലെ നായർ – നമ്പൂതിരി സമുദായങ്ങൾക്ക് ഇംഗ്ലീഷുകാർ പ്രചരിപ്പിച്ചതിൽ വാസ്തവമുണ്ടെന്നു തോന്നാൻ വേറെയും ചില കാരണങ്ങളുണ്ടായിരുന്നു. നമ്മുടെ ജന്മി – ജാതി സമ്പ്രദായങ്ങളിൽ മൈസൂർ ഭരണാധികാരികൾ ഏൽപിച്ച ക്ഷതങ്ങളായിരുന്നു ഈ സവർണ വിഭാഗത്തെ മൈസൂർ വിരോധികളാക്കിയത് .
ജാത്യാചാരമനുസരിച്ച് നമ്പൂതിരി ശ്രേഷ്ഠനും ജാതിശ്രേണിയിൽ മാഹോന്നതനുമായിരുന്നു . ജന്മികളും പുരോഹിതന്മാരും ആയ അവർക്ക് സമൂഹത്തിലെ ഇതര വിഭാഗങ്ങളുടെ മേൽ പരിപൂർണ ആധിപത്യമാണുണ്ടായിരുന്നത് . ഇവിടെയുണ്ടായിരുന്ന വിവാഹരീതിയും വസ്ത്രധാരണ സമ്പ്രദായവും എന്തിന് , സകലമാന സാമൂഹിക ബന്ധങ്ങളും നമ്പൂതിരിമാരുടെ ഔന്നത്യം രൂഢമൂലമാക്കാൻ പറ്റുംവിധം അവർ തന്നെ – സംവിധാനം ചെയ്ത സാമൂഹികക്രമവും ആചാരമര്യാദകളും ആയിരുന്നു . സാമൂഹിക പരിഷ്കരണത്വരയോടുകൂടി ടിപ്പുസുൽത്താൻ നടപ്പാക്കിയ മാറ്റങ്ങൾ എന്തൊക്ക ആയിരുന്നുവെന്ന് മനസ്സിലാക്കണമങ്കിൽ ഇവിടെ നിലനിന്നിരുന്ന സദാചാര – സന്മാർഗരീതിയെയും സാമൂഹിക ബന്ധങ്ങളെയും കുറിച്ചുള്ള നല്ല ധാരണ ഉണ്ടാക്കേണ്ടതുണ്ട് .
സ്വന്തം ജാതിയിൽനിന്നും നിയമാനുസൃതം വിവാഹ ബന്ധത്തിലേർപ്പെടാൻ നമ്പൂതിരി കുടുംബത്തിലെ മൂത്ത പുത്രനു മാത്രം അനുവാദമുണ്ടായിരുന്നുള്ളൂ . ഇളയ പുത്രന്മാർ നായർതാംഗികളുമായി സൗകര്യപൂർവം സംബന്ധം നടത്തുകയെന്നതായിരുന്നു വ്യവസ്ഥ. ഇതിനുതകുംവിധം നായർ സമുദായത്തിൽ നിയമാനുസൃതമായ വിവാഹങ്ങൾ ജാതിനിയമം മൂലം നിരോധിക്കുകയാണ് ചെയ്തത്. കൊച്ചിൻ സ്റ്റേറ്റ് മാനുവലിൽ സി. അച്യുത മേനോൻ എഴുതിതിയിരിക്കുന്നത് നോക്കുക “ശൂദ്ര സ്ത്രീ പാതിവ്രത്യം ആചരിക്കണ്ടതില്ലെന്നും നമ്പൂതിരിമാരുടെ ആഗ്രഹാഭിലാഷങ്ങൾ സഫലീകരിക്കാൻ സ്വയം സമർപ്പിക്കപ്പെടേണ്ടവരാണെന്നുമാണ്. മലയാളികൾക്ക് ആചാരസംഹിത സമ്മാനിച്ച പരശുരാമൻ കൽപിച്ചിരിക്കുന്നതെന്നാണ് ഇവ കൈകാര്യം ചെയ്യുന്ന ബ്രാഹ്മണന്മാർ നിർദേശിക്കുന്നത്.” ഇതു സംബന്ധമായി എഴുതിയിട്ടുള്ളവരൊക്കെ തന്നെ കേരളത്തിലെ ബ്രാഹ്മണന്മാർ എത്രമാത്രം നിർബന്ധമായി ഈ ആചാരം പുലർത്തിപ്പോകാൻ ശൂദ്രസമുദായത്തെ പ്രേരിപ്പിച്ചിരുന്നുവെന്ന് പരാമർശിക്കുന്നുണ്ട് . എൽ . കെ അനന്തകൃഷ്ണയ്യർ, ‘കൊച്ചിയിലെ ജാതികളും ഗോതങ്ങളും’ എന്ന പ്രസിദ്ധമായ കൃതിയിൽ പറയുന്നത് , “മതനിയമങ്ങളുടെ ആധികാരിക വക്താക്കളായ നമ്പൂതിരിമാർ നായർ സ്ത്രീകൾ പതിവ്രതകളായിരിക്കേണ്ട ആവശ്യമേയില്ല എന്നു സ്ഥാപിക്കാൻ ശ്ലോകങ്ങളുദ്ധരിക്കുക സാധാരണയാണ് ” എന്നാണ് . ഇളയ നമ്പൂതിരി അംഗങ്ങൾക്ക് സ്വസമുദായത്തിൽനിന്നും വിവാഹം സാധ്യമല്ലെന്നു വന്നപ്പോൾ അവരുടെ ലൈംഗിക ജീവിതം താറുമാറാകാതിരിക്കാൻ വേണ്ടി ബുദ്ധിമാന്മാരായ നമ്പൂതിരിമാർ സൃഷ്ടിച്ച ജാതിനിയമമാണ് നായന്മാർക്ക് അംഗീകൃത വിവാഹബന്ധങ്ങൾ പാടില്ലയെന്നത്. ചിരകാലമായി ആചരിച്ചുപോന്ന ഈ വഴക്കം കാലക്രമേണ സുദൃഢമാകുകയും നായർസ്ത്രീകളുമായി സ്വതന്ത്രമായ ലൈംഗികബന്ധം ആവോളം ആകാമെന്ന നില വന്നുചേരുകയും ചെയ്തു . ഇതിന്റെ ഫലമായി വിവാഹമാണെന്ന് വിശേഷിപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള ‘സംബന്ധം’ എന്ന ഒരപൂർവ സമ്പ്രദായം നിലവിൽവന്നു . ഈ നിയമത്തിന്റെ മറവിൽ ഏതു നായർ യുവതിയുമായും സ്വതന്ത്രമായി ലൈംഗിക ബന്ധം പുലർത്താൻ നമ്പൂതിരിമാർക്ക് ലൈസൻസ് കിട്ടിയെന്നു മാത്രമല്ല , ഭാവിയിൽ ഈ ബന്ധത്തിൽ നിന്ന് ഉണ്ടായേക്കാവുന്ന കുട്ടികളെ സംരക്ഷിക്കേണ്ട ചുമതലയോ കുടുംബത്തെ പോറ്റേണ്ട ഉത്തരവാദിത്വമോ ഇവർക്കുണ്ടായിരുന്നതുമില്ല . മാംസ രക്തങ്ങളുടെ മദാന്ധമായ ഭോഗേഛ സമൂർത്തമാക്കിയ ഈ സമ്പദായത്തിന് നമ്പൂതിരിമാർ നൽകിയ ഭാഷ്യം ഇതിനെ നീതീകരിക്കാൻ പര്യാപ്തവുമായിരുന്നു . നമ്പൂതിരിമാർ ദൈവപ്രതിപുരുഷന്മാരും ദൈവനിയുക്തരും ആയതിനാൽ അവരുമായി ഏതു സ്ത്രീക്ക് സംഭോഗ സായൂജ്യം ലഭിക്കുന്നുവോ അവൾ പുണ്യവതിയായി തീരുന്നു എന്നാണ് പ്രചരിപ്പിച്ചത് . നമ്പൂതിരിയെ സംതൃപ്തനാക്കുന്നത് ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനു സമമായാണ് കരുതിപ്പോന്നത് . അതിനാൽ നായർ യുവതികളുമായി ശയിക്കാനുള്ള നമ്പൂതിരിമാരുടെ അവകാശം ദൈവദത്തമാണെന്നും , ആരെങ്കിലും അത് നിഷേധിക്കുകയാണെങ്കിൽ ദൈവകോപത്തിനിരയാകും എന്നുമുള്ള അന്ധമായ വിശ്വാസം സാർവത്രികമാകുകയും ചെയ്തു.

സുന്ദരികളായ പെൺകുട്ടികളുള്ള നായർ കുടുംബാംഗങ്ങൾ ഏതെങ്കിലും നമ്പൂതിരിയുമായി സംബന്ധമുണ്ടാക്കാൻ തന്മൂലം ആത്മാർഥമായി ശ്രമിച്ചു . അത് സാധിക്കുന്നില്ലെങ്കിൽ ഒരിക്കലെങ്കിലും അവരുടെ കന്യകാത്വം നമ്പൂതിരിക്കു കാഴ്ചവെക്കാൻ അവർ വെമ്പൽ കൊണ്ടിരുന്നു. ടി . കെ ഗോപാല പണിക്കർ 1905 – ൽ രചിച്ച ഗ്രന്ഥം മലബാറിൽ അക്കാലത്തു പോലും നിലനിന്നുപോന്ന ഈ ആചാരത്തിലേക്ക് വിരൽ ചൂണ്ടുന്നു . അദ്ദേഹം എഴുതുന്നു : “മലബാറിൽ പ്രത്യേകിച്ച് , ഉൾപ്രദേശങ്ങളിൽ ബ്രാഹ്മണനുമായി ബാന്ധവത്തിലേർപ്പെടുന്നത് കുടുംബത്തിന്റെ മേന്മക്ക് ഉത്തമമാണെന്ന് കരുതി ഇന്നും സംബന്ധങ്ങൾ നട ത്തിക്കുന്ന കുടുംബങ്ങൾ ഇവിടെയുണ്ട്”.
