മഅ്ദനി: സമൂഹം കാഴ്ച്ചക്കാരാവുന്ന നീതിനിഷേധം

നീതി നിഷേധിക്കപ്പെടുന്നത് പൊതുസമൂഹം നിസ്സംഗമായി ആസ്വദിക്കുന്നത് പോലെയാണ് അബ്ദുൾനാസർ മദനിയുടെ വിഷയം. ഇത്രമേൽ നീതിനിഷേധം നടന്നിട്ടും, ആർക്കും ഒരു പരിഭവമില്ല. ഇങ്ങനെയൊന്നിനെ കുറിച്ച് ചർച്ച ചെയ്യുന്നത് പോലും എന്തോ അപരാധം പോലെയാണ് പലർക്കും. ഒരു പൗരന്റെ വേഷവും വിശ്വാസവും നമ്മുടെ പൊതുബോധത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് അബ്ദുൾനാസർ മഅദനി. രാജ്യത്ത് നിലവിലുള്ള ഏത് കോടതി ശിക്ഷ വിധിച്ചിട്ടാണ് 1998 ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട നീണ്ട ഒമ്പത് വര്ഷം വിചാരണത്തടവുകാരനായി അദ്ദേഹത്തെ തമിഴ്‌നാട്ടിൽ ജയിലിലടച്ചത് (പിന്നീട് നിരപരാധിയെന്ന് തീർപ്പ് കൽപ്പിച്ചു വെറുതെ വിട്ടു) എന്ന് ഇനിയും പറയാത്ത നമ്മുടെ നിയമവ്യവസ്ഥയും നീതിപീഠവും
തന്നെയാണ് 2008 ലെ ബംഗളൂരു സ്ഫോടനപരമ്പര കേസിൽ വിചാരണ തടവുകാരനായി  ഒരിക്കൽ കൂടി മഅദനിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് അയച്ചത്. രണ്ടാം വട്ടം നീണ്ട കാരാഗ്രഹവാസത്തിനു ശേഷം ശേഷം കഴിഞ്ഞ 2 വർഷത്തിലധികമായി ബംഗ്ലൂരുവിൽ കർശന ജാമ്യവ്യവസ്ഥയോടെ കഴിയുകയാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ചെയർമാൻ കൂടിയായ മഅദനി. കർണാടക പോലീസ് 2010 ആഗസ്റ്റ്‌ 17 നാണ് അദ്ദേഹത്തെ അറെസ്റ്റ്‌ ചെയ്തത്. പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുള്ളത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്.

2015 സപ്തംബർ 15 ന് ഈ കേസിൽ മഅദനിക്കെതിരായി മുമ്പ് മൊഴി നൽകിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് കൂറുമാറി. സ്‌ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോലീസ് പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയെ അറിയിച്ചു. ഈ ദിവസം വിചാരണക്കോടതി വിസ്തരിക്കവെയാണ് റഫീഖ് മൊഴിമാറ്റിപ്പറഞ്ഞത്. താൻ കോടതിയിൽ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് അന്ന് വിചാരണ കോടതിയെ അറിയിച്ചു. മൊഴികളെല്ലാം ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടയിൽ അന്ന് ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും കൂടി അദ്ദേഹം പറഞ്ഞിരുന്നു. തെളിവില്ലാത്ത എല്ലാ കുറ്റങ്ങളുടെയും ഉത്തരവാദിത്തം മഅ്ദനിയുടെ മേല്‍ വെച്ച് കെട്ടരുതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണ്ണയ്യർക്ക് പറയേണ്ടി വന്നത്, മഅദനി എത്രത്തോളം വേട്ടയാടപ്പെട്ടു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അത്പോലെ പറയാന്‍, മനസില്‍ പലതും ഒളിപ്പിച്ച് വെച്ച് പുറമെ നിയമത്തിന്റെ വഴിയെ കുറിച്ച് പറയുന്ന എത്ര മത രാഷ്ട്രീയ നേതാക്കള്‍ക്ക് സാധിക്കുന്നുണ്ട് ? നിയമം നിയമത്തിന്റെ വഴിക്ക് നടക്കാത്തത് കൊണ്ടല്ലല്ലൊ കോയമ്പത്തൂര്‍ കേസില്‍ നിരപരാധിയെന്ന് വിധിക്കാന്‍ കോടതി 9 വര്‍ഷം എടുത്തത്.

നിയമം നീതിയുടെ വഴിക്ക് നടക്കണം, അതിനെ നീതിയുടെ വഴിയിൽ നടത്തേണ്ടവർ അങ്ങനെ ആഗ്രഹിക്കാത്തിടത്തോളം കാലം നിരപരാധിയും വിചാരണയുടെ പേരിൽ തടവറക്കുള്ളിലാവും.

ജാമ്യാപേക്ഷകൾ പോലും നിരന്തരം നിരസിക്കപ്പെട്ടപ്പോൾ, “ഞാൻ കുറ്റവാളിയാണെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ” എന്ന് മഅദനി തന്നെയാണ് ഒരിക്കൽ പറഞ്ഞത്. കുറ്റവാളിയെന്ന് വിധിക്കാൻ ഒരു തെളിവുമില്ലാതിരുന്നിട്ടും എന്നെ കൊല്ലാക്കൊല ചെയ്യുന്നതെന്തിന് എന്നാണാ ചോദിച്ചതിന്റെ അർഥം. അതെ, നിയമത്തെ മാനിക്കുന്നവർക്കും ബഹുമാനിക്കുന്നവർക്കും പറയായാനുള്ളത് അത് തന്നെയാണ്. വിചാരണ പൂർത്തിയാക്കി അദ്ദേഹത്തിൻെറ കേസിന്റെ തീർപ്പ് കല്പിക്കുക. പൗരാവകാശങ്ങളെ കുറിച്ച് സംസാരിക്കുന്നവർക്കും, നീതിയിൽ വിശ്വസിക്കുന്നവർക്കും ഇതിൽ ബാധ്യതയുണ്ട്. അല്ലെങ്കിൽ, വൈകിയെത്തുന്ന നീതി എന്നല്ല, ഒരു മനുഷ്യന്റെ ജീവിതം തന്നെ കവർന്നിട്ടും തിരിഞ്ഞു നോക്കാത്ത നീതി എന്ന് പറയേണ്ടി വരും.

പലവിധ രോഗങ്ങളും അലട്ടുന്ന, കഴിഞ്ഞ 9 വര്ഷങ്ങളായി വിചാരണത്തടവിൽ കഴിയുന്ന ഒരു മനുഷ്യന്റെ കാര്യത്തിൽ നീതിക്കു വേണ്ടി സംസാരിക്കാൻ കഴിയാത്ത പൊതുബോധ “മതേതര കുപ്പായം” അഴിച്ചു വെക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കസ്റ്റഡിയെ അനുസ്മരിപ്പിക്കുന്ന കർശന വ്യവസ്ഥയോടെ കഴിഞ്ഞ രണ്ട് വർഷമായി നൽകിയിരിക്കുന്ന ജാമ്യമൊന്നും മതിയാവില്ല. ആരോഗ്യനില അതീവ ഗുരുതരമായ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകാൻ വേണ്ടതെല്ലാം ചെയ്യേണ്ട ബാധ്യത, പണ്ട് മഅദനിയെ പിടിച്ചു കൊടുത്തത് നമ്മളാ എന്ന് വീമ്പിളക്കിയവരുടെ ഇന്നത്തെ കേരളത്തിലെ സർക്കാരിന് ഉണ്ട്.

By ഷബീര്‍ ചാത്തമംഗലം