ഉവൈസി ബിജെപി ഏജന്റോ

ബീഹാറിലെ വടക്ക് കിഴക്കന്‍ സീമാഞ്ചല്‍ പ്രദേശത്തെ കിശാഗഞ്ചില്‍ വെച്ചാണ് അസദുദ്ദീന്‍ ഉവൈസിയെ ഞാന്‍ ആദ്യമായി കണ്ടുമുട്ടിയത്. താങ്കള്‍ ബി ജെ പി എജന്‍റാണോ? എന്ന എന്‍റെ ചോദ്യത്തിന് യുക്തിപരമായ മറുപടിയാണദ്ദേഹം നല്‍കിയത്. “ഞാനൊരു ബി ജെ പി ഏജന്‍റാണെങ്കില്‍ പിന്നെന്തിന് ഞാന്‍ വളരെ കുറച്ച് സീറ്റുകളില്‍ മത്സരിക്കണം? എല്ലായിടത്തും മുസ്‌ലിം വോട്ട് വെട്ടി കുറക്കാന്‍ ബി ജെ പിക്ക് ആഗ്രഹമില്ലെന്നാണോ?”

അന്നുമുതല്‍ AIMIM ന്‍റെ ഓരോ തിരഞ്ഞെടുപ്പ് ഇടപെടലുകളെയും ഞാന്‍ സൂക്ഷമാര്‍ത്ഥത്തില്‍ നിരീക്ഷിച്ചു തുടങ്ങി. മുസ്‌ലിം വോട്ടര്‍മാര്‍ പ്രധാന ഭാഗധേയങ്ങള്‍ രൂപപ്പെടുത്തിയ ഇടങ്ങളില്‍ അവര്‍ക്ക് ഒട്ടനവധി സീറ്റുകള്‍ ലഭിക്കുന്നു. AIMIM തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അവരുടെ വിജയത്തിന് വേണ്ടിയാണ്. അല്ലാതെ ബി ജെ പി യുടെ വിജയത്തിന് മാറ്റ് കൂട്ടാന്‍ വേണ്ടിയല്ല. കാരണം, 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ SP യും BSP യും സഖ്യകക്ഷികളായി മത്സരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും AIMIM നിയമിച്ചില്ല. കാരണം അത് ബി ജെ പിക്ക് സഹായകമാവുമെന്നതില്‍ സംശയമില്ല. AIMIM ബി ജെ പി ഏജന്റാണെന്ന ആശയം കോണ്‍ഗ്രസിന്‍റെ ഗൂഢാലോചന സിദ്ധാന്തമാണെന്ന് (conspiracy theory) എനിക്ക് ബോധ്യമുണ്ട്. തങ്ങളോടൊന്നിച്ച് നില്‍ക്കാത്തവരെല്ലാം വര്‍ഗ്ഗീയ ചുവയുള്ളവരാണെന്നാണ് കോണ്‍ഗ്രസ് ഭാഷ്യം.

എന്നാല്‍ ഉവൈസിയുടെ ലക്ഷ്യമെന്തെന്ന് ഇതിലൂടെയൊന്നും എനിക്ക് ഗ്രഹിക്കാന്‍ സാധിച്ചില്ല. എല്ലാ സീറ്റുകളിലും മത്സരിക്കാതെയും മഹാ സഖ്യങ്ങളോട് കൂറ് കുടാതെയുമുള്ള ഇത്തരം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഉവൈസി നേടുന്നതെന്താണെന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഹൈദരാബാദിനപ്പുറമുള്ള AIMIM നെ കുറിച്ച് അദ്ദേഹത്തിന്‍റെ തട്ടകമായ തെലങ്കാനയിലെ മുസ്‌ലിംകള്‍ വലിയ ആലോചനകള്‍ നടത്താറില്ല. തെലങ്കാനയില്‍ പോലും മുഖ്യമന്ത്രിയാകുമെന്ന സ്വപ്നവും ഉവൈസിക്ക് വെച്ചുപുലര്‍ത്താനാവില്ല. കൂടാതെ സമീപഭാവിയിലൊന്നും അധികാരമേറ്റെടുക്കാവുന്ന തരത്തില്‍ AIMIM വളരുകയുമില്ല. പിന്നെന്താണ് ഉവൈസി ലക്ഷ്യമിടുന്നതെന്ന വലിയ ചോദ്യമായിരുന്നു എന്നെ അലട്ടിയിരുന്നത്.