ഈ സമ്പ്രദായത്തിന്റെ ഫലമായുണ്ടായതാണ് ബഹുഭർതൃത്വം , മരുമക്കത്തായം എന്നീ സമ്പ്രദായങ്ങൾ . ഇവയെക്കുറിച്ചു കൂടി വിശദീകരിച്ചാലേ ഏതെല്ലാം വിചിത്രങ്ങളായ ആചാരമര്യാദകൾക്കെതിരായാണ് മലബാറിൽ ടിപ്പുസുൽത്താൻ തന്റെ സാമൂഹികപരിഷ്ക്കരണങ്ങൾ ഏർപ്പെടുത്തിയതെന്ന് മനസ്സിലാക്കാനും, എത്ര മാത്രം ആയിരുന്നിരിക്കാം അദ്ദേഹത്തിനു നേരിടേണ്ടതായി വന്ന എതിർപ്പ് എന്നു കാണുവാനും സാധിക്കുകയുള്ളൂ.
ബഹുഭർതൃത്വം വ്യാപകമായി തന്നെ നായർ സമുദായം ആചരിച്ചു പോന്നിരുന്നു . ‘ഹൈദർ അലി ഖാന്റെയും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താന്റെയും ചരിത്രം ‘ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ഇതുസംബന്ധമായി പ്രസ്താവിക്കുന്നതിങ്ങനെയാണ് : “മലബാറിലെ ഏറ്റവും കുലീനരാണ് നായന്മാർ. പൗരാണികരായ എഴുത്തുകാരെല്ലാം ഇവരെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് എന്നതിനാൽ ലോകത്തിലെ പഴക്കം ചെന്ന പ്രഭുക്കന്മാർ ഒരു പക്ഷേ, ഇവ രായിരിക്കണം . ഇവരെക്കുറിച്ച് എഴുതിയിട്ടുള്ളവരൊക്കെ പറയുന്നത് അവരുടെ സ്ത്രീകൾക്ക് എതു പുരുഷന്മാരെ വേണമെങ്കിലും വേൾക്കാനുള്ള സ്വാതന്ത്യം നിയമാനുസൃതമായി ഉണ്ടായിരുന്നുവെന്നതാണ്. വിവാഹസമയത്ത് ഓരോ ഭർത്താക്കന്മാരും നിശ്ചിതമായ ഒരു സംഖ്യ കൊടുക്കുന്നു . കുട്ടികളുടെ ചുമതല സ്തീകൾക്കുള്ളതായിരുന്നു. “നായർ സ്ത്രീകൾക്ക് മൂന്നോ നാലോ ചിലപ്പോൾ അതിലധികമോ ഭർത്താക്കന്മാരുണ്ടായിരിക്കും .ഓരോരുത്തർക്കുമുള്ള സമയവും ദിവസവുമൊക്കെ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു എന്നതിനാൽ ഭർത്താക്കന്മാർ തമ്മിൽ യാതൊരുവക ശണ്ഠക്കും ഇതു കാരണമാകാറുമില്ല ‘ എന്നാണ് മലബാറുകാരനായ ശൈഖ് സൈനുദ്ദീൻ 16 -ാം നൂറ്റാണ്ടിലെ സ്ഥിതിയെക്കുറിച്ച് എഴുതിയിരിക്കുന്നത്. “ നായർ നതാംഗി അതീവ സുന്ദരി കൂടിയാണെങ്കിൽ അനവധി കമിതാക്കൾ അവളുമായി സഹശയനം നടത്തുന്നു . തനിക്ക് കൂടുതൽ കാമുകന്മാരുണ്ടാവുക എന്നത് അവളുടെ പദവി ഉയർത്തുകയും ചെയ്യുന്നുണ്ട് എന്നത് എൽ . കെ അനന്തകൃഷ്ണയ്യരുടെ പക്ഷം. അയ്യർ ഇവിടെ നടത്തുന്ന പരാമർശം ഫ്രാൻസിസ് ബുക്കാനൻ 1800 – ൽ പറഞ്ഞതുതന്നെയാണ്.
