മുസല്‍മാന് ഇന്ത്യനാവുക സാധ്യമാണോ?-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 1

രണ്ടു കാര്യങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം. മുഖ്യധാരയെ നിർമ്മിച്ചു കൊണ്ടാണ് ദേശങ്ങൾ സംസ്ഥാപിക്കപ്പെടുന്നത്. ദേശീയ വ്യവഹാരങ്ങളുടെ ഭാഷ്യമനുസരിച്ച്‌, ദേശത്തിന്റെ അഭിവാജ്യ ഘടകം കൂടിയാണ് ഈ മുഖ്യധാര. ഇതോടൊപ്പം തന്നെ ഒരു ന്യൂനപക്ഷ വിഭാഗം കൂടി സ്ഥാപിക്കപ്പെടുന്നു. കാരണം, മുഖ്യധാരയെയും ഭൂരിപക്ഷത്തെയും നിർമ്മിക്കുന്നത് അവരാണല്ലോ. അതിർത്തികളെ നിർവചിച്ചു കൊണ്ടാണ് ദേശവും ദേശീയതയും സ്ഥാപിക്കപ്പെട്ടത്. ദേശത്തിന്റെ മുഖ്യധാരക്കൊപ്പം ന്യൂനപക്ഷത്തെയും കണ്ടെത്തിക്കൊണ്ടാണ് ദേശീയത വളർന്നതും. അതു വഴി സാമൂഹികവും, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായി ചോദ്യചിഹ്നമായി നിൽക്കുന്ന അതിർത്തികൾക്ക് വേണ്ടി കലഹം നടക്കുകയോ ധാരണകൾ ഉണ്ടാവുകയോ ചെയ്യുന്നു.

വളരെ അദൃശ്യവും, അരാഷ്ട്രീയവുമായ അഥവാ ദേശീയവാദികളുടെ ഭാഷയിൽ പറഞ്ഞാൽ സ്വാഭാവികമായ, ദേശീയവാദപരമായി അതിപ്രധാനമുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഈയൊരു അതിപ്രധാനമായ കാമ്പ് ഇല്ലാത്തവർ അവരുടെ ദേശത്തെ പൗരന്മാരാണെന്ന് തെളിയിക്കുന്ന ദേശക്കൂറും അതിനെ ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചും പറയാം. ന്യൂനപക്ഷങ്ങളെയും അരികുവൽകൃത വിഭാഗങ്ങളെയും ദേശത്തിന്റെ ഘടകമായി പരിഗണിക്കാറുണ്ടെങ്കിലും നിശ്ലേഷം അവരെ പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. ദേശസ്നേഹിയായ/ യഥാർത്ഥ /ജന്മനാ പൗരൻ (അവൻ ഇന്ത്യക്കാരനോ മറ്റേത് രാജ്യക്കാരനാണ് ആവട്ടെ ) എന്ന സാധാരണ കാറ്റഗറിയുടെയും ഇന്ത്യൻ മുസ്ലിം, ഇന്ത്യൻ ക്രിസ്ത്യൻ, ഇന്ത്യൻ ജൂതൻ എന്നിങ്ങനെയുള്ള പ്രത്യേക കാറ്റഗറിയുടെയും നിർമ്മാണത്തെ അപഗ്രഥിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. രണ്ടാം വിഭാഗത്തെ പ്രത്യേകം പേരെടുത്തു പരാമർശിക്കാൻ കാരണം ദേശീയവാദ കാലത്ത് ഒരു ചോദ്യചിഹ്നമായി ജീവിച്ചവരാണല്ലോ അവർ. വിഭജനാനന്തര കാലം മുതൽ ഉണ്ടായ പൗരത്വത്തെ ചൊല്ലിയുള്ള അവകാശവാദങ്ങൾ, ദേശക്കൂറ് തെളിയിക്കാൻ ആവശ്യപ്പെട്ടുള്ള അലമുറകൾ എന്നിവ പരിശോധിച്ചുകൊണ്ട് തുടങ്ങാം.

