ഒരു പതിറ്റാണ്ടു മുൻപ് നടന്ന ബട്ട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ എന്ത് കൊണ്ട് ഇപ്പോഴും ചർച്ച ചെയ്യുന്നു? ഒരു ആചാരം പോലെ അതിനെ ചുറ്റിപറ്റി വാർത്ത കുറിപ്പുകളും ലേഖനങ്ങളും വർഷാവർഷം ഇന്ത്യൻ മാധ്യമങ്ങൾ എന്തുകൊണ്ടാണ് എഴുതുന്നത്? ഇന്ത്യയിൽ നടന്ന എത്രയോ അധികം വ്യാജ ഏറ്റുമുട്ടൽ കൊലകൾ വിസ്‌മൃതിയിൽ ആണ്ടപ്പോഴും എന്ത്കൊണ്ട് ഇതുമാത്രം ആഘോഷിക്കപെടുന്നു? ഇനിയും നീതി ലഭിച്ചിട്ടില്ലാത്ത. കുറ്റവാളികൾ എന്ന് മുദ്രകുത്തപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടിയാണോ അവർ സംസാരിക്കുന്നത്?
ഇന്ത്യയെന്ന ദേശരാഷ്ട്രം നിർമ്മിച്ചെടുത്ത മുസ്‌ലിം എന്ന അപരൻ കുറ്റവാളിയാക്കപ്പെട്ടു എന്ന കാരണത്താലും മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾക്ക് മേലുള്ള വാർപ്പുമാതൃക സാധൂകരിക്കപ്പെടുന്ന സംഭവമായതിനാലും ഏറ്റുമുട്ടലിനിടയിൽ ഒരു ഉയർന്ന ജാതി ഹിന്ദു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടു എന്നതിനാലും ആണ് യഥാർത്ഥത്തിൽ ഇവ ഇപ്പോഴും പൊതുബോധത്തിനു കാര്യമായ വിഷയമായി നിലനിൽക്കുന്നത്. ഈ സംഭവത്തെ ഇവിടത്തെ പത്രങ്ങളും ചാനലുകളും ചിത്രീകരിച്ച സ്വഭാവം മാത്രം മതി അത് മനസിലാക്കാൻ.
2008 സെപ്റ്റംബർ 19 ന്നാണ് ബട്ട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടൽ നടക്കുന്നത്. ഡൽഹിയിലെ വിവിധ ഇടങ്ങളിലായി 2008 സെപ്റ്റംബർ 13 ആം തിയതി 5 ബോംബാക്രമണങ്ങൾ നടക്കുകയുണ്ടായി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന് പറയപ്പെടുന്ന ഇന്ത്യൻ മുജാഹിദീൻ എന്ന തീവ്രവാദ സംഘടനയിലെ ആളുകൾ ഒളിവിൽ താമസിക്കുന്നുണ്ട് എന്ന പേരിലാണ് ഡൽഹി പൊലീസിലെ ഏറ്റുമുട്ടൽ വിദഗ്ധനായ മോഹൻ ചാന്ദ് ശർമ്മ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജാമിഅ നഗറിൽ സ്ഥിതി ചെയ്യുന്ന ബട്ല ഹൗസിലെ L 18 ഫ്ലാറ്റിലേക്ക് ഇരച്ചു കയറുകയും അവിടെ താമസിക്കുന്ന ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളായ ആത്തിഫ് അമീൻ, മുഹമ്മദ് സാജിദ് എന്നിവരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നത്. ഏറ്റുമുട്ടലിനിടയിൽ മോഹന്ദ് ചന്ദ് ശർമ്മ കൊല്ലപ്പെടുകയുമുണ്ടായി.