മലബാറിലെ സാമൂഹിക ജീവിതത്തെയും ജനങ്ങളെയും കുറിച്ച് എഴുതിയിട്ടുള്ള സകല സഞ്ചാരികളും ഗ്രന്ഥകാരന്മാരും വളരെ വിശദമായിത്തന്നെ കേരളത്തിൽ നിലനിന്നിരുന്ന ബഹുഭർതൃ സമ്പ്രദായത്തെ പുരസ്കരിച്ച് എഴുതിയിട്ടുള്ളവരാണ് . അങ്ങനെ എത്ര സംബന്ധക്കാരെയും സർവതന്ത്രസ്വതന്ത്രമായി സ്വീകരിക്കാനുള്ള അവകാശം നായർ സ്ത്രീകൾക്ക് സമൂഹം അംഗീകരിച്ചു കൊടുത്തിരുന്നു. ഈ സാമൂഹികാംഗീകാരത്തിന്റെ അനിവാര്യഫലമെന്നോണം ഉരുത്തിരിഞ്ഞതാണ് അവരുടെ ഇടയിൽ നിലവിൽവന്ന മരുമക്കത്തായ സമ്പ്രദായം. ഇത് ഉണ്ടാകാൻ പറയുന്ന മുഖ്യമായ കാരണം നായന്മാർ ജന്മനാ യോദ്ധാക്കളും അവരുടെ തൊഴിൽ പടവെട്ടലുമായതിനാൽ കുടുംബത്തിന്റെ പരിപൂർണ ഉത്തരവാദിത്വം നായർ വനിതകളുടെ ചുമലിൽ അർപ്പിക്കാൻ അവർ നിർബന്ധരായി എന്നതാണ് . മരുമക്കത്തായ സമ്പ്രദായം സമൂഹത്തിലെ ചില ഘടകങ്ങൾ പല സ്ഥലത്തും പിന്തുടർന്നു പോന്നിട്ടുള്ളതായി കാണാമെങ്കിലും കേരളത്തിൽ നായന്മാരുടെ ഇടക്കു നിലനിന്നിരുന്ന ഇതിന് ചില സവിശേഷതകളുണ്ടായിരുന്നു. ദായക്രമത്തിൽ അനുഷ്ഠിച്ചിരുന്ന പ്രത്യേകതക്ക് പുറമെ പിതൃ- പുത്ര ബന്ധത്തിൽ ഈ സമ്പ്രദായം അവിശ്വസനീയമായ വിസ്മയം സൃഷ്ടി ക്കുക കൂടി ചെയ്തു. “നായന്മാരുടെ അനന്തരാവകാശികൾ അവരുടെ സഹോദരിമാരുടെ പുത്രന്മാരായിരുന്നു. സാമൂതിരിയും മറ്റുള്ള രാജാക്കന്മാരും പിന്തുടർച്ച നടത്തിയിരുന്നതും ഈ ക്രമത്തിലാണ്. വ്യവസ്ഥാപിത കുടുംബസ്ഥിതി ഇല്ലാതിരുന്ന നായന്മാർ ഏതു സമയവും യുദ്ധത്തിന് ഇറങ്ങി പുറപ്പെടേണ്ടവരായിരുന്നുവല്ലോ . അനന്തരവന്മാർ പ്രായമാകുന്നതോടുകൂടി അമ്മാവന്മാരെ അനുകരിച്ച് അങ്കംവെട്ടാൻ പോകുകയും ചെയ്തിരുന്നു. സ്തീകൾ ബഹുഭർതൃമതികളായതുകൊണ്ട് സന്താനങ്ങളുടെ പിതൃത്വം കൃത്യമായി ആരിലും ഉറപ്പിക്കാൻ സാധിക്കാറുമില്ല.
ബർബോസ ഇക്കാര്യം സ്പഷ്ടമാക്കുന്നുണ്ട് : “അവൾക്കുണ്ടാകുന്ന സന്താനങ്ങൾ അവളുടെ ചെലവിൽ കഴിഞ്ഞുകൂടുന്നു. എന്തെന്നാൽ കുട്ടികൾക്ക് അവരുടെ അഛനാരാണെന്ന് അറിയുകയില്ല.
മറ്റൊരു ജാത്യാചാരം കേരളസമൂ ഹത്തിൽ നമ്പൂതിരിമാർ അടിച്ചേൽപിച്ചിരുന്നത് ഇതാണ് . നമ്പൂതിരി സ്ത്രീകൾ ഒഴിച്ച് മറ്റെല്ലാ ജാതിയിലും പെട്ട സ്ത്രീകൾ മാറുമറക്കാൻപാടില്ല എന്നതായിരുന്നു അത് . കേരളത്തിൽ എട്ടു വർഷക്കാലം ഉണ്ടായി രുന്ന ഇബ്നുബതൂത ഇവിടത്തെ വസ്ത്രധാരണ രീതിയെ സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട് . ‘മലബാറിലെ ഹിന്ദുക്കൾ സ്ത്രീപുരുഷവ്യത്യാസമില്ലാതെയും പണക്കാരെന്നും പണിക്കാരനെന്നും വകഭേദമില്ലാതെയും ഒരുപോലെ അർധനഗ്നത പാലിക്കുന്നവരാണ് . അരക്കു ചുറ്റും കച്ചകെട്ടുന്നു എന്നല്ലാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ ഒട്ടും മറയ്ക്കാറില്ല”.
1908 – ൽ സി. എ. ഇന്നിസ് തന്റെ ‘ മലബാർ ഗസറ്റിയർ ‘ എഴുതിയ കാലത്തുപോലും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് അരക്കു മുകളിൽ വസ്ത്രം ധരിക്കുന്നതോ സ്ത്രീകൾ മാറു മറയ്ക്കുന്നതോ മര്യാദകേടായിട്ടാണ് ജനങ്ങൾ കരുതിയിരുന്നത്. എന്നതിനാൽ എല്ലാവരും അർധനഗ്നരായിട്ടാണ് കഴിഞ്ഞുകൂടുന്നത് എന്നാണ്.
