അറിയപ്പെടാത്ത ഗാന്ധി: അറബ് ലോകത്ത് നിന്നുള്ള വീക്ഷണങ്ങള്‍

അൻവർ അൽ ജുൻ ദി എന്ന അറബ് എഴുത്തുകാരൻ തൻറെ “അഭിപ്രായ ഭിന്നതക്ക് വിധേയരായ വ്യക്തികൾ” എന്ന പുസ്‌തകത്തിൽ മഹാത്മാ ഗാന്ധിയെക്കുറിച്ച് എഴുതിയത്. (സ്വതന്ത്ര വിവർത്തനം)

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ നേതാവായ ഗാന്ധി രാജ്യത്തുണ്ടായ ദേശീയ മുന്നേറ്റത്തെ മുസ്‌ലിംകളില്‍ നിന്ന്‌ തട്ടിയെടുക്കുകയായിരുന്നു. ഹിന്ദുത്വ പക്ഷപാതിത്വം ഉള്ളിൽ ഒളിപ്പിച്ച വ്യക്തി കൂടിയായ അദ്ദേഹം ബ്രിട്ടീഷ് സർക്കാരുമായി സഹകരിച്ച് സ്വാതന്ത്ര്യം ലഭിക്കുന്നത് നീട്ടിക്കൊണ്ടു പോവുകയാണുണ്ടായത്. ഇന്ത്യയെ കോളനിയാക്കിയ സർക്കാരിനോട് സമവായം സ്വീകരിക്കണമെന്നും എതിർത്ത് നിൽക്കേണ്ടതില്ല എന്നതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

സത്യത്തിൽ ഇന്ത്യൻ മുസ്‌ലിംകളാണ് സ്വാതന്ത്ര്യത്തിൻറെ ശിൽപികൾ. രാജ്യത്ത് കോളനിഭരണത്തിനെതിരെ സമാന്തരമായി പ്രവിശ്യകളിൽ ഭരണസാരഥികളെയും കോടതികളിൽ ജഡ്‌ജിമാരെയും നിയമിച്ചത് മുസ്‌ലിംകളാണ്. ഹിന്ദുത്വ ശക്തികള്‍ ഉയർത്തിക്കൊണ്ടുവന്ന ഹിന്ദു ദേശീയതയെ നിഷ്പ്രഭമാക്കി, ഇന്ത്യൻ ദേശീയതയെ സജീവമാക്കിയതും മുസ്‌ലിംകളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച സമരത്തിൻറെ തുടക്കം 1857 ൽ മുസ്‌ലിംകൾ ആരംഭിച്ച സമരമായിരുന്നു. ഇതിൻറെ ശക്തിയിൽ വിറപൂണ്ട ബ്രിട്ടീഷ് സർക്കാർ ഇതിനെ തകർക്കാൻ ഉപയോഗിച്ച കുതന്ത്രമാണ് സ്വാതന്ത്ര്യ സമരനേതൃത്വം ഹിന്ദുക്കൾക്ക് ഏൽപിച്ചു കൊടുത്ത് നിർവീര്യമാക്കുക എന്നത്. കാരണം അഞ്ച്‌ നൂറ്റാണ്ട് ഇന്ത്യ ഭരിച്ച മുസ്‌ലിംകളിലേക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യ വന്നു ചേരരുതെന്ന് ബ്രിട്ടീഷ് സർക്കാരും പദ്ധതിയിട്ടു.

വിദേശ സർക്കാരിന്റെ സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളും ബഹിഷ്കരിച്ച മുസ്‌ലിംകൾ ലാഹോർ, ലക്‌നോ തുടങ്ങിയ നഗരങ്ങളിൽ സമാന്തര സ്ഥാപനങ്ങൾ വിജയകരമായി ആരംഭിച്ചു. കൂടാതെ സ്വാതന്ത്ര്യ സമരത്തിന് കരുത്ത് പകരാൻ ലക്‌നൗ കേന്ദ്രമായി ‘അൽ ജംഇയത് അൽ ഇസ്ലാമിയ’ എന്ന സംഘടനയും രൂപീകരിച്ചു. ഇന്ത്യയിൽ മുസ്‌ലിംകൾ വെറും ന്യൂനപക്ഷമായി അറിയപ്പെടരുതെന്നാണ് സംഘടന ലക്ഷ്യമാക്കിയത്. ഈ സംഘടന രൂപീകരിച്ചതിൻറെ പേരിലാണ് 1916ൽ മഹമൂദ് ഹുസൈനെ രാജ്യത്തുനിന്ന് നാടുകടത്തുകയും അബുൽ കലാം ആസാദ്, ഹസ്രത് മഹാനി, സഫറുള്ള ഖാൻ, മുഹമ്മദ് അലി, ഷൗക്കത് അലി തുടങ്ങിയവരെ തടവിലാക്കുകയും ചെയ്‌തത്‌.

