ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2

മുസല്‍മാന് ഇന്ത്യനാവുക സാധ്യമാണോ?-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 1

ഏതൊക്കെ മുസ്‌ലിംകൾക്കാണ് ഇന്ത്യയിൽ ജീവിക്കാൻ അവകാശമുള്ളത്?  1947-1948 കാലഘട്ടങ്ങളിൽ നെഹ്‌റുവും ഗാന്ധിയും ഘട്ടംഘട്ടമായി അതിന് ഉത്തരം നൽകി. ഇവിടെ ജീവിക്കാൻ താൽപ്പര്യമുള്ളവർക്കൊക്കെ. എന്നാൽ 1947 ആഗസ്ററ് 15 ന് ശേഷവും സംഘർഷവും സ്പർദ്ധയും പ്രതികാര മനോഭാവവും കുറഞ്ഞു കണ്ടില്ല. രാഷ്ട്രീയ ജാഗ്രതയുള്ള ഹിന്ദുകൾക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നി. അതോടെ പരസ്യമായി തീവ്രവലതുപക്ഷം ചേർന്നു. മുസ്‌ലിംകൾക്ക് ഇന്ത്യയിൽ സകല പ്രാമുഖ്യവും നഷ്ടപ്പെട്ടു തുടങ്ങി. പരസ്യമായി തന്നെ പാകിസ്ഥാനികൾ എന്ന് മുദ്രകുത്തപ്പെട്ടു. മുസ്‌ലിംകൾക്ക് സമ്പൂർണ്ണ നീതി ഉറപ്പുവരുത്തല്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണെന്ന് ഗാന്ധിജി പ്രഖ്യാപിച്ചപ്പോൾ വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

ഈ പ്രതിഷേധം എത്ര ശക്തമായിരുന്നുവെന്ന് 1947 ജൂൺ 19ന് ഇറങ്ങിയ കാൻപൂർ നാഷണലിസ്റ്റ് ഡെയിലി എന്ന പത്രത്തിൽ വന്ന ഒരു റിപ്പോർട്ട് വായിച്ചാൽ മതിയാകും. എഡിറ്റർമാർ എഴുതുന്നു : “നമ്മുടെ നൈസർഗിക വികാരങ്ങളെ ഉപേക്ഷിക്കാൻ നാം തയ്യാറായിരിക്കുന്നു. ഗാന്ധിയെ പിന്തുടരുക വഴി കോൺഗ്രസ് നേതാക്കളെ മാത്രമല്ല ദേശീയവാദികളായ മുസ്‌ലിം നേതാക്കളെയും അവരുടെ ഉപദേശത്തെയും സ്വീകരിക്കാനും ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ അവർക്ക് നേടിക്കൊടുക്കാനും നമ്മൾ തയ്യാറാണ്. ഇന്ത്യയിൽ ജീവിക്കുന്ന ഓരോ മുസ്‌ലിമിനും ഇത്തരം ആനുകൂല്യങ്ങൾ നൽകാൻ നമ്മൾ ശ്രമിക്കുകയാണെങ്കിൽ അതൊരു വലിയ രാഷ്ട്രീയ മണ്ടത്തരമായിരിക്കും. പാകിസ്താന് വേണ്ടി വാദിച്ച മുസ്‌ലിം ലീഗുകാരാണ് മുസ്‌ലിംകൾ. ഒരൊറ്റ രാത്രി കൊണ്ടൊന്നും അവരുടെ മമത മാറി കൊള്ളണമെന്നില്ല. അവരുടെ ദേശക്കൂറിനെ വിശ്വസിക്കാനും പറ്റില്ല”.

