സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം കടന്ന് പോവുന്ന ഏറ്റവും ആശങ്കാവഹമായ സാഹചര്യത്തില്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ ശബ്ദത്തിനും ആവിഷ്‌കാരങ്ങള്‍ക്കും വലിയ പ്രാധാന്യമാണുള്ളത്. സ്വതന്ത്ര ആശയങ്ങളും കലാവിഷ്‌കാരങ്ങളും പ്രചരിപ്പിക്കുന്നത് ജീവന്‍ നഷ്ടപ്പെടാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന ഫാഷിസ്റ്റ് ഭരണത്തിന് കീഴില്‍ പ്രതിരോധം എന്നത് ആശയങ്ങളുടെയും ശക്തമായ വൈജ്ഞാനിക- കലാവിഷ്‌കാരങ്ങളുടെയും തുടര്‍ച്ചയായ നിര്‍മാണവും സംവാദങ്ങളുമാണെന്നതാണ് വസ്തുത.

35 വര്‍ഷത്തോളമായി കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന വിദ്യാര്‍ഥി സംഘടനയാണ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ജേര്‍ണല്‍ കാമ്പസ് അലൈവുമായി ചേര്‍ന്ന് കൊണ്ട്  2019 ഡിസംബറില്‍ ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്‍ഡ് റെസിസ്റ്റന്‍സ് എന്ന പേരില്‍ ഒരു വിപുലമായ പരിപാടി നടക്കുന്നു. ആധിപത്യ ആശയങ്ങളോട് വിസമ്മതത്തിന്റെ പുതിയ രാഷ്ട്രീയം പറയുക, വിജ്ഞാന-രാഷ്ട്രീയത്തിന്റെ പുതിയ സംവാദങ്ങള്‍ തുറന്നിടുക എന്നതാണ് ഫെസ്റ്റിവലിന്റെ പ്രഖ്യാപിത ലക്ഷ്യം.
വിജ്ഞാനരാഷ്ട്രീയ വ്യവഹാരങ്ങളുമായി നിരന്തരം ഇടപെടുന്ന എസ് ഐ ഒ, ഇന്ത്യയിലെ നിലനില്‍ക്കുന്ന അധീശ വിജ്ഞാന രാഷ്ട്രീയം അടിച്ചമര്‍ത്തുന്ന സാമൂഹിക വിഭാഗങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ച്ചപ്പാടുകളെയും രാഷ്ട്രീയത്തെയും വിജ്ഞാനത്തെയും അവതരിപ്പിക്കലും ഫെസ്റ്റിവലിന്റെ സുപ്രധാന ലക്ഷ്യമാണെന്ന് ഡയറക്ടര്‍ ഷിയാസ് പെരുമാതുറ പറയുന്നു.

ഫെസ്റ്റിവല്‍ പ്രഖ്യാപന വിഡിയോ

കോഴിക്കോട് കടപ്പുറത്തെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ 2019 ഡിസംബര്‍ 27 മുതല്‍ 29വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഫെസ്റ്റിവലിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമ സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍വ്വഹിച്ചു.ദലിത്-ആദിവാസി-മുസ്ലിം ജനവിഭാഗങ്ങളെക്കുറിച്ച് പല തരം വാര്‍പ്പു മാതൃകകളാണ് ഇവിടെയുള്ള മുഖ്യധാരാ വിജ്ഞാനങ്ങളും കലകളും ഉല്‍പാദിപ്പിച്ചിട്ടുള്ളതെന്നും അവയെ തിരുത്തിയെഴുതാന്‍ ഇത്തരം ജനവിഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന ആത്മാര്‍ഥമായ പരിശ്രമങ്ങളുടെ ഭാഗമാണ് എസ്.ഐ.ഒ സംഘടിവിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിറ്റന്‍സ് എന്ന് പരിപാടിയുടെ പ്രഖ്യാപനം നിര്‍വ്വഹിച്ച് കൊണ്ട് പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ഫെസ്ററിവലിന്റെ ലോഗോ പ്രകാശനം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി.മുജീബുറ്ഹമാന്‍ നിര്‍വ്വഹിച്ചു.

വിജ്ഞാനം, സിദ്ധാന്തം, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം, കല-സാഹിത്യം തുടങ്ങിയ മേഖലകളില്‍ വൈജ്ഞാനിക ചര്‍ച്ചകള്‍, സംഭഷണങ്ങള്‍, സംവാദങ്ങള്‍, നിരൂപണങ്ങള്‍, കലാ പ്രകടനങ്ങള്‍ തുടങ്ങിയവക്കൊപ്പം ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, എക്സ്പോ, കള്‍ച്ചറല്‍ ഇവന്റസ് എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടായിരിക്കും

ആശയ സംവാദങ്ങളുടെയും സാംസ്‌കാരികോത്സവങ്ങളുടെയും മുഖ്യധാരാ വേദികളില്‍ നിന്നും അകറ്റപ്പെടുന്ന, എന്നാല്‍ വിജ്ഞാന രാഷ്ട്രീയത്തിന്റെയും സാമൂഹികനീതിയുടെയും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നൂറോളം അതിഥികള്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. അക്കാദമീഷ്യര്‍, എഴുത്തുകാര്‍, സമുദായ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, കല-സാഹിത്യ-സിനിമ പ്രവര്‍ത്തകര്‍ എന്ന് തുടങ്ങി വിവിധ മേഖലകളിലെ ദേശീയ -അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പലരീതിയില്‍ പങ്കാളിത്തം വഹിക്കുന്ന ഈ ആശയോത്സവത്തില്‍ വിദ്യാഭ്യാസ, മാധ്യമ, കല, സാംസ്‌കാരിക, വ്യവസായ മേഖലകളിലെ സംരംഭങ്ങളും വ്യത്യസ്തങ്ങളായ രീതിയില്‍ സഹകരിക്കുന്നു.

Comments