സംഭവത്തെ തുടർന്ന് രാജ്യത്താകമാനം പ്രതിഷേധങ്ങളും പ്രക്ഷോഭ പരിപാടികളും അരങ്ങേറി. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ പോലീസ് ഭാഷ്യത്തെ ന്യായീകരിക്കും വിധമാണ് പത്രവാർത്തകൾ കൊടുത്തത്. ഡൽഹി പോലീസിന്റെ പ്രസ്താവനയെ തീർത്തും ശരി വെച്ച് കൊണ്ടായിരുന്നു മുഖ്യധാരാ മാധ്യമങ്ങള്‍ വാർത്ത റിപ്പോർട്ട് ചെയ്തത്. മനുഷ്യാവകാശ കമ്മിഷൻ പോലും പോലീസിന്റെ ചെയ്തികളെ,ന്യായീകരിക്കുകയും വിദ്യാർത്ഥികൾ ‘തീവ്രവാദികൾ’ തന്നെ എന്ന് നിജപ്പെടുത്തുകയും ചെയ്തു. ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷനും ജാമിഅഃ സർവകലാശാലയും തങ്ങളുടെ വിദ്യാർത്ഥികൾ നിരപരാധികൾ ആണ് എന്ന് കാര്യകാരണ സഹിതം പറഞ്ഞെങ്കിലും കോടതിയോ പൊതുസമൂഹമോ അംഗീകരിക്കുകയുണ്ടായില്ല. വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാൻ വേണ്ടി ജാമിഅ ടീച്ചേഴ്‌സ് അസോസിയേഷൻ (JTA) നടത്തുന്ന നിയമ പോരാട്ടം പതിനൊന്നു വർഷങ്ങൾക്കിപ്പുറവും എങ്ങുമെത്താതെ നില്കുന്നു.
ബട്ട്‌ലഹൗസ് ഏറ്റുമുട്ടലിനെ മാധ്യമങ്ങൾ ചിത്രീകരിച്ച വിധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിൽ ചിത്രീകരിച്ച സിനിമയാണ് ജോൺ അബ്രഹാം കേന്ദ്ര കഥാപാത്രമായ ബട്ട്‌ലഹൗസ്. പോലീസ് ഭാഷ്യത്തെ പൂർണമായി അംഗീകരിച്ചു കൊണ്ട് മാത്രമല്ല, നിലനിൽക്കുന്ന ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനങ്ങൾ പൂർണമായി ശെരിയായി പ്രവർത്തിക്കുന്നുണ്ട് എന്ന ധാരണ കൂടി സിനിമ പടച്ചുവിടുന്നു. 113 കോടി രൂപ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ സിനിമ പറയുന്നത് പത്രമാധ്യമങ്ങൾ പ്രസിദ്ധീകരിച്ച പോലീസ് ഭാഷ്യം സമൂഹം അംഗീകരിക്കുന്നു എന്നുള്ളതാണ്. ഏറ്റുമുട്ടലിനിടയിൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥനെ വീരചരമം പ്രാപിച്ച നാടിന്റെ നായകനാക്കി അവതരിപ്പിക്കുന്നതിലൂടെ ജാമിഅയിലെ വിദ്യാർത്ഥികൾ തീവ്രവാദികൾ തന്നെ എന്ന് പറയാതെ പറയുന്നുണ്ട്.
സിനിമ എൻകൗണ്ടർ എന്നതിനെ തീർത്തും സാമാന്യവത്കരിക്കുകയും സുസ്ഥിരമായ നാടിന്റെ നിലനിൽപിന് അനിവാര്യമാണെന്നും പറഞ്ഞു വെക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ ഇതൊരു കൃത്യമായ ഗൂഢാലോചന ആണെന്ന് സംശയിക്കാൻ പോലും ഈ സിനിമ ഇടം നൽകുന്നില്ല. അതോടൊപ്പം ആ വിദ്യാർത്ഥികളുടെ പക്ഷത്തു നിന്നുകൊണ്ടുള്ള വിവരണവും സിനിമയിലെവിടെയും കാണാനും കഴിയുന്നില്ല. എത്രമേൽ ഇന്ത്യയിലെ പൊതുസമൂഹം ദേശരാഷ്ട്ര നിർമിതിയുടെ ഭാഗമായ വാർപ്പ് മാതൃകകളെ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ഈ ആക്ഷൻ സിനിമ.

വളരെ രേഖീയമായ, 2008 മുതലുള്ള ഇത്തരം മുഖ്യധാരാ വിവരങ്ങൾക്ക് വിരുദ്ധവും നേർചിത്രം വരച്ചു കാണിക്കുന്നതുമായ ഒരു പുസ്തകം ബട്ട്‌ല ഹൗസ് സംഭവത്തെ കുറിച്ച് 2018 ഇൽ ഇറങ്ങുകയുണ്ടായി.സംഭവം നടക്കുന്ന കാലയളവിൽ ബട്ട്‌ല ഹൗസ് പ്രദേശത്തു താമസിച്ചു ജാമിഅയിൽ പഠിച്ചിരുന്ന നിയാസ് ഫാറൂഖി എന്ന വ്യക്തി എഴുതിയ An Ordinary Man’s Guide to Radicalism എന്ന പുസ്തകം ബട്ട്‌ല ഹൗസ് വ്യാജഏറ്റുമുട്ടലിനെ കുറിച്ച ഒരു നേര്‍ചിത്രം തരുന്നുണ്ട്.
