2019 ലെ ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസില്‍ നിന്നും കൗണ്‍സിലര്‍ ആയി ബാപ്‌സ- ഫ്രറ്റേണിറ്റി സഖ്യ സ്ഥാനാര്‍ത്ഥി അഫ്രീന്‍ ഫാത്തിമ മികച്ച വോട്ട് വിഹിതം നേടി തെരഞ്ഞെടുക്കപ്പെട്ടു. മുമ്പെങ്ങുമില്ലാത്ത വിധം രാജ്യശ്രദ്ധയാകര്‍ഷിച്ച തെരഞ്ഞെടുപ്പാണ് കടന്ന് പോയത്. ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷനും നവരാഷ്ട്രീയ പ്രസ്ഥാനമായ ഫ്രറ്റേണിറ്റി മൂവ്‌മെന്റും സഖ്യം ചേര്‍ന്ന് ഇടത് മേധാവിത്വമുള്ള കാമ്പസില്‍ ഉയര്‍ത്തിയ ചോദ്യങ്ങളും മുദ്രാവാക്യങ്ങളും ചരിത്രത്തില്‍ സമാനതകളില്ലാത്ത വണ്ണം പ്രസക്തമാണ്. നജീബ് അഹമദെന്ന മുസ്‌ലിം വിദ്യാര്‍ഥിയുടെ നിര്‍ബന്ധിത തിരോധാനം രണ്ട് വര്‍ഷമായി ചോദ്യചിഹ്നമായി നില്‍ക്കുന്ന വരേണ്യ ഇടമായ ജെ എന്‍ യു വില്‍ മുസ്‌ലിം വേഷവും സ്വത്വവും മുറുകെ പിടിച്ചു കൊണ്ട് കശ്മീരും ഇസ്‌ലാമോഫോബിയയും പോലുള്ള ‘തീവ്ര’ വിഷയങ്ങള്‍ സംസാരിച്ച അഫ്രീനെ പോലുള്ള ഒരു പെണ്‍കുട്ടിയുടെ വിജയം ഏറെ പ്രാധാന്യമുള്ളതാണ്.
ഫ്രറ്റേണിറ്റി മൂവ്മെന്റും ബാപ്സയും ചേർന്ന് രൂപം കൊടുത്ത മർദിത ഐക്യ മുന്നണിയുടെ എല്ലാ സ്ഥാനാർഥികളും ജെ എൻ യു വിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
അലിഗഢ് മുസ്‌ലിം സർവ്വകലാശാല വനിതാ കോളേജിലെ എക്കാലത്തെയും മികച്ച യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ നേരത്തെ തന്നെ അഫ്രീൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌കൂൾ കാലം തൊട്ടേ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ തുറന്നു പറയുന്ന അഫ്രീൻ അലിഗഢ് സർവ്വകലാശാല ഡിബേറ്റിങ് & ലിറ്റററി ക്ലബിന്റെ മാധ്യമ എഴുത്ത് വിഭാഗം ചുമതലയിൽ സംഘാടക മികവ് പ്രകടിപ്പിച്ചു കൊണ്ടാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ കോളേജ് യൂണിയൻ പ്രസിഡന്റ് സ്‌ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോളേജ് പ്രസിഡന്റ് ആയിരിക്കെ ചരിത്രത്തിലാദ്യമായി അലിഗഢ് വനിതാ കോളേജിൽ അതുവരെ യൂണിയൻ ബഡ്ജറ്റുമായി ബന്ധപ്പെട്ടു നടന്ന വലിയ അഴിമതിയെ പുറത്തു കൊണ്ടുവരാൻ നേതൃത്വം നൽകുകയും, തുടർന്ന് പ്രതിയായ ഉദ്യോഗസ്ഥൻ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

വിജയത്തെത്തുടര്‍ന്ന് അഫ്രീന്‍ ഫാത്തിമയുമായി നടത്തിയ അഭിമുഖം
ഒരുപാട് സവിശേഷതകളും ഒരു പുതിയ രാഷ്ട്രീയ പ്രതിനിധാനത്തിന്റെ പ്രതീക്ഷമുയുള്ള ഈ വിജയത്തെ കുറിച്ച് എന്തു തോന്നുന്നു?
ഈ വിജയം വളരെയധികം സന്തോഷം തരുന്നുണ്ട്. അതേ സമയം ഒരുപാട് ഉത്തരവാദിത്തങ്ങളും. വിശാല ഇടതുസഖ്യത്തെയെ തിരഞ്ഞെടുക്കുന്ന പതിവ് രീതിയിൽ നിന്നും മാറിക്കൊണ്ട്, ഇത്തവണ ഒരുപാട് പേർ എന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. അതിനർത്ഥം ഒരു പുതിയ രാഷ്ട്രീയ വ്യവഹാരത്തിന് തുടക്കമിടാന്‍ ക്യാമ്പസ് ഒരുക്കമാണെന്നാണ്.
