2019 ലെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേകതകളോടെയാണ് നടക്കുന്നത്. കാമ്പസിനകത്തും പുറത്തും യൂണിവേഴ്‌സിറ്റിയുടെ ഭരണരംഗത്തും അധീശത്വമുള്ള സംഘ്പരിവാര്‍, രോഹിതിന്റെ കാമ്പസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ നയനിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഈയൊരു നിര്‍ണായക സാഹചര്യത്തില്‍ ഈ വര്‍ഷത്തെ യൂണിയന്‍ ഇലക്ഷന് ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി ഐക്യം അത്യന്താപേക്ഷിതമാണ്. കാമ്പസിലെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും (ASA) കൂടാതെ TSF, DSU തുടങ്ങിയ ട്രൈബല്‍- സബ്കാസ്റ്റ് പാര്‍ട്ടികളുമൊന്നിച്ച് ഉണ്ടാക്കിയ ഫാഷിസ്റ്റ് വിരുദ്ധ സഖ്യത്തില്‍ നിന്ന് മുസ്‌ലിം രാഷ്ട്രീയം ഉയര്‍ത്തുന്ന പ്രസ്ഥാനങ്ങളായ എം എസ് എഫിനെയും ഫ്രറ്റേണിറ്റിയെയും പുറന്തള്ളുന്ന കാഴ്ചയാണ് കാണുന്നത്.
കാമ്പസിലെ മുസ്‌ലിം സംഘടനകളായ എം എസ് എഫിനെയും എസ് ഐ ഒ യെയും എസ് എഫ് ഐ മുമ്പേ വിദ്വേഷ പ്രചാരണത്തിലൂടെ ഒതുക്കാന്‍ ശ്രമിക്കുന്നതാണ്. മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വോട്ടുകള്‍ മതി സംഘടനകള്‍ വേണ്ട എന്ന നിലപാടിലൂടെ ഇടതുപക്ഷം മുസ്‌ലിംകളുടെ സ്വതന്ത്രമായ രാഷ്ട്രീയാവിഷ്‌കാരങ്ങളെയും സ്വയം പ്രഖ്യാപനങ്ങളെയും റദ്ദ് ചെയ്യുന്ന സമീപനമാണ് കൈക്കൊള്ളുന്നത്.
മുസ്‌ലിം വിദ്യാര്‍ത്ഥികളെ വോട്ടുബാങ്കായും, ഇരകളായും നിലനിര്‍ത്തി പോരുന്നതിനെ വെല്ലുവിളിച്ചു കൊണ്ട് മുസ്‌ലിം രാഷ്ട്രീയത്തിന് സ്വതന്ത്രമായ ചോദ്യങ്ങളുണ്ട്, അസ്ഥിത്വമുണ്ട് , സ്വയം സംഘടിക്കാനുള്ള അവകാശമുണ്ട് എന്നിവ ഉയര്‍ത്തിപിടിച്ചാണ് മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനമായ എം.എസ്.എഫും, മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെ ഗൗവരത്തില്‍ കാണുന്ന ഫ്രറ്റേണിറ്റിയും ചേര്‍ന്ന് മുസ്‌ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പുതിയ തുടർച്ചക്ക് ഈ വര്‍ഷത്തെ എച്ച്.സി.യു വിദ്യാര്‍ത്ഥി യൂണിയന്‍ ഇലക്ഷനില്‍ തുടക്കം കുറിക്കുന്നത്.
എം.എസ്.എഫിന്റെ മുഹമ്മദ് ഷമീം പ്രസിഡന്റ് പാനലിലേക്കും ഫ്രട്ടേണിറ്റി മൂവ്‌മെന്റിന്റെ ജിയാദ് ഹുസൈന്‍ വൈസ് പ്രസിഡന്റ് പാനലിലേക്കും മത്സരിക്കുന്നു. ബഹുജന്‍ സ്റ്റുഡന്റസ് ഫ്രണ്ട് ഈ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കുന്നുണ്ട്.
