ബി ഡി എസ് പ്രസ്ഥാനവും സിയോണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളും

ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ തുടരുന്ന നരമേധത്തിനും അധിനിവേശത്തിനുമെതിരായി അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ഫലപ്രദമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് ബി ഡി എസ്‌ മുവ്മെന്റ് (BDS- Boycott, Divestment and Sanctions). ആക്ടിവിസ്റ്റായ ഉമർ ബർഗൂതിയുടെ നേതൃത്വത്തിൽ 170 ഓളം ഫലസ്തീനി മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ 2005 ൽ രൂപീകരിക്കപ്പെട്ട സംഘടനയാണിത്. യു എന്‍ സെക്യുരിറ്റി കൗൻസിലിന്റെ 242 -ആം പ്രമേയത്തിന്റെ ചുവടുപിടിച്ച്‌, 1967 ൽ ഇസ്രായേൽ അധിനിവേശം നടത്തിയ പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ ബി ഡി എസ്‌ ആവശ്യപ്പെടുന്നു.
ഉമർ ബർഗൂതി

യു എസ് കോൺഗ്രസ് പ്രതിനിധികളായ ഇൽഹാൻ ഉമറിനും റാഷിദ ത്വാലിബിനും ബി ഡി എസ്‌ പ്രസ്ഥാനത്തെ അനുകൂലിക്കുന്നു എന്ന പേരിൽ ഇസ്രയേല്‍ സന്ദര്‍ശനത്തിന്‌ അനുമതി നിഷേധിച്ച സംഭവം പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ ചര്‍ച്ചകള്‍ ഉണ്ടാവാന്‍ സഹായിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ റാഷിദാ ത്വാലിബിന്റെ ആവശ്യം നിബന്ധനകൾക്ക് വിധേയമായി അംഗീകരിച്ചിരുന്നെങ്കിലും റാഷിദ തന്നെ തീരുമാനത്തിൽ നിന്നും പിന്‍മാറുകയായിരുന്നു. അമേരിക്കയിൽ ഈ പ്രസ്ഥാനത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾ ഭരണതലത്തിൽ വരെ ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ അമേരിക്കൻ കോൺഗ്രസിൽ ഭൂരിപക്ഷാഭിപ്രായത്തിൽ ബി ഡി എസ്‌ പ്രസ്ഥാനത്തെ അപലപിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു.

വർണവിവേചനത്തിന്റെ തിക്താനുഭവമുള്ള ദക്ഷിണാഫ്രിക്ക ബി ഡി എസ്‌ പ്രസ്ഥാനത്തെ അനുകൂലിക്കുന്നുണ്ട്. എന്നാൽ ജർമനി, കാനഡ എന്നീ രാഷ്ട്രങ്ങളെപ്പോലെ അമേരിക്കയും ഈ പ്രസ്ഥാനത്തിനു മേൽ സെമിറ്റിക് വിരുദ്ധത ആരോപിച്ചിരിക്കുകയാണ്. യു എസ് നിലപാടിനെതിരെ സംസാരിച്ച അയന്ന പ്രെസ്ലി, അലക്സാണ്ട്രിയ കോർടെസ്, റാഷിദാ ത്വാലിബ്, ഇൽഹാൻ ഒമർ എന്നിവരെ അമേരിക്കൻ വിരുദ്ധർ എന്നാണ് ഉപമിച്ചത്. ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനത്തിനുള്ള ഐക്യദാര്‍ഢ്യമാണ് അമേരിക്കൻ കോൺഗ്രസിൽ നടന്ന വോട്ടെടുപ്പ് കാണിച്ചു തന്നത്.

ദക്ഷിണാഫ്രിക്കൻ വർണവിവേചനത്തിനു സമാനമായ മനുഷ്യാവകാശ ലംഘനമാണ് ഇസ്രായേൽ ഫലസ്തീനികളോട് ദിനേന ചെയ്യുന്നതെന്ന വസ്തുതയാണ് ബി ഡി എസ്‌ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്.