1919 നവംബർ 11 ന് ഇന്ത്യൻ നിയമത്തിൽ പരിഷ്‌കരണം വരുത്താമെന്ന സമാധാന കരാറിലേക്ക് രാജ്യത്തെ ഹിന്ദു മുസ്‌ലിം നേതാക്കളെ സർക്കാർ ലക്‌നോവിൽ വിളിച്ചുചേർത്തു. 1919 തടവുകാരെ മോചിപ്പിക്കാനും സർക്കാർ സമ്മതിച്ചു. ഇതേ സമയത്താണ് തുർക്കി കേന്ദ്രമായ ഇസ്‌ലാമിക ഖിലാഫത്തിനെ തകർക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചന നടന്നത്. അതിനാൽ 1920 ഫെബ്രുവരി 18 ന് ബോംബെ കേന്ദ്രമായി ഗുലാം മുഹമ്മദ്, മിയാൻ ഹാജി ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഖിലാഫത് സംരക്ഷണ സമിതി രൂപീകരിച്ചു. മുസ്‌ലിംകൾ അകമഴിഞ്ഞ് സഹായിച്ചതിനാല്‍ ആ സമയത്ത് ഖിലാഫത്ത് സംരക്ഷണ സമിതി 17 ദശലക്ഷം രൂപയാണ് സ്വരൂപിച്ചത്. (ഇന്ത്യ സന്ദർശിച്ച തുനീഷ്യൻ നേതാവ് അബ്ദുൽ അസീസ് അൽ സആല്ബി 1937 ഈജിപ്തിലെ അൽ അസ്ഹറിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്).

അക്കാലം വരെ ഇന്ത്യൻ രാഷ്ട്രീയ വൃത്തങ്ങളിൽ അറിയപ്പെടാത്ത ഗാന്ധി ‘അൽ ജംഇയ’യുടെ അഡ്രസിൽ ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി രംഗത്ത് വരികയാണ്‌ ചെയ്തത്. അതെ സമയം ഹിന്ദുക്കളുമായി ഗൂഢാലോചന നടത്തി സ്വാതന്ത്ര്യ സമരത്തിൻറെ നേതൃത്ത്വം മുസ്‌ലിംകളിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച് ഖിലാഫത് പ്രസ്ഥാനത്തെ നിർവീര്യമാക്കാൻ കോൺഗ്രസിൽ ലയിക്കാൻ ഗാന്ധി ആവശ്യപ്പെടുകയും ചെയ്‌തു. ഗാന്ധിയെ വിശ്വസിച്ച മുസ്‌ലിംകൾക്ക് ഇന്ത്യയിൽ തങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുകയായിരുന്നു ഫലം.

ഗാന്ധിയുടെയും ഇതര ഹിന്ദുക്കളുടെയും ലക്ഷ്യം ഇന്ത്യൻ ഭരണ പരിഷ്‌കരണം എന്നായിരുന്നു. എന്നാൽ കോൺഗ്രസിന്റെ ലക്ഷ്യം ഇന്ത്യയുടെ സ്വാതന്ത്ര്യമാണെന്ന് തിരുത്തിയത് മുസ്‌ലിംകളാണ്. ഈ ലക്ഷ്യപ്രഖ്യാപനത്തോടെ വിറപൂണ്ട ബ്രിട്ടീഷ് സർക്കാർ മുസ്‌ലിം നേതാക്കളെ ജയിലിലടച്ചു.

