മദ്രാസ് ഐ.ഐ.ടി യുടെ ജാതി

ചെന്നൈ ഐ ഐ ടിയെക്കുറിച്ച് കെ അഷ്റഫ് മാധ്യമം ദിനപത്രത്തിൽ 2015 ജൂൺ പതിനൊന്നിന് എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവൽകൃത കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ

കോളനിയാനന്തര ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസ സംസ്കാരത്തെ വളര്‍ത്താനാണ്‌ ഐ ഐ ടികൾ സ്ഥാപിക്കപെട്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് സ്ഥാപന നടത്തിപ്പിലും ഫാക്കല്‍ട്ടി നിയമനങ്ങളിലും കരിക്കുലം നിര്‍ണയത്തിലും സ്വയം ഭരണവും സ്വയംനിര്‍ണയവും (autonomy ) ഐ ഐ ടികളുടെ പ്രത്യേകതയാണ് . ജോയിന്റ്‌ എന്‍ട്രന്‍സ് എക്സാം (ജെ ഇ ഇ) പോലുള്ള സംവിധാനങ്ങൾ ഐ ഐ ടി പ്രവേശനത്തിന്റെ മൂല്യം വര്ധിപ്പിച്ചു. ബൌദ്ധിക നിലവാരം, ഗുണനിലവാരം തുടങ്ങിയവ ഉറപ്പു വരുത്താൻ എന്ന പേരില് സ്ഥാപനത്തിന്‍റെ മെരിറ്റ് (merit) നില നിറുത്തേണ്ടത് അത്യാവശ്യമാണെന്ന് വാദിക്കപെട്ടു. അതുകൊണ്ടുതന്നെ, അമ്പതുകളിലും അറുപതുകളിലും സംവരണത്തിൽ നിന്നുവരെ ഐ ഐ ടികളെ മാറ്റി നിറുത്തിയിരുന്നു. ദളിത്‌ – ആദിവാസി വിഭാഗങ്ങള്‍ക്ക് 22.5 ശതമാനം സംവരണം നല്കിയ 1973 ലെ എസ് സി- എസ് ടി ആക്ടും ഓ ബി സി വിദ്യാര്‍ഥികള്‍ക്ക് 27 ശതമാനം സംവരണം നല്കിയ 2006 ലെ ഓ.ബി.സി ആക്ട്ടും നടപ്പിലാക്കിയതോടെ ഐ ഐ ടികളുടെ ചരിത്രത്തിൽ നിര്‍ണായകമായ ചില മാറ്റങ്ങൾ വന്നു. ഹാവഡ് സർവകലാശാല പ്രഫസറായ അജന്ത സുബ്രഹ്മണ്യം തന്റെ Making Merit: The Indian Institutes of Technology and the Social Life of Caste എന്ന ലേഖനത്തിൽ വിശദീകരിക്കും പോലെ ആദിവാസി -ദളിത്‌ – ഓ ബി സി സംവരണം ഐ ഐ ടികളിൽ കീഴാള വിദ്യാര്‍ഥികളെ നിര്‍ണായകമായ ഒരു സാമൂഹിക ശക്തിയാക്കി മാറ്റി .

ഐ.ഐ.ടി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച ഫാത്തിമ ലത്തീഫ്‌ ,

ബ്രിട്ടീഷ് ഭരണകാലത്ത് ജാതി മേധാവിത്വം നിലനിറുത്തികൊണ്ടുതന്നെ ബ്യുറോക്രാറ്റിക്ക് / ടെക്നോക്രാറ്റിക് വര്‍ഗമായി മാറിയ തമിഴ് ബ്രാഹ്മണർ ചെന്നൈ ഐ ഐ ടിയുമായി ബന്ധപ്പെടുന്നതിന്‍റെ ചരിത്രവും അജന്ത സുബ്രമണ്യം നല്കുന്നുണ്ട്. വംശീയ വ്യത്യാസം (racial difference) നിലനിറുത്തികൊണ്ടുതന്നെയാണ് കൊളോണിയൽ ഇന്ത്യയിൽ ബ്രിട്ടണ്‍ സാങ്കേതിക വിജ്ഞാനം വികസിപ്പിച്ചത്.

