ആരെ വന നശീകരണത്തിന്റെ ഉദ്ദേശങ്ങളും പ്രത്യാഘാതങ്ങളും

മലിനമായിക്കൊണ്ടിരിക്കുന്ന മുംബൈ നഗരത്തിന്റെ ശ്വാസകോശമായി നിലകൊള്ളുന്ന വനമാണ് സഞ്ചയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനു സമീപം മിതി നദിയുടെ തീരത്തുള്ള ആരെ. നദിയുടെ പോഷകകനാലുകളും കൈവഴികളും പച്ചപ്പു നിറഞ്ഞതും ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമായതും ഒരുപാട് ആദിവാസികളുടെയും എണ്ണമറ്റ പക്ഷ മൃഗാദികളുടെയും ആവാസ സ്ഥലം കൂടിയായ ആ വനത്തിലൂടെയാണ് ഒഴുകുന്നത്. മുംബൈയിലെ പാല്‍ ഉല്‍പന്നങ്ങളുടെ സംസ്‌കരണത്തിലും വിപണനത്തിലും വിപ്ലവം സൃഷ്ടിക്കുന്നതിനായി 1949 ല്‍ സ്ഥാപിതമായ ആരേ മില്‍ക്ക് കോളനിയും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ ഇപ്പോള്‍ ആരെ പത്രമാധ്യങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് വനനശീകരണവുമായ ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം അടിച്ചമര്‍ത്തുന്ന ഗവണ്‍മെന്റു നയത്തിന്റെ പേരിലാണ്. മുംബൈ മെട്രോ കോര്‍പറേഷന്‍ ലിമിറ്റഡി (എം.എം.ആര്‍. സി. എല്‍) നു കീഴില്‍ നിര്‍മാണം പുരോഗമിക്കുന്ന മെട്രോ-3 യുടെ കാര്‍ഷെഡിന്റെ നിര്‍മ്മാണത്തിനായി ഇവിടുത്തെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ദിവസം മുംബൈ ഹൈക്കോടതി തള്ളിയതോടെ മരം മുറിക്കാന്‍ മുന്നോട്ട് വന്ന നടപടി ഏറെ പ്രതിഷേധത്തോടു കൂടിയാണ് പൊതുജനം എതിരേറ്റത്‌. അതിനെതിരെ ശബ്ദിച്ച വിദ്യാര്‍ഥികളും ആ വനത്തിലെ താമസക്കാരും പരിസ്ഥിതി പ്രവര്‍ത്തകരുമടങ്ങിയ പ്രതിഷേധ സംഘത്തെ ലാത്തി കൊണ്ടും അറസ്റ്റ്‌ കൊണ്ടും നേരിട്ടതോടെ മാധ്യമങ്ങളും ശ്രദ്ധിച്ചു തുടങ്ങി. മരങ്ങള്‍ മുറിക്കാനും മറ്റും അനുമതി വാങ്ങിയതിനു ശേഷമുള്ള നടപടികള്‍ തങ്ങള്‍ക്കു തോന്നിയ പോലെ വ്യാഖ്യാനിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഉദ്യോഗസ്ഥരുടെ ദുരുദ്ദ്യോശം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. ഒരുപാട് പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാവുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരും മറ്റും പറയുന്നത്‌ പ്രകാരം കാഞ്ചൂര്‍മാര്‍ഗിലേക്ക് മാറ്റിയാലുണ്ടാവുന്ന ഭീമമായി ചെലവ് മാത്രം കാണിച്ചു കൊണ്ട് ഭാവിയിലെ പ്രത്യാഘാതങ്ങളെ അവഗണിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമം.

സര്‍ക്കാറും പരിസ്ഥിതി പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം 2014 ല്‍ മെട്രോ കാര്‍ഷെഡ് നിര്‍മ്മാണം തുടങ്ങുന്നതിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരംഭിച്ചിരുന്നു.

ആരെ ഒരു വെള്ളപ്പൊക്ക ബാധിത പ്രദേശമായും, സഞ്ചയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഒരു വനമായും പ്രഖ്യാപിക്കണമെന്നാണ് പരിസ്ഥിതി പ്രവര്‍കത്തരുടെ വാദം.

മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ട്രീ അതോറിറ്റിയുടെ അനുമതി സെപ്തംബര്‍ 13 നാണ് ലഭിച്ചത്. തുടര്‍ന്ന്‌ ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയത് ഒക്ടോബര്‍ 3 നാണ്. എന്നാല്‍ അത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് 15 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ നടപടികള്‍ ആരംഭിക്കാന്‍ പാടുള്ളുവെന്ന നിയമത്തെ കാറ്റില്‍ പറത്തി ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ തന്നെ മരം മുറിക്കുമെന്ന് വെബ്‌സൈറ്റില്‍ അറിയിച്ചതോടെ രാത്രി തന്നെ വിദ്യാര്‍ഥികളും അവിടെ താമസിക്കുന്ന ആദിവാസികളുമടങ്ങുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒരുമിച്ചു കൂടുകയുണ്ടായി. എന്നാല്‍ അതേ സമയം ശക്തമായ പോലിസ് അകമ്പടിയോടെ മരം മുറിക്കല്‍ നടപടി ആരംഭിച്ചു. ആരേ വനത്തിനടുത്തേക്കുള്ള വഴികള്‍ പുര്‍ണമായി അടക്കുകയും സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് സമാധാന അന്തരീക്ഷത്തില്‍ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ ശക്തമായ ലാത്തി ചാര്‍ജ് നടത്തുകയും 200 ലധികം പേരെ തടവില്‍ വെക്കുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതില്‍ നിന്നാണ് പ്രശ്‌നം രൂക്ഷമായത്.