ഒരു ഓർമ്മക്കുറിപ്പ് എന്ന നിലയിലാണ് എഴുത്തുകാരൻ പുസ്തകത്തെ സമീപിക്കുന്നത്. പുറത്തു നിന്നുള്ള ഒരു പത്രപ്രവർത്തകന്റെ നിരീക്ഷണം എന്നതിലുപരി, ആ സമൂഹത്തിലെ ഒരുവനായി കൊണ്ടാണ് അദ്ദേഹം സംഭവത്തെ നോക്കികാണുന്നത്. അതുകൊണ്ടു തന്നെ നിഷേധാത്മക സ്വഭാവത്തിലുള്ള സ്റ്റേറ്റിന്റെ ന്യൂനപക്ഷ കുറ്റപ്പെടുത്തലുകൾക്കിടയിൽ മുസ്‌ലിം ആയിരിക്കുക എന്നതിന്റെ സങ്കീര്‍ണത ഈ പുസ്തകം വരച്ചിടുന്നുണ്ട്.
ജാമിഅയിലെ വിദ്യാർത്ഥി എന്ന നിലയിലും ബട്ട്‌ല ഹൗസ് നിവാസി എന്ന നിലയിലും വെടിവെപ്പിന് ശേഷവും അവിടെ ജീവിക്കുന്ന വ്യക്തി എന്ന നിലയിലും താൻ അനുഭവിക്കുന്ന സംഘർഷങ്ങളെ കൃത്യമായി അടയാളപ്പെടുത്തുക വഴി, രാഷ്ട്രം എങ്ങനെയാണ് തന്റെ മതപരമായ സ്വത്വം അപകടകരമാണെന്ന് പൊതു സമൂഹത്തോട് സംവദിക്കുന്നത് എന്നദ്ദേഹം കുറിക്കുന്നു. വെടിവെപ്പിന് ശേഷം ജാമിഅ സർവ്വകലാശായിലെ വിദ്യാർത്ഥികളും അധ്യാപകരും എങ്ങനെയാണ് മുഖ്യധാരയെ നേരിട്ടത് എന്നതിന്റെ ഒരു നേർചിത്രം വായക്കാർക്ക് നൽകുന്നുണ്ട് ഈ പുസ്തകം. ത-നെഹ്‌സി അമേരിക്കൻ കറുത്ത വർഗക്കാരുടെ ശബ്ദമായതു പോലെ ഈ പുസ്തകത്തിലൂടെ നിയാസ് ഫാറൂഖി അടിച്ചമർത്തപ്പെടുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ശബ്ദമാവുന്നു.
എന്നാൽ, ഈ പുസ്തകം ബട്ട്‌ല ഹൗസ് സിനിമ മുഖ്യധാരാ ഏറ്റെടുത്തതുപോലെ സജീവമായ ചർച്ചകളുടെ ഭാഗമായില്ല. ചില പുസ്തക നിരൂപണങ്ങൾ ഒഴിച്ച് നിർത്തിയാൽ ഈ പുസ്തകത്തെ ഇന്ത്യൻ പത്രമാധ്യമങ്ങൾ തീർത്തും അവഗണിക്കുകയാണ് ചെയ്തത്. പോലീസ് ഭാഷ്യത്തിനപ്പുറം ഒരു വായന സാധ്യമാകുന്ന കൃതിയെ വായക്കാർക്കു പരിചയപ്പെടുത്താൻ പോലും അവർ ശ്രമിക്കുകയുണ്ടായില്ല. വ്യാജ ഏറ്റുമുട്ടൽ നടന്ന് 11 വർഷങ്ങൾക്കിപ്പുറവും നീതി കിട്ടാത്ത ആയിരകണക്കിന് മുസ്ലിം പൗരന്മാരുടെ ഒപ്പം ആതീഫും സാജിദും ബട്ട്‌ല ഹൗസ് പ്രദേശവും നിലകൊള്ളുന്നു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]