നജീബിന്റെ നിർബന്ധിത തിരോധാനം സംഭവിച്ച ഒരു ക്യാമ്പസ്സിൽ ആണ് താങ്കളുടെ വിജയം.ഒരു മുസ്‌ലിം സ്ത്രീ എന്ന നിലയിൽ, അതിലുപരിയായി പാർശ്വവൽകൃത സമൂഹത്തിൽ നിന്നുള്ള പ്രതിനിധി എന്ന നിലക്ക് ഈ ഐഡന്റിറ്റിയുമായി ഒരു സവർണ വ്യവസ്‌ഥിതിയിൽ പ്രവർത്തിക്കാനും പ്രതിനിധീകരിക്കാനും താങ്കള്‍ക്ക് എന്തു മാത്രം ആത്മവിശ്വാസമുണ്ട്?
എനിക്ക് എന്നിൽ മാത്രമല്ല വിശ്വാസമുള്ളത്. രോഹിത് വെമുല സമരം, നജീബ് സമരം തുടങ്ങി ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ഈ ക്യാമ്പസിനകത്തും പുറത്തും പോരാടികൊണ്ടിരിക്കുന്ന മനോഹരമായ രണ്ട് പ്രസ്ഥാനങ്ങളിൽ (ബാപ്‌സ &ഫ്രറ്റേണിറ്റി ) കൂടിയാണ്. സത്യങ്ങൾക്കും ശരികൾക്കും വേണ്ടി എനിക്ക് പോരാടാൻ സാധിക്കുമെന്നും എന്റെ രണ്ട് പ്രസ്ഥാനങ്ങളും എല്ലായ്‌പോഴും കൂടെയുണ്ടാകുമെന്നും എനിക്കറിയാം.
വിമോചനത്തിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യത്തിന്റെ ആശയവുമാണ് ജെ. എൻ. യു വിലെയും മറ്റു കേന്ദ്ര സർവ്വ കലാശകളുമടങ്ങുന്ന വരേണ്യ ഇടങ്ങളിൽ ഉയർത്താനുള്ളത്. സ്വാതന്ത്ര്യം എന്ന പൊതു ലക്ഷ്യത്തിനായി മുസ്‌ലിം -കശ്മീർ -ദളിത് ഐഡന്റിറ്റികൾ ഐക്യപ്പെടേണ്ടതുണ്ട്. എങ്ങനെ ഈ ഒത്തുചേരല്‍ സാധ്യമാകുന്നു? ബാപ്‌സ -ഫ്രറ്റേണിറ്റി സഖ്യം എത്രത്തോളം ഈ ആശയത്തെ സഹായിച്ചു?
ഈ സഖ്യം തന്നെ സ്വാതന്ത്ര്യത്തിന്റെ ആശയങ്ങൾക്കുദാഹരണമാണ്. ഞങ്ങൾ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്, പാർശ്വവൽകൃതരായ ഞങ്ങൾക്ക് മറ്റൊരാളുടെ പ്രതിനിധീകരണത്തിന്റെ ആവശ്യമില്ല. ഞങ്ങൾക്ക് ഇടാനിലക്കാരന്റെയോ ഇടാനിലക്കാരിയുടെയോ അവശ്യമില്ല. ജാതീയതയും ഇസ്‌ലാമോഫോബിയയും തിരിച്ചറിയാൻ കഴിയാത്ത വിധം ഇഴുകിച്ചേർന്ന ജെ.എൻ.യു പോലുള്ള ഇന്ത്യയിലെ പ്രമുഖ ക്യാമ്പസ്സിൽ ഇലക്ഷനിൽ മത്സരിക്കുകയും നമ്മുടെ സ്വത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നത് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണ്. ഈ വിജയം ബാപ്‌സക്കും ഫ്രറ്റേണിറ്റിക്കും മാത്രമല്ല ഇവിടത്തെ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ വിദ്യാർത്ഥികളുടേതും കൂടിയാണ്.. ജെ.എൻ.യുവിലെ മിക്ക സ്കൂളുകളിലും കൂടുതൽ വോട്ടു നേടിയ രണ്ടാം സ്ഥാനക്കാരായി ബാപ്‌സ- ഫ്രറ്റേണിറ്റി ഉയർന്നു എന്നത് വലിയ കാര്യമല്ലേ. ഒരുപാട് പേർ നമ്മുടെ രാഷ്ട്രീയത്തെ അനുകൂലിക്കുകയും പോരാട്ടത്തിൽ പങ്കുചേരുകയും ചെയ്യുന്നു എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത്.