ഇന്ത്യൻ മുസ്‌ലിംകൾ സർക്കാർ വിരുദ്ധ നീക്കങ്ങൾ നടത്തരുതെന്ന് പ്രഖ്യാപിച്ച ഗാന്ധിക്ക് അബുൽ കാലം ആസാദ് നൽകിയ മറുപടിയിൽ ഇത് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു: “ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുസ്‌ലിംകൾ നടത്തുന്ന സമരത്തിൽ ഹിന്ദുക്കൾ പിന്തുണക്കുന്നില്ലെങ്കിൽ, അല്ലാഹുവിന്റെ പിന്തുണ മാത്രം അവലംബിച്ച് മുസ്‌ലിംകൾ സമരമുഖത്ത് മുന്നേറുക തന്നെ ചെയ്യും”.

ലോർഡ് റെഡ്‌ഡിങ്

വിദേശ സർക്കാരിനെയും ഉത്പന്നങ്ങളെയും ബഹിഷ്കരിക്കുക, നികുതി നൽകാതിരിക്കുക, കോടതികൾ ബഹിഷ്കരിക്കുക തുടങ്ങിയ സമര മുറികളിലേക്ക് തിരിഞ്ഞത് ഇതിന് ശേഷമാണ്. പുതിയ സമര രീതി ഭരണാധികാരികളെ ഞെട്ടിച്ചു. അവർ മുസ്‌ലിം സമരക്കാരെ ജയിലുകളിൽ നിറച്ചു. എന്നാൽ 1921 മുസ്‌ലിം നേതാക്കൾ ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. പ്രവിശ്യകളിൽ ഭരണാധികാരികളെ നിയമിച്ചു. ഇതിനെ നേരിടാനായി നടത്തിയ രാഷ്രീയ ചർച്ചയിൽ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മിലുള്ള യോജിപ്പ് അവസാനിപ്പിക്കാൻ ബ്രിട്ടീഷ് ഭരണാധികാരി ലോർഡ് റെഡ്‌ഡിങ് ഗാന്ധിയുമായി ധാരണയായി. അദ്ദേഹം ഗാന്ധിയെ ഇങ്ങനെ കാര്യം ധരിപ്പിച്ചു: “ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഇപ്പോൾ മുസ്‌ലിം കരങ്ങളിലാണ്‌. ബ്രിട്ടീഷുകാർ ഇപ്പോൾ ഇന്ത്യ വിട്ടാൽ രാജ്യ ഭരണം മുസ്‌ലിംകളുടെ പക്കലാണ്‌ ചെന്നുചേരുക. അപ്പോൾ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഭാവി എന്തായിരിക്കും? ചുറ്റും മുസ്‌ലിം രാജ്യങ്ങളുള്ള പ്രദേശത്ത്‌ അവർ ശക്തി പ്രാപിക്കും. ഹിന്ദുക്കൾ ചരിത്രത്തിൻറെ ഭാഗമാകും”. അതിനാൽ സ്വാതന്ത്ര്യത്തിന്‌ മുൻപ് മുസ്‌ലിംകളുടെ ശക്തി ക്ഷയിപ്പിച്ച് ഹിന്ദുക്കൾ ശക്തി നേടേണ്ടതുണ്ടെന്നും അദ്ദേഹം ഉപദേശിച്ചു. ഖിലാഫത്ത്‌ സമ്മേളനത്തിൽ മൗലാനാ മുഹമ്മദ് അലി ചെയ്‌ത സർക്കാർ വിരുദ്ധ പ്രസംഗത്തെ പരാമർശിച്ച് അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കണമെന്നും ഗാന്ധിയോട് നിർദേശിച്ചു. തൻറെ പ്രസംഗം സർക്കാർ തെറ്റിദ്ധരിച്ചാണെന്ന് രഹസ്യമായി ഒരു കുറിപ്പ് നൽകാൻ ഗാന്ധി നിർദേശിച്ചു. എന്നാൽ ഈ രഹസ്യ കുറിപ്പ് പരസ്യപ്പെടുത്തുന്നതിലൂടെ മുഹമ്മദ് അലിയുടെ സ്വാധീനം ഇല്ലാതാക്കലായിരുന്നു ലക്ഷ്യം. അദ്ദേഹം തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്‍മാറുന്നതായി ജനം വിലയിരുത്താനും ഇത് കാരണമായി. എന്നാൽ 1920 ആഗസ്റ്റിൽ കറാച്ചിയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കി. ഇതാണ് അദ്ദേഹത്തിന്റെയും മറ്റ് ആറ് പേരുടെയും അറസ്റ്റിന് വഴിവെച്ചത്.

