അബി അഹ്മദ്: എത്യോപ്യയുടെ സമാധാനത്തിന്റെ പ്രവാചകന്‍

എത്യോപ്യൻ പ്രധാനമന്ത്രി നാല്‍പ്പത്തിമൂന്നുകാരനായ അബി അഹ്‌മദ്‌ ഈ വർഷത്തെ സമാധാന നോബൽ സമ്മാനത്തിനര്‍ഹനായിരിക്കുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകുന്നതാണ്. എത്യോപ്യയും എറിത്രിയയും തമ്മിൽ ഇരുപത് വർഷം നീണ്ടു നിന്ന യുദ്ധം അവസാനിപ്പിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച അഹ്‌മദിന്റെ പരിശ്രമങ്ങൾ ധീരവും പ്രോത്സാഹനാർഹവുമാണ് എന്നാണ് ഓസ്ലോവിൽ വെച്ച് നടന്ന പ്രഖ്യാപനത്തിന് ശേഷം നോർവീജിയൻ കമ്മിറ്റി പ്രതികരിച്ചത്.

ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ യുദ്ധാന്തരീക്ഷമൊന്നും തന്നെയില്ല. ഇരുപത് വർഷത്തോളം വിച്ഛേദിക്കപ്പെട്ടിരുന്ന കുടുംബ ബന്ധങ്ങൾ വീണ്ടും കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു, ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസ് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. മൂന്നു പതിറ്റാണ്ടിലേറെക്കാലം അയൽരാജ്യമായ സുഡാൻ ഭരണാധികാരിയായിരുന്ന ഒമർ അൽ ബഷിറിന്റെ അറസ്റ്റിനെത്തുടർന്ന് രൂക്ഷമായ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ പവർ ഷെയറിങ് ഇടപാടിലൂടെ സുഡാനെ സഹായിച്ചതിന് പ്ലുഡിറ്റ്സ് അവാർഡിനർഹനായത് ഈ അടുത്തിടെയാണ്.

രാജ്യത്തെ നയിക്കുന്ന ആദ്യ ഒറോമോ വംശജനായ അബി 2018 ഏപ്രിലിലാണ് എത്യോപ്യയുടെ പ്രധാനമന്ത്രിയാവുന്നത്. എത്യോപ്യയിലെ ഭൂരിപക്ഷ വിഭാഗമാണെങ്കിലും തങ്ങൾ നേരിടുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ബഹിഷ്കരണത്തിനും അപരവത്കരണത്തിനുമെതിരിൽ വ്യാപകമായ ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു കൊണ്ടിരിക്കുന്നതായിരുന്നു എത്യോപ്യയുടെ കടന്നു പോയ വർഷങ്ങൾ. വർഷങ്ങളായി എത്യോപ്യ അടിയന്തിരാവസ്ഥയുടെ ഭീകരമായ അരക്ഷിതാവസ്ഥയിൽ മുങ്ങിക്കിടക്കുകയായിരുന്നു

പ്രക്ഷോഭങ്ങളും ഭരണത്തകർച്ചകളും രൂക്ഷമായതോടെ അതിർത്തി പ്രദേശങ്ങളിലെ പൗരന്മാർ കെനിയയിലേക്കു കൂട്ടമായി രക്ഷപ്പെട്ടോടിപ്പോയി. പൊതുജന സമ്മർദ്ദം കനത്തതോടെ മുൻ പ്രധാനമന്ത്രി ഹൈലിമറിയം ഡിസൈലന്‍ വളരെ നാടകീയമായി കഴിഞ്ഞ വർഷം രാജി വെക്കുകയുണ്ടായി.

ആഡിസ് അബാബയില്‍ എറിത്രിയന്‍ എംബസി പുനരാരംഭിക്കുന്ന അബി അഹ്മദും എറിത്രിയന്‍ നേതാവ് ഇസൈയാസ് അഫ്വെര്‍കിയും

കൗമാരത്തിൽ തന്നെ ഒറോമോ പീപ്പിൾസ് ഡെമോക്രാറ്റിക്‌ ഓർഗനൈസേഷനിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചയാളാണ് അബി. ഇക്കഴിഞ്ഞ മാർച്ച്‌ 27ന് ഭരണപാർട്ടിയുടെ ചെയർമാനാവുകയും അതിനെത്തുടർന്ന് നൂറു മില്യൺ ജനങ്ങളുൾക്കൊള്ളുന്ന പൂർവആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ നേതൃപദവിയിലേക്കുയരുകയും ചെയ്തു.

