ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2
വിഭജനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഘട്ടത്തിൽ എങ്ങനെയാണ് ഇന്ത്യൻ ദേശീയതാബോധം നിർമ്മിക്കപ്പെട്ടത്? 1940 മുതൽ ഇന്ത്യൻ ദേശീയതയിൽ ‘അവർ’, ‘നമ്മൾ’ എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കപ്പെട്ടത് യഥാക്രമം ഹിന്ദു/ഇന്ത്യൻ എന്നും മുസ്‌ലിം/വിദേശി എന്ന അർത്ഥത്തിലുമാണ്. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഇടയിലുള്ള ഒരു ഭിന്നിപ്പ് ആയാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഭരണഘടനാ നിർമ്മാണ സഭയിലെ പ്രസംഗങ്ങളിൽ ഭൂരിപക്ഷം ന്യൂനപക്ഷത്തോട് കാണിച്ച മഹാമനസ്കതയായിട്ടാണ് ദേശീയബോധം അറിയപ്പെടുന്നത്.
1947 ഒക്ടോബറിൽ കാൺപൂരിലെ ഹിന്ദി പത്രമായ വർത്തമാനിൽ വന്ന ഒരു വാർത്ത നോക്കുക: “ആരുടെ ദേശമാണിത്? യഥാർത്ഥ ബോധത്തോടെ ഇന്ത്യയെ സ്വദേശം എന്ന് വിളിക്കാവുന്നരുടെയെല്ലാം ദേശം. ബുദ്ധ-ജൈന, സിഖ്, ക്രിസ്ത്യൻ, പാർസി മതക്കാർ എങ്ങനെയാണ് ഇന്ത്യക്കാരായി മാറിയത് എന്ന് എഡിറ്റർമാർ വിശദീകരിക്കുന്നുണ്ട്. അവരെല്ലാം ഇന്ത്യയെ സ്വദേശമായി കരുതിയവരായിരുന്നു. നിർബന്ധിത മത പരിവർത്തനം കാരണം ചില ഹിന്ദുക്കൾ ബുദ്ധ-ജൈന മതക്കാരായി മാറി. പക്ഷെ അവർ പൗരത്വം കൈവെടിയുകയോ ദേശം ഉപേക്ഷിക്കുകയോ ചെയ്തില്ല. അവർ സ്വയം ചൈനീസ് എന്നോ ജപ്പാനീസ് എന്നോ വിളിച്ചില്ല. സിഖുകാരും ഇന്ത്യയെ ജന്മഭൂമിയും സ്വദേശവും ആയിട്ടാണ് കരുതിയത്”.
വളരെ എളുപ്പമുള്ള വിശകലനമാണിത്. ബുദ്ധ, ജൈന, സിഖ് മതക്കാർ ഇന്ത്യയെ തങ്ങളുടെ ജന്മഭൂമിയായി കാണാനുള്ള കാരണം അവരുടെ മതകീയ ആചാരങ്ങൾ പിറന്നത് ഇവിടെയായായത് കൊണ്ടാണത്രെ. അതേസമയം ആംഗ്ലോ ഇന്ത്യക്കാർ അൽപ്പകാലം സന്ദേഹിച്ചു നിന്നു. അവർ ഇംഗ്ലീഷുകാരും രക്തത്താൽ ഇന്ത്യനും എല്ലാത്തിനുമപ്പുറം അവർ യുറേഷ്യൻമാരുമായിരുന്നു. തൊള്ളായിരത്തി എൺപതുകളോടെ അവരിൽ പലരും കുടിയേറി. മുസ്‌ലിംകളിൽ നിന്ന് വ്യത്യസ്തമായി അവരിൽ രണ്ടു കാര്യങ്ങൾ വർത്തമാൻ പത്രം കണ്ടെത്തിയിരുന്നു. എണ്ണത്തിൽ അവർ മുസ്‌ലിംകളെ പോലെ ഒരിക്കലും ബാഹുല്യം ഉള്ളവർ ആയിരുന്നില്ല. മറ്റൊന്ന്, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ അവർ ഇന്ത്യയെ സ്വദേശമായി മനസ്സിലാക്കി.