മെട്രോറെയിലിന്റെ കാര്‍ ഷെഡ് നിര്‍മ്മാണത്തിനായി 2500 ല്‍ അധികം മരങ്ങള്‍ മുറിക്കാന്‍ ട്രീ അതോറിറ്റി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ മുംബൈ നിവാസികള്‍ ബോംബെ കോടതിയില്‍ നല്‍കിയ ഹരജി സുപ്രീംകോടതിയുടേയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈ കോടതി തള്ളിയത്. എന്നാല്‍ ഇത് മരം മുറിക്കാനുള്ള അനുമതിയായി വ്യാഖ്യാനിച്ചാണ് മെട്രോ കോര്‍പറേഷന്‍ മരം മുറിക്കല്‍ നടപടിയുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഗ്രേയ്റ്റര്‍ നോയിഡയിലെ നിയമവിദ്യാര്‍ഥി, 21 വയസുകാരനായ റിഷവ് രഞ്ചന്‍, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗായിക്ക്, മരം മുറിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഴുതിയ പൊതുജന താല്‍പര്യ ഹരജി മുതലാണ് കേസ് മറ്റൊരു വഴിത്തിരിവിലായത്. ‘ഈ മലിനീകരണ വ്യവസായ സംരംഭം നിലവില്‍ വരുന്നതോടു കൂടി നഗരത്തിലെ വെള്ളപ്പൊക്ക സാധ്യത വര്‍ധിക്കുമെന്നും മിതി നദിയും പോഷകകനാലുകളും പൂര്‍ണമായും മലിനീകൃതമാവുമെന്നുമാണ് റിഷവ് ഗഞ്ചന്‍ കോടതിയെ അറിയിച്ചത്.

കേസില്‍ അടുത്ത ഹിയറിംഗ് വരെ നിലവിലെ അവസ്ഥ (മരം മുറിക്കാതിരിക്കല്‍) നിലനിര്‍ത്താനും പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എല്ലാവരെയും റിലീസ് ചെയ്യാനും സുപ്രിം കോടതിയുടെ സ്‌പെഷ്യല്‍ വെക്കേഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഒപ്പം ഈ വരുന്ന ഒക്ടോബര്‍ 21 ന് മുമ്പ് സുപ്രീം കോടതിയുടെ ഫോറസ്റ്റ് ബെഞ്ചിന് മുമ്പില്‍ ഈ കേസ് ലിസ്റ്റ് ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അറസ്റ്റിലായ 29 പേരെ അതിന്റെ തലേ ദിവസം ഞായറാഴ്ച്ച ജാമ്യത്തോടെ റിലീസ് ചെയ്തിട്ടുണ്ടെന്നും മുറിക്കാന്‍ അനുമതി നല്‍കിയ 2158 മരങ്ങള്‍ മുറിച്ചിട്ടുണ്ടെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേഹത് കോടതിയെ അറിയച്ചത്. രണ്ടായിരത്തിലധികം വരുന്ന മരം മുറിക്കുന്നതോടൊപ്പം മാറ്റിക്കുഴിച്ചിടാന്‍ ഉത്തരവിട്ട നൂറോളം മരങ്ങളില്‍ നാല്‍പതിലധികം മരങ്ങള്‍ തുടര്‍ന്നു വരുന്ന ഒരാഴ്ചക്കകം പൂര്‍ണമായും ഉണങ്ങുകയോ നശിച്ചു പോവുകയോ ചെയ്ത വിവരം കഴിഞ്ഞ ദിവസം ചില പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആദിവാസികള്‍ സമരമുഖത്ത്‌

വനത്തില്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്ന ആദിവാസി സമുദായത്തിലെ വാര്‍ലി വിഭാഗക്കാര്‍ ചേരി നിവാസികളായി മാറ്റപ്പെടുന്ന നടപടി ദുഖകരമാണ്. കഴിഞ്ഞ ദിവസം നടത്തിയ അനുശോചന യോഗം അവര്‍ അനുഭവിക്കുന്ന വേദനകളും അരക്ഷിതാവസ്ഥയും വ്യക്തമാക്കുന്നതായിരുന്നു.

നിത്യ ജീവിതത്തില്‍ തങ്ങളുടെ പല ആവശ്യങ്ങള്‍ക്കും വനത്തെ ആശ്രയിക്കുകയും നിരവധി വര്‍ഷങ്ങളായി വനത്തെ പരിപാലിക്കുകയും ചെയ്യുന്നതിനാല്‍ സര്‍ക്കാറിന്റെ നടപടി ആദിവാസികളെ കൂടുതല്‍ ബാധിക്കുന്നതാണ്.

ഈ പദ്ധതിയോടൊപ്പം വരും ദിവസങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വനത്തിന്റെ വലിയ ഭാഗങ്ങള്‍ സാവധാനം അപഹരിക്കാനും കുത്തക കമ്പനികളുടെ സംരഭത്തിനുള്ള ഗവണ്‍മെന്റിന്റെ രഹസ്യ ചരടുവലിയായും മനസ്സിലാക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മുംബൈ നഗരത്തിന്റെ പാരിസ്ഥിതിക ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് ആരേ, അവിടെ താമസിക്കുന്ന ആയിരക്കണക്കിന് ആദിവാസികളുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ജീവിതം സംരക്ഷിക്കുന്നതിന് ആരേ അത്യാവശ്യമാണ്. അടിച്ചമര്‍ത്തപ്പെട്ട ആദിവാസി സമൂഹത്തോടൊപ്പം ആരെയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരേണ്ടതുണ്ട്.

By അമീര്‍ അലി

Student, TISS Mumbai