വിമോചന നായകന്‍ റോബര്‍ട്ട് മുഗാബെയെ ഓര്‍ക്കുമ്പോള്‍; പത്ത് മൊഴികള്‍

സിംബാബ്‌വെയുടെ സാമ്പത്തിക- രാഷ്ട്രീയ വിമോചനത്തിന് വേണ്ടി അക്ഷീണം പോരാടിയ ഊര്‍ജസ്വലനും ധീരനുമായ നേതാവായിരുന്നു റോബര്‍ട്ട് മുഗാബെ. കൊളോണിയല്‍ വിരുദ്ധ നടപടികളുടെ പേരില്‍ ആദരണീയനായ അദ്ദേഹം ചില നയനിലപാടുകളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുമുണ്ട്. കൊളോണിയലിസത്തിനും നിയോ കൊളോണിയലിസത്തിനുമെതിരായ പോരാട്ടത്തില്‍ ജീവിതം ഉഴിഞ്ഞു വെച്ച മുഗാബെ ചൂഷണത്തിനും വംശീയ വിവേചനങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. ആഫ്രിക്കന്‍ നേതാക്കളില്‍ അത്തരത്തില്‍ ഏറ്റവും ശ്രദ്ധേയനായ റോബര്‍ട്ട് മുഗാബെയുടെ വിയോഗം വന്‍കരയെയും രാജ്യത്തെയും ദുഖത്തിലാഴ്ത്തിയ വേളയില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ പത്ത് മൊഴികള്‍ വായിക്കാം.

1. സാമ്രാജ്യത്വവാദികള്‍ വിഭജിക്കുന്നതിന് മുമ്പുണ്ടായിരുന്ന ആഫ്രിക്കയെ നമ്മള്‍ തിരിച്ചു പിടിക്കേണ്ടതുണ്ട്. നമ്മുടെ പാൻ ആഫ്രിക്കൻ സങ്കല്പമനുസരിച്ച് ഇല്ലാതാക്കണമെന്ന് നമ്മൾ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന കൃത്രിമ വിഭജനങ്ങളാണ് ഇതൊക്കെ തന്നെയും.
(1962 ൽ സാലിബറിയിൽ (ഇപ്പോൾ ഹരാരെ) നടത്തിയ പ്രഭാഷണം)

2. ഭൂതകാലത്തിന്റെ തെറ്റുകൾ പൊറുക്കുകയും മറക്കുകയും ചെയ്തേ മതിയാവൂ. നാം എന്തിനെങ്കിലും വേണ്ടി പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ അത് ഭൂതകാലം നമ്മെ പഠിപ്പിച്ച പാഠങ്ങൾക്ക് വേണ്ടിയായിരിക്കണം. മർദ്ദനവും വംശീയതയും നമ്മുടെ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥയിൽ ഒരിക്കലും ഇടം നൽകാൻ പാടില്ലാത്ത അനീതികളാണ്. അധികാരമുണ്ടായിരുന്ന ഇന്നലെകളിൽ വെള്ളക്കാർ നമ്മെ അടിച്ചമർത്തി എന്നത് ഇന്ന്, കറുത്തവന് അധികാരം ഉണ്ട് എന്ന കാരണത്താൽ വെള്ളക്കാരെ തിരിച്ച് അടിച്ചമർത്താനുള്ള ന്യായമേയല്ല. വെളുത്തവൻ കറുത്തവനെതിരെ ചെയ്താലും കറുത്തവൻ വെളുത്തവനെതിരെ ചെയ്താലും പൈശാചികത എന്നും പൈശാചികത തന്നെയാണ്. (1980 ലെ വിജയത്തിന് ശേഷം നടത്തിയ പ്രഭാഷണം)

3. ജനാധിപത്യം എന്നാൽ നിയമത്തിനും സാമൂഹിക ചട്ടങ്ങൾക്കുമനുസൃതമായി നടത്തേണ്ട അച്ചടക്കമുള്ള ഭരണമാണ്. അതങ്ങിനെ തന്നെ ആയിരിക്കണം.
മറ്റുള്ളവർക്ക് മേൽ കുതിര കയറാനും അവരുടെ ബോധ്യങ്ങൾക്കെതിരെ നിർബന്ധിച്ച് എന്തെങ്കിലും ചെയ്യിക്കാനും കഴിയുന്ന രീതിയിൽ ചില തല്പര കക്ഷികൾക്കോ അല്ലെങ്കിൽ ഗ്രൂപ്പുകൾക്കോ അവകാശം നൽകുന്ന ഒന്നാവരുത് നമ്മുടെ സ്വാതന്ത്ര്യം എന്ന് പറയുന്നത്. തങ്ങളുടെ ഇഷ്ടമനുസരിച്ച് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ഒരു അവകാശമേയല്ല അത്.
(1980 ഏപ്രിൽ 17 ന് സിംബാബ്‌വേയുടെ സ്വാതന്ത്യദിനത്തലേന്ന് നടത്തിയ പ്രഭാഷണം)