പാഴ്സികളുടെ കാര്യത്തിലുള്ള വിശകലനം വളരെ വ്യത്യസ്തമായിരുന്നു. ജീവരക്ഷാർത്ഥം ഇറാനിൽ നിന്നും അഭയാർഥികളായി വന്നവരാണ് അവർ. അല്ലാതെ അധിനിവേശക്കാരോ മിഷണറിമാരോ ആയിരുന്നില്ല. ഇവിടെ ജീവിക്കാൻ അവർ അവരുടെ മതത്തെയോ സംസ്കാരത്തെയോ ഭാഷയെയോ ഉപേക്ഷിച്ചില്ല. അവരിൽ പലരും യഥാർത്ഥ പൗരൻമാരെ പോലെ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ധൈഷണിക വികാസത്തിൽ അവരുടേതായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ഇത് വരെ നാം കേൾക്കാത്ത ഒരു തരം അനുമാനമാണിത്. ബിസിനസുകാരായ ജർമൻ ധനികർ, അറബ് ശൈഖുമാർ എന്നിവർക്ക് ഇംഗ്ലണ്ടിലും അമേരിക്കയിലും ഓസ്ട്രേലിയയിലും വൻ സ്വീകാര്യതയാണ്. കാരണം, സാമ്പത്തികവും ധൈഷണികവുമായ വികസനങ്ങളിൽ ഭാഗവാക്കാവാൻ അവർക്ക് സാധിക്കും. ഇതേ കാരണത്താലാണ് പാഴ്സികൾക്ക് ഇന്ത്യയിൽ അനുകൂല അവസ്ഥയുണ്ടായത്. വളരെ ചെറിയ ന്യൂനപക്ഷമായതു കൊണ്ടും ബോംബെ പോലുള്ള സ്ഥലങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ ആനുകൂല്യങ്ങൾ ലഭിച്ചത് കൊണ്ടും ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ധൈഷണിക വികാസത്തിൽ അവർക്ക് സംഭാവനകൾ അർപ്പിക്കാൻ സാധിച്ചു.
മുസ്‌ലിംകളുടെ കാര്യം വളരെ വ്യത്യസ്തമായിരുന്നു. ഇന്ത്യയിൽ ഇസ്‌ലാമിലേക്കുള്ള പരിവർത്തനം വൻതോതിൽ നടന്നിരുന്നു.
അവിഭക്ത ഇന്ത്യയിൽ 90 മില്യൺ മുസ്‌ലിംകൾ ഉണ്ടായിരുന്നു അഥവാ അവിഭക്ത ഇന്ത്യയുടെ 25% ജനത. പരിവർത്തിതരിൽ ഭൂരിപക്ഷവും ഹിന്ദുക്കളിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളായിരുന്നു.
വർത്തമാൻ പത്രം പറയുന്നതിങ്ങനെയാണ് “അവരെല്ലാം മുസ്‌ലിംകളായത് ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ നീചത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ്. എങ്കിലും ഹിന്ദു ജാതിവ്യവസ്ഥയുടെ അടിച്ചമർത്തലിനെ പ്രതിരോധിക്കുക എന്നത് ഒരു കാര്യവും സ്വന്തം ഭാഷയെയും സംസ്കാരത്തെയും മതത്തെയും ഉപേക്ഷിക്കുക എന്നത് മറ്റൊരു കാര്യമാണ്”. ഹിന്ദു പരിവർത്തിത മുസ്‌ലിംകൾ ഹിന്ദുക്കളായിരുന്നെങ്കിലും അവർ മുഗൾ, അറബ് സമുദായങ്ങളിൽ പെട്ടവരാണെന്ന് സ്വയം കരുതി തുടങ്ങി. മുസ്‌ലിംകൾ ഈ രാജ്യത്തെ ഭരണാധികാരികളായിരുന്നെന്നും അവർക്ക് അറേബ്യ പേർഷ്യൻ തുർക്കി എന്നീ രാഷ്ട്രങ്ങളുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും ഔറംഗസീബും പിന്നീട് ബ്രിട്ടീഷുകാരും നിരന്തരം മുസ്‌ലിംകളെ പഠിപ്പിക്കാൻ ശ്രമിച്ചു”.
വർത്തമാൻ എഡിറ്റോറിയൽ മുസ്‌ലിം അധിനിവേശ ശക്തികളുടെ സ്വേച്ഛാധിപത്യത്തെയും അവർ വിതച്ച നാശത്തെയും വിവരിക്കുന്നുണ്ട്. പ്രാദേശികതലത്തിൽ പരിവർത്തനം ചെയ്തവർ ക്രൂരരും വിനാശകാരികളുമായിരുന്നത്രെ. ഹിന്ദു അമ്പലങ്ങൾ തകർക്കൽ മതകീയ പരിപാടികളിൽ ആക്രമണം അഴിച്ചു വിടൽ എന്നിവ അവരുടെ ഹോബിയായിരുന്നു. പശുവിനെ ഹിന്ദുക്കൾ പവിത്രമായ കണ്ടിരുന്നതിനാൽ ബക്രീദിന് മുസ്‌ലിംകൾ പശുവിനെ അറുത്ത് ആഘോഷിച്ചിരുന്നു. ഇത്തരത്തിൽ മുസ്‌ലിംകളെ വൈദേശികരായി അപരവൽക്കരിക്കാനുള്ള കാരണം പത്രം തന്നെ പറഞ്ഞു വെക്കുന്നുണ്ട്. ” അവർ മുസ്‌ലിംകളായതോടെ അവർ അവരുടെ മതത്തെ മാത്രമല്ല രാഷ്ട്രത്തെ പോലും ഉപേക്ഷിക്കാൻ ആലോചിച്ചിരുന്നു. അവർ ഇവിടെ ബാക്കി നിന്നവരെ കുറിച്ച് ആലോചിച്ചില്ല. അവർ പ്രാദേശിക ഭാഷയെ പോലും വൈദേശിക ഭാഷയായി കണ്ടു. ഇന്ത്യൻ ഭാഷയിൽ നിന്നും നാഗരികതയിൽ നിന്നും വിച്ഛേദിച്ചു.