എന്നാലും അഹ്മദാബില്‍ നടക്കുന്ന സമ്മേളനത്തിൽ തങ്ങൾ പങ്കെടുക്കുമെന്നും സ്വതന്ത്ര ഇന്ത്യൻ സർക്കാർ പ്രഖ്യാപനം നടത്തുമെന്നും നേതാക്കൾ പ്രസ്താവന ഇറക്കി. എന്നാൽ സർക്കാർ അതിന് സമ്മതിച്ചില്ല. മറിച്ച്, 1920 ഡിസംബറിൽ നടന്ന സമ്മേളനത്തിൽ, കോൺഗ്രസിന്റെ തീരുമാനധികാരവും നേതൃത്വവും തന്നിൽ ഏൽപ്പിക്കണമെന്ന് ഗാന്ധി ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി കോൺഗ്രസിന്റെ നേതൃപദവിയിൽ എത്തുന്നത്. അതോടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് സാഹചര്യം അനുകൂലമല്ലെന്ന നിലപാടാണ് ഗാന്ധി സ്വീകരിച്ചത്. 1921 ൽ അഹ്മദാബില്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന സമ്മേളനവും ഇതേ നിലപാട് ആവർത്തിച്ചു. ഇതോടെ ഖിലാഫത്ത്‌ പ്രസ്ഥാന നേതാക്കളായ അജ്‌മൽ ഖാൻ, ഹസ്രത് മഹാനി തുടങ്ങിയവർ ചേർന്ന് ഇന്ത്യ സ്വതന്ത്രമാണെന്നും ഇന്ത്യൻ ജനത ബ്രിട്ടീഷ് നിയമങ്ങൾ പാലിക്കേണ്ടതില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ ഇവരെയും സർക്കാർ ജയിലിലടച്ചു.

മുസ്‌ലിം നേതാക്കള്‍ തടവിലായതോടെയാണ് സ്വാതന്ത്ര്യ സമര നേതൃത്വം ഗാന്ധിയിൽ വന്നുചേർന്നതെന്നും ഗാന്ധി സമരത്തെ എതിർ ദിശയിലേക്ക് നയിക്കുകയും സ്വാതന്ത്ര്യം ലഭിക്കുന്നത് പിന്തിക്കുക യുമായിരുന്നെന്നും അബ്ദുൽ അസീസ് അൽ സആല്ബി തൻറെ കുറിപ്പുകളിൽ പറയുന്നു.

ഇതാണ് ഗാന്ധിയുടെ യഥാർത്ഥ മുഖം. ഇതിനെക്കുറിച്ചു നമ്മിൽ പലർക്കും, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ ആകൃഷ്ടരായ ഈജിപ്തുകാര്ക്ക് പോലും അറിയില്ല. അദ്ദേഹത്തിന്റെ സമാധാന, അഹിംസ നിലപാട് സമരത്തെ നിർവീര്യമാക്കാനുള്ളതായിരുന്നു. ഹിന്ദു പക്ഷപാതിയും മുസ്‌ലിം വിരുദ്ധനുമായ ഗാന്ധിയുടെ കപടമായ രൂപമാണ് നമ്മുടെ മുമ്പിലുള്ളതെന്നും സമൂഹം അറിയേണ്ടതുണ്ട്. ഗാന്ധിയും അദ്ദേഹത്തിന്റെ ശിഷ്യനായ നെഹ്‌റുവും മുസ്‌ലിംകളോട് കടുത്ത നിലപാട് സ്വീകരിച്ചവരാണ്. ഇന്ത്യൻ മുസ്‌ലിംകളുടെ ജനസംഖ്യ നിയന്ത്രിക്കാനുള്ള നിലപാടാണ് നെഹ്‌റുവിന്റെ പുത്രി ഇന്ദിര ഗാന്ധി സ്വീകരിച്ചത്. അതിനാൽ നാം യാഥാർഥ്യം മനസ്സിലാക്കുകയും കള്ള പ്രചാരണങ്ങളും ഊഹങ്ങളും മിന്നുന്ന വ്യക്‌തിപ്രഭാവങ്ങളും നമ്മെ വഞ്ചിക്കാതിരിക്കുകയും വേണം.

[/et_pb_text][/et_pb_column]
[/et_pb_row]
[/et_pb_section]

By അന്‍വര്‍ അല്‍ജുന്‍ദി

Egyptian Writer and Thinker