എം. ഐ. ഷാനവാസിനെക്കുറിച്ചുള്ള അനുസ്മരണങ്ങളില്‍ ഏറെ ആവര്‍ത്തിക്കപ്പെട്ടത് ആ പഴയ വിശേഷണം തന്നെയായിരുന്നു – ‘തിരുത്തല്‍ വാദി’. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പ്രത്യേകഘട്ടത്തെ കുറിക്കുന്ന പദപ്രയോഗമാണെങ്കിലും, തിരുത്തല്‍ വാദത്തിന്റെ തുരുത്തിലേക്ക് മാത്രമായി ആ ഓര്‍മകളെ പരിമിതപ്പെടുത്തുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും. ഇക്കാലഘട്ടത്തില്‍ അദ്ദേഹത്തെപ്പോലൊരാള്‍ ഓര്‍മിക്കപ്പെടേണ്ടത് നമ്മുടെ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠമായ ചില മാനക മതേതരശീലങ്ങളെ തിരുത്താന്‍ ധീരത കാണിച്ച ധൈര്യശാലി എന്ന നിലയില്‍ കൂടിയായിരിക്കണം.
നമ്മുടെ പുരോഗമന മതേതരത്വം, മുസ്ലിം സമുദായ പരിസരത്ത് നിന്ന് വരുന്ന നേതാക്കളില്‍ നിര്‍ബന്ധപൂര്‍വം നിഷ്കര്ഷിക്കപ്പെടുന്ന ചില പെരുമാറ്റ ചട്ടങ്ങളുണ്ടല്ലോ. സ്വന്തം സ്വത്വം- സമുദായം, അതിനെ സംബന്ധിക്കുന്ന എന്തിനോടും സമ്പൂര്‍ണ നിശബ്ദത പാലിച്ചുകൊണ്ട് സെക്യുലറിസത്തിന്റെ ലേണിങ് ലൈസന്‍സ് എടുക്കുക എന്നത് തന്നെയാണ് അവര്‍ക്ക് മുന്നിലുള്ള പ്രധാന നിബന്ധന. അല്ലെങ്കില്‍ തന്നെ ‘അരുതേ, നിലവിളക്ക് കൊളുത്തരുതേ’ എന്നാണല്ലോ നമ്മുടെ ഏറ്റവും വലിയ സെക്യുലര്‍ നിലവിളി. അതിനാല്‍ തന്നെ അത്തരം കാര്യങ്ങളില്‍ അത്യന്തം ജാഗരൂകരായിരിക്കുകയെന്നത് ആ പരിസരത്ത് നിന്ന് വരുന്നവരെ സംബന്ധിച്ച് അധിക ബാധ്യതയാവുന്നു.
രോഗികള്‍ നിരന്തരം പ്രമേഹപരിശോധന നടത്തുന്നത് പോലെ നിരന്തരം മതേതരത്വത്തിന്റെ രക്തപരിശോധന നടത്തി സ്വന്തത്തെയും മറ്റുള്ളവരെയും ബോധിപ്പിക്കേണ്ട അധിക ബാധ്യത.
അത്യന്തം ദുര്‍ഘടമായ നൂല്പാലത്തിലൂടെയാണ് ആ യാത്ര. തങ്ങളുടെ സ്വത്വത്തിന്- സമുദായത്തിന് വേണ്ടിയുള്ള ഏറ്റവും ചെറിയൊരു ചുവട് മതിയാകും അത് വരെ സ്വരൂപിച്ച് കൊണ്ടുനടന്ന മതേതര സ്വീകാര്യതയില്‍ നിന്ന്, അസ്വീകാര്യതയുടെ അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കാന്‍. അത്തരം സാഹചര്യം നിലനില്‍ക്കുന്നത് കൊണ്ട് തന്നെയാണ് സ്വത്വ- സമുദായ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ഇത്തരം കാര്യങ്ങളില്‍ സ്വയം പ്രതിരോധപരമായ നിലപാടുകള്‍ സ്വീകരിക്കുന്നതും, സൂപ്പര്‍ സെക്യുലര്‍ ആണെന്ന് വരുത്താന്‍ അശ്രാന്ത പരിശ്രമം നടത്തുന്നതും.