‘മുസ്‌ലിം ചോദ്യം’ ( Muslim question ) എന്ന വ്യവഹാരത്തിൽ വ്യാപക പ്രചരണം നേടിയ രണ്ടു പദങ്ങളാണ് ദേശീയവാദിയായ മുസ്‌ലിം (Nationalist Muslim) എന്നതും ‘ന്യൂനപക്ഷം/ഭൂരിപക്ഷം’ എന്നതും. ദേശീയവാദിയായ മുസ്‌ലിം എന്ന കാറ്റഗറിയെ കുറിച്ച് പറയുമ്പോൾ ഹിന്ദു സമുദായത്തിനോ ഇന്ത്യയിലെ മറ്റു മതസമുദായങ്ങൾക്കോ തതുല്യമായ ഒരു കാറ്റഗറി തന്നെ ഇല്ല. ഹിന്ദു സമുദായത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഈ പദം നേരെ തിരിഞ്ഞാണ് വരുന്നത്. അതായത് ‘ഹിന്ദു ദേശീയവാദി’ എന്ന്. അല്പം കൂടി വ്യക്തമായി പറഞ്ഞാൽ ദേശീയവാദി എന്നത് ഉപസർഗ്ഗം (prefix) ആകുന്നതിനു പകരം പ്രത്യയമായി (suffix) വന്നത് യാദൃശ്ചികമല്ല. അപ്പോൾ ഹിന്ദു ദേശീയവാദി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കപ്പെടുന്നത്? കേവലം ഹിന്ദുക്കളായ ദേശീയവാദികൾ എന്ന അർത്ഥം മാത്രമല്ല ഇതിനുള്ളത്.

ഹിന്ദു പ്രസ്ഥാനത്തിന് പരിഗണനീയമായ സ്ഥാനമുള്ള ഒരു മുദ്രയായിട്ടാണ് ഇവിടെ ദേശീയത ഉപയോഗിക്കപ്പെടുന്നത്. ഹിന്ദു സമുദായം, ഹിന്ദു സംസ്കാരം, ഹിന്ദു പാരമ്പര്യം എന്നിവക്ക് മാത്രം സമുന്നതനില നൽകുന്ന ദേശീയ വാദമാണിത്.

ഹിന്ദു ദേശീയവാദത്തോടൊപ്പം തന്നെ മറ്റൊരു ദേശീയവാദം കൂടി ഉയർന്നുവന്നു. അഥവാ, ഇന്ത്യൻ സമൂഹത്തിന്റെ മിശ്ര സ്വഭാവത്തിന് ഊന്നൽ നൽകുന്ന, ഇന്ത്യൻ ചരിത്രത്തിൽ ഹിന്ദു സമുദായത്തിന് കൂടുതൽ പ്രാമുഖ്യം നൽകാൻ വിസമ്മതിക്കുന്ന മതേതര ദേശീയ വാദം. ‘യഥാർത്ഥ/ ഇന്ത്യൻ ദേശീയത ‘ എന്നാണ് നെഹ്റു അതിനെ വിശേഷിപ്പിച്ചത്. മത-സാമുദായിക വൈവിധ്യങ്ങളിൽ നിന്നും വ്യത്യസ്തമായി “ദേശീയതയുടെ ആധുനിക ആശയ പരിസരത്തു മാത്രം ഉപയോഗിക്കപ്പെടുന്ന ഒന്ന്” എന്നാണ് നെഹ്‌റു അതിനെ നിർവചിച്ചത്. നെഹ്‌റുവിന്റെ വാക്യത്തിൽ പറഞ്ഞാൽ ലളിതമായ, ഇന്ത്യൻ ഭരണഘടനയുടെ ദേശീയതയാണിത്.

