അഫ്‌സൽ ഗുരുവിനെ ഇന്ത്യൻ ഭരണകൂടം തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച്‌ ജന്ദർ മന്ദറിൽ ‘കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്‌സ്’ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഞാനാദ്യമായി എസ് എ ആർ എന്ന് സ്നേഹിതർ വിളിക്കുന്ന സയ്യിദ് അബ്ദുറഹ്‌മാൻ ഗീലാനി എന്ന മനുഷ്യനെ കാണുന്നത്. ചെറുതായൊന്നു പരിചയപ്പെട്ട ശേഷം പിന്നീടൊരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു പരിപാടിക്ക് ക്ഷണിക്കാനാണ് പോയത്, പക്ഷെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷറഫുദ്ദീന്‍ പറഞ്ഞു “അദ്ദേഹം വരില്ല പ്രത്യേകിച്ചും എൻ ജി ഒ ബന്ധമുള്ള ചിലർ ഈ പരിപാടിയിൽ അതിഥികളായി എത്തുമ്പോൾ. പ്രതീക്ഷിച്ചത് പോലെ അദ്ദേഹം വന്നില്ല. ‘രാഷ്ട്രീയ വ്യക്തത’ തന്നെയാണ് അത് സൂചിപ്പിച്ചത് എന്ന് എനിക്ക് മനസ്സിലായി.

എന്തായാലും പിന്നീട് അദ്ദേഹം പല പരിപാടിക്കും പങ്കെടുത്തു എന്ന് മാത്രമല്ല ഞങ്ങൾ തമ്മിലുള്ള സൗഹൃദം വേഗത്തിൽ വളരുകയും ചെയ്തു. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഞാൻ കശ്മീർ രാഷ്ട്രീയത്തിൽ പ്രകടിപ്പിച്ച താൽപ്പര്യം തന്നെയായിരുന്നു. എന്നൊക്കെ ഞാൻ കാശ്മീരിൽ പോയി അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചു എഴുതുമ്പോഴും ചില സംശയ ദുരീകരണത്തിനായ് അദ്ദേഹത്തെ വിളിക്കാറുണ്ട്. അപ്പോഴദ്ദേഹം പറയും ‘ഇത് ഞാൻ പറഞ്ഞുവെന്നു തന്നെ എഴുതണം.

പലരും വിവരങ്ങൾ പറയുകയും എന്നാൽ പേടി കാരണം പേര് വയ്ക്കരുത് എന്ന് പ്രത്യേകം നിഷ്ക്കർഷിക്കുകയും ചെയ്യുമ്പോൾ നേരെ മറിച്ചു ചെയുന്ന ഒരാളായാണ് ഗിലാനിയെ ഞാൻ കണ്ടത്.

ഡൽഹിയിൽ ഞാനെത്തുമ്പോൾ സാക്കീർ നഗറിലെ വീട്ടിൽ കൂടിക്കാഴ്ച എപ്പോഴും വൈകുന്നേരങ്ങളിൽ ആയിരിക്കും. രാത്രി വരെ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾ, പിന്നെ തനതു  കശ്മീരി ഭക്ഷണം. കാശ്മീരികളുടെ ആതിഥ്യ മര്യാദ ഏറെ പ്രസിദ്ധമാണല്ലോ. ഗിലാനിയും അതിൽ നിന്ന് വേറിട്ട് നിൽക്കുന്ന വ്യക്തിയല്ല.

ലേഖകന്‍ എസ് എ ആര്‍ ഗീലാനിക്കൊപ്പം

ഡൽഹിയിൽ ഇത്ര കാലം താമസിച്ചിട്ടും ഒരു അധികാര രാഷ്ട്രീയക്കാരുടെയും പിന്നാലെ പോയി അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന “കശ്മീർ ദേശീയത” കളഞ്ഞു കുളിച്ചില്ല. പാർലമെന്റ് ആക്രമണത്തിൽ പ്രതി ചേർത്ത്‌ സുപ്രീംകോടതി വിട്ടയച്ചതിന്‌ ശേഷം പിന്നെയും രണ്ടു വ്യത്യസ്തഘട്ടങ്ങളായി രണ്ടു തവണ അദ്ദേഹത്തിന് ജയിലിൽ കഴിയേണ്ടി വന്നു. അതിനെക്കുറിച്ച്‌ പറഞ്ഞത് രണ്ടു തവണയും തനിക്ക്‌ മോഹന വാഗ്‌ദാനങ്ങൾ കിട്ടീയിരുന്നു എന്നാണ്‌. എന്നാൽ ഭരണകൂടത്തിന്റെ ഒരു പ്രലോഭനത്തിനും അദ്ദേഹം വഴങ്ങിയില്ല. പാർലമെന്റ് ആക്രമണ കേസിൽ അദ്ദേഹത്തെ വ്യാജമായി കുടുക്കിയ സമയം നിരവധി നാളത്തെ അതിക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നു പുറത്തിറങ്ങിയപ്പോൾ തന്റെ സമാനമായ അനുഭവം നേരിടുന്നവർക്ക് വേണ്ടി ധൈര്യപൂർവം  ഇറങ്ങി പുറപ്പെടുകയാണ് ഗീലാനി ചെയ്തത്.