4. സുനിർണ്ണിതമായ പൗരാവാകാശങ്ങളെയും സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളായി പ്രഖ്യാപിക്കുക വഴി നമ്മുടെ ഭരണഘടന ഗവണ്മെന്റിന്റെ അധികാരത്തെ നിജപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഈ മൗലികാവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും എല്ലാ അർഥത്തിലും ഉയർത്തിപ്പിടിക്കാനാണ് നമ്മളാഗ്രഹിക്കുന്നത്.
(1980 മാര്‍ച്ച് 4 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നടത്തിയ പ്രസംഗം)

5. കോടതികൾ എന്തുവേണമെങ്കിലും ചെയ്യട്ടെ. ഒരു കോടതി തീരുമാനത്തിനും നമ്മുടെ വഴിമുടക്കാൻ ആവില്ല തന്നെ. നമ്മുടെ ന്യായങ്ങൾക്ക് വേണ്ടി കോടതികളെ സമീപിക്കുക പോലും ചെയ്യരുതെന്നാണ് എൻറെ ഉറച്ച നിലപാട്. ഈ രാജ്യം നമ്മുടെ രാജ്യമാണ് ആണ്. ഈ മണ്ണ് നമ്മുടെ മണ്ണാണ്….. അവർ കരുതുന്നത് അത് അവർ വെള്ളക്കാരായതുകൊണ്ട് നമ്മുടെ വിഭവങ്ങളുടെ മേൽ അവർക്കെന്തോ വിശുദ്ധമായ അധികാരം ഉണ്ടെന്നാണ്. ഇവിടെ നടക്കില്ല അത്. വെള്ളക്കാരൻ ഒരിക്കലും ആഫ്രിക്കൻ മണ്ണിൻറെ ഭാഗമേയല്ല. ആഫ്രിക്ക ആഫ്രിക്കക്കാർക്കുള്ളതാണ്. . സിംബാബ്‌വേ സിംബാബ്വേക്കാർക്കും.
( 2000 ൽ ഭൂ അധിനിവേശങ്ങളെ കുറിച്ച് നടത്തിയ പ്രഭാഷണം).

“വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയർ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടർന്നുകൊണ്ടേയിരിക്കും. വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല. മംഗല്യത്തിനു വെളുത്തവസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പ് തുവ്വാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയിൽ നില്ക്കുക തന്നെ ചെയ്യും. ബ്ലാക്ക്മണിയും ബ്ലാക്ക്ലിസ്റ്റും ബ്ലാക്ക്മാർക്കും നെഗറ്റീവ് അർത്ഥം കയ്യാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാനാവുകയില്ല. പക്ഷെ, എന്റെ കറുത്തചന്തി ശുദ്ധിയാക്കാൻ വെളുത്ത ടോയിലെറ്റ് പേപ്പര് ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല..!!”

6. നമ്മുടെ പാര്‍ട്ടി വെളുത്തവന്റെ ഉള്ളില്‍ ഭയം കോരിയിട്ടു കൊണ്ടേയിരിക്കും. അവരാണ് നമ്മുടെ യഥാര്‍ഥ ശത്രു.
14 ഡിസംബര്‍ 2000, സാനു- പി. എഫ് കോണ്‍ഗ്രസ്, ഹരാരെ

7. നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാവുന്ന ഒരേയൊരു വെള്ളക്കാരനെയുള്ളൂ. അത് അയാളുടെ ജഡമായിരിക്കും.

8. ശരാശരി ആഫ്രിക്കൻ എക്കണോമിയേക്കാൾ നൂറിരട്ടി മികച്ചതാണ് നമ്മുടെ എക്കണോമി. ആഫ്രിക്കക്ക് പുറത്ത് ഏത് രാജ്യമാണ് സിംബാബ്വേ യെക്കാൾ മികച്ച് നിൽക്കുന്നത്? നമുക്കാകെയുള്ള പ്രശ്നം ചരക്കുകൾ സ്റ്റോക്കില്ലെന്നത് മാത്രമാണ്.
( 2007 ൽ പറഞ്ഞത്)

09. ഒരു പിന്തുടർച്ചാവകാശിയെ തയാറാക്കി വെക്കുകയോ? ഇതെന്താ പാരമ്പര്യമായി കിട്ടുന്നതാണോ? ഒരു ജനാധിപത്യ പാർട്ടിയിൽ നേതാക്കൾ ഒരിക്കലും അത്തരത്തിലല്ല സ്ഥാനമേൽപ്പിക്കപ്പെടേണ്ടത്. മറിച്ച് ജനങ്ങളാണ് അവരാരെന്ന് നിശ്ചയിക്കേണ്ടത്.
( 2016 ൽ ടി‌വി യിൽ പറഞ്ഞത്).

Source: thisisafrica.me

വിവര്‍ത്തനം: മുഹമ്മദ് നജീബ് കല്ലിടുക്കില്‍

By Editor