ജവഹര്‍ലാല്‍ നെഹ്‌റു, കരംചന്ദ് ഗാന്ധി

ഇതേ സന്ദേഹം കോൺഗ്രസ് നേതൃത്വത്തിൽ ഉടലെടുത്തിരുന്നു. വിഭജനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രണ്ടാഴ്ച മുമ്പ് അന്നത്തെ ഉത്തർ പ്രദേശ് കോൺഗ്രസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമ്പൂർണ്ണാനന്ദ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇക്കാര്യം അദ്ദേഹം വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആഗസ്റ്റ് 15 ദേശസ്നേഹികളെ സംബന്ധിച്ചിടത്തോളം ഒരേസമയം ആശ്ചര്യത്തിന്റെയും ദുഖത്തിന്റെയും ദിവസമായിരിക്കും. സങ്കടത്തിനു കാരണം അദ്ദേഹം പറയുന്നത് ഇതാണ്: മുമ്പ് കാലങ്ങളിലും ഇന്ത്യ വിഭജിക്കപ്പെടുകയും സ്വതന്ത്ര നാട്ടുരാജ്യങ്ങൾ ആവുകയും ചെയ്തിരുന്നു. പക്ഷേ ഈ രാഷ്ട്രീയ പരിമിതികളെയെല്ലാം മറികടന്നുകൊണ്ട് നമ്മുടെ സാംസ്കാരിക ഐക്യരൂപം നമ്മെ ഒരു ഒരുമിപ്പിച്ചു നിർത്തി. എന്നാൽ ഇപ്പോൾ നേതാക്കന്മാർ (പാകിസ്ഥാനി) വാഗ്ദാനം ചെയ്യുന്ന സംസ്കാരം നമ്മുടെ ഐക്യത്തെ തകർക്കുന്നത് എന്നുമാത്രമല്ല സമ്പൂർണ്ണമായും ഇന്ത്യക്ക് പുറത്തുള്ളതുമാണ്. എപ്പോഴാണെന്നോ എങ്ങനെയാണെന്നോ പറയുന്നില്ലെങ്കിലും ഇന്ത്യയും പാകിസ്ഥാനും ഒന്നാകും എന്ന പ്രതീക്ഷ സമ്പൂർണ്ണാനന്ദ് വച്ചുപുലർത്തുന്നുണ്ട്. ഇത്തരം ദുഖങ്ങളൊക്കെയുണ്ടെങ്കിലും സ്വരാജി(സ്വയം ഭരണം) നെ നമ്മൾ സ്വാഗതം ചെയ്യേണ്ടതുണ്ട് എന്ന് അദ്ദേഹം എഴുതുന്നു. “കാരണം ആയിരക്കണക്കിന് വർഷങ്ങളായി നമുക്ക് നഷ്ടപ്പെട്ട ഒരു അമൂല്യമായ കാര്യമാണ് നമുക്ക് തിരിച്ചു ലഭിക്കാൻ പോകുന്നത്. സ്വാഭാവികമായല്ലെങ്കിലും എത്ര എളുപ്പത്തിലാണ് നമുക്ക് ഹിന്ദു എന്ന സ്വത്വത്തെ തിരിച്ചു ലഭിക്കാൻ പോകുന്നത്. മുസ്‌ലിം ശക്തികൾ ഇന്ത്യയിൽ വന്നതോടെ നമുക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തെയാണ് നാം (ഹിന്ദു /ഇന്ത്യൻ ) തിരിച്ചു പിടിക്കാൻ പോകുന്നത്. താനേസർ യുദ്ധത്തിൽ യുദ്ധത്തിൽ പൃഥ്വിരാജിനെ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയതോടെ ഭാരതത്തിന് അതിന്റെ സ്വത്വം നഷ്ടപ്പെട്ടു. നമ്മുടെ വൈജ്ഞാനിക-ദാർശനിക ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. ആയിരത്തോളം വർഷമായി ഒരു ധൈഷണിക മുന്നേറ്റവും നടന്നിട്ടില്ല”.

സ്വതന്ത്ര ഇന്ത്യയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് പാകിസ്ഥാനോട് ഉണ്ടാകാനിടയുള്ള അന്തർലീനമായ രാഷ്ട്രക്കൂറിനെ പറ്റിയുള്ള തന്റെ പേടിയെ അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ ആധുനിക ദേശരാഷ്ട്രത്തിന്റെയും ദേശീയതയുടെയും പ്രധാന ഘടകം അതിർത്തികളിലെ പ്രതിരോധമാണ് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഇക്കാര്യം സമ്പൂർണ്ണാനന്ദ് തന്റെ ലേഖനത്തിൽ പരാമർശിക്കുന്നുമുണ്ട്.