പക്ഷെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ച് സാങ്കേതിക വിജ്ഞാന മേഖല ഇന്ത്യയിൽ വികസിപ്പിക്കാൻ വലിയ പ്രയാസമുണ്ടെന്നു മനസിലാക്കിയ ബ്രിട്ടീഷുകാർ തദ്ദേശീയരെ പരിശീലിപ്പിക്കാൻ ഒട്ടേറെ സാങ്കേതിക വിജ്ഞാന സ്ഥാപനങ്ങൾ ആരംഭിച്ചു . ഇന്ത്യൻ സാഹചര്യത്തിൽ തൊഴിൽ എന്നത് ജാതിയുമായി ബന്ധപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ സാങ്കേതിക തൊഴിൽ മേഖലയിലും ജാതി പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ബ്രിട്ടീഷ് സാമൂഹ്യ ശാസ്ത്രജ്ഞർ മനസ്സിലാക്കി. അതോടെ കൂടുതൽ കായികമായ അധ്വാനം ആവശ്യമായ സാങ്കേതിക വിജ്ഞാനങ്ങളും തൊഴിലും സമാനമായ തൊഴിലുകളിൽ ഏര്‍പ്പെട്ടിരുന്ന കീഴ്ജാതി വിഭാഗക്കാര്‍ക്ക് നല്കുകയും മാനസികവും ബൌദ്ധികവുമായ അധ്വാനം ആവശ്യമായ സാങ്കേതിക വിജ്ഞാനവും അതുമായി ബന്ധപെട്ട വിദഗ്ധതൊഴിലും മുമ്പേ അതിൽ കൂത്തക ഉണ്ടായിരുന്ന ബ്രാഹ്മണരുടെ കയ്യിൽ എത്തിച്ചേരുകയും ചെയ്തു. ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണകൂടത്തിന്റെ മുന്‍കയ്യാല്‍ സ്ഥാപിതമാകുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവേശന മാനദണ്ഡം ജാതിയാണെന്ന് 1910ല്‍ മദ്രാസ് സിവിൽ എഞ്ചിനിയറിങ്‌ കോളേജിലെ പ്രൊഫസറായ ആല്ഫ്രെഡ്‌ ചാറ്റെര്ട്ടാൻ നിരീക്ഷിക്കുന്നത് അതുകൊണ്ടാണ്. മാത്രമല്ല, അതുവരെ ശരീരംകൊണ്ട് ചെയ്യുന്ന പരമ്പരാഗത തൊഴിലുകളെ താഴ്ന്നരീതിയിൽ കണ്ട ബ്രാഹമണര്‍, യന്ത്രസഹായത്തോടെ ചെയ്യുന്ന ആധുനിക വ്യവസായ സ്ഥാപനത്തിലെ തൊഴിലും വിജ്ഞാനവും തങ്ങളുടെ ജാതി സ്ഥാനത്തെ ഒട്ടും ഉലക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെ ഇന്ത്യയിൽ ശാസ്ത്ര – സാങ്കേതിക വിജ്ഞാനത്തിലെ ഉയര്‍ന്ന മേഖലകളും മേല്ജാതി കുത്തകയായി മാറി .

1959 ല്‍ വെസ്റ്റ് ജര്‍മനിയുടെ സഹകരണത്തോടെ മദ്രാസ് ഐ ഐ ടി സ്ഥാപിച്ചതോടെ, കൊളോണിയൽ കാലഘട്ടത്തിൽ മെച്ചപ്പെട്ട സാങ്കേതിക വിജ്ഞാനം ലഭ്യമായ തമിഴ് ബ്രാഹ്മണർ തങ്ങളുടെ കഴിവും യോഗ്യതയും മുൻനിര്‍ത്തി ഐ ഐ ടിയില്‍ കൂട്ടമായി പ്രവേശനം നേടി. തുടക്കത്തിൽ സംവരണം ഇല്ലാതിരുന്നതിനാല്‍ കീഴ്ജാതി സാന്നിധ്യം ഗണ്യമായി കുറഞ്ഞിരുന്നതും ദേശീയ പ്രാധാന്യം ധാരാളം ഉണ്ടായിരുന്നതുമായ ഐ ഐ ടികളിലേക്ക് തമിഴ് ബ്രാഹമണർ ധാരാളം ചെന്നെത്തിയതിനു പിനിൽ മറ്റൊരു കാരണം കൂടിയുണ്ട്. 1921 മുതൽക്കു തന്നെ തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറുപത്തി ഒമ്പത് ശതമാനം സംവരണം കീഴ്ജാതിക്കാര്‍ക്ക് ലഭ്യമായിരുന്നു. അതിനാല്‍ തമിഴ്‌നാട് ഗവണ്‍മെന്റ്‌ നടത്തുന്ന സ്ഥാപനങ്ങളിലെങ്കിലും ഔപചാരികമായ അർത്ഥത്തിൽ അമിതമായ ബ്രാഹ്മണ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രവേശനം ലഭ്യമായതോടെ അത്തരം സ്ഥാപനങ്ങളിൽ പഴയ പോലെ തങ്ങളുടെ മേധാവിത്വം നില നിറുത്താൻ ബ്രാഹ്മണര്‍ക്ക്‌ കഴിയാതെ വരികയും ചെയ്തു. ഇതോടെയാണ് ജാതിപരമായി ലഭിച്ച ‘അധികയോഗ്യതയും മികവും കഴിവും’ മൂലധനമാക്കി ഉന്നത സാങ്കേതിക തൊഴിൽ വിജ്ഞാന മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായ മദ്രാസ് ഐ ഐ ടിയിൽ തമിഴ് ജനസംഖ്യയിൽ കേവലം മൂന്നു ശതമാനം വരുന്ന തമിഴ് ബ്രാഹ്മണർ ബഹുഭൂരിപക്ഷം പദവികളും കൈവശം വെച്ചു തുടങ്ങിയത് .