ഇങ്ങനെ രണ്ടുതരത്തിലുള്ള ദേശീയ വാദങ്ങൾ ഉണ്ടായതോടെ 1940 മുതൽ 1990 വരെയുള്ള കാലഘട്ടങ്ങളിൽ രാഷ്ട്രീയബോധമുള്ള ഹിന്ദുക്കൾക്കിടയിൽ ഹിന്ദു ദേശീയവാദികൾ, മതേതര ദേശീയവാദികൾ എന്നിങ്ങനെ വിഭജനം നടന്നു. മറുവശത്ത് ഇതേ സമയം തന്നെ മുസ്‌ലിം ദേശീയത വളർന്നു വരുന്നുണ്ടായിരുന്നു. ഹിന്ദു ദേശീയത പോലെ തന്നെ മുസ്‌ലിം ദേശീയതയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അരികു ചേർന്ന് നിന്നാണ് വളർന്നത്. ബദ്റുദ്ദീൻ തിയാബ്ജി, മൗലാനാ മുഹമ്മദലി, മുഹമ്മദലി ജിന്ന, അബ്ദുൽ കലാം ആസാദ്, സാകിർ ഹുസൈൻ എന്നിവരടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ ദേശീയ പ്രസ്ഥാനത്തിലെ പ്രവർത്തനങ്ങൾ വിസ്മരിക്കാവതല്ല. എങ്കിലും രാഷ്ട്രീയപരമായി സജീവമായിരുന്ന മുസ്‌ലിംകൾക്കിടയിൽ ‘മുസ്‌ലിം ദേശീയവാദികൾ’,  ‘മതേതര ദേശീയവാദികൾ’ എന്നിത്യാദി വിഭജനങ്ങൾ നടന്നില്ല. പകരം ‘ദേശീയവാദിയായ മുസ്‌ലിംകൾ’, വെറും ‘മുസ്‌ലിംകൾ ‘എന്നിത്യാദി വിഭജനങ്ങൾ മാത്രമേ നടന്നുള്ളൂ.

പ്രാഥമികമായി, ഹിന്ദുക്കൾക്കിടയിൽ രാഷ്ട്രീയപരമായി സജീവത ഉള്ളവരും നിർജീവത ഉള്ളവരും ഉണ്ടെങ്കിലും അവരെല്ലാം ദേശീയവാദികളായിട്ടാണ് അറിയപ്പെട്ടത്. എന്നാൽ അവർ ഹിന്ദു ദേശീയവാദികളായിരുന്നോ അതോ മതേതരവാദികളായിരുന്നോ എന്ന കാര്യം ചോദ്യചിഹ്നമായി നിൽക്കുന്നുണ്ട്. അതേസമയം മുസ്‌ലിംകളിൽ ചിലർ മാത്രമാണ് ദേശീയവാദി മുസ്‌ലിംകളായി മുന്നോട്ടു കടന്നു വന്നത്. ബാക്കിവരുന്ന മുസ്‌ലിം സമുദായം അവർ മുസ്‌ലിംകളായി എന്നതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയവാദത്തെ അത്രതന്നെ പിന്താങ്ങിയില്ല. എന്നിരുന്നാലും മുസ്‌ലിംകളെല്ലാം വെറും മുസ്‌ലിംകളായിട്ടാണ് അറിയപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലുണ്ടായ ഹിന്ദു മുസ്‌ലിം രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് ഒരു പ്രത്യേക ചരിത്രമുണ്ട്. വളർന്നു വരുന്ന ഹിന്ദു ദേശീയതയെ ചെറുക്കാൻ മുസ്‌ലിംകളെ തങ്ങളുടെ കൂടെ നിർത്താൻ ബ്രിട്ടീഷുകാർ നടത്തിയ ശ്രമം ഈയൊരു രാഷ്ട്രീയ വ്യത്യാസത്തിന് കാരണമായിട്ടുണ്ട്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പദങ്ങളാണ് ഭൂരിപക്ഷവും ന്യൂനപക്ഷവും. തലാൽ അസദ് നമ്മോട് ഉണർത്തുന്നത് പോലെ, മതം, വംശം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് നാം ഇവയെ ഉപയോഗിക്കുമ്പോൾ വളരെ വിചിത്രമായ ഉഭയാർത്ഥങ്ങളാണ് നമുക്ക് ലഭിക്കുന്നത്. മതപരവും സാംസ്കാരികവും വംശപരവുമായ ന്യൂനപക്ഷത്തെ കുറിച്ച് സംസാരിക്കുക എന്നാൽ പ്രത്യയശാസ്ത്രപരമായ സങ്കരത്വത്തെ (Ideological Hybrid ) കുറിച്ച് സംസാരിക്കുക എന്നാണ്. ഈ പ്രത്യയശാസ്ത്രപരമായ സങ്കരത്വം എന്നാൽ ചില സംസ്കാരം പിന്തുടരുന്നവർ രാഷ്ട്രീയപരമായി നിർണിതമായ ഒരു സ്ഥലികയിലെ ദേശവാസികൾ ആണെന്നും ആ സംസ്കാരത്തെ പിന്തുടരാത്ത മറ്റു ന്യൂനപക്ഷവിഭാഗങ്ങൾ അടുത്ത കാലത്ത് ആ ദേശത്ത് വന്നതിനാലോ (കുടിയേറ്റക്കാർ) അല്ലെങ്കിൽ മുമ്പേ ഉള്ളതിനാലോ (ആദിവാസികൾ) ഈ ദേശത്തുകാരല്ല എന്ന വാദമാണ്. ഇതിലേക്ക് ഒന്ന് കൂടി ചേർത്ത് പറയുകയാണെങ്കിൽ നിർദ്ദിഷ്ട വിഭാഗമല്ല എന്ന കാരണത്താല്‍ കൂടി ഇന്ത്യൻ മുസ്‌ലിംകൾക്ക്‌ രണ്ടാമത്തെ വിഭാഗത്തിലാണ് സ്ഥാനം ലഭിച്ചത്. ഈ രണ്ടു പദങ്ങളെ ദേശീയതലത്തിൽ ഇന്ത്യൻ സമൂഹത്തിലും രാഷ്ട്രീയത്തിലും ഊട്ടിയുറപ്പിക്കുകയാണ് സ്വാതന്ത്ര്യവും വിഭജനവും ചെയ്തത്.