പത്രത്തിലെ വാർത്ത പ്രകാരം കൊളോണിയൽ വിരുദ്ധ സമരത്തിൽ മറ്റു സമുദായ അംഗങ്ങളെല്ലാം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയപ്പോൾ അതിനു തടസ്സം നിന്നത് മുസ്‌ലിംകൾ മാത്രമായിരുന്നു. അവർ വിഭാഗീയ ആവശ്യങ്ങൾ ഉന്നയിക്കുകയും ബ്രിട്ടീഷുകാരുടെ കയ്യിലെ കളിപ്പാവയാവുകയും ചെയ്തു. ഒടുവിൽ അവരുടെ പ്രവർത്തനങ്ങളുടെ ഫലമായി ഹിന്ദുക്കളെ പുറത്താക്കുന്ന പാകിസ്ഥാൻ അവർക്ക് സമ്മാനമായി ലഭിക്കുകയും ചെയ്തു. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പാക്കിസ്ഥാൻ മക്കയെ പോലെ ആയിരുന്നു എന്നും ജിന്ന പ്രവാചകനെ പോലെയാണെന്നും വർത്തമാനം പത്രത്തിന്റെ എഡിറ്റർമാർ എഴുതിവിട്ടു.
മുസ്‌ലിം അവസ്ഥകളെക്കുറിച്ച് വർത്തമാൻ പത്രം എഴുതിവിട്ട അനുമാനങ്ങളിൽ തെറ്റുകൾ കണ്ടെത്തുകയെന്നത് തികച്ചും വ്യർത്ഥമായ കാര്യമാണ്. എങ്കിലും പ്രത്യേകം ഊന്നൽ നൽകേണ്ട ഒരു കാര്യമുണ്ട്. സംസ്കാരത്തെക്കുറിച്ച് പത്രം ഉന്നയിച്ച ഒരു വാദം രാഷ്ട്രീയ അധികാരത്തെ കുറിച്ചുള്ള ഒരു വാദം കൂടി ആയി മാറുന്നുണ്ട്. ആംഗ്ലോ ഇന്ത്യക്കാർ എണ്ണത്തിൽ മുസ്‌ലിംകളോളം ഇല്ലാത്തതിനാൽ അവർ ഒരു ഭീഷണിയായില്ല. പാർസികൾ മതത്തിലും ഭാഷയിലും സംസ്കാരത്തിലും വ്യത്യസ്തരായ നിന്നതിനാൽ ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക ധൈഷണിക മേഖലയിൽ പങ്കുവഹിക്കാൻ അവർക്ക് കഴിഞ്ഞു. അതേസമയം മുസ്‌ലിംകൾ അവരുടേതായ വിഭാഗീയ നിബന്ധനക ഉന്നയിക്കുകയും ബ്രിട്ടീഷുകാർക്കെതിരെയുള്ള ഐക്യ പോരാട്ടത്തിൽ തടസ്സമായി നിൽക്കുകയും ചെയ്തു. അവർ ഇന്ത്യ എന്ന ആശയത്തെ സ്വീകരിച്ചത് തന്നെയില്ല. ആയതിനാൽ അവർ ഇന്ത്യക്കാരും അല്ല.
പത്രത്തിന്റെ ആഖ്യാനത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇത്രയും വിശകലനത്തിന് ഇടയ്ക്ക് കുറഞ്ഞ തവണ മാത്രമേ ഹിന്ദു എന്ന പേര് പരാമർശിക്കപ്പെടുന്നുള്ളൂ. ആരുടെ രാഷ്ട്രമാണിത് എന്ന ചോദ്യത്തിനുള്ള മറുപടിയിൽ ഹിന്ദു സമുദായത്തെ ഒരു പ്രത്യേക ഘടകമായി എണ്ണുന്നില്ല എന്നാണ് പറയുന്നത്. കാരണം ഹിന്ദുക്കൾ ഒരു പ്രത്യേക ഘടകമല്ല. അവർ തന്നെയാണ് രാഷ്ട്രം.
ന്യൂനപക്ഷത്തിൽ നിന്നും സഹകരണത്തെ ആവശ്യപ്പെടുന്ന ‘ഞങ്ങൾ’ ആണ് അവർ. പുഴയും മലയും മരവും ഭൂമിയും ഒക്കെ പോലെ ഈ അദൃശ്യ ഹിന്ദുക്കളാണ് ദേശത്തിന്റെ സത്ത. അവരുടെ സംസ്കാരമാണ് ദേശത്തിന്റെ സംസ്കാരം. അവരുടെ ചരിത്രമാണ് ദേശത്തിന്റെ ചരിത്രം. അതിനു പ്രത്യേക പ്രസ്താവനയൊന്നും ആവശ്യമില്ല.