  “നിലവിലെ സാഹചര്യങ്ങളിൽ ഇന്ത്യയിൽ അഹിംസ കൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല. ഒരു ശക്തമായ സായുധസേനയ്ക്ക് മാത്രമേ ഇന്ത്യയെ ലോകത്തിലെ ഒരു ശക്തമായ രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുകയുള്ളൂ”. ഇന്ത്യൻ ആർമിയിലെ ഡെപ്യൂട്ടി ചീഫ് ആയ മേജർ ജനറൽ കെഎം കരിയപ്പയുടെ വാക്കുകളാണിത്. ശത്രുക്കളുടെ സ്വത്ത് കണ്ടെത്തി കണ്ടുകെട്ടി അവ ഉപയോഗിച്ച് ശക്തമായ രാഷ്ട്രം പണിയണമെന്നും നാസി മോഡലിൽ ശക്തമായ ആർമി വേണമെന്നും കോൺഗ്രസ് അനുകൂല പത്രമായ ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകൻ ദുർഗദാസ് വാദിച്ചിരുന്നു. “ഇന്ത്യ ശക്തമായ ഒരു ആധുനിക ദേശരാഷ്ട്രം ആകേണ്ടതുണ്ട്. തിരിച്ചടിക്കാൻ കെൽപ്പുള്ള സായുധസേനയുള്ള ഒരു രാഷ്ട്രം”.ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ ഗാന്ധിജിയോടുള്ള എതിർപ്പ് വിശദീകരിക്കുന്നതിനിടെ പറഞ്ഞതാണിത്. ഇത്തരം വികാരങ്ങളെ കുറിച്ച് പറയുന്നതിനിടെ സായുധമായ ആധുനിക ദേശ രാഷ്ട്രത്തിന്റെ ആവശ്യകതയെക്കുറിച്ച് സമ്പൂർണ്ണാനന്ദ് പറയുന്നുണ്ട്. “ഒരുപക്ഷേ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാവുകയാണെങ്കിൽ മുസ്‌ലിം ജനസാമാന്യത്തിന് ഇന്ത്യയോടുള്ള അനുകമ്പ ധ്രുതഗതിയില്‍ പാകിസ്ഥാനോട് ആകാൻ സാധ്യതയുണ്ട്”, സമ്പൂർണ്ണാനന്ദ് തുടരുന്നു. ഈയൊരു ഭയം കൂടുതൽ വളർന്നു വന്നതോടെ അനേകം മുസ്‌ലിംകൾ അരികുവൽക്കരിക്കപ്പെട്ടു. രാഷ്ട്രീയ ഇന്ത്യയുടെ ചരിത്രത്തിൽ അന്നുമുതൽ ഇന്നുവരെ ഈയൊരു ഭയത്തെ നിയന്ത്രിക്കാനുള്ള സാഹസങ്ങളാണ് നടന്നത്.