ക്രിസ്ത്യൻ, സിഖ് മത സമുദായങ്ങൾ പോലെ ഒരു ന്യൂനപക്ഷ വിഭാഗമാണ് മുസ്‌ലിംകളും. എന്നാൽ എണ്ണത്തിൽ ഭൂരിപക്ഷമുള്ള പല നഗരങ്ങളിലും ജില്ലകളിലും ന്യൂനപക്ഷ പരിഗണനയാണ് മുസ്‌ലിംകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. “പാകിസ്ഥാന് വേണ്ടി വാദിച്ചതും പോരാടിയതും മുസ്‌ലിംകളാണ്. മുസ്‌ലിംകൾ അവരുടെ ദേശത്തെ തിരഞ്ഞെടുക്കുക മാത്രമല്ല അവരുടെ തിരഞ്ഞെടുപ്പിനോട് ആത്മാർത്ഥത കാണിക്കുകയും വേണം. അവർ ഇന്ത്യയെ ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇന്ത്യൻ പൗരൻ എന്ന് തെളിയിക്കുന്ന ദേശക്കൂറ്‌ കാണിക്കുകയും വേണം” എന്ന് ഈ നഗരങ്ങളിൽ നിന്ന് ഉയർന്നു കേൾക്കാറുണ്ട്.

ഹിന്ദുക്കൾ ഭൂരിപക്ഷമായിരുന്നെങ്കിലും പല വിഷയത്തിലും അവർക്കിടയിൽ അനൈക്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഹിന്ദുക്കൾ എന്നു പറയപ്പെടുന്നവരെ തന്നെ പവിത്ര ഗ്രന്ഥങ്ങളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും അകറ്റി നിർത്തപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും ആരവത്തിൽ മുസ്‌ലിംകൾ എന്ന ഒരൊറ്റ വിഷയത്തിനെതിരെ അവർ ഐക്യപ്പെട്ടു. അസന്ദിഗ്‌ദ്ധമായി രാഷ്ട്രക്കൂറുള്ള പൗരന് വേണ്ടി ആയിരുന്നു അവരുടെ തിരച്ചിൽ. നേപ്പാൾ ഒഴിച്ചുനിർത്തിയാൽ ഹിന്ദുക്കൾക്ക് മറ്റൊരു ഉദ്ദേശം ഇല്ലാത്തതുകൊണ്ട് ഇന്ത്യൻ ദേശത്തോടുള്ള അവരുടെ കൂറ് അസന്നിഗ്ദ്ധമായിരുന്നു.

ഹിന്ദുവോ ഇന്ത്യനോ എന്ന ഒരു ചോദ്യം തന്നെ അവിടെ അപ്രസക്തമായിരുന്നു. പകരം ഇന്ത്യയിൽ ന്യൂനപക്ഷത്തിന് ചേർന്ന പദവിയും സ്ഥാനവും എന്തായിരിക്കണം എന്നതായിരുന്നു ചോദ്യചിഹ്നമായി നിലനിന്നത്.