ലോകർക്കെല്ലാം ഉള്ളതുപോലുള്ള അവകാശങ്ങളും സ്വാതന്ത്യവും ഫലസ്തീനികള്‍ക്കും ലഭിക്കേണ്ടതുണ്ട് എന്ന് ബി ഡി എസ്‌ വാദിക്കുന്നു. ഫലസ്തീനിൽ അധിനിവേശവും കോളനിവൽക്കരണവുമാണ് ഇസ്രായേൽ നടത്തുന്നത്. ഇസ്രായേലിലെ ഫലസ്തീനി വംശജർക്കെതിരെയുള്ള സാമൂഹിക- രാഷ്ട്രീയ അസമത്വങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സ്വദേശത്തിലേക്ക് മടങ്ങാനുള്ള ഫലസ്തീനികളുടെ അവകാശത്തെ തിരസ്ക്കരിക്കുന്ന ഇസ്രായേൽ നിലപാട് മാറ്റേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ ഉപയോഗിച്ചു ഇസ്രായേലിനു മേൽ സമ്മർദ്ധം ചെലുത്തേണ്ടത് അനിവാര്യമാണെന്നാണ് ബി ഡി എസ്‌ ആവശ്യപ്പെടുന്നത്.

13 വർഷമായി നടത്തുന്ന ക്യാമ്പയിനിന്റെ ഫലമായി നിരവധി അനുകൂല സാഹചര്യങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ലോകതലത്തിൽ അക്കാദമിക സംഘടനകൾ, വിവിധ മുന്നണികൾ, ക്രൈസ്തവ
മതനേതൃത്വങ്ങൾ എന്നിവയുടെ അനുഭാവവും ഐക്യദാര്‍ഢ്യവും നേടിയെടുക്കാൻ ബി ഡി എസിന്‌ സാധിച്ചിട്ടുണ്ട്.ഫലസ്തീൻ – ഇസ്രായേൽ സംഘർഷത്തെ കൂടുതൽ ചർച്ചാവിധേയമാക്കാനും ഫലസ്തീൻ അനുകൂല നിലപാട് സ്വരൂപിക്കാനും അഹിംസാ പ്രസ്ഥാനമായ ബി ഡി എസ്‌ ന് കഴിഞ്ഞിട്ടുണ്ട്. ഇസ്രായേലുമായി ചങ്ങാത്തം കൂടാനുള്ള അറബ് രാഷ്ട്രങ്ങളുടെ വ്യഗ്രതക്ക് തടസ്സം സൃഷ്ടിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. സിയോണിസ്റ്റ് രാഷ്ട്രമായുള്ള ഫലസ്തീൻ അതോറിറ്റിയുടെ സുരക്ഷ- സാമ്പത്തിക സഹകരണങ്ങളിലെ അപമാനം ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫലസ്തീനികളുടെ എക രക്ഷകർത്താവ് എന്ന മിഥ്യാബോധം നില നിർത്തിയ പി എല്‍ ഒ (Palestine Liberation Organization) യുടെ സ്ഥാനത്തെ ഇവർ ചോദ്യം ചെയ്തിരുന്നു  എന്ന് നഥാൻ ത്രാൾ ദി ഗാർഡിയനിൽ എഴുതുന്നു. ഇസ്രായേലി ലിബറലുകൾക്കിടയിലും ഭരണകൂട വിരുദ്ധ വീക്ഷണം രൂപപ്പെടുത്താൻ ഇവർക്ക് സാധിച്ചു.

Air bnb, HP, Re/Max എന്നീ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക്‌ സാരമായ പരിക്കേൽപിക്കാൻ ബി ഡി എസിന്‌
സാധിച്ചു. ഫിലിം ഫെസ്റ്റിവൽ, എക്സിബിഷൻ, സംഗീത പരിപാടികള്‍, കായിക മത്സരവേദികൾ, അക്കാദമിക വേദികള്‍ എന്നിവയുപയോഗപ്പെടുത്തി ഇസ്രായേൽ നയനിലപാടുകൾക്കെതിരെ പ്രസ്ഥാനം ശബ്ദിക്കുന്നു. ഇസ്രായേലുമായി സഹകരിക്കുന്ന ഫലസ്തീൻ കലാകാരൻമാരുടെ കാഴ്ചപ്പാടിനെ ചോദ്യം ചെയ്യുന്ന ബി ഡി എസ്‌, സിയോണിസ്റ്റ് രാഷ്ട്രത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ മറക്കരുതെന്ന് ഓർമപ്പെടുത്തുന്നു.