പ്രസിഡന്റ് സ്ഥാനാര്‍ഥി മുഹമ്മദ് ഷമീം പുതിയ രാഷ്ട്രീയ ഐക്യത്തെക്കുറിച്ചും പുറന്തള്ളല്‍ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.
“ഫാഷിസം അതിന്റെ എല്ലാ രൂപങ്ങളിലും വ്യാപിച്ച് ഇന്ത്യയില്‍ സംഹാരതാണ്ഡവമാടുന്ന ഈ സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാമ്പസ് രാഷ്ട്രീയ ഇടങ്ങളിലൊന്നായ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഇലക്ഷന്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. നിലവില്‍ യൂണിയന്‍ ഭരിക്കുന്ന എബിവിപി യൂണിയനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, വിദ്യാര്‍ത്ഥി സംബന്ധമായ വിഷയങ്ങളിലും രാഷ്ട്രീയപരമായുമുള്ളൊരു ഐക്യം രൂപപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ഫാഷിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിക്കുന്നതില്‍ എം എസ് എഫ് കൃത്യമായ ഇടപെടലുകള്‍ നടത്തുകയും അതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ല എന്ന ധാര്‍ഷ്ട്യ മനോഭാവം എസ് എഫ് ഐ സ്വീകരിക്കുകയും, മുസ്‌ലിം സ്വത്വത്തെ എസ് എഫ് ഐയും അതോടൊപ്പം എബിവിപിയും ടാര്‍ഗറ്റ് ചെയ്യുകയുമാണുണ്ടായത്. എബിവിപി തങ്ങളുടെ ഫാഷിസ്റ്റ് വഴികളിലൂടെ മുസ്‌ലിം രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഫാഷിസത്തിനെതിരെയുള്ള പോരാട്ടം എന്ന പേരില്‍ മുന്നണിയുണ്ടാക്കിയ എസ് എഫ് ഐ അതിന്റെ ആദ്യത്തെ ഇരകളായ മുസ്‌ലിംകളുടെ രാഷ്ട്രീയ മുന്നേറ്റത്തെ നിരാകരിക്കുക എന്ന, ബ്രാഹ്മണിക്കല്‍ വലത്പക്ഷവുമായി വലിയ വ്യത്യാസമില്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് എം എസ് എഫ്- ഫ്രറ്റേണിറ്റി സഖ്യം കാമ്പസില്‍ രൂപപ്പെടുന്നത്.
മുസ്‌ലിം രാഷ്ട്രീയ സംഘടന എന്ന നിലയില്‍ എം എസ് എഫും മുസ്‌ലിം രാഷ്ട്രീയം ഉയര്‍ത്തുന്ന നവരാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ ഫ്രറ്റേണിറ്റിയും ഇസ്‌ലാമോഫോബിയയുടെ വ്യാപ്തി മനസിലാക്കി, ഈ കാമ്പസ് ഉള്‍ക്കൊള്ളുന്ന പാര്‍ശ്വവല്‍കൃതരുടെ രാഷ്ട്രീയത്തെ പുതിയ തലങ്ങളിലേക്കെത്തിക്കുവാന്‍ കൂടി ലക്ഷ്യം വെച്ചാണ് ഈയൊരു സഖ്യം രൂപപ്പെടുത്തിയിട്ടുള്ളത്.
ഇതുവരെ ഈ കാമ്പസ് മുസ്‌ലിം- ദലിത്- ആദിവാസി രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയിരുന്നു.