ഉവൈസിയുടെ ലക്ഷ്യം

“ബി ജെ പിയെ ഉപയോഗിച്ച് മുസ്‌ലിം വോട്ടുകള്‍ നേടിയത് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണോ എന്നും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്കൂള്‍, റോഡ് നിര്‍മ്മാണത്തിന്‍റെ ഗതി എന്തെന്നും മതേതര പാര്‍ട്ടികളോട് നിരന്തരം ചോദിക്കുന്ന ഒരൊറ്റ MLA ഓരോ സംസ്ഥാന നിയമസഭയിലും ഉണ്ടാവലാണ് എന്‍റെ ലക്ഷ്യം.” എന്നായിരുന്നു ഉവൈസിയുടെ മറുപടി. ഇതൊരു പ്രശംസനീയമായ ലക്ഷ്യമാണ്. മുസ്‌ലിം വോട്ടര്‍മാര്‍ക്ക് പലപ്പോഴും ഇലക്ഷനില്‍ ചോയ്സ് ഉണ്ടാവാറില്ല. ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മുസ്‌ലിം പ്രദേശങ്ങളില്‍ നിന്ന് അവഗണനയോടെ മുഖം തിരിക്കുന്നതിനാല്‍ തന്നെ മതേതര പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിക്കാണ് മുസ്‌ലിംകള്‍ വോട്ട് ചെയ്യാറ്. ഈയൊരവസരത്തില്‍ മുസ്‌ലിം വോട്ടുകള്‍ സെക്കുലര്‍ പാര്‍ട്ടികള്‍ക്ക് നിസാരമായി ലഭ്യമാവുന്നതാണെന്ന ധാരണയെ ഭീഷണിപ്പെടുത്തുന്ന ഒരു മുസ്‌ലിം സാന്നിധ്യം വളരെ പ്രധാനമാണ്.

മുഹമ്മദലി ജിന്ന വിശേഷിപ്പിക്കപ്പെട്ടത് പോലെ ഇന്ത്യന്‍ മുസ്‌ലിംകളുടെ വക്താവ്‌ (spoke person) ആവാനല്ല ഉവൈസി യത്നിക്കുന്നതെന്നും ഇതില്‍ നിന്ന് വ്യക്തം.

ഉവൈസി ആത്യന്തികമായി ഒരു ഭരണഘടനവാദിയാണ്. ഇസ്‌ലാം അദ്ദേഹത്തിന്‍റെ വിശ്വാസമാകുമ്പോള്‍ തന്നെ ഭരണഘടനയെ തന്‍റെ പ്രത്യയശാസ്ത്രമായി കൊണ്ട് നടക്കുകയും ചെയ്യുന്നു.

യൂത്ത് ഐക്കണ്‍

2015 ല്‍ കിശാഖഞ്ചില്‍ കായിക താരങ്ങളോട് സമാനമായ ആരാധനയായിരുന്നു യുവാക്കള്‍ക്ക് ഉവൈസിയോടുണ്ടായിരുന്നത്. അലിഗഢിലെ ഒരു മുസ്‌ലിം പത്രപ്രവര്‍ത്തകന്‍ ഉവൈസി ബാബരി ധ്വംസനാനന്തര രാഷ്ട്രീയത്തിന്‍റെ ഉല്‍പന്നമാണെന്ന് എന്നോട് അഭിപ്രായപ്പെടുകയുണ്ടായി. മുഖ്യധാരാ സംവാദങ്ങളില്‍ നിറസാന്നിധ്യമായിരുന്ന മുസ്‌ലിം രാഷ്ട്രീയക്കാരെ 1992 ലെ ബാബരി ധ്വംസനം നിശബ്ദരാക്കിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മുസ്‌ലിം പാര്‍ട്ടിക്കും ഇടമില്ലെന്ന വാചാടോപവും പ്രചരിച്ചിരുന്നു.