ബി ഡി എസ് മൂവ്‌മെന്റ് ലോഗോ

പടിഞ്ഞാറൻ രാഷ്ട്രങ്ങളിലെ നിരവധി യൂണിവേഴ്സികളിൽ ബി ഡി എസിന്റെ പ്രവർത്തനം സജീവമാണ്. ഫലസ്തീൻ- ഇസ്രായേൽ പ്രതിസന്ധി കാമ്പസ്‌ രാഷ്ട്രീയത്തിന്റെ നിർണായക വിഷയങ്ങളിലൊന്നാണ്. ഫലസ്തീനനുകൂല നിലപാട് സ്വീകരിക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കുമെതിരെ നിയമ നടപടികൾ ഉണ്ടാകാറുണ്ട്.

യഹൂദ പ്രവാസി സമൂഹം പോലും ഇസ്രായേൽ ഉൽപന്നങ്ങളുടെ ബഹിഷ്കരണത്തിൽ പങ്കുചേരുന്നത് ബി ഡി എസ്‌ വിജയമാണ്. കൂടാതെ ഇസ്രായേൽ തുടരുന്ന അധിനിവേശം, കൂട്ടക്കൊലകൾ, നിയമവിരുദ്ധമായി ഫലസ്തീനികളെ തടവിലാക്കൽ, ഗാസക്കെതിരെയുള്ള ഉപരോധം തുടങ്ങിയ ഭരണകൂട ക്രൂരതകൾക്കെതിരെ യഹൂദ പ്രവാസികളുടെ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുന്നതിലും ഈ പ്രസ്ഥാനം വിജയിച്ചിട്ടുണ്ട്.

ഉപരിപ്ലവമായ സമാധാന ചർച്ചകൾക്കപ്പുറം അറബ്/ ഫലസ്തീൻ – ഇസ്രായേൽ സംഘർഷത്തിന്റെ ആഴവും പരപ്പും പൊതുജനങ്ങൾക്കിടയിലേക്ക് കൊണ്ടുവരാൻ ഇവർക്ക് കഴിഞ്ഞു. “ഇസ്രായേലിന്റെ സുരക്ഷ” എന്ന ചർച്ചയിൽ നിന്നു മാറി, സിയോണിസം ലോകതലത്തിൽ നേടികൊണ്ടിരിക്കുന്ന അംഗീകാരം, ഇസ്രായേലിന്റെ മനുഷ്യാവകാശ ലംഘനം, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിലകൽപ്പിക്കാത്ത ധാർഷ്ഠ്യം തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങളിലേക്ക് ലോക ശ്രദ്ധയാകർഷിപ്പിക്കുന്നതിലും ബി ഡി എസ്‌ വിജയിച്ചിട്ടുണ്ട്. സമാധാന നൊബേലിന് വേണ്ടി ബി ഡി എസ് മൂവ്‌മെന്റ് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

യഹൂദരും അറബികളും ഇസ്രായേൽ രൂപീകരണത്തിന് മുമ്പേ തന്നെ പരസ്പരം ബഹിഷ്കരിക്കാറുണ്ടായിരുന്നു. സിയോണിസ്റ് മൂവ്‌മെന്റ്‌ അറബ് വംശജർക്കെതിരെ ജോലിസ്ഥലങ്ങളിൽ നിന്നും ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും അറബ് ഉത്പന്നങ്ങൾക്കെതിരെ തിരിയുകയും ചെയ്തിരുന്നു. യഹൂദ ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും അറബികളെ ഒഴിവാക്കുകയും അവർക്ക് ഭൂമി വിൽക്കുന്നതിൽ നിന്നും തടയുകയും ചെയ്തിരുന്നു.

1922 ൽ നടന്ന അഞ്ചാം ഫലസ്തീൻ അറബ് കോൺഗ്രസ് യഹൂദ ഉത്പന്നങ്ങളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 1967 ൽ ഇസ്രായേൽ ആക്രമിച്ചപ്പോൾ ഫലസ്തീനി അഭിഭാഷകർ ഇസ്രായേലി കോടതികൾ ബഹിഷ്ക്കരിച്ചിരുന്നു. അധ്യാപകരും പ്രതിഷേധവുമായി നിരത്തിലിറങ്ങി. ഈ സമരങ്ങളെ ഇസ്രായേൽ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയാണുണ്ടായത്. രണ്ട് ഇൻതിഫാദകളും തീഷ്ണമായ ഇസ്രായേൽ ബഹിഷ്ക്കരണത്തിനു കാരണമായിട്ടുണ്ട്.