ചുരുങ്ങിയത് രണ്ടു പ്രധാന സാമൂഹികതന്ത്രങ്ങൾ ഐ ഐ ടികളിൽ ഈ പുത്തൻ ജാതി കുത്തക നിലനിറുത്തുന്നതിന് സഹായകമായിട്ടുണ്ട്.

ഒന്ന് ) ഐ ഐ ടികളിക്കുള്ള പ്രവേശനത്തിന് പരിഗണിക്കുന്നത് ഗുണനിലവാരം, മികവ്, കാര്യക്ഷമത, മത്സരബുദ്ധി തുടങ്ങിയ ആധുനികവും ശാസ്ത്രീയവും സർവോപരി വ്യക്തിപരവും ആയ മാനദണ്ഡങ്ങള്‍ മാത്രമാണെന്ന് വാദിക്കപ്പെട്ടു. ഇതോടൊപ്പം ഐ ഐ ടി പ്രവേശനത്തിനു ജാതിപോലുള്ള പൂർവാധുനികവും മതപരവും സാമുദായികവുമായ സ്ഥാപനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന മതേതര നിര്‍മിതി പൊതുചർച്ചയുടെ ഭാഗമായി വികസിക്കുകയും ചെയ്തു. മേല്‍ജാതി വിഭാഗങ്ങളുടെ യോഗ്യതയും കഴിവും ബുദ്ധിശക്തിയും അവരുടെ വ്യക്തിപരമായ ചരിത്രവുമായി മാത്രം ബന്ധപ്പെട്ടതാനെനും അവരുടെ സാമൂഹിക ചരിത്രവുമായി അതിന്‌ യാതൊരു ബന്ധവുമില്ലെന്ന ന്യായമാണ് ഇതിലൂടെ ഉന്നയിക്കപെട്ടത്‌.

രണ്ട് , 1973 ൽ ഐ ഐ ടികളിൽ ആദിവാസി – ദളിത്‌ സംവരണം നടപ്പാക്കിയപ്പോൾ സംവരണത്തിലൂടെയല്ലാതെ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ജാതിരഹിതരും (ജനറല്‍) മെരിറ്റ് മാത്രം കൈമുതലാക്കി ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിലെത്തിയവരുമാണെന്ന പൊതുബോധം നിര്‍മിക്കപ്പെട്ടു. അങ്ങിനെ, എണ്ണത്തില്‍ തുച്ഛമായ കീഴാള വിദ്യാര്‍ഥികൾ മാത്രം ജാതിയുടെ മുദ്രയുള്ളവരും ജനറൽ കാറ്റഗറി എന്ന പ്രയോഗത്തിലൂടെ ബഹുഭൂരിപക്ഷം മേല്‍ജാതി വിദ്യാര്‍ഥികള്‍ ജാതി രഹിതരും ആധുനികരും സാമൂഹിക സ്ഥാനത്തിന്‍റെ പാടുകൾ അവശേഷിക്കാത്തവരുമായി മാറി.

മദ്രാസ് ഐ ഐ ടിയിൽ ഇപ്പോൾ നടക്കുന്ന മാറ്റങ്ങൾ, പിന്നാക്ക ജാതി / സമുദായ / പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഉന്നത – സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്കുള്ള ഉയര്‍ന്ന തോതിലുള്ള പ്രവേശനവുമായി പല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു. 1973 ലെ എസ് സി – എസ് ടി സംവരണത്തെ അപേക്ഷിച്ച് 2006 ലെ ഒ ബി സി സംവരണം ഐ ഐ ടികളുടെ ചരിത്രത്തെത്തന്നെയും മാറ്റിമറിക്കുമെന്നാണ് അജന്ത സുബ്രഹ്മണ്യം കരുതുന്നത്. ഇതോടുകൂടി ഇന്ത്യയിലെ മറ്റു പല സര്‍വകലാശാലകളിലെയും പോലെ ദളിത്‌ – ആദിവാസി – ഒ ബി സി വിദ്യാര്‍ഥികളുടെ വലിയൊരു ബ്ലോക്ക് ഉയര്‍ന്നു വരികയും മേല്ജാതി വിദ്യാര്‍ഥികൾക്കും അധ്യാപകര്ക്കും ബ്യുറോക്രസിക്കും ശാസ്ത്ര – സാങ്കേതിക വിജ്ഞാനത്തിന്റെ മറവിൽ ആധുനികരും ജാതി രഹിതരുമായി നില്‍ക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്.

By കെ അഷ്‌റഫ്‌

Research Associate, University of Johannesburg