ഭരണഘടന നിർമാണ സഭയിൽ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് ശക്തമായ സംവാദങ്ങൾ നടന്നിരുന്നു. താൻ യഥാർത്ഥ ഇന്ത്യക്കാരനാണെന്ന് അവകാശപ്പെടുന്നെങ്കിൽ തന്റെ സമുദായത്തെ പരാമർശിക്കുമ്പോൾ ആംഗ്ലോ എന്നുള്ള ഉപസർഗം ഒഴിവാക്കണമെന്ന് ചിലർ ഉന്നയിച്ച വാദത്തെ ആംഗ്ലോ-ഇന്ത്യൻ സമുദായത്തിന്റെ നേതാവായ ഫ്രാങ്ക് അന്തോണി ഭരണഘടനാ നിർമാണ സഭയിൽ ചോദ്യംചെയ്തതോടെ പ്രശ്നങ്ങൾ പിരിമുറുകി. “‘ആംഗ്ലോ-ഇന്ത്യൻ’ എന്നത് നല്ലതോ ചീത്തയോ തെറ്റോ ശരിയോ എന്നതിലുപരി എനിക്ക് പ്രിയപ്പെട്ട ഒരുപാട് കാര്യങ്ങൾ അത് സൂചിപ്പിക്കുന്നുണ്ട്. നിങ്ങൾ ഹിന്ദു എന്ന ലേബൽ ഉപേക്ഷിക്കുന്ന അതേദിവസം തന്നെ ഞാനും ഈ ലേബൽ ഉപേക്ഷിക്കാൻ തയ്യാറാണ്. നിങ്ങൾ ഹിന്ദുവാണ് എന്ന് മറക്കുന്ന ആ ദിവസം, അല്ല അതിനേക്കാൾ രണ്ടുദിവസം മുമ്പ് ഞാൻ ആംഗ്ലോ എന്ന ഉപസർഗം (prefix) ഒഴിവാക്കും”.
ആംഗ്ലോ-ഇന്ത്യൻ നേതാവിന്റെ വാദം വളരെ യുക്തിയുക്തമായിരുന്നു. പക്ഷേ അത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. പല ഹിന്ദുക്കൾക്കും ഹിന്ദു എന്ന പേര് ഉന്നയിക്കാൻ തന്നെ പാടില്ല എന്ന കാര്യമാണ് ഈ വാദം കൊണ്ട് അർത്ഥമാക്കുന്നത് എന്ന് തോന്നി. വിഭജനം മുതൽ അവർ നിശബ്ദ ഭൂരിപക്ഷമായിരുന്നു. അവർ ഹിന്ദുക്കളാണെന്ന് കാര്യം ആരോടും വിളിച്ചു പറയേണ്ടിയിരുന്നില്ല. പക്ഷേ ഹിന്ദു തീവ്രവാദിയായ ഗോഡ്സെ ഗാന്ധിയെ ഗാന്ധിയെ കൊലപ്പെടുത്തിയതോടെ തീവ്ര ഹിന്ദുക്കൾക്ക് ഹിന്ദു എന്ന പേര് ഉച്ചരിക്കാൻ അൽപം പ്രയാസം തോന്നിത്തുടങ്ങി. എത്രത്തോളം ഹിന്ദുവായിരുന്നു അത്രത്തോളം തന്നെ അവർ ഇന്ത്യനായിരുന്നു. ദേശീയതാബോധം വർദ്ധിച്ച ഇക്കാലത്ത് ആ പേര് തന്നെ ധാരാളമായിരുന്നു.
വിഭജനവും സ്വാതന്ത്ര്യവും ഇന്ത്യക്കാരുടെ ജീവിതത്തിൽ രാഷ്ട്രീയപരവും സാമൂഹ്യപരവുമായ അനിശ്ചിതത്വമാണ് സമ്മാനിച്ചത്. 1947ൽ എല്ലാം കെട്ടടങ്ങുമ്പോൾ ആരൊക്കെ എവിടെ ആയിരിക്കും എന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. ഹിന്ദു, മുസ്‌ലിം, സിഖ് സമുദായങ്ങളിലെ പ്രാദേശിക ജാതികൾ അവരുടെ മത സമുദായത്തിന്റെ പേരുകളിലേക്ക് മാറിത്തുടങ്ങി. മേവാത്തിലെ മിയൊകൾ, യു പിയിലെയും ബീഹാറിലെയും മോമിനുകൾ, മലബാറിലെ മാപ്പിളമാർ എല്ലാം മുസ്‌ലിം എന്ന ഒറ്റ തലക്കെട്ടിലേക്ക് പേരുമാറി. ഉപര്യുക്തമായ പോലെ പാകിസ്ഥാനെ പറ്റി സംശയങ്ങൾ നിലനിന്നിരുന്നു. അതൊരു മുസ്‌ലിം രാഷ്ട്രമാകുമോ അതോ മതേതര രാഷ്ട്രമാകുമോ? നാട്ടുരാജ്യങ്ങളുടെ കാര്യത്തിലും ദേശീയ വ്യക്തികളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിന്നിരുന്നു. വിഭജനത്തിനും ഒരുപാട് കാലങ്ങൾക്കു മുമ്പ് കറാച്ചിയിൽ നിന്ന് മുംബൈയിലേക്കും ധാക്കയിൽ നിന്ന് കൽക്കത്തയിലേക്ക് സഞ്ചരിച്ചിരുന്നവർ ഇനി അതേപോലെ സഞ്ചരിക്കുമോ? ചില ഉദാഹരണങ്ങൾ ഇതിന് മറുപടി നൽകും.
ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ പൗരത്വത്തെ കുറിച്ച ചർച്ചകൾ നടക്കവേ സംശയമുന്നയിച്ച് കത്തെഴുതിയ വെസ്റ്റ് പഞ്ചാബിലെ ഹിന്ദു ലേഖകന് മറുപടിയായി അന്നത്തെ ഇടക്കാല സർക്കാറിലെ ആഭ്യന്തരമന്ത്രിയും കോൺഗ്രസിന്റെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുകയും ചെയ്യുന്ന വല്ലഭായ് പട്ടേൽ 1948 ജൂണിൽ എഴുതിയത് ഇപ്രകാരമാണ് : “പൗരത്വത്തിന് നിർവ്വചനം എന്തുതന്നെയായാലും പാകിസ്ഥാനിലെ സിക്കുകാരോ ഹിന്ദുക്കളോ ഇന്ത്യയിൽ ഒരിക്കലും വിദേശികളായി പരിഗണിക്കപ്പെടുകയില്ല.”
1948 സെപ്റ്റംബറിൽ പാകിസ്ഥാൻ ആർമി നേതാക്കൾ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയെ സമീപിക്കുകയും പാകിസ്ഥാൻ ആർമിയിലെ വിവിധ കമ്മീഷനുകളിലേക്ക് യോഗ്യരായ വ്യക്തികളെ റിക്രൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഈ തസ്തികകളിലേക്ക് താല്പര്യമുള്ളവർ രേഖകൾ പൂരിപ്പിച്ചശേഷം ജോഗ്രഫി ഡിപ്പാർട്ട്മെന്റ് സമീപിക്കണം. ഇത് സൂചിപ്പിക്കുന്നത് രണ്ടു വ്യത്യസ്ത ഗവൺമെന്റുകളുടെ കാര്യമായതിനാൽ കാര്യങ്ങൾ പുനപരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ്.

ചണം അസംസ്കൃതവസ്തുക്കളെയും അവയുടെ ഉത്പാദകരെയും ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നതിൽ കരം ചുമത്തുക എന്ന ലക്ഷ്യത്തോടെ 1947 ഡിസംബറിൽ ഇന്ത്യ പാകിസ്ഥാനെ വിദേശ രാജ്യമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാനുള്ള അനുമതി, പാസ്പോർട്ട്, ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സഞ്ചരിക്കാനുള്ള പ്രത്യേക വിസ എന്നിത്യാദി വ്യവസ്ഥകളെല്ലാം ചുമത്തിയിരുന്നു. പിന്നീട് പാകിസ്ഥാൻ പാസ്പോർട്ട് എന്ന പ്രത്യേക പാസ്പോർട്ട് നിലവിൽ വരികയും ചെയ്തു. പിന്നീടാണ് അന്താരാഷ്ട്ര യാത്രയുടെ പരിധിയിൽ പാകിസ്ഥാൻ യാത്രയും ഉൾപ്പെടുത്തിയത്. 1947-48 കാലഘട്ടത്തിൽ ഇന്ത്യയിൽ പുനരേകീകരണത്തിനു വേണ്ടിയുള്ള അനേകം രാഷ്ട്രീയ ചർച്ചകൾ നടന്നു. പല രാഷ്ട്രീയ ചർച്ചകളിലും പാകിസ്ഥാൻ അധികകാലം നിലനിൽക്കില്ല എന്ന അനുമാനം തന്നെയാണ് ഉണ്ടായിരുന്നത്.