ഇവ കർക്കശമായി പാലിച്ചുപോരാനുള്ള പ്രധാന ഹേതു ജാതിനിയമമായിരുന്നു എന്നതും, ഈ നാട്ടാചാരത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ദൈവദോഷത്തിനിടയാകുമെന്നതുമായിരുന്നു.
കെ . പി പത്മനാഭ മേനോൻ തന്റെ കേരള ചരിത്ര ഗ്രന്ഥത്തിൽ ഈ ജാത്യാചാരം എത്രമാത്രം ജാഗ്രതയോടുകൂടി പരിപാലിച്ചുപോന്നു എന്നതിന്റെ പല ഉദാഹരണങ്ങളും നിരത്തുന്നുണ്ട്. വിദേശത്തു പോകാൻ തരപ്പെട്ട ഒരു ഈഴവ സ്ത്രീ മടങ്ങിവന്നപ്പോൾ നാട്ടാചാരത്തിനു വിപരീതമായി മാറു മറയ്ക്കുന്ന വസ്ത്രരീതി അവലംബിച്ചു. ആറ്റിങ്ങലെ മഹാറാണി അവളെ വിളിച്ചു വരുത്തി അവളുടെ മാറു മുറിച്ചു കളയുകയാണ് ചെയ്തത്. ഈയടുത്ത കാലം വരെ ഈ രീതിയാണ് അനുവർത്തിച്ചുപോന്നിരുന്നത് . പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുമാരംഭിക്കുന്ന ആറാട്ടുഘോഷ യാത്രയുടെ മുമ്പിലായി അർധനഗ്നകളായ നായർ യുവതികൾ അകമ്പടി സേവിക്കുക പതിവായിരുന്നു. ഇത് കേരളത്തിലെമ്പാടും നിലനിർത്തി പോന്നിരുന്ന സമ്പ്രദായമായിരുന്നു. മാറുമറയ്ക്കുന്നത് അപമര്യാദയായും ബഹുമാനരാഹിത്യമായുമാണ് കരുതിപ്പോന്നിരുന്നത്. ഇത്തരം പ്രാകൃതാചാരങ്ങളെ പരിഷ്കരിക്കാനുള്ള വ്യഗ്രതയാണ് ടിപ്പു സുൽത്താൻ കാണിച്ചത്. അനാദികാലമായി അനുഷ്ഠിച്ചുപോന്നിരുന്ന ജാത്യാചാരങ്ങളുടെ നേരെ ഇതര മതസ്ഥനായ ഒരാക്രമണകാരിയുടെ വെല്ലുവിളി!

ഇതോടൊപ്പം പരിഗണിക്കേണ്ട പ്രധാനകാര്യം ടിപ്പു സുൽത്താൻ ആചരിച്ചുപോന്ന സന്മാർഗ സദാചാര നിഷ്ഠയാണ്. കാലത്തിന്റെ എല്ലാ തരം കുറ്റകരമായ ദുർമാർഗങ്ങൾക്കും അതീതനായിരുന്നു ടിപ്പുസുൽത്താനെന്ന കാര്യം അദ്ദേഹത്തെ നിശിതമായി വിമർശി ക്കുന്നവരുൾപ്പെടെ എല്ലാ ചരിത്രകാരന്മാരും ഏകോപിതമായി സമ്മതിക്കുന്ന കാര്യമാണ് . ടിപ്പുവിന്റെ പ്രജകളിൽ നിലവിലുണ്ടായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിഷ്കാസനം ചെയ്യാനുള്ള ത്വരയും തൽസംബന്ധമായ പ്രവൃത്തികളും സമകാലികർക്കിടയിൽ ഏറ്റവും പ്രശസ്തി നേടിയിരുന്നവയുമാണ്. സന്മാർഗ – സദാചാരമൂല്യങ്ങൾ അരുമയായി കരുതുകയും സ്വന്തം ജീവിത ത്തിൽ അവ പ്രാവർത്തികമാക്കുകയും ചെയ്തിരുന്ന സുൽത്താൻ, ശുദ്ധവും അഭികാമ്യവുമായ ജീവിതം തന്റെ പ്രജകളും നയിച്ചുകാണാൻ ആഗ്രഹിച്ചു. അവരെ നിരന്തരം അതിനു പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു .
“ഇത്രയും ഭവ്യതയും ലജ്ജയുമുണ്ടായിരുന്ന അധികമാളുകളെ ടിപ്പുസുൽത്താനെ പോലെ ലോകത്തുതന്നെ കാണാൻ പ്രയാസമായി രുന്നു ‘ എന്നാണ് അദ്ദേഹത്തിന്റെ അരമനവാസിയായിരുന്ന ചരിത്രകാരൻ കിർമാനി എഴുതുന്നത്.