പാർലമെന്റ് ആക്രമണ കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഭരണകൂടം അദ്ദേഹത്തെ വെറുതെ വിട്ടില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് അഭിഭാഷകയായ നന്ദിത ഹക്സറിന്റെ വീടിനു മുന്നിൽ  വച്ച് ഗീലാനിക്ക് നേരെയുണ്ടായ വധശ്രമം. കഴുത്തിനും തോളെല്ലിനും ഇടയിൽ ജീവിതാവസാനം വരെയും ഒരു വെടിയുണ്ടയും വഹിച്ചുകൊണ്ട് നിര്ഭയനായി മനുഷ്യാവകാശങ്ങൾക്കായ് ജീവിതാവസാനം വരെയും നിലകൊണ്ടു.

എന്നാൽ ഒരു കാശ്മീരിയും അതിലുപരി മുസ്‌ലിമുമായതിനാലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ എൻജിഒ മനുഷ്യവകാശികൾ വരെയുള്ളവർക്ക് അദ്ദേഹത്തോട് അലര്ജിയായിരുന്നു.

ഒരു സാധാരണ കാശ്മീരിക്ക്‌ ഇന്ത്യൻ മണ്ണിൽ വരുമ്പോൾ എന്തൊക്കെ വേദനകൾ ഉണ്ടാകാൻ സാധ്യതയുണ്ടോ അതിലൂടെയെല്ലാം എസ് എ ആർ കടന്നു പോയി. കുറ്റവിമുക്തനാക്കപ്പെട്ട് ഡൽഹിയിൽ ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഫാഷിസ്റ്റുകളുടെ കുട്ടിപ്പട്ടാളം അദ്ദേഹത്തിന്റെ മുഖത്തു തുപ്പിയത്. കേരളത്തിൽ ഒരു മനുഷ്യവകാശ സെമിനാറിന് വന്നപ്പോൾ പ്രശസ്ത ചരിത്രകാരൻ ഡോ എം. എസ് ജയപ്രകാശ് ഈ സംഭവം പരാമർശിച്ചുകൊണ്ട് വേദിയിൽ വച്ച് ഇങ്ങനെ പറഞ്ഞു “ഇത്രയും സുന്ദരമായ മുഖത്ത് എങ്ങനെ തുപ്പാൻ തോന്നി ഞാനിതാ നൽകുന്നു ഒരു സ്നേഹ ചുംബനം”. അന്ന് ശ്രീ. എം എസിന്റെ മധുരിതവും ഒപ്പം ഫാഷിസത്തിന്റെ മുഖത്ത് കൊണ്ടതുമായ ആ പ്രതികരണത്തെ സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.

കശ്മീരിൽ 370 ാം വകുപ്പ് എടുത്തു കളഞ്ഞപ്പോൾ അദ്ദേഹത്തിന് അപ്രഖ്യാപിത വീട്ടുതടങ്കൽ ഏർപ്പെടുത്തിയ സർക്കാരിന്റെ ചെയ്തി ഇപ്പോഴാണ് പലരും അറിഞ്ഞത്. ഇന്ത്യയിലെ പല തടവറകളിലും കഴിയുന്ന കാശ്മീരികളുടെ വിമോചനത്തിന് വേണ്ടി അദ്ദേഹം നടത്തുന്ന പ്രവർത്തനം ചെറുതൊന്നുമല്ലായിരുന്നു. സമീപകാലത്തു ജയ്‌പൂർ ജയിലിൽ ഏകദേശം കാൽ നൂറ്റാണ്ടു അടുപ്പിച്ചു കഴിഞ്ഞ കാശ്മീരികളുടെ മോച്നത്തിനു പിന്നിൽ ഗീലാനിയുടെ പ്രയത്‌നമുണ്ട്. ഇന്നും തടവറയിൽ കഴിയുന്ന ഡോ ജി. എൻ സായിബാബയുടെ മോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ അമരക്കാരൻ ഗീലാനി ആയിരുന്നു. സഹ പ്രവർത്തകനായ റോണാ വിൽസൺ തടവറയിൽ അടയ്ക്കപ്പെട്ടപ്പോൾ തളരാതെ തന്നെ എസ്‌ എ ആർ പോരാടി. ഏതൊരു മനുഷ്യാവകാശ പ്രവർത്തകർക്കും പകർത്താവുന്ന പാഠപുസ്തകം ആയിരുന്നു എസ്‌ ആർ ഗിലാനിയുടെ ജീവിതം.

ഗീലാനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട പോലീസിന്റെ നീക്കത്തെ അദ്ദേഹത്തിന്റെ കുടുംബം ചോദ്യംചെയ്യുന്നു. |Maktoob

നെഹ്‌റു പ്ലേസിനടുത്ത ജിംനേഷ്യത്തിൽ ഹൃദയം നിലച്ചു വീണ് ആശുപത്രിയിൽ  നിശ്ചല ദേഹമായെത്തിയപ്പോഴും പ്രതികാര ബുദ്ധിയോടെ പെരുമാറിയ ദൽഹി പോലീസിന്റെ സമീപനം സയ്യിദ് അബ്ദു റഹ്‌മാൻ ഗീലാനി എന്ന മനുഷ്യനെ ഭരണകൂടം എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന് തെളിവാണ്. 

Comments