 1947 ന് ശേഷം ഒരുപറ്റം ദേശീയ വാദികളായ നേതാക്കൾ സമ്പൂർണ്ണാനന്ദ് ഉന്നയിച്ച പ്രശ്നങ്ങളായ യുദ്ധവും യുദ്ധത്തിലെ രാഷ്ട്രക്കൂറിനെ പറ്റിയും കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ രാംമനോഹർ ലോഹിയ 1947 ഒക്ടോബർ മാസത്തിൽ ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ നെഹ്റു സർക്കാറിനെ പിന്തുണച്ച് ശക്തിപ്പെടുത്താനും പാക്കിസ്ഥാൻ സർക്കാരിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും മുന്നോട്ടുവരണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുകയും അവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു. ഗവണ്മെന്റിന്റെ പ്രഖ്യാപിത മതേതര നയത്തിൽ സംശയം പ്രകടിപ്പിച്ചവർ,  മുസ്‌ലിംകൾ, ഹിന്ദുക്കൾ, സിഖുകാർ അടക്കമുള്ള സാമുദായിക ശക്തികളോടുമുള്ള അപേക്ഷയായിരുന്നു ഇത്. എന്നാൽ ഇതിന്റെ മൂന്നു ദിവസം മുമ്പ് ഡൽഹിയിൽ നടന്ന ഒരു റാലിയിൽ മുസ്‌ലിംകളോട് ആയുധം വെച്ച് കീഴടങ്ങാനും രാഷ്ട്രത്തോടുള്ള കൂറ് കാണിക്കാനും ആവശ്യമെങ്കിൽ പാകിസ്ഥാനെതിരെ മാത്രമല്ല മറ്റു രാജ്യങ്ങൾക്ക് എതിരെയും യുദ്ധം ചെയ്യാൻ സന്നദ്ധരാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതേസമയം ഉത്തർപ്രദേശ് സർക്കാരിന്റെ മുഖ്യമന്ത്രിയും നിപുണനായ ഭരണാധികാരിയുമായ ഗോവിന്ദ ബല്ലഭ് പാണ്ട് ഇതേകാര്യം ഊന്നിപറയുന്നുണ്ടായിരുന്നു. “ഒരുപക്ഷേ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുകയാണെങ്കിൽ ഓരോ ഇന്ത്യൻ മുസ്‌ലിമും രാഷ്ട്രകൂറ് എന്നാൽ എന്ത് എന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. വേണ്ടിവന്നാൽ പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഓരോ ഇന്ത്യൻ മുസ്‌ലിമും രക്തം ചിന്താനും സന്നദ്ധനാവണം. ഓരോരുത്തരും അവന്റെ മനസാക്ഷിയോട് അന്വേഷിക്കണം, അവൻ പാകിസ്താനിലേക്ക് കുടിയേറണോ വേണ്ടയോ എന്ന്”.

രാജ സാഹിബ്‌

ഇത്തരം കാര്യങ്ങൾ പുറത്തു പറയാൻ ഇന്ത്യയിൽ തന്നെ നിലനിന്ന ചില മുസ്‌ലിം നേതാക്കന്മാരും സമ്മർദ്ദത്തിൽ ആയിരുന്നു. 1947 വരെ ജിന്നയുടെ ഏറ്റവും അടുത്ത കൂട്ടാളിയും ആൾ ഇന്ത്യ മുസ്‌ലിം ലീഗിന്റെ ജനറൽ സെക്രട്ടറിയുമായ മഹ്മൂദാബാദുകാരനായ രാജ സാഹിബ്‌ ഇത്തരം ഒരു തുറന്നുപറച്ചിൽ നടത്തുന്നുണ്ട്. യുപി യിൽ നിന്നും ബീഹാറിൽ നിന്നും ഉള്ള അനേകം മുസ്‌ലിം ലീഗ് നേതാക്കന്മാരെ പോലെ രാജയും സ്വദേശം ഇട്ടു പോകുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല. വിഭജനത്തിൽ മനംനൊന്ത് അദ്ദേഹം 1948 സെപ്റ്റംബറിൽ മുസ്‌ലിംലീഗിൽ നിന്ന് രാജിവെച്ചു. മുസ്‌ലിംകളെ അവരെ വിധിക്ക് വിട്ടു കൊടുത്തുകൊണ്ട് ലീഗിന്റെ നേതാക്കളെല്ലാം പാകിസ്ഥാനിലേക്ക് പോവുകയാണ് ചെയ്തത് എന്ന് അദ്ദേഹം തുറന്നടിച്ചു. “ഇനിയൊരിക്കലും മുസ്‌ലിം ജനസാമാന്യത്തെ വഴിപിഴപ്പിക്കാൻ അവർക്ക് സാധിക്കില്ല എന്ന് അവസരവാദികളായ അവർ മനസ്സിലാക്കണം. മുസ്‌ലിംകളെല്ലാം ഇന്ത്യക്ക് വേണ്ടി യുദ്ധത്തിനു യുദ്ധത്തിന് ഇറങ്ങാൻ തയ്യാറാണ്. അത്‌ പാക്കിസ്ഥാനെതിരെയുള്ള യുദ്ധം ആണെങ്കിലും ശരി”. അദ്ദേഹം പറയുന്നു. ഇതേ പ്രകാരം തന്റെ സമുദായമായ ആന്ധ്ര മുസ്‌ലിംകൾ ഇന്ത്യൻ യൂണിയനോട് കൂറ് ഉള്ളവരാണെന്നും അതിനുവേണ്ടി അവസാന തുള്ളി രക്തം വരെ ചിന്താന്‍ തയ്യാറാണെന്നും മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും ഓൾ ഇന്ത്യ മുസ്‌ലിം ലീഗ് കൗൺസിൽ അംഗവുമായ എം എ സലാം എന്ന വ്യക്തിയും പ്രഖ്യാപിച്ചു.