അദ്ദേഹം തുടർന്നു പറയുന്നത് കൂടി കേൾക്കുക : “ ശൈശവം മുതൽ മരണം വരെ പാദങ്ങൾ, കൈപ്പത്തികൾ, മുഖം എന്നിവയൊഴിച്ച് അദ്ദേഹത്തിന്റെ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗം ഒരാളും കണ്ടിരിക്കാനിടയില്ല. കുളിക്കുമ്പോൾ പോലും അടിമുടി വസ്ത്രംകൊണ്ട് മൂടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി . ഇത്തരം ഒരാൾ കേരളത്തിൽ അന്ന് ആചരിച്ചുപോന്നിരുന്ന ബഹു ഭർത്യ സമ്പദായത്തോടും അർധനനഗ്നതയോടും ഏതുതരത്തിലായിരിക്കും പ്രതികരിച്ചിരിക്കുകയെന്നത് ഊഹിക്കാമല്ലോ . ഇവ അദ്ദേഹത്തെ ഞെട്ടിപ്പിക്കുകയും മനസ്സിൽ പാപബോധം അങ്കുരിപ്പിക്കുകയും ചെയ്തിരിക്കണം. ടിപ്പു സുൽത്താൻ നിഷ്കൃഷ്ടമായി അനുഷ്ഠിച്ചുപോന്ന സദാചാര – സന്മാർഗ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കാരങ്ങളെ വിലയിരുത്താൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരുടെ വിശ്വാസാചാരങ്ങളിൽ മനഃപൂർവം കൈകടത്താനുള്ള ചേതോവികാരമായി ഒരിക്കലും ഇതിനെ ചിത്രീകരിക്കാൻ സാധ്യമല്ല. തികഞ്ഞ ഒരു സന്മാർഗിയെന്ന നിലയിൽ തന്റെ പ്രജകളെല്ലാവരും തന്നെ മാനം മറയ്ക്കുന്ന രീതിയിൽ വസ്ത്രധാരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രത്യേകിച്ച് മാറുമറയ്ക്കാതെയുള്ള സ്ത്രീകളുടെ ജീവിതം സദാചാരനിഷ്ഠയെ അലങ്കോലപ്പെടുത്തുന്നതാണെന്ന് ശരിക്കും അറിയാവുന്ന അദ്ദേഹം, കേരളത്തിൽ അനുവർത്തിച്ചു പോന്ന ഈ ജാത്യാചാരം ഉപേക്ഷിക്കണമെന്നും എല്ലാ സ്ത്രീകളും മാറുമറയ്ക്കണമെന്നും ശഠിക്കുകയും ചെയ്തു.
കേരളത്തിൽ ഇത് ആചരിച്ചുപോന്നിരുന്നത് ജാതി വ്യവസ്ഥിതിയുടെ അലംഘനീയ ഭാഗമായിട്ടായിരുന്നതിനാൽ ജനങ്ങളെ ഉദ്ബുദ്ധരാക്കി തന്റെ പരിഷ്കാരങ്ങൾ അംഗീകരിപ്പിക്കാൻ പ്രയാസമായി വന്നു. ഓർമവെച്ച കാലം മുതൽ പരിചയിച്ചുപോന്ന ഈ പ്രാകൃതരീതി മാറ്റാൻ താഴ്ന്ന ജാതിക്കാർ പോലും തയാറായിരുന്നില്ല . മലയാളനാടിനെ സംബന്ധിച്ചേടത്തോളം ജാതിനിയമങ്ങൾ ലംഘിക്കാൻ സമൂഹത്തിലെ ഒരു ഘടകവും സ്വമനസ്സാ തയാറാകുമായിരുന്നില്ല . അങ്ങനെ ചെയ്താലുണ്ടാകാവുന്ന ബഹിഷ്കരണവും ദൈവശിക്ഷാ ഭീഷണിയും മാറ്റത്തിന്റെ മാർഗങ്ങളൊക്കെ കൊട്ടിയടച്ചിരുന്നു .
മറ്റൊരു പരിഷ്കാരം ബഹു ഭർതൃത്വത്തെ നിരോധിച്ചു കൊണ്ടുള്ള വിളംബരമായിരുന്നു. ഏതു നിലക്കും ഈ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് അദ്ദേഹം കേരളീയരെ ഉദ്ബാധിപ്പിച്ചു.