1947 ഭരണഘടനാപരമായി ഇന്ത്യയും പാകിസ്ഥാനും സ്ഥാപിക്കപ്പെട്ടപ്പോൾ തങ്ങൾ ഏത് രാഷ്ട്രക്കാരാണ് എന്ന് പ്രഖ്യാപിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് ഇന്ത്യൻ മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. 1947 സെപ്റ്റംബറിൽ നെഹ്റു ഇപ്രകാരം പ്രഖ്യാപിച്ചു. ഇന്ത്യയുടെ അവിഭക്തമായ രാഷ്ട്രക്കൂറ് ഉള്ളവരും സഹായത്തിനായി പുറത്തുള്ളവരെ സമീപിക്കുകയും ചെയ്യാത്ത ആയ എല്ലാ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇന്ത്യയിൽ ഇടമുണ്ട്. സംശയങ്ങൾക്കും സന്ദേശങ്ങൾക്കും വകയില്ലാത്തതായിരുന്നെങ്കിലും വളരെ അസ്വീകാര്യമായിരുന്നു ഈ പ്രസ്താവന. കൽക്കട്ടയിലെ The Stateman എന്ന പത്രം ചോദിക്കുന്നത് ഇപ്രകാരമാണ്.:
“സ്വന്തം നാട്ടിൽ നിന്നും ഭയത്താലുള്ള ഈ പലായനം രാഷ്ട്രക്കൂറില്ലായ്മയുടെ തെളിവായി വ്യാഖ്യാനിക്കപ്പെടുമ്പോൾ എങ്ങനെയാണ് അവർക്ക് രാഷ്ട്രകൂറ് പ്രഖ്യാപിക്കാൻ സാധിക്കുക?”
മുസ്‌ലിംകളിലെ പ്രിവിലേജ്ഡ് ആയ വ്യക്തികൾക്ക് പോലും ദൂരവ്യാപകമായ പരിണിതഫലങ്ങളായിരുന്നു വിഭജനം സൃഷ്ടിച്ചത്. ഭരണഘടനാ നിർമ്മാണ സഭയിലെ തലമുതിർന്ന മുസ്‌ലിം ലീഗ് നേതാവ് നേതാവും നെഹ്റുവിന്റെയും യുപിയിലെ കോൺഗ്രസ് നേതാക്കളുടെയും ദീർഘകാല സഹപ്രവർത്തകനായിരുന്ന ഖാലിഖുസ്സമാൻ ചൗധരി ഇന്ത്യൻ മുസ്‌ലിം ലീഗിൽ പരിഭ്രാന്തി സൃഷ്ടിച്ചു കൊണ്ട് 1947 ഒക്ടോബറിൽ പാകിസ്താനിലേക്ക് പലായനം ചെയ്തു. എന്തുകൊണ്ടായിരുന്നു അദ്ദേഹം അങ്ങനെയൊരു തീരുമാനം എടുത്തത് എന്ന് ആർക്കും അറിയില്ലായിരുന്നു. യുവതലമുറക്ക് വഴിയൊരുക്കുകയാണ് താൻ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദ്വിരാഷ്ട്ര വാദം, സംവരണം, പ്രത്യേക നിയോജക മണ്ഡലം എന്നിവയ്ക്കെതിരെ ശക്തമായി സംസാരിച്ചിരുന്നെങ്കിലും യുപി നിയമസഭയിലെ മുസ്ലിംലീഗ് സഹ നേതാവ് Z. H ലാരിയും 1949ൽ പാകിസ്താനിലേക്ക് പലായനം ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്കൂളായ പാട്ട്യാലയുടെ രക്ഷാധികാരിയായ ഉസ്താദ് ബാദെ ഗുലാം അലി ഖാൻ പാകിസ്ഥാനിലേക്ക് പലായനം ചെയ്ത് അഞ്ചുവർഷം ഏകാന്തജീവിതം നയിച്ചു. ശേഷം അദ്ദേഹം തന്റെ മരണത്തിനു മുമ്പായി ഇന്ത്യയിലേക്ക് തന്നെ മടങ്ങി വന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ പ്രദേശങ്ങളിൽ ജീവിക്കുന്ന മുസ്‌ലിംകൾക്ക് ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഏത് തിരഞ്ഞെടുക്കണം എന്നതിനെ പറ്റി ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഉപരിസൂചിത വ്യക്തികൾ വരേണ്യവർഗ്ഗക്കാരും വിഭവങ്ങൾ സ്വന്തമായുള്ളവരും രാഷ്ട്രീയപരമായും ബ്യൂറോക്രാറ്റിക് ആയും ബന്ധങ്ങൾ ഉള്ളവരായിരുന്നു. എന്നാൽ അത്തരം ഒരു ആഡംബരമോ ബന്ധങ്ങളോ ഒന്നും ഇല്ലാത്ത, നെഹ്റുവിനോട് ഒന്ന് സംസാരിക്കാൻ പോലും കഴിയാത്ത അനേകം പേരുണ്ടായിരുന്നു. അവർ സമാധാനവും സുരക്ഷയും തേടി പലയിടങ്ങളിലും യാത്ര ചെയ്തു. ഉദാഹരണത്തിനായി 1947 നവംബറിൽ പാകിസ്ഥാൻ തിരഞ്ഞെടുത്തിരുന്ന അയ്യായിരത്തോളം വരുന്ന