ദേശീയവാദ അന്വേഷണങ്ങൾക്കും അതിന്റെ വിവക്ഷളിലേക്കും തിരിയുന്നതിനു മുമ്പ് ദേശീയവാദത്തെ സംബന്ധിച്ച മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട് എന്നു തോന്നുന്നു. സ്വതന്ത്ര രാഷ്ട്രം എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതിന് ജനങ്ങൾക്കിടയിൽ ഐക്യം ഉണ്ടാക്കാൻ യത്നിച്ച പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിലെ കൊളോണിയൽ വിരുദ്ധ ദേശീയതയെ കുറിച്ചാണത്. പക്ഷേ എനിക്ക് തോന്നുന്നത് അതിന് വളരെ വ്യാപകമായ മാറ്റൊലികൾ ഉണ്ടായിട്ടുണ്ട് എന്നാണ്. ദേശീയ താൽപര്യങ്ങളെ നാം നിർവചിക്കുമ്പോൾ ദേശവും സമൂഹവും ചരിത്രപരമായി നിലവിൽ വന്നത് അനേകം പോരാട്ടങ്ങളിലൂടെയാണ് എന്ന് പറയേണ്ടി വരും. എന്നാൽ ഒരു ദേശം ദേശരാഷ്ട്രമായിത്തീരുമ്പോൾ അതിന്റെ ദേശീയ താൽപര്യങ്ങൾ രാഷ്ട്രത്തിന്റെ അഖണ്ഡതക്കും അതിർത്തികൾക്കും ഉള്ളിലേക്ക് ഒതുങ്ങുന്നു.

||

അനിശ്ചിതത്വത്തിനും അസമത്വത്തിനും അസ്ഥിരതക്കും ഇടക്ക് ഐക്യരൂപത്തിനും കൃത്യതക്കും വേണ്ടിയുള്ള തിരിച്ചറിയാൻ കഴിയാത്ത ദേശീയവാദ അന്വേഷണങ്ങളാണ് ഇന്ന് എല്ലാ ദേശീയ വാദങ്ങളിലുമുള്ളത്. ദേശത്തിനു വേണ്ടി ജാതിയും മതവും സമുദായവും കുടുംബവും ആത്മാർപ്പണം നടത്തിയ നമുക്ക് യഥാർത്ഥ പൗരന്മാരെന്ന് വാദിക്കാൻ  അർഹതയുണ്ടോ എന്ന് 1947ലെ ദേശീയവാദികൾ നിരന്തരം സ്വന്തത്തോട് തന്നെ ചോദിച്ചിരുന്നു. എന്നാൽ എല്ലാ പൗരന്മാരും ജാതി, മതം, കുടുംബം എന്നിവയെ ആത്മാർപ്പണം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം നമുക്ക് തിരിച്ചു ചോദിക്കാവുന്നതാണ്.

വിഭജനം- സ്വാതന്ത്ര്യം എന്നിവയുടെ കാലഘട്ടങ്ങളിലാണ് ഇന്ത്യ, പാകിസ്താൻ എന്നീ പുതിയ ദേശരാഷ്ട്രങ്ങളുടെ പിറവി. അനേകം ചരിത്രങ്ങളും ബന്ധങ്ങളും പുതിയ സ്വത്വങ്ങളും മരവിപ്പിക്കപെട്ടതും ഈ കാലത്തായിരുന്നു. പല പ്രദേശങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങൾ പുറന്തള്ളപ്പെട്ടു. പശ്ചിമ പാകിസ്താനിൽ നിന്ന് ഹിന്ദുക്കളും സിഖുകാരും പുറത്താക്കപ്പെട്ടു. ഈസ്റ്റ് പഞ്ചാബിൽ നിന്നും ഇന്ത്യയുടെ മറ്റു നിരവധി ഭാഗങ്ങളിൽ നിന്നും മുസ്‌ലിംകളും പുറത്താക്കപ്പെട്ടു. കണക്കുകളൊന്നും കൃത്യമല്ലെങ്കിലും അര മില്യൺ ജനങ്ങൾക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. അനേകം പേർ അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പതിനാലു മില്യൺ ജനങ്ങൾ അഭയാർത്ഥികളാവുകയും ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയും, ദക്ഷിണേന്ത്യയും അടക്കം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ ഏറിയോ കുറഞ്ഞോ ഉണ്ടായിട്ടുണ്ട്.