ഉവൈസി ഈ വ്യവഹാരങ്ങളെയെല്ലാം ചോദ്യം ചെയ്യുകയും മുസ്‌ലിം യുവതയുടെ ശക്തമായ പിന്തുണ നേടിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജനകീയതയില്‍ തലമുറ വിഭജനവും നടന്നു. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്ന 1992 പൂര്‍വ്വ തലമുറയും അദ്ദേഹത്തെ മാത്രമാണ് നമുക്ക് വേണ്ടതെന്ന് ചിന്തിക്കുന്ന 1992 നന്തര തലമുറയും. രണ്ടാംകിട പൗരനെന്ന വിശേഷണത്തെ സ്വീകരിക്കാതെ മുസ്‌ലിംകളും ഇന്ത്യന്‍ ഭരണഘടന പ്രകാരം തുല്യപൗരന്‍മാരാണെന്ന ആത്മാഭിമാനം അവരില്‍ സന്നിവേശിപ്പിക്കാന്‍ ഉവൈസിക്ക് സാധിച്ചു.

മുസ്‌ലിംകളുടെ വോട്ടുകള്‍ കൊണ്ട് മാത്രം AIMIM ന് സീറ്റുകള്‍ നേടല്‍ അസാധ്യം. ആയതിനാല്‍ ദളിതുകളുമായി ചേര്‍ന്ന് അരികുവല്‍കരിക്കപ്പെട്ടവരുടെ സഖ്യം ഭരണഘടന വാദത്തിലൂടെ രൂപപ്പെടുത്തിയെടുക്കാന്‍ AIMIM ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മുസ്‌ലിം വോട്ട്ബാങ്ക് തങ്ങളുടെ വോട്ടുകളെ ഒരു ദളിത് സ്ഥാനാര്‍ത്ഥിയിലേക്ക് തിരിച്ചുവിടലിനെ സാധ്യമാക്കുന്നുവെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്രയില്‍ പ്രകാശ് ജാവേദ്ക്കറുമായി AIMIM രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുത്തിയെടുത്തത്. 2015 ലെ കിശാഖഞ്ച് തിരഞ്ഞെടുപ്പില്‍ AIMIM പരാജയപ്പെട്ടു. താങ്കളെ സ്നേഹിക്കുന്നുവെന്നും അടുത്ത പ്രാവശ്യം താങ്കള്‍ക്ക് വോട്ട് നല്‍കുമെന്നും പറഞ്ഞ് യുവാക്കള്‍ അദ്ദേഹത്തെ സമീപിക്കുന്നത് ഞാന്‍ കണ്ടിരുന്നു. കാരണം, ബി ജെ പിയെ പരാജയപ്പെടുത്താന്‍ നിതീഷ്ലാലു കോണ്‍ഗ്രസ് സഖ്യത്തിനെ പിന്തുണക്കേണ്ടത് അത്യാവശ്യമായിരുന്നു.