ഇന്ത്യൻ  മുസ്‌ലിംകളുടെ ദേശക്കൂറിനുള്ള തെളിവ് എന്ത് എന്ന ചോദ്യത്തിന് വിഭജനം അനേകം ആശയങ്ങൾ മുന്നോട്ടുവെച്ചു. ചിലർ മുസ്ലിം ലീഗ് പിരിച്ചു വിടാൻ ആവശ്യപ്പെട്ടു. മുസ്‌ലിംകൾക്ക് പ്രത്യേക മണ്ഡലം, നിയമസഭയിലെ ക്വാട്ട അടക്കമുള്ള നേരിയ തോതിൽ പോലും ഉണ്ടാകാവുന്ന വിഘടനവാദത്തെ ഇല്ലായ്മ ചെയ്യണമെന്ന് വാദിച്ചു.

സഹ പ്രധാനമന്ത്രിയായിരുന്ന വല്ലഭായ് പട്ടേൽ ഭരണഘടനാ നിർമ്മാണ സമിതിയിൽ ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് നടന്ന സംവാദത്തിൽ പറഞ്ഞത് ഇതാണ് : “ഇത്തരം തീരുമാനങ്ങളാണ് നമ്മുടെ രാഷ്ട്രത്തെ വിഭജിച്ചത്. ഇനിയും ആർക്കെങ്കിലും അത്തരത്തിലുള്ള തീരുമാനം വേണമെങ്കിൽ അവർക്ക് പാകിസ്ഥാനിലേക്ക് പോകാം. ഇവിടെ ഇനി അതു പറ്റില്ല. ഏക രാഷ്ട്രത്തിന് അടിത്തറ പാകാനാണ് നാം ഇവിടെ ഒത്തു കൂടിയത്. വിഭാഗീയതയുടെ വിത്തുകൾക്ക് ഇനി ഇവിടെ സ്ഥാനമില്ല”.

ഇന്ന് മിക്ക മത-സാമുദായിക വിഭാഗങ്ങളും ഭരണപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളിൽ തുല്യാവകാശത്തോടെ പങ്കെടുക്കാൻ സംവരണം നേടിയെടുത്തിട്ടുണ്ട്. അൻപതു വർഷം മുമ്പ് അതൊരു പാടുപിടിച്ച കാര്യമായിരുന്നു. ഇക്കാലത്തോടെ മുസ്‌ലിം ലീഗ് എന്ന ചിന്ത തന്നെ അസ്വീകാര്യമായിതുടങ്ങി. പാകിസ്ഥാൻ എന്ന ആശയത്തിന് വേണ്ടി മുസ്‌ലിം പ്രഫഷണലുകൾക്കൊപ്പം കൂടുകയും നിലവിൽ സർക്കാർ ഉദ്യോഗസ്ഥരായി ഇന്ത്യയിൽ ജീവിക്കുകയും ചെയ്യുന്ന മുസ്‌ലിംകളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ദേശീയവാദികളായ നിരീക്ഷകർ അഭിപ്രായപ്പെട്ടു. പാകിസ്ഥാന് വേണ്ടി മുമ്പ് വാദിക്കുകയും പിന്നീട് ഇന്ത്യയിൽ തന്നെ നിൽക്കുകയും ചെയ്ത ഇവരെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട്. കാരണം, ഇന്ത്യയുടെ അധികാര തലങ്ങളിൽ ചാരന്മാരെ നിർത്താനുള്ള മുസ്‌ലിം ലീഗിന്റെ ഒരു ഗൂഡാലോചനയാകാം ഇത് എന്നായിരുന്നു അവരുടെ നിരീക്ഷണം. 