വിഭജനസമയത്തെ ഇന്ത്യ

വിഭജനത്തിന്റെ സമയത്ത് ഇരു രാഷ്ട്രങ്ങൾക്കും കയ്‌പേറിയ അനുഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രത്യേകിച്ചും പാകിസ്ഥാൻ മുസ്‌ലിം രാഷ്ട്രമാക്കി പ്രഖ്യാപിക്കപ്പെട്ടത് കൊണ്ടു തന്നെ അവിഭക്ത ഇന്ത്യയിലെ 19 മില്യൺ ജനങ്ങളെ സംബന്ധിച്ചിടത്തോളം പാകിസ്ഥാൻ വൻ പ്രതീക്ഷയായിരുന്നു. അവർക്ക് കുടിയേറാനും സ്വദേശമായി കരുതാവുന്നതുമായ ഒരു ഭൂമി. എന്നാൽ പാകിസ്ഥാൻ ദേശരാഷ്ട്രത്തിന്റെ സ്ഥാപകർ പ്രഖ്യാപിത ദേശരാഷ്ട്രത്തിൽ നിന്നും പിൻവാങ്ങി മതേതര രാഷ്ട്രമാക്കാൻ തീരുമാനിച്ചു. “നിങ്ങൾ ഏത് ജാതിയോ മതമോ ആവട്ടെ. രാഷ്ട്രം നിങ്ങളുടെ അക്കാര്യങ്ങളിലൊന്നും ഇടപെടില്ല. നമ്മളെല്ലാം ഒരേ രാഷ്ട്രത്തിലെ തുല്യ പൗരന്മാരാണ്. രാഷ്ട്രീയപരമായി ഹിന്ദുക്കളെല്ലാം ഹിന്ദുക്കളോ മുസ്‌ലിംകളെല്ലാം മുസ്‌ലിംകളോ അല്ല, മറിച്ചു രാഷ്ട്രത്തിന്റെ പൗരന്മാർ മാത്രമാണ് ” എന്നായിരുന്നു 1947 ൽ നടന്ന പാകിസ്ഥാൻ ഭരണഘടനാ നിർമാണ സഭയുടെ ആദ്യ യോഗത്തിൽ മുഹമ്മദലി ജിന്ന പ്രസ്താവിച്ചത്. ഈയൊരു ചുവടു മാറ്റം മുസ്‌ലിം ലീഗ് അനുയായികൾക്കിടയിൽ വൻ പരിഭ്രാന്തി സൃഷ്‌ടിക്കുകയും ആഭ്യന്തര വിഭാഗീയതക്ക് വഴി വെക്കുകയും ചെയ്തു.

രാഷ്ട്രീയപരമായി മുസ്‌ലിംകൾ എങ്ങനെയാണ് മുസ്‌ലിംകളല്ലാതാവുകയും ഹിന്ദുക്കൾ ഹിന്ദുക്കളല്ലാതാവുകയും ചെയ്യുന്നത്?

ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ജിന്ന ഉപേക്ഷിക്കുകയാണോ? പാകിസ്ഥാന് വേണ്ടിയുള്ള പോരാട്ടം തുടങ്ങിയപ്പോൾ ജിന്ന പറഞ്ഞത് കാണുക : “കേവലം മതേതരവൽക്കരണമായിരുന്നു നമ്മുടെ ലക്ഷ്യമെങ്കിൽ നമുക്ക് ഇന്ത്യയിൽ നിന്ന് വിഭജിക്കേണ്ട ആവശ്യമില്ല. സ്വതന്ത്ര മുസ്‌ലിംകളായി ഇസ്‌ലാമിക തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രത്തിനു വേണ്ടിയാണ് ഈ പോരാട്ടം തന്നെ”. എന്നാൽ ഈ ലക്ഷ്യത്തിൽ നിന്നുള്ള പാകിസ്താന്റെ തെന്നിമാറ്റം മുസ്‌ലിംകൾക്കിടയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചു.