റെയിൽവേ മുസ്ലിം ഉദ്യോഗസ്ഥർ പാക്കിസ്ഥാന് ഉപേക്ഷിക്കുകയും ഇന്ത്യയിൽ നിന്ന് പോകാൻ വിസമ്മതിക്കുകയും ചെയ്യുക വഴി അധികാരികൾക്ക് ശക്തമായ ഭീഷണിയാണ് സൃഷ്ടിച്ചതത്രേ. ഈ തീരുമാന മാറ്റത്തിലൂടെ പാകിസ്ഥാനിലെ ഗൂഢാലോചനയിലെ ഏജന്റുമാരാണ് എന്ന ആരോപണത്തിന് ഇവർ വിധേയരായി. യുപിയിലെ സഹപ്രവർത്തകരൊന്നും അവരോട് വിശാലമനസ്കത കാണിച്ചതുമില്ല. അവരെ പാകിസ്ഥാൻ ചാരന്മാരായിട്ട് തന്നെയാണ് അവർ കണ്ടത്. പാകിസ്ഥാനി ഉദ്യോഗസ്ഥരെ ഇന്ത്യയിൽ തന്നെ ജീവിക്കാൻ അനുവദിക്കുകയാണെങ്കിൽ തങ്ങൾ സമരം ചെയ്യുമെന്ന് ലക്നോവിലെ ഹിന്ദു റെയിൽവേ ഉദ്യോഗസ്ഥർ ഭീഷണി മുഴക്കി. അതോടെ പാകിസ്ഥാനിൽ സേവനം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന മുഴുവൻ ഉദ്യോഗസ്ഥരും പാകിസ്താനിലേക്ക് നിർബന്ധമായും പോകണമെന്ന് റെയിൽവേ അധികൃതർ ഉത്തരവിട്ടു.
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ഇന്ത്യൻ ഗവൺമെന്റിന് അയച്ച കത്തും അതിന് ഇന്ത്യൻ ഗവൺമെന്റ് നൽകിയ മറുപടിയും പരാമർശിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. 1947 സെപ്റ്റംബറിൽ മൊറാദാബാദിലെ സെക്യൂരിറ്റി ഗാർഡ് ആയ സഫ്ദർ അലിഖാൻ ഇന്ത്യൻ ഗവൺമെന്റിന്റെ പാർട്ടീഷൻ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിക്ക് അയച്ച കത്താണിത്. ‘ഇന്ത്യയിൽ സേവനം ചെയ്യാൻ വേണ്ടി എന്റെ തീരുമാനത്തിലെ പുനപരിശോധന അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്ത്’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. അതിൽ പറയുന്നത് ഇപ്രകാരമാണ്: “എന്റെ അവസാന തീരുമാനം പാകിസ്ഥാൻ തന്നെയായിരുന്നു. സഹപ്രവർത്തകരുടെയും കൂട്ടുകാരുടെയും പ്രേരണ മൂലം ഞാൻ പാകിസ്ഥാൻ തിരഞ്ഞെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു. എന്റെ വൃദ്ധയായ മാതാവ് രോഗം മൂർച്ഛിച്ച് ശയ്യയിലാണ്. ഇനി അധികകാലം ജീവിക്കുമെന്നൊന്നും പ്രതീക്ഷയില്ലാത്തതിനാൽ അവർ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറല്ലതാനും. സത്യം പറഞ്ഞാൽ ഞാൻ നേരത്തെ പറഞ്ഞ തീരുമാനം സ്വന്തമായി എടുത്തതല്ല സമ്മർദം മൂലം തിരഞ്ഞെടുത്തതാണ്. ആദ്യമായും അവസാനമായും ഞാൻ ഇന്ത്യനാണ്. എനിക്ക് ഇന്ത്യയിൽ ജീവിക്കണം. ഇന്ത്യയിൽ തന്നെ മരിക്കണം. ഇതിനാൽ എന്റെ തീരുമാനത്തിൽ മാറ്റം വരുത്താനും ഇന്ത്യയിൽ തന്നെ സേവനം ചെയ്യാനും എന്നെ അനുവദിക്കണം എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു”.

ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍ കലാം ആസാദ് ഈ കത്ത് ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായി പട്ടേലിന് അയച്ചുകൊടുത്തു. അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “പാർട്ടീഷൻ കൗൺസിലിന്റെ തീരുമാനപ്രകാരം ഒരാൾ അന്തിമ തിരഞ്ഞെടുപ്പ് നടത്തിയാൽ പിന്നെ അതിൽ നിന്നും വ്യതിചലിക്കരുത് എന്നാണ്. ഈ മാന്യനെ ഇന്ത്യയിൽ തന്നെ നിലനിൽക്കാൻ അനുവദിക്കുന്നത് വഴി പ്രത്യേകിച്ച് ഗുണമൊന്നും ഞാൻ കാണുന്നില്ല”.