മുഹമ്മദലി ജിന്ന

ഈയൊരു സിദ്ധാന്തത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ ഗവണ്മെന്റ് പാകിസ്ഥാനിലേക്ക് പോകുന്നവരും അവിടെ നിന്ന് തിരിച്ചു വരുന്നവരുമായ മുഴുവൻ യാത്രികരുടെയും പക്കലുള്ള സകല രേഖകൾ, കൈവശമുള്ള ആയുധങ്ങൾ, മറ്റു യന്ത്രങ്ങൾ എന്നിവ കർശന പരിശോധനക്ക് വിധേയമാക്കി. ലക്നൗ എയർപോർട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ ഭൂരിഭാഗവും പാകിസ്ഥാനിൽ എത്തിയ ഇന്ത്യൻ അഭയാർത്ഥികൾ ഇന്ത്യയിൽ അവരുടെ ബന്ധുക്കൾക്കയച്ച കത്തുകളായിരുന്നു. ഇന്ത്യയിലെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്നും കഴിയുന്നത്ര വേഗത്തിൽ പാകിസ്താനിലേക്ക് പലായനം ചെയ്യണമെന്നുമുള്ള നിർദേശമാണ് ആ കത്തുകളിലത്രയും. പിടിച്ചെടുത്ത ആയുധങ്ങളുടെ കൂട്ടത്തിൽ മണ്ണെണ്ണ, ഇലക്ട്രിക് ബാറ്ററികൾ, തോക്കുകൾ, വാളുകൾ, കത്തികൾ, കുന്തങ്ങൾ മറ്റു തരത്തിലുള്ള ആയുധങ്ങൾ എന്നിവയും ഉണ്ടായിരുന്നു. 1947 സെപ്റ്റംബറിലെ ഡൽഹി പത്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു കൂട്ടം മുസ്‌ലിം പോലീസ് ഉദ്യോഗസ്ഥർ മുൻകൂർ നോട്ടീസ് ഇല്ലാതെ ആയുധവും യൂണിഫോമും എടുത്തു പാകിസ്താനിലേക്ക് കുടിയേറിയത്രെ .

ഇത്തരത്തിലുള്ള സകല സന്ദേഹങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിൽ ഇവിടെത്തന്നെ നിന്ന മുസ്‌ലിം ലീഗുകാരും മുസ്‌ലിം ബ്യൂറോക്രാറ്റുകളും അധികാരികൾക്ക് മുന്നിൽ വളരെ പ്രയാസത്തോടെ രാഷ്ട്രകൂറ് തെളിയിക്കേണ്ടി വന്നു.