സ്വന്തം ജീവിതത്തിൽ എത്രമാത്രം കണിശതയോടെയാണ് ഈ ധർമമൂല്യങ്ങളെ അദ്ദേഹം പ്രാവർത്തികമാക്കിയിരുന്നതെന്ന് ടിപ്പു സുൽത്താന്റെ സൽസ്വഭാവവും ദൈവഭക്തിയും അറിഞ്ഞിട്ടുള്ളവർക്ക് മാത്രമേ ധർമരോഷത്തോടു കൂടി ബഹുഭർതൃത്വം അവസാനിപ്പ ക്കണമെന്ന് ആജ്ഞാപിച്ചു കൊണ്ടിറക്കിയ വിളംബരം ശരിക്കും മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
കേരളത്തിൽ ഉടനീളം കണ്ട ലൈംഗികാരാജകത്വവുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ ശക്തമായ ഭാഷയിലും ഭയപ്പെടുത്തുന്ന രീതിയിലും ബഹുഭർതൃസമ്പ്രദായം അവസാനിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

മറ്റൊരു സാമൂഹിക പരിഷ്കാരം മദ്യനിരോധം നടപ്പാക്കാൻ ശ്രമിച്ചതാണ്. 1800 – ലെ സ്ഥിതി വിവരിക്കുമ്പോൾ ഡോ . ബുക്കാനൻ പറയുന്നത് ,” അറുകുടിയന്മാരാണ് ഇവിടെയുള്ള നായന്മാർ ‘ എന്നാണ് . ‘ പ്രജകളുടെ സാമൂഹിക – സന്മാർഗ നവോത്ഥാനം ടിപ്പുവിന്റെ ഉദാത്തമായ ലക്ഷ്യമായിരുന്നു . പാവപ്പെട്ടവരെ അന്ധവിശ്വാസനാചാരങ്ങളിൽനിന്ന് വിമുക്തരാക്കാൻ ജീവിതാവസാനം വരെ അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട് . 1787 ജനുവരി 4-ാം തീയതി ബാംഗ്ലൂരിലെ അദ്ദേഹത്തിന്റെ അമീറിനെഴുതുന്ന കത്ത് ടിപ്പൂവിലെ സാമൂഹിക പരിഷ്കർത്താവ് എത്ര ജാഗ്രതയോടു കൂടിയാണ് ജനക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതമായിരുന്നതെന്ന് തെളിയിക്കുന്നതാണ്. ‘ലഹരി പദാർഥങ്ങളുണ്ടാക്കുന്നതും വിപണനം നടത്തുന്നതും നിരോധിച്ചു കൊണ്ടുള്ള കൽപന പുറപ്പെടുവിച്ചതിനു പുറമെ , ലഹരി പദാർഥങ്ങളുണ്ടാക്കുന്നവരുമായി, ഇനി മേലാൽ അവ ഉണ്ടാക്കുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യുന്ന ലിഖിത കരാറുകൾ ഉണ്ടാക്കിയിരുന്നുവെന്നാണല്ലോ താങ്കൾ എഴുതി അയച്ചിരുന്നത് . എന്നാൽ അതുമാത്രം പോരാ . ഈ ജോലിയിൽ ഏർപ്പെട്ടിരുന്ന എല്ലാവരെയും മറ്റേതെങ്കിലും പണി ചെയ്യാനുള്ള അവരുടെ സമ്മതവും കൂടി കരാറിൽ എഴുതി വാങ്ങണം”.
തന്റെ നിരോധം മൂലം ജോലിയില്ലാതാകുന്ന ചെത്തുകാരെയും വാറ്റുകാരെയും മദ്യവിൽപനക്കാരെയുമല്ലാം അതിൽനിന്ന് പിന്തിരിപ്പിക്കുകയും അതോടൊപ്പം മറ്റു ജോലികൾ നൽകി അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുകയെന്നതായിരുന്നു ടിപ്പു വിഭാവനം ചെയ്തിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. യൗവനയുക്തകളായ സ്ത്രീകളെ വീട്ടുപണിക്കു നിർത്തുന്നത് പലപ്പോഴും സദാചാരഭ്രംശത്തിന് വഴി വെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം . തന്മൂലം തന്റെ ഓഫീസർമാരോ മറ്റു പ്രജകളോ സ്ത്രീകളെ വീടുകളിൽ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്ന സമ്പ്രദായത്തെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു.
അഗതികളെയും അശരണരെയും സഹായിക്കാനുള്ള ട്രസ്റ്റുകളും സ്ഥാപനങ്ങളും രാജ്യത്ത പ്രധാന സ്ഥലങ്ങളിലൊക്കെയുണ്ടായിരുന്നു. പാവപ്പെട്ടവരുടെ വിവാഹ പ്രായമായ കുട്ടികളെ കല്യാണം കഴിച്ചുകൊടുക്കാൻ വേണ്ടി ടിപ്പു രൂപീകരിച്ചിരുന്ന ട്രസ്റ്റിനെ സംബന്ധിച്ചുള്ള വിവരങ്ങൾ മെക്കൻസി രേഖകളിൽ നിന്നും പ്രഫ. മുഹിബ്ബുൽ ഹസൻ ഖാൻ തന്റെ പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. ടിപ്പുവിന്റെ രാജ്യത്ത് നടപ്പിലാക്കിയിരുന്ന നികുതി സമ്പ്രദായവും സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ തുടങ്ങിയവയും സമൂഹത്തിലെ അവശവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരാൻ ഉതകുന്നതായിരുന്നുവെന്ന് കാണാം.