അതുകൊണ്ടാണ് കോണ്‍ഗ്രസ് പേലൊരു പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്ന് കൊണ്ടുതന്നെ എം. ഐ ഷാനവാസ് സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നത്. അടുത്ത കാലത്ത്, നമ്മുടെ സെക്യുലറിസത്തിന്റെ സത്യസന്ധത പരീക്ഷിക്കപ്പെട്ട ലിറ്റമസ് ടെസ്റ്റായിരുന്നുവല്ലോ ഹാദിയ കേസ്. സ്വന്തം ചോയ്സായി സ്വമനസ്സാലെ ഇസ്ലാം സ്വീകരിച്ച ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന വൈതരണികള്‍ നിസാരമല്ല. ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പിനെ കുടുംബവും പോലീസും ഭരണകൂടവും ചേര്‍ന്ന് പരാജയപ്പെടുത്താന്‍ ശ്രമിച്ചത് സമത്വ സുന്ദര കേരളത്തില്‍ തന്നെയാണ്. പുറമേക്ക് പുരോഗമനത്തിന്റെ കുത്തക പാട്ടം എടുത്ത പലരും അതിനോട് കുറ്റകരമായ നിശബ്ദത പാലിച്ചപ്പോള്‍, ഷാനവാസ് പറയാനുള്ളത് ബാക്കി വെച്ചില്ല. വിശ്വാസം ഒരാളുടെ തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്ന് വളരെ വ്യക്തതയോടെ തുടക്കം മുതല്ക്കേ അദ്ദേഹം നിലപാടെടുത്തു. അതിന്റെ പേരില്‍ ആരെയും അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല എന്നത് തന്നെയായിരുന്നു ആ നിലപാട്.
ഹാദിയയുടെ ആരോഗ്യം അപകടകരമാണെന്ന വാര്‍ത്ത പുറത്തുവന്ന ഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം ആരോഗ്യ മന്ത്രിയെ വിളിച്ച്, അതിലേക്ക് കാര്യങ്ങള്‍ അനുവദിക്കരുതെന്നും അവിടേക്ക് ഉടന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കണമെന്നും ആവശ്യപ്പെട്ടത്.
അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ ഒരാള്‍ പോലും പരസ്യമായി ആ ഘട്ടത്തില്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ധീരമായ നിലപാട് തന്നെയായിരുന്നു അത്. ആ അര്‍ഥത്തില്‍ തന്നെ അത് ചരിത്രത്തില്‍ ഉള്ചേര്ക്കപ്പെടേണ്ടതുണ്ട്. ഇത്തരം നിലപാടുകളെടുക്കുമ്പോള്‍ അതിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുന്ന അധിക്ഷേപ പദങ്ങള്‍ അദ്ദേഹം പരിഗണിച്ചതേയില്ല.
ഒരു മുസ്ലിം വിശ്വാസ പ്രശ്നത്തില്‍ മുസ്ലിം ആയ ഒരാള്‍ നിലപാട് പറയുമ്പോള്‍ സെക്യുലര്‍ ലോകം എന്ത് പറയും എന്നത് ഒരിക്കലും അദ്ദേഹത്തിന്റെ ആകുലതയായിരുന്നില്ല. ആ കാര്യത്തില്‍ ഏകീകൃത സിവില്‍ കോഡ് മുതല്‍ സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടും സംവരണം വരെയുള്ള വിഷയങ്ങളിലെ നിലപാടുകളില്‍ ആ നൈരന്തര്യമുണ്ടായിരുന്നു.
മുഹമ്മദ് അബ്ദുറഹ്മാന് സാഹിബായിരുന്നു അക്കാര്യത്തിലെ അദ്ദേഹത്തിന്റെ മാതൃക. അവസാനം ഗെയില്‍ വിരുദ്ധ സമരത്തിലടക്കം ആ നിലപാടിന്റെ ധീരത നാം കണ്ടതാണ്. അതിനെല്ലാം അദ്ദേഹം പ്രതീക്ഷിച്ച അധിക്ഷേപങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുക തന്നെ ചെയ്തു.
അവസാന കാലത്ത് തന്നെയാണ്, ഒരു ചാനല്‍ ചര്‍ച്ചയില്‍ വെച്ച് പുരോഗമന രാഷ്ട്രീയം പറയുന്ന ഉന്നതനായ നേതാവ് അദ്ദേഹത്തിന് തീവ്രവാദ മുദ്ര ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിച്ചത്. അതൊന്നും എം. ഐ ഷാനവാസെന്ന ജനപ്രതിനിധിയെ തളര്‍ത്തുകയുണ്ടായില്ല, മറ്റുള്ളവര്‍ എന്ത് പറയുമെന്ന് കരുതി പറയാനുളളതില് വെള്ളം ചേര്‍ക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രകൃതം. സ്വന്തം വിശ്വാസത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത, വിശ്വാസത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച അബ്ദുറഹ്മാന് സാഹിബ് നയിച്ച ആ ധാരയില്‍ തന്നെയാണ് അദ്ദേഹത്തെയും അടയാളപ്പെടുത്തേണ്ടത്.