1987 ലെ ബഹിഷ്ക്കരണത്തിൽ 1. 4 ബില്യൻ ഡോളറാണ് ഇസ്രായേലിനു നഷ്ടപ്പെട്ടത്. 2000 ൽ ആരംഭിച്ച രണ്ടാം ഇൻതിഫാദ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിശാലമായ എതിർപ്പ് രൂപപ്പെടുത്താൻ സഹായകമായി.

നിരവധി അന്താരാഷ്ട്ര എൻ ജി ഓകൾ അപാർതീഡ് രാഷ്ട്രമായി ഇസ്രായേലിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചു. അമേരിക്കൻ – യൂറോപ്യൻ യുണിവേഴ്സിറ്റികളിൽ ഇസ്രായേലിന്റെ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർന്നു. നിരവധി കൃസ്ത്യൻ സംഘടനകളും ഫലസ്തീനികൾക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തി.

രണ്ടാം ഇൻതിഫാദയെന്ന രക്തരൂക്ഷിത ചെറുത്തുനിൽപാണ് ബി ഡി എസ്‌ എന്ന അന്താരാഷ്ട സംഘടനയുടെ രൂപീകരണത്തിനു വഴിവെച്ചത്. 2005 ജൂലൈ 9 നാണ് ബി ഡി എസ്‌ സ്ഥാപിക്കപ്പെട്ടത്. ഇസ്ലാമിസ്റ്റുകൾ, ലെഫ്റ്റിസ്റ്റുകൾ അടക്കം 170 ൽ അധികം സംഘടനകളുടെ
പിന്തുണ ബിഡിഎസിന്‌ ലഭിച്ചിട്ടുണ്ട്‌. പ്രമുഖ ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോകിംഗ്‌,ആർച്ച് ബിഷപ് ഡെസ്മണ്ട് ടുറ്റു പോലുള്ള ലോക പ്രശസ്തർ ഇസ്രായേലിനെതിരെ വിവിധ മേഖലകളിലെ ബഹിഷ്കരണത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹോളിവുഡ് അടക്കം നിരവധി മേഖലകളിലുള്ള ആയിരക്കണക്കിന് കലാകാരന്മാർ സാംസ്ക്കാരിക ബഹിഷ്കരണത്തിനു പിന്തുണ നൽകി വരുന്നു. അമേരിക്ക, യുകെ, കാനഡ, അയർലാന്റ്, ഖത്തർ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളിലെ അകാദമിക സംഘടനകളും വിദ്യാർഥി യൂണിയനുകളും ബി ഡി എസിന്‌ ഐക്യദാർഡ്യം നൽകി വരുന്നു.ഇസ്രായേൽ യൂണിവേഴ്സിറ്റിയുമായുള്ള എല്ലാ ബന്ധവും ജോഹന്നാസ് ബെർഗ് യൂണിവേഴ്സിറ്റി മുറിച്ചു കളഞ്ഞു. അമേരിക്കയിലെ യുണൈറ്റഡ് ചർച്ച് ഓഫ് ക്രൈസ്റ്റ്, യുണൈറ്റഡ് മെതേഡിസ്റ്റ് ചർച്ച് അടക്കമുള്ള നിരവധി ചർച്ചുകളും കൃസ്തീയ സംഘടനകളും ബി ഡി എസിനെ പിന്തുണക്കുന്നു.

അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനും ക്രൂരതകൾക്കു മെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുമ്പോഴും ഇന്ത്യൻ ഭരണകൂടവും കലാ-സാംസ്ക്കാരിക മേഖലകളും സിയോണിസ്റ്റുകൾക്കൊപ്പം വേദി പങ്കിടാൻ മത്സരിക്കയാണിപ്പോൾ. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനുമേൽ കൂടുതൽ സമ്മർദ്ധം ചെലുത്തേണ്ടതുണ്ട്. ചരിത്രപരമായി ഫലസ്തീനികൾക്കൊപ്പം നിലനിന്ന രാഷ്ടമെന്ന നിലയിൽ ഇന്ത്യയിലും ബി ഡി എസ്‌ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരിക്കേണ്ടത് അനിവാര്യമാണ്.

By ഡോ. എസ്. സൈഫുദ്ദീന്‍ കുഞ്ഞ്‌