അക്കൗണ്ട് തുറക്കുന്നു

കിശാഖഞ്ചില്‍ 2019 ലോക്സഭ ഇലക്ഷനില്‍ ജെ ഡി യുവിനെ പിന്നിലാക്കി കോണ്‍ഗ്രസ് സീറ്റ് നേടിയപ്പോള്‍ മൂന്നാം രാഷ്ട്രീയശക്തിയായി AIMIM നിലകൊണ്ടു. അല്ലായിരുന്നുവെങ്കില്‍ ബി ജെ പി സഖ്യകക്ഷി ജെ ഡി യു സീറ്റ് നേടുമായിരുന്നു. ബീഹാറില്‍ ബി ജെ പിയില്‍ നിന്ന് തട്ടിയെടുത്ത ഏക സീറ്റ് കിശാഖഞ്ചായത് AIMIM വോട്ടുകളെ ഭിന്നിപ്പിച്ചത് കൊണ്ടാണ് . കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിങ് എം എല്‍ എ ആയതിനാല്‍ വിധാന്‍ സഭ സീറ്റിലേക്ക് ബൈ പോള്‍ നടത്തേണ്ടതായി വന്നു. AIMIM സീറ്റ് നേടി ബീഹാറില്‍ എക്കൗണ്ട് തുറന്നു. വിചിത്രമായ കാര്യം രണ്ടാമത് ബി ജെ പിയും മൂന്നാമത് കോണ്‍ഗ്രസുമായിരുന്നു എന്നതാണ്. 2020 നവംബറില്‍ നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭ ഇലക്ഷനില്‍ കിശാഖഞ്ചിലെ മത്സരം ബി ജെ പിയും AIMIM ഉം തമ്മിലാണെന്ന് ഉവൈസി പ്രഖ്യാപിച്ചാല്‍ വിചിത്രമൊന്നുമല്ല. ഇതിന്‍റെ ആഘാതം സീമാഞ്ചല്‍ പ്രദേശത്തില്‍ മുഴുവനും അടയാളപ്പെടുത്തലുകള്‍ നടത്തും.

പുതിയ മേച്ചില്‍ പുറങ്ങള്‍

ഇംതിയാസ് ജലീല്‍

2014 ല്‍ മഹാരാഷ്ട്ര നിയമസഭയില്‍ നേടിയ രണ്ട് സീറ്റും ഇത്തവണ AIMIM ന് നഷ്ടമായെങ്കില്‍ പുതിയ രണ്ട് സീറ്റുകള്‍ ( മലേഗാന്‍ സെന്‍ട്രല്‍, ധൂലെ സിറ്റി) നേടാന്‍ സാധിച്ചു. മറ്റൊരര്‍ത്ഥത്തില്‍ ഒരു സ്ഥിര തെരഞ്ഞെടുപ്പ് പാര്‍ട്ടിയായി തീര്‍ന്നിരിക്കുകയാണ് AIMIM. 2019 ലോക്സഭ ഇലക്ഷനില്‍ ഔറങ്കാബാദ് എം പിയായി ഇംതിയാസ് ജലീല്‍ വിജയിച്ചതോടെ AIMIM ന്‍റെ ‘ഏക എം പി പാര്‍ട്ടി’ എന്ന ഖ്യാതി തിരുത്തപ്പെട്ടു. ഉത്തര്‍പ്രദേശിലെ മുപ്പതോളം മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ AIMIM ന് സീറ്റുകളുണ്ട്. ഖാസിയാബാദിലെ ദസ്ന മുനിസിപ്പല്‍ കൗണ്‍സിലില്‍ ചെയര്‍പെഴ്സനായി AIMIM പാര്‍ട്ടി മെമ്പര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രോട്ടാവഗഡിലെ അസംബ്ലി ബൈ പോളില്‍ AIMIM സ്ഥാനാര്‍ത്ഥി മൂന്നാമനായി നിലയുറപ്പിക്കുകയും ചെയ്തു. ഉവൈസിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ച് തുടങ്ങിയിരിക്കുന്നു. ബീഹാറിലും മഹാരാഷ്ട്രയിലും അദ്ദേഹത്തിന് എം എല്‍ എമാരുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാന സംസ്ഥാനമായ ഉത്തര്‍പ്രദേശ് അതിവിദൂരവുമല്ല.

മുസ്‌ലിം വോട്ടുകള്‍ സെക്ക്യുലര്‍ പാര്‍ട്ടികള്‍ക്ക് taken for granted അല്ല എന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് AIMIM ന്‍റെ ഓരോ തിരഞ്ഞെടുപ്പ് വിജയവും. ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ സെക്ക്യുലര്‍ പാര്‍ട്ടികള്‍ മുസ്‌ലിംകളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് ഉവൈസി എന്ത് പിഴച്ചു!

Courtesy: The Print

മൊഴിമാറ്റം: ഫര്‍ഹത്തുള്ള കെ. പുല്ലഞ്ചേരി

By ശിവം വിജി

Contributing editor of The Print