രാഷ്ട്രകൂറ് ഉള്ളവരാണെന്ന് അവരെക്കൊണ്ട് പുതിയ രാഷ്ട്രം സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു. ഹിന്ദി ഭാഷയിലെ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ പത്രമായ ബനാറസിലെ എ.ജെ പത്രം ഭരണഘടനാ നിർമ്മാണ സമിതിയിലെ മുസ്‌ലിം ലീഗ് അംഗങ്ങൾ ഭരണഘടനയോട് പ്രതിജ്ഞ ചെയ്ത രാഷ്ട്രകൂറിനെ സ്വാഗതം ചെയ്തെങ്കിലും ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരം എന്ന ദേശീയ ഗാനം 1947 ഓഗസ്റ്റ് 20 ന് മൃദുലമായ ഹിന്ദു സ്വരത്തിൽ ആലപിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് അതിൽ പങ്കെടുത്തില്ല എന്ന് ചോദിക്കുന്നുണ്ട്. മതകീയ വികാരങ്ങൾ കാരണത്താലാണ് അവർ പങ്കെടുക്കാത്തിരുന്ന്ത്‌ എന്നാണ് മുസ്‌ലിംകൾ നൽകിയ മറുപടി. ദേശീയ പതാകയിൽ നിന്നും വിരുദ്ധമായി ദേശീയ ഗാനത്തെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിക്കാത്തതിനാൽ അതിനു ചരിത്രപരമായ പൈതൃകം ഉണ്ടെന്ന് അംഗീകരിക്കാൻ കഴിയില്ലെന്ന് ബനാറസ് ഡെയ്ലി തിരിച്ചടിച്ചു. ചില മുസ്‌ലിം നേതാക്കൾ ലീഗിനെ നിരോധിക്കാനും മുസ്‌ലിംകൾക്ക് സുരക്ഷയും അവകാശവും ഉറപ്പ് വരുത്താൻ കഴിവുള്ള മതേതര – ജനാധിപത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ട് മുന്നോട്ട് വന്നു. ലീഗ് പൊതു താൽപര്യങ്ങൾക്കു വേണ്ടി മതേതര പാർട്ടികളോടൊപ്പം പ്രവർത്തിക്കുന്ന,  അസന്ദിഗ്ധ മതേതര പാർട്ടിയായി നില നിന്നാൽ മതി എന്നായിരുന്നു മറ്റ്‌ചിലരുടെ അഭിപ്രായം.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍

ഇന്ത്യയിലെ മുസ്‌ലിം ലീഗ് നേതാക്കന്മാർ ഇന്ത്യൻ പതാകയോടും ഭരണഘടനയോടും രാഷ്ട്രക്കൂറിന്റെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എങ്കിലും പലരും രാഷ്ട്രീയ ചർച്ചകൾക്കും മറ്റുമായി പാകിസ്താനിലേക്ക് പോയി വരികയും പാകിസ്ഥാനിലുള്ള ബന്ധുക്കളോട് അടുത്ത ബന്ധം പുലർത്തുകയും ചെയ്തു. എന്നാൽ ഇന്ത്യൻ മുസ്‌ലിംകൾ എങ്ങനെ പ്രവർത്തിക്കണമെന്നതിന് ജിന്നയിൽ നിന്ന് ചിലർ നിർദ്ദേശം തേടിയിരുന്നു. അതേ സമയം ഓഗസ്റ്റ് 15 ന് ഇവരും അനേകം വരുന്ന അരാഷ്ട്രീയ മുസ്‌ലിംകളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ ഒരു ആക്രമണ സാധ്യത കണക്കിലെടുത്ത് കൊണ്ട് പലരും ആത്മരക്ഷക്കായി ആയുധം കരുതിയിരുന്നു. മറ്റു ചിലർ ആക്രമണം വന്നാൽ പാകിസ്താനിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