ഭരണമേറ്റെടുത്ത ആദ്യ ദിനങ്ങളിൽ തന്നെ ജയിലിലടക്കപ്പെട്ട രാഷ്രീയതടവുകാരെയും മാധ്യമപ്രവർത്തകരെയും മോചിപ്പിക്കുകയും അവർക്കു നേരിടേണ്ടി വന്ന ആക്രമണങ്ങളിൽ അപലപിക്കുകയും ക്രൂരമായ പീഡനങ്ങളരങ്ങേറിയ ജയിലുകൾ അടച്ചുപൂട്ടുകയും ചെയ്തു കൊണ്ടുള്ള ധീരമായ നടപടികൾ കൈകൊണ്ടു.

തീവ്രവാദ കേസുകളിൽ ജയിലിൽ കിടക്കുന്നവരെ റിലീസ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പാർലമെന്റിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ജനങ്ങളെ ഇരുട്ടു മുറിയിലടച്ച് കൊടിയ പീഡനങ്ങളേൽപ്പിക്കുന്നത് ഭരണഘടനാപരമല്ലെന്നും മറിച്ച് അതാണ് ഭീകരത എന്നുമാണ് അബി അഹ്‌മദ്‌ പ്രതികരിച്ചത്. നീതിന്യായവും സുരക്ഷയയുമടങ്ങുന്ന എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സമൂലമായ പരിവർത്തനത്തിന് വിധേയമാക്കിയ അദ്ദേഹം സാധാരണ പൗരന്മാരുമായും രാഷ്ട്രീയപരമായി വിരുദ്ധ ചേരിയിൽ നിൽക്കുന്ന നേതാക്കളുമായും വികസന കാര്യങ്ങളിൽ ചർച്ചകൾ നടത്തുകയും മുൻകാലങ്ങളിൽ നാടുകടത്തപ്പെട്ട രാഷ്ട്രീയ നേതാക്കളെ രാജ്യത്തേക്ക് തിരിച്ചു കൊണ്ട് വരികയും ചെയ്തു.

സ്ത്രീ സമൂഹത്തെയും ഈ പരിവർത്തനങ്ങളുടെ ഭാഗമാക്കിയ അദ്ദേഹം രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി പാർലമെന്റ് പ്രസിഡന്റും സുപ്രീം കോടതി ചീഫും വനിതകളാവുകയും ചെയ്തുവെന്ന് മാത്രമല്ല തന്റെ ക്യാബിനറ്റിൽ പകുതിയും വനിതകളെ നിയമിക്കുകയും ചെയ്ത് ലിംഗ നീതി നടപ്പിലാക്കുകയും ചെയ്തു. സ്ഥാനമേറ്റയുടനെ നടത്തിയ പ്രതിജ്ഞയിൽ രാജ്യത്തിലെ ഓരോ പൗരനും തങ്ങളുടെ ആശയാവിഷ്കാരത്തിനുള്ള പരിപൂർണ സ്വാതന്ത്രം നൽകും എന്നാണ് ഊന്നിപ്പറഞ്ഞത്.

പാശ്ചാത്യലോകത്തിനോടുള്ള പ്രീണനനയങ്ങളാണെന്ന് ഒരു വശത്തു വിമര്‍ശനങ്ങളുയരുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മില്യൺ മരങ്ങൾ നടുന്ന പദ്ധതി നടപ്പിലാക്കിയതിലൂടെ അന്താരാഷ്ട്ര സമൂഹവും അബി അഹമ്മദിനെ സ്വാഗതം ചെയ്തിരിക്കുന്നു.

നാല്പത്തൊന്ന് വർഷങ്ങൾക്കു ശേഷം മൊഗാദിശുവും സോമാലിയയുമടങ്ങുന്ന അയൽരാജ്യങ്ങളിൽ എത്യോപ്യൻ എയർലൈൻസ് സർവീസ് ആരംഭിച്ചു.

സമാധാനം എന്ന ആശയം രാജ്യത്തിനകത്തും പുറത്തുമുള്ള വലിയൊരു വിഭാഗം പൗരന്മാർ ഏറ്റെടുക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമായി.

എങ്കിലും മേഖല ഇപ്പോളും പ്രതിസന്ധികളുമായി മല്ലിടുകയാണ്. ഇന്റെർണൽ ഡിസ്പ്ലേസ്‌മെന്റ് മോണിറ്ററിങ് സെന്ററിന്റെ (IDMC) കണക്കു പ്രകാരം 2.9 മില്യൺ പൗരന്മാരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാനഭ്രംശം സംഭവിച്ചവരായുള്ളത്. എങ്കിലും 2020 ആവുമ്പോഴേക്കും രാജ്യത്തിന്റെ പ്രതീക്ഷിത ആഭ്യന്തര ഉത്പാദനം നൂറു ബില്യൺ ആവുമെന്നും മേഖലയിലെ വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാവുമെന്നുമാണ് അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ.

Courtesy: CNN

സ്വതന്ത്ര വിവര്‍ത്തനം: സഫ .പി

By Editor