ബ്യൂറോക്രസിയുടെ ഒരു അനിവാര്യത ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇരു രാഷ്ട്രങ്ങൾ സ്ഥാപിക്കപ്പെടുന്നു. അവയുടേതായ നിയമങ്ങൾ നിർമ്മിക്കുകയും പാലിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം ദേശീയ ബോധത്തിന്റെ അനിവാര്യത കൂടിയുണ്ട് ഇവിടെ. ജനങ്ങൾ തീരുമാനിക്കണം അവർ ആരാണെന്നും എവിടെയാണ് നിൽക്കേണ്ടതെന്നും. ഉപര്യുക്തമായതുപോലെ ഈ അഭ്യർത്ഥന നിർബന്ധബുദ്ധിയോടെ ദേശനിവാസികളെ കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു.
പൊതുവേ ദേശീയതയിൽ രണ്ടു തരത്തിലുള്ള ശബ്ദങ്ങളാണ് ഉയർന്നു കേട്ടത്. അതിൽ രണ്ടാമത്തെ ശബ്ദമാണ് വിജയം കണ്ടതും. അതായത് അനിശ്ചിതത്വത്തിനിടയിലും നിശ്ചിതത്വത്തെ പ്രാമാണീകരിക്കൽ. പൊതുവായതിൽ നിന്നും സ്വകാര്യമായതിനെ വേർതിരിക്കുന്നതിലൂടെ ദേശീയബോധചിന്ത എല്ലായ്‌പ്പോഴും അത്തരമൊരു നിഗമനത്തില്‍ തന്നെയാണെത്തുന്നത്.. On the Jewish Question ൽ മാർക്സ് സൂചിപ്പിച്ചതുപോലെ, പൗരനിൽ നിന്നും വ്യാപാരി, ഭൂവുടമ, തൊഴിലാളി, മതമുള്ള മനുഷ്യൻ, ജൂതൻ എന്നിവരെയൊക്കെ വേർതിരിക്കുന്ന പ്രക്രിയ. എങ്കിലും ഈ സ്വകാര്യ സ്വത്വങ്ങൾ പൊതുസമൂഹത്തിലേക്ക് അതിക്രമിച്ചു കയറുന്നുണ്ട്.
ഒരു രാഷ്ട്രവും ഒരു ദേശവും സ്വാഭാവികമല്ല. ഒരു സമൂഹവും അവർ വാദിക്കുന്നത് പോലെ ശുദ്ധരുമല്ല. ഇന്നും 1930 കളിലും ജർമനിയിൽ ഇതുതന്നെയാണ് സത്യം. ഇസ്രായേലും ജപ്പാനിലും മറ്റേത് ആധുനിക ദേശ രാഷ്ടട്രത്തിലും ഇതുതന്നെയാണ് യാഥാർത്ഥ്യം. ഒടുക്കം ഇന്ത്യയുടെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ഇന്ത്യയിലെ ഒരു പൗരനും ഹിന്ദു/മുസ്‌ലിം, ബംഗാളി/കന്നഡി/ കടയുടമ/ തൊഴിലാളി/ മേൽജാതി/കീഴ്ജാതി/ അച്ഛൻ/ അമ്മ എന്നീ സ്വത്വങ്ങളെ ഒരേസമയം സ്വീകരിക്കാതിരിക്കാൻ കഴിയില്ല. എന്റെ അഭിപ്രായത്തിൽ ഇതൊക്കെ ഒരു വിധത്തിൽ രാജ്യദ്രോഹമാണ് എന്ന് പറയുന്നത് തന്നെ വളരെ നിഷ്‌ഠുരശാസനയാണ്.
സ്വതന്ത്ര വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍
- Brackette F. Williams, A Class Act: Anthropology and the Race to Nation across Ethnic Terrain,’Annual Review of Anthropology,18 (1989)
- J. Nehru. Glimpses of World History. (1934; 2nd edition, Asia Publishing House, Bombay 1961), vol. II, 1129-30.
- Talal Asad. Genealogies of Religion: Discipline and Reasons of Power in Christianity and Islam. (Baltimore: Johns Hopkins University Press, 1993), 257.
- Vartman, 19 June 1947.
- Statesman, 29 October 1947.
- Hindustan Times, 28 September 1947, cited in People’s Age, 12 October 1947.
- Ashish Nandy. At the Edge of Psychology: Essays in Politics and Culture. (Delhi:Oxford University Press, 1980), 91.
- Aj, 7 October 1947
- Pakistan Times, 8 October 1947.
- Constituent Assembly Debates: Official Report. vol. V, 271.
- Tej (Urdu), 18 September 1947.
- Cf.Choudhry Khaliquzzaman’s Pathway to Pakistan. (London: Longman’s, 1961), 411.
- Hindustan Times, 23 December 1947; see Ganda Singh’s “Diary of Partition Days,” cited in
Mushirul Hasan, ed. India Partitioned: The Other Face of Freedom. (Delhi: Roli Books, 1995),
vol. 2, 87. - People’s Age, 7 September 1947.
- Statesman, 23 November 1947.
- Das. Patel’s Correspondence. Vol. IV, 421.
- Karl Marx, Early Writings (London: Penguin Books, 1975), 220-221.