ഇതേ സമയം ഇന്ത്യയിലെ മുസ്‌ലിംകൽക്കിടയിലും ഈ പരിഭ്രാന്തി പരന്നു.  വെപ്രാളം മൂലം എന്തു ചെയ്യണമെന്നറിയാതെ പലരും മിഴിച്ചു നിന്നു. പുതിയ രാഷ്ട്രത്തിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടും പഴയ രാഷ്ട്രത്തെ ഉപേക്ഷിച്ചു വന്നതു കൊണ്ടും ആത്മ രക്ഷാർത്ഥം അവർ  ആയുധങ്ങളേന്താൻ തുടങ്ങി.

വരാനിരിക്കുന്ന ദേശരാഷ്ട്രം എങ്ങനെയായിരിക്കുമെന്ന് വിഭജനവും സ്വാതന്ത്ര്യവും ലോകത്തിനു വ്യക്തമായി കാണിച്ചു കൊടുത്തു. ഒരുപാട് കൂട്ടക്കുരുതിയും നിർബന്ധിത കുടിയേറ്റവും മൂലം പുതിയ രാഷ്ട്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്തു മുസ്‌ലിംകൾക്ക് മൃഗീയ ഭൂരിപക്ഷമുണ്ടായിത്തുടങ്ങി. ഇതു കണ്ട ഹിന്ദു ദേശീയവാദികൾ പാകിസ്ഥാൻ ഏകജാതീയ രാഷ്ട്രമാകാൻ പോവുകയാണെന്ന് മനസ്സിലാക്കി. പശ്ചിമ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ സിഖുകാരും ഹിന്ദുക്കളും വലതു പക്ഷ ഹിന്ദു നേതാക്കളുടെ പക്ഷം ചേർന്ന് ഇന്ത്യയിൽ നിന്ന് മുസ്‌ലിംകളെ മുഴുവൻ ഒഴിപ്പിക്കണമെന്നും ഇന്ത്യ ഹിന്ദുക്കൾക്കും സിഖുകാർക്കും വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു.

ഈയൊരു ആപൽക്കരമായ അവസ്ഥയിൽ ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ജീവിക്കാൻ സാധ്യമാണോ? കൊലപാതകവും പ്രതി കൊലപാതകവും കാരണം പല പ്രദേശങ്ങളിലും മുസ്‌ലിംകൾ നിശ്ലേഷം തുടച്ചുനീക്കപ്പെട്ടു. ഇന്ത്യയിലെ ദേശീയ പ്രസ്ഥാന നേതാക്കളുടെയും സ്വാതന്ത്ര്യസമര നേതാക്കളുടെയും ശക്തമായ ഇടപെടലും മതേതര റിപ്പബ്ലിക്കിന് വേണ്ടിയുള്ള പോരാട്ടവും മൂലമാണ് ഈയൊരു കൂട്ടക്കുരുതിക്ക് അറുതി വന്നത്. 1948 ഹിന്ദു തീവ്രവാദികളുടെ കരങ്ങളാൽ മഹാത്മാഗാന്ധി വധിക്കപ്പെട്ടപ്പോൾ ഉത്തരേന്ത്യ പഴയ വർഗീയതയിലേക്ക് തന്നെ തിരികെ പോവുകയും ഇന്ത്യ ഹിന്ദു രാഷ്ട്രമാവണോ  മതേതര രാഷ്ട്രമാവണോ എന്ന സംവാദം വീണ്ടും തല പൊക്കുകയുമുണ്ടായി. ശേഷം വരുന്ന മുസ്‌ലിംകൾ ഇന്ത്യയിൽ തന്നെ നിലനിന്നു. മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം മാത്രമായിരുന്നു അവർ. അപ്പോഴും ഒരു ചോദ്യം ബാക്കി നിന്നു. ഒരു മുസ്‌ലിമിന് യഥാർത്ഥ ഇന്ത്യക്കാരനാകാൻ സാധിക്കുമോ? ഇതാണ് വിഭജനത്തിന്റെ ഇപ്പോഴും നില നിൽക്കുന്ന പൈതൃകം.

ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2

വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍

By പ്രൊഫ. ഗ്യാനേന്ദ്ര പാണ്ഡെ

Historian and a founding member of the Subaltern Studies project.