ഇടത് അഗ്രഹാരം എന്നു പേര് കേട്ട ഒരു ക്യാമ്പസ്സിൽ ഇടതു പാർട്ടികളുടെ തുടർച്ചയായ വിജയം വിദ്യാർത്ഥികളുടെ എന്തു രാഷ്ട്രീയ അവബോധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? പ്രഖ്യാപിത ഇടതിന് മര്‍ദിതര്‍ക്കായി എന്തെങ്കിലും ചെയ്യാനാകും എന്നു വിശ്വസിക്കുന്നുണ്ടോ?
ബി.ജെ.പി വിജയിച്ചു വരുന്നതു പോലെത്തന്നെയാണ് ഇടതും വിജയിച്ചു പോരുന്നത്. അവർ ഭയപ്പെടുത്തലിന്റെ രാഷ്ട്രീയം ഉപയോഗിച്ച് പറയും “ഞങ്ങൾക്ക് വോട്ട് ചെയ്യൂ ഇല്ലെങ്കില്‍ എ. ബി. വി. പി വരും”. എന്നാൽ ഇത്തവണ മര്‍ദിതരുടെ ഐക്യത്തിന് (ബാപ്സ-ഫ്രറ്റെണിറ്റി ) രണ്ടാം ഭൂരിപക്ഷം നൽകുന്നതിലൂടെ വിദ്യാർത്ഥികൾ ഇടതിനോട് പറയുന്നത്, പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതാണ് നിങ്ങൾക്കു നല്ലതെന്നും വിദ്യാർത്ഥി പ്രശനങ്ങളിൽ കാര്യമായി ഇടപെട്ടേ മതിയാകൂ എന്നുമാണ്. ഇടതുപക്ഷം എന്നും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ അവരുടെ ‘ടോക്കണ്‍’ ആയി ഉപയോഗിക്കുകയായിരുന്നു. അവർ സാമൂഹിക നീതിയുടെ മുദ്രാവാക്യങ്ങൾ എന്നും ഉയർത്തിയിട്ടുണ്ട് എന്നാൽ അതൊന്നും ഞങ്ങളെ സംതൃംപ്തരാക്കുന്നില്ല, ഒരിക്കലും ആക്കുകയുമില്ല. കാരണം അതെല്ലാം അവരുടെ കാപട്യം മാത്രമാണ്.ബാപ്‌സ നേതൃത്വം നൽകിയിട്ടുള്ള പല പോരാട്ടങ്ങളും സമരങ്ങളും നിശബ്ദമാക്കാൻ പലയവസരങ്ങളിലും അവർ ശ്രമിച്ചിട്ടുണ്ട്.
ഞങ്ങളുടെ പോലെ ഉള്ള സംഘടനകളെ അവർ പലപ്പോഴും നിസ്സാര വൽക്കരിച്ചിട്ടുണ്ട്, ഞങ്ങളെ നോക്കി ചിരിച്ചിട്ടുണ്ട്, അതിലുപരിയായി ക്യാമ്പസ്സിലെ ഞങ്ങളുടെ നിലനിൽപ്പിനെ തന്നെയും നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ എന്നാൽ ഇടതും വലതും തമ്മിൽ മാത്രമാണ് എന്നാണ് അവർ കരുതുന്നത്.
നിങ്ങൾ ഉയർത്തുന്ന രാഷ്ട്രീയത്തിന്റെ ഭാവിയെ കുറിച്ച് എന്താണ് പറയാനുള്ളത്. ഫ്രറ്റേണിറ്റിയുടെ രാഷ്ട്രീയമുയർത്താൻ എന്തൊക്കെ ഭാവി പദ്ധതികളും വീക്ഷണങ്ങളുമാണുള്ളത്?
ഞാൻ വളരെ Spontaneous ആയ ഒരാളാണ്. അതുകൊണ്ടു തന്നെ മുൻ നിശ്ചയിക്കപ്പെട്ട പദ്ധതികൾ ഉണ്ടോ എന്നു ചോദിച്ചാൽ പ്രയാസകരമാണ് മറുപടി. പക്ഷെ ഒന്ന് എനിക്കുറപ്പാണ് അടിച്ചമർത്തലിനെതിരെ അതിയായ അഭിനിവേശത്തിൽ പോരാടുക തന്നെ ചെയ്യും അത് ഈ രാജ്യത്തിന്റെ തീവ്ര വലതിൽ നിന്നോ പറയപ്പെട്ട പുരോഗമന ഇടതിൽ നിന്നോ ആകട്ടെ.
അഭിമുഖം: സകിയ്യ .കെ