കേരളമോ ഹൈദരാബാദോ ആസാമോ എവിയെവുമാവട്ടെ, മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് കൊണ്ട് കൃത്യമായ രാഷ്ട്രീയ ഉന്നതിയും പങ്കും മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന വസ്തുത നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. കേവലം വോട്ട് ബാങ്കുകളായി മാത്രം നിലനില്‍ക്കുന്ന, കൃത്യമായി രാഷ്രീയ ഇടം അവകാശപ്പെടാനില്ലാത്ത മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥക്ക് മാറ്റം വരാന്‍ ഒരു രാഷ്ട്രീയ സംഘാടനം കൊണ്ടേ സാധ്യമാവൂ എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അത്തരമൊരു ലക്ഷ്യത്തിലേക്ക് മുതല്‍ക്കൂട്ടാവാന്‍ കൂടിയാണ് ഈ കാമ്പസ് രാഷ്ട്രീയസഖ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. കാമ്പസിനകത്തും പുറത്തും ഇത്തരമൊരു മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലാത്ത സ്ഥിതിയെ ‘പൊളിറ്റിക്കല്‍ അപാര്‍ത്തീഡ്’ എന്ന് വിളിക്കാം. വോട്ട് ബാങ്കിനപ്പുറം ഇതൊരു കൃത്യമായ വിലപേശല്‍ ശക്തിയായി മാറുകയും അങ്ങനെ അവര്‍ മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെ അംഗീകരിക്കുകയും ചെയ്യുന്ന ഘട്ടമെത്തുമ്പോള്‍ മാത്രമാണ് ഈയൊരു പൊളിറ്റിക്കല്‍ അപാര്‍ത്തീഡ് മാറുക. ഈ സത്യാവസ്ഥ മനസിലാക്കിക്കൊണ്ടാണ് ഞങ്ങളുടെ രാഷ്ട്രീയത്തെ കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ട് കൊണ്ട് പോവാന്‍ ഉദ്ദേശിക്കുന്നത്.”
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജിയാദ് ഹുസൈന്റെ വാക്കുകള്‍
“മുസ്‌ലിംകളും ദലിതരും ആദിവാസികളും ലൈംഗിക ന്യൂനപക്ഷങ്ങളും അവരുടെതായ ഐഡന്റിറ്റിയെ ഉയര്‍ത്തിപ്പിടിക്കുകയും അവരുടെ രാഷ്ട്രീയ ആശയങ്ങളെ പ്രചരിപ്പിക്കുകയും അതിന് കൃത്യമായ സ്വാധീനവുമുള്ള കാമ്പസാണെന്നതാണ് രോഹിതാനന്തരമുള്ള ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ സവിശേഷത. വ്യത്യസ്ത രാഷ്ട്രീയ സങ്കല്‍പങ്ങളെ പങ്കുവെക്കുകയും അതിലെ ജനാധിപത്യ മൂല്യങ്ങളെ പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം യൂണിവേഴ്‌സിറ്റിയിലുണ്ട്. അതിനെ തകര്‍ക്കുന്ന പ്രവൃത്തിയാണ് യഥാര്‍ഥത്തില്‍ എസ് എഫ് ഐ ചെയ്യുന്നത്. അവരുടെ വര്‍ഗരാഷ്ട്രീയ സിദ്ധാന്തം എല്ലാ തരം സ്വത്വരാഷ്ട്രീയത്തെയും പ്രശ്‌നവല്‍ക്കരിക്കുന്ന സമീപനമായിരുന്നു മുമ്പേ സ്വീകരിച്ചു പോന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍, മുസ്‌ലിമേതര സ്വത്വങ്ങളെ -ദലിത്- ജെന്‍ഡര്‍ ഐഡന്റിറ്റികളെ- ഉള്‍ക്കൊള്ളുകയും മുസ്‌ലിം രാഷ്ട്രീയ സങ്കല്‍പ്പങ്ങളെയും രാഷ്ട്രീയ അവകാശങ്ങളെയും റദ്ദ് ചെയ്യുകയും ചെയ്യുന്ന നിലപാടാണ് എസ് എഫ് ഐ സ്വീകരിക്കുന്നതെന്ന് കൃത്യമായി മനസിലാക്കണം. ഈ സമീപനം യൂണിവേഴ്‌സിറ്റിയുടെ രാഷ്ട്രീയവും നൈതികവുമായ വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം എന്ന സവിശേഷതയെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ജാതീയതയെയും മുസ്‌ലിം വംശീയ വിരുദ്ധതയെയും പാര്‍ശ്വവല്‍ക്കരണ നയത്തെയും ചെറുക്കുന്ന സിദ്ധാന്തങ്ങളെയാണ് യഥാര്‍ഥത്തില്‍ എസ് എഫ് ഐ ഇതുവഴി ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത്.