മലബാർ ഒഴിച്ചുള്ള മൈസൂരിന്റെ ഇതര ഭാഗങ്ങളിലൊക്കെത്തന്നെ ടിപ്പുസുൽത്താന്റെ ഈ പരിഷ്കാരങ്ങൾ സമൂഹത്തെ സാമ്പത്തികമായും സാംസ്കാരികമായും ഉദ്ധരിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട് . എന്നാൽ മലബാറിൽ നായർ സമുദായം ടിപ്പുവിന്റെ പരിഷ്കാരങ്ങളെ ഒക്കെയും സംശയ ദൃഷ്ടിയിൽ വീക്ഷിക്കുക മാത്രമല്ല, തങ്ങൾ ആചരിച്ചുപോന്ന ജാതിനിയമങ്ങളുടെ മേലുള്ള അന്യായമായ കൈയേറ്റമായി കണക്കാക്കി ശക്തിയായി എതിർക്കുകയാണ് ചെയ്തത്.
തങ്ങളുടെ വിശ്വാസാചാരങ്ങൾക്ക് എതിരായി മുസൽമാനായ ടിപ്പു സുൽത്താന്റെ നീക്കം തങ്ങളെ മത പരിവർത്തനം നടത്താനുള്ള ആസൂത്രിത പദ്ധതിയായി അവർ ധരിക്കുകയും ചെയ്തു. തല മറയ്ക്കലും കുപ്പായമിടലും മുസ്ലിം വേഷവിധാനമാണല്ലോ. അതൊക്കെ ചെയ്യാൻ ശഠിക്കുന്നത് മറ്റൊന്നിനും വേണ്ടിയായിരുന്നില്ലെന്നും അവർ അക്കാലത്ത് വിശ്വസിച്ചു . തന്മൂലം ടിപ്പുവിന്റെ സാമൂഹിക നവോത്ഥാനത്തിനു വേണ്ടിയുള്ള കാഹളധ്വനി അവരാരും കേട്ടതുമില്ല. തന്റെ സദുദ്ദേശ്യങ്ങൾ പ്രാവർത്തികമാക്കാൻ ആത്മാർഥമായി ശമിച്ച ടിപ്പുവിന്, കേരളത്തിലെ സാമൂഹിക മണ്ഡലങ്ങളിലുണ്ടായിരുന്ന വിചിത്രമായ സവിശേഷത മനസ്സിലാക്കാനോ താൻ ആരെ ഉദ്ദേശിച്ചാണോ ഇതൊക്കെ ചെയ്യുന്നത് അത് അവരുടെ നന്മക്കാണെന്ന് അവരെ ബോധ്യപ്പെടുത്താനോ സാധിക്കാതെ പോയതാണ് ടിപ്പു സുൽത്താന് കേരളത്തിൽ പറ്റിയ പരാജയം, പക്ഷേ ,ഇത്തരം പരാജയങ്ങളാണല്ലോ ചരിത്രത്തിൽ സ്ഥായിയായി നിൽക്കുന്ന ഉജ്ജ്വല സംഭവങ്ങൾ.
കടപ്പാട്: പ്രബോധനം വാരിക- സ്‌പെഷല്‍ പതിപ്പ് 1998
റഫറന്‍സ്
- L.K Ananthakrishnayyar,
Castes and Tribes of Cochin, 1912,
Ernakulam, P: 85. - T.K Gopala Panikkar,
Malabar and its Folk, 1905, P: 26 - Foriegn Miscellaneous, S. No:
56 Part II, National Archives of India. - മുന്‍ ഉദ്ധരിച്ചത്, പേജ് 36.
- M.M.D.L.T, The History of
Hyder Shah Alias Hyder Ali Khan
Bahadur and of his son Tippoo Sultan,
1800, England, P: 60. - മുന്‍ ഉദ്ധരിച്ചത്, പേജ് 39.
- Dr. Francis Bukanan, A Journey from Madras through
the countries of Mysore, Canara And
Malabar. Valumes 1 to 3, Bulner, London
1807, Vol II, P 411, 412. - Foreign Miscellaneous S.No:
56, Part II para 12, P: 13 - Duarte Barbosa, A description
of the Coasts of East Africa And
Malabar, P: 124 - Ibn Battuta, Katab-u-Rahila
(English Translation by Prof. Gibb, England,
P: 74) - C.A Innese, Malabar
Gazatter, Vol I, Madras, 1908, P: 142 - K.P Padmanabha Menon,
History of Kerala, Vol III, Ernakulam,
P: 192. - Ibid, P: 192
- Hussain Alikhan Kirmani,
Nishan-i-Khyderi, Translated by Colonel
Miles (a) The History of Haider Naik
(b) History of Tipu Sultan, P: 133. - Dubois, Abbe J.A, Hindu
Manners, Customs and Ceremonies,
1800, P: 78. - സി. അച്യുതമേനോന്‍, കൊച്ചിന്‍ സ്റ്റേറ്റ് മാനുവല്‍, 1910, എറണാകുളം, പേജ് 193.
- Francis Buchanan, Op. Cit, Vol II p: 412,413
- William Kirk Patrick, Select Letters of Tippoo Sultan, 1811, London, No: 423
- Mohibul Hasan Khan, History of Tipu Sultan, 1951, Calcutta, P: 373