ഈ ഘട്ടത്തിൽ രാഷ്ട്രക്കൂറ് സത്യപ്രതിജ്ഞ ചെയ്താലും മതിയാകാത്ത അവസ്ഥ വന്നു. കേവലം വാചിക ആവിഷ്കാരത്തിലൂടെ സ്ഥാപിക്കപ്പെടുന്നതല്ല രാഷ്ട്രം എന്ന് 1947 സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയ വർത്തമാൻ പത്രം പ്രഖ്യാപിച്ചു. പ്രവർത്തനമില്ലാതെ എങ്ങനെയാണ് അതിന്റെ ആവിഷ്കരണം സാധ്യമാവുക എന്നാണ് അത് ചോദിച്ചത്. രാഷ്ട്രക്കൂറ് തെളിയിക്കാനുള്ള പ്രവർത്തികൾ വളരെ വ്യത്യസ്തമായിരുന്നു ഇത്തവണ.” പഞ്ചാബിലും ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലും നടക്കുന്ന അനേകം കൂട്ടക്കൊലക്ക് അറുതിവരുത്താൻ മുസ്‌ലിംകൾക്ക് കഴിയും. മുസ്‌ലിം ലീഗുമായി ബന്ധമുള്ളവരെല്ലാം അവരുടെ പാകിസ്ഥാനീ സഹോദരന്മാരോട് ഈ സംഘർഷങ്ങൾ നിർത്താൻ ആവശ്യപ്പെടണം. ലീഗുകാർ ദ്വിരാഷ്ട്ര വാദത്തെ ഉപേക്ഷിക്കുകയും രാഷ്ട്ര പുനരേകീകരണത്തിനു വേണ്ടി പരിശ്രമിക്കുകയും വേണം. ഹിന്ദു, സിഖ് അഭയാർത്ഥികളെ സഹായിക്കാൻ മുസ്‌ലിംകൾ മുന്നോട്ട് കടന്നു വരികയും അവരുടെ രാഷ്ട്രക്കൂറ് പ്രകടിപ്പിക്കുകയും വേണം. ആയുധങ്ങളേന്തുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന മുസ്‌ലിം സഹോദരങ്ങളെ കുറിച്ച് അവർ അധികാരികളെ അറിയിക്കണം. ഇന്ത്യൻ മുസ്‌ലിംകൾ അവരുടെ രാജ്യത്തിനു വേണ്ടി അവരുടെ ജീവൻ തന്നെ അർപ്പിക്കേണ്ടിയിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് തന്നെ രാഷ്ട്രക്കൂറ് തെളിയിക്കാൻ അവരുടെ പാകിസ്ഥാനി സഹോദരന്മാർക്ക് എതിരെ ആയുധം എടുക്കേണ്ടി വന്നു.

ഭരണഘടനാ നിർമ്മാണ സമിതിയിലെ ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ച് നടന്ന സംവാദത്തിൽ ഉന്നയിക്കപ്പെട്ട രണ്ടു വാദങ്ങൾ വിഭജനാന്തര ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥയെ അറിയിക്കുന്നുണ്ട്. മുസ്‌ലിംകൾ പൊതുസമൂഹത്തിൽ പുനരധിവസിക്കുകയും സമൂഹത്തിൽ ലയിച്ചു ചേരുകയും ചെയ്യാത്ത കാലത്തോളം അവർക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചു വരാൻ കഴിയില്ല. കാലങ്ങളായി അവർ പല കാര്യത്തിലും വിഘടിച്ച് നിന്നത് കൊണ്ടു തന്നെ ഒറ്റപ്രഭാതത്തിൽ അവർക്ക് വർഗീയതയിൽ നിന്നും ദേശീയതയിലേക്ക് മാറാൻ കഴിയില്ല. മറ്റൊന്ന്, വല്ലഭായി പട്ടേൽ മുസ്‌ലിംകളോട് നേരിട്ട് നടത്തിയ പ്രസ്താവനയാണ്. “നിങ്ങൾ നിങ്ങളുടെ മനോഭാവത്തെ മാറ്റണം മാറിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ തയ്യാറാവണം. ഞങ്ങൾക്ക് നിങ്ങളോടുള്ള സ്നേഹം അചഞ്ചലമാണ്. നിങ്ങളുടെ സ്നേഹത്തെ ഞങ്ങൾ അനുഭവിക്കുകയും ചെയ്തു’ നമുക്ക് അത്തരം വികാരങ്ങളെ മറക്കാം. പകരം യാഥാർത്ഥ്യത്തെ നേരിടാം. നിങ്ങൾ നിങ്ങളോട് തന്നെ ചോദിക്കുക ഞങ്ങളോടൊപ്പം സഹകരിച്ച് യഥാർത്ഥത്തിൽ നിങ്ങൾക്കിവിടെ ജീവിക്കണോ അതോ വിഭാഗീയതയുടെ തന്ത്രങ്ങൾക്ക് പിറകെ പോകണോ എന്ന്”.

അപരനിര്‍മിതിയുടെ ഏജന്റുമാര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 3

സ്വതന്ത്ര വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍

By പ്രൊഫ. ഗ്യാനേന്ദ്ര പാണ്ഡെ

Historian and a founding member of the Subaltern Studies project.